വിവാഹം കഴിഞ്ഞ് ഇത്രയായിട്ടും നിനക്ക് അയാൾക്ക് മുന്നിൽ നല്ലൊരു ഭാര്യയാകാൻ കഴിയുന്നില്ലെന്ന് അറിഞ്ഞപ്പോൾ..

(രചന: ദേവൻ)

അവളുടെ കല്യാണം ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി. ഒരിക്കൽ അവളെ വീട്ടിൽ പോയി ചോദിച്ചതാണ്. അന്നവളുടെ അപ്പൻ പറഞ്ഞതോർന്നയുണ്ട്.

” ഓട്ടോഡ്രൈവർക്ക് കൊടുക്കാൻ ഈ വീട്ടിൽ പെണ്ണില്ല. ” എന്ന്.

അന്നത് ദേഷ്യം തോന്നി. ഡ്രൈവർ എന്ന് പറയുമ്പോൾ ഇവരുടെ ഒക്കെ മുഖത്തെന്താണിത്ര പുച്ഛം എന്ന് മനസ്സിലാകുന്നില്ല. അതും ഒരു കഷ്ടപ്പാട് ആണ്. കിട്ടിയ വരുമാനം കൊണ്ട് ഒരു കുടുംബത്തെ പുലർത്തുന്നുണ്ട്.

അന്നവൾ പറയുമായിരുന്നു ” അച്ഛൻ പറയുന്നത് കാര്യാക്കണ്ട പ്രശാന്തേട്ടാ. ഏതൊരച്ഛനും ചിന്തിക്കുന്നതല്ലേ ഇതൊക്കെ. ” എന്ന്.

” എടി, നിന്റ വീട്ടിൽ ഇതിന് മാത്രം എന്ത് ഉണ്ടായിട്ട നിന്റ അച്ഛനിത്ര അഹങ്കാരം. ശരിക്കൊരു കാറ്റ് അടിച്ചാൽ നിലം പൊത്താറായ വീടല്ലാതെ വേറെ ന്താ ഉള്ളത്. ? ”

” അത് തന്നെ ആണ് ഏട്ടാ അവരും ചിന്തിക്കുന്നത്. അവർക്കൊ ഈ അവസ്ഥ ആയി. ഇനി ഉള്ള മോളെങ്കിലും നന്നായി ജീവിക്കണം എന്ന ആഗ്രഹം ആണ്.

അതൊരിക്കലും അഹങ്കാരമായി കാണണ്ട. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഉള്ള എല്ലാ അച്ചന്മാരും ആദ്യം അങ്ങനെ ചിന്തിക്കൂ. ”

അവൾക്ക് മറുപടിയെന്നോണം ഒന്ന് മൂളുകമാത്രം ചെയ്തു.

” പിന്നെ ജീവിക്കേണ്ടത് ഞാൻ അല്ലേ, എനിക്ക് നിങ്ങടെ കൂടെ ജീവിയ്ക്കാൻ ആണ് ഇഷ്ടം. പക്ഷേ.. ”

“പക്ഷേ… ” അവൻ സംശയത്തോടെ അവളെ നോക്കി.

” ഏട്ടന് നല്ലൊരു ജോലിക്ക് ശ്രമിച്ചൂടെ? ”

അവളുടെ ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് വന്നത്.

” ഓഹ്, നിന്റ അച്ഛനെ പോലെ നിനക്കും ഓട്ടോഡ്രൈവറോട് പുച്ഛമായോ? കൊള്ളാം…
എടി, എന്റെ തൊഴിൽ ഇതൊക്കെ ആണെന്ന് അറിഞോണ്ടല്ലേ നമ്മൾ ഇഷ്ടപ്പെട്ടെ? അന്നൊന്നും നിനക്കീ ജോലി മോശമായിരുന്നില്ലലോ. പിന്നെ ന്താ ഇപ്പോൾ ഒരു ഇളക്കം? ”

അവൻ വന്ന ദേഷ്യം വാക്കാൽ പ്രകടിപ്പിച്ചുകൊണ്ട് പോകാനായി എഴുന്നേൽക്കുമ്പോൾ പുഞ്ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചിരുത്തി അവൾ.

” എന്റെ ഏട്ടാ. വെറുതെ എഴുതാപ്പുറം വായിക്കല്ലേ. നിങ്ങടെ ജോലിയോ കൂലിയോ നോക്കിയല്ല ഞാൻ ഇഷ്ടപ്പെട്ടത്. എനിക്ക് ആരോടും പുച്ഛവും ഇല്ല.

ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ, എന്റെ അച്ഛന് ജോലി ഉള്ളവരെ വേണം എനിക്ക് നോക്കാൻ. അതിപ്പോ ആള് ഉദ്ദേശിക്കുന്നത് അവര് കഷ്ട്ടപെട്ടപ്പോലെ മോള് കഷ്ട്ടപ്പെടരുത് എന്നാണ്.

അതുകൊണ്ട് ഏട്ടൻ ഒരു രണ്ട് കൊല്ലം ഗൾഫിൽ പോ. ഗൾഫിൽ പോയി, നല്ല ജോലിയാണ് എന്നൊക്കെ പറയുമ്പോൾ അച്ഛന് സന്തോഷമാകും. ബാക്കിയൊക്കെ പറഞ്ഞ് ശരിയാക്കുന്ന കാര്യം ഞാൻ ഏറ്റു ”

അത് പറയുമ്പോൾ അവളുടെ മുഖത്തു വല്ലാത്തൊരു പ്രസരിപ്പ് ആയിരുന്നു. പക്ഷേ പ്രശാന്തിനെന്തോ നാട് വിട്ട് പോകുക എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലായിരുന്നു.

” എടി ചിന്നു. ഈ നാടും വീടുമൊക്കെ വിട്ട് രണ്ട് കൊല്ലം ഗൾഫിൽ…. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. അതുകൊണ്ട് ഞാൻ ഒരു കാര്യം പറയട്ടെ…. ”

അവൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവന് പറയാൻ പോലും അവസരം കൊടുക്കാതെ അവളിൽ നിന്നും വന്ന മറുപടി അവന്റെ സകല പ്രതീക്ഷയും ഇല്ലാതാക്കി.

” നമുക്ക് ഒളിച്ചോടാം എന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരം ഞാൻ നേരത്തെ പറഞ്ഞതാണ്.

ഒരു സുപ്രഭാതത്തിൽ അങ്ങനെ എല്ലാരേം വിട്ട് ഇറങ്ങിവരാനൊന്നും എനിക്ക് പറ്റില്ല. അങ്ങനെ വീട്ടുകാരെ സങ്കടപ്പടുത്തി എനിക്ക് സന്തോഷിക്കേം വേണ്ട. ”

അന്ന് കുറെ ചിന്തിച്ചു. വീട്ടുകാരും പറഞ്ഞു ഒന്ന് മാറിനിന്നാൽ ഒക്കെ ശരിയാകുമെങ്കിൽ അതല്ലേ നല്ലത്‌ എന്ന്. അങ്ങനെ ആണ് ഗൾഫിലേക്ക് കയറുന്നത്.

പോരുന്നതിന്റെ തലേ നാൾ അവളോട് യാത്ര പറയുമ്പോൾ കാത്തിരിക്കും എന്ന് പറഞ്ഞവൾ ആണ്.

കൂട്ടുകാരിയുടെ ഫോണിൽ തന്റെ കാൾ കാത്തിരുന്നവൾ പിന്നീട് പതിയെ പതിയെ മാറി തുടങ്ങിയപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു. എന്തായിരുന്നു ഒഴിഞ്ഞുമാറ്റം എന്നതിനുള്ള ഉത്തരം കിട്ടിയത് കുറച്ചു വൈകിയായിരുന്നെന്ന് മാത്രം.

” എന്ത് പറ്റി പെണ്ണെ ” എന്ന് ചോദിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.

പിന്നീടവൾ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ നിർവ്വികാരമായി ഫോൺ താഴെ വെക്കുമ്പോൾ അവളുടെ വിറയ്ക്കുന്ന ശബ്ദം കാതിലങ്ങനെ അലയ്ക്കുകയായിരുന്നു.

” ഏട്ടാ…. മരിക്കണോ ജീവിക്കണോ എന്നറിയാത്ത അവസ്ഥയിൽ ആണ് ഞാനിപ്പോൾ. ഒന്നുമില്ലാത്ത വീട്ടിലെ പെണ്ണിനെ കെട്ടാൻ പൂത്ത കാശുമായി ഒരുത്തൻ വന്നപ്പോൾ അച്ഛന്റെ കണ്ണ് മഞ്ഞളിച്ചു.

ഞാൻ മരിക്കുമെന്ന് വരെ പറഞ്ഞുനോക്കി. പക്ഷേ, അച്ഛന്റെ പിടിവാശി.

നീ മരിക്കണ്ട, അതിന് മുന്നേ ഞാൻ മരിക്കാമെന്ന് പറഞ്ഞ് അച്ഛൻ ഭീഷണിപ്പെടുത്തി. ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അച്ഛൻ ജീവനൊടുക്കുമെന്ന് പറഞ്ഞപ്പോൾ……
എനിക്കറിയില്ല ഇനി എന്ത് ചെയ്യണമെന്ന്. ഒന്നുങ്കിൽ ഞാൻ മരിക്കണം, അല്ലെങ്കിൽ ………”

ആ വാക്കുകൾ മുഴുവനാക്കിയില്ലെങ്കിലും ഊഹിക്കാൻ പറ്റുമായിരുന്നു അവൾ പറയാൻ വന്നതെന്തെന്ന്.

” ഒന്നുങ്കിൽ അവളെ മരണത്തിനു വിട്ട് കൊടുക്കണം… അല്ലെങ്കിൽ അവളെ മറക്കണം. ”

അങ്ങനെ അവൾ തനിക്ക് വേണ്ടി മരിക്കുന്നതിനേക്കാൾ നല്ലത് എവിടെ ആയിരുന്നാലും സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയുന്നതല്ലേ മനസ്സിനും തെല്ല് ആശ്വാസം.

” മരിക്കുന്നതിനേക്കാൾ നല്ലത്‌ മറക്കുന്നതാണ് ” അത്രയും പറഞ്ഞാണ് ഫോൺ വെച്ചത്.

ഒരു തരത്തിൽ ചിന്തിച്ചാൽ മറക്കാൻ ശ്രമിക്കുന്നതും മരണത്തിനു തുല്യമാണല്ലോ.

പിന്നീട് പലപ്പോഴും ഒന്ന് സംസാരിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ ശ്രമിച്ചില്ല. ഇന്നിപ്പോൾ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിക്കുമ്പോൾ ന്തൊക്കെയോ നേടി, ചിലത് നഷ്ടപ്പെടുകയും ചെയ്തു.

ഏറെ നാളുകൾക്ക് ശേഷം നാടിന്റെ മണവും സൗന്ദര്യവും ആസ്വദിച്ചു. കൂട്ടുകാരെ കണ്ടു.
അവളെ മാത്രം എവിടെയോ നഷ്ട്ടപ്പെട്ടു.
ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞാൽ നാം എത്ര ഭാഗ്യവാന്മാർ ആണെന്ന് ചിന്തിച്ചു.

” മോനെ….. ”

പിറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അവനാദ്യം ദേഷ്യം ആണ് വന്നത്. മുന്നിൽ നിൽക്കുന്നത് അവളുടെ അച്ഛനാണ്. മനസ്സാൽ ആഗ്രഹിച്ച ജീവിതം തകർത്ത ആള്.

” മോന് എന്നോട് ദേഷ്യം ആണെന്ന് അറിയാം. എന്റെ ചില വാശികൾ, ദുരാഗ്രഹം… അതിനെല്ലാം ഞാൻ ന്റെ മോൾടെ ജീവിതം വെച്ചാണ്…. അവളെ കൈ പിടിച്ചവൻ പാവാ. പക്ഷേ…. ”

അയാൾ പറയുന്നതെന്തെന്ന് മനസ്സിലാകാതെ പ്രശാന്ത് ആ മുഖത്തേക്ക് ഉറ്റുനോക്കി.

” വിവാഹം കഴിഞ്ഞ അന്ന് അവളെല്ലാം അവനോട് തുറന്നു പറഞ്ഞു. ആദ്യമൊക്കെ വിവാഹത്തിന് മുൻപുള്ള ഇഷ്ടം മാത്രമെന്നേ അവനും തോന്നിയുള്ളൂ. പക്ഷേ, അവളിപ്പോഴും നിനക്ക് വേണ്ടി…. എല്ലാത്തിനും കാരണം ഞാനാ..

മോൻ എന്റെ മോളെ രക്ഷിക്കണം.

അവളെ കെട്ടിയവന് അവളെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവളുടെ ഒരു മാറ്റം പ്രതീക്ഷിച്ചാണവൻ ഇപ്പോഴും കാത്തിരിക്കുന്നത്.

അവൾക്കും അവനോട് ഇഷ്ടകുറവൊന്നും ഇല്ല. പക്ഷേ, നിന്നെ ചതിച്ചിട്ട് ഒരു ജീവിതം അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇനി മോനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ. ”

അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തുമ്പോൾ അവൻ ഞെട്ടലിൽ ആയിരുന്നു.

അന്ന് അയാളുടെ കയ്യിൽ നിന്ന് അവളുടെ നമ്പർ വാങ്ങി വിളിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. നാട്ടിലുണ്ട് എന്ന് പറയുമ്പോൾ അപ്പുറത്ത്‌ നിന്ന് ഒരു തേങ്ങൽ മാത്രം കേട്ടു.

“നാളെ ഞാൻ അമ്പലത്തിൽ ഉണ്ടാകും.. വരണം” അത്രേം പറഞ്ഞു ഫോൺ വെക്കുമ്പോൾ അപ്പുറത്ത് അവൾ മറ്റേതോ ലോകത്ത് ആയിരുന്നു.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ഭർത്താവിന് മുന്നിൽ അവളാ കാര്യം അവതരിപ്പിച്ചത്.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാളൊന്ന് മൂളി.
പിന്നെ കഴിച്ച് കഴിഞ്ഞ് കൈ കഴുകി റൂമിലേക്ക് പോകാൻ നേരം അവളെ നോക്കി പുഞ്ചിരിച്ചു.

ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. സ്നേഹം, വിഷമം, വേദന…

രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് ഇറങ്ങുമ്പോൾ അവൾ അയാൾക്ക് മുന്നിലേക്ക് ചെന്നു.

” എനിക്കറിയില്ല ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന്. ശരിക്കും വഞ്ചകിയാണ് ഞാൻ. രണ്ട് പുരുഷന്മാരെ വഞ്ചിച്ചവൾ. എനിക്കറിയാം ഏട്ടന് എന്നോടുള്ള സ്നേഹം. പക്ഷേ, എവിടെയോ ഞാൻ ഒരു തെറ്റ് ആണെന്ന ബോധം ഉള്ളിൽ കുത്തിനോവിക്കുകയാണ്. ”

അവൾ ഭർത്താവിന് മുന്നിൽ കൈ കൂപ്പി നിൽക്കുമ്പോൾ അയാൾ പതിയെ ആ കയ്യിൽ പിടിച്ചു.

” ഇയാളെ ഞാൻ കുറ്റം പറയില്ല. സ്നേഹവും നഷ്ടപ്പെടലും ഒരിക്കൽ അനുഭവിച്ചവനാണ് ഞാൻ. വീണ്ടും അങ്ങനെ ഒരു നഷ്ട്ടപ്പെടൽ…

അതൊരു വിഷമം തന്നെ ആണ്. ചിലപ്പോൾ മറ്റുള്ളവർ എന്നെ പുച്ഛിക്കാം. മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന പെണ്ണിനെ സപ്പോർട്ട് ചെയ്യുന്ന ഒരു പെൺകോന്തൻ ആണെന്ന് പറയാം. പറയട്ടെ….

ആരേം വിഷമിപ്പിച്ചു ഒന്നും നേടിയെടുക്കുന്നതിൽ അർത്ഥം ഇല്ലല്ലോ. സന്തോഷത്തോടെ ഒരു ജീവിതം ആണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ഞാൻ കാത്തിരിക്കും, മനസ്സിലെ ഭാരം ഇറക്കിവെച്ചു തിരികെ വരുന്ന ഇയാൾക്കായി ”

അവന്റെ വാക്കുകൾ കേട്ട് അവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആ മുഖത്തേക്ക് നോക്കി.

” ഒരിടത്തു ജീവന് തുല്യം സ്നേഹിച്ചവൻ… ഒരിടത്ത്‌ ജീവനായി കാണുന്ന ഭർത്താവ്. അച്ഛന്റെ പിടിവാശിക്ക് മുന്നിൽ കഴുത്ത് നീട്ടിയതാണ്. പക്ഷേ, അയാൾ സ്നേഹിക്കുന്നത് കാണുമ്പോൾ….. അറിയുന്നില്ല. ഇപ്പോഴും തെറ്റ് ചെയ്യുന്നത് ആരോടാണ് എന്ന്.

അവൾ അയാളെ നോക്കികൊണ്ട്‌ പെട്ടന്ന് തിരിഞ്ഞ് പുറത്തേക്ക് നടന്നു.

അമ്പലത്തിൽ എത്തുമ്പോൾ അവളെയും കാത്ത് പ്രശാന്ത് നിൽപ്പുണ്ടായിരുന്നു. അരികിലെത്തിയ അവൾക്ക് അവൻ ഒരു പുഞ്ചിരി സമ്മാനിക്കുമ്പോൾ അവളും ഒന്ന് ചിരിച്ചു.

പിന്നെ അമ്പലത്തിലേക്ക് നടന്നു. തൊഴുതു വലംവെച്ച് അവിടെ നിന്ന് ഇറങ്ങുന്നത് വരെ രണ്ട് പേരും ഒന്നും മിണ്ടിയില്ല. തിരികെ ആലിൻ ചുവട്ടിൽ നിൽക്കുമ്പോൾ അവൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

” ചിന്നു… ”

ആ വിളി കേട്ട് അവൾ അവനെ നോക്കി പുഞ്ചിരിയ്ക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു,

” നിന്റ വിവാഹമെന്ന് കേട്ടപ്പോൾ ഒത്തിരി വിഷമിച്ചു. നാട്ടിലേക്ക് വരാൻ പോലും മടിയായിരുന്നു. വന്നിട്ട് ഒരാഴ്ചയിൽ കൂടുതലായി. ഈ ഇടെ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരാൾ എന്റെ മുന്നിൽ വന്നു.

നിന്റ അച്ഛൻ. മുന്നിൽ വിഷമത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ പുച്ഛമാണ് ആദ്യം തോന്നിയത്. പക്ഷേ, പിന്നീട് ചിന്തിച്ചപ്പോൾ ഒരു വിഷമം തോന്നി. ഇച്ചിരി വൈകി ആണെങ്കിലും അയാളിൽ കുറ്റബോധം ഉണ്ട്.

സ്വന്തം മകളുടെ ജീവിതം വെച്ച് കളിച്ചതിന്റെ വേദന ഉണ്ട്. വിവാഹം കഴിഞ്ഞ് ഇത്രയായിട്ടും നിനക്ക് അയാൾക്ക് മുന്നിൽ നല്ലൊരു ഭാര്യയാകാൻ കഴിയുന്നില്ലെന്ന് അറിഞ്ഞപ്പോൾ…

എന്നോടുള്ള സ്നേഹം എത്രത്തോളം ആയിരുന്നു എന്ന് മനസ്സിലാക്കികൊണ്ട് ഞാൻ ഒന്ന് ചോദിക്കട്ടെ. ! നിനക്ക്…… ”

പ്രശാന്ത് എന്തോ പറയാൻ വന്നത് തടഞ്ഞു അവൾ.

“എനിക്കറിയാ പ്രശാന്തേട്ടാ, ഏട്ടൻ എന്താണ് പറയാൻ വരുന്നതെന്ന്. പക്ഷേ, ഏട്ടൻ കരുതിയ പോലെ ഒരു തീരുമാനം എടുത്തല്ല ഞാൻ ഏട്ടന്റെ അടുത്തേക്ക് വന്നത്. ഏട്ടനെ ആത്മാർത്ഥമായാണ് ഞാൻ സ്നേഹിച്ചത്.

അതുകൊണ്ട് മനസ്സിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു. ആ കുറ്റബോധം ആണ് ഇത്രയും നാൾ എന്നെ വേട്ടയാടിയത്. കഴുത്തിൽ താലി കെട്ടിയ ആളോട് പോലും ഞാൻ….. ഒന്ന് നേരിൽ കണ്ടു മാപ്പ് പറയാൻ, എന്റെ മനസ്സിന്റെ സമാധാനത്തിന് വേണ്ടി.

അല്ലാതെ ഒരിക്കലും എന്റെ കഴുത്തിൽ താലി ചാർത്തിയ അദ്ദേഹത്തെ വേണ്ടെന്ന് വെച്ച് പ്രശാന്തേട്ടന്റെ കൂടെ ജീവിക്കാനല്ല ഞാൻ വന്നത്. മുന്നിൽ തെറ്റ് പറഞ്ഞ് മാപ്പ് പറയാൻ, നാളെ ജീവിതത്തിൽ കുറ്റബോധം നെഞ്ചിൽ കുത്തിനോവിക്കാതിരിക്കാൻ….. ”

അവൾ അയാൾക്ക് മുന്നിൽ കൂപ്പുകയ്യോടെ കരയുമ്പോൾ പ്രശാന്ത് ആ കയ്യിൽ പിടിച്ചു പുഞ്ചിരിയോടെ.

” നീ എന്ത് കരുതി ചിന്നു. നിന്നോട് കാണാന് വരാൻ പറഞ്ഞത് എന്റെ ജീവിതത്തിലേക്ക് വീണ്ടും കൂട്ടാൻ ആണെന്നോ.

ഒരിക്കലുമല്ല. നീ അങ്ങനെ ഒരു തീരുമാനത്തിൽ ആണ് എന്റെ മുന്നിൽ വന്നതെങ്കിൽ എനിക്ക് നിന്നോട് പുച്ഛം തോന്നിയേനെ. പക്ഷേ, ഇപ്പോൾ നിന്നെ കുറിച്ചോർക്കുമ്പോൾ സന്തോഷമേ ഉളളൂ.

ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നതിന്റെ പേരിൽ ഒന്നുമറിയാതെ നിന്നെ സ്വീകരിച്ച ഒരു മനുഷ്യനുണ്ട്, അയാളെ വഞ്ചിക്കാനല്ല, ഇനി അയാളെ നീ സ്നേഹിക്കണം എന്ന് പറയാനാണ് ഞാൻ വന്നത്.

നിന്റ കഴുത്തിൽ താലി ചാർത്തിയ ആളാണ്‌. അതാണ് ജീവിതം, അതാണ് യാഥാർഥ്യം. ബാക്കിയെല്ലാം ഒരു മിഥ്യയാണെന്ന് കരുതുക.

ഇത്രയൊക്കെ നീ അവഗണിച്ചിട്ടും നിന്നെ അയാൾ സ്നേഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ ഒരാളെ കിട്ടിയ നീ ഭാഗ്യവതിയാണ്. ആ സ്നേഹമാണ് നിന്റ ജീവിതം. ”

അതും പറഞ്ഞവൻ അവളുടെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചുകൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ അവൾ നിറഞ്ഞ കണ്ണുകളുമായി അവൻ പോകുന്നത് നോക്കി നിന്നു. അതുവരെ ഇല്ലാതിരുന്ന ഒരു സന്തോഷം അപ്പോൾ അവളിലുണ്ടായിരുന്നു.

ആ സന്തോഷം നിറഞ്ഞ മുഖത്തോടെ തന്നെ വീട്ടിലെത്തുമ്പോൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു അവളുടെ ഭർത്താവ്. കരഞ്ഞുകൊണ്ട് പോയവൾ പുഞ്ചിരിയോടെ കേറി വരുന്നത് കണ്ടപ്പോൾ അയാളിൽ ആശ്ചര്യമായിരുന്നു.

അയാൾക് മുന്നിലെത്തിയ അവൾ കയ്യിലെ ഇലയിൽ നിന്ന് കുറച്ചു ചന്ദനകുറിയെടുത്ത്‌ അയാളുടെ നെറ്റിയിൽ തൊട്ടുകൊടുത്തു. പിന്നെ പതിയെ അകത്തേക്ക് നടക്കുമ്പോൾ അതുവരെ ഇല്ലാത്തൊരു സന്തോഷം അവനിൽ ഉണ്ടായിരുന്നു.

അവളിലെ മാറ്റം ആഗ്രഹിച്ച അവളെ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരാളുടെ സന്തോഷം…