സ്വത്ത് ഭാഗം വെച്ചപ്പോൾ അധികപ്പറ്റായി അതായിരിക്കും ഇപ്പൊ ഇവിടെ എത്തിയതല്ലേ..

തനിയാവർത്തനം
(രചന: ജ്യോതി കൃഷ്ണ കുമാർ)

ആദ്യമായി പുതിയ ഇടത്ത് എത്തിയതിന്റെ എല്ലാ പരിഭ്രമവും ആ മുഖത്ത് പ്രകടമായിരുന്നു.. ചുളിവ് വീണ കയ്യുകളിൽ ഉടുത്തിരുന്ന നേര്യതിനറ്റം ഇരുന്ന് ശ്വാസം മുട്ടി….

ചുളിവ് വീണ മുഖത്തെ വെള്ളാരം കണ്ണിലെ കൃഷ്ണമണികൾ അസ്വസ്ഥതയോടെ ഓളം വെട്ടി..

തനിക്കെന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തന്ന കോസറിയിൽ ചെന്നിരിക്കുമ്പോൾ ആ മിഴികൾ ജനലിലൂടെ പുറത്തേക്ക് നീണ്ടു..

അവിടെയും ഒരു മതിൽ
ക്കെട്ടു മാത്രം കാണായി ചില ബന്ധങ്ങൾക്കിടയിൽ എന്ന പോലെ…..

“”പാർവതി അമ്മ “” നീട്ടി തന്റെ പേര് വിളിച്ചത് കേട്ട് മെല്ലെയൊന്നു തല തിരിച്ചു നോക്കി അവർ..

“ഇവിടെ ചായ കുടിക്കണ സമയാ ഇപ്പൊ, അമ്മ വന്നോളൂ ”

കാക്കി പോലെയൊരു സാരിയുടുത്ത സ്ത്രീയാണ്…. തന്റെ മകളുടെ പ്രായം കഷ്ടി കാണും. വെറുതെ അവരെല്ലാം വീണ്ടും ഓർമയിൽ തെളിഞ്ഞു.

“മുന്നിലെ പല്ല് പറിഞ്ഞു പോയപ്പോ ശ്രീക്കുട്ടിക്ക് മുത്തശ്ശി എന്ന് വിളിക്കുമ്പോ കാറ്റു പോവാത്രെ അമ്മേ…”

എന്ന് തമാശ പറയുന്ന ശ്രീദേവി എന്ന മകളെ ഓർത്തു… അതിനു പിണങ്ങുന്ന ശ്രീക്കുട്ടിയെ ഓർത്തു…

പിന്നെ കള്ളു കുടിച്ച് വരുന്ന അവളുടെ ഭർത്താവിനെയും, നിസ്സഹായാവസ്ഥയിൽ മിഴിനിറച്ചിരുന്നവളെയും. ഓർമ്മകൾ ആയമ്മയുടെ മിഴിക്കോണിൽ നീർക്കണങ്ങൾ സൃഷ്ടിച്ചു…

വിളിച്ചിട്ട് വരാത്തത് കൊണ്ടാവണം ആ സ്ത്രീ വീണ്ടും വിളിച്ചത്.. ഇത്തവണ ശബ്ദത്തിൽ ഇത്തിരി മുഷിവ് തോന്നി. ഓർമ്മയുടെ ഭാണ്ഡക്കെട്ട് അടച്ച് അവർ ആ സ്ത്രീയുടെ പുറകെ പോയി.

“അമ്മക്ക് മധുരം?” ആ സ്ത്രീ അലിവോടെ ചോദിച്ചു.

അതിനവർ വെറുതെ ഒന്ന് തലയാട്ടി, മെല്ലെ ഒന്ന് മുന്നിലേക്ക് കണ്ണോടിച്ചു, വലിയൊരു മേശക്ക് ഇരുവശത്തായി കുറെ പേർ…

എല്ലാർക്കും തന്നോടൊപ്പം പ്രായം കാണും, ഒരായുസ്സ് മുഴുവൻ ആർക്കോ വേണ്ടി ഓടിയവർ. അവസാനം ജീവിതാസ്തമയത്തിൽ ഒറ്റപ്പെട്ടുപോയവർ .

ഓരോരുത്തരുടെയും മുഖത്തേക്ക് പാർവതി അമ്മ വെറുതെ ഒന്ന് നോക്കി അവരുടെ എല്ലാം കണ്ണുകളിൽ പ്രതീക്ഷ അസ്ഥമിച്ചിരിക്കുന്നത് പോലെ തോന്നി…

ഒരുപക്ഷേ ആരും തിരക്കി വരാനില്ല എന്ന തിരിച്ചറിവാകാം അവരെ ഇത്തരത്തിൽ മാറ്റിയത്….

മുമ്പിൽ കൊണ്ടുവന്നു വെച്ച് പാൽച്ചായ യിലേക്കും ആരോറൂട്ട് ബിസ്ക്കറ്റ്ലേക്കും നിസ്സംഗതയോടെ പാർവതിയമ്മ നോക്കി

വെറുതെ അതിൽ നിന്ന് ഒരെണ്ണം എടുത്തു ചായയിൽ മുക്കി വായിൽ വച്ചു ഇറങ്ങാത്ത പോലെ, തൊണ്ടയിൽ എന്തോ തടയുന്ന പോലെ,

എല്ലാവരും ചെയ്യുന്നത് പോലെ തന്നെ ഗ്ലാസിൽ ബാക്കിവെച്ച ചായയും ബിസ്ക്കറ്റും എടുത്തുകൊണ്ട് അവർ കഴുകുന്നിടത്തേക്ക് നടന്നു.

” പുതിയ ആളാ? അതാ ഇത്ര മനോവിഷമം രണ്ടുനാൾ കഴിഞ്ഞ് ഒക്കെ ശരിയാവുമെന്നേ. ഞങ്ങൾക്ക് വന്നപ്പോൾ വലിയ പ്രയാസമായിരുന്നു ഇപ്പോ ഇവിടുന്ന് പോകാൻ ഒട്ടും ഇഷ്ടമില്ല. അല്ല ആരും കൊണ്ടോവാനും ഇല്യാ.. ”

തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു സ്ത്രീ വിഷമം ഒളിപ്പിച്ചുവെച്ച് അത്രയും പറഞ്ഞത് കേട്ട് പാർവതിയമ്മ ഒന്നും നിശ്വസിച്ചു.. നേർത്ത ഒരു ചിരി അതിന് മറുപടിയായി അവർ നൽകി.

“സ്വത്ത് ഭാഗം വെച്ചപ്പോൾ അധികപ്പറ്റായി അതായിരിക്കും ഇപ്പൊ ഇവിടെ എത്തിയതല്ലേ? ”

അവർ വീണ്ടും ചോദിച്ചതിന് മറുപടി പറയാതെ പാർവ്വതി അമ്മ, തനിക്കായി തന്ന ആ ഇടത്തിലേക്ക് നടന്നു,

മെല്ലെ ബാഗ് തുറന്നു തന്റെ ഭർത്താവ് ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടിന്റെയും വസ്തുവിന്റെയും ആധാരംബാഗിന്റെ സൈഡിലെ അറയിൽ നിന്നെടുത്ത് വെറുതെ ഒന്നു മറിച്ചുനോക്കി…

കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.. മുമ്പാരോ കിടന്ന് എണ്ണക്കറ പിടിച്ച തലയിണ മെല്ലെ നീക്കി ഒന്ന് തല ചായ്ച്ചു..

പിന്നെ എഴുന്നേറ്റ് ആധാരവുമായി മെല്ലെ നടന്നു…. മാനേജർ എന്നെഴുതിയ മുറിയുടെ മുന്നിൽ നിൽക്കുമ്പോൾ അവരുടെ മിഴികളിൽ നനവ് വറ്റിയിരുന്നു.. നിശ്ചയദാർഢ്യം ആ മുഖത്ത് തുടിക്കുന്നത് കാണാമായിരുന്നു.

“സാർ” എന്ന വിളിക്ക് ആ മുറിയിലെ സുമുഖനായ ചെറുപ്പക്കാരൻ മെല്ലെ മിഴി ഉയർത്തി നോക്കി.

“വരൂ ” പുഞ്ചിരിയോടെ അകത്തേക്ക് വിളിച്ചപ്പോൾ അവർ ആശ്വാസത്തോടെ അകത്തേക്ക് പ്രവേശിച്ചു.

“പാർവതിഅമ്മക്ക് എന്തേലും പറയാനുണ്ടോ??”

മെല്ലെ മുഖമുയർത്തി അവർ അയാൾക്കരികിലെത്തി…. അടുത്ത കസേരയിൽ അയാൾ കൈ കാണിച്ചത് പോലെ ഇരുന്നു…

“പറയൂ എന്താ അമ്മക്ക് പറയാൻ ഉള്ളെ ”

“അമ്മ ”

എന്നോ കേട്ട് വിസ്‌മൃതിയിൽ തള്ളിയ ആ വാക്കിൽ ഉടക്കി നിന്നു ആ അമ്മ മനം … മെല്ലെ കയ്യിലെ പേപ്പറുകൾ നീട്ടിയപ്പോൾ നെറ്റി ചുളിച്ച് നോക്കി അയാൾ…

“”ആധാരമാണ്.. “”

ചെറിയൊരു ഗദ്ഗദം പോലെ പുറത്തേക്ക് വന്ന ആ ശബ്ദത്തിൽ ഒളിച്ചിരിക്കുന്ന നോവ് വ്യക്തമായിരുന്നു….

“എന്തിനാ ഇപ്പൊ അമ്മക്കിത്??” എന്നു അത്ഭുതത്തോടെ ചോദിച്ചു മാനേജർ…

“എന്റെ മകൾ വന്നാൽ ഒന്ന് കൊടുക്കാമോ? ഇന്നല്ലെങ്കിൽ എന്നേലും.. ഞാനില്ലാണ്ടാവുമ്പോ എങ്കിലും… ” ഇത്രയും പറഞ്ഞിട്ടും ആ കണ്ണുകൾ നിറഞ്ഞിരുന്നില്ല….

“മോൾ എവടെയാ എന്നു പറയൂ.. കാണാൻ മോഹം ഉണ്ടെങ്കിൽ നമുക്കവരെ ഇങ്ങോട്ട് വിളിപ്പിക്കാം എന്നെ.. ”

“അറിയില്ല ”

എന്നുമാത്രം പറഞ്ഞവർ നര വീണ മിഴികൾ എങ്ങോ നോക്കി പറഞ്ഞു…

“അപ്പൊ അവരെ കണ്ടിട്ട് കുറെ ആയോ?”

“ഉം.. ഞാൻ ജയിലിൽ പോവുന്നേനും മുൻപ് കണ്ടതാ…”

മുന്നിലിരിക്കുന്ന ചെറുപ്പക്കാരനിൽ ഒട്ടും പരിഭ്രമം കണ്ടില്ല…

അയാൾ ചിരിയോടെ തന്നെ പറഞ്ഞു നമുക്ക് കണ്ടു പിടിക്കാം ന്നെ, എന്ന്…

ചെറിയൊരു ചിരി നൽകി ആ പേപ്പർ അയാളെ ഏല്പിച്ചവർ മടങ്ങുമ്പോൾ അവരെ കൊണ്ട് വന്നേൽപ്പിച്ച പോലീസ് കാരന്റെ വാക്കുകളിൽ മനസുടക്കി…

“മകളുടെ ഭർത്താവിന്റെ കോലകാരി ആണെന്ന്… കൊച്ചു മകളെ കേറി പിടിച്ചപ്പോ കയ്യിൽ കിട്ടിയ വാക്കത്തി എടുത്തു വീശിയതാണെന്ന്…

പേപ്പർ സൂക്ഷിച്ചു വക്കുമ്പോൾ ഒന്ന് തീരുമാനിച്ചിരുന്നു അവരെ കണ്ടുപിടിച്ചിവരെ ഏൽപ്പിക്കണമെന്ന്…

അറിയാവുന്നിടത്തെല്ലാം അന്വേഷിക്കാൻ പറഞ്ഞു…. അതുകൊണ്ട് തന്നെ ആവാം രാവിലെ തന്നെ ഒരാൾ വിളിച്ചു പറഞ്ഞത് അവർക്കറിയാം എന്ന്…

ആ വിവരം പറയാനാ എന്നേറ്റിട്ടുണ്ടാവില്ല എന്നറിഞ്ഞും ചെന്നത്…

എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെ തണുത്തുറഞ്ഞൊരു ശരീരം മുന്നിൽ ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോഴും അത്ഭുതം വിട്ട് മാറിയിരുന്നില്ല..

ഈ യാത്ര മുൻകൂട്ടി കണ്ടതോർത്തു… ഏല്പിക്കാൻ ഉള്ളതൊക്കെ ഏല്പിച്ചതോർത്ത്…

Leave a Reply

Your email address will not be published. Required fields are marked *