എത്ര ദിവസമായി ഞാനെന്റെ വീട്ടിൽ പോയിട്ട്, എന്റെ അച്ഛനെയും അമ്മയെയും..

തിരിച്ചറിവുകൾ
(രചന: Megha Mayuri)

“ഈ പെണ്ണിതെന്താ ഒറ്റക്കു പിറുപിറുക്കുന്നത്? വട്ടായോ? ഡീ… നിന്നോടാ ചോദിച്ചത്? എന്താ നിന്റെ പ്രശ്നം?”

അരുണിന്റെ ചോദ്യത്തിന് ഒരക്ഷരം പോലും മറുപടി പറയാതെ വൃന്ദ അലക്കിയ തുണികൾ തോരാനിടാൻ പോയി..

പുറകെ ചെന്ന് ചോദിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല.. ഇടയ്ക്കിടക്ക് ഇവൾക്കിതൊരു പതിവാണ്.. ഒറ്റയ്ക്കു സംസാരിക്കുന്നത്…

ഭക്ഷണം കഴിക്കുന്ന സമയത്തും വീട്ടിൽ നിന്നും ഇറങ്ങാൻ നേരത്തും അവളുടെ മുഖം വീർത്തു തന്നെയിരുന്നു… ആ….. എന്തെങ്കിലുമായിക്കോട്ടെ…. നല്ല ത ല്ലി ന്റെ കേടുണ്ട് പെണ്ണിന്….

വൈകിട്ട് വീടെത്തിയപ്പോഴും വൃന്ദയുടെ മുഖത്തിന് തെളിച്ചമായിട്ടില്ല..

“എന്താ? മൗനവ്രതമാണോ? നിന്റെ മുഖമെന്താ ഇങ്ങനെ?” ചോദ്യത്തിന് മറുപടിയില്ല.

“വൃന്ദേ.. കാര്യമെന്താണെന്നു വച്ചാൽ പറയ്… വെറുതേ എന്റെ ക്ഷമ പരീക്ഷിക്കരുത്…….”

അരുണിന്റെ ശബ്ദമുയർന്നതും കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അവൾ പറഞ്ഞു.

“എത്ര ദിവസമായി ഞാനെന്റെ വീട്ടിൽ പോയിട്ട്.. എന്റെ അച്ഛനെയും അമ്മയെയും കണ്ടിട്ട്.. ഒന്നു പോകട്ടേന്ന് ഞാനെത്ര നാളായി ചോദിക്കുന്നു… രണ്ടു വർഷമെങ്കിലും ആയിട്ടുണ്ടാകും ഞാൻ പോയിട്ട്…”

“നീയെന്തിനാ പോകുന്നത്? അവർക്കു വേണമെങ്കിൽ ഇവിടെ വരട്ടെ…” അരുൺ വർധിച്ച ദേഷ്യത്തോടെ പറഞ്ഞു..

“വയസ്സായ അച്ഛനുമമ്മയുമാണോ ഇങ്ങോട്ടു വരേണ്ടത്.. അവരെ ഇടയ്ക്കിടക്ക് പോയി അന്വേഷിക്കേണ്ട ചുമതല എനിക്കില്ലേ….

ഞാനൊരു മോളല്ലേയുള്ളൂ.. മകന്റെ സ്ഥാനത്തു നിന്ന് ഓരോ കാര്യങ്ങളും ചെയ്യേണ്ടത് നിങ്ങളല്ലേ..

അതൊന്നും ചെയ്യുകയുമില്ല.. എന്നാൽ എന്നെയെങ്കിലും ഇടയ്ക്ക് വീട്ടിൽ പോവാനൊട്ട് അനുവദിക്കുകയുമില്ല…. ”

”ഫോൺ ചെയ്ത് എല്ലാ വിശേഷവും അറിയുന്നില്ലേ.. പിന്നെന്തിനാണ് നീ അങ്ങോട്ടു പോവുന്നത്.. നിനക്കിവിടെ എന്താണൊരു കുറവ്? കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് പെണ്ണുങ്ങൾക്ക് വീട്..

അവിടത്തെ കാര്യങ്ങളാണ് നോക്കേണ്ടത്.. അല്ലാതെ നിന്റെ വീട്ടിലെ കാര്യങ്ങളല്ല.. ഇക്കാര്യവും പറഞ്ഞിനി എന്റെ മുന്നിൽ വരണ്ട….”

“സ്വന്തം അച്ഛനെയും അമ്മയെയും എല്ലാ ദിവസവും കാണുമ്പോൾ നിങ്ങൾക്കതിന്റെ വിഷമം മനസിലാവില്ല….

മോളെ കെട്ടിച്ചയച്ചിട്ട് മരുമകൻ ഇതു പോലെ കാണിക്കുമ്പോഴേ നിങ്ങൾക്ക് അതിന്റെ വിഷമം മനസിലാകൂ.. ”

എന്തൊക്കെ പറഞ്ഞിട്ടും അരുണിന്റെ മനസു മാറിയില്ല.. വൃന്ദയുടെ മാതാപിതാക്കളെ തിരിഞ്ഞു നോക്കാൻ പോലും അയാൾ തയ്യാറായില്ല….

“എന്താടീ…..മോളെ കല്യാണം കഴിച്ചു വിട്ട ശേഷം ഇങ്ങോട്ടു യാതൊരു അന്വേഷണവുമില്ലല്ലോ.. എത്ര നാളായി മോളെയൊന്ന് കണ്ടിട്ട്… അവൾക്കിങ്ങോട്ടൊന്നു വന്നാലെന്താണ്?”

“മോളെ കാണാതെ കിടക്കപ്പൊറുതിയില്ലാതായോ”

“ആശുപത്രിയിലായിട്ടു പോലും ഒന്നു കാണാൻ അവൾ വന്നില്ലല്ലോ…. അവൾക്കു നമ്മളെയൊന്നും വേണ്ടേ… ഡിസ്ചാർജായിട്ടു വന്നിട്ടും ഇതു വഴി വന്നിട്ടില്ല…..”

“നിങ്ങൾക്ക് ഇപ്പോൾ മോളെ കാണാതായപ്പോൾ വേവലാതി.. ഇതു പോലെ തന്നെയാണ് ഓരോ മാതാപിതാക്കൾക്കും.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് മനസിലായില്ലേ…”

ആ മറുപടിയിൽ അരുൺ അന്തിച്ചിരുന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *