കാണാൻ ചന്തമില്ലാത്തവളെ പെറ്റമ്മയ്ക്ക് പോലും ഒട്ടും ഇഷ്ടമല്ല.. കാണാൻ സുന്ദരിയായ അനിയത്തിയെ ആണ് എല്ലാവരും താലോലിച്ചു..

കാതിൽ തേൻമഴയായ്
(രചന: Vandana)

” സുമേഷേട്ടന് എന്നേ കെട്ടാൻ പറ്റുമോ? ”

തന്റെ കണ്ണിലേയ്ക്ക് നോക്കിക്കൊണ്ട്  വെട്ടിത്തുറന്നു മീനാക്ഷി ചോദിച്ചപ്പോൾ പെട്ടെന്ന് ആകെ അമ്പരന്നു നിൽക്കാൻ മാത്രമേ സുമേഷിനു കഴിഞ്ഞുള്ളൂ

” ശരിയാണ്.. എനിക്ക് സുമേഷേട്ടനെ പോലെ പൊക്കവും നിറവും ഒന്നുമില്ല.. വലിയ പഠിപ്പുമില്ല.. പൈസയില്ല.. ആകെ ഈ തയ്യൽ മാത്രമേ ഉള്ളൂ.. ഞാൻ ഇത് പറയാൻ പാടുമോ ഇല്ലയോ എന്നുകൂടി എനിക്കറിയില്ല .. പക്ഷെ ”

ആ പക്ഷെയിൽ അവൾ നിർത്തിയപ്പോൾ സ്വതവേ കുറച്ചു തന്റേടിയായ മീനാക്ഷിയുടെ കണ്ണുകൾ കലങ്ങിയിരുന്നു.

” അയ്യോ.. മീനാക്ഷി കരയല്ലേ.. ആളുകളൊക്കെ കണ്ടാൽ എന്ത് കരുതും..”

സുമേഷ് വെപ്രാളത്തോടെ പറഞ്ഞപ്പോൾ മീനാക്ഷി നേർത്തൊരു ചിരിയോടെ കണ്ണ് തുടച്ചു. ടൗണിലെ ടൈലറിങ് യൂണിറ്റിലെ തയ്യൽ സ്റ്റാഫ്‌ ആണ് മീനാക്ഷി. ഏതാണ്ട് മുപ്പത്തിനോടടുത്തു പ്രായമുള്ള മീനാക്ഷി അവിവാഹിതയാണ്. സുമേഷ് അവിടെ മെറ്റീരിയൽസ് ഇറക്കാനും സ്റ്റിച് ചെയ്ത തുണികൾ കൊണ്ടുപോകാനും വരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ ആണ്.

മുപ്പത്തിയാറ് കഴിഞ്ഞ അവനും അവിവാഹിതനാണ്. പെണ്ണ് കണ്ടും ജാതകം നോക്കിയുമൊക്കെ മടുത്തിരിക്കുമ്പോളാണ് ഒട്ടും പ്രതീക്ഷിക്കാതെ മീനാക്ഷിയുടെ ഈ ഞെട്ടിക്കുന്ന നീക്കം. കുറച്ചു ഉൾവലിഞ്ഞ പ്രകൃതക്കാരനായ സുമേഷിനു അതൊരു വലിയ ഞെട്ടൽ തന്നെയായിരുന്നു.

” അല്ല.. മീനാക്ഷി.. നേരത്തെ പറഞ്ഞത്.. ”

” സുമേഷേട്ടന് ആകെ ഷോക്കായല്ലേ.. എന്നേ പറ്റി മോശം വിചാരിക്കില്ലെങ്കിൽ നമുക്കൊന്ന് മാറി നിന്നാലോ ”

പൊതുവഴിയിൽ നിന്ന് കുറച്ചു നീങ്ങിയുള്ള വലിയ മാവിന്റെ ചുവട്ടിലേയ്ക്ക് അവർ നീങ്ങി നിന്നു.

” സുമേഷേട്ടനെ പറ്റി ചിലതൊക്കെ എനിക്കറിയാം.. കല്യാണലോചന നടക്കുന്നുണ്ടെന്നും ഒന്നും ശരിയാവുന്നില്ല എന്നുമൊക്കെ കടയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നേ പറ്റി പേരല്ലാതെ ഒന്നും അറിയില്ലായിരിക്കും..അല്ലെ? ”

മീനാക്ഷിയുടെ ചോദ്യത്തിന് അവൻ ഇല്ലെന്നു തലയാട്ടിയപ്പോൾ മീനാക്ഷി മനോഹരമായി പുഞ്ചിരിച്ചു.

” പേരറിയാലോ.. മീനാക്ഷി.. പന്ത്രണ്ടാം ക്ലാസ്സ്‌ വരെ പഠിച്ചു. പിന്നെ തയ്യലാണ് പഠിച്ചത്. വീട് കുരിശടിമുക്കിൽ പള്ളിറോട്ടിൽ ആണ്. വീട്ടിൽ അമ്മയും അച്ഛനും അനിയത്തിയും അവളുടെ കുടുംബവും ഉണ്ട്. അച്ഛനും അമ്മയ്ക്കും കൂലിപ്പണിയാണ്”

” അല്ല.. ഈ കാര്യം അവരോടൊക്കെ പറഞ്ഞിട്ടാണോ ചോദിച്ചത്? ”

സുമേഷ് പെട്ടെന്നുണ്ടായ ഒരു ഓർമ്മയിൽ ചോദിച്ചപ്പോൾ മീനാക്ഷിയുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു.

” അതിന്റെ ആവശ്യം ഒന്നും ഉണ്ടാവില്ല. കുട്ടിക്കാലം തൊട്ട് തന്നെ ഞാൻ വീട്ടിലൊരു അധികപ്പറ്റാണ് സുമേഷേട്ടാ.. കാണാൻ ചന്തമില്ലാത്തവളെ പെറ്റമ്മയ്ക്ക് പോലും ഒട്ടും ഇഷ്ടമല്ല.. കാണാൻ സുന്ദരിയായ അനിയത്തിയെ ആണ് എല്ലാവരും താലോലിച്ചു നടന്നത്. എന്റെ കാര്യങ്ങളിൽ ആർക്കും അങ്ങനെ താല്പര്യവും ഇല്ല. മുതിർന്നപ്പോൾ പഠിക്കാൻ സാമർഥ്യം ഇല്ലാത്തത് കൊണ്ട് അതുനിന്നു. പിന്നെ വീട്ടുപണിയായി.. മാടിനെ പോലെ പണിയെടുത്തിട്ടും വെറുതെ ഇരുന്നു തിന്നു കൊഴുക്കുന്നു എന്നുള്ള പരാതി സ്വന്തം വീട്ടിന്നു തന്നെ കേട്ടപ്പോളാ ഞാൻ തുന്നല് പഠിക്കാൻ പോയത്.. ”

മീനാക്ഷി പുറംകൈ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു തുടർന്നപ്പോൾ സുമേഷ് പകപ്പോടെ വെറും കേൾവിക്കാരനായി.

” സ്വന്തമായി ഒരു വരുമാനം ആയപ്പോൾ കുറച്ചൊക്കെ ധൈര്യം വന്നു. അന്നേരം ഞാൻ തന്റെടിയായി.. പിന്നെ എന്തോ.. ആ തന്റേടിയെന്ന പേര് എനിക്കും ഇഷ്ടമായി. കല്യാണപ്രായമായപ്പോളും ആർക്കും അതൊന്നും വല്ല്യ താല്പര്യം ഇല്ലായിരുന്നു. ആദ്യമൊക്കെ ചില ആലോചനകൾ വന്നതൊക്കെ വീട്ടുകാരായി തന്നെ ഒഴിവാക്കിയപ്പോൾ പിന്നെ ആലോചനകൾ വരാതെയായി.. എനിക്കും അങ്ങനെയുള്ള മോഹങ്ങൾ ഇല്ലായിരുന്നു. എങ്ങനെയെങ്കിലും ജീവിച്ചു മരിക്കണം എന്ന് മാത്രം.. പിന്നെ അനിയത്തിക്ക് ആലോചനകൾ വരാൻ തുടങ്ങി. പക്ഷെ അച്ഛന് അതൊന്നും നടത്തി ബുദ്ദിമുട്ടേണ്ടി വന്നില്ല  അവൾ തന്നെ സ്വന്തം ഇഷ്ടത്തിന് ഒരുത്തന്റെ കൂടെ പോയി. ”

മീനാക്ഷി ഒരു തരം ആത്മാനിന്ദയോടെ ചിരിച്ചു. സുമേഷ് അവളെ  സ്വല്പം കൗതുകത്തോടെ നോക്കി..  ആ ടൈലറിങ് യൂണിറ്റിൽ തുണികൾ എടുക്കാൻ വരുമ്പോൾ പലപ്പോളും കണ്ടിട്ടുണ്ട് അവിടെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ തയ്യലിൽ മാത്രം മുഴുകി ഇരിക്കുന്ന മീനാക്ഷിയെ. എപ്പോളോ പരിചയപ്പെട്ടുമുണ്ട്. ആളല്പം തന്റേടിയാണെന്നു കടയിലെ ചേച്ചി എന്നോ പറഞ്ഞ ഒരു ഓർമയും ഉണ്ട്..  പക്ഷെ ഇങ്ങനെയൊക്കെ ഒത്തിരി വേദനകൾ ഉള്ളിലുള്ള ഒരു പെൺകുട്ടിയാണെന്ന് ഒരിക്കൽപോലും തോന്നിയിട്ടില്ല

“അല്ലാ ഇതെന്താപ്പോ മീനാക്ഷിയ്ക്ക് പെട്ടെന്നിങ്ങനെ.. അതും എന്നോട് ”

സുമേഷ് ഉള്ളിൽ തോന്നിയ കാര്യം മറച്ചു വെച്ചില്ല..

” അത് വേറൊന്നുമല്ല സുമേഷേട്ടാ.. ഞാൻ പറഞ്ഞില്ലേ എന്റെ അനിയത്തി അവൾക്കിഷ്ടപ്പെട്ട ആളിന്റെ കൂടെ ഇറങ്ങിപ്പോയതാണെന്ന് . ഇപ്പൊ അവള് പ്രസവിച്ചപ്പോൾ അമ്മയും അച്ഛനും ചെന്നു വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. അവളുടെ ഭർത്താവിന്റെ അവിടെ സൗകര്യം പോരത്രേ.. അവളുടെ കൂടെ അവനും ഇപ്പൊ വീട്ടിലാണ് താമസം. അവന്റെ കണ്ണിൽ ഞാനൊരു കല്യാണം കഴിയാത്ത.. നല്ല പ്രായം കടന്നുപോയിട്ടും ശരീരത്തിന്റെ ദാഹം അടങ്ങാത്തത് കൊണ്ട് ആർക്കും വഴങ്ങാൻ തയ്യാറായ ഒരു പെണ്ണാണ്. ആ രീതിയിലുള്ള അവന്റെ നോട്ടവും കുത്തിയ സംസാരവും സഹിക്കാൻ വയ്യായിരുന്നു . ഇപ്പോളത് തൊട്ടുകളിയിൽ വരെ എത്തി. ഒട്ടും സഹിക്കാൻ പറ്റാത്തത് അനിയത്തിയുടെ ഭർത്താവിനെ വളയ്ക്കാൻ നിൽക്കുന്നവൾ എന്നുള്ള സ്വന്തം അമ്മയുടെയും അച്ഛന്റെയും കൂടപ്പിറപ്പിന്റെയും ഒക്കെ കുത്തുവാക്കാണ്.. ”

വല്ലാത്തൊരു വേദന മീനാക്ഷിയുടെ സ്വരത്തിൽ കലർന്നപ്പോൾ എന്തിനെന്നറിയത്തെ തന്റെ നെഞ്ചും പിടയുന്നത് അതിശയത്തോടെ സുമേഷ് തിരിച്ചറിഞ്ഞു.

” ദൂരെയുള്ള ഒരു ആശ്രമം ഉണ്ട്.. എന്റെ ഒരു വകയിലെ അമ്മായി വഴി അറിഞ്ഞതാണ്. അവിടെക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. അവിടെ ഉള്ള പ്രായമായവരെയും വയ്യാത്തവരെയും ഒക്കെ നോക്കി ഒരു ജീവിതം. അത് പണ്ടേ തീരുമാനിച്ചതായിരുന്നു ട്ടോ.. പക്ഷെ ഇപ്പൊ അനിയത്തിയുടെ കുഞ്ഞിനെ കണ്ടു തുടങ്ങിയപ്പോൾ. അവന്റെ കരച്ചിലും ചിരിയും കളിയുമൊക്കെ ഇങ്ങനെ ദൂരെ നിന്ന് കാണുമ്പോൾ വല്ലാത്തൊരു മോഹം. ഒരു ഭാര്യയാവാനും.. അമ്മയാവാനും.. ഒരു കുടുംബം വേണമെന്നും ഒക്കെ  .. ”

മീനാക്ഷി കണ്ണീരോടെ ചിരിച്ചപ്പോൾ സുമേഷിന്റെ ചൊടികളിലും ആ ചിരി പടർന്നു.

” അങ്ങനെയൊരു ചിന്ത ആദ്യമേ ഇല്ലാതിരുന്നത് കൊണ്ട് ആ ഒരു ഇഷ്ടം ആരോടും തോന്നിയിട്ടില്ല.  പക്ഷെ ഇങ്ങനെയൊരു മോഹമിപ്പോ ഉള്ളിൽ വളർന്നപ്പോ എന്തോ സുമേഷേട്ടന്റെ മുഖമാണ് ഓർമ്മ വന്നത്. ഞാൻ പോലുമറിയാതെ തോന്നിയ ഒരിഷ്ടത്തിന്റെ ബാക്കിയാണോ എന്നൊന്നും അറിയില്ല.. ഇതൊരു അതിമോഹമാണോ.. അർഹതയില്ലാത്തതാണോ ഒന്നും അറിയില്ല. പക്ഷെ സുമേഷേട്ടനോട് പറഞ്ഞില്ലെങ്കിൽ എന്റെ നെഞ്ച് പൊട്ടിപോകും എന്ന് തോന്നി ”

മീനാക്ഷി തല താഴ്ത്തി പറഞ്ഞപ്പോൾ സുമേഷ് ഒന്നും മിണ്ടാതെ നിന്നു.

” എനിക്ക് വേണ്ടി പറയാനോ ചോദിക്കാനോ ആരും ഇല്ലാത്തത് കൊണ്ടാണ് ഞാൻ തന്നെ ഇങ്ങനെ വന്നു ചോദിക്കുന്നത് കേട്ടോ.  സുമേഷേട്ടന്റെ ഉത്തരം അത് എന്തായാലും നാളെ എന്നോട് പറയണം. ”

” അതെന്താ നാളത്തെ പ്രത്യേകത…?? ”

” നാളെ സുമേഷേട്ടൻ പറയുന്നത് ഇതൊന്നും നടക്കില്ല എന്നാണെങ്കിൽ മറ്റന്നാൾ എനിക്ക് ആ ആശ്രമത്തിലേയ്ക്ക് പോകാനാണ്. ഇനി വേറൊരാളോടും ഇക്കാര്യം പറയാനില്ല ”

അവളുടെ ഉറച്ച മറുപടിയിൽ സുമേഷിന്റെ മുഖം വിളറിപ്പോയി.

” അയ്യോ എന്നുവെച്ചു കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ട കേട്ടോ.. അങ്ങനെയൊരു ജീവിതത്തിനു വേണ്ടിയല്ല.. എല്ലാ അർത്ഥത്തിലും അംഗീകരിക്കാൻ കഴിയുമെങ്കിൽ ഇഷ്ടം തോന്നുന്നെങ്കിൽ അബദ്ധമല്ല എന്നുറപ്പുണ്ടെങ്കിൽ മാത്രം ഓക്കേ പറഞ്ഞാൽ മതി.. അല്ലെങ്കിൽ ഇങ്ങനെയൊരു സംസാരമേ നടന്നില്ല എന്ന് കൂട്ടിക്കോളൂ ”

മറുപടിയ്ക്ക് കാക്കാതെ മീനാക്ഷി നടന്നു നീങ്ങുന്നത് സുമേഷ് നോക്കി നിന്നു..

……………………………………..

രാത്രിയിൽ പതിവുപോലെ പാടവക്കത്തെ അരമതിലിൽ വന്നിരിക്കുമ്പോൾ സുമേഷിന്റെ മനസ്സ് മുഴുവനും മീനാക്ഷി ആയിരുന്നു. അവളുടെ സങ്കടങ്ങൾ.. വേദനകൾ.. ആഗ്രഹങ്ങൾ.. സ്വപ്‌നങ്ങൾ..
ഒരുപക്ഷെ അവൾ ലോകത്തു ആദ്യമായി അതെല്ലാം പങ്കുവെക്കുന്നത് തന്നോടായിരിക്കും.. അവളുടെ വലിയ കണ്ണുകൾ.. പുഞ്ചിരി അങ്ങനെ അങ്ങനെ.. സുമേഷ് മീനാക്ഷിയെ ഓർത്തു വെറുതെ ചിരിച്ചു.

” എന്താ അളിയാ സുമേഷേ.. ഒരു ഒറ്റയ്ക്കുള്ള ചിരി.. ചായ കുടിക്കാൻ പോയി പോയി വല്ലതും ഒത്തോ അവസാനം.. ”

ഉറ്റ കൂട്ടുകാരൻ ഗിരി വന്നു ചോദിച്ചപ്പോൾ സുമേഷ് ഞെട്ടിപ്പോയി..

” ഏയ്‌ അതൊന്നുമല്ല.. അതൊന്നും ശരിയായില്ല.. ”

” ശരിയാവില്ല.. നിന്റെ സിന്ധുചേച്ചിയും സുജിതചേച്ചിയും ആലോചനയിൽ ഉണ്ടെങ്കിൽ ഒരു കല്യാണവും അവർ നടത്തില്ല. അവരുടെ ജെഴ്സിപശുവല്ലേ.. മൂക്കുകയറീട്ടു പിടിക്കും.. എല്ലാത്തിനും കൂട്ടു പിടിക്കാനൊരു അമ്മയും ഒക്കെ അറിഞ്ഞാലും അറിഞ്ഞില്ലെന്നു നടിക്കുന്ന നിന്നെപ്പോലൊരു പൊട്ടനും ”

സുമേഷ് വെറുതെ ചിരിച്ചു. ഗിരി പറയുന്നത് നേരാണ്. ജാതകം ശരിയായ ആലോചനകൾ പലതും പെണ്ണിന്റെ ചെറിയ കുറവുകൾ പറഞ്ഞും വീട്ടുകാരുടെ സമ്പത്തും മഹിമയും പറഞ്ഞും മുടക്കുന്നത് സ്വന്തം പെങ്ങന്മാർ തന്നെയാണ്. ഓരോ ആലോചനയും വന്നെന്നു അറിയുമ്പോൾ തന്നെ രണ്ടുപേരും പാഞ്ഞു വരും. പിന്നെ അത് നടക്കില്ലെന്നു ഉറപ്പിച്ചു കൊണ്ട് തിരിച്ചു പോകുമ്പോൾ രണ്ടുപേർക്കും ആവശ്യങ്ങൾ ഉണ്ടാകും.

ഒരിക്കലും തീരാത്ത അവരുടെ ആവശ്യങ്ങൾ.. ഒപ്പം അവർക്ക് നീയല്ലേ ഉള്ളൂ.. നിനക്കിപ്പോ ചിലവൊന്നും ഇല്ലല്ലോ എന്നുമുള്ള അമ്മയുടെ പല്ലവി കൂടെ ആകുമ്പോൾ അവർക്ക് അത് ബലമാണ്. ഗിരി പറഞ്ഞത് പോലെ പലപ്പോളും ഒരു പൊട്ടനെ പോലെ നിൽക്കുകയാണ്. സ്വന്തം മോഹങ്ങളും സ്വപ്‍നങ്ങളുമൊക്കേ ഒതുക്കി വെച്ചു.. അവരെങ്കിലും സുഖമായിരിക്കട്ടെ എന്നോർത്തുകൊണ്ട്.. ഇപ്പൊ പക്ഷെ.. മീനാക്ഷി പറഞ്ഞതൊക്കെ ഉള്ളിൽ കിടന്നു തിളച്ചു മറിയുകയാണ്.

” നീയെന്താ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്?”

ഗിരി പിന്നെയും ചോദിച്ചപ്പോൾ ഒന്നും മറച്ചു വെക്കാൻ തോന്നിയില്ല. എല്ലാം അവനോട് പറഞ്ഞു . മീനാക്ഷിയെ കുറിച്ചും.. അവൾ പറഞ്ഞതിനെ കുറിച്ചും എല്ലാം..

” എന്നിട്ട് നീയെന്ത് തീരുമാനിച്ചു .? ”

ഗിരി ചോദിച്ചപ്പോൾ പെട്ടെന്നൊരു മറുപടി ഉണ്ടായില്ല

” അത്.. എനിക്കെന്തോ..  അവളോട് ഇല്ലെന്നു പറയാൻ തോന്നുന്നില്ല ഗിരീ.. അത്.. സഹതാപമോ അനുകമ്പയോ ഒന്നുമല്ല.. എന്തോ ജീവിക്കാൻ തോന്നുന്നു.. കുടുംബം.. കുട്ടികൾ.. എല്ലാം വേണമെന്ന് തോന്നുന്നു.. ”

ഗിരി പെട്ടെന്നാണ് അവനെ വാരി പുണർന്നത്.  ഗിരിയുടെ കണ്ണുകൾ നനഞ്ഞിരുന്നു.

” നന്നായി സുമേഷേ.. ഇത് തന്നെയാണ് നല്ല തീരുമാനം.. ഇനിയെങ്കിലും ജീവിക്കെടാ.. ”

സുമേഷ് ചിരിച്ചു..

” അല്ലാ.. അപ്പൊ അമ്മയോടും ചേച്ചിമാരോടും ”

” മിണ്ടിപ്പോകരുത്.. നാളെ അവളോട് നീ അവളെ കെട്ടാൻ പോകുന്നു എന്ന് അറിയിക്കുക. മറ്റന്നാൾ രാവിലെ അമ്പലത്തിൽ പോയി താലികെട്ട്. അതു കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ മതി നിന്റെ വീട്ടുകാര് അറിയുന്നത്.. ഇതിലൊരു മാറ്റമില്ല സുമേഷേ.. ”

ഗിരി ഉറപ്പിച്ചു പറഞ്ഞപ്പോൾ സുമേഷ് എതിർത്തൊന്നും പറഞ്ഞില്ല..

…………………………………..

സുമേഷിന്റെ കൈകളാൽ ചാർത്തിയ താലിയും സിന്ദൂരവും അണിഞ്ഞു നിൽക്കുമ്പോൾ വല്ലാത്തൊരു തിളക്കമുണ്ടായൊരുന്നു മീനാക്ഷിയുടെ മുഖത്ത്. ആ ചെറിയ താലികെട്ടിനു സാക്ഷികളായി ടൈലറിഗ് യൂണിറ്റിലെ മീനാക്ഷിയുടെ സഹപ്രവർത്തകരും ഗിരിയും കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇങ്ങനെയൊരു ചടങ്ങുണ്ടെന്നു അറിഞ്ഞിട്ടും യാതൊരു താല്പര്യവും കാണിക്കാതിരുന്ന തന്റെ വീട്ടുകാരെ മീനാക്ഷി ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.

” എന്നാലും എന്റെ മോനേ.. നീയീ ചതി ഞങ്ങളോട് ചെയ്തല്ലോ.. ”

കല്യാണം കഴിഞ്ഞു വന്ന വധൂവരന്മാരെ കണ്ടപ്പോൾ സുമേഷിന്റെ അമ്മ ഭാർഗവി കരഞ്ഞു വിളിച്ചു കൊണ്ട് പറഞ്ഞു..

” അമ്മ ഒത്തിരി ആഗ്രഹിച്ചതല്ലേ എന്റെ കല്യാണം.. അപ്പൊ അതങ്ങു നടത്തിയത് ചതിയാണോ??അമ്മ സന്തോഷത്തോടെ പോയി ഒരു വിളക്ക് കത്തിച്ചു കൊണ്ടുവന്നാട്ടെ.. ഇനി അതല്ലേലും ഞങ്ങൾ അങ്ങോട്ട് കയറും കേട്ടോ.. ”

ചെറിയൊരു ചിരിയോടെ സുമേഷ് പറഞ്ഞപ്പോൾ ഭാർഗവിയമ്മ ബാക്കി കരയാൻ പോലും മറന്നുപോയി. ദൃതിയിൽ ഒരു വിളക്ക് കത്തിച്ചു കനത്ത മുഖത്തോടെ അവരേ സ്വീകരിച്ച ശേഷം തന്റെ പെണ്മക്കളെ വിളിച്ചു വരുത്താനായി അവർ പോകുമ്പോൾ പുതിയ ജീവിതത്തെ വരവേൽക്കുകയായിരുന്നു സുമേഷും മീനാക്ഷിയും..

” സുമേഷേട്ടൻ ഇങ്ങനെയൊക്കെ പറയുമെന്ന് ഞാൻ കരുതിയില്ല.. ”

മീനാക്ഷി പറഞ്ഞപ്പോൾ സുമേഷ് ചിരിച്ചു..

” ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു.. ”

അവൻ കള്ളക്കണ്ണിറുക്കി ചിരിച്ചപ്പോൾ മീനാക്ഷി നാണത്താൽ ചുവന്നു..

” കാതിൽ തേൻ മഴയായ് പാടൂ കാറ്റേ കടലേ.. ”

പശ്ചാത്തലത്തിൽ റേഡിയോ ഒരു പ്രണയഗാനം പാടി..