അവളുടെ മുഖവും ഭീതി കൊണ്ട് നിറഞ്ഞിരിക്കുന്നു, ചിലപ്പോ ഫ്രെഡ്ഡി വഴക്ക് പറയും..

ചിത്രശലഭങ്ങളുടെ വീട്
(രചന: Anish Francis)

ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചത് ഒരു മണ്ടത്തരമായി എന്നിപ്പോള്‍ തോന്നുന്നു. പ്രശ്നം ഗൂഗിളിനോ അതോ മ ദ്യപിച്ചു വണ്ടിയോടിക്കുന്ന തനിക്കോ ?

മ ദ്യ വുമായി വണ്ടിയോടിക്കുന്നത് വളരെ റിസ്ക്ക് പിടിച്ച പണിയാണെന്ന് ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുമ്പോള്‍ കൂട്ടുകാര്‍ മുന്നറിയിപ്പ് തന്നതാണ്.

ഒറ്റക്കുള്ള യാത്രയാണ്. ബാംഗ്ലൂരില്‍നിന്ന് കോട്ടയം വരെ. ഇടക്ക് മാനന്തവാടിയില്‍ ഒരു കൂട്ടുകാരന്റെ വീട്ടില്‍ കേറി. അവിടെനിന്നു വൈകുന്നേരം അഞ്ചു മണിയായപ്പോള്‍ ഇറങ്ങി.

വഴിയില്‍ കള്ളപ്പവും പോത്തിറച്ചിയും എന്ന ബോര്‍ഡ് വച്ച ഒരു കട കണ്ടു. നല്ല കുരുമുളക് ഒക്കെയിട്ട് വറുത്ത പോത്തിറച്ചിയും അഞ്ചു കള്ളപ്പവും കഴിച്ചു. ഒപ്പം രണ്ടു പെഗും.

ഒരു പ്ലേറ്റ് ബീഫ് പാര്‍സല്‍ വാങ്ങി. വഴിയില്‍ ചെക്കിംഗ് കാണുമോ എന്നുള്ള ഭീതി ഉണ്ടായിരുന്നു.

പക്ഷേ കൂട്ടുകാരന്റെ വീട്ടില്‍നിന്ന് കേറ്റിയ കൈറോണ്‍ വിസ്കിയും ബീഫും കിടു കോമ്പിനേഷനായിരുന്നു . അത് വല്ലാതെ പ്രലോഭിപ്പിച്ചു. പോലീസില്‍ നിന്ന് രക്ഷപെടാന്‍ മെയിന്‍ റോഡ്‌ ഒഴിവാക്കി.

അങ്ങിനെയാണ് ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിച്ചത്. നേരം ഇപ്പോള്‍ രാത്രി ഒന്‍പതു മണിയായിരിക്കുന്നു. പോലീസ് പോയിട്ട് വഴിയില്‍ ഒരു ഈച്ച പോലുമില്ല.

കുറച്ചു വെള്ളം കുടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍.. വണ്ടിയിൽ കരുതിയ വെള്ളക്കുപ്പികള്‍ മുഴുവന്‍ കാലി.. പിന്‍ സീറ്റില്‍ ഒരു കേക്ക് ഇരിപ്പുണ്ട്. പിന്നെ ഒരു ഗിറ്റാര്‍.. .പിന്നെ കുട്ടികള്‍ക്ക് കളിക്കാനുള്ള ഗെയിംസ്.

നാളെ ചേച്ചിയുടെ അഞ്ചു വയസ്സുള്ള മോള്‍ ചിന്നുവിന്റെ പിറന്നാളാണ്. നാളെ വൈകുന്നേരമാണ് അവളുടെ ജന്മദിനാഘോഷം.

വണ്ടി നിര്‍ത്തി വെളിയിലിറങ്ങി മൂത്രമൊഴിച്ചു..ഒരു പെഗ് കൂടി കഴിച്ചു. അപ്പോള്‍ ദാഹം കൂടി.

നല്ല നിലാവുണ്ട്. റോഡിന്റെ ഇരുവശത്തും കാപ്പിത്തോട്ടമാണ്. കാപ്പിയുടെ ഇടയില്‍ ഉയരമുള്ള മരങ്ങളില്‍ കരുമുളക് വളരുന്നു.

കാപ്പിച്ചെടികള്‍ പൂത്തിട്ടുണ്ട്. അതിന്റെ സുഖമുള്ള ഗന്ധം വായുവിലാകെ ഒഴുകിപ്പരക്കുന്നു. നാലഞ്ചു കിലോമീറ്ററായി ഈ തോട്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ.

ദാഹം കൂടുകയാണ്. ഒരു ഗ്ലാസ് വെള്ളം കിട്ടിയിരുന്നെങ്കില്‍. ഫോണ്‍ എടുത്തു നോക്കി. സിഗ്നല്‍ ഇല്ല. കലി കയറി. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

ദേഷ്യം തീര്‍ത്തു ആക്സിലേറ്ററിനോടാണ്. വണ്ടി മുന്‍പോട്ടെടുത്ത് ഒരു വളവു തിരിഞ്ഞതും റോഡില്‍ രണ്ടു കുട്ടികള്‍ നില്‍ക്കുന്നത് കണ്ടു.

ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും. സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ ചിരിച്ചു കളിച്ചു നിൽക്കുന്ന കുട്ടികൾ ആരെയോ കാത്തുനിൽക്കുന്നതുപോലെ തോന്നി.

അവരെ കണ്ടത് നന്നായി. അടുത്തായിരിക്കും വീട് ..വണ്ടി മെല്ലെ ഒതുക്കി.

നീല നിറമുള്ള ഫ്രോക്ക് ധരിച്ച പെണ്‍കുട്ടിയാണ് ഇളയത്. ആറു വയസ്സ് കാണും. ആണ്‍കുട്ടിക്ക് പത്തു വയസ്സ്.. അവന്‍ ചെക്ക് ഡിസൈന്‍ ക്രീം ഷര്‍ട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചിരിക്കുന്നത്‌.

“മക്കളെ നിങ്ങളിവിടെ എന്താ നില്‍ക്കുന്നത് ? ഇവിടെ അടുത്താണോ വീട്..”

ഞാന്‍ വണ്ടി നിര്‍ത്തി തല പുറത്തേക്കിട്ടു ചോദിച്ചു.

ആണ്‍കുട്ടി എന്നെക്കണ്ടു ഒന്ന് പരിഭ്രമിച്ചു.

“ഇവിടെ അടുത്തു തന്നെയാ ചേട്ടാ വീട്…”അവന്‍ പറഞ്ഞു.

”ഞങ്ങളിവിടെ ഫ്രെഡ്ഡി അങ്കിളിനെ നോക്കി നില്ക്കുകയാ..അങ്കിള്‍ ഇപ്പൊ വരും..” പെണ്‍കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

ആണ്‍കുട്ടി അവളുടെ കയ്യില്‍ പിടിച്ചമര്‍ത്തി അവളെ നോക്കി കണ്ണുരുട്ടുന്നതു കണ്ടപ്പോള്‍ ചിരി വന്നു.

“എനിക്കേ….നല്ല ദാഹം..മക്കടെ വീടിവിടെ എവിടെയാ..കുറച്ചു വെള്ളം കുടിച്ചിട്ട് പോകാന്‍ വേണ്ടിയാണ്..” ഞാന്‍ പറഞ്ഞു.

“ വീട്..ദാ ഈ പോക്കറ്റ് റോഡു വഴി ഒരു അരകിലോമീറ്റര്‍ പോകണം…”
ആണ്‍കുട്ടി പറഞ്ഞു
.
“എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ പോകാം. നിങ്ങള്‍ ഫ്രെഡി അങ്കിളിനെ നോക്കി നില്‍ക്ക്..”

“വീട്ടിലാരുമില്ല ചേട്ടാ..ചേട്ടന്‍ കുറച്ചു ദൂരം കൂടി മുന്‍പോട്ടു പോയാല്‍ വേറെ വീടുകള്‍ കാണും.” ആണ്‍കുട്ടി പറഞ്ഞു.

അപരിചിതനായ തന്റെ മട്ടും ഭാവമുമൊക്കെ കണ്ടു താന്‍ പിശകാണെന്ന് അവനു തോന്നിക്കാണും. കുട്ടികളല്ലേ..

“ ഈ ചേട്ടന്‍ ചുമ്മാ പറയുവാ അങ്കിളേ… ഒത്തിരി മുന്നോട്ടു പോയാലെ ഇനി വീട് ഉള്ളു.. അപ്പോഴേക്കും അങ്കിള്‍ ദാഹിച്ചു മരിക്കും..”

ആ പെണ്‍കുട്ടി പറഞ്ഞു.

“മക്കള് പേടിക്കണ്ട..അങ്കിള്‍ കള്ളനൊന്നുമല്ല.” ഞാന്‍ പയ്യനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“വീട്ടിലോട്ടുള്ള റോഡു മോശവാ ചേട്ടാ..”അവന്‍ വീണ്ടും നിരുത്സാഹപ്പെടുത്തി.

“വണ്ടിയൊക്കെ പോകുംന്നെ….നമ്മുക്ക് അങ്കിളിന്റെ കൂടെ കാറില്‍ പോകാം. ഞാന്‍ ഇവിടെ നിന്ന് മടുത്തു…” പെണ്‍കുട്ടി ചേട്ടന്റെ കൈ പിടിച്ചു ചിണങ്ങി.

“അപ്പൊ ഫ്രെഡ്ഡി അങ്കിളോ?” പയ്യന്‍ ചോദിക്കുന്നു.

“അങ്കിള്‍ .വന്നോളും..എന്നും വരുന്നതല്ലേ..വഴിയൊന്നും മറക്കില്ല..” പെണ്‍കുട്ടി ചേട്ടനെ പഠിപ്പിക്കുന്നു.

തര്‍ക്കത്തിനൊടുവില്‍ രണ്ടു പേരും വണ്ടിയില്‍ കേറി.

“മക്കള് പുറകിലത്തെ സാധനങ്ങള്‍ ഒതുക്കിയിട്ടു ഇരുന്നോ? “ഞാന്‍ പുറകിലേക്ക് നോക്കി പറഞ്ഞു.

“ആഹാ ,ദേ ടോണി ചേട്ടാ കേക്ക്…” പെണ്‍കുട്ടി അത്ഭുതശബ്ദം ഉയര്‍ത്തി.

“ലില്ലി ,ഒരു വസ്തുവിലും തൊടണ്ട …”ചേട്ടന്‍ ശാസിച്ചു.

ടോണിയും ലില്ലിയും. ഞാന്‍ അവരുടെ പേര് പഠിച്ചു.

‘ലില്ലി മോൾക്ക് കേക്ക് വേണോ ?” ഞാന്‍ ചോദിച്ചു.

“പിന്നേ ..എനിക്ക് വേണം..ഇന്നെന്റെ ഹാപ്പി ബര്‍ത്ത് ഡേയാ..അറിയാമോ ” ലില്ലി വിളിച്ചു കൂവി.

“ലില്ലി…ഒച്ച വയ്ക്കാതെ ..ഞാന്‍ ഫ്രെഡി അങ്കിള്‍ വരുമ്പോ പറഞ്ഞു കൊടുക്കും കേട്ടോ..” ടോണി വഴക്ക് പറഞ്ഞു.

“ആഹാ ..ഹാപ്പി ബര്‍ത്ത് ഡേ ലില്ലി മോളെ..അപ്പൊ കേക്ക് ലില്ലി മോള്‍ക്ക് തരാം..”ഞാന്‍ പറഞ്ഞു.

“അയ്യോ അതൊന്നും വേണ്ട അങ്കിള്‍…അങ്കിള്‍ വീട്ടിലോട്ടു വാങ്ങിയ കേക്കല്ലേ..ടോണി പറഞ്ഞു.

‘എന്റെ ചേച്ചിടെ കുട്ടിടെ പിറന്നാളാ ടോണി..അവള്‍ക്ക് വേണ്ടി മേടിച്ചതാ..സാരമില്ല..ഞാന്‍ ഒരെണ്ണം കൂടി മേടിക്കാം..പ്രശ്നം തീര്‍ന്നില്ലേ..” ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ടോണി എത്ര പക്വതയോടെയാണ് പെരുമാറുന്നത്. ഞാന്‍ മനസ്സിലോര്‍ത്തു. ഇത്ര പ്രായമായിട്ടും ഞാന്‍ പെരുമാറുന്നതോ..

ഫ്രണ്ട് സീറ്റിലെ ഒഴിഞ്ഞ മദ്യകുപ്പിയും ബീഫിന്റെയും ചിപ്സിന്റെയും അംശങ്ങള്‍ കണ്ടപ്പോള്‍ എനിക്കാ കുട്ടികളുടെ സഞ്ചരിക്കാന്‍ യോഗ്യതയില്ലെന്ന് തോന്നി.

‘അങ്കിള്‍ കുടിക്കുവോ..” ടോണിയുടെ ശബ്ദം ചാട്ടുളി പോലെ കാതില്‍ പതിച്ചു. ഞാന്‍ സീറ്റിലേക്ക് നോക്കുന്നത് ടോണി ശ്രദ്ധിച്ചിരിക്കുന്നു.

“നമ്മുടെ ഫ്രെഡി അങ്കിളും കുടിക്കൂലോ..”

ടോണിയുടെ ചോദ്യത്തിന് ഞാന്‍ അതിനു മറുപടി പറയുന്നതിനു മുന്‍പ് ലില്ലി പറഞ്ഞു.

“ലില്ലി.. യൂവാര്‍ ബീഹെവിംഗ് ബാഡ്.. ചേട്ടാ ഇവള്‍ക്ക് കേക്ക് കൊടുക്കണ്ട കേട്ടോ..” ടോണി പറഞ്ഞു.

“പറ്റില്ല..എനിക്ക് കേക്ക് വേണം. ഇന്നന്റെ ബര്‍ത്ത് ഡേയാ..പ്ലീസ്” ലില്ലി കിടന്നു ബഹളം വച്ചു.

“ചേട്ടാ ഇനി ലെഫ്റ്റ് ..” ലില്ലിയുടെ ബഹളത്തിനിടയില്‍ ടോണി വഴി പറഞ്ഞു തന്നു.

നിലാവ് വീണുകിടക്കുന്ന കാപ്പിത്തോട്ടത്തിലൂടെ കുറച്ചു ദൂരെ ഓടിയശേഷം വണ്ടി മെല്ലെ നീലനിറമുള്ള ഒരു ചെറിയ വീടിന്റെ മുന്‍പിലേക്ക് വന്നു നിന്നു.

കാറില്‍നിന്നിറങ്ങിയതും ഞാന്‍ അത്ഭുതം കൊണ്ട് വാ പൊളിച്ചു. ആ നീല നിറം വീടിന്റെ പെയിന്റല്ല. വീടിന്റെ ഭിത്തികളും ജനാലകളുമെല്ലാം നീല നിറമുള്ള ശലഭങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഞാന്‍ ഞെട്ടിയത് കണ്ടു ടോണി പറഞ്ഞു.

“ഈ ഏരിയ മുഴുവന്‍ കാപ്പിത്തോട്ടങ്ങളാ ചേട്ടാ ..കാപ്പി പൂക്കുന്ന സമയമാകുമ്പോള്‍ വരുന്നതാ ഈ ചിത്രശലഭങ്ങള്‍..”

“അങ്കിള്‍ കേക്ക്…” ലില്ലി ഇനിയും കാറില്‍നിന്ന് ഇറങ്ങിയിട്ടില്ല.

ഞാന്‍ വണ്ടിയില്‍ നിന്ന് കേക്കും ഗെയിംസിന്റെ രണ്ടു പാക്കറ്റുകളും എടുത്തു.

“അങ്കിള്‍ ഗിറ്റാര്‍ വായിക്കുമോ?” ലില്ലി ചോദിച്ചു..

“ചെറുതായി..” ഞാന്‍ പറഞ്ഞു.

“ചെറുതായിട്ട് മതി..അങ്കിള്‍ ഞങ്ങള്‍ക്ക് വേണ്ടി ഗിറ്റാര്‍ വായിക്കുവോ ..ഞാന്‍ ഡാന്‍സ് കളിക്കും അറിയാവോ.” ലില്ലി ഒരു വിലപെട്ട വിവരം അറിയിച്ചു.

“അവള്‍ടെ പൊട്ട ഡാന്‍സാ ചേട്ടാ. ചേട്ടൻ ഗിറ്റാര്‍ വായിച്ചാ മതി..” ടോണി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ ഗിറ്റാര്‍ കൂടി എടുത്തു.

“അങ്കിള്‍ നമ്മുക്ക് കേക്ക് മുറിക്കാം.” ലില്ലി തുള്ളി ചാടി.

ഞാന്‍ അവര്‍ക്കൊപ്പം സ്വീകരണമുറിയിലേക്ക് കയറി. ടോണി ഒരു മെഴുകുതിരിയുമായി വന്നു.

“എവിടെയാ മക്കടെ പേരന്റ്സ്‌..” ഞാന്‍ ചോദിച്ചു.

ടോണിയുടെ മുഖം വിവര്‍ണ്ണമായി. ലില്ലിയാണ് മറുപടി പറഞ്ഞത്..

“അവരൊക്കെ അങ്ങ് ദൂരെയാ..ഇവിടെ ഞങ്ങളും ഫ്രെഡ്ഡി അങ്കിളും മാത്രമേ ഉള്ളു..”

“നമ്മള്‍ ഫ്രെഡി അങ്കിള്‍ വരാന്‍ വെയിറ്റ് ചെയ്യണ്ടേ…കേക്ക് മുറിക്കാന്‍..” ഞാന്‍ ചോദിച്ചു.

“അത് വേണ്ട അങ്കിള്‍..ഇപ്പൊ മുറിക്കാം..അങ്കിളിനു വേറെ ആരും ഇവിടെ വരുന്നത് ഇഷ്ടമല്ല..”ടോണി പറഞ്ഞു. പിന്നെ ഒന്ന് നിര്‍ത്തിയിട്ടു എന്തോ ആലോചിച്ചിട്ട്‌ അവന്‍ പറഞ്ഞു.

“ഫ്രെഡിയങ്കിള്‍ വരുന്നതിനു മുന്‍പ് നമ്മുക്ക് ഇവിടെ നിന്ന് ഇറങ്ങാം”

കാറ്റില്‍ മെഴുകുതിരി അണയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വാതിലടച്ചു.
ലില്ലി മെഴുകുതിരി ഊതിക്കെടുത്തി..

“ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ..”ഞങ്ങള്‍ കയ്യടിച്ചു പാടി. ലില്ലിയുടെ മുഖം ഒരു ലില്ലി പൂ പോലെ വിടര്‍ന്നു.

ഇത്രയധികം സന്തോഷം എനിക്ക് അടുത്ത നാളുകളിലൊന്നും തോന്നിയിട്ടില്ല..

ഞാന്‍ ഗിറ്റാര്‍ എടുത്തു മടിയില്‍ വച്ച് തന്ത്രികളില്‍ വിരല്‍ തൊട്ടു.. ആ മധുരനാദത്തിനൊപ്പം ലില്ലി ഡാന്‍സ് കളിച്ചു. ഞങ്ങള്‍ക്ക് ചുറ്റും നീല ശലഭങ്ങള്‍ പാറിപ്പറന്നു..

പെട്ടെന്ന് പുറത്ത് ഒരു ചൂളം വിളി കേട്ടു..ആരോ ചൂളം വിളിച്ചുകൊണ്ട് നടന്നുവരുന്നതുപോലെ…..

“ഫ്രെഡിയങ്കിള്‍ വരുന്നുണ്ടെന്നു തോന്നുന്നു.” ടോണി സംഭ്രമത്തോടെ പറഞ്ഞു.

ലില്ലി ഡാന്‍സ് നിര്‍ത്തി. അവളുടെ മുഖവും ഭീതി കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലപ്പോ ഫ്രെഡ്ഡി വഴക്ക് പറയും എന്ന പേടി കൊണ്ടാവും.

“അങ്കിള്‍ ഇപ്പൊ വരണ്ട..ചിലപ്പോ ഫ്രെഡി അങ്കിള്‍ കുടിച്ചിട്ടാരിക്കും വരുന്നേ..ഞങ്ങള്‍ പോയി സംസാരിക്കാം..”

അവര്‍ എന്നെ മുറിയിലാക്കിയിട്ട് വാതില്‍ ചാരി പുറത്തേക്ക് പോയി.

“ഞാന്‍ പറഞ്ഞിട്ടില്ലേ..പുറത്തു നിന്ന് ആളുകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്നു..” പുറത്തെ ഇരുട്ടില്‍നിന്ന് ഒരു പുരുഷശബ്ദം ഉയര്‍ന്നു.

മെല്ലെ ..ഞാന്‍ വാതില്‍ കുറച്ചു തള്ളി പുറത്തേക്ക് നോക്കി. വെളിയില്‍ ഇരുട്ടില്‍ ഫ്രെഡിയുടെ ശിരസ്സ്‌ കണ്ടു..ഒന്നേ നോക്കിയുള്ളൂ.

ഫ്രെഡിക്ക് തല മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടല്‍ ഉണ്ടായിരുന്നില്ല. വായുവില്‍ ഉയര്‍ന്നുനിന്ന ശിരസ്സിനു ചുറ്റും നീലശലഭങ്ങള്‍ പറന്നു കളിച്ചു.

അയാളുടെ കണ്ണുകളുടെ സ്ഥാനത്തു രണ്ടു കരിക്കട്ടകള്‍ മാത്രം. ആ കണ്ണുകള്‍ എന്നെ കണ്ടുപിടിച്ചതും ഞാന്‍ അലറിവിളിച്ചുകൊണ്ട് കുഴഞ്ഞു താഴെ വീണു.

രാവിലെ എട്ടുമണിയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്.

എന്റെ കാര്‍ വഴിയരുകിൽ ഒതുക്കിയിട്ട നിലയിലായിരുന്നു. രാത്രിയില്‍ എന്താണ് നടന്നതെന്ന് ഞാന്‍ ഓര്‍ത്ത്‌ നോക്കി. ഒന്നും ഓര്‍മ്മ വരുന്നില്ല. മ ദ്യപിച്ചതിനു ശേഷം നല്ല വേഗതയില്‍ ഈ വളവു തിരിഞ്ഞത് ഓര്‍മ്മയുണ്ട്.

ചിലപ്പോ അപകടം ഉണ്ടാവാതിരിക്കാന്‍ താന്‍ തന്നെ വണ്ടി ഒതുക്കിയിട്ടു ഉറങ്ങിയതാവും. എല്ലാം മനസ്സിന്റെ മായാജാലങ്ങള്‍.

നല്ല ദാഹം തോന്നുന്നു. പുറകിലെ സീറ്റിന്റെ അടിയില്‍ പൊട്ടിക്കാത്ത ഒരു കുപ്പി വെള്ളം കിടപ്പുണ്ട്. അതെടുത്തു കുടിച്ചു. പുറത്തിറങ്ങി മുഖം കഴുകുന്നതിനിടയിലാണ് അത് കണ്ടത്.

അടുത്ത തോട്ടത്തില്‍,കുറച്ചു താഴ്ചയില്‍ ഒരു വാന്‍ തുരുമ്പിച്ചു കിടക്കുന്നു. അതിനെന്തോ പ്രത്യേകത തോന്നി.

അത് നോക്കിനില്‍ക്കെ റോഡിലൂടെ ഒരു സ്കൂട്ടര്‍ വരുന്ന ശബ്ദം കേട്ടു. ഭാഗ്യം. അയാളോട് വഴി ചോദിക്കാം. കൈ കാണിച്ചു നിര്‍ത്തി.

“അയ്യോ നിങ്ങള്‍ക്ക് വഴി തെറ്റി..വന്ന വഴി തിരിച്ചു പൊക്കോ..ഒരു ഏഴു കിലോമീറ്റര്‍ കഴിയുമ്പോ മേലോരം എന്ന് പറഞ്ഞ കവലയുണ്ട്…അവിടെ നിന്ന് ലെഫ്റ്റ് തിരിഞ്ഞു പോയാ മതി.” അയാള്‍ വഴി പറഞ്ഞു തന്നു.

അയാള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ചോദിച്ചു.

“അതെന്താ ..അവിടെ ഒരു വണ്ടി തുരുമ്പിച്ചു കിടക്കുന്നത് ?”

അയാള്‍ ആ തുരുമ്പിച്ച വാനിലേക്ക് എത്തി നോക്കി..

“ഓ,അത് ഓര്‍മ്മിപ്പിക്കല്ലേ… അതൊരു സ്കൂള്‍ ബസ്സായിരുന്നു..കഴിഞ്ഞ വര്‍ഷം ഈ വളവില്‍ വച്ച് ആക്സിഡന്റായി .. രണ്ടു പിള്ളേര് പോയി..പിന്നെ ഓടിച്ചവനും..അവന്‍ കള്ളായിരുന്നു..” അയാള്‍ പറഞ്ഞു.

അയാള്‍ പോയതിനുശേഷം ആ തുരുമ്പിച്ചു കിടന്ന വണ്ടിയിലേക്ക് ഞാന്‍ നോക്കി. എന്തോ പ്രത്യേകത തോന്നിയത് മനസ്സിലായി. വണ്ടിയുടെ വശങ്ങളില്‍ ചിത്രശലഭങ്ങളുടെ ചിത്രം…

ആ ശലഭങ്ങളെ എവിടെയോ വച്ച് കണ്ടുവെന്നു തോന്നി. ഓര്‍മ്മ വന്നില്ല..

ആ വളവില്‍നിന്ന് മെല്ലെ വണ്ടി തിരിച്ചു തിരികെ വരുമ്പോഴും ആ ശലഭങ്ങള്‍ മനസ്സില്‍ തങ്ങിനിന്നു..

Leave a Reply

Your email address will not be published.