രമ്യക്ക് ഇപ്പോ പീരിയഡ്‌സ് ആണ്, അതാണ് മോളോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നേ..

(രചന: ജ്യോതി കൃഷ്ണകുമാർ)

“””നിക്ക് ചോറ് വേണ്ട “””

ചിണുങ്ങുന്ന മോളെ കണ്ടതും ദേഷ്യം കൂടുകയാണ് രമ്യക്ക്..

“”വേണേൽ വന്ന് ചോറുണ്ടോ കിങ്ങിണീ.. അതെങ്ങനാ പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കയല്ലേ…”””

“”ഈ കൂട്ടാൻ നിക്ക് ഇഷ്ടല്ല വേറെ എന്തേലും മതി..”””

കിങ്ങിണി പറയുന്നതിനോടൊപ്പം കണ്ണും നിറക്കുന്നുണ്ട്..

ഇതൊന്നും കണ്ട് രമ്യക്ക് ഒരു കുലുക്കവും ഇല്ല.. അവൾ ഇപ്പഴും നല്ല ദേഷ്യത്തിൽ തന്നെ ആണ്… ഇതെല്ലാം കേട്ടാണ് നിതിൻ വന്നു കയറുന്നെ..

“”എന്താടീ… എന്താ മോളോട് കശപിശ..””

അപ്പോഴാണ് നിതിൻ വന്നത് രമ്യയും കാണുന്നത്. ഇന്ന് കൂടെ ജോലി ചെയ്യുന്ന ആളുടെ വീട്ടിൽ ചെറിയൊരു ഫങ്ക്ഷന് പോയതിനാൽ ഇത്തിരി വൈകിയിരുന്നു..

രാത്രിയിലെ ചോറുണ്ണുന്നതിന്റെ പേരിൽ ഉള്ള തർക്കം ആണ്..

“””ആ എത്തിയോ.. ദേ സ്കൂൾ വാദ്യരുടെ പുന്നാര മോൾക്ക് ഇന്നത്തെ കൂട്ടാൻ വേണ്ട എന്ന്… അവൾ ചോറുണ്ണില്ല എന്ന്…മനുഷ്യൻ വയ്യാണ്ട് ഉണ്ടാക്കി വച്ചതാ ഇതെങ്കിൽ ഇത്.. അപ്പഴാ അവളുടെ…”””

നിതിൻ കിങ്ങിണിയെ നോക്കി അവൾ തേങ്ങുന്നുണ്ട്… അവളുടെ ദയനീയ നോട്ടം കണ്ടപ്പോൾ നിതിനിനു പാവം തോന്നി…

ശരിയാണ് രമ്യക്ക് ഇപ്പോ പീരിയഡ്‌സ് ആണ്… അതാണ് മോളോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നേ..

അല്ലാത്ത സമയത്ത് അവൾടെ കൊഞ്ചലിനു നിൽക്കുന്ന ആളാണ്…
പാവം ഈയിടെ നല്ല വേദന ആണ്..
അവളുടെ ഡെലിവറി, സി സെക്ഷൻ ആയിരുന്നു…

അത് കൊണ്ട് കൂടി ആവാം ഡെലിവറി കഴിഞ്ഞിട്ടും ഈ പെയിൻ.. ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല പാവം..

കുത്തി മറിയുന്നത് കണ്ടാണ് ഹോട് വാട്ടർ ബാഗ് കൊണ്ട് കൊടുത്തതും.. ഉലുവ വറുത്ത് വെള്ളം തിളപ്പിച്ച്‌ കൊടുത്തതും.. എല്ലാം അമ്മ പണ്ട് ചെയ്തിരുന്ന ടെക്‌നിക്കുകൾ ആണ്..

പറ്റുന്ന പോലെ രാവിലെ സഹായിച്ചിട്ടാണ് പോയത്.. സ്കൂളിൽ പോകാൻ വൈകും എന്നായപ്പോൾ അവൾ തന്നെയാ പറഞ്ഞത് ഏട്ടൻ പോയ്കോളൂ ഇനി അവൾ ചെയ്തോളാം എന്ന്…

വെന്ത ചോറ്, വാർത്തു വേച്ചു കൊടുക്കുക കൂടെ ചെയ്താണ് ഇറങ്ങിയത്..

“”അച്ഛാ ശെരിക്കും ഇത് നിക്ക് ഇഷ്ടല്ലാഞ്ഞിട്ടാ…”””

എന്ന് കിങ്ങിണി പറഞ്ഞപ്പഴാ അവളെ നോക്കിയേ… അപ്പഴേക്കും രമ്യ

“”ഓഹ് ഒരു ഇഷ്ടോം ഇഷ്ടക്കേടും.. വേറെ കിട്ടും അറിയാം… എന്നതോണ്ടാ ഈ വാശി “”” എന്നും പറഞ്ഞ് എത്തിയിരുന്നു…

അത് കേട്ട് വീണ്ടും കണ്ണുനിറച്ച കിങ്ങിണിയെ കണ്ടപ്പോൾ രമ്യയോട് പറഞ്ഞു…

“”””അവൾ വന്നു കഴിച്ചോളും നീ ചെല്ല്”””” എന്ന്…

“”” ഓ അല്ലേലും നിങ്ങൾ പറഞ്ഞാൽ മാത്രമേ അവൾ കേക്കൊള്ളല്ലോ “”” എന്ന് പറഞ്ഞ് ദേഷ്യം പിടിച്ച് അവൾ അകത്തേക്ക് നടന്നു…

“”” അച്ഛന്റെ കുട്ടിക്ക് എന്താ ഈ കറി ഇഷ്ടല്ലാത്തെ.. നല്ലതല്ലേ മുരിങ്ങയില കൂട്ടാൻ… സ്വാദുമുണ്ട് ശരീരത്തിനും നല്ലതാ… എന്തൊക്കെ വിറ്റാമിൻസാ അതിൽ… ന്റെ കുട്ടീടെ കണ്ണിനും…. ബ്ലഡ്‌ ണ്ടാവാനും ഒക്കെ നല്ലതാണല്ലോ..”””

എങ്ങനെ ഒക്കെയോ പറഞ്ഞ് അവളെ ചോറ് ഉണ്ണിച്ചു..

രമ്യ പറഞ്ഞത് കൂട്ടാക്കാതെ ഞാൻ പറഞ്ഞപ്പോൾ ഉണ്ടതിന്റെ കുശുമ്പ് അവളുടെ മുഖത്ത് ഉണ്ടായിരുന്നു…

ചോറ് ഊണ് കഴിഞ്ഞ് കിടക്കുമ്പോൾ കിങ്ങിണി എന്റെ അരികിൽ വന്ന് കിടന്നിരുന്നു…

“””കൂട്ടാൻ സ്വാദൂണ്ടായിരുന്നില്ലേ കിങ്ങിണി “”” എന്നവളോട് ചോദിച്ചപ്പോൾ…

“”മ്മ് ഉണ്ടായിരുന്നല്ലോ… “”” എന്ന് അവൾ കൊഞ്ചി പറഞ്ഞു…

“”അമ്പടീ.. ന്നട്ടാ അമ്മേ ഇട്ട് വട്ടം കറക്കിയേ “”” എന്ന് ചോദിച്ച് ഇക്കിളിയിട്ടു…

അത് കഴിഞ്ഞ് അവൾ വല്ലാത്ത ആലോചനയിൽ ആയിരുന്നു… എന്തോ ആലോചിച്ച് കൂട്ടാണ്… ഇപ്പോ അത് പുറത്തേക്ക് വരും സംശയമായി എന്ന് അറിയാമായിരുന്നു…

“” അച്ഛാ അച്ഛന് ഇഷ്ടമില്ലാത്ത കൂട്ടാൻ ഒക്കെ, അച്ഛൻ ചെറിയ കുട്ടി ആകുമ്പോൾ, അച്ഛമ്മ വയ്ക്കുമ്പോൾ അച്ഛൻ എന്താ ചെയ്തിരുന്നെ?? “””

എന്തോ വലിയ കാര്യം ചോദിക്കുന്നത് പോലെ ചോദിച്ചവളെ കണ്ട് ചിരിപൊട്ടി.. പിന്നെ അവൾ ചോദിച്ചു അതിനെ പറ്റി ചിന്തിച്ചു…

“””””അച്ഛൻ ചെറുപ്പത്തിലേ മരിച്ചിരുന്നു..
അമ്മയും അനിയനും മാത്രം..

ശരിക്കും പട്ടിണി എന്താണെന്ന് അറിഞ്ഞ ബാല്യം… കറി ഒന്നും ഉണ്ടാവില്ലായിരുന്നു.. തൊടിയിലെ മുരിങ്ങ ഇലയും പപ്പായയും അടുക്കള അടക്കി ഭരിച്ചു.. ഇടക്ക് അതും കിട്ടാൻ ഉണ്ടാവില്ല..

അന്ന് അമ്മക്ക് വെപ്രാളം ആണ്.. സ്കൂൾ വിട്ട് വരുന്ന രണ്ടു കുരുന്നുകളുടെ വിശന്ന രണ്ടു വയറോർത്ത്… ചോറ് വിളമ്പി അനിയനോടും എന്നോടും ആയി അമ്മ ചോദിക്കും

“”ഉള്ളി മുറിക്കട്ടെ??? “” എന്ന്..

സവാള മുറിച്ച് മുളക് പൊടിയും ഉപ്പും ഇട്ട് തരും… ഉണ്ടെങ്കിൽ ഇത്തിരി വെളിച്ചെണ്ണ യും….

തൃപ്തിയോടെ കഴിക്കും ഞാനും അനിയനും.. സദ്യ ഉണ്ട തൃപ്തിയോടെ…

ഇതെല്ലാം പറഞ്ഞാൽ മനസ്സിലാവാൻ പ്രായം ആയോ ന്റെ കിങ്ങിണിക്ക്.. എല്ലാം അവൾക്ക് മനസ്സിലാവും വിധം പറഞ്ഞു ഒപ്പിച്ചിരുന്നു..

“”അത് കൂട്ടിയാൽ ചോറുണ്ണാൻ പറ്റുവോ??”””

എന്ന് ചുണ്ട് പിളർത്തി ചോദിക്കുന്ന കുഞ്ഞിനെ ഒന്നൂടെ അടുത്തേക്ക് നീക്കി കിടത്തി…. അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…

“”പിന്നെ ഒരു പറ ചോറുണ്ണാലോ “”” എന്ന്..

“”അതെങ്ങനെയാ അച്ഛാ “”” എന്നു നിഷ്കളങ്കമായി ചോദിച്ചവളുടെ കവിളിൽ ഒന്നു മുത്തി….

“”അമ്മമാര് എന്തേലും നമ്മൾക്കായി ഉണ്ടാക്കുമ്പോൾ അതിൽ അവര് സ്നേഹം കൂടെ ചേർക്കും…”””

പറയുന്നതിനിടക്ക്..

“”അതെങ്ങനെയ”” എന്ന ചോദ്യം വന്നിരുന്നു…

“”അതോ…

“””അച്ഛമ്മക്ക് നിറെ ഞങ്ങളെ ഊട്ടണം എന്നാ മോഹം… മോഹം മാത്രം മതിയോ അതിനുള്ള സ്ഥിതിയും വേണ്ടേ… അപ്പൊ അമ്മ പ്രാർത്ഥിച്ചിരിക്കും ഈശ്വരാ ന്റെ കുഞ്ഞുങ്ങൾക്ക് ഇത് സ്വദോടെ കഴിക്കാൻ പറ്റണെ എന്ന്…

അത് കഴിക്കുമ്പോ, ഞങ്ങൾക്കും തോന്നീരുന്നു ഇത്രേം സ്വാദ് ഒന്നിനും ഇല്ലല്ലോ എന്ന്… അതാണ് അമ്മമാരുടെ മാജിക് “””

നിറഞ്ഞൊഴുകിയ കണ്ണ് തുടച്ചു തന്ന് കുഞ്ഞിപ്പെണ്ണ് പിന്നേം ചോദിച്ചു,

“”ന്റെ അമ്മേം സ്വാദ്ണ്ടാവാൻ പ്രാർത്ഥിക്കുവോ???”””

എന്ന്…

“”പിന്നെ ഇല്ലാതെ “”

എന്ന് പറഞ്ഞപ്പോ ആ കുഞ്ഞിതല പുകച്ചു എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരുന്നു…

രമ്യ കൂടെ കിടക്കാൻ എത്തിയപ്പോ ഒന്നും അറിയാത്ത പോലെ കുഞ്ഞി പെണ്ണ് കിടന്നിരുന്നു.

കുറുമ്പി…

പിറ്റേ ദിവസം രമ്യ പുട്ട് കൊണ്ട് മുന്നിൽ വച്ചപ്പോ മെല്ലെ കിങ്ങിണിയെ നോക്കി.. അവൾക്ക് ഇഷ്ടം അല്ല അതെന്നു അറിയാമായിരുന്നു…

“”അമ്മ പ്രാർത്ഥിച്ചാണോ പുട്ട് ഉണ്ടാക്കിയെ???””

എന്ന് കിങ്ങിണി ചോദിച്ചപ്പോൾ അതിന്റെ ഉറവിടം ഇവിടെ ആവും എന്നറിയാവുന്നവൾ

“”എന്താ “” എന്ന മട്ടിൽ നോക്കി…

ഒന്നും ഇല്ല “”

എന്ന് കണ്ണടച്ചു കാണിച്ചപ്പോൾ,

അവൾ…

“”ആാാ പ്രാർത്ഥിച്ചിരുന്നു “”” എന്ന് പറഞ്ഞു..

പിന്നൊന്നും മിണ്ടാതെ പുട്ട് എടുത്തു കഴിച്ച്,

“”സ്വാദ് ഉണ്ട് ട്ടൊ അമ്മേ “”

എന്നവൾ പറയുന്നത് കേട്ട് അത്ഭുത്തോടെ അവൾ എന്നെ നോക്കിയിരുന്നു.. ഒരു കുസൃതി ചിരി തിരികെ നൽകി ഞാനും കഴിച്ച് തുടങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *