ഏട്ടാ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കൂ, എന്നിട്ട് ഏട്ടൻ വേറെ കല്യാണം കഴിക്കൂ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

“ഏട്ടാ….. ഏട്ടാ…”

“എന്താ….?”

രാവിലത്തെ ഗുസ്തി കഴിഞ്ഞ് വന്ന് ഒള്ളത് കഴിച്ച് ഭാര്യയോടുള്ള കടമയും നിർവ്വഹിച്ച് അതിന്റെ ആലസ്യത്തിൽ സുഖകരമായ ഒരു ഉറക്കത്തിലേക്ക് ഒഴുകിപ്പോയതായിരുന്നു സുനിൽ… അപ്പഴതാ വിളിക്കുന്നു …..

ഇരച്ച് കയറിയ ദേഷ്യം അപ്പാടെ ഉൾക്കൊള്ളിച്ച് ഉച്ചത്തിൽ ചോദിച്ചു.

“എന്താടീ….. ”

അല്ലേലും ഇവളിങ്ങനാ എന്റെ സ്നേഹപ്രകടനം കഴിയുമ്പോൾ അവൾക്ക് സംസാരിക്കാനുള്ള മൂഡാ…

തനിക്കാണെങ്കിൽ ഉറങ്ങാനും…

പണ്ട് പുതുമോടിയിൽ “താൻ പറയടാ ” എന്നൊക്കെ പറഞ്ഞ് അവളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് പക്ഷെ എന്ന് വച്ച് ഈ അഞ്ചാം കൊല്ലവും അതുപോലെ നടക്കുമോ….?

എന്റെ ‘ എന്താടി ‘യുടെ കടുപ്പം കൊണ്ടാവണം ശ്യാമ, അവൾ മിണ്ടാതെ കിടക്കുകയാണ്… അപ്പോ ഇത്തിരി പാവമൊക്കെ തോന്നി.

ഞാൻ വന്നാൽ എനിക്ക് ചായക്ക് എന്തേലും ഒക്കെ ആയിട്ട് ഉണ്ടാക്കിയിട്ടുണ്ടാകും, മത്സ്യം ഞാൻ അധിക ദിവസവും കൊണ്ട് വരും അത് വൃത്തിയാക്കി കറി വച്ച്, വറുത്ത്,

ചോറുണ്ട്, പാത്രം കഴുകി എന്റെ മൽപ്പിടുത്തവും കഴിഞ്ഞ് കിടക്കുമ്പോഴല്ലാതെ അവൾ എപ്പഴാണ് എന്നോട് സംസാരിക്കുക…

രാവിലെത്തെ തത്രപ്പാടുകൾ വേറെ …..

” എന്താ…? പറ…. എന്തിനാ നീ വിളിച്ചത്….?

” അതേ ഏട്ടാ.., ഏട്ടന് പ്രിയയെ അറിയില്ലേ….?”

“ഈ നട്ടപ്പാതിരാക്ക് ഏത് പ്രിയയാണ് എന്റെ ശ്യാമേ…?”

“ഹാ എന്റെ കൂടെ പഠിച്ച പ്രിയ…. മണിയം തൊടിയിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്ന …. ”

“ങാ പ്രിയ… അതിന് ..”

” അതേ അവൾക്ക് എന്തോ വയ്യാത്രേ… ബ്ല ഡ് കാ ൻ സർ ആണെന്ന്… ഞാൻ നാളെ അവിടം വരെ ഒന്ന് പോയി അവളെ കാണും ട്ടോ…..”

“നീ പോവണത് കൊണ്ട് എനിക്ക് വിരോധം ഒന്നും ഇല്ല… പക്ഷെ ശ്യാമേ ഇത്തരക്കാരുടെ മനോനില അനുസരിച്ച് വേണം പെരുമാറാൻ ചിലർക്ക് ആരേയും കാണുന്നത് ഇഷ്ടാവില്ല…

പക്ഷെ പറയാൻ പറ്റാത്തോണ്ട് ഉള്ളിൽ ഒതുക്കും, നമ്മൾ വേണം കണ്ടറിഞ്ഞ് പെരുമാറാൻ…., തന്നെയും അല്ല ഒരു പാട് പേര് കാണാൻ ചെല്ലുന്നതും നന്നല്ല.. വല്ല ഇൻഫെക്ഷനോ മറ്റോ വന്നാൽ രോഗിക്കും അത് പ്രശ്നാവും…”

“ഞാൻ എന്തായാലും പോവും സുനിയേട്ടാ… എനിക്ക് ഒന്നു കാണണം അവളെ… ”

ശ്യാമ സുനിലിന്റെ മാറിലേക്ക് തല ചായ്ച്ചു…

“നിനക്ക് പനിയുണ്ടോ ശ്യാമേ….? ഒരു ചൂടു പോലെ….”

“ഏട്ടന് വെറുതേ തോന്നണതാവും.. ഇന്നലേം പറയണത് കേട്ടല്ലോ… ഇങ്ങനെ”

” ഹാ നീ മിണ്ടാതെ കിടന്നേ എനിക്ക് നാളെ ഓഫീസിൽ പോവാനുള്ളതാ.. നിനക്കീ ഉറക്കം ഒക്കെ ഉച്ചക്ക് കിടന്ന് ഉറങ്ങാം.. ”

ബെല്ലടിച്ചപ്പോൾ ആദ്യം കതക് തുറന്നത് പ്രിയയുടെ അമ്മായി അമ്മയാണ്…

“പ്രിയ ….”

“അകത്തുണ്ട്… ”

പ്രിയയെ കണ്ടപ്പോൾ ശ്യാമക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. അവൾ കയ്യുകൾ കൊണ്ട് കണ്ണുപൊത്തി കരഞ്ഞു.

ഇടതൂർന്ന് പിന്നിയിട്ടിരുന്ന മുടി മുഴുവൻ പോയിട്ടുണ്ടാവണം.., ഒരു സ്കാർഫ് തലയിൽ കെട്ടിവച്ചിട്ടുണ്ട് …. കാഴ്ചകളും സ്വപ്നങ്ങളും നിറദീപം പോലെ തിളക്കിയ കണ്ണുകൾക്കു ചുറ്റും കറുത്ത വലയങ്ങൾ തിങ്ങി കൂടിയിരിക്കുന്നു.

വരണ്ട ചുണ്ടുകളും ദേഹമാകെ ഒരു തരം ഇരുണ്ട കളറും…, പൊന്നിന്റെ നിറമുണ്ടായിരുന്ന കുട്ടിയാ…. കണ്ടിട്ട് സഹിക്കാൻ ആവുന്നില്ല…..

” ശ്യാമേ…, എത്ര നാളായി കണ്ടിട്ട്…. വാ… ഇരിക്ക് ……”, പ്രിയയുടെ ശബ്ദം പോലും മാറിയിരിക്കുന്നു.

ഒരുതരം കുഴഞ്ഞ ശബ്ദം പോലെ.. ഒരുതരം തളർച്ച..

ശ്യാമക്ക് അവളുടെ മുന്നിൽ കരയേണ്ടായിരുന്നു എന്ന് തോന്നി, അവളെ കണ്ടപ്പോൾ പൊട്ടിപ്പോയതാണ് ….

വേഗം അടുത്ത് ചെന്നിരുന്നു…

“പ്രിയേ … ഇപ്പോ എങ്ങനെ ഉണ്ട്…?”

” ഇപ്പോ…. ഭേദാണെന്ന് പറയണം എന്നുണ്ട്… പക്ഷെ അത് നുണയായിപ്പോകും… ഓരോ ദിവസവും നില വഷളാവുന്നു എന്നാ ഇന്നലെയും ഡോക്ടർ പറഞ്ഞത് ”

അവിടേക്ക് അവളുടെ മോൻ കയറി വന്നു. പ്രിയ, മോനെ എന്നു വിളിച്ചപ്പോൾ അവൻ പ്രിയയുടെ മുഖത്തേക്ക് പകച്ച് നോക്കി…

എന്നിട്ട് ഒരൊറ്റയോട്ടം പുറത്തേക്ക്….

“ഇവനിപ്പോ ഇങ്ങനെയാ ശ്യാമേ…. എന്നെ കാണുന്നതു പോലും പേടി പോലെയാ… ഒരു കണക്കിന് അതും നല്ലതാ കൂടുതൽ അടുത്താൽ നാളെ ….???.”

പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… കുഞ്ഞിനെയും കുറ്റം പറയാൻ പറ്റില്ല..

അത്രക്കും പേടിപ്പെടുത്തുന്ന പോലെ ഒരു രൂപമാണ് കോളേജ് ബ്യൂട്ടി എന്ന് ഞങ്ങൾ കളിയാക്കി വിളിച്ചിരുന്ന പ്രിയക്കിപ്പോൾ ..

” തുടങ്ങിയിട്ടിപ്പോൾ ….?”

” ആറേഴു മാസായി കാണും.. അറിയാണ്ടങ്ങ് പോയാ മതിയായിരുന്നു. ഏട്ടനും അച്ഛനും എല്ലാം വിൽക്കേണ്ടി വന്നു… അതാ എനിക്കേറെ മനപ്രയാസം…. അവരെ പെരുവഴിയിലാക്കാൻ വന്നതാ ഈ നശിച്ച രോഗം… രക്ഷപ്പെട്ടോ…? അതും ഇല്ല …. ”

” ഒക്കെ ശരിയാവും പ്രിയേ…. ദൈവം വിചാരിച്ചാൽ മാറാത്ത വ്യാഥിയുണ്ടോ…?”

” ശരിയാവുമായിരുന്നു… ആരേയും ബുദ്ധിമുട്ടിക്കാതെ അങ്ങ് പോയിരുന്നെങ്കിൽ ഇതിപ്പോ എല്ലാരും എല്ലാം വിറ്റുതുലച്ചു.. എന്റെ അച്ഛന് വയസ് കാലത്ത് വാടകക്ക് പോവേണ്ടി വന്നു.

ഞങ്ങൾ ആറ്റു നോറ്റ് വാങ്ങിയ പത്തു സെന്റും ഇരിക്കണ കൂരയും പോയി.. വേറെ എങ്ങും പോവാൻ ഇല്ലാത്തതു കൊണ്ട് ഏട്ടന്റെ ഈ വീട്ടിലേക്ക് പോരേണ്ടി വന്നു. ഇവർക്കും ഒരു ഭാരമായി ….”

“അങ്ങനെ ഒന്നും പറയല്ലേ പ്രിയ… ആർക്കാ എന്താ വരുന്നേന്ന് പറയാൻ പറ്റില്ലല്ലോ? നീയെന്തിനാ മോളെ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്…?”

“പനിയായിരുന്നു എന്നും…. അതിന് കണ്ട ഗുളികകളും വാങ്ങിക്കഴിച്ചു… പിന്നെ ദേഹത്ത് ചുവന്ന തടിപ്പ്… ഛർദി.. ഇടക്ക് മാത്രം വന്നു കൊണ്ടിരുന്നത് അടുത്തടുത്ത് വന്നപ്പോൾ ഡോക്ടറെ കണ്ടു അപ്പഴാ…

സ്റ്റേജുകൾ കുറേ കഴിഞ്ഞു പോയി എന്നു മനസിലായത് …. അങ്ങനെ എന്തേലും ഒക്കെ വന്നാ ആദ്യമേ ഡോക്ടറെ കാണണം അല്ലെങ്കിൽ നമ്മൾ കാരണം കുടുംബം പോലും താറുമാറാകും”

ശ്യാമക്ക് അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല… കുട്ടുകാരിയുടെ അസുഖത്തെക്കാൾ അവൾ പറഞ്ഞ രോഗലക്ഷണങ്ങളിൽ ശ്യാമയുടെ മനസുടക്കി….

പനി.. ചുമന്ന തടിപ്പുകൾ.. ഛർദിൽ…

ദൈവമേ ഇതൊക്കെ തനിക്കും വരാറുണ്ടല്ലോ? ഇനി… ഇനി ….

“സുനിയേട്ടാ…. ഏട്ടാ… എനിക്ക് പനിക്കുന്നുണ്ടോ ഒന്ന് നോക്കിയേ..?”

” ഉം… ചെറിയ ചൂടുണ്ട്.. നീ പല സമയത്ത് കുളിച്ചിട്ടാവും ദിവസവും ഒരേ ടൈം കീപ്പ് ചെയ്ത് കുളിക്ക് അപ്പോ ശരിയാവും”..

ആകെ കൂടി ശ്യാമക്ക് ഭയം തോന്നി.. അവൾ മനസുരുകി ഭഗവാനേ വിളിച്ചു…

പിറ്റേ ദിവസം രാവിലെ മനംപുരട്ടുന്ന പോലെ..

ഇത്….. അവസാനമായി വരുന്ന സിംപ്റ്റസ് ആണെന്നല്ലേ പ്രിയ പറഞ്ഞത് …..

ശ്യാമ ആ കെ മാനസികമായി തളർന്നു പോയിരുന്നു.

” ശ്യാമേ റിസൽട്ട് പോസിറ്റീവ്… നിനക്ക്…. നിനക്ക്…. നീ പേടിക്കണ്ട നമ്മുടെ വീട് വിറ്റിട്ടായാലും… നിന്നെ ചികിത്സിക്കും. ”

” വേണ്ട ഏട്ടാ… വീട് വിൽക്കണ്ട… ഏട്ടാ പ്ലീസ്…” പറഞ്ഞത് കേൾക്കാകെ സുനിൽ ആധാരവും എടുത്ത് കൊണ്ട് ഓടി …

ശ്യാമ ഞെട്ടി ഉണർന്നു. കണ്ടതൊക്കെ സ്വപ്നമായിരുന്നോ…..? നടക്കാൻ പോകുന്നത് മുൻകൂട്ടി കണ്ടതാവും… അവൾ ആകെ പേടിച്ചു….

വെകുന്നേരമായപ്പഴേക്കും ശ്യാമക്ക് നല്ല പനി..

സുനി വന്നപ്പോൾ പുതച്ചു മൂടി കിടക്കുന്ന ശ്യാമയെ ആണു കണ്ടത്….

“വാ ഹോസ്പിറ്റലിൽ പോകാം….”

“വേണ്ട ഏട്ടാ ഞാൻ ഇവിടെ കിടന്നോളാം കുറച്ച് കഴിഞ്ഞാ മാറും…”

സുന്നിൽ നിർബന്ധിച്ച് ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി …. പനി കൂടെ കൂടെ വരാറുണ്ടെന്ന് പറഞ്ഞപ്പോ യൂറിന്നും ബ്ലഡും ഒക്കെ ടെസ്റ്റ് ചെയ്യാൻ ഡോക്ടർ നിർദേശിച്ചു..

അതിന്റെ റിസൽട്ടും വാങ്ങി വരാൻ നിർദേശിച്ചു…

ശ്യാമ ആ കെ പേടിച്ചു.. തന്റെ അസുഖം ഇപ്പോ അറിയും… ഏട്ടൻ വീടും സ്ഥലവും വിറ്റ് ചികിൽസിക്കാനാണ് പുറപ്പാടെങ്കിൽ താൻ സമ്മതിക്കില്ല… ചിലതെല്ലാം തീരുമാനിച്ചുറച്ചു.

പിറ്റേ ദിവസം സുനിൽ റിസൽട്ട്. വാങ്ങാൻ പോയി. ശ്യാമ കരക്കിട്ട മീനിന്നെ പോലെ പിടഞ്ഞു.. വൈകുന്നേരം വരേണ്ട സുന്നിൽ ഉച്ചക്കെത്തി..

“ശ്യാമേ റിസൽട്ട് കിട്ടി.. പിന്നെ എനിക്കവിടെ ഇരിക്കാൻ തോന്നീല…. ഫോണിൽ പറയാതെ നേരിട്ട് പറയാൻ വേണ്ടിയാ ഞാൻ….”

ശ്യാമ പൊട്ടിക്കരഞ്ഞ് സുനിലിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“ഏട്ടാ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കൂ…. എന്നിട്ട് ഏട്ടൻ വേറെ കല്യാണം കഴിക്കൂ…. ”

” നീ എന്തൊക്കെയാടീ ഈ പറയുന്നേ എടീ നമ്മൾ അച്ഛനും അമ്മയും ആവാൻ പോവാന്ന്…. നീ പ്രെഗ്നന്റ് ആണെന്ന്…. ”

” എന്താ…..?.. ”

വിശ്വസിക്കാൻ കഴിയാതെ ശ്യാമ നിന്നു. ഊതി ഊതി വീർപ്പിച്ചത് മണ്ടത്തരമാണെന്നറിഞ്ഞപ്പോ അവൾ വല്ലാണ്ടായി….

“നീയെന്താ എന്നോട് വേറെ കല്യാണം കഴിക്കാനൊക്കെ പറഞ്ഞത്…?”

ശ്യാമ നാണിച്ച് എല്ലാം പറഞ്ഞു കേട്ട് കഴിഞ്ഞപ്പോൾ ഒരു നിമിഷം സുനിൽ അന്തം വിട്ട് ഇരുന്നു. പിനെ തന്റെ ഭാര്യയുടെ രോഗം കണ്ടു പിടിക്കാനുള്ള പ്രത്യേക കഴിവിനെ ഓർത്ത് പൊട്ടിപൊട്ടി ചിരിച്ചു.. ശ്യാമയും ആ ചിരിയിൽ ഭാഗമായി…

Leave a Reply

Your email address will not be published. Required fields are marked *