പത്തു മാസം വയറ്റിൽ ചുമന്നു പ്രസവിച്ച നിന്റെ മകൾ നിനക്ക് ആദ്യം, സ്വാഭാവികം..

ചോദ്യങ്ങളും സംശയങ്ങളും
(രചന: Mahalekshmi Manoj)

“നിന്നെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ആരാണ്? ഭർത്താവാണോ, മകളാണോ, അമ്മയാണോ?”

“അത് അമ്മ തന്നെ, എന്റെ അമ്മ. ഞാൻ പ്രയാസപ്പെടുമ്പോൾ കൂടെ പ്രയാസപ്പെടാനും, വയ്യാതെ ഇരിക്കുമ്പോൾ പ്രാർത്ഥനകളോടെ ഇരിക്കാനും,

എനിക്ക് നല്ലത് മാത്രം വരുത്തേണമേ എന്ന് സദാ ഈശ്വരനോട് അപേക്ഷിക്കാനും അമ്മക്കല്ലാതെ വേറെയാർക്കും കഴിയില്ല,

“അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ?. അതിത്ര ചോദിക്കാനെന്തിരിക്കുന്നു?.”

“മ്മ്.. പാട്ടൊക്കെ കുറെ കേട്ടിട്ടുണ്ട്..ശരി.. അടുത്ത ചോദ്യം. നീ മരിക്കുമ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് ആരായിരിക്കും?”.

“അത് കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ല, അമ്മ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ ഏറ്റവുമധികം സങ്കടപ്പെടുന്നത് അമ്മയായിരിക്കും, അമ്മ ഇല്ലാത്ത കാലത്താണെങ്കിൽ ഭർത്താവും മോളും.”

“അപ്പോൾ അമ്മ നേരത്തെ പോണമെന്നാണ് നീ പറയുന്നത്.?”

“അതിനർത്ഥം അതാണോ?, എന്റെ പൊന്നോ നിന്നെ ഞാൻ സമ്മതിച്ചു.

മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുക എന്നതിൽപ്പരം വേറെ ഒരു പ്രയാസമില്ല തന്നെ, എന്റെ അമ്മക്ക് ആ ഒരു പ്രയാസം ഉണ്ടാകരുത് എന്നാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും,

അമ്മ ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിച്ചാൽ കണ്ണിൽ ഇരുട്ട് കയറും, ആ ഇരുട്ട് എനിക്ക് ചുറ്റും പടരുകയും ചെയ്യും, എന്നാലും അമ്മക്ക് മുൻപേ ഞാനോ അനിയത്തിയോ പോകരുത് എന്നാണ് പ്രാർത്ഥന.”

“അപ്പോൾ അമ്മ ആദ്യം, പിന്നെ നീ?, ഇങ്ങനൊക്കെ നടക്കുമെന്നാണ് വിചാരം.”

“പറഞ്ഞല്ലോ എന്താണ് അതിന്റെ കാരണമെന്ന്, പിന്നേം അത് തന്നെ ചോദിച്ചോണ്ടിരുന്നാൽ അക്ഷരം മാറുകയൊന്നുമില്ലല്ലോ.”

“ഓ ചൂടാവണ്ട, ഒരു ചോദ്യം കൂടി, ഇത്രയും നീ അമ്മയെക്കുറിച്ച് പറഞ്ഞല്ലോ, നീ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ആരെയാണ്,?, പറ.”

“അത്.. അത്..”.

“അത്..? ആലോചിക്കണം അല്ലെ? എന്തായാലും അത് നിന്റെ അമ്മയല്ല അല്ലെ?. കഷ്ടം..”

എല്ലാവരും എനിക്ക് ഒരുപോലെയാ” എന്നൊക്കെയാണ് പറയാൻ വരുന്നതെങ്കിൽ ഇടിച്ചു ഞാൻ എന്ത് ചെയ്യുമെന്ന് നീ കണ്ടോ ആ..”

“ഇങ്ങനൊക്കെ ചോദിച്ചാൽ ആരായാലും അതൊക്കെത്തന്നെ പറയും, എനിക്കെല്ലാരും വേണം, അമ്മ, ഭർത്താവ്, മകൾ, അനിയത്തി.”

“പോ പെണ്ണെ അങ്ങോട്ടോ ഇങ്ങോട്ടോ.. എല്ലാരും.. ഞാൻ പറയാം നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്റെ മകളെ, പിന്നെ ഭർത്താവിനെ, പിന്നെ തൊട്ട്പിറകിൽ അമ്മ, അത് കഴിഞ്ഞു അനിയത്തി.”

“അങ്ങനെയൊക്കെ പറഞ്ഞു പ്രയാസപ്പെടുത്തല്ലേ, അമ്മ എനിക്ക് ഏറ്റവും വലുതാണ്.”

“ആണ്, അല്ല എന്ന് പറഞ്ഞില്ല, പക്ഷെ ഞാൻ പറഞ്ഞതാണ് സത്യം, നിന്റെ ശരീരത്തിൽ നിന്നും വന്ന, നീ വേദനകളെല്ലാം തിന്ന്,

പത്തു മാസം വയറ്റിൽ ചുമന്നു പ്രസവിച്ച നിന്റെ മകൾ നിനക്ക് ആദ്യം, സ്വാഭാവികം, നിന്റെ അമ്മക്ക് നീ എങ്ങനെയോ അത്പോലെ.

നിന്റെ നല്ലപാതി പിന്നീട്, അങ്ങേര് നല്ലവനായത് കൊണ്ട്, നിന്റെ വേലത്തരങ്ങൾക്കെല്ലാം കൂട്ട് നിക്കുന്ന ഒരു പാവമായത്‌ കൊണ്ട്,

ഇല്ലേൽ കാണാമായിരുന്നു നീ അങ്ങേരെ കൊണ്ട് ഏതെങ്കിലും പാടത്ത് എറിഞ്ഞേനെ, നിന്നെ എനിക്കറിഞ്ഞൂടെ പൊന്ന് മോളെ. പിന്നെ നിന്റെ അമ്മ.”

“അല്ല അത്..”

“എന്ത് അത്… ഇത്രെയൊക്കെ ചിന്തിച്ചാൽ മതി ഇന്ന്, കുറെ നേരമായി മനുഷ്യനെ മെനക്കെടുത്തുന്നു,

പോയി വേറെ വല്ല പണിയുമുണ്ടോന്നു നോക്ക് പെണ്ണെ, ചുമ്മാ കിടന്ന് അതാണോ ഇതാണോ?, വെറുതെ ഇരിക്കാൻ സമ്മതിക്കൂകേല്ല, വിളിച്ചു കയറ്റി ചോദ്യങ്ങൾ തുടങ്ങും, ഹോ.”

“പോയാ?, പോവല്ലേ.. ചോദ്യങ്ങൾ തീർന്നില്ല, സംശയങ്ങളും, ഇനിയെപ്പോ വരും?. ജോലിയെല്ലാം ഒതുങ്ങി ഒന്നിരിക്കുമ്പോൾ തന്നെ വരണേ,

സ്വസ്ഥമായി ഇരിക്കുന്നത് എനിക്കിഷ്ടമല്ല, ഇങ്ങനെ ഓരോന്ന് ചിന്തിച്ചു പ്രയാസപ്പെട്ടു കൊണ്ടിരിക്കണം, അതാ.”

മറുപടിയില്ല. പോയി. ഇനിയും വരും, വരാതെ എവിടെപ്പോകാൻ?,

ഇത്‌ പോലെ വേറെ പല കാര്യങ്ങളിലുമുള്ള ചോദ്യങ്ങളും സംശയങ്ങളും ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുമ്പോൾ, ഉള്ള സമാധാനം കളയിക്കാൻ വരാതിരിക്കാനാവില്ല, വിളിക്കാതിരിക്കാൻ എനിക്കും.

ഞാനും എന്റെ മനസ്സാക്ഷിയും താൽക്കാലത്തേക്ക് വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *