അമ്മയുടെ ശബ്ദം ഉയർന്നതും അച്ഛൻ അവളെ ചേർത്തു പിടിച്ചു, അമ്മയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ അവളെ വീണ്ടും..

(രചന: അംബിക ശിവശങ്കരൻ)

” അമ്മു വേഗം യൂണിഫോമൊക്കെ മാറിയിട്ട് ദാ ഈ ഡ്രസ്സ് എടുത്തിട്.. ”

സ്കൂളിൽ നിന്ന് എത്തിയതും അമ്മയുടെ വെപ്രാളം കണ്ട് എട്ടാംക്ലാസുകാരിയായ അമേയ മിഴിച്ചുനിന്നു.

” എന്താ അമ്മു പറഞ്ഞത് കേട്ടില്ലേ?? വേഗമാവട്ടെ രണ്ട് മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്തണം അച്ഛൻ ഇപ്പോൾ വരും. ”

അമ്മയുടെ ശബ്ദം കനത്തപ്പോൾ മറിച്ചൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ വേഗം യൂണിഫോം അഴിച്ചുവെച്ച് റെഡിയായി.

” അച്ഛാ… നമ്മളെങ്ങോട്ടാ പോണത്…? ”

എയർപോർട്ടിലേക്കുള്ള യാത്രാമധ്യേ കാറിലിരുന്ന് അച്ഛന് മാത്രം കേൾക്കാനുള്ള ശബ്ദത്തിലാണ് അവളത് ചോദിച്ചത്… അപ്പോഴും അമ്മയുടെ മുഖം പ്രസന്നമായി രുന്നില്ല.

” നമ്മൾ ആലുവയിലേക്ക് പോവാടാ… അപ്പൂപ്പനേയും അമ്മൂമ്മയെയും കാണാൻ.. ”
അച്ഛനും ശബ്ദം താഴ്ത്തിയാണ് മറുപടി പറഞ്ഞത്.

ആ മറുപടി അവളിൽ സൃഷ്ടിച്ച സന്തോഷം ചെറുതൊന്നുമല്ല. കഴിഞ്ഞ വെക്കേഷനാണ് അവസാനമായി അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടത്.

പക്ഷേ വെക്കേഷൻ ആകുന്നതിനു മുന്നേ ഇങ്ങനെയൊരു യാത്ര എന്തിനാണെന്നവൾക്ക് മനസ്സിലായില്ല അതും ഫ്ലൈറ്റിൽ.

” അച്ഛാ.. നമ്മൾ എന്താ ഇപ്പോൾ അങ്ങോട്ട് പോകുന്നത്? വെക്കേഷൻ ആയില്ലല്ലോ.. സാധാരണ നമ്മൾ ട്രെയിന് അല്ലേ പോകാറ്..

അവരെ കാണാൻ പോകുന്ന കാര്യം എന്നോട് മുന്നേ പറയുന്നതല്ലേ എന്തിനാ ഇതെന്നോട് മറച്ചുവച്ചത്? ”

” അമ്മു നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ ഇവിടെ മനുഷ്യൻ തീ തിന്നോണ്ടിരിക്കുമ്പോഴാണ് ”

അമ്മയുടെ ശബ്ദം ഉയർന്നതും അച്ഛൻ അവളെ ചേർത്തു പിടിച്ചു. അമ്മയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ അവളെ വീണ്ടും നിശബ്ദയാക്കി.

“ഒന്നൂല്ലടാ.. അമ്മൂമ്മ ഒന്ന് വീണു. നാട്ടീന്ന് രവി മാമ വിളിച്ചിരുന്നു. നമ്മളോട് വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. നമ്മളെയൊക്കെ കണ്ടാൽ അമ്മൂമ്മയുടെ അസുഖമെല്ലാം പെട്ടെന്ന് മാറില്ലെ അതാ ഇത്ര തിരക്ക് പിടിച്ചു പോണത് ”

അച്ഛന്റെ വാക്കുകൾ ആ കുഞ്ഞു മനസ്സിനെ നോവിച്ചെങ്കിലും തന്നെ കണ്ടാൽ അമ്മൂമ്മ സന്തോഷം കൊണ്ട് മതിമറക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.

വെക്കേഷന് പോകുമ്പോൾ കൊണ്ടുപോകാൻ കരുതിവെച്ച ഒരുപിടി സമ്മാനങ്ങൾ വീട്ടിൽ ഉപേക്ഷിച്ചു പോന്നതിന്റെ നിരാശ അവളിൽ നല്ലതുപോലെ പ്രതിഫലിച്ചു.

ഓരോ വെക്കേഷനും ഒരായിരം നല്ല ഓർമ്മകൾ സമ്മാനിക്കുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. ബാംഗ്ലൂരിലെ തിരക്കുപിടിച്ച ജീവിതം കവർന്നെടുത്തു കൊണ്ടുപോകുന്ന ഒട്ടേറെ നല്ല ഓർമ്മകൾ…

വെക്കേഷൻ കഴിഞ്ഞ് തിരികെ സ്കൂളിൽ എത്തുമ്പോൾ പറഞ്ഞാലും പറഞ്ഞാലും തീരാത്ത നാടിന്റെ നന്മകൾ ഏറെയാണ്.

അച്ഛന്റെയും അമ്മയുടെയും ജോലിത്തിരക്കുകൾക്കിടയിൽ അവൾ തനിച്ചാകാതിരിക്കാനാണ് വെക്കേഷന് അവർ അവളെ തന്റെ അമ്മ വീട്ടിൽ കൊണ്ടാക്കിയിരുന്നത്.

അവിടെ അവർ തനിച്ചാണ്. ഒറ്റപ്പെട്ട വാർദ്ധക്യത്തിൽ അവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ഈ കുറച്ചുനാളുകൾക്ക് വേണ്ടിയാവാം..

” അത് വേറൊരു ലോകമാണ്… രാവിലെ എഴുന്നേൽക്കുന്നത് തന്നെ നല്ല നെയ്യിൽ മൊരിയുന്ന ദോശയുടെ കൊതിയൂറുന്ന ഗന്ധത്തോടെയാണ്..

അതും ആസ്വദിച്ച് അടുക്കളയിലേക്ക് ചെന്നാൽ നല്ല വിറകടുപ്പിൽ ദോശ ചുടുന്ന കാഴ്ചയാണ് കാണുക.

സ്റ്റീൽ ഗ്ലാസിൽ ചെറുചൂടോടെ തരുന്ന കട്ടൻകാപ്പി ആസ്വദിച്ചു കുടിക്കുന്ന നേരം തന്നെ അമ്മൂമ്മ നെറുകയിൽ നല്ല കാച്ചിയ എണ്ണയിട്ട് മസാജ് ചെയ്തു തരും.. ഓഹ്…. അതൊരു സുഖം തന്നെയാണ്.

പല്ല് തേക്കാൻ ആയി കയ്യിൽ തരാറുള്ള കറുത്ത പൊടിക്ക് അവർ ഒരു പേര് പറയാറുണ്ട് ‘ഉമിക്കരി’. അതും തേച്ചു കറുത്ത പല്ലും വെച്ച് പിന്നെ കുറെ ഗോഷ്ടികൾ കാണിക്കും. അവരും എനിക്കൊപ്പം അന്നേരം ഒരു കുട്ടി ആകും.

കുളിക്കാൻ ആകുമ്പോഴേക്കും അമ്മൂമ്മ തന്നെ അരച്ചു തരുന്ന ചെമ്പരത്തി താളി തല നിറയെ തേച്ചുപിടിപ്പിച്ച് തരും. പശ പോലെ ഉള്ളതിനാൽ എനിക്കത് തൊടുന്നത് ഇഷ്ടമായിരുന്നില്ല.. പക്ഷേ നല്ല തണുപ്പാണ്.

കുളി കഴിഞ്ഞാൽ പിന്നെ തലമുടി നേരെ തോർത്തിയില്ലെങ്കിൽ ശകാരിക്കും എന്നിട്ട് അമ്മൂമ്മ തന്നെ തോർത്തി നെറുകയിൽ ഒരു പൊടി ഇട്ടു തരും.

അതിന്റെ മണം എനിക്ക് എപ്പോഴും ഇഷ്ടമായിരുന്നു. പൂജാ മുറിയിൽ കൊണ്ടുപോയി പ്രാർത്ഥന ചൊല്ലി വലിയൊരു ചന്ദനക്കുറിയും ഇട്ടു തന്നിട്ടേ രാവിലത്തെ പലഹാരം തന്നിരുന്നുള്ളൂ…

ദോശയും അമ്മൂമ്മയുടെ സ്പെഷ്യൽ തേങ്ങാ ചട്ണിയും ആണ് എന്റെ എന്നത്തെയും ഇഷ്ടഭക്ഷണം. അത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ആസ്വദിച്ച് കഴിക്കണം. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.

വൈകുന്നേരങ്ങളിൽ പട്ടുപാവാടയും ബ്ലൗസും ഇട്ട് അമ്പലത്തിൽ പോകാൻ ഏറെ ഇഷ്ടമാണെനിക്ക്.

ഒരു വട്ടി നിറയെ തൊടിയിലെ പൂക്കൾ പറിച്ചു വയ്ക്കുന്നത് എപ്പോഴും എന്റെ ജോലിയാണ്. ദീപാരാധന കഴിഞ്ഞ് അവിടുന്ന് കിട്ടുന്നൊരു പായസം ഉണ്ട്.

തുളസിയിലയും ചെത്തിപൂവുമൊക്കെ പൂജകഴിഞ്ഞ് അതിന്മേൽ സ്ഥാനം പിടിച്ചിരിക്കും… അത്രേം മധുരമുള്ള പായസം ബാംഗ്ലൂർ എവിടെ നിന്നും ഞാൻ കഴിച്ചിട്ടില്ല.

എല്ലാ രാത്രികളും അമ്മൂമ്മയുടെ കഥകൾ കേട്ടാണ് ഉറങ്ങാറ്… കഥയിലെ ഓരോ കഥാപാത്രവും കൺമുന്നിൽ തെളിയുന്നതുപോലെ എത്ര മനോഹരമായാണ് അമ്മൂമ്മ കഥ പറയാറ്..

കഞ്ഞി കുടിക്കാൻ ഉപയോഗിക്കുന്ന അപ്പൂപ്പന്റെ പ്ലാവില കയ്യിൽ കണ്ട് കൊതി തോന്നിയാണ് എനിക്കും അത് ഉണ്ടാക്കാൻ പഠിക്കണം എന്ന് വാശി പിടിച്ചത്.

അധികം മൂപ്പെത്താത്ത പ്ലാവില പറിച്ച് പ്രത്യേകരീതിയിൽ വളച്ചെടുത്ത് കുത്തിവയ്ക്കുന്ന വിദ്യ പഠിക്കാൻ ഞാൻ കുറച്ചധികം സമയമെടുത്തു.

കറണ്ട് പോകുന്ന സമയങ്ങളിൽ ചിമ്മിനി വിളക്ക് കൊളുത്തിവെച്ച് രാമ നാമം ജപിക്കാൻ പഠിപ്പിച്ചതും അവരാണ്. അവിടുന്ന് തിരികെ പോരാൻ ആകുമ്പോഴേക്കും ഞാൻ ഒരു ഗുണ്ടുമണി ആകാറുണ്ട്.

തിരികെ പോരുന്നതിന്റെ തലേന്ന് ഉണ്ണിയപ്പവും അച്ചാറും എല്ലാം പൊതിഞ്ഞു വെച്ചിട്ടുണ്ടാകും. ഇനി എന്റെ കുട്ടി വരുന്നതുവരെ അപ്പൂപ്പനും അമ്മൂമ്മയും തനിച്ചല്ലേ എന്ന് പറഞ്ഞു കണ്ണീർ വാർക്കുന്നത് മുതൽ എനിക്ക് സ്കൂളിനോട് വെറുപ്പ് തോന്നി തുടങ്ങും.

ആരും കാണാതെ കൈയ്യിൽ വച്ചു തരാറുള്ള ചുരുണ്ട നോട്ടുകൾ ഇന്നും എന്റെ പുസ്തകങ്ങൾക്കിടയിൽ ഉണ്ട്.”

ചിന്തകൾക്കിടയിലെപ്പോഴോ അവൾ മയങ്ങി പോയി.

രാത്രി എട്ടുമണിയോടെയാണ് തറവാട്ടിൽ എത്തിയത്. വീടിന്റെ മുന്നിൽ കാർ നിന്നതും രവി മാമ പുറത്തേക്ക് വന്നു. അമ്മ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിയതും അച്ഛൻ അവളെ ചേർത്തുനിർത്തി.

” അമ്മാവന്റെ നിലവിളി കേട്ടാണ് ഞങ്ങൾ ഓടിവന്നത് സജി ഏട്ടാ.. വന്നപ്പോൾ അമ്മായി തറയിൽ വീണു കിടക്കേയിരുന്നു. ദേഹമാകെ തളർന്ന് കൈയും മുഖവുമെല്ലാം ഒരു ഭാഗത്തേക്ക് കോടി പോയിരുന്നു.

ഒരുകണക്കിനാ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചത്… സ്ട്രോക്ക് ആണെന്നാണ് ഡോക്ടർ പറഞ്ഞത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടത്രേ.. ”

അച്ഛന്റെ കൈ വിടുവിച്ച് അവൾ അമ്മൂമ്മ കിടന്ന മുറിയിലേക്ക് ഓടി. അമ്മ കട്ടിലിനരികെ ഇരുന്ന് കരയുന്നുണ്ടായിരുന്നു.

അരികിൽ ചെന്ന് അമ്മൂമ്മയുടെ കൈപിടിച്ച് ഉയർത്തിയതും അവളുടെ കയ്യിൽ നിന്നും ആ കൈ ഊറി താഴെ വീണു. സുന്ദരിയായിരുന്ന തന്റെ അമ്മൂമ്മയുടെ മുഖം ഒരു ഭാഗത്തേക്ക് കോടി ഇരിക്കുന്ന കാഴ്ച അവളെ വല്ലാതെ വേദനിപ്പിച്ചു.

അവളെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കൈകൾ ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്ന് അവൾക്ക് മനസ്സിലായി.

എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഒന്നും വ്യക്തമാകുന്നില്ല. ഈ ഒരവസ്ഥയിൽ അവൾക്ക് തന്റെ അമ്മൂമ്മയുടെ മുഖത്തു നോക്കാൻ പോലും കഴിയുന്നില്ല എന്നതാണ് സത്യം.

” നീ കരയാതിരിക്ക് ബിന്ദു… ഇന്നത്തെ കാലത്ത് സ്ട്രോക്ക് വന്നാൽ അതിന് ഒരുപാട് റിഹാബിലിറ്റേഷൻ ട്രീറ്റ്മെന്റ്സ് ഉണ്ട്.

ശാസ്ത്രലോകം ഒരുപാട് വളർന്നില്ലേ… നമുക്ക് ചികിത്സിക്കാം. പിന്നെ നമ്മുടെ സപ്പോർട്ടും നമ്മൾ നൽകുന്ന മനോധൈര്യവും വളരെ പ്രാധാന്യമാണ്.

അതിന് നീ കുറച്ചു ദിവസം ഇവിടെ നിൽക്ക് മോളുടെ എക്സാം കഴിഞ്ഞു അവളെയും ഇവിടെ ആക്കാം. പിന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ അമ്മ തന്നെ ആഗ്രഹിക്കണം, ശ്രമിക്കണം അത് തന്നെയാണ് പ്രാധാന്യം. ”

അച്ഛന്റെ വാക്കുകൾ സത്യം ആവണേ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു.

അവളുടെ കണ്ണുകൾ തേടിയത് അമ്മൂമ്മയെ ഒരിക്കലും തനിച്ചാക്കാൻ ഇഷ്ടമില്ലാത്ത ഒരാളെയാണ്..’അപ്പൂപ്പൻ ‘.

അവൾ നേരെ മുകളിലത്തെ മുറിയിലേക്ക് ഓടി. അവിടെ ചാരു കസേരയിൽ ഇരിക്കുന്ന രൂപം നിർവികാരമായി അവളെ ഉറ്റുനോക്കി.

അപ്പൂപ്പന്റെ മുഖത്ത് ഒരുപാട് ചുളിവുകൾ വീണതു പോലെ അവൾക്ക് തോന്നി. കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നു. അവളാ മടിയിലേക്ക് ചാഞ്ഞു കിടന്നു.

” അപ്പൂപ്പാ… വിഷമിക്കേണ്ട അമ്മൂമ്മയെ ചികിത്സിച്ച് നേരെയാക്കാൻ പറ്റും എന്നാണ് അച്ഛൻ പറഞ്ഞത് ”

അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്ന കൈകൾ ഒരു നിമിഷം നിശ്ചലമായി. കണ്ണീർതുള്ളികൾ തലയോട്ടിയിൽ പതിച്ചതവൾ അറിഞ്ഞു.

” ഒരു നിമിഷത്തേക്ക് ആണെങ്കിലും അവളുടെ ആ കിടപ്പ് എനിക്ക് സഹിക്കാനാവില്ല മോളെ…

എന്നെ കിടത്തിയിട്ട് അവളെ ജീവിക്കാൻ അനുവദിച്ചു കൂടായിരുന്നോ ദൈവത്തിന്.. ആരോടും ഒരു തെറ്റും ചെയ്തില്ലല്ലോ ആ പാവം.

അവളുടെ ചലനങ്ങൾ ഇല്ലാത്ത, അവളുടെ ശബ്ദം കേൾക്കാത്ത ഈ വീട്ടിൽ എങ്ങനെയാണ് മോളെ ഞാൻ ജീവിക്കേണ്ടത്? എനിക്ക് അവളും അവൾക്ക് ഞാനുമല്ലേ എന്നും ഉണ്ടായുള്ളൂ എന്നിട്ടും…. ”

അപ്പൂപ്പന്റെ തൊണ്ടയിടറിയതും അവളുടെ നെഞ്ച് പിടഞ്ഞു. വിറയ്ക്കുന്ന ആ ദേഹത്തെ മുറുകെ പിടിച്ചു കൊണ്ട് കുറെ നേരം അവൾ അങ്ങനെ ഇരുന്നു.

അന്നേരമത്രയും മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായുള്ളൂ… ” അച്ഛന്റെ വാക്കുകൾ സത്യം ആവണേ… അമ്മൂമ്മ തിരിച്ചു വരണേ… “.