അതാരായാലും ഞാൻ ഒഴിഞ്ഞു തന്നോളാം, ഞാൻ നിലവിൽ ഭാര്യയായി ഇരിക്കുന്ന കാലം മറ്റൊരാളെ കൂടി..

സൗഹൃദം
(രചന: കാശി)

“അവളെ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല.. ”

” അതെന്താ അങ്ങനെ..? ”

“അവൾ മുൻപത്തെതിനേക്കാൾ ഒത്തിരി മാറിയിട്ടുണ്ട്..”

ആ ചാറ്റ് കണ്ട് അവളുടെ ഹൃദയം വിങ്ങി.

“ഇത്.. ഇത് ആരെക്കുറിച്ചാ ഈ പറഞ്ഞിരിക്കുന്നത്..?”

അവൾ സ്വയം ചോദിച്ചു. കുളിമുറിയിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചതോടെ അവൾ വേഗത്തിൽ ഫോൺ അവിടെത്തന്നെ വച്ചുകൊണ്ട് മാറി നിന്നു.

ആ സമയം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.

ഇന്ന് അരുണും അരുണിന്റെ സുഹൃത്തുക്കളും കൂടി എവിടെയോ പോയിരുന്നു. പോയി വന്ന ഉടനെ അരുൺ കുളിക്കാൻ കയറുകയും ചെയ്തു.

അവന്റെ ഫോണിൽ നിർത്താതെ മെസ്സേജുകൾ വരുന്നത് കണ്ടിട്ടാണ്, ഒരു കൗതുകം കൊണ്ട് അതെടുത്തു നോക്കിയത്.

കുളിച്ച് ഇറങ്ങി വന്ന അരുൺ കാണുന്നത് കണ്ണ് നിറച്ചു നിൽക്കുന്ന അവന്റെ ഭാര്യയെയാണ്. അവൾക്ക് പെട്ടെന്ന് എന്തുപറ്റി എന്നോർത്തു അവന് അതിശയം തോന്നി.

” എന്താടോ തനിക്ക് പെട്ടെന്ന് എന്തുപറ്റി..? ”

അവൻ അരുമയോടെ ചോദിച്ചു.

“ഇന്ന് അരുണേട്ടൻ എവിടെ ആയിരുന്നു പോയത്..?”

അവൾ ഒരു മറു ചോദ്യമാണ് ചോദിച്ചത്. അവളുടെ ആ ചോദ്യത്തിൽ തന്നെ അവന് പന്തികേട് മണത്തു.

“ഞാൻ കിരണിന്റെ വീട്ടിലുണ്ടായിരുന്നല്ലോ..! അവിടെ ഇന്ന് അവന്റെ ഭാര്യ എന്തോ ഒരു സ്പെഷ്യൽ ഡിഷ് ഉണ്ടാക്കിയിരുന്നു. അത് ഞങ്ങൾക്ക് കൂടി തരാൻ വേണ്ടിയിട്ട് അവൻ വിളിച്ചു കൊണ്ടു പോയതാണ്.”

വായിൽ തോന്നിയത് അവൻ പെട്ടെന്ന് തന്നെ പറഞ്ഞു.അവൾക്ക് സ്വയം പുച്ഛം തോന്നി.

“ഈ പറയുന്ന കിരണിന്റെ ഭാര്യ അനന്യ,ഇന്ന് വൈകുന്നേരം വരെ ഇവിടെ ഉണ്ടായിരുന്നു.ഞാനിവിടെ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞതു കൊണ്ട് എനിക്ക് കൂട്ടിരിക്കാൻ വന്നതാണ്..”

നിർവികാരതയോടെ അത്രയും പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. അരുൺ തലയ്ക്ക് കൈകൊടുത്ത് അവിടെ ഒരു നിമിഷം നിന്നു പോയി.

അവളുടെ മനസ്സിൽ എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഈ നിമിഷം കൊണ്ട് തന്നെ കടന്നു കൂടിയിട്ടുണ്ട് എന്ന് അവന് ഉറപ്പായി.

അവൻ തുടക്കത്തിൽ അവൾക്ക് പിന്നാലെ ചെന്നു.

“എടോ താൻ ഉദ്ദേശിക്കുന്നതുപോലെ..”

അവൻ പെട്ടെന്ന് എന്തോ പറയാൻ തുടങ്ങി.

” വേണ്ട അരുണേട്ടാ.. ഇനിയും കള്ളങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടണ്ട.. ഓരോ സാഹചര്യത്തിനനുസരിച്ച് കള്ളങ്ങൾ കണ്ടുപിടിക്കാൻ അരുണേട്ടൻ ഇനിയും പ്രയാസപ്പെടും…

അരുണേട്ടന്റെ മനസ്സിൽ ആരാണ് എന്ന് എനിക്കറിയില്ല. അതാരായാലും ഞാൻ ഒഴിഞ്ഞു തന്നോളാം. ഞാൻ നിലവിൽ ഭാര്യയായി ഇരിക്കുന്ന കാലം, മറ്റൊരാളെ കൂടി ഈ ജീവിതത്തിലേക്ക് കൂട്ടി വയ്ക്കരുത്.അത് എനിക്ക് സഹിക്കാൻ പറ്റില്ല.. ”

അവൾ അത്രയും പറയുമ്പോഴേക്കും കരഞ്ഞു പോയിരുന്നു. അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ അവനും കുഴങ്ങി.

” നീ ഒരു കാര്യം മനസ്സിലാക്കണം. നീയല്ലാതെ മറ്റൊരു പെൺകുട്ടിയും എന്റെ ജീവിതത്തിൽ ഇതുവരെയും കടന്നു വന്നിട്ടില്ല. നിന്റെ സ്ഥാനത്തേക്ക് ഇനി ഒരിക്കലും മറ്റാരും വരികയുമില്ല.. ”

അവളിൽ ആ സമയവും പുച്ഛമായിരുന്നു.

” അപ്പോൾ പിന്നെ ഇതെന്താ..? ആരെക്കുറിച്ചാ ഈ പറഞ്ഞിരിക്കുന്നത്..?”

പെട്ടെന്ന് തന്നെ അരുണിന്റെ ഫോൺ പിടിച്ചു വാങ്ങി കിരണിന്റെ ചാറ്റ് എടുത്തു കൊണ്ട് അവൾ ചോദിച്ചു. അരുൺ ആകെ പെട്ടത് പോലെ അവളെ നോക്കി.

“ഇത്.. എടോ നീ കരുതുന്നതു പോലെ എനിക്ക് മറ്റു ബന്ധങ്ങൾ ഒന്നുമില്ല.. ഇത് എന്താണെന്ന് ഞാൻ പറഞ്ഞു തരാം..”

അവൻ കാര്യങ്ങൾ വിശദമാക്കാൻ തയ്യാറായി. അവൾ അത് കേൾക്കാൻ ഒരുക്കമായിരുന്നു.

” നിനക്ക് അറിയാവുന്ന കാര്യമല്ലേ..ഇന്ന് ജ്യോതിയുടെ വിവാഹം ആയിരുന്നു.. നീ എന്നോട് പോകണ്ട എന്ന് എന്നോട് പറഞ്ഞെങ്കിലും പോകാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ..

എന്റെ ചെറുപ്പകാലത്ത് ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജ്യോതി. അവളുടെ വിവാഹത്തിന് ഞാൻ ചെല്ലാതിരിക്കുന്നത് മോശമല്ലേ..? നിനക്ക് അവളോട് താല്പര്യമില്ലാത്തതു കൊണ്ടാണ് പോകാത്തത് എന്ന് മനസ്സിലാക്കാം.

പക്ഷെ.. ഞാനോ..? അവരൊക്കെ പണ്ട് എനിക്ക് ചെയ്തു തന്നിരുന്ന കാര്യങ്ങൾ ഒന്നും അങ്ങനെ എനിക്ക് മറക്കാൻ പറ്റില്ല. അതുകൊണ്ടാണ് നിന്നോട് നുണ പറഞ്ഞ് എനിക്ക് പോകേണ്ടി വന്നത്.. നിന്നോട് കള്ളം പറയേണ്ടി വന്നതിൽ എനിക്ക് ഈ നിമിഷവും വേദനയുണ്ട്.. ”

അവൻ പറയുമ്പോൾ അവൾ പരിഹാസത്തോടെ അവനെ നോക്കി.

” എന്ത് കാരണം കൊണ്ടാണെങ്കിലും നിങ്ങൾ എന്നോട് നുണ തന്നെയല്ലേ പറഞ്ഞത്..? എനിക്ക് പോകാൻ ഇഷ്ടമല്ല എന്ന് പറഞ്ഞതുകൊണ്ട് നിങ്ങൾ വിവാഹത്തിന് പോകുന്നില്ല എന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചു.

നിങ്ങൾ പോയി വന്നതിനു ശേഷം അതിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഞാനിപ്പോൾ ഇതൊക്കെ കണ്ടതു കൊണ്ടാണ് നിങ്ങൾക്ക് എന്നോട് പറയേണ്ടി വന്നത്. അല്ലെങ്കിൽ നിങ്ങൾ ഇത് മറച്ചു വയ്ക്കില്ലായിരുന്നോ..? ”

അവൾ ചോദിക്കുമ്പോൾ അവൻ മറുപടിയില്ലാതെ നിന്നു.

” നിങ്ങളുടെ കൂട്ടുകാർ ഒക്കെ അവരുടെ ഭാര്യമാരോടു എന്തെങ്കിലും രഹസ്യം സൂക്ഷിക്കുന്നതായി നിങ്ങൾക്കറിയാമോ..? കിരൺ എവിടെപ്പോയാലും അവളോട് പറയാതെ പോകാറില്ല..

അവളുടെ എന്ത് കാര്യത്തിലും നല്ലൊരു സുഹൃത്തിനെ പോലെ അവൻ ഇടപെടാറുണ്ട്. തിരിച്ച് അവൾക്കും അതേ സ്വാതന്ത്ര്യമുണ്ട്. പക്ഷേ നമ്മുടെ ജീവിതത്തിൽ അങ്ങനെയൊന്നുണ്ടോ..? ”

” നീ എല്ലാ കാര്യത്തിനും എന്നെ വെറുതെ കുറ്റം പറയരുത്.. നീ ഇപ്പോൾ പറഞ്ഞല്ലോ നിന്റെ കൂട്ടുകാർ അവരുടെ ഭാര്യമാരോട് ഒന്നും മറച്ചു വയ്ക്കാറില്ല എന്ന്..

അത് നീ പറഞ്ഞത് ശരി തന്നെയാണ്. അതെന്തുകൊണ്ടാണ് അവർക്കിടയിൽ അത്രയും ഊഷ്മളമായ ഒരു ബന്ധമുള്ളത് എന്ന് നിനക്കറിയാമോ..? അവർ പരസ്പരം ഒരുപാട് മനസ്സിലാക്കുന്നുണ്ട്.

പരസ്പര ബഹുമാനവും സ്നേഹവും ഒക്കെ അവരുടെ ജീവിതത്തിൽ ഉണ്ട്. എല്ലാത്തിലും ഉപരി അവർക്ക് പരസ്പരം വിശ്വാസമുണ്ട്. ഇവിടെ നിനക്ക് എന്റെ കാര്യത്തിൽ അങ്ങനെ ഒരു വിശ്വാസം ഇല്ല. ”

അവൾ ഞെട്ടലോടെ അവനെ നോക്കി.

” നിങ്ങൾ എന്നെ ജയിക്കാൻ വേണ്ടി വെറുതെ ആവശ്യമില്ലാത്തത് പറയരുത്. നിങ്ങളെ എനിക്ക് വിശ്വാസമില്ലെന്ന് ആരാ പറഞ്ഞത്..? ”

ഞെട്ടൽ മാറിയപ്പോൾ അവൾ ദേഷ്യത്തോടെ ചോദിച്ചു.

“മറ്റാരും പറയാതെ തന്നെ അത് എനിക്കറിയാം. നിനക്ക് എന്നെ വിശ്വാസമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് എന്താണെന്ന് അറിയാമോ..?

ഞാൻ ഈ വീട്ടിൽ നിന്ന് എന്റെ കൂട്ടുകാരോടൊപ്പം പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി കഴിഞ്ഞാൽ തൊട്ടടുത്ത നിമിഷം അവരുടെ ആരുടെയെങ്കിലും ഭാര്യമാരെ നീ വിളിച്ച് അന്വേഷിച്ചിരിക്കും.

എനിക്ക് അവരോടൊപ്പം ഒന്ന് സിനിമയ്ക്ക് പോകാനോ എവിടെയെങ്കിലും പോകാനോ ഉള്ള സ്വാതന്ത്ര്യമില്ല..

ഞാൻ എവിടേക്ക് പോയാലും അതിന്റെ പിന്നാലെ നിന്റെ നൂറുകൂട്ടം ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയേണ്ടി വരും. ഞാൻ ഓരോ കാര്യങ്ങളും നിന്നെ ഭയന്ന് വേണം ചെയ്യാൻ. നിന്നെ അനുസരിച്ച് ഞാൻ ജീവിക്കണം..

ഞാനും ഒരു സ്വതന്ത്ര വ്യക്തിയല്ലേ..? എനിക്കും സുഹൃത്തുക്കളും സുഹൃത്ത് ബന്ധങ്ങളും ഒക്കെ ഉള്ളതല്ലേ..? നീ അതെന്തുകൊണ്ടാ മനസ്സിലാക്കാത്തത്..? ഞാൻ എന്ന വ്യക്തിക്ക് ഒരു സ്പേസ് ഉണ്ടോ എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?”

” വിവാഹം കഴിഞ്ഞതോടെ എന്റെ സുഹൃത്തുക്കളുമായുള്ള കറക്കം ഒക്കെ ഞാനും മതിയാക്കിയതല്ലേ..? ഞാൻ എവിടെ പോവുകയാണെങ്കിലും നിങ്ങളോട് ഒപ്പം തന്നെ വരാറുള്ളൂ..

വിവാഹത്തിനു ശേഷം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങളാണ്. നിങ്ങൾക്കും അത് അങ്ങനെ തന്നെ വേണം എന്ന് ഞാൻ ആഗ്രഹിച്ചതിൽ തെറ്റ് എന്താണ്..? ”

അവൾ അത് ചോദിക്കുമ്പോൾ അവൻ നിസ്സഹായനായി.

” നമ്മുടെ ഓരോ സുഹൃത്തുക്കൾക്കും അവരുടേതായ സ്പേസ് നമ്മൾ നമ്മുടെ ജീവിതത്തിൽ കൊടുക്കാറില്ലേ..?

നിന്നെപ്പോലെ ഒരു സുപ്രഭാതത്തിൽ എന്റെ സുഹൃത്തുക്കളെ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ല. വിവാഹം കഴിഞ്ഞു എന്ന് കരുതി കൂട്ടുകാരെ ഉപേക്ഷിച്ച് എപ്പോഴും ഭാര്യയുടെ ഒപ്പം മാത്രം നടക്കാൻ പറ്റുമോ..? ”

അവൾ മറുപടി പറഞ്ഞില്ല.

“ഇനിയെങ്കിലും ഞാൻ പറഞ്ഞത് താൻ ഒന്നു മനസ്സിലാക്ക്. കുറച്ചുമുമ്പ് താൻ പറഞ്ഞില്ലേ എന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും തമ്മിലുള്ള ബന്ധത്തെപ്പറ്റി..? എനിക്കും ആഗ്രഹമുണ്ട് അങ്ങനെയൊക്കെ ആകാൻ..

അതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് നിന്റെ സഹകരണമാണ്. നീ എന്നെ മനസ്സിലാക്കി എന്റെ ഏറ്റവും അടുത്ത സുഹൃത്തായി എന്നോടൊപ്പം ഉണ്ടാകണം..

എല്ലായിപ്പോഴും നമുക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, നമ്മളെ ശല്യം ചെയ്യുന്ന ഒരാളെ നമ്മൾ എത്രയെന്ന് വച്ചാ സ്നേഹിക്കുക..? അഥവാ സ്നേഹിച്ചാലും അത് ഒരു അഭിനയമായി മാറും..”

അവൻ പറയുമ്പോൾ തറഞ്ഞു നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.

” നമുക്കും നമ്മുടെ ജീവിതം എൻജോയ് ചെയ്യണ്ടെടോ..? താൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താകാൻ ശ്രമിക്കു.. ഞാനും അതിനു വേണ്ടി ശ്രമിക്കാം.

അപ്പോൾ നമുക്കിടയിൽ കള്ളത്തിനും കപടത്തിനും ഒന്നും യാതൊരു സാധ്യതയും ഇല്ലാതെയാകും. അതല്ലേ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം..? ”

അവളുടെ കവിളിൽ തട്ടി അത്രയും പറഞ്ഞുകൊണ്ട് അവൻ പോകുമ്പോൾ, അവൻ പറഞ്ഞത് അപഗ്രഥിക്കുകയായിരുന്നു അവളുടെ മനസ്സ്..

Leave a Reply

Your email address will not be published. Required fields are marked *