വിവാഹം നടന്നു, അവിടെ ചെന്ന് കയറിയപ്പോഴേ എല്ലാവരുടെയും അടക്കം പറച്ചിലും..

(രചന: J. K)

ഇത്തവണയും മോനുള്ള പലഹാരങ്ങളും ആയി എത്തിയ ആളെ കണ്ടപ്പോൾ വേഗം അകത്തേക്ക് പോയി നിമിഷ…

“””അച്ഛാ””” എന്നു വിളിച്ചു ഓടി ചെല്ലുന്ന മോനെ എടുത്ത് കൊഞ്ചിക്കുമ്പോഴും അയാളുടെ കണ്ണുകൾ അകത്തേക്ക് നീണ്ടു…

“”കണ്ണാ… അമ്മ… അമ്മക്ക് ഇപ്പോഴും അച്ഛനെ ഇഷ്ടം അല്ലേടാ??””

എന്നു ചോദിക്കുമ്പോൾ ആ കുഞ്ഞ് മുഖം വാടിയിരുന്നു… കുഞ്ഞിക്കൈ തുടയിലെ അടിയുടെ തിണർപ്പിൽ മെല്ലെ തൊട്ടു…

അപ്പോഴാണ് വിനോദ് അത് കണ്ടത്…

“””ഇത് ഇത് ഇങ്ങനെ പറ്റിയതാ??””

അടികൊണ്ട പാടിൽ മെല്ലെ തലോടി അയാൾ ചോദിച്ചു..

“” അച്ഛൻ പറഞ്ഞപോലെ അമ്മയോട് അച്ഛനെ കൂടെ നമ്മുടെ കൂടെ കൂട്ടാം എന്ന് പറഞ്ഞപ്പോൾ അമ്മ അടിച്ചതാ “”

എന്നു പറഞ്ഞു…

“” മോൻ ഇത് കാര്യമാക്കണ്ട അമ്മയല്ലേ അടിച്ചത് “””

എന്ന് പറഞ്ഞ് അയാൾ അവന്റെ മുറിപ്പാടിൽ ഒന്ന് തലോടി കൊടുത്തു…

“” ഇനിയും സമയം കിട്ടുമ്പോൾ അച്ഛനെ കൂടെ കൂട്ടാൻ മോൻ അമ്മയോട് പറയണം… എങ്ങനെയെങ്കിലും അമ്മയെ പറഞ്ഞ് സമ്മതിക്കണം “”””

എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞ് നിസ്സഹായതയോടെ അയാളെ നോക്കി…

“”അച്ഛനെ ഇഷ്ടല്ലേ കണ്ണന്.. അച്ഛന്റെ കൂടെ വരണ്ടേ “”

എന്ന് പറഞ്ഞപ്പോൾ വേദന മറന്നാ കുഞ്ഞിതല മെല്ലെ ആട്ടി..

“”അച്ഛന്റെ മിടുക്കൻ “”””

എന്ന് പറഞ്ഞ് കയ്യിൽ കരുതിയ പൊതികൾ എല്ലാം അവനു നേരെ നീട്ടി..
മെല്ലെ തിരികെ നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു അപ്പോൾ തന്നെ തന്നെ നോക്കി അവൻ നിൽക്കുന്നുണ്ടായിരുന്നു…

കണ്ണൻ”””

അയാളുടെ മിഴികൾ വീണ്ടും അകത്തേക്ക് നീണ്ടു…അവൾ വരില്ല എന്ന് ഉറപ്പായിരുന്നു…

“””അച്ഛൻ പറഞ്ഞത് മറക്കല്ലേ കണ്ണാ “””
എന്ന് ഒന്നുകൂടെ ഓർമ്മിപ്പിച്ചു…

വിനോദ് പോയി എന്ന് ഉറപ്പായതും നിമിഷ പുറത്തേക്ക് വന്നു…

അവിടെ സ്വന്തം അച്ഛൻ കൊണ്ടുവന്ന പൊതികളിൽ എന്താണെന്ന് നോക്കുന്ന മകനെ കണ്ട് അവളുടെ ഉള്ളു നീറി…

“”” അമ്മാ..അച്ഛൻ അമ്മയ്ക്ക് കൊണ്ട് വന്നതാ “””

എന്ന് തന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി പറയുന്നവനെ അലിവോടെ നോക്കി…

“”” അച്ഛൻ പാവല്ലേ അമ്മേ?? “”

എന്നാ കുഞ്ഞ് മുഖത്തുനോക്കി ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ അവന്റെ തലയിൽ തലോടി…

അവളുടെ മുഖത്ത് അപ്പോൾ ഒരു പുച്ഛചിരി വിരിഞ്ഞു….

ഓർമ്മകളിലേക്ക് ഒരു പഴയ പാവാടക്കാരി ഓടി വന്നു.. അവളെ പെണ്ണ് കാണാൻ വന്ന സുമുഖനായ ചെറുപ്പക്കാരനെയും…

കണ്ടു ബോധിച്ചു രണ്ടാൾക്കും..

അച്ഛനില്ലാത്ത പെങ്ങളുടെ മകളെ അമ്മാവൻമാർ മുൻകൈ എടുത്ത് കല്യാണം കഴിപ്പിച്ചു.. ബാധ്യത തീരണമല്ലോ.. ചെക്കനെ കുറിച്ച് അന്വേഷണം പോലും അതുകൊണ്ട് തന്നെ നടത്തിയിരുന്നില്ല..

വിവാഹം നടന്നു..

അവിടെ ചെന്ന് കയറിയപ്പോഴേ എല്ലാവരുടെയും അടക്കം പറച്ചിലും കുശുകുശുപ്പും ശ്രദ്ധിച്ചിരുന്നു…

“”” വിനോദിനും ഒരു നല്ല പെണ്ണിനെ കിട്ടിയോ?? “”

എന്ന് ആരോ അശ്ചര്യത്തിൽ പറയുന്നത് നിമിഷയുടെ ചെവിയിലുമെത്തി

എന്തോ പരിചയമില്ലാത്ത ചുറ്റുപാടും അവരുടെ എല്ലാം അങ്ങനെയുള്ള പെരുമാറ്റവും നിമിഷയിൽ വല്ലാത്തൊരു ഭീതി ഉളവാക്കി…

നേരത്തെ വിളിച്ച് പ്രാർത്ഥിച്ചു അവൾ…
അത് മാത്രമേ അവൾക്ക് അപ്പോൾ ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ…
അയാൾ മുറിയിലേക്ക് വന്നു… എന്നിട്ട് ആദ്യം ചെയ്തത് ജനലും മറ്റും തുറന്ന് എല്ലായിടവും പരിശോധിക്കുകയായിരുന്നു…

അയാളുടെ പ്രവർത്തികൾ ഒരു മാനസികരോഗിയുടെതുപോലെ തോന്നിപ്പിച്ചു…

പിന്നീടുള്ള ദിവസങ്ങൾ ആ തോന്നൽ ഊട്ടിയുറപ്പിക്കുക യായിരുന്നു…

ആരോടും മിണ്ടാൻ പോലും സമ്മതിക്കാതെ ഒന്നു നേരെ ശ്വാസം പോലും വിടാൻ അനുവദിക്കാതെ അയാൾ കാവൽ ഇരുന്നു…

അയാൾക്ക് ഭ്രാന്തമായ സ്നേഹം ആയിരുന്നു.. എന്തും ഒരളവിൽ കൂടിയാൽ അത് നമുക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്.. അത് സ്നേഹം ആയാൽ കൂടി..

ഒപ്പം സംശയ രോഗവും… ആരുമായും സംസാരിക്കാൻ അയാൾ അനുവദിച്ചിരുന്നില്ല, സ്വന്തം സഹോദരൻമാരോടു കൂടി….

കല്യാണത്തിനു മുമ്പ് ഓടിച്ചാടി നടന്നിരുന്നവൾ കല്യാണത്തിനു ശേഷം വീട്ടിൽ മാത്രം ഒതുങ്ങി…. അയാളെ ഭയപ്പെട്ട്….

അയാൾ ആരോടെങ്കിലും സംസാരിക്കുന്നത് കണ്ടു വന്നാൽ വല്ലാതെ ഉപദ്രവിച്ചിരുന്നു… സംസാരിക്കുന്നവരുമായൊക്കെ അവിഹിതബന്ധം ആരോപിക്കുമായിരുന്നു…

അയാൾക്ക് അവളോടുള്ള സ്നേഹം ഭ്രാന്തമായിരുന്നു.. വല്ലാത്ത തരം സ്വാർത്ഥത നിറഞ്ഞ സ്നേഹം… ഒരു കൂട്ടിലകപ്പെട്ട പോലെയായി ആ പെണ്ണ്…

മാറും എന്ന് കരുതി എല്ലാം സഹിച്ചു..

കാരണം എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു ആ പാവത്തിന്… ഇതിനിടയിൽ അവൾ ഗർഭിണി ആണെന്ന് അറിഞ്ഞു..

അത് മുതൽ അയാൾ അസ്വസ്ഥനായിരുന്നു കാരണം ഒരു കുഞ്ഞിന് സ്നേഹം പകുത്തു പോകുന്നത് കൂടി അയാൾക്ക് സങ്കൽപ്പിക്കാൻ പറ്റില്ലായിരുന്നു..

അതുകൊണ്ടുതന്നെ ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് അയാൾ നിർബന്ധിച്ചു… പക്ഷേ ഇത്തവണ വിട്ടുകൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു..

അതുകൊണ്ടുതന്നെ അയാൾ ഗർഭിണിയായിരുന്നവളെ നിത്യം ഉപദ്രവിച്ചു…

കുഞ്ഞിനെ നശിപ്പിക്കാൻ ശ്രെമിച്ചു..

കണ്ണും കാതും തുറന്നു വച്ചവൾ ഉള്ളിലെ ജീവന് കാവലിരുന്നു…

എല്ലാം സഹിച്ച് അവൾ ആ കുഞ്ഞിനെ പ്രസവിച്ചു.. ആൺകുട്ടിയാണ് എന്ന് പറഞ്ഞതും അയാൾ വീണ്ടും അസ്വസ്ഥനായി..

അയാൾക്ക് ആരും വേർതിരിവ് ഉണ്ടായിരുന്നില്ല.. സഹോദരങ്ങളെയും സ്വന്തം മകനെ പോലും അയാൾക്ക് അവളിൽ നിന്ന് അകറ്റണമായിരുന്നു…. കുഞ്ഞിന് പാല് കൊടുക്കാൻ പോലും അയാൾ സമ്മതിച്ചിരുന്നില്ല..

അതിൽ പോലും അയാൾ അസ്വസ്ഥനായി.. അതും പറഞ്ഞ് ഒരു ദിവസം അവളോട് വഴക്കിനു ചെന്നപ്പോഴാണ് അയാളുടെ ഭ്രാന്തിന്റെ കാഠിന്യം അവൾക്ക് തിരിച്ചറിയാനായത്.. കുഞ്ഞിനെ പിടിച്ചു വേടിച്ചു കൊല്ലാൻ നോക്കി..

അന്ന് പോന്നതാണ് കുഞ്ഞിനേയും കൊണ്ട്, തന്റെ അമ്മയുടെ അടുത്തേക്ക്….

എങ്ങനെയൊക്കെ ഒരു ചെറിയ ജോലി അവൾ ശരിപ്പെടുത്തിയിരുന്നു.. അവൾക്കും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാൻ ഉതകുന്ന തരത്തിൽ…

കുറെ ഭീഷണികളും ആയി വന്നിരുന്നു തിരികെ ചെല്ലാൻ ആയി… അയാളുടെ സ്വഭാവം നാട്ടുകാരുടെ മുന്നിൽ തുറന്നു കാട്ടിയപ്പോൾ നാട്ടുകാരും വീട്ടുകാരും അവളോടൊപ്പം തന്നെ നിന്നു..

അയാൾ നിസ്സഹായനായി..

പിന്നെ ഈ വരവ് പതിവായി… അയാളുമായി ഡിവോഴ്സിന് ശ്രമിച്ചെങ്കിലും അയാൾ അത് അനുവദിച്ചു തരാൻ തയ്യാറല്ലായിരുന്നു…
അതുകൊണ്ടുതന്നെ അയാളെ അകറ്റി നിർത്തി..

പക്ഷേ തന്റെ കുഞ്ഞിനോട് അയാൾ കാണിക്കുന്ന പൊള്ളയായ സ്നേഹം കാണുമ്പോൾ… അതിന് ആത്മാർത്ഥമായി ആ കുഞ്ഞ് തിരികെ സ്നേഹിക്കുമ്പോൾ ഇടയ്ക്ക് സങ്കടം തോന്നാറുണ്ട്..

അയാളുടെ കുഞ്ഞിനെ കാണാൻ ഉള്ള അധികാരം നിഷേധിക്കാൻ കഴിഞ്ഞില്ല…

നിമിഷയെ സ്വന്തം വരുതിയിൽ വരുത്താനുള്ള ഒരു കാര്യം മാത്രം ആയിരുന്നു ആ കുഞ്ഞ് അയാൾക്ക്…

പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന ഒരു പ്രായം ആയിരുന്നില്ല കുഞ്ഞിന്… അതുകൊണ്ടുതന്നെ അവൾ ഒന്നും മിണ്ടിയില്ല…

ഇടയ്ക്ക് തന്നെ വന്നു കണ്ടിട്ട് പോകുന്ന അച്ഛന്റെ വാക്കുകൾ കുഞ്ഞ് അതേപോലെ അമ്മയോട് ആവർത്തിച്ചു…

ഇല്ലാണ്ടാക്കാൻ ശ്രെമിച്ച ആളിന് വേണ്ടി കുഞ്ഞ് വായിൽ വാദിച്ചപ്പോൾ,
സഹികെട്ടാണ് ഒരു കമ്പെടുത്ത് രണ്ടു തല്ലു വച്ച് കൊടുത്തത്..

അപ്പോഴും നൊന്തത് ആ പാവം പെണ്ണിനായിരുന്നു..

അവൾ കാത്തിരിക്കാൻ തീരുമാനിച്ചു..

ഒരു പക്ഷേ അവൻ വലുതാവുമ്പോൾ, സത്യങ്ങൾ അറിയുമ്പോൾ, അവൻ തീരുമാനിക്കട്ടെ ആരുടെ കൂടെ നിൽക്കണം ആരുടെ ഭാഗമാണ് ശരിയെന്ന്…

ഇപ്പോൾ ഇതാണ് നിമിഷയുടെ ശരി…
അയാളിൽ നിന്നും അകന്നത്… ആരൊക്കെ കുറ്റപ്പെടുത്തിയാലും അവൾക്ക് അയാൾ ഇന്നൊരു അന്യൻ മാത്രമാണ്…

മറ്റൊരു ജീവിതം ഇനിയില്ല എന്ന് തീരുമാനിച്ചിരുന്നു.. കുഞ്ഞിന്നായി ജീവിക്കും എന്നും…

ഭ്രാന്തമാകുന്ന സ്നേഹവും ഒരുതരത്തിൽ ഒരു ശാപമാണ്.. എന്തും അളവിൽ കൂടുതൽ ആയാൽ.. നിറം മാറിയാൽ അതിൽ ഒട്ടും ഭംഗി കാണില്ല….

Leave a Reply

Your email address will not be published. Required fields are marked *