പ്രണയിച്ച് വിവാഹം കഴിച്ചതാണ് നീതുവിനെ, വീടിന് അടുത്ത് തന്നെയായിരുന്നു..

(രചന: ജ്യോതി കൃഷ്ണ കുമാർ)

കുഞ്ഞുങ്ങൾ ഏറെ സന്തോഷത്തിൽ ആയിരുന്നു .. ആദ്യമായിട്ടാണ് അവരെ വീടുവിട്ട് പുറത്ത് ഒരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നത്..

നമുക്ക് ഒരു യാത്ര പോകാം എന്ന് രാഗേഷ് പറഞ്ഞപ്പോൾ രണ്ടാൾക്കും ഒട്ടും വിശ്വാസം വരുന്നില്ലായിരുന്നു..

അവർ പരസ്പരം നോക്കി… കാരണം എനിക്കും നീതുവിനും ഒരു യാത്ര പോകുന്നതിന്റെ സന്തോഷം ഒന്നും മുഖത്ത് കാണാത്തത് ആവാം..

ഇതൊരു വെറും യാത്രയല്ലല്ലോ… എല്ലാം അവസാനിപ്പിക്കാനുള്ള യാത്രയല്ലേ….??
അവളുടെ മുഖത്തേക്ക് നോക്കാൻ ആവാതെ ഞാൻ നിന്നു..

പ്രണയിച്ച് വിവാഹം കഴിച്ചതാണ് നീതുവിനെ.. വീടിന് അടുത്ത് തന്നെയായിരുന്നു അവളുടെ വീട്.. ഞങ്ങളെക്കാൾ ജാ തിയിൽ മുന്നിൽ..

പണത്തിന്റെ കാര്യത്തിലും.. അതുകൊണ്ടുതന്നെ വെറും ഒരു ഓട്ടോ കാരന് പെണ്ണ് ചോദിച്ചാൽ തരില്ല എന്ന് പൂർണ ബോധ്യമുണ്ടായിരുന്നു…

ഇറങ്ങി വരുമെന്ന് അവൾ ഉറപ്പ് തന്നിരുന്നു…

പട്ടിണിയിൽ ആകെ ഉള്ള അമ്മയും വിടപറഞ്ഞ് പോയവന് ഏക ആശ്വാസം ആ വാക്കുകളായിരുന്നു…. ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് അവൾ ഒരാൾ മാത്രം ആയിരുന്നു…

അപമാനിക്കപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും കൂടി അവളുടെ അച്ഛനോട് ചെന്ന് പെണ്ണ് ചോദിച്ചു..
പിൻ വാതിലിലൂടെ അവളെ ഒളിപ്പിച്ചുകൊണ്ടുപോകാൻ ഒരുക്കം അല്ലായിരുന്നു ..

പ്രതീക്ഷിച്ചപോലെ അയാൾ ആട്ടി ഇറക്കിവിട്ടു..

“” വരുമോ എന്റെ കൂടെ?? “”

എന്നു പ്രതീക്ഷയോടെ അവളോട് ചോദിച്ചപ്പോ യാതൊരുവിധ മടിയും കൂടാതെ തന്നെ അവൾ എന്റെ കൂടെ ഇറങ്ങി വന്നു…

അവളെ തടഞ്ഞവരോട് ഞാൻ രാഗേഷ് ചേട്ടന്റെ കൂടെയാണ് ഇനി ജീവിക്കാൻ പോകുന്നത് എന്നും… ഇനി തന്നെ തടയരുതെന്നും അവൾ ഉറപ്പിച്ചു പറഞ്ഞു..

അവളുടെ ഉറച്ച ആ തീരുമാനത്തിന് മേലെ, ആർക്കും ഒന്നും ചെയ്യാൻ ഇല്ലായിരുന്നു….

അവർ അവളെ പടിയടച്ച് പിണ്ഡം വെച്ചു.. പിന്നീട് അവൾക്ക് ജീവിച്ചിരിക്കുന്ന ഏക ബന്ധു ഞാൻ മാത്രമായി..

എനിക്ക് അവളും.. സന്തോഷമായിരുന്നു ജീവിതം മുഴുവൻ..

അതിന്റെ ആക്കം കൂട്ടാനായി രണ്ട് മാലാഖമാരും… മൂത്തവൾ ലക്ഷ്മിയും.. പിന്നെ തങ്കം എന്ന ഞങ്ങളുടെ കുഞ്ഞിയും..

അവളുടെ നിർബന്ധം ആയിരുന്നു അവളുടെയും എന്റെയും അമ്മയുടെ പേരിടണം എന്ന്..

അങ്ങനെയാണ് അവർ ഞങ്ങളുടെ ലക്ഷ്‌മിയും, തങ്കവും ആയത്..

ഞങ്ങളുടെ മാത്രം പോന്നോമനകൾ..
അവളെ പോലെ ആയിരുന്നു മൂത്തവൾ ലക്ഷ്മി.. തങ്കം എന്റെ പോലെയും..

സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും അങ്ങനെ ജീവിതം അസൂയാവഹം മുന്നോട്ട് പോയി…

പെട്ടെന്നാണ് എനിക്ക് വിട്ടു മാറാത്ത പനി വന്നത്.. ഒപ്പം ഛർദിയും..

കുറെ സ്വയം ചികിൽസിച്ചു.. വല്ലാതെ ക്ഷീണം തോന്നിയപ്പഴാ ഡോക്ടറെ കാണിച്ചത്.. വൃക്കകളിൽ ഒന്ന് പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും തകരാറായിരിക്കുന്നു..

ഡോക്ടറുടെ വായിൽ നിന്നത് കേട്ടതും തകർന്നു പോയി ഞാൻ, അപ്പോൾ വരാൻ ഇത്തിരി വയ്ക്കുമ്പോഴേക്ക് വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന രണ്ടു കുഞ്ഞ് മുഖങ്ങൾ ആണ് മുന്നിൽ തെളിഞ്ഞത്..

“”””എന്തേലും വഴിയുണ്ടോ?? “” എന്ന് ചോദിച്ചപ്പോൾ സ്വരം ഇടറിയിരുന്നു.. അപ്പൂഴൊക്കെയും നീതു എന്റെ കയ്യിൽ മുറുകെ പിടിച്ചു..

“”മാറ്റി വക്കൽ മാത്രേ പരിഹാരം ഉള്ളൂ…
ഒരു ഡോണറെ കണ്ടെത്തൂ “” എന്ന് ഡോക്ടർ പറഞ്ഞപ്പോഴേക്കും..

“”ഞാൻ തയ്യാറാണ് “”” എന്ന് നീതു പറഞ്ഞിരുന്നു..

“”മോളെ നീ???”” എന്ന് പറഞ്ഞപ്പോൾ,

നിങ്ങളില്ലാതെ ഞങ്ങൾ എന്തിനാ രാഗേഷേട്ടാ എന്നവൾ ചോദിച്ചു..

“”അങ്ങനെ എങ്കിൽ മാച്ച് ആകുമോ എന്ന് നോക്കാം ട്ടോ “” എന്നു പറഞ്ഞു ഡോക്ടർ..

അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.. ഞാനും കാരണം, എന്റെ ഈ സ്വർഗം വിട്ട് എനിക്കും പോവാൻ കഴിയുമായിരുന്നില്ല…

അവളുടെത് എന്റെയുമായി മാച്ച് ആയിരുന്നു..

എന്നാലും അതിന് ഏറെ പണം ആവശ്യമായിരുന്നു.. അത് കണ്ടെത്താൻ ഇരിക്കുന്ന കൂരയും കയ്യിലുള്ളതോക്കെയും വിൽക്കേണ്ടി വന്നു..

ലോണും.. ആളുകളുടെ സഹായവും ഒക്കെ ആയി അതങ്ങു നടന്നു..

പക്ഷെ പിന്നീട് നിക്ക കള്ളിയില്ലാതെ ആയി..

ലോൺ തിരിച്ചടവും.. കടം വാങ്ങിയവർ ചോദിച്ചു വരലും ഒക്കെ ആയി ജീവിതം മടുത്തു.. ഓട്ടോ കൂടെ വിൽക്കേണ്ടി വരും എന്നായപ്പോഴാ, അവളോട് ചോദിച്ചത്, ഇങ്ങനെ നമുക്ക് ജീവിക്കണോടീ എന്ന് അങ്ങു ചത്തു കളയാം.. എന്ന്..

മിഴികൾ നിറച്ചു അവൾ പറഞ്ഞത്..

“”ഇത്ങ്ങളെ ഓർത്തിട്ടെ ഉള്ളൂ വിഷമം.. നമ്മടെ കയ്യോണ്ട് നമുക്കത്തിനു കഴിയോ???”””

എന്നായിരുന്നു.. ഒന്നും അറിയാതെ കളിക്കുന്ന എന്റെ മാലാഖ കുഞ്ഞുങ്ങൾ..

അത് കാണെ എന്റെ നെഞ്ച് പൊട്ടി.. തീരുമാനം മാറ്റി…

പിന്നെയും പിടിച്ച് നിൽക്കാൻ നോക്കി.. പക്ഷെ ഒരു കച്ചിത്തുരുമ്പ് പോലും ഇല്ലായിരുന്നു ഈ നില ഇല്ലാ കയത്തിൽ ഒന്ന് കയറി പിടിക്കാൻ..

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവരെയും കൊണ്ട് ഇറങ്ങി..
ഒരിക്കലും തിരിച് വരാൻ കഴിയാത്തിടത്തേക്ക്…
സംരക്ഷിക്കേണ്ട കൈ കൊണ്ട് സംഹാരത്തിനു….

പോകാൻ നേരം ചെറിയവൾ, തങ്കം, ഞങ്ങടെ കുഞ്ഞി പറഞ്ഞിരുന്നു അച്ഛനൊരു സർപ്രൈസ് ഉണ്ട് എന്ന്…
അത്ര കാര്യമാക്കാതെ അവരെയും കൊണ്ട് ഇറങ്ങി…

അവർക്ക് ഇഷ്ടമുള്ളിടത്തൊക്കെ കൊണ്ടുപോയി.. മനസ്സ് നിറഞ്ഞു അതുങ്ങൾ ചിരിച്ചു..
എല്ലാം കണ്ട് ഉള്ളുരുകി ഞാനും അവളും…

ഉച്ചക്ക് മേടിച്ചു കൊടുത്ത ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രണ്ടാളും നിലത്തൊന്നും അല്ലായിരുന്നു..
ഐസ് ക്രീം നുണയുമ്പോ ഞങ്ങൾക്കും ഒരു ഓഹരി നീട്ടി രണ്ടാളും..

രാത്രി ബിരിയാണി മേടിച്ചു തരാം ട്ടോ എന്ന് പറഞ്ഞപ്പോൾ വിശ്വാസം വരാതെ അവർ എന്നെ നോക്കി..

രണ്ടു പൊതി ബിരിയാണിയും വാങ്ങി ചെന്നു അവരുടെ അടുത്തേക്ക്..

കയ്യിൽ ഒളിപ്പിച്ചിരുന്ന പോയ്സൺ അതിൽ കലർത്താൻ ഉള്ള മനസ്സുറപ്പ് അപ്പോഴും ഇല്ലായിരുന്നു… നീതുവിന്റെയോ കുഞ്ഞുങ്ങടെയോ മുഖത്ത് നോക്കിയില്ല…

നോക്കിയാൽ ഞാൻ തളർന്നു പോകുമായിരുന്നു.

“”ഇന്ന് ഒരുമിച്ച് ആഹാരം കഴിക്കണം ട്ടോ നാലാൾക്കും കെട്ടിപിടിച്ച് ഉറങ്ങണം ട്ടോ”” എന്ന് അവൾ പറഞ്ഞപ്പോ കണ്ണിൽ നിന്നും വന്നത് ചോരയാണ് എന്ന് തോന്നി…

കയ്യിലിരുന്ന കുപ്പിയിലെ വെളുത്ത വിഷം അതിലേക്ക് അവർ കാണാതെ ചേർക്കാൻ നിൽക്കുമ്പോഴാണ് അവൾ വന്നത്…

തങ്കം.. ഞങ്ങടെ കുഞ്ഞി… അവൾ ഒരു പേപ്പർ നീട്ടിയിട്ട് പറഞ്ഞു..

“”ദാ അച്ഛാ ഞാൻ പറഞ്ഞ സർപ്രൈസ്””” എന്ന്.. അവളുടെയും ചേച്ചിയുടെയും പരീക്ഷ പേപ്പർ….

മുഴുവൻ മാർക്കും വാങ്ങിയിരിക്കുന്നു…

“”അച്ഛാ ഞാനും ചേച്ചീയും പഠിച്ചു വല്ല്യേ ആളായിട്ട് അച്ഛനെ നോക്കാം ട്ടോ “”” എന്ന് കൊഞ്ചി പറയുന്നവളെ കുറ്റബോധത്തോടെ നോക്കി…

പ്രതീക്ഷയുടെ ഒരു നാമ്പ് അവിടെ തളിരിട്ടു… അവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചതിനു അവരോട്…

മാപ്പ് പറഞ്ഞു… ഓട്ടോ ഓടിക്കുന്നതോടൊപ്പം ലോട്ടറിയും വിൽക്കാൻ തുടങ്ങി..

ഈശ്വരൻ ചെലപ്പോ അങ്ങനെ ആണ് പരീക്ഷിക്കും…നമ്മൾ തളരരുത്.. പിന്നെ വിജയം മാത്രേ ഉണ്ടാവൂ…

ഒന്നാം സമ്മാനം അടിച്ചു.. അതിന് കിട്ടിയ പണം കൊണ്ട് കുറെ കടങ്ങൾ വീടി..

എല്ലാം ശരിയായി നന്നായി പഠിക്കുന്ന കുഞ്ഞുങ്ങളും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഭാര്യയും…

അന്ന് ഒരു പൊട്ട ബുദ്ധിക്ക് എല്ലാം അവസാനിപ്പിച്ചിരുന്നെങ്കിൽ എന്ന് ഏറെ ഭയത്തോടെ ഇന്നും ഓർക്കാറുണ്ട്..
അപ്പോഴൊക്കെയും,

അവൾ കളിയായി ചോദിക്കും, അന്നത്തെ ആ ബിരിയാണി എടുക്കാൻ ഉണ്ടോ രാഗേഷേട്ടാ എന്ന്…

Leave a Reply

Your email address will not be published. Required fields are marked *