ചേട്ടൻ രണ്ടു വർഷങ്ങൾക്ക് മുൻപേ ഹോസ്പിറ്റലിൽ നിന്നും ജോലി മതിയാക്കി..

സാഫല്യം
(രചന: Mahalekshmi Manoj)

ഞങ്ങളുടെ ഓഫീസിലെ ഫ്ലോറിലെ പാൻട്രിയിൽ പറഞ്ഞാൽ മനസ്സിലാകാത്ത ഭാഷയുടെ ഉടമകളിലൊരാളായ ഒരു ചെക്കനുണ്ട്, ഒരു കൊസറാക്കൊള്ളി, അവനാണ് അവിടുത്തെ അധിപൻ.

അവന്റെ ജോലി ഭക്ഷണമേഖലയിലാണെങ്കിലും എന്താണെന്നറിയില്ല ഒരു തുള്ളി വെള്ളം പോലും ആർക്കും കൊടുക്കുന്നത് അവനിഷ്ടമല്ല.

സമയത്തിനും മുൻപേ എല്ലാം അടച്ചു പൂട്ടുക, പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞതിനു ശേഷം തുറക്കുക, ഗ്ലാസ് വയ്ക്കാതിരിക്കുക,

ഗ്ലാസുണ്ടെങ്കിൽ ചായപ്പൊടി പൂട്ടി വെക്കുക, ചായപ്പൊടിയുണ്ടെങ്കിൽ പഞ്ചസാര ഒളിപ്പിച്ചു വെക്കുക,

എല്ലാ സാധനങ്ങളും പുറത്തു തന്നെയുണ്ട് ഒരു ചായ എടുക്കാം എന്ന് വെച്ചാലോ ആരും എടുക്കാതിരിക്കാൻ വേണ്ടി അവനതെല്ലാം സിങ്കിനകത്താവും വെച്ചിട്ടുണ്ടാവുക, വൃത്തി അടുത്ത് കൂടി പോകാത്തവൻ.

പത്തും പന്ത്രണ്ടും മണിക്കൂറോളമാണ് ഇവിടുത്തെ നഴ്സിംഗ് സ്റ്റാഫ്‌ ഉൾപ്പടെയുള്ളവർ ജോലിയെടുക്കുന്നത്, അവരൊന്നും ബിരിയാണി തേടിയല്ല പാൻട്രിയിൽ ചെല്ലുന്നത്,

നിന്നും നടന്നും ക്ഷീണിച്ചിട്ടു ഒരു ഗ്ലാസ്സ് വെള്ളമോ ചായയോ കുടിക്കാനാണ്, അതവരുടെ അവകാശമാണ്, അല്ലാതെ ഔദാര്യമല്ല, ഇതെല്ലാം അവനോട് പാടാറുണ്ട്, എന്ത് കാര്യം?, പഠിച്ചതല്ലേ പാടൂ?.

ഇങ്ങനെ മേല്പറഞ്ഞ എന്തൊക്കെയോ സൈക്കിക്കായ സ്വഭാവങ്ങളുടെ ഒരു കലവറയാണ് ആ ഭാഷക്കുടമകളിലൊരാളായ ചെക്കൻ.

ദോഷം പറയരുതല്ലോ അവന്റെ ആൾക്കാരോട് അവനിങ്ങനെയൊന്നുമല്ല കേട്ടോ, സ്നേഹം കാണിക്കുന്ന കണ്ടാൽ കൊതി വരും, നമുക്കും കൂടി ആ സ്നേഹം ഇച്ചിരി കിട്ടിയെങ്കിൽ എന്ന് തോന്നിപ്പോവും.

ഇവന്റെ ഈ കുൽസിത പ്രവൃത്തികൾ കാണുമ്പോഴാണ് ഇവന് മുൻപേ പാൻട്രിയുടെ അധിപനായിരുന്ന ചെറിയ ശരീരവും വലിയ മനസ്സുമുള്ള സാധാരണയിലും സാധാരണക്കാരനായ മനുഷ്യനെ ഞങ്ങളെല്ലാവരും ഓർത്ത് പോകുന്നത്,

ഗോപാലൻ ചേട്ടൻ, കൊടുക്കാൻ ഗോപാലൻ ചേട്ടനെ കഴിഞ്ഞേ ഉണ്ടായിരുന്നുള്ളു ഹോസ്പിറ്റലിൽ വേറെയാരും.

ചില നേരത്തു ചായ ചേർത്തത് ശരിയായില്ലെങ്കിൽ ചേട്ടൻ പറയും,

“മഹിയെ ഇങ്ങനെയാണോ നീയ് ചായയുണ്ടാക്കുന്നത്?, ഞാനുണ്ടാക്കിത്തരാം, രണ്ട് മിനിട്ടു അവിടെ നില്ലു.”

കാണാൻ ഭംഗിയുള്ള, നല്ല കടുപ്പമുള്ള, മധുരമേറിയ, ഉന്മേഷം തരുന്ന, ഗോപാലൻ ചേട്ടൻ ഉണ്ടാക്കിയ ചായ കുടിക്കാൻ എത്രയോ പ്രാവശ്യം ഇങ്ങനെ വേലത്തരം കാണിച്ചിട്ടുണ്ട്, ഒരു മടിയും കൂടാതെ ചേട്ടൻ ഉണ്ടാക്കിത്തന്നിട്ടുമുണ്ട്.

പറഞ്ഞിരിക്കുന്ന സമയത്തിനും നേരത്തെയും, കഴിയേണ്ട സമയം കഴിഞ്ഞും, പാൻട്രി തുറന്നു വെച്ചിരിക്കുന്നയാൾ, പിള്ളേര് വെള്ളം ചോദിച്ചാൽ കൊടുക്കണ്ടേ എന്ന് പറഞ്ഞ്.

“വിശന്നിട്ടു വയ്യ, അയ്യോ.” എന്ന് വെറുതെ ഗോപാലചേട്ടന്റെ ചെവിക്കടുത്തൂടെ പറഞ്ഞുകൊണ്ട് പോയാൽ മാത്രം മതി,

അല്പസമയത്തിനകം നമ്മളിരിക്കുന്ന സ്ഥലത്തു സ്‌നാക്‌സുമായി ചേട്ടൻ പ്രത്യക്ഷപ്പെടും.

ഇതൊന്നും പോരാഞ്ഞു ഒരുപാട് പൊടിക്കൈകൾക്കുടമയുമാണ് ചേട്ടൻ.

ഇടക്ക് മനുച്ചേട്ടന് നടുവേദന അസഹ്യമായിരുന്നപ്പോൾ ചേട്ടനോട് സംസാരിക്കുന്ന കൂട്ടത്തിൽ ഈ കാര്യവും സൂചിപ്പിച്ചു. ചേട്ടൻ പറഞ്ഞു,

“നീ മനോജിനോട് ഇങ്ങോട്ട് വരാൻ പറ.”

മനുച്ചേട്ടൻ വരുകയും, ഗോപാലൻ ചേട്ടൻ മനുച്ചേട്ടനെ കിടത്തി എന്തൊക്കെയോ മർമ്മചികിത്സയും ചെയ്തു.

ചേട്ടന്റെ കൈപുണ്യമാണോ, ചികിത്സയുടെ ഫലമാണോയെന്നറിയില്ല കുറെയധികം നാൾ മനുച്ചേട്ടന് നടുവേദനയ്ക്ക് ഗണ്യമായ വ്യത്യാസം ഉണ്ടായിരുന്നു, വേദന ഇല്ലായിരുന്നു എന്ന് തന്നെ പറയണം.

ഞാനും മനുചേട്ടനും ഇപ്പോഴും വിശ്വസിക്കുന്നത് ചേട്ടന്റെ കൈപ്പുണ്യവും, നല്ല മനസ്സുമാണ് അതിന്റെ മൂലഹേതുവെന്നാണ്.

ചേട്ടൻ രണ്ടു വർഷങ്ങൾക്ക് മുൻപേ ഹോസ്പിറ്റലിൽ നിന്നും ജോലി മതിയാക്കി നാട്ടിൽ സെറ്റിലായി. പോയതിനു ശേഷം എന്നും ചേട്ടൻ എനിക്ക് ശുഭദിന സന്ദേശം അയക്കുമായിരുന്നു,

തിരിച്ചൊന്നും അയക്കാറില്ലായെങ്കിലും എന്നും ആ സന്ദേശങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരിക്കാറുണ്ടായിരുന്നു.

ഇടയ്ക്ക് കുറെ നാൾ സന്ദേശങ്ങൾ ഒന്നും കാണാതെയായപ്പോൾ ഞാൻ ചേട്ടനെ വിളിച്ച് എന്താ പറ്റിയെ എന്ന് ചോദിക്കുകയുണ്ടായി, ഫോൺ കേടായതു കൊണ്ടാണ് എന്ന മറുപടി കേട്ടപ്പോൾ മാത്രമാണ് സമാധാനമായത്.

ഇപ്പോൾ വീണ്ടും കുറച്ചായി ചേട്ടന്റെ സന്ദേശങ്ങൾ കിട്ടിയിട്ട്.

“ഗോപാലൻ ചേട്ടാ, ഈ എഴുത്ത് ചേട്ടൻ വായിക്കുന്നുണ്ടാവും എന്നെനിക്കറിയാം, ഇത് വായിച്ചതിനു ശേഷം വരണേ വാട്സാപ്പിൽ ശുഭദിന സന്ദേശങ്ങളുമായി.”

ഒരു മടിയും കൂടാതെ നിറഞ്ഞ മനസ്സോടെ ഭക്ഷണം കൊടുക്കുന്നവരാണ് എന്നെ സംബന്ധിച്ചിടത്തോളം നല്ല മനസ്സിനുടമകൾ, ഈശ്വരനോട് അടുത്ത് നിൽക്കുന്നവർ.

ആഹാരസാധനങ്ങൾ പൂട്ടി, ആർക്കും കൊടുക്കാതെ വെച്ചിട്ടു എന്ത് ലാഭമാണ് കിട്ടുന്നതെന്നു അറിയാൻ വയ്യ. ഭക്ഷണം പിശുക്കി ഉണ്ടാക്കുന്നവരോടും എനിക്ക് സഹതാപമാണ്.

ഭക്ഷണം കൊടുക്കുമ്പോൾ നിറയെ കൊടുക്കുക, മനസ്സറിഞ്ഞു കൊടുക്കുക, ഈ ഒരു പാഠം നേരത്തെ പഠിച്ചിട്ടുള്ളതാണെങ്കിലും ഗോപാലൻ ചേട്ടനിൽ നിന്നും അത് ഒന്ന് കൂടി ഹൃദിസ്ഥമാക്കി…

ചേട്ടനുമായി ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടമെങ്കിലും ചിലവഴിക്കാൻ കഴിഞ്ഞത് എന്റെ ജന്മസാഫല്യമായി തന്നെ ഞാൻ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *