ഇത്രയും ദിവസം കഴിഞ്ഞു മോൾ അവനെ അന്വേഷിച് വരണമെങ്കിൽ, മാത്രമല്ല ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ളതായി അവൻ..

(രചന : ദേവി)

I love you ആദി ” ശേഷ അത് പറഞ്ഞപ്പോൾ ആദി വെറുതെ ഒന്ന് ചിരിച്ചു…. നഷ്ടബോധം ആ മിഴികളിൽ നിഴലിച്ചിരുന്നുവോ….

“ആദി ഒന്നും പറയാനില്ലേ…?”

“സോറി ശേഷ……ശരീരമില്ലാത്ത ഞാൻ എങ്ങനെ നിന്നെ പ്രണയിക്കും?? ഭൂമിയിലുള്ള ഒന്നും ആശിക്കാൻ എനിക്കിനി അവകാശമില്ല…”

“ആദി….??”

“അതേ ശേഷ എനിക്ക് ശരീരമില്ല…. ഞാൻ എന്നോ ഈ ലോകം വിട്ട് പോയതാണ്….”

“ആദി എന്ത് ഭ്രാന്താണ് ഈ പറയുന്നത്?? എനിക്ക് നിന്നെ കാണാൻ കഴിയുന്നുണ്ട്…. അതേപോലെ തന്നെ ഇവിടെ ഉള്ള എല്ലാർക്കും നിന്നെ കാണാം…”

“ഇല്ല ശേഷ ” കപ്പിലുള്ള ചായ ഒരു കവിൾ കുടിച്ചു കൊണ്ട് ആദി മറുപടി കൊടുത്തു…

“എന്നാ ഞാനിപ്പോ തെളിയിച്ചു തരാം ”

ശേഷ ചുറ്റും നോക്കി…കോഫി ഷോപ്പിൽ തന്റെ ടേബിളിന് അടുത്തിരിക്കുന്ന ഒരു ചേട്ടനെ അവൾ വിളിച്ചു…

“അതേ ചേട്ടാ… ചേട്ടന് എന്റെ അടുത്തിരിക്കുന്ന ആളെ കാണാൻ കഴിയുന്നില്ലേ??”

“ഇല്ല….. കുട്ടി ഒറ്റക്കല്ലേ വന്നത്??” ആ ചേട്ടൻ ചുറ്റും നോക്കിയ ശേഷം ഒന്നും കാണാൻ കഴിയാതെ മറുപടി നൽകി….

ശേഷ സംശയത്തോടെ ആദിയെ നോക്കി… അവന്റെ ചുണ്ടുകളിൽ ഒരു ചിരി അപ്പോഴും തത്തി കളിച്ചിരുന്നു…..

“ഇത് നീ വിശ്വസിച്ചേ പറ്റു ശേഷ… എനിക്ക് ശരീരമില്ല……”

ആദിയുടെ മിഴികൾ റോഡിൽക്കൂടി പോകുന്ന വാഹനങ്ങളിൽ സ്ഥാനം പിടിച്ചു….. അവന്റെ മനസ്സ് കഴിഞ്ഞ കാലത്തിലേക്കു നീണ്ടു പോയി……. ശേഷ ആകാംഷ നിറഞ്ഞ മിഴികളോട് ആദിയെ പറയാൻ പോകുന്നത് എന്താവുമെന്നറിയാൻ അക്ഷമയോടെ നിന്നു…….

“എന്നെ കുറെ പേര് ചേർന്ന് കൊന്നു കളഞ്ഞതാണ്….. ഫിനാൻസിൽ ആണ് ഞാൻ വർക്ക്‌ ചെയ്തിരുന്നത്……. പുറമെ അവർ വളരെ നല്ലവരായിരുന്നു ഒരുപാട് കസ്റ്റമേഴ്സ് ഉള്ള,ജനങ്ങൾക്ക്‌ വിശ്വാസമുള്ള കമ്പനി…..

പക്ഷേ ഉള്ളിൽ നടക്കുന്ന ചതി കുറച്ച് പേർക്ക് മാത്രമേ അറിയുള്ളായിരുന്നു…. പാവപ്പെട്ട മനുഷ്യർ ചോര നീരാക്കി ഉണ്ടാക്കിയ പൈസയും കൊണ്ട് കടന്ന് കളയാനായിരുന്നു അവരുടെ പ്ലാൻ…….

ഒരു ഫയൽ കാണിക്കാൻ വേണ്ടി MD യുടെ കേബിനിലേക്ക് പോയപ്പോഴായിരുന്നു അവരുടെ ചർച്ച കേൾക്കാൻ ഇടയായത്…. അത് ഞാൻ ഫോണിൽ പകർത്തുകയും ചെയ്തു….

അത് എങ്ങനെയോ മനസ്സിലാക്കിയ അവർ എന്നെ ഓഫീസിന്റെ 8 ആം നിലയിൽ നിന്ന് താഴോട്ട് തള്ളിയിടുകയായിരുന്നു….. അതൊരു അപകടമായിരുന്നു എന്ന് വരുത്തി തീർക്കാൻ അവർക്കധികം പരിശ്രമിക്കേണ്ടി വന്നില്ല……

എന്റെ ആത്മാവ് ശരീരത്തിൽ നിന്ന് വേർപ്പെടുന്നതിനു തൊട്ട് മുൻപ് ഞാൻ കണ്ടത് നിന്നെയായിരുന്നു…..”

ശരിയാണ്….. അച്ഛന്റെ ഫ്രണ്ട് ആയ സത്യദാസ് അങ്കിൾ ആണ് MJ ഫിനാൻസിന്റെ MD….. അങ്കിളിനെ കാണാൻ വേണ്ടി അന്നവിടെ ചെന്നപ്പോൾ ഒരാക്സിഡന്റ് സംഭവിച്ചിരുന്നു …… പക്ഷേ അതിൽ ഒന്നും ചെന്ന് തലയിടാൻ നിൽക്കാതെ അവിടുന്ന് വേഗം തിരിച്ചു പോരുകയായിരുന്നില്ലേ???

ശേഷയുടെ മനസ്സിലേക്ക് അന്ന് നടന്ന കാര്യങ്ങൾ പാഞ്ഞെത്തി…….

“എനിക്കവരെ കൊല്ലണം പക്ഷേ എനിക്കതിന് ഒറ്റയ്ക്ക് സാധിക്കില്ല…… ഒരത്മാവായ എനിക്ക് ചില പരിമിതികൾ ഉണ്ട്…… അതിന് നീയെന്നെ സഹായിക്കണം ശേഷ….”

ശേഷ ഒന്നും പറയാതെ ബാഗും എടുത്ത് ഇറങ്ങി….. മനസ്സുമുഴുവൻ ആദിയാണ്….. അവൻ പറഞ്ഞ കാര്യങ്ങളോട് ഇപ്പോഴുമവൾക്ക് യോജിക്കാൻ കഴിയുന്നില്ല……..

ഫ്ലാറ്റിൽ എത്തി,ഒന്ന് ഫ്രഷ് ആയി…. ഒരു കപ്പ്‌ കോഫിയുമായി ബാൽക്കണിയിൽ നിൽക്കുമ്പോൾ ആദിയെ ആദ്യമായി കണ്ടത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്കോടി വന്നു……..

ഫാഷൻ ഡിസൈങ്ങിനിങ് പഠിക്കാനായിരുന്നു ഞാൻ ബാംഗ്ലൂരിലേക്ക് വന്നത്…. പഠിത്തതോടൊപ്പം ജീവിതം മാക്സിമം എൻജോയ് ചെയ്യുമ്പോഴായിരുന്നു ആദി ജീവിതത്തിലേക്ക് വന്നത്….

കടൽത്തീരത്ത് വെറുതെ തിരകളെയും നോക്കി ഇരിക്കുമ്പോഴായിരുന്നു ഒരു കൈ വന്ന് തോളിൽ പതിഞ്ഞത്…. തിരിഞ്ഞു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ…. എന്നെ കണ്ട് ആളും ഒന്ന് ഞെട്ടി എന്ന് മനസ്സിലായി വേഗം കൈ മാറ്റി…

“സോറി എന്റെ പെങ്ങൾ ഇവിടെ ഇരുന്നിരുന്നു അവളെന്നാ കരുതിയത് ”

“ഹേയ് it’s ഒക്കെ…. ഞാൻ മലയാളി ആണെന്ന് എങ്ങനെ മനസ്സിലായി??”

“ഈ മുഖത്തേക്ക് നോക്കിയാൽ അറിയാം… അസ്സൽ നാട്ടിപ്പുറത്തുകാരി ആണെന്ന് “അതും പറഞ്ഞ് ആളങ്ങു പോയി

പിന്നെ പലയിടത്തും വച് കണ്ടു….പതിയെ ഞങ്ങൾക്കിടയിൽ സൗഹൃദം വളർന്നു വന്നു , ആരെയും ആകർഷിക്കുന്ന സംസാരവും ആ കടും കാപ്പി കണ്ണുകളും എന്നെ അവനിലേക്ക് ആകർഷിച്ചു…..

സൗഹൃദം എന്നാണ് പ്രണയമായി മാറിയതെന്നു എനിക്കിപ്പോഴും തീർച്ചയില്ല….

പക്ഷേ ഇന്ന് ആദി പറഞ്ഞതെല്ലാം സത്യമാണെങ്കിൽ എനിക്ക് മാത്രം അവനെ കാണാൻ കഴിയുന്നതെന്തേ???

“ഞാൻ അവസാനമായി കണ്ട മുഖം നിന്റേതാണ് ശേഷ…. പ്രതികാരം തീർക്കാതെ ഞാനീ ഭൂമി വിട്ട് പോവില്ല… അതിനെനിക്ക് നിന്റെ സഹായം വേണം ”

അപ്രതീക്ഷിതമായി ആദിയുടെ ശബ്ദം കേട്ട് ശേഷ തിരിഞ്ഞു നോക്കി….

“ആദി നീയെങ്ങനെ ഇവിടെ??”

“എനിക്ക് എപ്പോൾ എവിടെ വേണമെങ്കിലും വരാം… ഈ ഭൂമിയിൽ എനിക്ക് അതിരുകളില്ല ശേഷ…..”

അവൾ വെറുതെ ആ മുഖത്തേക്കൽപ്പ നേരം നോക്കി നിന്നു….

“ആദി നിനക്കൊരിക്കൽ പോലും എന്നോടിഷ്ട്ടം തോന്നിയിട്ടില്ലേ??”

” വെറുമൊരു ആത്മാവായ ഞാൻ നിന്നെ പ്രണയിക്കാൻ പാടില്ല…. പക്ഷേ എപ്പോഴോ എന്റെ മനസ്സിലും നീ കടന്ന് കൂടിയിരുന്നു……

ഇനിയും പുനർജ്ജനിക്കാൻ ഒരുപാട് കൊതി തോന്നിയിട്ടുണ്ട് പലപ്പോഴും……. പറയാൻ ഒരുപാട് വൈകിപ്പോയി…. ഇനി പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം…. പക്ഷേ……….. I love u shesha……… ”

ആദിയുടെ നെഞ്ചിൽ മുഖമൊളിപ്പിക്കുമ്പോൾ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു…….

“എം ജെ ഫിനാൻസിന്റെ MD സത്യദാസും മാനേജർ മാധവൻ മേനോനും രണ്ട് സുഹൃത്തുക്കളും കൊല്ലപ്പെട്ട നിലയിൽ………

സത്യദാസിന്റെ ഓഫീസിൽ നിന്നാണ് നാല് പേരുടെയും മൃതദേഹം കണ്ടെടുത്തത്
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം” ടിവിയിലൂടെ വന്ന വാർത്ത കേട്ട് ശേഷയുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു

“താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരും”

ആദി ആണെന്ന് മനസ്സിലാക്കാൻ ശേഷക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല, ആദിയുടെ ചുണ്ടുകളിലും പ്രതികാരത്തിന്റെ പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു

ആർത്തിരമ്പി വരുന്ന കടലിനെ നോക്കി നിൽക്കുമ്പോൾ ആദിയും ശേഷയും ഒന്നും തന്നെ മിണ്ടിയില്ല മൗനം അവർക്കിടയിൽ നിറഞ്ഞുനിന്നു……

” ഭൂമിയിലെ എന്റെ ജോലികളെല്ലാം തീർന്നു”

“മ്മ്”

“എനിക്ക് അവസാനമായി ഒരാഗ്രഹം കൂടെയുണ്ട് സ്വന്തമെന്ന് പറയാൻ എനിക്ക് അമ്മ മാത്രമേ ഉള്ളൂ അമ്മയെ അവസാനമായി ഒരു നോക്കു കാണണം,സംസാരിക്കണം”

“അതിന് ഞാൻ എന്താ ചെയ്യേണ്ടത്”??

“നീ അമ്മയോട് സംസാരിക്കണം….
അതെനിക്ക് തുല്യമാണ്……”

ശേഷ വെറുതേ ഒന്നു മൂളി……

പടിപ്പുര കടന്ന് തറവാട് വീടിന്റെ മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോൾ ശേഷയുടെ ഹൃദയം വല്ലാതെ തുടിച്ചുകൊണ്ടിരുന്നു…..

“ആദി മോനെ അമ്മേന്റെ ചക്കര കുട്ടാ….”

ഒരമ്മയും മകനും ശേഷയ്ക്ക് മുന്നിൽ തെളിഞ്ഞു….

“ആദിക്കുട്ടാ വന്നേ നമുക്ക് മാമുണ്ണണ്ടേ….??”

ആ അമ്മ മകന്റെ പുറകെ ഭക്ഷണവുമായി ഓടുകയാണ് ആ കുഞ്ഞാണെങ്കിൽ അതൊന്നും കേൾക്കാതെ അമ്മയെ മുറ്റം മുഴുവൻ ഇട്ട് ഓടിക്കുകയാണ്…. ശേഷയുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു …..

“ശേഷ….”

ആദിയുടെ വിളിയാണവളെ ഉണർത്തിയത്….

ആ അമ്മയും കുഞ്ഞും മാഞ്ഞു പോയി….

ആദി വളർത്തിയിരുന്ന നായ ശേഷയുടെ അടുത്ത് വന്ന് നിർത്താതെ കുരക്കാൻ തുടങ്ങി…
ആദിയുടെ സാമീപ്യം അത് തിരിച്ചറിഞ്ഞിട്ടുണ്ടാവാം…

ഉമ്മറത്തു കയറി ബെൽ അടിച്ചിട്ട് വാതിൽ തുറക്കാനായി കാത്ത് നിന്നു…… അല്പംനേരത്തിനു ശേഷം ഒരു അമ്മ വന്ന് വാതിൽ തുറന്നു…. വേഷ്ടിയും മുണ്ടുമായിരുന്നു വേഷം…. കുഴിഞ്ഞ കണ്ണുകളിൽ ദുഃഖം നിഴലിച്ചിരുന്നു …..

“ആദിയുടെ വീടല്ലേ….”

“അതേ ആരാ??”

“ഞാൻ ആദിയുടെ ഫ്രണ്ട് ആണ് ”

“വാ മോളെ….” ഞാനും ആദിയും അകത്തേക്ക് കയറി….

വലിയ വീടാണ്….. നടുമുറ്റവും തുളസിത്തറയുമെല്ലാം ആ തറവാടിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്…..

ഹാളിൽ ഉള്ള സോഫയിൽ ഇരുന്ന ശേഷ ചുറ്റും ഒന്ന് കണ്ണോടിച്ചു…. ചുമരിൽ ആദിയുടെ ഫോട്ടോസ് ആണ്…. ചെരുപ്പം മുതൽ ഉള്ളതുണ്ട്… അതിൽ ഒരു ഫോട്ടോയിലെ അമ്മയും കുഞ്ഞും നേരത്തെ കണ്ട അമ്മയും കുഞ്ഞുമായിരുന്നു…..

ആദിയും കൂടി സോഫയിൽ ഇരുന്നു….

“മോൾ ആദിയുടെ കാമുകി ആണോ?”

ആദിയുടെ അമ്മയായിരുന്നു….

“അതെന്താ അമ്മ അങ്ങനെ ചോദിച്ചത്??”

“എന്റെ മോൻ മരിച്ചിട്ടിപ്പോ 4 മാസം ആയി…. ഇതുവരെ അവന്റെ ഒരു കൂട്ടുകാരനും ഇങ്ങോട്ട് വന്നിട്ടില്ല…..ഇത്രയും ദിവസം കഴിഞ്ഞു മോൾ അവനെ അന്വേഷിച് വരണമെങ്കിൽ?? മാത്രമല്ല ഇങ്ങനെ ഒരു ഫ്രണ്ട് ഉള്ളതായി അവൻ എന്നോട് പറഞ്ഞിട്ടില്ല….”

അവളൊന്നു പുഞ്ചിരിച്ചു….

“ഞാൻ ആദിയുടെ കാമുകിയല്ല… പക്ഷേ ആദിയെ സ്നേഹിക്കുന്നുണ്ട്….” ആ അമ്മ വന്ന് അവളുടെ തലയിൽ തലോടി എന്നിട്ട് നെറ്റിയിൽ ചുണ്ടുകളമർത്തി…..

” മോൾ വന്നപ്പോ എന്റെ മോന് ഇവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നൽ…. ”

ശേഷയുടെ കണ്ണുകൾ നിറഞ്ഞു…. ആദിയെ നോക്കിയപ്പോൾ അവന്റെ കണ്ണുകളും സജലമായിരുന്നു ……

“അമ്മേന്റെ മോൻ എവിടെയും പോയിട്ടില്ല…. ഇവിടെ തന്നെ ഉണ്ട്…..”

ആ അമ്മ ഒന്ന് പുഞ്ചിരിച്ചു..

“ഉച്ചയായില്ലേ മോൾക്ക്‌ കഴിക്കാൻ എന്തെങ്കിലും എടുക്കാം…. ചോറ് വച്ചതിരിപ്പുണ്ട്…. ഒരു മോര് കാച്ചിയതും ഉണ്ടാക്കാം…. അത് പോരെ??”

“മതിയമ്മേ….. ആ അമ്മ വേഗം അടുക്കളയിലേക്കു നടന്നു….

ശേഷയും ആദിയും ആദിയുടെ റൂമിലേക്ക്‌ നടന്നു ….. പടികൾ കയറി ആദ്യം കാണുന്ന റൂമിലേക്ക്‌ ശേഷയെയും കൊണ്ടവൻ പോയി….. നല്ല വൃത്തിയിൽ സൂക്ഷിച്ചിരുന്നു റൂം….. ഷെൽഫിൽ ഒരുപാട് ബുക്കുകൾ അടുക്കി വച്ചിട്ടുണ്ട്…..

ജനാലയ്ക്ക് അരികിൽ ഇട്ടിരുന്ന മേശയിൽ ഒരു ഡയറി ഇരിപ്പുണ്ടായിരുന്നു….. ശേഷ ചെന്നത് മറിച്ചു നോക്കി…. കവിതകൾ….പ്രണയം തുളുമ്പുന്ന വരികൾ…. ഓരോ അക്ഷരങ്ങളിൽ തീരാത്ത പ്രണയം….

“ആദി കവിത എഴുതുമായിരുന്നോ??” തെല്ലതിശയത്തോട് കൂടിയാണ് അവളത് ചോദിച്ചത്…..

ഒരു പുഞ്ചിരിയായിരുന്നു ആദിയുടെ മറുപടി…. അവൾ വീണ്ടും താളുകൾ മറിക്കാൻ തുടങ്ങി പെട്ടന്ന് ഒരു താളിലെ ചിത്രം കണ്ടവളുടെ കണ്ണുകൾ വിടർന്നു….

“ഇത്…. ഇത്….. ഞാനല്ലേ??”

” എന്റെ സ്വപ്നത്തിൽ വന്ന പെൺകുട്ടിയുടെ മുഖമാണ് ഇത്…….. അവളെ ഒരുനാൾ തേടി കണ്ടുപിടിക്കണം എന്ന് കരുതിയതാണ്…. ”

“അപ്പൊ ഞാൻ ആണോ ആ പെൺകുട്ടി?? അല്ല കണ്ടുപിടിച്ചാൽ എന്ത് ചെയ്യുമായിയുന്നു??”

“അവൾക്കു ഇഷ്ടമാണെങ്കിൽ എന്റെ ജീവിതത്തിലേക്ക് കൂട്ടുമായിരുന്നു…..” ആ വാക്കുകളിൽ നഷ്ടബോധം നിഴലിച്ചിരുന്നു……

“മോളെ വായോ ഊണ് റെഡി ആയി ” അമ്മ താഴെ നിന്ന് വിളിച്ചു…..

അവർ താഴോട്ടിറങ്ങി വന്നു , ഇലയിൽ ചോറും മോര് കാച്ചിയതും ചുട്ടരച്ച ചമ്മന്തിയും വിളമ്പി വച്ചിരുന്നു….

അവൾ കൈ കഴുകി വന്നിരുന്നു….

“എന്താ മോളെ കഴിക്കുന്നില്ലേ??”
ഭക്ഷണത്തിനു മുന്നിൽ എന്തോ ആലോചിച്ചിരിക്കുന്ന ശേഷയോട് അമ്മ ചോദിച്ചു….

“അമ്മ എനിക്ക് വാരി തരോ??”

ആ അമ്മയുടെ കണ്ണുകളിൽ നീർതിളക്കം…

അടുത്തേക്ക് വന്ന് ചോറും മോര് കാച്ചിയതും ചമ്മന്തിയും ചേർത്ത ആദ്യ ഉരുള അവളുടെ വായിൽ വച് കൊടുക്കുമ്പോൾ രണ്ട് പേരുടെയും കണ്ണുകൾ പെയ്തിരുന്നു….. അമ്മയിൽ നിന്ന് കിട്ടുന്ന അവസാന ഉരുള ചോറിന്റെ രുചി ആദിയുടെ വായിലും എത്തിയിരുന്നു

ഊണ് കഴിച്ചവൾ മുറ്റത്തേക്കിറങ്ങി….. തെക്കേ തൊടിയിൽ ആദിയുറങ്ങുന്ന ആറടി മണ്ണിനെ ലക്ഷ്യമാക്കിയവൾ നടന്നു…..

“എനിക്ക് പോവാൻ സമയമായി ശേഷ……”

ശേഷ ആദിയുടെ കടുംകാപ്പി കണ്ണുകളിൽ മിഴികൾ പതിപ്പിച്ചു…… ഇനി ഒരിക്കലും തനിക്കീ കണ്ണുകളിൽ സ്വയം മറന്നു നിൽക്കാൻ കഴിയില്ലല്ലോ എന്ന ചിന്ത അവളുടെ ഹൃദയത്തെ കുത്തി നോവിച്ചു…….

“എല്ലാ സഹായങ്ങൾക്കും ഒരുപാട് നന്ദി….. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ വരും നിന്നെ തേടി നിന്നെ എന്റെ സ്വന്തമാക്കാൻ……”

“ഞാൻ കാത്തിരിക്കും ആദി…… നീ വരുന്ന ആ നാളിനായി…”

“നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ശേഷ……I love u”

“ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു…..”

ശേഷ ആദിയുടെ നെഞ്ചോട് ചേർന്ന് നിന്നു….. പതിയെ ആദിയുടെ ശരീരം ചിത്രശലഭങ്ങായി പറന്നുയർന്നു……

ശേഷയുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു….. അതിൽ ഒരു ചിത്രശലഭം അവളെ വിട്ട് പോവാതെ ചുറ്റും പാറി കളിച്ചു കൊണ്ടിരുന്നു….

ബോധം മറഞ്ഞു അവളുടെ ശരീരം ഭൂമിയിൽ പതിച്ചു…… ചെമ്പകപ്പൂക്കൾ അവളുടെ മേൽ വീണുകൊണ്ടിരുന്നു…….

ശേഷയുടെ അടുത്ത് കിടന്ന ആദിയുടെ ഡയറിയിലെ അവളുടെ ചിത്രത്തിന് മേൽ അടർന്നു വീണ ചെമ്പകപ്പൂക്കൾ കാറ്റിൽ തെന്നി മാറി……

Leave a Reply

Your email address will not be published. Required fields are marked *