എല്ലാ തവണയും കൃത്യമായി വരുന്ന, ആ ചുവന്ന ദിനങ്ങൾ കാണാതായപ്പോഴാണ് എല്ലാം കയ്യിൽ നിന്നു പോയി എന്ന്..

(രചന: J. K)

ചിന്നുട്ടിയെയും കൊണ്ട് അവിടെ നിന്നും പോരുമ്പോൾ മിഴികൾ നിറഞ്ഞൊഴുകി അനുപമയുടെ…

ഒരിക്കൽ ആരുമില്ലായിരുന്ന ഒരു സമയത്ത് തനിക്ക് അഭയം തന്ന വീടാണ്.. അത്ര പെട്ടെന്നൊന്നും ഇവിടെയുള്ളവരുമായുള്ള ബന്ധം മറക്കാൻ കഴിയില്ല…

ചിന്നൂട്ടി,

പോട്ടെ ടാറ്റാ””” എന്നുപറയുമ്പോൾ, ആൻസി ആന്റിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

ഒത്തിരി പറഞ്ഞതാണ് കൂടെ വരാൻ പക്ഷേ അവർ വരാൻ തയ്യാറല്ലായിരുന്നു.. പകരം സ്വയം നീറി, എന്നെ പറഞ്ഞുവിടാൻ വലിയ താല്പര്യം കാണിച്ചു..

അനുപമ ചിന്നുട്ടിയെ ചേർത്തുപിടിച്ചു.. അവളെയും കൊണ്ട് ബസ്സിൽ കയറി ടൗണിലേക്ക്…

കേറിയ പാടെ ഉറങ്ങാൻ തുടങ്ങി കുറുമ്പി, അവളുടെ തല മടിയിലേക്ക് വെച്ച് മെല്ലെ തലോടി അനുപമ.. സീറ്റിൽ ചാരി കണ്ണുകളടച്ചു കിടന്നു അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി..

വാര്യര് മാഷിന്റെ ഏകമകൾ.. ചെറുപ്പത്തിലെ അമ്മ മരിച്ചത് കൊണ്ട് അച്ഛൻ തന്നെയായിരുന്നു എല്ലാം…

പഠിക്കാൻ മിടുക്കിയായിരുന്നു അച്ഛനെപ്പോലെ അധ്യാപകവൃത്തി തന്നെ ചെയ്യണമെന്ന് അവളുടെ മോഹമായിരുന്നു അതുകൊണ്ടുതന്നെ ഡിഗ്രിക്ക് മലയാളം എടുത്തു…

ഡിഗ്രി സെക്കൻഡ് ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് അടുത്ത ടൂട്ടോറിയലിൽ അരുൺ മാഷ് വന്നത്…

അവിടേക്ക് കുട്ടികളെ പഠിപ്പിക്കാൻ എന്നെ വിടണമെന്ന് അച്ഛനോട് അതിന്റെ ഓണർ കൃഷ്ണൻ കുട്ടി ചേട്ടൻ വന്നുപറഞ്ഞു അച്ഛന്റെ പഴയ ഒരു ശിഷ്യനായിരുന്നു അയാൾ…

അതിനെന്താ എന്ന് പറഞ്ഞ് അച്ഛൻ എന്നോട് നാളെ മുതൽ കോളേജ് കഴിഞ്ഞ് വരുമ്പോൾ അവിടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ പോയ്ക്കോളാൻ പറഞ്ഞു…

അവിടെനിന്നാണ് അരുൺ മാഷിനെ കാണുന്നതും പരിചയപ്പെടുന്നതും…

ആരോടും അധികം വർത്തമാനം പറയാത്ത പ്രകൃതമായിരുന്നു മാഷിന്റെത്….

വരും ക്ലാസിൽ പഠിപ്പിക്കും പോകും…
അത്രമാത്രം ഏതോ ഒരു ഗവൺമെന്റ് സ്കൂളിൽ വർക്ക് ചെയ്യുകയായിരുന്നു മാഷ്…

ബാക്കിയുള്ള സമയം മാത്രമാണ് അവിടെ ട്യൂഷൻ പഠിപ്പിക്കാൻ വന്നുകൊണ്ടിരുന്നത്…

എന്റെ കോളേജ് കഴിഞ്ഞിട്ടുള്ള സമയവും മാഷിന്റെ സ്കൂൾ ടൈം കഴിഞ്ഞിട്ടുള്ള സമയം ഒരേപോലെ ആയതുകൊണ്ട് ഞങ്ങൾ ഏകദേശം ഒരുമിച്ച് ആകും അവിടെ എത്തുക..

ചിലപ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമേ അവിടെ കാണുള്ളൂ… ആദ്യമൊന്നും മാഷ് ഒന്നും മിണ്ടില്ലായിരുന്നു പിന്നീട് എപ്പോഴോ സംസാരിച്ചുതുടങ്ങി…

അതു മെല്ലെ ഞങ്ങളെ അടുപ്പിച്ചു…

അടുപ്പം എന്നു പറഞ്ഞാൽ,
രണ്ടാളും തുറന്നു പറഞ്ഞിട്ടില്ലായിരുന്നു പക്ഷേ ഉള്ളിൽ രണ്ടുപേർക്കും ഇഷ്ടമുണ്ട് എന്ന് പരസ്പരം അറിയുമായിരുന്നു….

ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ മാഷിന്..
വളരെ ദൂരെയായിരുന്നു മാഷിന്റെ വീട് ജോലി കിട്ടിയപ്പോൾ ഇങ്ങോട്ടേക്ക് പോന്നതാണ്…
ഒറ്റക്കിരിക്കാൻ ഇഷ്ടം അല്ലാത്തത് കൊണ്ടാണത്രേ ഇവിടെ ട്യൂഷന് വരുന്നത്…

ഒരു വരുമാനവും ആകുമല്ലോ..

ഞങ്ങളുടെ ട്യൂഷൻ സെന്റർന്റെ കുറച്ചപ്പുറത്ത് തന്നെയാണ് മാഷ് വാടകയ്ക്ക് താമസിക്കുന്നത്…

അടുത്തൊന്നും വീടില്ലാത്ത ഒരു ഒറ്റപ്പെട്ട വീടായിരുന്നു മാഷിന്റേത്…. പാചകവും വൃത്തിയാക്കലും എല്ലാം തന്നെ ചെയ്യും. ആരെയും അടുപ്പിക്കാത്ത പ്രകൃതമായിരുന്നു..

എന്തോ എനിക്ക് മാത്രം ആ സ്വഭാവം വല്ലാതെ ആകർഷണീയമായി തോന്നി.. ഒരിക്കൽ വൈകുന്നേരം, കുട്ടികൾ വന്നിട്ടും മാഷിനെ കണ്ടില്ല.. നാട്ടിലേക്ക് പോകുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല…

കുറേനേരം കഴിഞ്ഞും കാണാതായപ്പോൾ ആ കുട്ടികളോട് വീട്ടിലേക്ക് പോയ്ക്കോളാൻ പറഞ്ഞു… അങ്ങനെയാണ് എന്ത് പറ്റി എന്ന് ചോദിക്കാൻ വേണ്ടി മാഷിന്റെ വീട് വഴി പോകാം എന്ന് തീരുമാനിച്ചത്

അവിടെയെത്തി ബെല്ലടിച്ചപ്പോൾ ഒരു റെസ്പോൺസും ഇല്ലായിരുന്നു… കുറച്ചു നേരം കൂടി അവിടെ നിന്ന് പോകാൻ തുടങ്ങിയപ്പോഴാണ് വാതിൽ തുറന്നത്,

ഒട്ടും വയ്യായിരുന്നു മാഷിന് പനിയായിരുന്നുത്രേ…

കയറിയിരിക്കാൻ പറഞ്ഞു…

കുറച്ചുനേരം അവിടെ കയറി ഇരുന്നു ഞങ്ങൾ സംസാരിച്ചു പെട്ടെന്ന് മാഷിന് വല്ലാത്ത പോലെ തോന്നി…

ഒരു കട്ടൻ കാപ്പി ഇട്ടു തരാമോ എന്ന് ചോദിച്ചു… ആരുമില്ലാത്ത ഈ അവസ്ഥ കണ്ട് പാവം തോന്നി…

കാപ്പി ഇട്ടു വന്നപ്പോഴേക്കും ക്ഷീണം കാരണം പാവം ഉറങ്ങി പോയിരുന്നു, ഞാൻ മെല്ലെ തൊട്ടു വിളിച്ചു….

കാപ്പി കുടിച്ചു കഴിഞ്ഞു റൂമിലേക്ക് കിടക്കാൻ പോകാൻ സഹായിച്ചു….

ക്ഷീണം കാരണം വേച്ച് പോയ മാഷ് എന്നെ ഇറുക്കെ പിടിച്ചിരുന്നു…. കട്ടിലിൽ കൊണ്ടുപോയി കിടത്തി… അപ്പോഴും, എന്റെ മേലുള്ള പിടി വിട്ടിരുന്നില്ല..

ആ കൈകൾ മെല്ലെ എന്റെ ശരീരത്തിൽ ഇഴഞ്ഞു നടന്നു… അപ്പോഴത്തെ വൈകാരിക നിമിഷത്തിൽ ഞങ്ങൾ ഒന്നായി… വികാരങ്ങൾ വിവേകത്തെ പലപ്പോഴും കീഴടക്കും..

ചെയ്തത് തെറ്റായി പോയി എന്ന് തോന്നി കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്നെ മാഷ് ആശ്വസിപ്പിച്ചു… അമ്മയോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞങ്ങളുടെ വിവാഹം നടത്താമെന്ന് മാഷ് ഉറപ്പുനൽകി..

എന്നിട്ടു വിശ്വാസം വരാൻ മാറിന് കൈയിൽ മോതിരം ഊരി എനിക്കിട്ടു തന്നു..

ഇപ്പോൾ മുതൽ ഞാൻ അദ്ദേഹത്തിന്റെ സ്വന്തം ആണെന്ന് പറഞ്ഞു… അതു മതിയായിരുന്നു എനിക്ക്…

വീണ്ടും അതേ തെറ്റ് ആവർത്തിക്കപ്പെട്ടു..

എല്ലാ തവണയും കൃത്യമായി വരുന്ന, ആ ചുവന്ന ദിനങ്ങൾ കാണാതായപ്പോഴാണ്,
എല്ലാം കയ്യിൽ നിന്നു പോയി എന്ന് എനിക്ക് മനസ്സിലായത്..

അദ്ദേഹത്തിനോട് അത് പറയാൻ വേണ്ടി ഓടിച്ചെന്നപ്പോൾ, തിരിച്ച് സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടിയതിന്റെ സന്തോഷമായിരുന്നു ആൾക്ക്…

എല്ലാം അറിഞ്ഞതും ഉടൻതന്നെ അമ്മയെയും കൂട്ടി വരാം എന്ന് പറഞ്ഞു അയാൾ പോയി..

പിന്നെ അയാൾ തിരികെ വന്നില്ല..

ഒളിപ്പിച്ചു വെക്കാൻ പറ്റാത്ത കാര്യം ആയതുകൊണ്ട് നാട്ടിൽ ആകെ പരന്നു..

വാര്യര് മാഷിന്റെ മകൾ പിഴച്ചത് നാട്ടിൽ വലിയ വാർത്തയായി… എത്രയും സ്നേഹം തന്നെ വളർത്തിയ മകൾ ചതിച്ചത് അറിഞ്ഞ അച്ഛൻ ഒരുപാട് വിഷമിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടു ..

അപ്പോൾ ആരും കൂട്ടിനായി ഉണ്ടായിരുന്നില്ല ആൻസി ആന്റി അല്ലാതെ… ഒരിക്കൽ വഴിപിഴച്ചു പോയ ഒരു സ്ത്രീയായിരുന്നു അവർ… പിന്നീട് ആ തൊഴിൽ ഉപേക്ഷിച്ചിട്ട് പോലും ആളുകൾ അവരെ, ആ കണ്ണിലൂടെ മാത്രമേ നോക്കിയുള്ളൂ…

അവർ മാത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു അവരുടെ വീട്ടിൽ നിന്ന് ഞാൻ ചിന്നുട്ടിക്ക് ജന്മം നൽകി..

അവർക്ക് ഞാൻ പിറക്കാതെ പോയ മകളായി…

ബാക്കി പഠിക്കാനും, ബിഎഡ് ചെയ്യാനുമൊക്കെ നിർബന്ധിച്ചത് ആൻസി ആന്റി ആയിരുന്നു…

മോളെ അപ്പോഴൊക്കെ അവർ നോക്കി…

പഠിച്ച് ഒരു നല്ല സ്കൂളിൽ തന്നെ ജോലി കിട്ടി.. അങ്ങോട്ടേക്കുള്ള പോക്കാണ്… അവിടെ ഒരു കുഞ്ഞു വീട് വാടകയ്ക്ക് എടുത്തു ഞാനും മോളും,

ആൻസി ആൻറിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞപ്പോൾ കൂട്ടാക്കിയില്ല.. പിന്നെ മോളെ നോക്കാൻ എന്ന് പറഞ്ഞപ്പോഴാണ് വരാമെന്നു പറഞ്ഞത് അവളെ ജീവനായിരുന്നു ആന്റിക്ക്..

അവളെ ആന്റിയുടെ അടുത്ത് നിർത്തി ഞാൻ ജോലിക്ക് പോയി… ഒരിക്കൽ അവിടെ ഒരു ഷോപ്പിങ് മാളിൽ വെച്ച് അവിചാരിതമായി ആണ് അയാളെ കണ്ടത്,

അരുൺ മാഷിനെ…

അയാൾ ഇങ്ങോട്ടും കണ്ടിട്ടുണ്ട് എന്നത് ഉറപ്പായിരുന്നു അയാളുടെ മുഖം ഒക്കെ ആകെ വിളറി വെളുത്തു…

ഒപ്പമുള്ള സുന്ദരിയായ സ്ത്രീ അയാളുടെ ഭാര്യയാണ് എന്ന് മനസ്സിലായി… എന്നെ കണ്ടപ്പോൾ അവരെയും വിളിച്ച് ഒറ്റ പോക്കായിരുന്നു…

പിന്നീട് അന്വേഷിച്ചു പിടിച്ച് എന്റെ വീട്ടിൽ എത്തിയിരുന്നു.. മോളെ കണ്ടിട്ട് പോലും അയാൾ ഒന്ന് ശ്രദ്ധിച്ചില്ല…

വെറും സ്വാർത്ഥതയായിരുന്നു അയാളുടെ മനസ്സു മുഴുവൻ അയാളുടെ ജീവിതം തകർക്കരുത് എന്ന് പറയാൻ.. അതിന് എത്ര പണം വേണമെങ്കിലും തരാം എന്നു പറയാൻ..

അതിനുവേണ്ടി മാത്രമായിരുന്നു അയാൾ വന്നത്..

സ്വന്തം കാര്യം മാത്രം നോക്കുന്ന അയാളോട് എനിക്ക് അപ്പോൾ വല്ലാത്ത വെറുപ്പ് തോന്നി..

“”” എനിക്ക് അയാളെ അറിയുകപോലുമില്ല എന്ന്… മേലിൽ എന്നെ കാണാൻ വരരുത് എന്നും, മുന്നിൽ പോലും വന്നു പെടുന്നത് എനിക്ക് അറപ്പാണ് എന്നും പറഞ്ഞു…

എന്നിട്ടും എന്റെ ഉള്ളിലെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല…. ആൻസി ആന്റി എല്ലാം കേട്ട് പുറത്തേക്ക് വന്നു… ആന്റിക്ക് അയാൾ ആരാണെന്ന് മനസ്സിലായിരുന്നു…

ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ ആ ത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ പോലും അയാളുടെ ഒരു സഹായവും സ്വീകരിക്കരുതെന്ന് ആന്റിയും എന്നോട് പറഞ്ഞു..

അയാൾ എന്റെ മനസ്സിൽ എന്നേ മരിച്ചു കഴിഞ്ഞു എന്ന് മാത്രമായിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത്..

ചില തെറ്റ്കൾ ജീവിതത്തിൽ പറ്റാം… ചിലപ്പോൾ തിരുത്താൻ പോലും പറ്റാത്തവ… അവിടെ തളർന്നിരുന്നാല് നമുക്ക് മാത്രമായിരിക്കും നഷ്ടം.. അവിടെനിന്നും മുന്നോട്ടുപോവുക തന്നെ വേണം നമുക്ക് വേണ്ടി..

Leave a Reply

Your email address will not be published. Required fields are marked *