രണ്ടു പെൺകുട്ടികൾ ഉള്ള വീടാണ്, ഇങ്ങനെയുള്ള സ്വഭാവങ്ങൾ ഒക്കെ ഒന്ന് കുറച്ചുകൂടെ എന്നുള്ള അവരുടെ..

കുടുംബം തകർന്നടിയുമ്പോൾ
(രചന: കാശി)

“അച്ഛാ.. എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നത്..? ഞങ്ങൾക്ക് അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഇല്ല എന്ന് അച്ഛന് അറിയുന്നതല്ലേ..?

എന്നിട്ട് അച്ഛൻ ഇങ്ങനെ സ്വയം നശിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾക്ക് പിന്നെ ആരാണുള്ളത്..?”

രാവിലെ തന്നെ പണിക്ക് പോകാതെ ഉമ്മറത്ത് ഇരുന്ന് കള്ളുകുടിക്കാൻ തുടങ്ങുന്ന രമേശനെ നോക്കി മകൾ നിത്യ ചോദിച്ചു. രമേശൻ അവൾ പറഞ്ഞത് ഇഷ്ടപ്പെടാതെ അവളെ തുറിച്ചു നോക്കി.

“നീ എന്നെ കൂടുതൽ ഭരിക്കാൻ വരണ്ട. എന്തുവേണം എങ്ങനെ വേണം എന്നൊക്കെ വ്യക്തമായ ധാരണയുള്ള ആളാണ് ഞാൻ. അവൾ എന്നെ ഭരിക്കാൻ വന്നിരിക്കുന്നു.. തൂഫ്…”

പുച്ഛത്തോടെ മുറ്റത്തേക്ക് അയാൾ തുപ്പി.അവൾക്ക് ആ നിമിഷം അയാളോട് വെറുപ്പ് തോന്നി.

അയാളുടെ പ്രവർത്തികളോടുള്ള അവളുടെ എതിർപ്പ് കാലങ്ങൾക്ക് മുന്നേ തുടങ്ങിയതാണ്. പക്ഷേ എത്രയൊക്കെ പറഞ്ഞിട്ടും അയാളുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല.

വളർന്നു വരുന്ന രണ്ട് പെൺകുട്ടികളെ ഓർത്തെങ്കിലും അയാളുടെ സ്വഭാവത്തിൽ മാറ്റം വരും എന്ന് കരുതിയ അയാളുടെ ഭാര്യ ഹേമയ്ക്ക് തെറ്റുപറ്റി.

ഹേമയും രമേശനും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. രമേശൻ ഒരു ലോറി ഡ്രൈവർ ആണ്.ഹേമയുടെ വീടിനടുത്തുള്ള ക്വാറിയിൽ പണിക്ക് പോയപ്പോഴാണ് അയാൾ ഹേമയെ ആദ്യമായി കാണുന്നത്.

കാണാൻ സുന്ദരിയായ ഹേമയെ അയാൾക്ക് ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടിരുന്നു.

അവളോട് ഇഷ്ടം പറഞ്ഞ് കുറെ പിന്നാലെ അലഞ്ഞു എങ്കിലും, അവൾ പിടി കൊടുത്തിരുന്നില്ല. അയാൾ ആ നാട്ടിൽ നിന്ന് പണി മതിയാക്കി വരുന്ന സമയത്താണ് അവൾ തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.

അവളുടെ വീട്ടിൽ ഒരു വിവാഹാലോചന പോലെ പോകാൻ ഹേമ പറഞ്ഞെങ്കിലും, അയാൾക്ക് അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല.

അവളോടുള്ള ഇഷ്ടവും പ്രണയവും പറഞ്ഞ് അവളെ ഒരു തരം സമ്മർദ്ദത്തിൽ ആക്കി തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ആ ഒരു സംഭവത്തോടെ ഹേമയുടെ വീട്ടുകാർ അവളെ കൈയൊഴിഞ്ഞു.

രമേശനു നാട്ടിൽ കുടുംബമൊക്കെ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും, അങ്ങനെ ആരും തന്നെ ഇല്ല എന്ന് വിവാഹം കഴിഞ്ഞ് ആ നാട്ടിലേക്ക് എത്തിയപ്പോഴാണ് ഹേമയ്ക്ക് മനസ്സിലായത്.

അതിനെ കുറിച്ച് അവൾ ചോദിച്ചപ്പോൾ അവളുടെ പ്രണയം നേടാനായി അയാൾ ഒരു കളവ് പറഞ്ഞതാണ് എന്ന് പറഞ്ഞ് കണ്ണീർ ഒഴുക്കി. അതിൽ അവളുടെ മനസ്സ് അലിഞ്ഞു.

തന്നെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ടല്ലേ അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിച്ചു അവൾ അയാളെ കൂടുതൽ സ്നേഹിച്ചു.

അയാൾ എന്നും ജോലിക്ക് പോയില്ലെങ്കിലും, പോകുന്ന ദിവസങ്ങളിൽ അവൾക്കു വേണ്ടി മധുര പലഹാരങ്ങൾ ഉൾപ്പെടെ അയാൾ വാങ്ങി വരുമായിരുന്നു.

വല്ലപ്പോഴും മദ്യപിക്കുന്ന അയാളെ അവൾ തടയാൻ ശ്രമിക്കാറുണ്ട് എങ്കിലും സ്നേഹപൂർണ്ണമായ അയാളുടെ ഇടപെടലിൽ അവളുടെ എതിർപ്പുകൾ ഒഴുകി പോകാറാണ് പതിവ്.

നാളുകൾ കടന്നുപോകാതെ അവർക്കിടയിലേക്ക് രണ്ടു മക്കൾ കടന്നുവന്നു. രണ്ടു പെൺകുട്ടികൾ ആയിരുന്നു. മക്കളെ അയാൾക്ക് ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു. പക്ഷേ പോകെ അയാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു .

വല്ലപ്പോഴും എങ്കിലും ജോലിക്ക് പോയിരുന്ന അയാൾ പിന്നീട് ജോലികൾക്ക് ഒന്നും പോകാതെയായി. എന്നുമാത്രമല്ല മദ്യപാനം വല്ലാതെ കൂടുകയും ചെയ്തു.

അയാളുടെ സുഹൃത്തുക്കൾ പലപ്പോഴും മദ്യകുപ്പികളുമായി വീട്ടിലേക്ക് വരുന്നത് പതിവായി. പിന്നീട് അവിടെ ഇരുന്നു മദ്യം കഴിക്കലും ബഹളവും ഒക്കെയാണ്.

” രണ്ടു പെൺകുട്ടികൾ ഉള്ള വീടാണ്. ഇങ്ങനെയുള്ള സ്വഭാവങ്ങൾ ഒക്കെ ഒന്ന് കുറച്ചുകൂടെ..? ”

എന്നുള്ള അവരുടെ ചോദ്യത്തിന് കരണത്തടിച്ചു കൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്.

” ഇത് എന്റെ വീടാണ്. ഇവിടെ എന്തുവേണം എങ്ങനെ വേണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. അല്ലാതെ എവിടെനിന്നെങ്കിലും വലിഞ്ഞു കേറി വന്ന നീ അതിൽ അഭിപ്രായം പറയാൻ നിൽക്കണ്ട.”

അയാൾ പറയുമ്പോൾ അവളുടെ തൊലി ഉരിഞ്ഞു പോകുന്നത് പോലെയാണ് തോന്നിയത്.പിന്നീട് പലപ്പോഴും അയാൾ അത് ആവർത്തിച്ചെങ്കിലും,അവർക്ക് അയാളോട് പ്രതികരിക്കാൻ കഴിയില്ലായിരുന്നു.

നാളുകൾ കടന്നു പോകവേ പട്ടിണി കൊണ്ട് കുട്ടികൾ മരണപ്പെടും എന്നൊരു അവസ്ഥ വന്നപ്പോൾ അവർ കൂലി വേലയ്ക്കിറങ്ങി. അതോടെ രമേശന്റെ നല്ല കാലം തുടങ്ങുകയായിരുന്നു.

ഒരു പണിക്കും പോയില്ലെങ്കിലും ഹേമ ജോലി ചെയ്തു കൊണ്ടുവരുന്ന പണം പിടിച്ചു വാങ്ങി അയാൾ ലാവിഷായി ജീവിച്ചു.

മദ്യപാനത്തിനോ അയാളുടെ കൂട്ടുകെട്ടുകൾക്കോ യാതൊരു കുറവും വന്നില്ല. ഹേമ അയാളോട് എതിർത്ത് സംസാരിക്കുന്ന ഓരോ ദിവസവും അവരെ അയാൾ ക്രൂരമായി മർദ്ദിച്ചു.

അതൊക്കെ കണ്ടു വളർന്നത് കൊണ്ട് തന്നെ മക്കൾക്ക് രണ്ടു പേർക്കും അച്ഛനെ ഭയമായിരുന്നു.

എങ്കിലും കുട്ടികൾ വലുതായതോടെ അച്ഛൻ ചെയ്യുന്നത് എത്ര വലിയ തെറ്റാണ് എന്ന് അവർക്ക് ബോധ്യമായി. പലപ്പോഴും അയാളെ പറഞ്ഞു തിരുത്താൻ അവർ ശ്രമിക്കാറുണ്ട്. പക്ഷേ അതുകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല.

“അച്ഛാ.. അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിന് പകരം അച്ഛന് എന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ..?”

നിത്യയുടെ ആ ചോദ്യം അയാളുടെ ദേഷ്യം കൂട്ടിയതേയുള്ളൂ. അയാൾ ചാടി എഴുന്നേറ്റ് അവളുടെ കരണത്തടിച്ചു.

” നീയൊന്നും എന്നോട് സംസാരിക്കാൻ മാത്രം വളർന്നിട്ടില്ല..”

അയാൾ പറയുമ്പോൾ അടികിട്ടിയ കാരണം പൊത്തിപ്പിടിച്ച് നിൽക്കുകയായിരുന്നു നിത്യ. ചേച്ചിയുടെയും അച്ഛനെയും സംഭാഷണങ്ങളിൽ ഭയന്നു നിൽക്കുകയായിരുന്നു ദിവ്യ.

” അച്ഛന്റെ വയറ്റിൽ കിടക്കുന്ന ഈ സാധനമാണ് അച്ഛനെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് എനിക്കറിയാം. ഈ സാധനം ഈ കുടുംബത്ത് കയറി വന്നതോടെയാണ് ഇവിടുത്തെ മനസ്സമാധാനം ഇല്ലാതായത്.

ഇതില്ലാതാകുന്നതോടെ ഇവിടുത്തെ മനസ്സമാധാനം തിരികെ കിട്ടുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. ”

വാശിയോടെ അത്രയും പറഞ്ഞുകൊണ്ട് അയാൾ കുടിക്കാനായി വാങ്ങി വെച്ചിരുന്ന മദ്യ കുപ്പി അവൾ എറിഞ്ഞു പൊട്ടിച്ചു.

” എടീ എരണം കെട്ടവളേ.. എത്ര കാശുകൊടുത്ത് ഞാൻ വാങ്ങി വെച്ചതാണെന്ന് അറിയാമോ..? നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാണ് ഇതിൽ തൊട്ടു കളിച്ചത്..? ”

അയാൾ അത് ചോദിച്ചുകൊണ്ട് അവളെ ഒരിക്കൽ കൂടി തല്ലി. പക്ഷേ അതിനിടയിൽ അയാൾ കാലിടറി നിലത്തേക്ക് വീണു. ആ തക്കം നോക്കി ചേച്ചിയും അനിയത്തിയും വീടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു.

കുറെയേറെ സമയം കഴിഞ്ഞിട്ടും പുറത്തുനിന്ന് അയാളുടെ ഒച്ചയൊന്നും കേൾക്കാത്തതു കൊണ്ട് നിത്യ പതിയെ പുറത്തേക്ക് ഇറങ്ങി.ആ അവസരം കാത്തിരുന്നതുപോലെ അയാൾ അവളെ കടന്നു പിടിച്ചു.

പിന്നെ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഒന്നാകെ അവളുടെ മേത്തേക്ക് ഒഴിച്ചു.

” അങ്ങനെ എന്റെ സുഖ സന്തോഷങ്ങൾ ഇല്ലാതാക്കിക്കൊണ്ട് ഇവിടെ ഒരുത്തിയും ഞെളിഞ്ഞ് ഇരിക്കാം എന്ന് കരുതണ്ട..”

അയാൾ പല്ല് ഞെരിച്ചു. അയാളുടെ ആ ഭാവത്തിൽ ഭയന്നുപോയ അവൾ അയാളെ തള്ളി മാറ്റിക്കൊണ്ട് അകത്തേക്കു ഓടി.

തന്റെ മുറിയിലേക്ക് കയറി വാതിൽ അടയ്ക്കുന്നതിന് മുൻപ് തന്നെ ആ മുറിയിലേക്ക് പാറി വീഴുന്ന തീപ്പെട്ടി കോല് അവൾ കണ്ടിരുന്നു.

നിമിഷങ്ങൾക്കകം അവിടെ തീയും പുകയും ഉയർന്നു. ആളുകൾ ഓടി കൂടിയപ്പോൾ രമേശൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

വൈകുന്നേരം ജോലി കഴിഞ്ഞു വന്ന ഹേമ കാണുന്നത് വീടിന് ചുറ്റും കൂടി നിൽക്കുന്ന ആളുകളെയും കത്തിയെരിയുന്ന വീടുമായിരുന്നു.

അവർക്ക് അടുത്തേക്ക് ഓടിച്ചെന്നപ്പോൾ അവൾ കാര്യം മനസ്സിലാക്കി.തന്റെ പൊന്നുമക്കൾ ഇനി തന്നോടൊപ്പം ഉണ്ടാകില്ല..ജന്മം നൽകിയവൻ തന്നെ അവരെ കൊന്നിരിക്കുന്നു..!

അയാളെ നോക്കിയ അവരുടെ ഓരോ നോട്ടത്തിലും അഗ്നി സ്ഫുരിച്ചു.

” പൊന്നുപോലെ ഞാൻ നോക്കി വളർത്തിയതല്ലേ ആ മക്കളെ..? അവരെ ഇല്ലാതാക്കാൻ തനിക്ക് എങ്ങനെ തോന്നിയെടോ..? അച്ഛനാണെന്ന് പറഞ്ഞ് നടക്കുന്നു.. ”

അയാൾക്ക് അടുത്തുനിന്ന് ആളുകളെ തള്ളി മാറ്റി കൊണ്ട് അവിടേക്ക് ചെന്ന് അവർ ആക്രോശിച്ചു. അവരുടെ ആ ഭാവം എല്ലാവർക്കും അമ്പരപ്പായിരുന്നു.

” എന്റെ മക്കളില്ലാതെ താൻ മാത്രം അങ്ങനെ സുഖിച്ചു ജീവിക്കേണ്ട.. അതിനു സമ്മതിക്കില്ല ഞാൻ.. ”

സ്വയം എന്നതുപോലെ പറഞ്ഞുകൊണ്ട് അവർ കയ്യിലിരുന്ന അ രിവാൾ അയാൾക്ക് നേരെ ഓങ്ങി. അയാളുടെ രക് തം ചീറ്റി മുഖത്തേക്ക് തെറിക്കുമ്പോഴും അവരുടെ കൈവിറച്ചില്ല.

ചുറ്റും നിന്നവരൊക്കെയും ഭയപ്പാടോടെ ഓടി മാറുമ്പോൾ അവർ മാത്രം ആനന്ദത്തോടെ ചിരിക്കുകയായിരുന്നു.

തന്റെ മക്കളെ ഇല്ലാതാക്കിയവൻ ഇനി ഈ ഭൂമിയിൽ ഇല്ല എന്ന സന്തോഷം…

Leave a Reply

Your email address will not be published.