ഏട്ടാ ഞാൻ കല്യാണത്തിന്റ സമയം മുതൽ ശ്രദ്ധിക്കുകയാണ് ഏട്ടനെ, എന്തോ വല്ലാത്തൊരു..

അവന്റെ പെണ്ണ്
(രചന: Jolly Shaji)

അമ്മേ ഞാൻ പറഞ്ഞതല്ലേ എനിക്ക് കല്യാണം ആലോചിക്കേണ്ട എന്ന് എന്നിട്ട് വീണ്ടും ഇപ്പോൾ എന്തിനാ ഈ ആലോചന..

മോനെ നീയൊന്നു പോയി ഈ കുട്ടിയെ കാണ്… ശങ്കരൻ മാമ പറയുമ്പോൾ ഞാനെങ്ങനെ എതിർക്കും…

കുടുംബത്തിലെ മൂത്ത കാർന്നവർ അല്ലെ മാമ… മോൻ ഒന്ന് പോയിക്കണ്ടുനോക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് ഈ ആലോചന വേണ്ടെന്നു വെച്ചേക്കാം..

സുധിക്കും വിവാഹപ്രായം ആയി.. നീ നിൽക്കുമ്പോൾ അവനു കെട്ടാൻ പറ്റുമോ… ന്റെ മോൻ ഒന്ന് പോയി കാണു..

അവനോട് ഞാൻ കെട്ടേണ്ട എന്ന് പറഞ്ഞോ അവൻ കെട്ടിക്കോട്ടെ അമ്മേ… എനിക്കെന്തോ മനസ്സ് അനുവദിക്കുന്നില്ല അമ്മേ…എല്ലാം അറിയുന്ന അമ്മ തന്നെ എന്നോട് വീണ്ടും ഇങ്ങനെ പറഞ്ഞാൽ…

സുജു പഴയതൊക്കെ മോൻ മറക്കണം മറന്നേ പറ്റു.. നീ തെറ്റൊന്നും ചെയ്തിട്ടില്ല… പിന്നെന്തിനാ ഈ വേദന.. അവളിപ്പോൾ കല്യാണം കഴിച്ചു മക്കളൊക്കെയായി സുഖമായി കഴിയുന്നുണ്ടാവും..

എന്നാലും അമ്മേ…

ഒരെന്നാലും ഇല്ല..മോൻ റെഡിയായിക്കെ വേഗം… ആ നീയാ നിധിനെ കൂടെ വിളിച്ചോ…

അവനാകുമ്പോൾ പെണ്ണിന് ചട്ടുണ്ടോ കോങ്കണ്ണ് ഉണ്ടോന്നൊക്കെ കിള്ളി കിഴിഞ്ഞു നോക്കാൻ നല്ല കഴിവാണ്…

സുജേഷ് മനസ്സില്ല മനസ്സോടെ റെഡി ആയി… നിധിനെ വിളിച്ചു കാര്യം പറഞ്ഞു… ഞായറാഴ്ച്ച ആയതിനാൽ അവൻ വീട്ടിൽ ഉണ്ടായിരുന്നു… കാര്യം പറഞ്ഞതെ ആള് റെഡി ആയി…

നിധിന്റെ കാറിലാണ് അവർ പെണ്ണുകാണാൻ പോയത്…ശങ്കരൻ മാമ പറഞ്ഞ അഡ്രെസ്സ് വെച്ച് പെണ്ണിന്റെ വീട് തേടിപ്പിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടി…. അവർ അവിടെ പുതുതായി താമസിക്കാൻ വന്നവർ ആയിരുന്നു..

സുജേഷ് ഒരു വിറയലോടെ ആണ് വീട്ടിലേക്കു കയറിയത്… പെണ്ണിന്റെ അച്ഛനും അമ്മയും ചേച്ചിയും അവരുടെ ഭർത്താവും കൂടി അവരെ സ്വീകരിച്ച് ഇരുത്തി.. പരിചയപ്പെടലൊക്കെ കഴിഞ്ഞ് ചടങ്ങിലേക്ക് കടന്നു….

സുഷമേ മോളെ വിളിക്കു…

അപ്പോളേക്കും പെൺകുട്ടി ചായയും ആയി വന്നു… സുജേഷിനു നേരെ അവൾ ചായക്കപ്പ് നീട്ടി..അവൻ കപ്പ് വാങ്ങിയപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി…

കൊള്ളാം.. വട്ടമുഖം.. കുഴപ്പമില്ലാത്ത വെളുപ്പ് നിറം.. പൊക്കം കുറവാണു… മുടിയൊക്കെ നന്നായി ഒതുക്കി കെട്ടി വെച്ചേക്കുന്നു… മൊത്തത്തിൽ ഒരു നാടൻ ലുക്ക്‌ ഉണ്ട്..

അവളും അവനെ നന്നായി നോക്കി നാണത്തിൽ ചിരിച്ചു..

സുജേഷ് മോളോട് ഒന്നും ചോദിച്ചില്ല…

പെണ്ണിന്റെ അച്ഛൻ ആണ്…

അയ്യോ എനിക്കൊന്നും ചോദിക്കാൻ ഇല്ല… എല്ലാം ശങ്കരൻ മാമ പറഞ്ഞിട്ടുണ്ട്…

എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്.. മൂത്തവളെ കെട്ടിച്ചു അവൾക്കു രണ്ട് മക്കളും ആയി.. ഇളയവൾ ലക്ഷ്മി… ഞങ്ങൾ ലച്ചു എന്ന് വിളിക്കും..ഇവൾക്ക് നിർബന്ധം ആരുന്നു ഗവണ്മെന്റ് ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കു എന്ന്…

ഈ അടുത്താണ് അവൾക്കു ജോലി ആയതു… ഇവിടെ അടുത്ത ടൗണിൽ വില്ലേജ് ഓഫീസിൽ ജോലി ആയപ്പോൾ ആണ് ഞങ്ങളും ഇങ്ങോട് താമസം മാറാൻ തീരുമാനിച്ചത്…

ഇവളുടെ കൂടെയാണ് ശങ്കരേട്ടന്റെ കൊച്ചുമോൾ ജോലി ചെയ്യുന്നത്… അവളാണ് സുജേഷിനെക്കുറിച്ച് ഇവളോട് പറഞ്ഞത്… അങ്ങനെ ആണ് ഈ കല്യാണം ആലോചന വന്നത്..

സുജേഷും നിധിനും യാത്ര പറഞ്ഞിറങ്ങി… കാറിൽ കേറാൻ നേരം സുജേഷ് തിരിഞ്ഞു നോക്കി… ലച്ചു കൈവീശി കാണിച്ചു… അവന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി…

പിന്നീട് എല്ലാം പെട്ടെന്ന് ആരുന്നു.. വീട്ടുകാർ കല്യാണം ഉറപ്പിക്കുകയും നിശ്ചയം നടത്തുകയും ഒക്കെ ഉണ്ടായെങ്കിലും സുജേഷിന്റെ മുഖം തെളിഞ്ഞില്ല…. അവന്റെ മുഖത്തു മിക്കവാറും ഒരു സങ്കടം ഫീൽ ചെയ്തിരുന്നു…

അങ്ങനെ ആ ദിവസം വന്നെത്തി സുജേഷിന്റെയും ലക്ഷ്മിയുടെയും വിവാഹം…. ടൗണിൽ ഉള്ള വലിയൊരു ഹാളിൽ വെച്ചായിരുന്നു വിവാഹം…

അവൻ മനപ്പൂർവം തന്റെ സഹപാഠികളെ ആരെയും വിവാഹം ക്ഷണിച്ചില്ല.. താലികെട്ടാൻ കൈകളിൽ എടുക്കുമ്പോഴും ഉള്ളൊന്നു വിങ്ങി…. അത്ര സന്തോഷം ഇല്ലാതെ സുജേഷ് ലക്ഷ്മിക്ക് പുടവ അണിയിച്ചു…

ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫേഴ്സ് ചേർത്തു നിർത്തുമ്പോളും സുജേഷിൽ അറിയാതെ ഒരകലം വന്നുപോകും…
ലക്ഷ്മി ഒരുപാട് സന്തോഷത്താൽ ആയിരുന്നു…

തിരക്കുകൾ എല്ലാം കഴിഞ്ഞു… ബന്ധുക്കൾ എല്ലാരും മടങ്ങി… അമ്മ ഗ്ലാസ്സിലേക്ക് പാൽ ഒഴിച്ച് ലക്ഷ്മിയുടെ കയ്യിൽ കൊടുത്തിട്ടു റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു വിട്ടു…അവൾ റൂമിൽ ചെല്ലുമ്പോൾ സുജേഷ് ഉണ്ടായിരുന്നില്ല…

ഹാളിൽ ടി വി യുടെ സൗണ്ട് കേട്ട് അവൾ അങ്ങോടു ചെന്നു… സുജേഷ് സെറ്റിയിൽ കിടപ്പുണ്ട്…. ശ്രദ്ധ ടി വി യിൽ അല്ലെന്നു അവൾക്കു മനസ്സിലായി… അവൾ മെല്ലെ മുരടനക്കി… അവൻ ശബ്‍ദം കേട്ട് എണീറ്റിരുന്നു…

ഏട്ടാ ഇതെന്താ ഇവിടിരിക്കുന്നെ കിടക്കേണ്ടേ..

താൻ കിടന്നോളു ഞാൻ വന്നേക്കാം..

അവളിൽ ഒരന്താളിപ്പ് ഉണ്ടായി…

അതെന്താ കിടക്കാതെ, എന്തെങ്കിലും പ്രശ്നം ഉണ്ടോ…

ഇല്ല ഞാൻ ഇത്തിരി നേരം ടി വി കണ്ടിട്ടു വന്നേക്കാം… താൻ റൂമിലേക്ക്‌ പൊയ്ക്കോളൂ..

അവൾ തിരിച്ചു നടന്നു റൂമിലേക്ക്‌ അപ്പോളാണ് അമ്മ അവിടേക്കു വന്നത്…

കിടന്നില്ലേ മോളെ..

ഏട്ടൻ ടി വി കാണുന്നു… എന്നോട് കിടന്നോളാൻ പറഞ്ഞു…

ആഹാ അതെന്താ അവൻ അങ്ങനെ പറഞ്ഞത്… മോൾ ചെല്ല് ഞാൻ അവനെ പറഞ്ഞുവിടാം…

അവർ ഹോളിൽ ചെല്ലുമ്പോൾ സുജേഷ് എന്തോ ആലോചിച്ചു സെറ്റിയിൽ ഇരിപ്പുണ്ട്… എന്താടാ ഇത്ര ആലോചിക്കുന്നെ… കിടക്കാൻ സമയമായില്ലേ..

ഒന്നുമിലമ്മേ ഓരോന്ന് ആലോചിച്ചു ഇരുന്നതാ..

മതി ആലോചിച്ചത് ആ കൊച്ച് മുറിയിൽ നോക്കിയിരിക്കുവല്ലേ നീയങ്ങു ചെന്നേ….

അത് ഞാൻ അവളോട്‌ കിടന്നോളാൻ പറഞ്ഞു അമ്മേ…

അതുകൊള്ളാല്ലൊ… അന്യവീട്ടീന്ന് നീ താലികെട്ടി കൊണ്ടുവന്നതാ ആ കൊച്ചിനെ…. എന്നിട്ട് അതിനെ ഒറ്റയ്ക്ക് മുറിൽ വിട്ടിട്ടു നീ ഇവിടെ ആലോചന… ആ വേഗം റൂമിലേക്കു ചെല്ല്…

സുമതിയമ്മ അവനെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു… സുജേഷ് മുറിയിൽ എത്തുമ്പോൾ ലക്ഷ്മി കട്ടിലിൽ നിന്നും എണീറ്റു…

താൻ കിടന്നില്ലേ ഇതുവരെ…

ഇല്ല..

തന്നോട് കിടന്നോളാൻ പറഞ്ഞതല്ലേ ഞാൻ…

ഏട്ടാ,. ഞാൻ കല്യാണത്തിന്റ സമയം മുതൽ ശ്രദ്ധിക്കുകയാണ് ഏട്ടനെ… എന്തോ വല്ലാത്തൊരു വിഷമം ഫീൽ ചെയ്യും പോലെ…

ഒന്നുല്ലെടോ… ആദ്യമായി കല്യാണം കഴിക്കുവല്ലേ അതിന്റെ ഒരു ടെൻഷൻ..

അപ്പോ ഞാനോ… എന്റെയും ആദ്യവിവാഹം ആയിരുന്നു… ഞാൻ ഒരു പെണ്ണും…. അതൊന്നുമല്ല ഏട്ടന് ഈ വിവാഹത്തിന് താത്പര്യം ഉണ്ടായിരുന്നില്ല അല്ലേ…

എനിക്കു അങ്ങനെ ആണ് തോന്നുന്നത്. താത്പര്യകുറവല്ലായിരുന്നു അല്പം തിടുക്കം കൂടിയോ എന്നൊരു സംശയം മാത്രം…

അതെന്താ എന്നേ ഇഷ്ടപെടാഞ്ഞിട്ടാണോ…

അല്ലെടോ… എനിക്ക് ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു… അത് എന്താകും എന്നറിഞ്ഞിട്ടേ വിവാഹം കഴിക്കു എന്നുണ്ടായിരുന്നു…

പക്ഷേ എല്ലാരുടെയും നിർബദ്ധതിനു വഴങ്ങേണ്ടി വന്നപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചോ എന്നൊരു തോന്നൽ…

എന്താണ് ഏട്ടന്റെ പ്രതീക്ഷകൾ… ഭാര്യ എന്ന നിലയിൽ എന്നേ അംഗീകരിക്കാൻ പറ്റുമെങ്കിൽ തുറന്ന് പറയാം… ഇല്ലെങ്കിൽ വേണ്ടാ..

പക്ഷേ ഒരു തീരുമാനം വേണം… ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടു ഇടയ്ക്കിടെ ഇതൊരു പ്രശ്നം ആയി നമുക്കിടയിൽ കടന്നു വരാൻ പാടില്ല..

തനിക്കു അംഗീകരിക്കാൻ പറ്റുമോ എന്നറിയില്ല… എങ്കിലും പറയണം.. പറയാതിരുന്നാൽ എന്റെ മനസ്സിൽ എന്നുമൊരു വേദന ആയി കിടക്കും അത്…

എന്താണെങ്കിലും തുറന്ന് പറയാം ഭാര്യ എന്ന നിലയിൽ ഭർത്താവിന്റെ എല്ലാകാര്യങ്ങളും അറിയാനും പൊറുക്കാനും ഞാൻ ഒരുക്കമാണ്…

ലക്ഷ്മി അല്ല ലച്ചു… എന്റെ അറിവില്ലായ്മ കൊണ്ട് കുറേ വേദനിച്ച ഒരു പെൺകുട്ടി ഉണ്ട്‌…അവളെ ഒന്ന് കണ്ടു അവളോട്‌ മാപ്പ് ചോദിച്ചാലേ എന്റെ മനസ്സ് ഫ്രീ ആകു…

ഏതാണ് ആ പെൺകുട്ടി, എന്തായിരുന്നു നിങ്ങൾ തമ്മിൽ ബന്ധം, എന്താ പ്രശ്നം ഉണ്ടായതു…

ഞാൻ പ്ലസ്ടു പഠിക്കുന്ന സമയം… അന്ന് ഒരു ദിവസം രാവിലെ അടുത്തവീട്ടിലെ ചേട്ടൻ ടൗണിലേക്ക് പോകുവാൻ കാറും ആയി ഇറങ്ങിയപ്പോൾ എന്നോട് പോരുന്നോ സ്കൂളിൽ ഇറക്കാം എന്ന് പറഞ്ഞു…

ഞാൻ റെഡി ആവുന്നേ ഉള്ളു… നല്ല മഴയും… അമ്മ പറഞ്ഞു എങ്കിൽ നീ പൊയ്ക്കോ ഈ മഴയത്തു നടക്കേണ്ടല്ലോ എന്ന്… ഞാൻ സ്കൂളിൽ എത്തുമ്പോൾ എട്ടര ആവുന്നേ ഉള്ളു… ക്ലാസിൽ വന്ന ആൺകുട്ടികളൊക്കെ ഗ്രൗണ്ടിൽ ആണ്…

ഞാൻ പുസ്തകം ക്ലാസ്സിൽ വെച്ചിട്ടു ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു… ഒൻപതു ബി ക്‌ളാസിന്റെ മുൻപിൽ എത്തിയപ്പോൾ വെറുതെ അകത്തേക്കൊന്നു നോക്കി…

ഒരു പെൺകുട്ടി ഡെസ്കിൽ തല ചായ്ച്ചു വെച്ചു കിടക്കുന്നു… പെട്ടന്ന് എന്റെ തലയിൽ തോന്നിയ മന്ദബുദ്ധിക്ക് ഞാൻ ക്‌ളാസിലേക്ക് കയറി ചെന്നു…

ശബ്‍ദമുണ്ടാക്കാതെ മെല്ലെ ഞാൻ ആ കുട്ടിയുടെ അടുത്തു ചെന്നിട്ടു ശക്തമായി അവളുടെ തോളിൽ അടിച്ചു… പേടിച്ചരണ്ട അവൾ ചാടിയെണീറ്റു കരഞ്ഞുകൊണ്ട് എന്നേ കെട്ടിപ്പിടിച്ചു…

ഞാൻ ആകെ വല്ലാതായി… പെട്ടെന്നാണ് രണ്ടുമൂന്നു പെൺകുട്ടികൾ ക്‌ളാസിലേക്ക് കയറിവന്നത്.. കെട്ടിപ്പിടിച്ചു നിൽക്കുന്ന ഞങ്ങളെ കണ്ട അവർ നേരെ സ്റ്റാഫ്റൂമിലേക്ക് പോയി…

എന്നിൽനിന്നും അടർന്നു മാറിയ ആ കുട്ടിക്ക് സത്യത്തിൽ ഭയങ്കര അന്താളിപ്പ് ആയി.. ഞാൻ അവളെ സൂക്ഷിച്ചു നോക്കി.. പൊക്കം കുറഞ്ഞ തടിച്ചുരുണ്ട വെളുത്ത കുട്ടി….

അപ്പോളേക്കും സുമതി ടീച്ചറും, സുശീല ടീച്ചറും ക്‌ളാസിലേക്ക് വന്നു…

ഞാൻ ടീച്ചേഴ്സിനോട് നടന്ന സത്യം പറഞ്ഞു…. സഹോദരിമാർ ഇല്ലാത്ത തനിക്കു എല്ലാ പെൺകുട്ടികളോടും പ്രത്യേക ഇഷ്ടം ആയിരുന്നു… ആ കുട്ടി ക്ലാസ്സിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ ഒരു തമാശ ആണ് ചെയ്തത് പക്ഷെ തങ്ങളെ ആരും മനസ്സിലാക്കിയില്ല…

ടീച്ചേഴ്സും കുട്ടികളും തന്നെയും ആ കുട്ടിയേയും എന്തോ മഹാ അപരാധം ചെയ്തമട്ടിൽ ആണ് നോക്കിയത്…. ആ കുട്ടി കുറേ കരഞ്ഞു… അതിനെ മോശക്കാരി ആയി ചിത്രീകരിച്ചു എല്ലാരും…

മാതാപിതാക്കൾ വന്നു തീരുമാനം എടുത്തിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്നായി സ്കൂളിന്റെ തീരുമാനം… വീട്ടിൽ പറയാനും പേടി… പിന്നെയുള്ള രണ്ടുമൂന്നു ദിവസം സ്കൂളിൽ പോയില്ല ഒടുവിൽ നടന്നതെല്ലാം അമ്മയോട് പറഞ്ഞു…

അമ്മ സ്കൂളിൽ വരാം എന്ന് സമ്മതിച്ചു… സ്കൂളിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞു ആ കുട്ടി റ്റി സി വാങ്ങി സ്ക്കൂളിൽ നിന്നും പോയി എന്ന വാർത്ത ആണ്.. ഞാൻ കാരണം ആണ്… പിന്നീട് ഞാൻ ആ കുട്ടിയെക്കുറിച്ച് അന്വഷിച്ചു…

പക്ഷെ അവര് ഈ നാട്ടുകാർ ആയിരുന്നില്ല അവളുടെ അച്ഛൻ ജോലി സംബദ്ധം ആയി ഇവിടെ വന്നതാണെന്നും അയാൾ സ്ഥലം മാറ്റം വാങ്ങി മറ്റെങ്ങോടെക്കോ പോയെന്നും അറിഞ്ഞു…

പിന്നീട് കുറേ തിരഞ്ഞിട്ടും എനിക്ക് അവരെ കണ്ടെത്താൻ ആയില്ല…. ആ വിഷമം ഇന്നും എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു… ഇനി നീ പറയു ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന്…

ഏട്ടാ… എന്നാലും പാവം ആ കുട്ടി എത്ര അപമാനിത ആയി അല്ലേ അന്ന്… അവൾക്കു ക്ഷമിക്കാൻ പറ്റുമോ ഇതൊക്കെ…. അവൾ ഏട്ടനെ തിരക്കി വന്നിരുന്നു എങ്കിൽ ഏട്ടൻ അവളെ സ്വീകരിക്കുമായിരുന്നോ…

അവളുടെ വീട്ടുകാർക്ക് സമ്മതം ആണെങ്കിൽ… പക്ഷേ ആ പ്രതീക്ഷ ഇനി ഇല്ല…

ഏട്ടാ പ്രതീക്ഷ കളയേണ്ടട്ടോ..

നീയെന്താ അങ്ങനെ പറഞ്ഞത്..

അതോ അതെ അവള് ഏട്ടനെ തിരക്കി വന്നെന്നു..

ങ്ങേ എപ്പോൾ എന്നിട്ടോ… അപ്പോൾ നിനക്ക് എല്ലാം അറിയാരുന്നു അല്ലേ..

ഏട്ടൻ ദേ ഇങ്ങോട് നോക്കിയേ അന്നത്തെ തടിച്ചിപ്പെണ്ണിന്റെ കണ്ണിലെ തിളക്കം ഇന്നീ കണ്ണുകളിൽ ഉണ്ടോ എന്ന്…

സുജേഷ് വല്ലാത്ത ഒരന്തളിപ്പോടെ അവളെ നോക്കി.. അവൾ വളരെ സന്തോഷത്തോടെ അവന്റെ കൈകളിൽ പിടിച്ചു..

എല്ലാം അറിഞ്ഞാണ് ഇവൾ ഏട്ടനെ തേടി എത്തിയത്… ആദ്യമൊക്കെ ദേഷ്യം ആയിരുന്നു..ഇവിടം വിട്ടു പോയിട്ടും ചില ഫ്രണ്ട്സിന്റെ നമ്പർ കളയാതെ സൂക്ഷിച്ചു.. ഇടയ്ക്കു അവരോടുള്ള കോണ്ടാക്ട് കളയാതെ നോക്കി..

എന്താണ് … നീ പറയുന്നത്..

അവൻ കണ്ണുമിഴിച്ചു അവളെ നോക്കി..

അതെ ഏട്ടാ ആ തടിച്ചുരുണ്ട പെണ്ണ് ഞാൻ ആണ്… ഞാൻ തേടി കണ്ടുപിടിച്ചു ആ പൊടിമീശക്കാരനെ…

സത്യമാണോ നീ ആണോ അവൾ…

സന്തോഷം കൊണ്ട് അയാൾ അവളെ പൊക്കിയെടുത്തു ബെഡിലേക്കു ഇട്ടു… പിന്നെ അവരുടെ ദിനങ്ങൾ ആരുന്നു…

Leave a Reply

Your email address will not be published. Required fields are marked *