കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം അല്ലേ വിശ്വേട്ടാ ആയുള്ളൂ, അവൾക്ക് അവിടെ പറ്റുന്നില്ല എന്ന് കുറച്ചു ദിവസം..

(രചന: അംബിക ശിവശങ്കരൻ)

“എന്താടോ? താൻ ഇങ്ങനെ ഒരേ ഇരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായല്ലോ എന്താ കാര്യം?”

ഫോണും നെഞ്ചോട് പിടിച്ച് ഉമ്മറത്തെ ചാരുപടിയിൽ ഇരുന്ന് കാര്യമായി എന്തോ ആലോചിച്ചിരിക്കുന്നത് കണ്ടാണ് ദേവകിയുടെ ഭർത്താവ് വിശ്വനാഥൻ അങ്ങോട്ട് ചെന്നത്.

” ദേ വിശ്വേട്ടാ പെണ്ണ് വിളിച്ച് അവിടത്തെ ഓരോ കുറ്റവും കുറവുകളും പറയാൻ തുടങ്ങിയിട്ടോ…

ഞാൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു. ഒന്നേയുള്ളൂ എങ്കിലും ഉലക്കയ്ക്ക് അടിച്ചു വളർത്തണമെന്ന് കാർന്നോന്മാർ പറയുന്നത് എത്ര ശരിയാണ്. ഒരു കുറവും അറിയിക്കാതെ ലാളിച്ച് വളർത്തിയതാണ് നമ്മൾ ചെയ്ത തെറ്റ്.

സ്വന്തം വീട്ടിലെ പോലെ സുഖസൗകര്യം ചെന്നു കേറുന്നിടത്തും കിട്ടുമോ?ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് അവസാനിക്കുമോ എന്തോ എന്റെ ഭഗവതി… ”

അവർ തലയിൽ കൈവെച്ചുകൊണ്ട് ആവലാതി പ്രകടിപ്പിച്ചു.

” താനിങ്ങനെ കിടന്നു ബഹളം വയ്ക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ പറ എന്റെ ദേവി… വെറുതെ ബാക്കിയുള്ളവരെ കൂടി ടെൻഷൻ ആക്കാതെ. ”

അയാളുടെ ക്ഷമ നശിച്ചു.

” ഇനിയെന്തു പറയാനാ…വിശ്വേട്ടന്റെ പുന്നാര മോള വിളിച്ചത്.. കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം അല്ലേ വിശ്വേട്ടാ ആയുള്ളൂ…അവൾക്ക് അവിടെ പറ്റുന്നില്ല എന്ന്.

കുറച്ചു ദിവസം ഇവിടെ വന്ന് നിൽക്കണം എന്ന്. കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു പരിധിക്ക് അപ്പുറം സ്വന്തം വീട്ടിൽ വന്നു നിന്നാൽ തന്നെ നാട്ടുകാര് പിറുപിറുപ്പ് തുടങ്ങും. ”

“പിന്നെ അവൾ സ്വന്തം വീട്ടിൽ അല്ലാതെ നാട്ടുകാരുടെ വീട്ടിലാണോ ചെന്ന് നിൽക്കേണ്ടത്?എന്ത് പറഞ്ഞാലും ഉണ്ടൊരു നാട്ടുകാര്..”

അയാൾക്ക് ദേഷ്യം വന്നു.

“അല്ലേലും വിശ്വേട്ടന് എന്നോട് ചാടി കടിക്കാൻ നല്ല മിടുക്കാണല്ലോ.. ഈ മിടുക്ക് മകളെ വളർത്തുന്നതിൽ കാണിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ഈ തീ തിന്നേണ്ടി വരില്ലായിരുന്നു.”

അവർ സാരി തുമ്പ് കൊണ്ട് മൂക്ക് പിഴിഞ്ഞു.

“അവൾ നമ്മളോട് അല്ലാതെ പിന്നെ ആരോടാണ് അവളുടെ സങ്കടങ്ങൾ വിളിച്ചു പറയേണ്ടത്? അതിന് താൻ ഇങ്ങനെ ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം?

പതിയെ അവളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം. അവൾ വേണമെങ്കിൽ കുറച്ച് ദിവസം ഇവിടെ വന്നു നിൽക്കട്ടെ…

സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നതിന് അച്ഛനമ്മമാർ തന്നെ വിലക്ക് കൽപ്പിച്ചാൽ പിന്നെ പെൺകുട്ടികളുടെ അവസ്ഥയെന്താണ്? അവൾക്ക് പറയാനുള്ളത് അവൾ പറയട്ടെ എന്നിട്ട് തീരുമാനിക്കാം ബാക്കി.”

” വിശ്വേട്ടൻ ഇങ്ങനെ ആ പെണ്ണിന്റെ താളത്തിനൊത്ത് തുള്ളിക്കോ… ഇതുവരെ കളിച്ചത് പോലെയല്ല കേട്ടോ വിശ്വേട്ടാ ഇത്. വിവാഹ ജീവിതമാണ്. അവളുടെ വാക്കും കേട്ട് നമ്മൾ നിന്നാൽ ദുഃഖിക്കേണ്ടിവരും ഓർത്തോ…”

അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അയാൾ അവിടെ തന്നെ കുറച്ചു സമയം ഇരുന്നു.

” ദേവി പറഞ്ഞതൊന്നും നിഷേധിക്കുന്നില്ല. ഒറ്റ മകൾ ആയതുകൊണ്ട് തന്നെ അളവിൽ കൂടുതൽ സ്നേഹവും ലാളനയും നൽകിയാണ് ആതുവിനെ വളർത്തിയത്.

ഇക്കാലമത്രയും ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അവളെ മറ്റൊരു കുടുംബത്തിലേക്ക് പറിച് നട്ടത് തന്നെ സംബന്ധിച്ചും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു യാഥാർത്ഥ്യമായിരുന്നു.

പക്ഷേ അവളുടെ പിടിവാശി മറ്റൊരു കുടുംബത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നോർത്തപ്പോൾ അയാളുടെ മനസ്സിലും ഒരു ആദി കയറി.

ഉച്ചയ്ക്ക് ഭക്ഷണം എല്ലാം കഴിച്ച് കിടക്കുന്ന നേരമാണ് ഗേറ്റിനരികിൽ വണ്ടിയുടെ ഹോൺ മുഴങ്ങിയത്.

“ദേ വിശ്വേട്ടാ ദീപക്കും ആതിരയും വന്നേക്കുന്നു.അവിടെ ഇനി എന്ത് കോലാഹലം ഒപ്പിച്ചിട്ടാണോ ദൈവമേ വന്നേക്കുന്നത്? എന്റെ ദേഹം മുഴുവനും കുഴഞ്ഞു പോകുകയാണ്.”

ഓടിവന്ന ഭാര്യയെ സമാധാനിപ്പിച്ച് അയാൾ ഗേറ്റ് അരികിലേക്ക് നടന്നു.

“താൻ ഒന്നും മിണ്ടാൻ നിൽക്കേണ്ട ഞാൻ സംസാരിച്ചോളാം അവരോട്”

അത്രയും പറഞ്ഞ് ഗേറ്റ് തുറന്നു കൊടുക്കുമ്പോൾ കാറിന്റെ ഗ്ലാസിന് ഇടയിലൂടെ അയാൾ തന്റെ മകളെ നോക്കി. മുഖം അത്ര പ്രസന്നമായിരുന്നില്ല.

കാറിന്റെ ഡോർ തുറന്നു ദീപക്ക് പുറത്തിറങ്ങുമ്പോൾ അവനു മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല കാരണം നോട്ടം മുഴുവനും മകളുടെ മുഖത്തായിരുന്നു.

“എന്താ മോനെ പെട്ടെന്ന്….വിളിച്ചു പറഞ്ഞതു പോലുമില്ല.”

കാറിൽ നിന്നിറങ്ങിയ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി അയാൾ തിരക്കി.

“എന്റെ അച്ഛാ…. അച്ഛന്റെ മോള് ഇന്നലെ തുടങ്ങിയത ഇങ്ങോട്ട് വരണമെന്നും പറഞ്ഞ് കരച്ചിൽ.

എനിക്കാണെങ്കിൽ ഇന്ന് അത്യാവശ്യമായ ഒരു മീറ്റിംഗ് ഉണ്ട്.അത് കഴിഞ്ഞ് നാളെ കൊണ്ടു വിടാമെന്ന് ഞാൻ ആവുന്നത്ര പറഞ്ഞു നോക്കി ആര് കേൾക്കാൻ….കരച്ചില് നിക്കാണ്ടായപ്പോൾ അമ്മയും ഏടത്തിമാരും കൂടി എന്നെ വഴക്കുപറഞ്ഞു.

രണ്ടു ദിവസം പോയി നിന്ന് അച്ഛനെയും അമ്മയെയും കണ്ട് സന്തോഷമായി വരട്ടെ എന്നും പറഞ്ഞ്. അതാ മീറ്റിങ്ങിനു പോകും വഴി തന്നെ ഞാൻ ഇവിടെ കൊണ്ടുവന്ന് വിട്ടത്.

ഞാൻ വൈകുന്നേരം വരാം അപ്പോഴേക്കും നിങ്ങൾ രണ്ടാളും ഒന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്ക്. ആതിരയുടെ കരച്ചിൽ കണ്ടിട്ട് വീട്ടിൽ ഉള്ളവർക്കും വല്ലാണ്ടായി.”

” ശരിടോ…, താൻ സമാധാനമായി ഇരിക്ക് ഞാൻ വരാം. ”

അമ്മയോടും അച്ഛനോടും കൂടി യാത്ര പറഞ്ഞിറങ്ങാൻ നേരം അവർ അവനെ തടഞ്ഞു.

” അയ്യോ മോനെ ഇവിടെ വരെ വന്നിട്ട് ഒന്ന് കേറാതെ പോകുകയാണോ? ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം… ”

“സമയമില്ല അമ്മേ… ഇപ്പോൾ തന്നെ ലേറ്റായി ഞാൻ വൈകുന്നേരം വരുമല്ലോ അപ്പോൾ നമുക്ക് ഒരു പിടി പിടിക്കാം.”

ചിരിച്ചുകൊണ്ട് അവരോട് എല്ലാം യാത്ര പറഞ്ഞ് അവൻ കാറിൽ കയറി പുറപ്പെട്ടു. ദീപക് പോയതും തന്റെ മകളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവർ അകത്തേക്ക് നടന്നു. അയാളാണ് അവളുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോയത്.

അകത്തെത്തിയതും അവൾ കരഞ്ഞുകൊണ്ട് തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു അപ്പോഴും അവർ തലകുനിച്ചിരുന്നു.

“എന്താ മോളെ എന്താ മോൾക്ക് ഇത്ര വിഷമം ഉണ്ടാകാൻ?”

അയാൾ തന്റെ മകളുടെ മുടിയിഴകളിൽ വാത്സല്യപൂർവ്വം തലോടി.

“എനിക്കവിടെ പറ്റണില്ല അച്ഛാ…. ദീപക്കേട്ടൻ പോയി കഴിഞ്ഞാൽ ഞാൻ പിന്നെ അവിടെ ഒറ്റയ്ക്കായത് പോലെയാണ്.. നിങ്ങളെപ്പോലെ എന്നെ സ്നേഹിക്കാൻ അവിടെ ആരുമില്ല.

വിഷമം വരുമ്പോൾ അച്ഛൻ വന്ന് ആശ്വസിപ്പിക്കുന്ന പോലെ ആരും ആശ്വസിപ്പിക്കാൻ ഇല്ല. നമ്മൾ മാത്രമായിരുന്നപ്പോൾ എന്ത് രസമായിരുന്നു. അവിടെ നിറയെ ആളുകളാണ്. എല്ലാവർക്കും ഭയങ്കര തിരക്കുകളും.

നേരത്തെ എണീക്കണം എല്ലാവരുടെയും ഇഷ്ടങ്ങൾ നോക്കണം ഇവിടത്തെപ്പോലെ എനിക്ക് മാത്രം അവിടെ പരിഗണന കിട്ടുന്നില്ല… അച്ഛൻ നോക്കണം. പോലെ എന്നെ ആരും നോക്കില്ല അച്ഛാ…”

ഒരു കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി കൊണ്ടിരുന്ന അവളെ കണ്ടപ്പോൾ അയാളുടെ മാത്രമല്ല അവരുടെയും കണ്ണുനിറഞ്ഞു.

“അയ്യേ ഇത്ര നിസ്സാര കാര്യത്തിനാണോ എന്റെ മോളിങ്ങനെ വിഷമിക്കുന്നത്??? ഇവിടെ ഞങ്ങൾക്ക് ആണെന്നും പെണ്ണെന്നും പറയാൻ മോള് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ…

അതുകൊണ്ടാണ് സ്നേഹം മറ്റാർക്കും പകുത്ത് നൽകാതെ മോൾക്ക് മാത്രമായി തന്നത്. മോൾക്ക് കൂട്ടിന് മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ സ്നേഹം ഞങ്ങൾ തുല്യമായി പകുത്തു നൽകിയേനെ അല്ലേ?”

അവൾ തലയാട്ടി.

” അതാണ് ദീപക്കിന്റെ വീട്ടിൽ സംഭവിക്കുന്നത്. അവിടെ മൂന്ന് ആൺ മക്കളാണ്. അപ്പോൾ ആ അച്ഛനും അമ്മയും എങ്ങനെയാണ് ഒരാൾക്ക് മാത്രം സ്നേഹം നൽകുന്നത്?

മൂന്ന് ആൺമക്കൾക്കും അവരുടെ ഭാര്യമാർക്കും കുട്ടികൾക്കും എല്ലാം സ്നേഹവും സംരക്ഷണവും നൽകുമ്പോൾ ഇടയ്ക്കൊക്കെ ചില ഏറ്റക്കുറച്ചിലകൾ വന്നെന്നിരിക്കും അത് സ്വാഭാവികം… നമ്മൾ നമ്മുടെ സ്നേഹം പകരം നൽകി അത് നികത്തിയെടുക്കണം. ”

“ഈ ലോകത്തിൽ ഏറ്റവും വലിയ ബന്ധമാണ് രക്തബന്ധം. സ്വന്തം രക്തത്തിൽ പിറന്ന കൂടപ്പിറപ്പുകൾ ഒരു ബലം തന്നെയാണ്. അതെന്റെ മോൾക്ക് ഇല്ലാതെ പോയി.

ഞങ്ങളുടെ കാലശേഷവും മോൾക്ക് സ്വന്തം എന്ന് പറയാൻ ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് ഒരു വലിയ നഷ്ടം തന്നെയാണ്.

അവിടെ മോൾക്ക് രണ്ട് ഏട്ടന്മാർ ഉണ്ട് ഏടത്തിമാർ ഉണ്ട് കൂടപ്പിറപ്പുകളുടെ സ്നേഹം ഇനിയെങ്കിലും മോൾ അറിഞ്ഞു ജീവിക്കണം. അപ്പോഴേ അതിന്റെ സുഖം അറിയുകയുള്ളൂ.”

” മോളോട് എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കണമെന്നോ ഇങ്ങോട്ട് എപ്പോഴും വരരുതെന്നോ അല്ല അച്ഛൻ പറയുന്നത്. ഇത് മോളുടെ വീടാണ്. എപ്പോൾ വേണമെങ്കിലും നിനക്ക് ഇവിടെ വരാം.

പക്ഷേ അത് ഒരിക്കലും മറ്റൊരു കുടുംബത്തിന്റെ മനസ്സമാധാനം തെറ്റിച്ചു കൊണ്ടാവരുത്.അച്ഛൻ പറഞ്ഞതുപോലെ എല്ലാവരെയും സ്വന്തമായി കണ്ടു ഒന്ന് സ്നേഹിച്ചു നോക്ക് അതിന്റെ സുഖം ഒന്ന് വേറെയാ…

എന്നിട്ടും പറ്റുന്നില്ലെങ്കിൽ പതിയെ ഒരു വീട് എടുത്ത് മാറാൻ ഞാൻ ദീപക്കിനോട് പറയാം. അതും ആരെയും വേദനിപ്പിക്കാതെ… ഞാൻ പറഞ്ഞത് മോൾക്ക് മനസ്സിലായോ. ”

തന്റെ അച്ഛന്റെ വാക്കുകൾ ഉൾക്കൊള്ളാൻ ശ്രമിച്ചപ്പോഴാണ് അവൾക്ക് തന്റെ തെറ്റുകൾ മനസ്സിലായത്. എല്ലാം തന്നിലേക്ക് മാത്രം ചുരുങ്ങണം എന്ന നിർബന്ധ ബുദ്ധിയാണ് അവളെ ഇവിടെ എത്തിച്ചത് എന്ന് അവൾക്ക് മനസ്സിലായി.

ഒരിക്കൽ പോലും താൻ ആ കുടുംബത്തോട് പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന കുറ്റബോധം അവളുടെ ഹൃദയത്തെ സ്പർശിച്ചു. അച്ഛനും അമ്മയും തന്നെ സ്നേഹിച്ചപോലെ എല്ലാവരും തന്നെ മാത്രം സ്നേഹിക്കണം എന്ന പിടിവാശി…

” മനസ്സിലായി. ”

അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി

അമ്മ അവളെ ചേർത്തു നിർത്തുമ്പോൾ അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

വൈകിട്ട് ദീപക് വരുമ്പോൾ വളരെ ഉത്സാഹവതിയായാണ് ആതിര നിന്നത്. സന്തോഷത്തോടെ ഭക്ഷണം കൊടുത്തും കളിചിരികൾ പറയുന്നതുമായ അവളെ കണ്ട് അവനു അത്ഭുതം തോന്നി.

“എന്താ അച്ഛാ അച്ഛൻ വല്ല അത്ഭുതമരുന്നും കൊടുത്തോ? വന്ന ആളെ അല്ലല്ലോ…..? ആളാകെ മാറിയിരിക്കുന്നു.”
അവൻ അത്ഭുതപൂർവ്വം ചോദിച്ചു

“അതിത്തിരി സ്നേഹം വാൽസല്യത്തിൽ ചാലിച്ച് കുറച്ച് ഉപദേശവും സമാസവും അരച്ചു കലക്കി കൊടുത്തതാ മോനെ….വേണമെങ്കിൽ ദീപക്കിന് കൂടി ഞാൻ ഈ കൂട്ട് പറഞ്ഞു തരാം ആവശ്യം വരും.”

പൊടുന്നനെയുള്ള ആ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.