അമ്മയെ പൂർണമായും ഒഴിവാക്കണം എന്ന് ഞങ്ങൾ പറഞ്ഞില്ല, മറ്റെന്തെങ്കിലും ഒരു..

ഭാഗം വെയ്ക്കൽ
(രചന: അരുണിമ ഇമ)

“അപ്പോൾ ഈ വീടും പുരയിടവും ഇളയ മകനായ അരുണിന് ആണ്.. ബാക്കി ഉള്ള സ്ഥലങ്ങളും വസ്തു വകകളും തുല്യമായി മക്കൾക്ക് എല്ലാവർക്കുമായി വീതിച്ചിട്ടുണ്ട്..”

വക്കീൽ പറഞ്ഞത് കേട്ട് മക്കളും മരുമക്കളും സന്തോഷത്തോടെ പരസ്പരം നോക്കി.

“അപ്പോൾ പിന്നെ കാര്യങ്ങൾ ഒക്കെ അങ്ങനെ തീരുമാനിക്കാം.. അല്ലേ ലക്ഷ്മിയമ്മേ..?”

വക്കീൽ മൗനമായി എന്നാൽ മക്കളുടെ സന്തോഷം കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മിയമ്മയോടായി ചോദിച്ചു. അവർ സന്തോഷത്തോടെ സമ്മതിച്ചു.

തങ്ങൾക്ക് കിട്ടിയ വീതം എന്ത് ചെയ്യണം, എങ്ങനെ ചെലവഴിക്കണമെന്ന് ചർച്ച ചെയ്യുന്ന മക്കളെ സന്തോഷത്തോടെ അവർ നോക്കിയിരുന്നു.

അവരുടെ ചർച്ചകളിൽ ഒരിക്കൽപോലും അമ്മയായ തന്റെ അഭിപ്രായങ്ങൾ ചോദിക്കുന്നില്ല എന്ന് അവർ വേദനയോടെ കണ്ടു.

ഇന്നലെ വരെ അങ്ങനെ ആയിരുന്നില്ല. അവരുടെ എന്ത് കാര്യങ്ങൾക്കും അഭിപ്രായം ചോദിക്കാൻ അവർ എല്ലാവരും അമ്മയുടെ അടുത്തേക്ക് ഓടിയെത്തുമായിരുന്നു.

ഇന്ന് ഒരു ദിവസം കൊണ്ട് എന്ത് മാറ്റമാണ് സംഭവിച്ചത് എന്ന് അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ആ മാറ്റത്തെ ഉൾക്കൊള്ളാൻ അവരുടെ മനസ്സിനും പ്രാപ്തി ഉണ്ടായിരുന്നില്ല.

അവർ പിന്നീട് അധിക നേരം അവിടെ നിൽക്കാതെ എഴുന്നേറ്റ് തന്റെ മുറിയിലേയ്ക്ക് നടന്നു.

” അമ്മേ അമ്മക്ക് ചായ എടുക്കട്ടെ?”

തന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ഉള്ള ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കി. ജാനകിയെ കണ്ട് അവരുടെ കണ്ണ് നിറഞ്ഞു.

വീട്ടിലൊരു സഹായത്തിനായി കൊണ്ട് നിർത്തിയതാണ് ജാനകിയെ. തന്റെ ഏതൊരു കാര്യവും കണ്ടറിഞ്ഞു ചെയ്തു തരും.

” ഇപ്പോൾ ഒന്നും വേണ്ട കുട്ടി.. ഞാനൊന്നു കിടക്കട്ടെ.. ”

അത്രയും പറഞ്ഞു കൊണ്ട് വേച്ചു വേച്ച് തന്റെ മുറിയിലേക്ക് കയറി പോയി. ജാനകിക്ക് അമ്മയുടെ അവസ്ഥ ഓർത്ത് സഹതാപം തോന്നി.

പക്ഷേ ഇവിടെ നടക്കുന്ന കാര്യങ്ങളിലൊന്നും അഭിപ്രായം പറയാൻ തനിക്ക് യോഗ്യതയില്ല എന്ന് അറിഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക് പിൻവാങ്ങി.

അപ്പോഴും ഉമ്മറത്ത് ബാക്കിയുള്ള ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.

” കാര്യങ്ങളൊക്കെ തീരുമാനമായി സ്ഥിതിക്ക് അമ്മയുടെ കാര്യം എങ്ങനെയാണ്? ”

അരുണിന്റെ ഭാര്യയുടെതാണ് ചോദ്യം. എല്ലാവരും പരസ്പരം നോക്കി.

” അതെന്ത് ചോദ്യമാണ് ഹിമേ..? തറവാട് നിങ്ങൾക്ക് ആയതു കൊണ്ട് തന്നെ അമ്മയെ നോക്കേണ്ട കടമയും നിങ്ങൾക്കാണ്.”

മൂത്ത മകന്റെ ഭാര്യ നീലിമ പറഞ്ഞു. അത് കേട്ടതോടെ ഹിമയുടെ മുഖം വീർത്തു.

“ചേച്ചിക്ക് അറിയാമല്ലോ ഞങ്ങൾക്ക് ഇവിടെ അല്ല ജോലി. അമ്മയെ നോക്കാൻ വേണ്ടി ഇവിടെ വന്ന് നിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല. എനിക്ക് ജോലിക്ക് പോണം.

പിന്നെ അമ്മയുടെ കാര്യം നോക്കാൻ ആരെയെങ്കിലും നിർത്താം എന്ന് വെച്ചാൽ അതും ഇനി നടക്കില്ല. ഈ തറവാട് പൊളിച്ചു ഇവിടെ വേറൊരു പ്ലാൻ ഞങ്ങൾക്ക് ഉണ്ട്.”

ഹിമ എല്ലാവരോടുമായി പറഞ്ഞു.

” അങ്ങനെയെങ്കിൽ പിന്നെ അമ്മയുടെ കാര്യം എന്ത് ചെയ്യും എന്നാണ്..? അതിൽ എന്തെങ്കിലും ഒരു തീരുമാനമെടുക്കാതെ പറ്റില്ലല്ലോ..

എല്ലാവർക്കും ജോലിത്തിരക്കും കാര്യങ്ങളും ഒക്കെയാണ്. ആർക്കും അമ്മയെ നോക്കാൻ തറവാട്ടിൽ വന്നു നിൽക്കാൻ ഒന്നും പറ്റില്ല.. ”

ലക്ഷ്മി അമ്മയുടെ രണ്ടാമത്തെ മകൾ അരുണിമയുടെതായിരുന്നു വാക്കുകൾ.

“അങ്ങനെ പറ്റില്ല എന്നൊന്നും പറയണ്ട അരുണിമ.. തറവാട് എഴുതി വാങ്ങുമ്പോൾ അമ്മയെ കൂടി നോക്കണം എന്ന് ഇവർക്ക് അറിയില്ലായിരുന്നോ..?”

നീലിമ വിദ്വേഷത്തോടെ പറഞ്ഞു.

“ചേച്ചി അതെന്ത് വർത്തമാനമാണ് പറയുന്നത്..? തറവാട് വീട് ഇളയ മക്കൾക്ക് ഉള്ളതാണെന്ന് നാട്ടുനടപ്പാണ്.. അതിൽ ഇപ്പോൾ പ്രത്യേകിച്ച് തീരുമാനിക്കാൻ ഒന്നും ഇല്ലല്ലോ..?”

അരുൺ നീലിമയോട് ദേഷ്യപ്പെട്ടു.

” തറവാട് വീട് ആർക്ക് ഉള്ളതാണോ അവരുടെ ഉത്തരവാദിത്വമാണ് അച്ഛനും അമ്മയും. അത് അറിയില്ലായിരുന്നോ..?അതും നാട്ടുനടപ്പാണ്.. ”

ലക്ഷ്മി അമ്മയുടെ മൂത്ത മകൻ കിരൺ പറഞ്ഞു.

” ഞങ്ങൾക്ക് ഇവിടെ ജോലി ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണല്ലോ ഞങ്ങൾ അമ്മയെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞത്.

അമ്മയെ പൂർണമായും ഒഴിവാക്കണം എന്ന് ഞങ്ങൾ പറഞ്ഞില്ല. മറ്റെന്തെങ്കിലും ഒരു വഴി നോക്കണം എന്നേ പറഞ്ഞുള്ളൂ.. ”

അരുൺ ഭാര്യയെ ന്യായീകരിക്കാൻ മുന്നിട്ടിറങ്ങി.

” നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലിയിട്ട് കാര്യമൊന്നുമില്ല.. എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കുക അല്ലാതെ എല്ലാവരും കൂടി ഇങ്ങനെ ബഹളം വയ്ക്കുന്നത് കൊണ്ട് എന്താണ് ലാഭം? ”

അരുണിമയുടെ ഭർത്താവ് അശോകൻ ആയിരുന്നു പറഞ്ഞത്.

” ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ ആരും തെറ്റിദ്ധരിക്കരുത്. നമുക്ക് അമ്മയെ ഒരു വൃദ്ധസദനത്തിൽ ആക്കാം..

ഇപ്പോൾ എല്ലാവരും അങ്ങനെയാണല്ലോ ചെയ്യുന്നത്.. അമ്മയെ നോക്കാൻ ഒരിടത്ത് ഏൽപ്പിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.

നമുക്ക് മാസാമാസം അമ്മയുടെ ചെലവിനുള്ള പണം അവിടെ ഏൽപ്പിക്കാം. ഓരോ മാസവും ഓരോരുത്തർ ആ ചെലവ് ഏറ്റെടുത്താൽ മതി.. ”

നീലിമ ആയിരുന്നു ബുദ്ധി ഉപദേശിച്ചത്. അത് എല്ലാവർക്കും സ്വീകാര്യമായി തോന്നി. അങ്ങനെ തന്നെ തീരുമാനിക്കാം എന്ന് എല്ലാവരും ചേർന്ന് ഉറപ്പിച്ചു.

” അമ്മയോട് ഈ വിവരം ആര് പറയും? അമ്മയ്ക്ക് ഈ സ്ഥലത്തോട് വല്ലാത്ത അറ്റാച്ച്മെന്റ് ആണ്.. അച്ഛനെ അടക്കിയ മണ്ണ് എന്നൊക്കെ പറഞ്ഞ് വല്ലാത്ത സെന്റിമെൻസ് ആണ്.

അതുകൊണ്ട് തന്നെ നമ്മൾ ഈ തറവാട് പൊളിക്കാൻ പോകുന്ന കാര്യം അറിഞ്ഞാൽ അമ്മ ഒന്നും സംഭവിക്കാൻ പോകുന്നില്ല.”

അരുൺ എന്തൊക്കെയോ ചിന്തകളോടെ പറഞ്ഞു.

” അത് നീ പറഞ്ഞത് നേരാ.. പക്ഷേ അമ്മയെ ഇവിടുന്ന് മാറ്റി നിർത്താതെ പറ്റില്ലല്ലോ.. ”

കിരൺ ചിന്തയിലാണ്ടു.. ഒടുവിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെ എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി. അപ്പോഴും ഉമ്മറത്തെ ചർച്ചകൾ ഒന്നുമറിയാതെ ലക്ഷ്മിയമ്മ സുഖനിദ്രയിൽ ആയിരുന്നു.

തങ്ങളുടെ മക്കൾക്ക് എന്തൊക്കെയോ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടായിരുന്നു ആ അമ്മ മക്കളുടെ പേരിൽ സ്വത്തുവകകൾ വീതം വെച്ച് കൊടുക്കാൻ തീരുമാനിച്ചത്.

അല്ലെങ്കിൽ തന്നെ വയസ്സുകാലത്ത് അതൊക്കെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണ്? തന്നെ നോക്കേണ്ടത് തന്റെ മക്കളാണ്.

അതുകൊണ്ട് തന്നെ അവർക്ക് ഇതൊക്കെ വീതം വെച്ച് കൊടുക്കാൻ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..

രാത്രിയിൽ എല്ലാവരും ഊണുമേശയിൽ ഇരിക്കുന്ന സമയം.. ജാനകി എല്ലാവർക്കും ഊണ് വിളമ്പുന്നുണ്ട്.

ലക്ഷ്മി അമ്മ തന്റെ പാത്രത്തിൽ ഇരിക്കുന്ന കഞ്ഞി കോരി കുടിക്കുന്നു. മക്കളുടെ എല്ലാവരുടെയും മുഖത്ത് ഒരു പരിഭ്രമം കാണാനുണ്ട്.

അമ്മയോട് കാര്യങ്ങളൊക്കെ സംസാരിക്കണം. പക്ഷേ ആര് പറയും എന്നുള്ളതായിരുന്നു ചോദ്യം. ഒടുവിൽ അരുൺ തന്നെ മുന്നിട്ടിറങ്ങി. അവന് ആയിരുന്നല്ലോ ഏറ്റവും ആവശ്യം?

” അമ്മേ.. അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട്.. ”

അവൻ പരുങ്ങലോടെ പറഞ്ഞു. അവർ തലയുയർത്തി മകനെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.

“നിനക്ക് എന്നോട് എന്തുവേണമെങ്കിലും പറയാമല്ലോ? എന്താ മോനെ?”

അവർ വാത്സല്യത്തോടെ ചോദിച്ചു.

” അത് അമ്മേ.. ഞങ്ങൾക്ക് രണ്ടുപേർക്കും അത്യാവശ്യമായി ജോലിസ്ഥലത്തേക്ക് മടങ്ങി പോകേണ്ടതുണ്ട്.

ഞങ്ങൾക്ക് മാത്രമല്ല ഇവർക്ക് എല്ലാവർക്കും മടങ്ങി പോണം. എല്ലാവരും ഓരോ തിരക്കുകളിലും ആണ്. ”

അവൻ അത്രയും പറഞ്ഞുകൊണ്ട് മറ്റുള്ളവരെ നോക്കി.

” ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ, അമ്മയെ നോക്കാൻ വേണ്ടി ഞങ്ങൾ ഒരിടത്ത് ഏൽപ്പിക്കാം..

ജോലിത്തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഞങ്ങൾ തിരികെ വരുമ്പോൾ അമ്മയെയും കൂട്ടി ഇവിടേക്ക് വരാം. ”

മകൻ പറഞ്ഞതു കേട്ട് അവർക്ക് വിഷമം തോന്നി. ജാനകി സങ്കടത്തോടെ അമ്മയെ നോക്കി. അവർ ഈ പറയുന്നത് വെറും വാക്ക് ആണെന്ന് ജാനകിക്ക് തോന്നി.

ഈ തറവാട് വീട് പൊളിച്ചു കളഞ്ഞാൽ അവർ പിന്നെ അമ്മയെ എവിടേ കൊണ്ടു വരാനാണ്? ഉച്ചയ്ക്ക് അവരുടെയൊക്കെ ചർച്ച് ജാനകി കേട്ടത് ആയിരുന്നു.

” അപ്പോൾ ജാനകിയോ ..? എനിക്ക് കൂട്ടിന് അവൾ ഉണ്ടല്ലോ.. ”

അമ്മ ദുർബലമായി പറഞ്ഞു.

” അതിന്റെ ആവശ്യമുണ്ടോ അമ്മേ..? ഞങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരാളെ ഇവിടെ വെറുതെ ജോലിക്ക് വയ്ക്കുന്നത് ഞങ്ങൾക്ക് നഷ്ടമാണ്.

അതിനെക്കാളൊക്കെ നല്ലത് അമ്മയെ ഞങ്ങൾക്ക് വിശ്വാസം ഉള്ള ഒരിടത്ത് നിർത്തുന്നത് അല്ലേ..? ”

നീലിമ ചോദിച്ചു. ലക്ഷ്മി അമ്മ വിഷമത്തോടെ ജാനകിയെ നോക്കി. അവരുടെ മുഖത്തും വിഷമം തെളിഞ്ഞു കാണാമായിരുന്നു.

“നിങ്ങളുടെ ഇഷ്ടം പോലെ എന്താണെന്നു വെച്ചാൽ ചെയ്യാം..”

അത്രയും പറഞ്ഞുകൊണ്ട് ആഹാരം കഴിക്കുന്നത് മതിയാക്കി അവർ എഴുന്നേറ്റു പോയി.

“അമ്മയ്ക്ക് വിഷമമായി എന്ന് തോന്നുന്നു..”

അവർ പോയത് നോക്കിയിരിക്കുന്ന അരുണിമ പറഞ്ഞു.

“അമ്മയുടെ വിഷമം ഒക്കെ കുറച്ചു കഴിയുമ്പോൾ മാറിക്കോളും.. നീ അതോർത്ത് തല പുണ്ണാക്കണ്ട..”

കിരൺ അവളെ ശാസിച്ചു.

രാത്രിയിൽ ഉറങ്ങാൻ കിടന്ന ലക്ഷ്മി അമ്മയുടെ അടുത്തേക്ക് ജാനകി വന്നു.

“അമ്മേ..”

അവളുടെ വിളികേട്ട് കട്ടിലിൽ കിടക്കുകയായിരുന്ന ലക്ഷ്മിയമ്മ എഴുന്നേറ്റിരുന്നു.

” നീ ഉറങ്ങി ഇല്ലായിരുന്നോ..? ”

അവർ ചോദിച്ചത് കേട്ട് ജാനകി വേദനയോടെ പുഞ്ചിരിച്ചു.

“നാളെ അമ്മയെ ഇവിടെ നിന്ന് കൊണ്ടുപോകും.”

ജാനകി വിഷമത്തോടെ പറഞ്ഞു.

“അവർ ഒക്കെ കൂടി തീരുമാനിച്ചാൽ പോകാതെ പറ്റില്ലല്ലോ..?”

ലക്ഷ്മിയമ്മയും വിഷാദത്തോടെ പറഞ്ഞു.

” അമ്മേ.. അമ്മയെ ഇവിടെ നിന്ന് കൊണ്ടു പോയാലും തിരികെ ഇവിടേക്ക് കൊണ്ടുവരും എന്ന് പറയുന്നത് വെറുതെയാണ്.

അവർക്ക് ഈ വീട് പൊളിച്ചു മറ്റെന്തൊക്കെയോ ചെയ്യാനുണ്ട്.. ഇന്ന് ഉച്ചയ്ക്ക് അവരൊക്കെ കൂടി സംസാരിക്കുന്നത് ഞാൻ കേട്ടതാണ്..

അമ്മയ്ക്ക് ആവശ്യമില്ലാത്ത ഒരു പ്രതീക്ഷ തരണ്ട എന്ന് കരുതിയാണ് ഇപ്പോൾ ഞാൻ ഇത് പറയുന്നത്.

അമ്മ നാളെ ഈ വീട്ടിൽ നിന്നു പോകുമ്പോൾ ഇനി ഒരിക്കലും ഇവിടേയ്ക്ക് മടങ്ങിവരാം എന്ന ഒരു പ്രതീക്ഷ വെച്ച് പോകരുത്.. ”

താൻ അറിഞ്ഞ കാര്യങ്ങൾ ജാനകി ലക്ഷ്മി അമ്മയോട് പറഞ്ഞു. ഒക്കെ കേട്ട് കഴിഞ്ഞ് ലക്ഷ്മിയമ്മ മരവിച്ചു പോയി.

തന്റെ മക്കളുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പ്രവർത്തി അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

“അമ്മ വിഷമിക്കേണ്ട.. നാളെ അമ്മയെ അവർ എവിടെ കൊണ്ടുപോയി ഏൽപ്പിച്ചാലും, അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊക്കോളാം. ഞാൻ ഒറ്റയ്ക്ക് അല്ലേ..? അമ്മ ഇപ്പോൾ സമാധാനമായി കിടന്നുറങ്ങൂ..”

ജാനകി ലക്ഷ്മി അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് കട്ടിലിലേക്ക് കിടത്തി. അവരുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

അവരെ വേദനയോടെ ഒരു നിമിഷം നോക്കി നിന്നിട്ട് ജാനകി തന്റെ മുറിയിലേക്ക് പോയി.

പിറ്റേന്ന് ആ വീട് ഉണർന്നത് ലക്ഷ്മി അമ്മയുടെ മരണവാർത്തയും ആയിട്ടായിരുന്നു..

കള്ള കണ്ണീർ പൊഴിച്ച് മക്കൾ ഓരോരുത്തരും കർമ്മങ്ങൾ ചെയ്യുമ്പോൾ ജാനകി മാത്രം നിർവികാരതയോടെ നോക്കിയിരുന്നു. ഈ വീട്ടിൽ നിന്നും മാറി നിൽക്കാൻ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല..

അതുകൊണ്ടാകും അമ്മയ്ക്ക് ഇങ്ങനെ ഒരു വിധി.. ജാനകിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു.

Leave a Reply

Your email address will not be published.