ഹെന്റെ പെങ്ങളെ ഓൻ നിങ്ങടെ ഭർത്താവല്ലേ, നിങ്ങൾ തമ്മിലുള്ള കാര്യങ്ങൾ ഒക്കെ..

എട്ടേമുക്കാലിന്റെ ബസ്
(രചന: രാജീവ് രാധാകൃഷ്ണപണിക്കർ)

“ങ്ങളെന്താ മാഷേ ബസ് സ്റ്റോപ്പില്?”

മാർക്കറ്റിനു മുന്നിലെ വെയ്റ്റിംഗ് ഷെഡിലെ സ്റ്റീൽ പൈപ്പിൽ ഉറച്ചിരിക്കാനാവാതെ ബാലൻസ് ചെയ്യുമ്പോഴാണ്

പുകയിലക്കറ പിടിച്ച പല്ലുകൾ പുറത്തുകാട്ടി ലോട്ടറിക്കാരൻ കുമാരൻ ആശ്ചര്യത്തോടെ തിരക്കിയത്.

“എട്ടേമുക്കാലിന്റെ ബസും കാത്തിരുന്നതാണ് കുമാരാ”

ആ മറുപടി കുമാരന് തൃപ്തിയായില്ലെന്നു തോന്നുന്നു. ഒരു ആക്കിയ ചിരിയോടെ ഓൻ നടന്നകന്നു.

ഏറെ നാളായി ബസ് യാത്രകൾ കുറവാണ്. എന്നു കരുതി സ്ഥിരം കാറിലാണ് യാത്ര എന്നാരും കരുതരുത്.

പോകേണ്ട ഇടത്തൊക്കെ നുമ്മടെ എം80യിൽ കറങ്ങും. ദൂരയാത്രക്കാണെങ്കിൽ തീവണ്ടിയെ ശരണം പ്രാപിക്കും.

പോരാത്തതിന് ബസ് യാത്രകളെ കുറിച്ച് അത്ര മധുരിക്കുന്ന ഓർമകളുമില്ല.

ഓർമകളിൽ അവശേഷിക്കുന്നത് ഒരിക്കൽ കണ്ടക്റ്റരുടെ വാക്കുകളെ ബഹുമാനിച്ചു കൊണ്ട് ബസിന്റെ പിൻ നിരയിൽ നിന്ന് മുന്നിലേക്ക് കയറി നിന്നപ്പോൾ മത്തായിച്ചേട്ടന്റെ മകൾ ഷേർലി സെഫ്റ്റി പിന്നിന് കുത്തിയതും,

മറ്റൊരിക്കൽ ബസ്സിന്റെ മുൻവാതിലിൽ തൂങ്ങിക്കിടന്നു യാത്ര ചെയ്യേണ്ടി വന്നപ്പോൾ പട്ടണത്തിൽ പഠിക്കുന്ന സുഭാഷിണി ഹൈഹീൽഡ് ചെരുപ്പുകൊണ്ട് ചവിട്ടിയതുമാണ്.

അന്നത്തോടെ ബസ് യാത്ര നിർത്തിയതാണ്.

പക്ഷേ ഇന്നിനിയിപ്പോൾ ബസിൽ കയറാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ്.

വല്ലാത്തൊരു പൊല്ലാപ്പിലാണ് സുഹൃത്ത് കൊണ്ടു ചെന്നു ചാടിച്ചിരിക്കുന്നത്.

ബസിൽ കയറിയാൽ മാത്രം പോരാ എട്ടേമുക്കാലിന്റെ ബസിൽ തന്നെ കയറണമെത്രെ. എട്ടെമുക്കാലിന് ബസിൽ കയറിയാൽ സമയത്തിന് ജോലിക്ക് എത്താൻ കഴിയില്ല.

ഇന്നെന്തായാലും ലീവ് ആക്കാം.

ഇങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോണടിച്ചു കൊണ്ട് എട്ടേമുക്കാലിന്റെ ലിമിറ്റഡ് സ്റ്റോപ് ‘കൊച്ചുറാണി’ വന്നണഞ്ഞത്.
ഹൈറേഞ്ചിൽ നിന്നും വരുന്ന വണ്ടിയാണ്.

പിന്നിലെ ഡോറിലൂടെ ഇറങ്ങാനും കയാറാനുമായി ഒരുപാട് പേരുണ്ട്.

മുന്നിലാണെങ്കിൽ ടൗണിലെ പാരലൽ കോളേജിൽ പഠിക്കുന്ന ഏതാനും പെൺകിടാങ്ങൾ മാത്രം. ന്നാ പിന്നെ സമയം കളയേണ്ടെന്നു കരുതി മുന്നിലേക്കോടി ചെന്നു.

“കാർന്നോരെങ്ങോട്ടാ തള്ളിക്കയറുന്നേ. പിന്നോട്ടു ചെല്ല്”

ബഹുമാനം തീരെയില്ലാത്ത സ്വരത്തിൽ കിളിച്ചെക്കൻ പിന്നോട്ടോടിച്ചു.

ന്റമ്മോ , അതു കേട്ട് ബസ് കയറാൻ നിന്നിരുന്ന ലലനാമണികളുടെ ആക്കിയ ചിരി കേട്ടപ്പോൾ വല്ലായ്‌മ തോന്നി.

ആകെ ചമ്മലായി.

ഒരു വിധത്തിൽ തിക്കി തിരക്കി ഉള്ളിൽ കയറിപ്പറ്റി. സീറ്റെല്ലാം ഫുള്ള്. അടുത്ത സ്റ്റാൻഡ് വരെ ചിലപ്പോൾ നിൽക്കേണ്ടി വന്നേക്കാം.

സീറ്റുകളിൽ എല്ലാം കണ്ണുകൾ കൊണ്ടൊന്നു പരതിയപ്പോൾ
ഞാൻ നിൽക്കുന്നതിന്റെ വലത്തായി മൂന്നുപേരുടെ സീറ്റിൽ രണ്ടു പേർ ഇരിപ്പുണ്ട്.

ഒരു യുവാവും യുവതിയും.
നടുക്കൊരു ഇള്ളാപിള്ളയും. മൂന്നാറിൽ നിന്നുള്ള വരവാണെന്നു തോന്നുന്നു.

തള്ളേം തന്തേം തങ്ങളുടെ തലകൾ പരസ്പരം മുട്ടിച്ച് ഒരു ആർച്ചു പോലെയാണിരുപ്പ്. കുഞ്ഞിനെ സംരക്ഷിക്കാൻ എന്ന മട്ടിൽ.

പിള്ളയെ മാതാപിതാക്കളുടെ മടിയിൽ കയറ്റിയാൽ എനിക്ക് ഇരിപ്പിടം തരമാക്കാം.

ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.

ഞാൻ ഇങ്ങേയറ്റത്തിരുന്ന തന്തയെ തോണ്ടി വിളിച്ചു ഒന്നു അഡ്ജസ്റ് ചെയ്യാൻ പറഞ്ഞു.

ഉറക്കം നഷ്ടപ്പെട്ട വിറയലോടെ ഓൻ എന്നെ രൂക്ഷമായി നോക്കിയ ശേഷം
കുഞ്ഞിനെ മടിയിലേക്കെടുത്ത് ഒരുകുത്തും കുത്തി വീണ്ടും ഉറക്കത്തിലേക്ക് കൂപ്പുകുത്തി.

ഞാനാണെങ്കിൽ സീറ്റ് കിട്ടിയ സന്തോഷത്തോടെ ചുറ്റുപാടൊന്ന് വീക്ഷിച്ചു.

തൊട്ടു മുന്നിലെ സീറ്റിൽ ഹിന്ദിക്കാരാണ്. അവർ മൊബൈലിന്റെ ലോകത്താണ്. പിന്നിലെ സീറ്റിൽ ഒരു ഭാര്യയും ഭർത്താവും മറ്റൊരാളും ഇരിപ്പുണ്ട്.

ഭാര്യ ഭർത്താവിന്റെ തോളിൽ തലവച്ചുറങ്ങുന്നു. ഭർത്താവ് ചാരിതാർത്ഥ്യത്തോടെ ഭാര്യയുടെ പിന്നിലൂടെ സീറ്റിൽ കൈ വച്ചിരിക്കുന്നു.

മൂന്നാമൻ സീറ്റിന് സമീപമുള്ള കമ്പിയിൽ തല ചാരിയുറങ്ങുന്നു. എതിരെയുള്ള സീറ്റിൽ രണ്ടു കാരണവന്മാർ ഇരുന്ന് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ രാഷ്ട്രീയം പറയുന്നു.

വണ്ടി നല്ല വേഗത്തിൽ തന്നെ അതിന്റെ പ്രയാണം തുടങ്ങി. കുറച്ചു നേരം മൊബൈൽ നോക്കി തളർന്നപ്പോൾ ഞാനും ഒരു പൂച്ചമയക്കത്തിലേക്ക് വഴുതി വീണു.

പിന്നിലിരുന്ന സ്ത്രീയുടെ ആക്രോശങ്ങൾ ആണ് എന്നെ മയക്കത്തിൽ നിന്നും മുക്തനാക്കിയത്.

ഓള് കയ്യും കലാശവുമെടുത്ത് കലി തുള്ളികൊണ്ട് എഴുന്നേറ്റു നിൽക്കുന്നു.

ഭർത്താവാണെങ്കിൽ പരിഭ്രാന്തനായി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. മൂന്നാമനാണെങ്കിൽ യുവതിക്ക് പരസ്യപിന്തുണ കൊടുക്കുന്നുമുണ്ട്.

“എന്താ കാര്യം” സ്വതേ മനുഷ്യ സ്നേഹിയായ ഞാൻ കാര്യം തിരക്കി.

ബഹളം കേട്ട് അപ്പോഴേക്കും കണ്ടക്ടറും ഉശിരുള്ള കുറെ യാത്രക്കാരും അടുത്തേക്ക് വന്നു.

ആ സ്ത്രീ വലിയ വായിൽ അലർച്ച യോടെ ഭർത്താവ് എവിടെയോ സ്പർശിച്ചു എന്നു പറയുന്നുണ്ട്.

“ഹെന്റെ പെങ്ങളെ ഓൻ നിങ്ങടെ ഭർത്താവല്ലേ. നിങ്ങൾ തമ്മിലുള്ള കാര്യങ്ങൾ ഒക്കെ ഇങ്ങനെ വിളിച്ചു കൂവണോ” ഞാൻ സമവായത്തിനു ശ്രമിച്ചു.

“ഭർത്താവോ, ഈ നാറിയോ,
ആയിരിക്കുന്നതാണെന്റെ ഭർത്താവ് ”

ഓള് അപ്പുറത്തിരുന്ന മൂന്നാമനെ ചൂണ്ടിക്കാണിച്ചു. അയാൾ അതു ശരിവയ്ക്കുന്നത് പോലെ തലയാട്ടി.

“അപ്പോൾ ഇയാളെങ്ങനെ നടുവിൽ വന്നു?” ഞാൻ ജിജ്ഞാസയോടെ തിരക്കി.

“അത് ചേട്ടന് കാറ്റ് കൊള്ളാൻ വയ്യാത്തതിനാൽ നീങ്ങിയിരുന്നതാ
ആ സമയത്ത് ഇയാൾ നടുക്ക് കേറിയിരുന്നതാ”

“അപ്പൊ നിങ്ങൾ ഓന്റെ ചുമലിൽ തലയും വച്ചു ഉറങ്ങിയതോ?”

“അത് ഉറക്കത്തിൽ പറ്റിപ്പോയതാ. അതും പറഞ്ഞ് ഇവനെന്നെ തലോടണോ ”

ഹെന്റെ ശിവനെ ഓരോരോ അവതാരങ്ങളേയ്. അപ്പോഴേക്കും വണ്ടി അടുത്ത സ്റ്റാൻഡിൽ എത്തിയിരുന്നു.

വണ്ടി നിന്നതും നുമ്മടെ യുവാവ് അവിടെ നിന്നും ഞൊടിയിടയിൽ രക്ഷപ്പെട്ടതും ഒരുമിച്ചായിരുന്നു. എന്താല്ലേ…

Leave a Reply

Your email address will not be published. Required fields are marked *