എടോ താൻ ദേഷ്യപ്പെടേണ്ട, ഇനി ഇങ്ങനെ മെസ്സേജ് ചെയ്ത് ബുദ്ധിമുട്ടിക്കില്ല ഞാൻ..

എന്റെ കൽബിലെ മാലാഖ
(രചന: ശിവ ഭദ്ര)

“കണ്ണ് നിറയെ കാണാൻ പറ്റിയില്ലെങ്കിലും
മനസ്സ്‌ നിറയെ കൊണ്ടുനടക്കുന്നുണ്ട് നിന്നെ….”

രാവിലെ തിരക്കിട്ട് പ്രൊവിഡൻസ് ഹോമിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനുള്ള ഓട്ടത്തിനിടയിലാണ് ബെല്ല തനിക്ക് ഫോണിൽ വന്ന മെസ്സേജ് വായിക്കുന്നത്…

സന്തോഷമാണോ ദുഃഖമാണോ വന്നതെന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ… നിറഞ്ഞ കണ്ണുകളോടെ ബെല്ല ഓർത്തു ….

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് ആദ്യമായാണ് അവന്റെ മെസ്സേജ് വരുന്നത്… ഒന്നര വർഷം മുൻപ്‌ ഒരു ക്രിസ്മസ് രാവിൽ ആയിരുന്നു ആദ്യമായി അവന്റെ മെസ്സേജ് യാദൃശ്ചികമായി വരുന്നത്…

” സുഖമാണോ ബെല്ല …

നീ ഇല്ലാ നേരം… കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു.. മാമ്പൂക്കൾ പൂക്ക… നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ… -സഞ്ജു”

മെസ്സേജ് വായിച്ച് അന്തംവിട്ട് നിന്നപ്പോളേക്കും അടുത്ത മെസ്സേജ് വന്നു….

” എന്റെ പൊന്നോ.. താൻ എന്തിനാ ഇങ്ങനെ അന്തംവിട്ട് നില്ക്കുന്നത്….
ഒരു മെസ്സേജ് അല്ലേ അയച്ചുള്ളൂ… താൻ ടെൻഷൻ അടിക്കാതെ…… പള്ളിയിൽ പോകാൻ നോക്ക്……

ക്രിസ്മസ് അല്ലേ ബെല്ല കൊച്ചേ…. താൻ ആലോചിക്കുന്നുണ്ടാവും ഞാൻ ആരാണെന്ന് …. അല്ലേടോ…

അതേ എന്റെ പേര് ആദ്യത്തെ മെസ്സേജിലുണ്ട്.. സഞ്ജു. .. തനിക്ക് എന്നെ ചീത്ത വിളി ഒഴിച്ച് എന്തും വിളിക്കാം …

ഇയാള് ചിന്തിച്ച് തല പുകക്കണ്ട കേട്ടോ …
നമ്മൾ തമ്മിൽ നേരിൽ പരിചയമില്ല…. ഞാൻ തന്റെ ഫ്രണ്ട് ലിസ്റ്റിലും ഇല്ലാട്ടോ…
പക്ഷേ തന്നെക്കുറിച്ച് എനിക്ക് നല്ലവണ്ണം അറിയാം…”

ഒരു ചെറു ചിരിയോടെ ബെല്ല മെസ്സേജ് വായിച്ചു…..

ഈ സഞ്ജു മഹാൻ ആരാണാവോ… ആളു കൊള്ളാമല്ലോ ….. നല്ല കിടു പേര് ..
സഞ്ജു.. എന്റെ ഫ്രണ്ട് ലിസ്റ്റിലുമില്ല…
കണ്ടിട്ടും ഇല്ലാ….. അജ്ഞാത കാമുകൻ ടച്ച് ….

ഉം… ഏതെങ്കിലും ആത്മ മിത്രം നമ്മൾക്ക് പണിയുന്നതാവും.. വല്ല പാരയാകും …… എന്തായാലും .. ആരായാലും നമ്മൾക്കെന്താ…

( ബെല്ല സ്വയം തന്നോടായി പറഞ്ഞു )

ക്രിസ്മസ് ആയതിനാൽ ചിന്തിച്ചു കളയാൻ ഒട്ടും തന്നെ സമയം ഇല്ലായിരുന്നു ബെല്ലക്ക്… കഴിഞ്ഞ മൂന്ന് വർഷമായി .. ഇന്നെ ദിവസം ഞങ്ങളുടെ ഗ്യാങ് , അതായത് ഞങ്ങൾ പത്തു പേർ അടങ്ങുന്ന ഒരു കൊച്ചു തല്ലിപ്പൊളിക്കൂട്ടം,

ഞങ്ങൾ പഠിക്കുന്ന കോളേജിന് അടുത്തുള്ള പ്രൊവിഡൻസ് ഹോമിലാണ് ആഘോഷിക്കാറുള്ളത് ……

ഈ പ്രൊവിടെൻസ് ഹോമെന്ന് കേൾക്കുമ്പോൾ ഹോട്ടലോ റിസോർട്ടാണ് എന്നൊന്നും വിചാരിക്കല്ലേ കേട്ടോ…. , അതൊരു വൃദ്ധസദനമാണ് ..

വീടും… കുടുംബവും… ബന്ധുക്കളും കുട്ടികളും … എല്ലാവരും ഉണ്ടായിട്ടും
ആരുമില്ലാതെ ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം സ്നേഹ സമ്പന്നരായ അപ്പൂപ്പന്മാരുടെയും അമ്മൂമ്മാരുടെയും,

പിന്നേ കുറച്ച് സ്പെഷ്യൽ നീഡഡ് കിഡ്സ് എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുറച്ച് കുട്ടികളുടെയും വീടാണ് …..

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ഞങ്ങൾ … പ്രൊവിഡൻസ് ഹോമിലേക്ക് വലത് കാൽ വച്ച് കയറുന്നത്…

എല്ലാ കുട്ടികളെയും പോലെ… ക്ലാസ്സ് കട്ട് ചെയ്യുമ്പോൾ ….. അദ്ധ്യാപകരുടെ കണ്ണ് വെട്ടിച്ച് സുരക്ഷിതമായി ഇരിക്കാൻ പറ്റിയ ഒരു സ്‌ഥലം.. സത്യത്തിൽ അത്‌ തന്നെയായിരുന്നു ആ ഹോം….

അവിടത്തെ ശാന്തമായ അന്തരീക്ഷവും അന്തേവാസികളുടെ കൊച്ചു കൊച്ചു തമാശകളും പാട്ടുകളും കളികളും ചിരികളും…

എല്ലാം എന്തുകൊണ്ടോ വല്ലാതെ ഞങ്ങളെ ആകർഷിച്ചു…. അതുകൊണ്ട് തന്നെ അവരുമായി കൂട്ടുക്കൂടാൻ അധികം സമയം വേണ്ടിവന്നില്ലാ…

അന്ന് മുതൽ ഞങ്ങൾ അവിടത്തെ സ്ഥിരം സന്ദർശകരായിമാറി.

ദിവസങ്ങകൾ കടന്ന് പോകുംതോറും അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഞങ്ങളുടെ വരവും നോക്കി ഇരിക്കുവാൻ തുടങ്ങി..

ഞങ്ങളങ്ങുചെന്ന് കഴിഞ്ഞാൽ പിന്നെ കളി ചിരികളും.. അന്താക്ഷരിയും..
കഥകൾ പറച്ചിലും…. ഇതൊന്നും കൂടാതെ അവർ അവർക്ക് കിട്ടുന്ന പലഹാരത്തിന്റെയും മിഠായികളുടെയും
പങ്ക്‌ വരെ ഞങ്ങൾക്ക് വേണ്ടി സൂക്ഷിച്ച് വെച്ച്‌…

ഞങ്ങളെ കൊണ്ട്‌ കഴിപ്പിക്കും… അങ്ങനെ എപ്പോഴോ ഞങ്ങൾ അവരുടെ ഭാഗമായി… അവർ ഞങ്ങളുടെയും….

ആ വർഷം ക്രിസ്മസിന് കേക്ക്ക്കുമായി ഞങ്ങൾ ചെല്ലുമ്പോൾ ഞങ്ങളേയും കാത്തു ഭക്ഷണം പോലും കഴിക്കാതെ നില്ക്കുന്ന ഞങ്ങളുടെ സ്വന്തം അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടപ്പോൾ…

ഞങ്ങൾ തീരുമാനിച്ചു … ഇനിയുള്ള നല്ല ദിവസങ്ങളും.. ഇവരുമൊത്ത് ആവണമെന്ന് …

ആ തീരുമാനത്തിന് വീട്ടുക്കാർ കൂടി പച്ചക്കോടി കാണിച്ചപ്പോൾ.. ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു….

അന്നു മുതൽ പുതിയ ഒരു ശീലത്തിന് ആരംഭമായി….

ഒറ്റപ്പെടുന്നവർക്കായി…. ആരുമില്ലായെന്ന് കരുതി ജീവിക്കുന്നവർക്കായി …… അവരുടെ സന്തോഷത്തിന് വേണ്ടി….. ഞങ്ങളുടെ കുറച്ച് നേരം… കനൽക്കൂട്ടത്തിൽ ഒരിറ്റ് മഞ്ഞു തുള്ളി വീഴുംപോലെ….

അവരുടെ സുഖത്തിലും ദുഃഖത്തിലും ചേർന്നു.. ഞങ്ങൾക്കാകും പോലെ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഒരു മൃദു സ്പർശം……

ഇന്നത്തെ ക്രിസ്മസ്‌ രാവിൽ ഞങ്ങളുടെ പ്രവേശനം ക്രിസ്മസ്‌ കരോൾ പാടികൊണ്ടാണ്.. പല പാട്ടുകൾ തിരിച്ചും മറിച്ചും പാടി നോക്കി ഒന്നും ശരിയായില്ല.. അതുകൊണ്ടു പണ്ട് തൊട്ടേ ഞങ്ങളുടെ സ്ഥിരം ക്രിസ്മസ് ഐറ്റം സോങ് തന്നെ പാടാൻ തീരുമാനിച്ചു…

“പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ…
ആട്ടിടയര്‍ ഉന്നതരേ…………………….”

ഞങ്ങളുടെ തലതിരിഞ്ഞക്കൂട്ടത്തിലെ ചട്ടമ്പി കല്യാണി ക്രിസ്മസ് അപ്പൂപ്പനായും.. ഞാൻ ഉൾപ്പടെ ബാക്കിയുള്ളവർ പാട്ടും നൃത്തവുമായി അന്നത്തെ ദിവസമങ്ങു അടിപൊളിയാക്കി…

വൈകിട്ട് വീട്ടിൽ ഇരുന്ന് എല്ലാവരുമായി തകർത്തു ചാറ്റുമ്പോഴാണ് …
ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നുകിടക്കുന്നത് ബെല്ല ശ്രദ്ധിക്കുന്നത്‌… സഞ്ജു എന്ന പേരു കണ്ടപ്പോൾ തന്നെ ബെല്ല അതു തുറന്ന് നോക്കി..

” നിൻ സ്വരം എൻ കാതുകളിൽ
തേൻ മൊഴിയും… നിൻ അധരങ്ങളിലെ
ഓരോ വാക്കുകളും എൻ ജീവവായുവും..
നിൻ മിഴികളിൽ തെളിയുന്ന പ്രണയം
എന്റെ ഹൃദയതാളവുമാകുന്നു…”

എന്റെ ബെല്ല കൊച്ചേ .. ഇന്നത്തെ “പൈതലാം യേശുവേ” അടിപൊളിയായിരുന്നു….. ഇയാളെ കാണാൻ പറ്റിയില്ല എങ്കിലും പാട്ടു കേട്ടു… ഒരുപാട് ഇഷ്ടമായി…..

പിന്നെ ഇയാൾക്ക് വിരോധം ഇല്ലങ്കിൽ ഞാൻ ഒരു ഫ്രണ്ട്‌ റിക്വെസ്റ്റ് അയച്ചിട്ടുണ്ട് അത് ആക്സെപ്റ്റ് ചെയ്യണെ…
രണ്ട് ദിവസം ഞാൻ നോക്കും.. ആക്സെപ്റ്റ് ആയില്ലങ്കിൽ ഞാൻ ഡിലീറ്റ് ആക്കിക്കൊള്ളാം..
അപ്പോൾ ഒക്കെ കാന്താരി… – സഞ്ജു”

ബെല്ല ഉടനെ മറുപടി അയച്ചു..

” സഞ്ജു… ഇതെങ്ങനെ സംഭവിച്ചു… ഞാൻ പാടിയ പാട്ട് കേട്ടുന്നോ…. അതെങ്ങനെ… ഞാൻ ഇന്നു പാടി എന്നതും… പാടിയ പാട്ടും ..എല്ലാം ശരിയാണ്.. പക്ഷേ ഇന്നത്തെ ദിവസം പുറത്തു നിന്ന് ആരെയും അവിടെക്ക് പ്രവേശനം ഉണ്ടായിരുന്നില്ലല്ലോ… പിന്നെ എങ്ങനെ?”

“എന്റെ പൊന്നു ബെല്ല.. ഞാൻ പറഞ്ഞില്ലേ കണ്ടില്ല .. കേട്ടുള്ളൂ എന്ന്..”

“എങ്ങനെ കേട്ടൂ എന്നാ സഞ്ജു ഈ പറയുന്നേ.. കേൾക്കാൻ ചാൻസ് കുറവാണ് അതാ ചോദിച്ചത്”

“അതെല്ലാമുണ്ട് എന്റെ ബെല്ല കൊച്ചേ .. രഹസ്യമാണ് …. പിന്നെ മോളേ.. എന്തായി ഞാൻ അയച്ച റിക്വെസ്റ്റിന്റെ കാര്യം…”

” അത് ഞാൻ ആലോചിക്കട്ടെ… സമയം ഉണ്ടല്ലോ.. ആരാണ് സഞ്ജു എന്ന് ആദ്യം അറിയട്ടെ എന്നിട്ടാകാം ബാക്കി …”

“അങ്ങനെയാണേൽ ബെല്ല മോള് കുറച്ചു കഷ്ടപ്പെടും …. എന്നാലും നിരുത്സാഹ പ്പെടുത്തുന്നില്ല… മോള് കണ്ടു പിടിച്ചോ……”

“ഒക്കെ.. അങ്ങനെ ആയിക്കോട്ടെ… ഞാൻ കണ്ടു പിടിച്ചോളാം.”

“അപ്പോൾ ഒക്കെ ബെല്ല കൊച്ചേ.. ഇടക്ക് വരാം കേട്ടോ.”

“ഓക്കെ സേട്ട… പിന്നെ ഇടക്ക് വരണമെന്നില്ല.”

“അങ്ങനെ പറയല്ലേ എന്റെ കൊച്ചേ… സേട്ടന്റെ ഈ പിഞ്ചു ഹൃദയം നോവും കേട്ടോ.”

” ശെടാ.. കഷ്ട്ടമായല്ലോ.. നിർത്തിയിട്ടു പോകുന്നുണ്ടോ… എനിക്ക് വേറെ പണിയുണ്ട്.”

“എന്റെ കൊച്ചേ ചൂടാവാതെ… ഞാൻ പൊയ്ക്കൊള്ളാം.. സീ യൂ ഡിയർ..”

“ഒരു സീ യൂ ഡിയർ… എനിക്ക് ഒന്നും കാണണ്ട..”

ഇയാൾ ആരാ മായാവിയോ… ഒളിച്ചിരുന്നു എന്നെ പിന്തുടരാൻ… എന്നാലും എങ്ങനെ ആയിരിക്കും എന്റെ പാട്ട് കേട്ടിട്ടുണ്ടാവുക… ഒരു എത്തും പിടിയും കിട്ടുന്നില്ല..

ഈ സഞ്ജു മഹാനെ കണ്ടു പിടിച്ചിട്ടു തന്നെ കാര്യം എന്നിട്ട് വേണം അങ്ങേരോട്‌ രണ്ടു പറയാൻ…

കണ്ണിൽ കാണുന്ന പെണ്‍കുട്ടികളുടെ പുറകെ നടന്ന്, അവരുടെ എല്ലാ കാര്യങ്ങൾ അറിഞ്ഞു മെസ്സേജ് അയക്കൽ അത്ര നല്ല കാര്യം അല്ലല്ലോ… എന്നെങ്കിലും കയ്യിൽ കിട്ടുമല്ലോ… വെച്ചിട്ടുണ്ട് നല്ല ഒന്നാന്തരം എട്ടിന്റെ പണി..

ക്രിസ്മസ് ആയതു കൊണ്ടും അന്നത്തെ തിരക്കുകൾ കൊണ്ടും ബെല്ലക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നത് കാരണം …

ഓരോന്ന് ഓർത്തു ഓർത്തു എപ്പോഴോ അവൾ ഉറങ്ങിപ്പോയി.. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ തൊട്ടു സഞ്ജുവിനെ കണ്ടു പിടിക്കൽ ദൗത്യം തുടങ്ങി…

പലയിടങ്ങളിലും അന്വേഷിച്ചു … എങ്കിലും ഒരു വിവരവും കിട്ടിയില്ല… അന്വേഷിണത്തിന്റെ തുടക്കം അപ്പൂപ്പൻമാരുടെയും അമ്മൂമ്മമാരുടെയും ഇടയിൽ നിന്നു തന്നെയായിരുന്നു..

തലതിരിഞ്ഞക്കൂട്ടത്തിലെ ഓരോരുത്തരും വളരെ ആത്മാർത്ഥയോടെ കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ പോലെ അന്വേഷിച്ചു… പക്ഷേ സഞ്ജുവിനെ മാത്രം കണ്ടു കിട്ടിയില്ല…

ദിവസങ്ങൾ കടന്നു പോയികൊണ്ടേ ഇരുന്നു.. ദിവസങ്ങൾ ആഴ്ച്ചകളും, ആഴ്ചകൾ മാസങ്ങളും ആയി.. ഇതിനിടയിൽ പല തവണ സഞ്ജുവിനെ പറ്റി ബെല്ല അന്വേഷിച്ചു .. പക്ഷേ ഒരു വിവരവും കിട്ടിയില്ല…

അങ്ങനെ ഇരിക്കുമ്പോൾ, ഒരു ദിവസം കോളേജ് കഴിഞ്ഞു ഞങ്ങളുടെ കൂട്ടവും അമ്മൂമ്മമാരുമൊത്ത് സൊറ പറഞ്ഞ് ഇരിക്കുമ്പോളാണ് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടത്…

“സുഖമല്ലേ എന്റെ ബെല്ല കൊച്ചേ… കുറെ അന്വേഷിച്ചു അല്ലേ… പക്ഷേ കിട്ടിയില്ല … അല്ലേ… കുഴപ്പമില്ല.. ഞാൻ പറഞ്ഞില്ലേ എന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടും എന്ന്… തന്റെ കൂട്ടുകാരോട് ഒരു കാര്യം പറഞ്ഞേര്… I’m really impressed എന്ന്…

കാരണം കൂട്ടത്തിൽ ഒരു തലതിരിഞ്ഞവൾ എന്നെ കൈയോടെ പിടിച്ചേനെ.. മുടി നാര് ഇടയിലാണ് ഞാൻ രക്ഷപ്പെട്ടത്… എടോ.. താൻ ദേഷ്യപ്പെടേണ്ട.. ഇനി ഇങ്ങനെ മെസ്സേജ് ചെയ്ത് ബുദ്ധിമുട്ടിക്കില്ല ഞാൻ…

പിന്നെ താൻ ഇന്ന് ഒരുപാട് സുന്ദരി ആയിരിക്കുന്നു .. ആരും കണ്ണു വെക്കാതെ ഇരിക്കട്ടെ… ഞാൻ പോകുവാ കെട്ടോ ബെല്ല കൊച്ചേ… കർത്താവ് അനുവദിച്ചാൽ ഞാൻ വീണ്ടും വരും…

തന്നെ അങ്ങു കൂടെ കൂട്ടാൻ… അറിയാം കാന്താരി.. ഇപ്പോൾ മനസ്സിൽ പറഞ്ഞത് .. അങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്നല്ലെ… തൽക്കാലം എന്റെ പള്ളി ബെല്ല കൊച്ചാ .. അത്കൊണ്ട് ഞാൻ ഇവിടെ അങ്ങു പറഞ്ഞേക്കാം…

ഈ അജ്ഞാത കാമുകനെ അന്വേഷിച്ചു അന്വേഷിച്ചു ഈ കൊച്ചിന്റെ മനസ്സിലെ ആരും കാണാത്ത കോണിൽ ഞാൻ അങ്ങ് കയറിപ്പറ്റിയെന്ന് അറിയാം… മനസ്സിൽ ഒരുപാട്‌ ചോദ്യങ്ങളുണ്ട് എന്നും അറിയാം …

തന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളുമായി ഞാൻ വീണ്ടും വരും തന്റെ മുന്നിൽ…. കാത്തിരിക്കണം…
കാത്തുരിക്കില്ലേ….എനിക്ക് വേണ്ടി താൻ….

-എന്ന് ബെല്ലയുടെ സ്വന്തം അജ്ഞാത കാമുകൻ സഞ്ജു”

മൊബൈൽ റിങ് കേട്ടാണ് ബെല്ല ഓർമകളിൽ നിന്ന് ഉണർന്നത്…

മൊബൈൽ എടുത്ത് നോക്കിയപ്പോൾ റോങ് നമ്പർ….

മെസ്സേജും വായിച്ചു ഓരോന്ന് ഓർത്ത് ഇരുന്നു സമയം പോയത്‌ അറിഞ്ഞില്ല… പിന്നെ നേരം കളയാതെ അമ്മയെ കുറച്ച് സഹായിച്ചു…

ഫ്രഷായി നല്ല കസവുള്ള ഒരു സെറ്റും മുണ്ടും ഉടുത്ത് മുടിയെല്ലാം അഴിച്ചിട്ട് കുറച്ച് മുല്ലപ്പൂവും ചൂടി നേരെ പ്രൊവിടെൻസ് ഹോമിലേക്ക് തന്റെ ശകടത്തിൽ വച്ചുപിടിച്ചു..

ഇന്ന് പ്രൊവിഡൻസ് ഹോമിന്റെ അമ്പതാം വാർഷിക ദിനമാണ്… ചെറുതായി ഒരു ഒത്തുകൂടലാണെങ്കിലും അപ്പൂപ്പന്മാരുടെ അഭ്യർത്ഥന പ്രകാരം ഒരു വിശിഷ്ട്ടാതിഥി കൂടി ഉണ്ട്…

ഇന്ന് എറണാകുളം ജില്ലയുടെ സുവർണ്ണ തൂവലായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങളുടെ ഹരമായ കളക്ടർ സാർ, Mr. S amuel IAS … പറയുമ്പോൾ എല്ലാം പറയണമല്ലോ..

യുവജനങ്ങളുടെ ഹരമൊക്കെ ആണ്.. നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്.. പക്ഷേ ഒടുക്കത്തെ ജാഡയാണ്…

അങ്ങേര് കാരണം വാർഷിക ആഘോഷത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വന്നു…

ഒരുപാട് പേരെ ഒഴുവാക്കേണ്ടിയും വന്നു…

കലക്ടർ സാറിന് ഇവിടെ വരുകയും വേണം എന്നാൽ വേറെ ആരും പാടില്ലതാനും…

പിന്നെ പൊതുവെയുള്ള അഭിപ്രായം മാനിച്ചു എല്ലാ പരിപാടികളും അങ്ങു വെട്ടി കുറച്ചു ….

കൃത്യം വൈകിട്ട് അഞ്ച് മണിയോടെ കളക്ടർ സാർ വന്നിറങ്ങിയപ്പോൾ പരിപാടികളുടെ പട്ടികയിൽ ഉൾപെടാത്ത ..

പഞ്ചവാദ്യമേളവും താലപ്പൊലികളോടും കൂടെ .. വേദിയിലേക്ക് ക്ഷണിക്കാൻ പൂച്ചെണ്ടുമായി നിറ ചിരികളോടെ ബെല്ല അവരുടെ മുന്നിൽ ഉണ്ടായിരുന്നു.

നിറഞ്ഞ കരഘോഷത്തോടെ വേദിയിലേക്ക് കളക്ടർ സാർ കയറുമ്പോൾ ബെല്ലയും സംഘവും കൂടെ തന്നെ ഉണ്ടായിരുന്നു..

സ്വാഗത പ്രസംഗം ബെല്ല ചെയ്യുമ്പോളും, ആ വേദിയിൽ നില്ക്കുമ്പോളും, അവളുടെ മനസ്സിൽ സഞ്ജുവും അവന്റെ മെസ്സേജും മാത്രം ആയിരുന്നു…

അവളുടെ കണ്ണുകൾ തന്റെ മുന്നിൽ ഇരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ അവനെ തിരഞ്ഞുകൊണ്ടേയിരുന്നു…

ഇത് വരെ കാണാത്ത തന്റെ അജ്ഞത കാമുകൻ അവിടെ വരും എന്ന് വെറുതെ ഒരു തോന്നൽ…..

ഒരു പ്രതീക്ഷ… പക്ഷേ പ്രതീക്ഷ പ്രതീക്ഷയായ് തന്നെ നിലനിന്നു…

ഒടുവിൽ യുവജനങ്ങളുടെ ഹരമായ കളക്ടർ സാറിന്റെ മറുപടി പ്രസംഗത്തിന്റെ സമയമായി..

മൈക്കിന് മുന്നിൽ കലക്ടർ സാർ നില്കുമ്പോൾ സദസ്സിൽ കരഘോഷം മുഴങ്ങുകയായിരുന്നു…. കുറച്ച് നിമിഷങ്ങൾക്ക് ശേഷം സദസ്സ് പൂർണ്ണ നിശബ്ദതയിലേക്ക് വഴുതി വീണപ്പോൾ.. കലക്ടർ സാറിന്റെ ശബ്ദ മാത്രമായി..

” സദസ്സിൽ ഇരിക്കുന്ന എന്റെ പ്രിയ കൂട്ടുകാരെ… എന്റെ സ്വന്തം അപ്പൂപ്പന്മാരെ അമ്മൂമമാരെ.. വൈദികരെ.. ദൈവത്തിന്റെ സ്വന്തം മണവാട്ടികളെ…

എന്നെ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോയെന്ന് അറിയില്ല.. കാരണം ഇവിടെ ഉള്ളവർക്ക് എന്നെ പണ്ട് തൊട്ടേ അറിയാം…

ഏകദേശം ഒരു രണ്ട് വർഷം മുന്നെ Rev. Fr. ജോർജ് കളത്തിപ്പറമ്പിൽ പറഞ്ഞിട്ട് ആദ്യമായി ഞാനും എന്റെ കൂട്ടുകാരും ഇവിടെ വരുമ്പോൾ.. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ സംഭവിച്ചു..

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരുപാട് സ്നേഹ സമ്പന്നരായ നിങ്ങളെ കിട്ടിയത് തന്നെയാണ്,

രണ്ടാമത് സിവിൽ സർവീസ് പരീക്ഷ കഴിഞ്ഞു സെലക്ഷൻ കിട്ടിയതും മൂന്നാമത് എന്റെ ചിന്തകളെ മാറ്റി മറിച്ചു കൊണ്ട് എന്റെ മനസ്സിലേക്ക് ഒരു മാലാഖ കുട്ടി വന്നു കയറിയെന്നതുമാണ് …

ഈ കൂട്ടത്തിൽ ഉള്ള പലർക്കും അത് അറിയാം .. എന്നാലും പറയുകയാണ്..

കുറച്ച് കുട്ടിത്തരങ്ങളും തലതിരിഞ്ഞ ചിന്താഗതികളോടും കൂടെ നല്ല മനസ്സുള്ള അംഗങ്ങളുള്ള ഒരു തല്ലിപ്പൊളി ഗ്യാങിലെ ഒരു കൊച്ചു മാലാഖ കുട്ടി…

അവളെ ഞാൻ ആദ്യമായി ഇവിടെ വച്ച് കാണുമ്പോൾ ആരോടും തോന്നാത്ത ഒരു ആകർഷണം തോന്നി..

പിന്നീട് അവളെ അവൾ അറിയാതെ നിരീക്ഷിച്ചപ്പോൾ, അവളുടെ ഓരോ പ്രവർത്തികളിലും .. ഞാൻ കണ്ട നന്മകൾ, അവളെ എന്നിലേക്ക് കൂടുതൽ ചേർക്കുകയായിരുന്നു… പിന്നീട് ഇടക്ക് എപ്പോഴോ അവൾക്ക് ഓരോ കുറിപ്പുകൾ..

അതെല്ലാം വായിച്ചു ഞാൻ ആരായെന്ന് കണ്ടു പിടിക്കാൻ ഇറങ്ങിയ എന്റെ മാലാഖ കുട്ടിയും അവളുടെ കൂട്ടുകാരും.. ഇതുവരെ എന്നെ കണ്ടു പിടിക്കാനും പറ്റിയിട്ടില്ല, ഇന്നും അന്വേഷണത്തിൽ തന്നെയാണ്‌…

ഞാൻ ആരാണ് എന്നും , എന്റെ വ്യക്തിത്വം എന്താണെന്ന് പോലും അറിയാതെ എന്റെ ആ മാലാഖ കുട്ടി …
ഇന്ന് നിങ്ങളുടെ മുന്നിൽ നില്കുന്ന… ഈ സാമുവേൽ എന്ന സഞ്ജുവിനെ അന്വേഷിച്ചു ഇറങ്ങി…

ഇന്ന് ഈ വേദിയിൽ അവളുടെ കൂടെ നില്ക്കുമ്പോൾ ഒരുപാട് സന്തോഷവും അതിലേറെ നന്ദിയുമുണ്ട്.. നിങ്ങളെ പോലെ നല്ല മനസ്സുള്ളവരെ എനിക്ക്‌.. അല്ലാ ഞങ്ങൾക്ക് കിട്ടിയതിൽ…

മാതാപിതാക്കളുടെ വില ഞങ്ങളെ മനസ്സിലാക്കി തന്നതിന്… ഇന്ന് പച്ച ഇലകളായ ഞങ്ങളും ഒരുനാൾ പഴുത്ത ഇലകളാകും എന്ന് മനസ്സിലാക്കി തന്നതിന്…

ഞങ്ങളുടെ മാതാപിതാക്കളെ ചേർത്തു പിടിക്കാൻ പഠിപ്പിച്ചതിന്.. തിരക്കുകൾ കൂടുന്ന ഈ കാലഘട്ടത്തിൽ കുറച്ചു സമയം കുടുംബത്തിനായി ചിലവഴിക്കാൻ പഠിപ്പിച്ചു തന്നതിന്…

കുടുംബം എന്ന സ്നേഹകൂടാരത്തിന്റെ വില മനസ്സിലാക്കിത്തന്നതിനും ആ കൂടാരത്തിലേക്ക് എന്നെയും എന്നെ പോലെ ഒരുപാട് പേരെ കൂടുതൽ അടുപ്പിച്ചതിനും…

ഒരുപാട് നന്ദി… പിന്നെ എനിക്ക് എന്റെ മാലാഖ കൊച്ചിനെ കാണിച്ചു തന്നതിന് ദൈവത്തോടും ഒരുപാട് നന്ദി…

എന്റെ മാലാഖ കുട്ടിക്കായ്‌.. എന്റെ ബെല്ലക്ക് വേണ്ടി… രണ്ടു വരികൾ…

“നിനക്കായ് ഞാൻപാട്ടു പാടുമ്പോൾ..
എനിക്കായ് നീകാത്തു നിന്നില്ലേ..
നീ മറന്ന പാട്ടുകൾ… നീ പകുത്ത നെഞ്ചിലേറ്റി..ഓർത്തു പാടുമ്പോൾ…
നീയെനിക്കായ്‌ കാത്തു നിന്നില്ലേ….”

വേദിയിൽ നിന്ന് സഞ്ജു നിറ മിഴികളാലെ നില്ക്കുന്ന ബെല്ലയുടെ അടുത്തു ചെന്ന് അവളുടെ കാതോരം ചോദിച്ചു…

” എന്റെ കാന്താരി ..ഇയാൾ ഇത്രയേ ഉള്ളോ… ഇപ്പോൾ എല്ലാം ക്ലിയറായില്ലേ .. അപ്പോൾ ഇനി എങ്ങനെ.. വീട്ടിലേക്ക് വരട്ടെ കൊച്ചേ … എന്റെ കൂടെ കൂടാൻ തയ്യാറാണോ.”

മറുപാടിയായി ബെല്ല ഒന്ന് ചിരിച്ചു…

സഞ്ജുവിന് ബെല്ലയുടെ ആ ഒരു ചിരി മാത്രം മതിയായിരുന്നു…

കാരണം ആ ചിരിയിൽ സഞ്ജു അറിയുകയായിരുന്നു അവൻ കണ്ട സ്വപ്നങ്ങളെല്ലാം.. നിറങ്ങൾ ചാർത്തി… അതിമനോഹരങ്ങളായ വർണ്ണചിത്രങ്ങളാവുന്നത്…..

Leave a Reply

Your email address will not be published. Required fields are marked *