കേട്ടതൊന്നും സത്യം ആവരുത് എന്ന് അഖിൽ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു..

(രചന: ജ്യോതി കൃഷ്ണ കുമാർ)

കേട്ടതൊന്നും സത്യം ആവരുത് എന്ന് അഖിൽ മനസ്സുരുകി ദൈവത്തോട് പ്രാർത്ഥിച്ചു…

പെട്ടെന്ന് ലീവ് ശരിയായതും ടിക്കറ്റ് റെഡി ആയതും എല്ലാം എന്തോ ഭാഗ്യം ആയിരുന്നു…

അല്ലെങ്കിൽ അമ്മ അത് വിളിച്ചു പറഞ്ഞപ്പോൾ ഉടനെ പോരാൻ പറ്റില്ലായിരുന്നു.. അമ്മയെ വിളിച്ചപ്പോൾ തേങ്ങലോടെ ഒന്നു മൂളുക മാത്രം ചെയ്തു….

അതും കൂടി ആയപ്പോൾ ആകെ കൂടെ ഉള്ളിൽ എന്തോ ഭയം വന്ന മൂടുന്ന പോലെ…

വേഗം അമ്മാവനെ വിളിച്ചു..
അവൾ അപകടനില തരണം ചെയ്തു..
ഇന്ന് അമ്മാവന്റെ വായയിൽ നിന്ന് കേൾക്കും വരെയും അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കുക അസാധ്യമാണ്…

എയർപോർട്ടിൽ ഇരിക്കും നേരം മൊബൈൽ എടുത്ത് അവളുടെ ഫോട്ടോ ഒന്നുകൂടി നോക്കി…

കുഞ്ചുസ്…. അനാമിക”””” എന്ന തന്റെ അനിയത്തി അവളെ കുഞ്ചൂസ് എന്നാണ് താൻ വിളിച്ചിരുന്നത്..

തനിക്ക് അഞ്ചും അവൾക്ക് ഒന്നരയും വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു പോയതാണ് പിന്നീട് അവളെ സ്വന്തം മകളെ പോലെ കൊണ്ടുനടന്നു..

പഠിക്കാൻ മിടുക്കൻ ആയിട്ടും പ്രീഡിഗ്രി വരെ പോയി പഠനം നിർത്തി ഒരു പ്രവാസി ആയി തീർന്നത് അവളെ പഠിപ്പിക്കാനാണ്..

അവളെ ഒരു നിലക്ക് എത്തിക്കാനാണ്..
തന്റെ മനസ്സ് പോലെ തന്നെ അവൾ നന്നായി പഠിക്കുകയും ചെയ്തിരുന്നു..

ചുരുക്കിപ്പറഞ്ഞാൽ ഏട്ടന്റെ മാത്രം അനിയത്തികുട്ടി… അമ്മയ്ക്ക് എപ്പോഴും പരാതി ആയിരുന്നു, അവൾ ഞാൻ പറഞ്ഞാൽ ഒന്നും അനുസരിക്കുന്നില്ല നീ പറഞ്ഞാൽ മാത്രമേ കേൾക്കൂ എന്ന്….

അത് കേൾക്കുമ്പോൾ അവളെ ഞാൻ കണ്ണു തുറിച്ചു നോക്കും….. അവൾ എന്നെ കൊഞ്ഞനം കുത്തി ഓടും…

ഞാനും അമ്മയും പരസ്പരം നോക്കി ചിരിക്കും അത് കണ്ട്… ഞങ്ങളുടെ വീട്ടിലെ കുസൃതി കുടം ആയിരുന്നു അവൾ.. അവളെ ഞാനും അമ്മയും മത്സരിച്ച് സ്നേഹിച്ചിരുന്നു അവൾ തിരിച്ചും…

യാതൊരുവിധ അനുസരണക്കേട് നാളിതുവരെ അവളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല..

വെറുതെ പോലും ഒന്ന് ശകാരിക്കേണ്ടി വന്നിട്ടില്ല എനിക്കും അമ്മയ്ക്കും…
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നത് അവളുടെ ഇഷ്ടപ്രകാരമാണ്…
ബികോം മതി എന്നത് അവളുടെ തീരുമാനം ആയിരുന്നു..

അവളുടെ യാതൊരുവിധ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കാത്ത ഞാനും അമ്മയും അതിനു സമ്മതം മൂളി കാരണം അവളുടെ കാര്യം അവളെക്കാൾ നന്നായി ആർക്കാണ് അറിയുക…

അവൾക്ക് അതാണ് താല്പര്യം എങ്കിൽ അതിന് അവളെ പറഞ്ഞയക്കുക എന്നതിന് തന്നെയായിരുന്നു ഞങ്ങൾക്കും ഇഷ്ടം….

എന്നും വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ അവിടെ ഉണ്ടായ എല്ലാ കാര്യങ്ങളും അവൾ ഒന്നു പോലും വിടാതെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്ന ഒരു തോന്നൽ എനിക്ക് ഇല്ലായിരുന്നു….

അവിടെ എന്തും ഏതും എനിക്ക് കണ്ണിൽ കണ്ട പോലെയായിരുന്നു..

ബികോം കഴിഞ്ഞ എം കോമിന് ചേരുന്നതിനു മുമ്പാണ് അവൾക്ക് ആ വിവാഹാലോചന വന്നത്….

അച്ഛന്റെ തന്നെ ഒരു അകന്ന ബന്ധു വിന്റെ മകൻ…

ഗോപൻ””””

ആ ആലോചന വന്നപ്പോൾ എനിക്കും അമ്മയ്ക്കും ആശ്വാസമായിരുന്നു കാരണം പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് അവളെ പറഞ്ഞയക്കണ്ടല്ലോ ….

അവർ ജാതകം നോക്കിച്ചു നല്ല ചേർച്ചയുണ്ട് എന്നായിരുന്നു പറഞ്ഞത്…
അടുത്ത ബന്ധുക്കൾ അല്ലേ ആ പറഞ്ഞത് എല്ലാവരും വിശ്വസിച്ചു..
പിന്നീട് ഞങ്ങൾ ഒന്നു പോയി നോക്കാൻ ഒന്നും തുനിഞ്ഞില്ല…

ഞാനും ഇത്തിരി ഉത്സാഹം കാണിച്ചിരുന്നു ആ ആലോചന ഉറപ്പിക്കുന്നതിൽ… എനിക്ക് ലീവ് കിട്ടാത്തത് കാരണം നിശ്ചയം നടത്തി വെച്ചോളാൻ അവരോട് പറഞ്ഞു….

അല്ലെങ്കിലും കല്യാണത്തിന് അല്ലേ ഏട്ടന്റെ ആവശ്യമുള്ളൂ പെങ്ങളുടെ കൈ പിടിച്ചു കൊടുക്കാൻ…..

അങ്ങനെ നിശ്ചയം നടത്തി…

നിശ്ചയം കഴിഞ്ഞതോടുകൂടി കുഞ്ചുസ് ആകെ മാറിയിരുന്നു..

വിളിച്ചാൽ തന്നെ എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കും… ഉടൻ അമ്മയ്ക്ക് കൊടുക്കാം എന്ന് പറഞ്ഞ് കൊടുക്കും…

അവളുടെ കളിയും ചിരിയും എല്ലാം എവിടെയോ പോയി മറഞ്ഞു… ഞാൻ വിളിക്കുമ്പോൾ ഒക്കെയും ചോദിച്ചു,

“”””എന്താടീ ഏട്ടന്റെ കുട്ടിക്ക് പറ്റിയേ???””” എന്ന്…

ഒന്നുല്ല്യ ഏട്ടാ എന്ന് അവൾ മറുപടി പറഞ്ഞു… ഒന്നും ഇല്ലായിരിക്കും ഞങ്ങളെ വിട്ടു പോകണം എന്ന് ആലോചിച്ചിട്ട് ഉള്ള ടെൻഷൻ ആയിരിക്കും എന്ന് ഞാനും ആശ്വസിച്ചു…

അമ്മയോട് പറഞ്ഞു അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു നോക്കാൻ…

അമ്മ ആവുംവിധം അവളോട് ചോദിച്ചു അമ്മയോടും അവൾ ഒന്നും പറഞ്ഞിരുന്നില്ല….

ഞങ്ങളുടെ തോന്നൽ ആയിരിക്കും എന്ന് കരുതി രണ്ടുപേരും മിണ്ടാതിരുന്നു….

കല്യാണത്തിന് മൂന്നാഴ്ചകൾ കൂടിയേ ഉള്ളൂ…. ഞാൻ ലീവിന് ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട് അത് പ്രകാരം ലീവ് സാങ്ഷൻ ആയിരിക്കുന്നു…. വരാൻ വേണ്ടി തയ്യാറായി അവൾക്ക് ഇഷ്ടപ്പെട്ടത് എല്ലാം വാങ്ങി…

കല്യാണമല്ലേ കുറച്ച് സ്വർണ്ണം ഇവിടെ നിന്നും വാങ്ങി….. ബാക്കി നാട്ടിൽ പോയിട്ട് എടുക്കണം….

പിന്നെ അവൾക്ക് വാച്ച്.. ഇടാനുള്ള ചെരുപ്പ് പുതിയ ഡ്രസ്സ് അങ്ങനെ എന്നാൽ കഴിയുന്നതെല്ലാം ഞാൻ കരുതി….

ഫ്ലൈറ്റിന് ഏതാനും മണിക്കൂർ ബാക്കി നിൽക്കേയാണ് അമ്മ വിളിച്ചു പറഞ്ഞത് അവൾ ഒരു കടുംകൈ ചെയ്തു എന്ന്..

കുളിമുറിയിൽ രണ്ട് കൈയുടെയും ഞരമ്പ് മു റിക്കുകയായിരുന്നത്രേ… എത്രയാലോചിച്ചിട്ടും എന്താണ് സംഭവിച്ചത് എന്നോ അല്ലെങ്കിൽ അവൾ എന്തിനാ അത് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല…

നാട്ടിലേക്ക് തിരിക്കുമ്പോൾ മുഴുവൻ മനസ്സിൽ അത് മാത്രമായിരുന്നു..

വേഗം ഹോസ്പിറ്റലിലേക്ക് ആണ് ചെയ്യുന്നത് അവിടെ അവൾ അപകടനില തരണം ചെയ്തു… എങ്കിലും ഐസിയുവിൽ തന്നെ തുടരുകയായിരുന്നു..

അവളെ മുറിയിലേക്ക് മാറ്റുന്നത് വരെ ഞാൻ സംയമനം പാലിച്ചു..

മുറിയിലേക്ക് മാറ്റി കഴിഞ്ഞതും അവൾ എന്നെ ഫേസ് ചെയ്യാനാവാതെ മുഖംതിരിച്ച് കരഞ്ഞുകൊണ്ടിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും പോയി അപ്പോൾ ഞാൻ അവളുടെ അരികത്തു എത്തി അവളുടെ മുടിയിൽ തലോടി ചോദിച്ചു….

“”” എന്താ ഏട്ടന്റെ കുഞ്ചുവിനെ പറ്റിയേ???? “””‘ എന്ന്

ഏട്ടാ എന്ന് വിളിച്ച് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. അവളെ മുറുകെ പിടിച്ച് ഞാൻ ആശ്വസിപ്പിച്ചു…

അപ്പോഴാണ് അവൾ അത് പറഞ്ഞത് ഗോപൻ എല്ലാവരും കരുതുന്നതുപോലെ ഒരു ആളായിരുന്നില്ല…

ജ്യോത്സ്യത്തിൽ എല്ലാം അധികമായി വിശ്വസിക്കുന്ന ഒരു തരം ഭ്രാന്തൻ ആയിരുന്നു അയാൾ..

വീട്ടുകാർ നോക്കി പൊരുത്തം ഉണ്ടെന്ന് പറഞ്ഞ് ജാതകം അയാൾ വീണ്ടും വേറെ ഏതോ ജോത്സ്യനെ കൊണ്ട് കാണിച്ചത്രെ…

ഞങ്ങളുടെ അച്ഛൻ മരിക്കാൻ കാരണം കുഞ്ചുസ് ആണെന്ന് അയാൾ പറഞ്ഞു പോലും…..

അവൾ മുജ്ജന്മത്തിൽ ചെയ്ത പാപങ്ങളും മൂലമാണ് ഞങ്ങൾക്ക് അച്ഛനെ നഷ്ടപ്പെട്ടത് എന്ന്…..

അവളെ കല്യാണം കഴിച്ചാൽ അയാളും അപകടത്തിൽ പെടും അയാളുടെ ഈ ഭ്രാന്ത് അറിയാവുന്ന വീട്ടുകാർ അയാൾ പറഞ്ഞാൽ എടുക്കുകയില്ല അവളോട് തന്നെ ഈ വിവാഹം മുടക്കാൻ അയാൾ പറഞ്ഞിരുന്നത്രെ…

പാവം എന്തുവേണമെന്ന് അറിയാതെ ഉരുകുകയായിരുന്നു….

“” എടി പൊട്ടി പെണ്ണെ നിനക്ക് നിന്റെ ഏട്ടനോട് പറഞ്ഞു കൂടായിരുന്നോ??? “””

എന്ന് ചോദിച്ചു അവളുടെ ചെവി പിടിച്ചു…
ഏട്ടൻ ഇത്രയും കഷ്ടപ്പെട്ട് സമ്പാദിക്കുന്നു , ചേട്ടന്റെ മനസ്സിൽ ഇഷ്ടപ്പെട്ട ഒരു കല്യാണ ആലോചന വന്നപ്പോൾ അവൾ ആയി മുടക്കിയാൽ ചേട്ടന്റെ മനസ്സ് വേദനിക്കും എന്ന് വിചാരിച്ചു പാവം….

“”” നീ ഇത്ര പാവം ആയി പോയല്ലോ പെണ്ണേ “”

എന്ന് പറഞ്ഞ് അവളെ ചേർത്തു പിടിച്ചു ഒപ്പം ഈ വിവാഹം എന്റെ പെങ്ങൾക്ക് വേണ്ട എന്നും തീരുമാനിച്ചിരുന്നു….

“”” ഇതിനാണോ ടാ നീ അമ്മയെയും ഏട്ടനെയും ഒക്കെ മറന്ന് ഈ കടുംകൈ ചെയ്തത് “””

എന്നവളെ ചേർത്ത് പിടിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു ഒന്ന് കണ്ടു കൊതി പോലും തീരാത്ത അച്ഛൻ ഞാൻ കാരണം ആണ് മരിച്ചത് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല ഏട്ടാ….

എന്ന്…

ഇതൊക്കെ വിശ്വസിക്കാൻ ഇത്രയ്ക്കും മണ്ടി ആണോ ടി നീ എന്ന് പറഞ്ഞ് അവളോട് ഞാൻ ദേഷ്യപ്പെട്ടു….

അതോടെ ഒന്ന് തീരുമാനിച്ചിരുന്നു അവൾ ഒരു പക്വത എത്തുന്നതുവരെ ഇനി അവൾക്ക് ഒരു കല്യാണം ആലോചിക്കില്ല എന്ന്…

ഒപ്പം മറ്റുള്ളവർക്ക് വേണ്ടി തന്റെ സന്തോഷങ്ങൾ ബലി അർപ്പിക്കുക അല്ല വേണ്ടത് ശരി ഏതാണ് തെറ്റ് ഏതാണ് എന്ന് അറിഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത് എന്നും അവളെ പഠിപ്പിച്ചു…

ഇന്ന് അവൾ നല്ലൊരു ജോലി സമ്പാദിച്ചിട്ടുണ്ട്…. സ്വന്തം കാലിൽ നിൽക്കുന്നുണ്ട്….

ഇപ്പോൾ അവൾക്ക് തെറ്റേത് ശരിയേത് എന്നറിയാം… ഇനി ഒരു കല്യാണം നോക്കണം..

ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അവളുടെ ജീവിതത്തിൽ ഇനിയൊരു മണ്ടൻ തീരുമാനം അവൾ എടുക്കില്ല എന്ന്…..

Leave a Reply

Your email address will not be published. Required fields are marked *