അമ്മയോട് പറഞ്ഞാലും വിശ്വസിക്കില്ല എന്ന് ഉറപ്പാണ്, അതുകൊണ്ട് തന്നെ സംശയങ്ങൾ ഒക്കെ..

വിശ്വാസം
(രചന: അരുണിമ ഇമ)

” അമ്മേ…ഞാൻ പറയുന്നത് ഒന്ന് വിശ്വസിക്ക്… അമ്മ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ..

അവൻ എന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതുകൊണ്ട് മാത്രമാണ് ഞാൻ അവന്റെ കരണത്തടിച്ചത്.

ഞാൻ അത് ചെയ്തില്ലായിരുന്നെങ്കിൽ അവൻ കൃത്യമായും എന്നെ ഉപദ്രവിച്ചേനെ.. പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. ”

അമ്മയുടെ കയ്യിൽ നിന്ന് തല്ലു കിട്ടി അവശ ആയിട്ടും, വിദ്യ തനിക്ക് പറയാനുള്ള കാര്യങ്ങൾ അമ്മയോട് വിളിച്ചു പറഞ്ഞു.

” അവൻ എന്തു ചെയ്തു എന്നാണ് നീ പറയുന്നത്..? നിന്നെ ഒന്ന് ചേർത്തു പിടിച്ചതാണോ അവൻ ചെയ്ത തെറ്റ്..?

നീ ചെറുതായിരിക്കുമ്പോൾ നിന്നെ എടുത്തു നടന്നത് അവനാണ്. ആ ഇഷ്ടം കൊണ്ടായിരിക്കും അവൻ നിന്നെ ചേർത്ത് പിടിച്ചത്.

നിന്റെ മനസ്സ് ശരിയല്ലാത്തതു കൊണ്ടാണ് അതിന് മറ്റു പല അർത്ഥങ്ങളും നീ കണ്ടുപിടിച്ചത്. ”

അമ്മ വെറുപ്പോടെ അവളെ നോക്കി പറഞ്ഞു. അമ്മയുടെ വായിൽ നിന്ന് കേട്ട ആ വാക്കുകൾ അവളെ തകർത്തു കളഞ്ഞിരുന്നു.

” അത് എങ്ങനെയാ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ അവൾ കേൾക്കില്ല.. അവൾക്ക് പഠിച്ച് ഉദ്യോഗം ഉണ്ടാക്കിയെ പറ്റൂ..

അതിന് കൂട്ടുനിൽക്കുന്ന ഒരു അച്ഛനും.. ഇവൾ ഇനിയും ചീത്ത പേര് ഉണ്ടാക്കും.. ആണൊരുത്തനെ കൈനീട്ടി അടിച്ചിട്ട് വന്നിരിക്കുന്നു..”

കലിയടങ്ങാതെ അമ്മ മാലതി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവർ പറയുന്നത് കൂടുതൽ ഒന്നും കേൾക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. അവർ പറഞ്ഞ ആദ്യത്തെ വാചകത്തിൽ തന്നെ അവളുടെ മനസ്സ് ചത്തു പോയിരുന്നു.

വീണ്ടും അവളെ നോക്കി എന്തൊക്കെയോ ശാപവചനങ്ങൾ പറഞ്ഞുകൊണ്ട് അവർ മുറിവിട്ടു പുറത്തേക്കു പോയി.

അവർ മുറിക്ക് പുറത്തേക്ക് പോയതും വിദ്യ പൊട്ടിക്കരഞ്ഞു.

” എനിക്ക് മാത്രം എന്താണ് ഈശ്വരാ ഇങ്ങനെ ഒരു വിധി..? ഞാൻ പറയുന്നത് വിശ്വസിക്കാൻ എന്റെ അമ്മ തയ്യാറാകുന്നില്ല..

അമ്മയ്ക്ക് എന്നോട് സ്നേഹം ഇല്ല എന്ന് എത്രയോ തവണ ഞാൻ തന്നെ ചിന്തിച്ചിരുന്നു..

അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ എന്നെ ഒരു തരിയെങ്കിലും വിശ്വസിക്കില്ലേ..? എല്ലാ അമ്മമാരും ഇങ്ങനെയൊക്കെ തന്നെയാണോ..? ”

അവൾ വിഷമത്തോടെ സ്വയം ചോദിച്ചു. അവളുടെ ഓർമ്മകൾ തന്റെ ചെറുപ്പകാലത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.

ചെറുപ്പം മുതലേ താൻ എന്ത് ചെയ്താലും അമ്മ അതിൽ കുറ്റം കണ്ടെത്താൻ ഒരുപാട് ശ്രമിക്കുമായിരുന്നു. എന്നും അരുതുകളുടെ ലോകത്തായിരുന്നു താൻ.

സ്കൂളിൽ പഠിക്കുമ്പോൾ പോലും സഹപാഠികളോട് കൂട്ടുകൂടാൻ തനിക്ക് അനുവാദമുണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ആത്മാർത്ഥ സുഹൃത്ത് എന്ന് പറയാൻ തനിക്ക് ആരും തന്നെ ഇല്ല. ബന്ധുക്കളായ ആൺകുട്ടികളോട് പോലും താൻ സംസാരിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.

പെൺകുട്ടികൾ എപ്പോഴും വീടിനുള്ളിലെ നാലുചുവരുകൾക്കുള്ളിൽ കഴിയണം എന്ന ചിന്താഗതികാരിയാണ് അമ്മ. അമ്മ അങ്ങനെ തന്നെയാണ് ഇന്നുവരെ ജീവിക്കുന്നതും.

ഇന്നത്തെ പ്രശ്നം എന്താണെന്ന് വച്ചാൽ,അമ്മയുടെ ചേച്ചിയുടെ മകൻ ആണ് ആദർശ്. ചെറുപ്പത്തിൽ തന്നോട് ഒരു അനിയത്തിയുടെ എന്ന പോലെ വാത്സല്യമായിരുന്നു.

പക്ഷേ കുറച്ചു ദിവസങ്ങളായി അതിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്. തന്നോടുള്ള സമീപനം ഒരു അനിയത്തിയുടെതല്ല എന്നൊരു തോന്നൽ.

തന്റെ തൊടുന്നതിലും തന്നോട് സംസാരിക്കുന്നതിലും ഒക്കെ വേറെ എന്തൊക്കെയോ അർഥങ്ങൾ ഉള്ളതുപോലെ..

തനിക്ക് ആ സംശയം ഉണ്ടായിട്ട് ദിവസങ്ങളായി. അമ്മയോട് പറഞ്ഞാലും വിശ്വസിക്കില്ല എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സംശയങ്ങൾ ഒക്കെ ഉള്ളിൽ അടക്കി.

എന്നാൽ.. ഇന്ന്.. ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ അയാൾ വഴി വക്കിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

അയാളോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നെങ്കിലും, അത്‌ പുറത്തു കാണിച്ചില്ല.

പക്ഷെ, ആരും ഇല്ലാത്തൊരു വഴി വക്കിൽ എത്തിയപ്പോൾ അയാൾ തന്റെ സ്വഭാവം പുറത്തെടുത്തു.

തന്നെ കടന്ന് പിടിക്കാൻ ശ്രമിച്ചു. കഴിയുന്നത്ര താൻ പ്രതിരോധിച്ചു. പക്ഷെ, എപ്പോഴോ അയാൾ ബലം പ്രയോഗിച്ചു തുടങ്ങി..

താൻ പരാജയപ്പെട്ടു പോകും എന്ന് തോന്നിയപ്പോൾ തോന്നിയ ബുദ്ധിക്ക് ആണ് അയാളെ പിടിച്ചു തള്ളി കരണത്ത് അടിച്ചത്. പിന്നീട് അവിടെ നിൽക്കാതെ ഓടി വീട്ടിലേക്ക് പോന്നു.

പക്ഷെ, താൻ ഇവിടെ എത്തിയപ്പോഴേക്കും കാര്യങ്ങൾ മാറി മറിഞ്ഞു. മൊബൈൽ ഫോണിന്റെ വേഗത തന്റെ കാലുകൾക്ക് ഇല്ലല്ലോ..

താൻ ഇവിടെ എത്തുന്നതിലും മുന്നേ അയാൾ വിവരങ്ങൾ വിളിച്ചു പറഞ്ഞു. പക്ഷെ, സ്വന്തം രക്ഷ നോക്കി അയാൾ വിളിച്ചത് കൊണ്ട് തന്നെ കുറ്റം മുഴുവൻ എന്റേതായി.

അനിയത്തിയോടുള്ള വാത്സല്യം കൊണ്ട് തന്നെ ചേർത്ത് പിടിക്കാൻ ശ്രമിച്ചപ്പോൾ പബ്ലിക് ആയി താൻ അയാളുടെ കരണത്തടിച്ചു എന്നായി പരാതി.

താൻ നേരിടേണ്ടി വന്നത് അമ്മയോട് പറഞ്ഞു അമ്മയിൽ നിന്ന് രണ്ട് ആശ്വാസ വാക്കുകൾ എങ്കിലും കേൾക്കാൻ കഴിയും എന്ന് കരുതിയ തനിക്ക് കിട്ടിയ ഏറ്റവും വല്യ തിരിച്ചടി ആയിരുന്നു അമ്മയുടെ പ്രതികരണം.

മനസ്സും ശരീരവും ഒരുപോലെ തളർന്നു പോകുന്നു. തന്നെ പോലെ ഭാഗ്യദോഷിയായ മറ്റൊരു പെൺകുട്ടി ഈ ഭൂമിയിൽ ഉണ്ടാകുമോ..?

അവൾ സ്വയം ചോദിച്ചു.

ഇനിയും തന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാലും അത്‌ തന്റെ തെറ്റാണ് എന്നായിരിക്കില്ലേ അമ്മ പറയുക?

ആ ചിന്തയിൽ അവളുടെ തല പെരുത്തു.

അന്ന് അവൾ ആ മുറി വിട്ട് പുറത്തിറങ്ങിയില്ല. മാലതി അത്‌ കാര്യമാക്കിയതുമില്ല. അവരുടെ മനസ്സിൽ തന്റെ ചേച്ചിയുടെ മകനെ അപമാനിക്കാൻ ശ്രമിച്ച സ്വന്തം മകളുടെ മുഖം ആയിരുന്നു.

തെറ്റുകാരി മകൾ തന്നെ ആണെന്ന് അവർ വിശ്വസിച്ചു. അവൻ ഒരിക്കലും തെറ്റ് ചെയ്യില്ല. അവർ ഒരിക്കൽ കൂടി മനസ്സിൽ ഉറപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളിലും വിദ്യയുടെ അവസ്ഥയിൽ മാറ്റം ഒന്നും വന്നില്ല. ആ മുറി വിട്ടു പുറത്തേക്കിറങ്ങാൻ അവൾക്ക് ഭയമായി.

ആഹാരം പോലും ശരിക്ക് കഴിക്കാറില്ല. മാലതി ബഹളം വെയ്ക്കുമ്പോ മാത്രം പോയി എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി മുറിയിൽ കയറി വാതിൽ അടക്കും.

മാലതിക്ക് ഒരു തരത്തിൽ അത്‌ സന്തോഷം ആയിരുന്നു. അവൾ പഠിക്കാൻ എന്ന് പറഞ്ഞു പുറത്തേക്ക് പോകുന്നില്ലല്ലോ..

ആഴ്ച അവസാനം മാത്രം വീട്ടിൽ എത്തുന്ന വിദ്യയുടെ അച്ഛൻ വേണു വന്നതോടെ മകളുടെ സ്വഭാവത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ അയാൾക്ക് തോന്നി.

ഭാര്യയോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ താൻ വഴക്ക് പറഞ്ഞതിന്റെ സങ്കടം ആയിരിക്കും എന്ന് പറഞ്ഞൊഴിഞ്ഞു. പക്ഷെ, അതല്ല കാരണം എന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.

മകളോട് സംസാരിക്കാൻ ഉറപ്പിച്ചു അയാൾ അവൾക്ക് അടുത്തേക്ക് നടന്നു. അയാൾ ചോദിച്ചിട്ടും ആദ്യമൊന്നും ഒന്നും പറയാൻ അവൾ തയ്യാറായില്ല.

പക്ഷെ, പിന്നീട് അയാളുടെ നിർബന്ധം സഹിക്ക വയ്യാതെ അവൾ പറഞ്ഞു തുടങ്ങി.

തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചും, അത്‌ കഴിഞ്ഞുള്ള അമ്മയുടെ പ്രതികരണവും ഒക്കെ പറയുമ്പോൾ അവൾ കരയാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടായിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അയാൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. തന്റെ ഭാര്യ ഇങ്ങനെ ആയിരുന്നോ എന്ന് വിശ്വസിക്കാൻ അയാൾക്ക് പ്രയാസം തോന്നി.

എന്തായാലും അവരോട് അതേക്കുറിച്ച് സംസാരിക്കാൻ തന്നെ അയാൾ ഉറപ്പിച്ചു. ഇല്ലെങ്കിൽ തന്റെ മകളെ തനിക്ക് എന്നെന്നേക്കുമായി നഷ്ടമാകും എന്ന് ആ പിതാവ് ഭയപ്പെട്ടു.

“മാലതി.. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..”

ആമുഖത്തോടെ അയാൾ പറയുമ്പോൾ അവർ മുഖം ചുളിച്ചു നോക്കി.

“നീ നമ്മുടെ മകളെ എങ്ങനെ ആണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല..

അത്‌ എന്തായാലും നല്ല രീതിയിൽ അല്ല എന്ന് നിന്റെ പ്രവർത്തികളിലൂടെ നീ തെളിയിച്ചു. വല്ലപ്പോഴും എങ്കിലും സ്വന്തം മകളെ വിശ്വസിക്കാൻ നീ തയ്യാറാകണം.

ഏതൊരു മക്കൾക്കും അവസാന ആശ്രയം തങ്ങളുടെ അമ്മയാണ്. അവരുടെ വിഷമങ്ങൾ പങ്കു വെക്കുന്നതും, അവരുടെ സന്തോഷം പറയുന്നതും ഒക്കെ അമ്മയോടാണ്.

പക്ഷെ, ഇവിടെ നമ്മുടെ മകൾ അങ്ങനെ എന്തെങ്കിലും നിന്നോട് പറയാൻ ശ്രമിച്ചാൽ തന്നെ നീ അതിൽ നൂറു കുറ്റങ്ങൾ കണ്ടെത്തും.”

അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തോടെ ഇരിക്കുകയായിരുന്നു മാലതി.

“ആദർശ് കുറച്ചു നാളുകളായി അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് അവൾ എന്നോട് പരാതി പറയാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകൾ ആയി.

നിനക്ക് അറിയാമോ ഈ വീടിനുള്ളിൽ വച്ചു കൂടി അവൻ നമ്മുടെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. അതിന് ഞാൻ ദൃക്സാക്ഷിയാണ്.

നിന്നോട് അതിനെക്കുറിച്ച് പറയാതിരുന്നത് നീ വിഷമിക്കുമല്ലോ എന്ന് കരുതിയിട്ടാണ്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.

നിന്നോട് അന്നുതന്നെ കാര്യങ്ങളൊക്കെ തുറന്നു പറയേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഒരുപക്ഷേ നീ നമ്മുടെ മകളെ വിശ്വസിച്ചേനെ..”

അയാൾ പറഞ്ഞത് കേട്ട് അവർ അമ്പരപ്പോടെ അയാളെ നോക്കി. പിന്നെ അത് വിശ്വാസം വന്നിട്ടില്ല എന്ന ഭാവത്തിൽ തലയിളക്കി.

” നീ വിശ്വസിക്കില്ല എന്ന് എനിക്കറിയാം. പക്ഷേ അതാണ് സത്യം. എന്നെങ്കിലും നിനക്ക് അത് ബോധ്യപ്പെടും. നമ്മുടെ മകൾ ഓരോ പ്രാവശ്യവും ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത് പറയാൻ നിന്റെ അടുത്തേക്ക് ഓടി വരും.

പക്ഷേ അപ്പോഴൊക്കെ നീ വാക്കുകൾ കൊണ്ട് അവളെ അപമാനിക്കും. അതോടെ മനസ്സ് മരവിച്ച അവൾ തന്റെ ലോകത്തേക്ക് പോകും.

ഓരോ രാത്രികളിലും അവൾ വിളിച്ച് എന്നോട് പരാതികൾ പറയാറുണ്ട്. അവളെ ആശ്വസിപ്പിച്ച് ആണ് ഞാൻ ഓരോരോ രാത്രിയും ഉറങ്ങാൻ കിടക്കാറ്.

ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവൾ എന്നെ ഫോണിൽ പോലും വിളിച്ചിട്ടില്ല. ഞാൻ വിളിച്ചാലും അവൾക്ക് കൂടുതലൊന്നും പറയാനില്ല അതുപോലെ ഫോൺ കട്ട് ചെയ്യും.

അതിൽ നിന്നൊക്കെ തന്നെ ഇവിടെ എന്തൊക്കെയോ കാര്യമായ പ്രശ്നങ്ങളുണ്ട് എന്തിനാണ് ഊഹിച്ചിരുന്നു.

നിന്റെ കൂടെ ഈ വീടിനു അകത്തുള്ള നമ്മുടെ മോളുടെ പെരുമാറ്റത്തിൽ ഉള്ള വ്യത്യാസം പോലും നിനക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ ഒരു അമ്മ എന്ന നിലയിൽ നീ ഒരു പരാജയം തന്നെയാണ്.”

അയാൾ പറഞ്ഞപ്പോൾ അവർ അമ്പരപ്പോടെ അയാളെ നോക്കുകയായിരുന്നു.

” ഒരു കാര്യം മാത്രം നീ മനസ്സിൽ വച്ചോ.. നമ്മുടെ മകളെ ഇടയ്ക്കെങ്കിലും നീ വിശ്വസിക്കണം. വല്ലവരുടെയും മക്കളെ വിശ്വസിക്കുന്നതിന് ഒരു അംശം എങ്കിലും സ്വന്തം മകളിൽ നീ വിശ്വാസം അർപ്പിക്കണം.

നീ ചെയ്തതൊക്കെ തെറ്റായിരുന്നു എന്ന് നീ തിരിച്ചറിയുന്ന ഒരു ദിവസം വരും. അന്ന് അതൊക്കെ താങ്ങാൻ നിനക്ക് കഴിവുണ്ട് ആകട്ടെ എന്ന് മാത്രമേ ഞാനിപ്പോ ആഗ്രഹിക്കുന്നുള്ളൂ.. ”

അത്രയും പറഞ്ഞു നിർത്തി അയാൾ മുറി വിട്ടു പോകുമ്പോഴും അവർ അയാളെ പൂർണമായും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.

ഒരാഴ്ചയ്ക്ക് അപ്പുറം സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആദർശിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മാത്രമാണ് തന്റെ മകൾ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടായിരിക്കുമോ എന്ന് അവർ ചിന്തിച്ചത്..

അപ്പോഴും പൂർണ്ണമായും അവളെ വിശ്വസിക്കാൻ ആയ അവരുടെ മനസ്സ് തയ്യാറാകുന്നുണ്ടായിരുന്നില്ല.

ചിലയിടത്തെങ്കിലും അമ്മമാർ ഇങ്ങനെ ഉണ്ട്. സ്വന്തം മക്കളെ വിശ്വാസം ഇല്ലാത്ത അമ്മമാർ…

Leave a Reply

Your email address will not be published. Required fields are marked *