പക്ഷേ അവർക്ക് ഒരുമാറ്റ കല്യാണമാണ് താല്പര്യമെന്ന് തുറന്നു പറഞ്ഞു, അങ്ങനെയാണെങ്കിൽ ശരണ്യയുടെയും..

പ്രവാസം
(രചന: മഴമുകിൽ)

ശരത് ദുബായിലാണ്. അവിടെ ഡ്രൈവർ. അവിടെ പോയി ആദ്യത്തെ ആറു മാസം വല്ലാത്ത ബുദ്ധിമുട്ടിൽ ആയിരുന്നു. പിന്നെ ക്രമേണ അതു മാറി.

ശരത്തിന്റെ അച്ഛൻ മരിച്ചശേഷം ആ കുടുബത്തിന്റെ ആകെ ആശ്രയം അവനായിരുന്നു.

രണ്ടുസഹോദരിമാരിൽ ഒരാളുടെ വിവാഹം നേരത്തെ കഴിഞ്ഞു.. രണ്ടാമത്തെ ആൾ പഠിക്കുവാണ്.

ശരത് ഗൾഫിൽ പോയത് മുതൽ പെങ്ങൾക്ക് വിവാഹലോചനയുമായി ബ്രോക്കർ കയറി ഇറങ്ങുന്നു.

ജോലികൾ പോലും നേരെ ആകാതെ നിൽക്കുന്ന അവസ്ഥയിൽ വിവാഹ കാര്യം പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും അമ്മ വിളിക്കുമ്പോൾ അവനു എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു..

അമ്മ ഇങ്ങനെ കാര്യം അറിയാതെ സംസാരിക്കരുത്. ഞാൻ ഇതുവരെ ഇവിടെ ജോലിയിൽ പോലും കയറിയിട്ടില്ല.

അത് അമ്മയ്ക്ക് അറിയില്ലല്ലോ കുഞ്ഞേ..

ആദ്യം എനിക്ക് ജോലി എന്തെങ്കിലും ശരിയാവട്ടെ. അതിനുശേഷം വിവാഹ ആലോചനകൾ നോക്കിയാൽ മതി.
എനിക്കറിയില്ലേ അമ്മേ അവിടുത്തെ കാര്യം പിന്നെന്താ…

അമ്മ ഓർമ്മിപ്പിചെന്നെ ഉള്ളു…..

എനിക്കറിയാം അമ്മേ ഞാനൊരു നല്ല ജോലിക്ക് കയറി കഴിഞ്ഞാൽ അവളുടെ കാര്യമൊക്കെ നന്നായി നോക്കില്ലേ. അവർക്ക് വേണ്ടിയല്ലേ ഞാൻ നാട്ടിൽ നിന്നും ഇവിടേക്ക് വന്നത്.

നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം മാറി നമ്മൾ സന്തോഷമായി ജീവിക്കും അമ്മ ഒന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കേണ്ട..

അമ്മയ്ക്ക് എല്ലാം അറിയാം എങ്കിലും അമ്മയുടെ ആവലാതി കൊണ്ട് പറഞ്ഞു പോയതാണ്.. നീ എന്തെങ്കിലും കഴിച്ചായിരുന്നോ…

ഇല്ല അമ്മേ റൂമിൽ ഉള്ളവർ എല്ലാംകൂടി വൈകുന്നേരം ഒരുമിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. അപ്പോൾ എല്ലാവരും കൂടി ഇരുന്ന് ഉണ്ടാക്കി കഴിക്കും.

എന്നാൽ ശരി അമ്മ ഫോൺ വച്ചോ വെറുതെ കാശ് കളയണ്ട…

ഒന്ന് രണ്ട് മാസം ജോലി തേടി അലഞ്ഞു. ഒടുവിൽ ഒരു ഡ്രൈവർ വേക്കൻസിയിൽ കയറിപ്പറ്റി.

ആദ്യത്തെ കുറച്ചുനാൾ വലിയ ബുദ്ധിമുട്ടൊക്കെ തോന്നിയിരുന്നെങ്കിലും.. പിന്നീട് ശരത്തിന്… ജോലിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു.

അത്യാവശ്യാം നല്ലൊരു തുക തന്നെ നാട്ടിലേക്ക് അയക്കാനും പറ്റി..

ശരത്തിന്റെ പെരുമാറ്റവും ജോലിയിലെ ആത്മാർത്ഥതയും കണ്ട് അറബി അയാളുടെ തന്നെ ഒരു കമ്പനിയിൽ ശരത്തിനു ജോലി കൊടുത്തു.

ഇടയ്ക്ക് അറബിക്ക് എന്തെങ്കിലും ആവശ്യത്തിനു പോകേണ്ടിവന്നാൽ ശരത്തിനെ കൂടെക്കൂട്ടും.

ശരത്ത് ജോലിയിൽ കയറി ഏകദേശം ഒരു വർഷം കഴിയുമ്പോൾ തന്നെ ഏകദേശം കടങ്ങളും ഒതുങ്ങി.

വീടിന്റെയും സ്ഥിതി മെച്ചപ്പെട്ടു.

അങ്ങനെയിരിക്കുമ്പോഴാണ് അനിയത്തി ശരണ്യക്ക് വിവാഹാലോചന വന്നത്..

ആലോചന വന്നപ്പോൾ തന്നെ അമ്മ ശരത്തിനെ വിവരമറിയിച്ചു.

നല്ല ആലോചന ആണെങ്കിൽ അവരോട് വന്ന് കാണാൻ അമ്മ പറഞ്ഞാൽ മതി…

അമ്മ അളിയനെ കൂടെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കണം.എല്ലാപേരും കൂടി വേണം ചടങ്ങിന്.ആദ്യം ചെക്കൻ വന്ന് കണ്ടിട്ട് പോകട്ടെ പിന്നീടുള്ള കാര്യങ്ങളെല്ലാം നമുക്ക് തീരുമാനിക്കാം..

ഞായറാഴ്ച ദിവസം തന്നെ ശരണ്യയെ പെണ്ണ് കാണുന്നതിനായി പ്രവീൺ എത്തി. ശാരിയും ഭർത്താവ് ഗോപനും രാവിലെ തന്നെ വീട്ടിലെത്തി ഒരുക്കങ്ങളിൽ പങ്കുചേർന്നു.

പ്രവീണ ഓട്ടോ ഡ്രൈവർ ആണ്. കിട്ടുന്ന സമ്പാദ്യത്തിൽ നിന്ന് വളരെ സന്തോഷപൂർണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്.

പ്രവീണും അച്ഛനും അമ്മയും ഒരു സഹോദരിയും കൂടിയാണ് പെണ്ണുകാണുന്നതിനായി വന്നത്.

അവരുടെ മുന്നിലേക്ക് ചായയുമായി ശരണ്യ വന്നു. ആദ്യ കാഴ്ചയിൽ തന്നെ പ്രവീണിനു ശരണ്യേയും , ശരണ്യയ്ക്ക് അയാളെയും ഇഷ്ടമായിരുന്നു ……

പെണ്ണ് കണ്ടു പോയതിനുശേഷം. പ്രവീണിന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. അവർക്കൊരു മാറ്റകല്യാണത്തിന് താല്പര്യം ഉണ്ടെന്നായിരുന്നു പറഞ്ഞത് ശരത്തിനു വേണ്ടിയായിരുന്നു അവരുടെ ആലോചന…

പ്രവീണിന്റെ സഹോദരിക്കുവേണ്ടി ശരത്തിന്റെ ആലോചിച്ചാൽ കൊള്ളാമെന്നു അവർക്കു തോന്നി..അതുകൊണ്ടുതന്നെയാണ് വിവാഹക്കാര്യം അവർ പറഞ്ഞതും.

ശരത്ത് ഗൾഫിൽ ആണെന്നും ഇപ്പോൾ പോയതേയുള്ളൂ ഒക്കെ അമ്മ പറഞ്ഞു പക്ഷേ അവർക്ക് ഒരുമാറ്റ കല്യാണമാണ് താല്പര്യമെന്ന് തുറന്നു പറഞ്ഞു. അങ്ങനെയാണെങ്കിൽ ശരണ്യയുടെയും ശരത്തിന്റെയും വിവാഹം ഒരു പന്തലിൽ വച്ച് തന്നെ നമുക്ക് നടത്താം….

ഞാൻ അവനുമായി ഒന്ന് സംസാരിക്കട്ടെ എന്നിട്ട് വിവരം അറിയിക്കാം.ആ കൊച്ചിന്റെ ഫോട്ടോ ഉണ്ടെങ്കിൽ ഒരെണ്ണം അയച്ചു തന്നാൽ അവനെയൊന്നു കാണിക്കാം.

അതിനെന്താ ശരണ്യമോളുടെ ഫോണിൽ അയയ്ക്കാം.

കൃത്യമായി ഫോട്ടോ ശരണ്യയുടെ ഫോണിൽ എത്തി. അവരത് ശരത്തിനു അയച്ചു കൊടുത്തു…

എടാ അവർക്കു മാറ്റ കല്യാണത്തിന് താല്പര്യമുണ്ട്. അങ്ങനെയാണെങ്കിൽ എളുപ്പത്തിൽ നടത്താമെന്നാണ് പറയുന്നത്.

നിനക്ക് പെൺകുട്ടിയെ ഇഷ്ടമായോ.
അമ്മ ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ ആ ഫോട്ടോയിലായിരുന്നു.

ശരണ്യയുടെ കല്യാണം നടക്കണമെങ്കിൽ നീ കൂടി വിവാഹത്തിന് സമ്മതിക്കണം എന്നതുപോലെയാണ്…

നല്ല കുടുംബക്കാരാണ് നമുക്ക് നടത്തിയാലോ മോനേ..

എനിക്ക് പ്രത്യേകിച്ച് ഇഷ്ടക്കുറവൊന്നുമില്ല അമ്മ ആലോചിച്ചു എന്തെന്ന് വെച്ചാൽ ചെയ്താൽ മതി….

അന്ന് തന്നെ അമ്മ പ്രവീണിന്റെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു.

അവർക്ക് എൻഗേജ്മെന്റ് നടത്തുന്നതിന് താല്പര്യമുണ്ടെന്ന് മറുപടി കിട്ടി…

അമ്മേ ഞാൻ ഇവിടെ വന്നിട്ട് ഒരുപാട് നാൾ ഒന്നുമായിട്ടില്ല.എനിക്കിപ്പോൾ ലീവ് കിട്ടില്ല.നീയില്ലാതെ എങ്ങനെ…

അതല്ല അവർക്ക് എൻഗേജ്മെന്റ് നടത്തിയേ മതിയാവൂ എന്നുണ്ടെങ്കിൽ ചടങ്ങ് നടക്കട്ടെ… ഞാൻ വിവാഹത്തിന് എത്താം…

ആർഭാട പൂർവ്വം തന്നെയായിരുന്നു എൻഗേജ്മെന്റ്. നാട് അടക്കമുള്ള ആൾക്കാരെ വിളിച്ച് ഗംഭീരമായി തന്നെ അത് നടത്തി.

ശരത്തിനു ലീവ് കിട്ടാത്തതുകൊണ്ട് മോതിരം മാറ്റ ചടങ്ങു ഇല്ലാതെ…. സഹോദരി ശരണ്യ വൈഗക്ക് വളയണിയിച്ചു… ഓഡിറ്റോറിയത്തിൽ വച്ചുതന്നെയാണ് ചടങ്ങുകൾ നടത്തിയത്………

ശരത്തും വൈഗയും തമ്മിലുള്ള എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഒരു വർഷമായി..

എൻഗേജ്മെന്റ്നു ശേഷം പതിവുപോലെ ഫോൺവിളികൾ കൂടിക്കൊണ്ടിരുന്നു. ഒരു വർഷം കൊണ്ട് രണ്ടുപേരും വല്ലാതെ അടുത്തു.

ഇതിനിടയിൽ വിവാഹത്തിനുള്ള ഡേറ്റ് തീരുമാനിച്ചു. ശരത്തിന്റെ ലീവിന്റെ സ്ഥിതി അനുസരിച്ചാണ് എല്ലാം നോക്കിയത്.

വീഡിയോ കോൾ വിളിച്ചും മറ്റും ഡ്രസ്സ് സെലക്ട് ചെയ്യുന്നതും ഓർണമെൻസ് എടുക്കാൻ പോകുന്നതും വൈഗ കാണിക്കുമായിരുന്നു..

ശരത്തിന്റെ ലീവ് റെഡിയായി എന്നറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു. ഓരോരുത്തർക്കും വേണ്ടുന്ന സാധനങ്ങൾ എല്ലാം പ്രത്യേകം പ്രത്യേകം വാങ്ങി പാക്ക് ചെയ്തു. നാട്ടിലേക്ക് വരുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

വിവാഹം പ്രമാണിച്ച് അറബി നല്ലൊരു തുക തന്നെ അവന് സമ്മാനമായി കൊടുത്തു. അത് അമ്മയെ വിളിച്ച് അറിയിച്ചു.

എത്ര നാളായി അമ്മ കാത്തിരിക്കുകയാണ് എന്നറിയാമോ മക്കളെ.. നിന്നെ ഒന്ന് കണ്ടാൽ മതിയെന്നായി..

അതിനിനി ഒരുപാട് ദിവസം ഒന്നുമില്ലല്ലോ… ഞാൻ ഉടനെ അങ്ങെത്തില്ലേ….

നാട്ടിലേക്ക് പുറപ്പെടാൻ എയർപോർട്ടിലേക്ക് പോകുന്ന വഴിക്കാണ് ശരത്തിന് ആക്സിഡന്റ് സംഭവിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ശരത് മരണപ്പെട്ടു.

ഈ വിവരം എങ്ങനെ നാട്ടിലേക്ക് അറിയിക്കുമെന്നായി….

മകന്റെ മരണവാർത്ത അറിഞ്ഞു ആ വിവാഹ വീട് മരണവീടായി മാറി. വിവാഹ സ്വപ്നങ്ങൾ കണ്ട് പന്തലിലേക്ക് കയറി വരേണ്ട രണ്ട് പെൺകുട്ടികളുടെ കണ്ണുനീർ ….

ശരത്തിന്റെ ബോഡി നാട്ടിൽ എത്തിച്ചപ്പോൾ താലികെട്ടാൻ ഉള്ളവൻ ചലനമറ്റു കിടക്കുന്നത് കണ്ടു നിലവിളിയോടെ വൈഗ പിന്നിലേക്ക് വീണു..

കുടുംബം രക്ഷിക്കാൻ പോയ മകന്റെ ശരീരം കണ്ട് ആ മാതാവ് തലതല്ലി കരഞ്ഞു…..

ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായി തിരിച്ചവൻ ഒടുവിൽ ആറടി മണ്ണിന്റെ സ്വന്തക്കാരനായി മാറി…….

സ്വന്തം ജീവിതം സ്വപ്നം കണ്ടുവന്നവൻ ഉറ്റവരെ കാണാതെ ആ വേദനയും പേറി യാത്രയായി…

തണുത്തുറഞ്ഞ അവന്റെ നെറ്റിയിൽ ചുണ്ടു ചേർത്തു അവന്റെ മാറിൽ പറ്റിച്ചേർന്നു വൈഗ. ഒരുമിച്ചു കണ്ട സ്വപ്നങ്ങളിൽ…. ഇനി തനിക്കു കൂട്ടായി ശരത് ഇല്ലല്ലോ……

നൊന്ത് പെറ്റ മകൻ മണ്ണോട് മണ്ണ് ചേരുന്നത് കാണാനാവാതെ ആ അമ്മമനസ് പൊട്ടിക്കരഞ്ഞു……

സ്വന്തം ഏട്ടന്റെ ശരീരം കണ്ട് കരയാൻ പോലും മറന്നു ശരണ്യ ഇരുന്നു….. പുറത്തെ ഇരുട്ടിനു കനം കൂടി വന്നു അതെ ഇരുട്ട് മൂന്ന് സ്ത്രീ ഹൃദയങ്ങളിലും ബാധിച്ചു……..