എന്നും പുച്ഛവും പരിഹാസവും മാത്രം എനിക്ക് മടുത്തു, ഇനി ഈ വീട്ടിൽ നിൽക്കുന്നത്..

രക്ഷ
(രചന: അരുണിമ ഇമ)

“അച്ഛാ.. തല്ലല്ലേ അച്ഛാ.. ഞാൻ നന്നായി പഠിച്ചതാണ്.. ”

കരഞ്ഞു കൊണ്ട് ആ പെൺകുട്ടി നിലവിളിച്ചു. പക്ഷെ, അതൊന്നും അയാളുടെ ദേഷ്യത്തെ ഇല്ലാതാക്കാൻ മാത്രം കെൾപ്പുള്ളതായിരുന്നില്ല.

അവൾക്ക് കിട്ടുന്ന ഓരോ അടിയും നോക്കി രസിച്ചു അവളുടെ കൂടപ്പിറപ്പും അമ്മയും നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിലും അവളോട് ഒരിറ്റു ദയ പോലും തോന്നിയില്ല.

അടി കൊണ്ട് അവൾ അവശയായിട്ടും തല്ലുന്നത് നിർത്താൻ അവളുടെ അച്ഛന് കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ വടി ഒടിഞ്ഞപ്പോൾ അയാൾ തല്ലു നടത്തി.

” ഇന്നത്തെ ദിവസം ഇവൾക്ക് ഒരു തുള്ളി വെള്ളം കൊടുത്തു പോകരുത്.. ഇന്ന് ഒരു ദിവസം പട്ടിണി കിടന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ”

ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി നടന്നു. അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവളുടെ ചേച്ചിയും അമ്മയും അയാളുടെ പിന്നാലെ പോയി.

അവർ പോയി കഴിഞ്ഞതും അവളിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉതിർന്നു. എന്നും ഇങ്ങനെയാണ്..

താൻ എന്നും രണ്ടാംകിടയിൽ ഉള്ള ആളാണ്. എല്ലായിപ്പോഴും ചേച്ചിയുമായി തന്നെ താരതമ്യപ്പെടുത്തുക അവരുടെ പതിവാണ്.

പക്ഷേ എത്രയൊക്കെ താരതമ്യപ്പെടുത്തിയാലും ഞങ്ങൾ രണ്ടാളും രണ്ടു വ്യക്തികൾ അല്ലേ? അത് അവർക്ക് എന്നാണ് മനസ്സിലാകുക..?

സ്കൂളിൽ ക്ലാസ് ടെസ്റ്റ് നടത്തിയപ്പോൾ കണക്കിന് മാർക്ക് കുറവായിരുന്നു. അതിന്റെ പേരിൽ ആയിരുന്നു ഇന്നത്തെ ഉപദ്രവം.

ഇത് ഇവിടെ സ്ഥിരം നടക്കുന്നതാണ്. അവളുടെ ചേച്ചി നല്ലരീതിയിൽ പഠിക്കുന്ന കുട്ടിയാണ്. ഇപ്പോൾ ഡോക്ടർ ആകാൻ പഠിക്കുന്നു. അവൾക്ക് അതാണ് താല്പര്യം.

അവളുടെ ഇഷ്ടത്തിനനുസരിച്ച് അവളെ പഠിപ്പിക്കാൻ വിട്ടു. പക്ഷേ തനിക്കും അത്തരത്തിൽ ഇഷ്ടങ്ങൾ ഉണ്ടെന്നു തന്റെ അച്ഛനോ അമ്മയോ ഓർത്തില്ല..

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തനിക്ക് കോമേഴ്സ് പഠിക്കാനാണ് താൽപര്യമെന്ന് അമ്മയോടും അച്ഛനോടും കരഞ്ഞു പറഞ്ഞതാണ്.

പക്ഷേ അവർക്ക് ഞാൻ ബയോളജി സയൻസ് തന്നെ പഠിക്കണം. അതും ഡോക്ടർ ആവുകയും വേണം.

എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്ത വിഷയം അച്ഛനെയും അമ്മയെയും നിർബന്ധത്തിനു വഴങ്ങി പഠിക്കേണ്ടി വന്നു. പഠിക്കുക എന്ന് പറയാൻ പറ്റില്ല. ആ പുസ്തകം വിഴുങ്ങേണ്ടി വന്നു.

കാണാതെ പഠിക്കുന്നതും മനസ്സിലാക്കി പഠിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ.. ആ വ്യത്യാസം തന്റെ ഓരോ പരീക്ഷ പേപ്പറിലും അറിയാനും ഉണ്ടായിരുന്നു.

എത്രയൊക്കെ കാണാതെ പഠിച്ചാലും ആ ഉത്തരം പൂർണമാകില്ല.. അതിന്റെ പേരിൽ പരീക്ഷയിൽ മാർക്ക് കുറയും. അത് വീട്ടിൽ അറിയുമ്പോൾ തല്ലും ബഹളവും..

എന്നാൽ ചേച്ചിയെ സംബന്ധിച്ച് ഈ വീട്ടിൽ ഇത്തരത്തിൽ യാതൊരു ബഹളങ്ങളും ഉണ്ടായിട്ടില്ല.

അവൾക്ക് പഠിക്കാൻ താല്പര്യമുള്ള വിഷയം പഠിക്കുന്നത് കൊണ്ട് തന്നെ അവൾക്ക് മാർക്ക് കിട്ടാറുണ്ട്.

അവൾക്ക് ഓരോ തവണയും റാങ്ക് കിട്ടുമ്പോൾ അച്ഛനും അമ്മയും അവളെ സമ്മാനങ്ങൾ കൊണ്ട് മൂടാറുണ്ട്. അപ്പോഴൊക്കെയും അവളുടെ മുഖത്ത് എനിക്ക് വേണ്ടി പുച്ഛം തെളിഞ്ഞു വന്നിരിക്കും.

പോകെപ്പോകെ എനിക്ക് അത് ശീലമായി. വീട്ടുകാർക്ക് മുന്നിൽ ഞാൻ ഒരു മന്ദബുദ്ധി ആയി മാറി.

വീട്ടുകാർക്ക് മുന്നിൽ മാത്രമല്ല ബന്ധുക്കൾക്ക് മുന്നിലും ഞാൻ പഠിക്കാത്തവൾ ആയി. അപ്പോഴും എന്റെ താല്പര്യം എന്താണെന്ന് ആ വീട്ടിൽ ഒരു മനുഷ്യനും അന്വേഷിച്ചില്ല.

അവരുടെ താൽപര്യങ്ങൾ എന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുക എന്നല്ലാതെ എനിക്ക് എന്തെങ്കിലും ഇഷ്ടമുണ്ടോ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് പോലും അവർ ആരും ചോദിച്ചിട്ടില്ല..

ചേച്ചി ഇട്ടു പഴകിയ വസ്ത്രങ്ങളായിരുന്നു എനിക്ക് തന്നിരുന്നത്.

എനിക്ക് ധരിക്കാൻ ഇഷ്ടമില്ലാത്ത വസ്ത്രങ്ങൾ പലപ്പോഴും ഞാൻ ധരിക്കേണ്ടി വന്നിട്ടുണ്ട്. ചേച്ചിക്ക് മോഡേണായി നടക്കാൻ ആയിരുന്നു ഇഷ്ടം.

അവളുടെ ഇഷ്ടത്തിന് ആയിരുന്നു അവൾ വസ്ത്രങ്ങൾ വാങ്ങിയിരുന്നത്. പലപ്പോഴും ഒരു തവണ ഉപയോഗിച്ച ശേഷം അവളുടെ വസ്ത്രങ്ങൾ അവൾ എനിക്കായി വെച്ചു നീട്ടും.

എനിക്ക് ഇടാൻ താൽപര്യമില്ലാത്ത ആണെങ്കിൽ പോലും വീട്ടുകാരുടെ നിർബന്ധത്തിൽ ഞാൻ ഇടേണ്ടി വരും.

അതിനെ എതിർത്തുകൊണ്ട് പേരിൽ എത്രയോ തവണ തനിക്ക് അടി കിട്ടിയിട്ടുണ്ട്..?

ചേച്ചി പ്ലസ്ടുവിന് നല്ല മാർക്കോടെ പാസ്സായി.

എനിക്ക് ബയോളജി സയൻസ് തീരെ താല്പര്യം ഇല്ലാത്ത വിഷയം ആയതുകൊണ്ട് തന്നെ ഫിസിക്സും കെമിസ്ട്രിയും ഉൾപ്പെടെ എല്ലാ വിഷയങ്ങൾക്കും എനിക്ക് മാർക്ക് കുറവായിരുന്നു.

അതിന്റെ പേരിൽ ആഴ്ചകളോളം ക്രൂരമായ പീഡനം ഞാൻ ഏൽക്കേണ്ടി വന്നു.

എന്റെ മാർക്ക് വെച്ച് ഡോക്ടറാകാൻ അഡ്മിഷൻ കിട്ടില്ല എന്ന് ഉറപ്പിച്ച നിമിഷം അച്ഛന് വല്ലാത്ത വാശിയായിരുന്നു.

കാശുകൊടുത്ത് ആണെങ്കിൽ എനിക്ക് മെഡിസിന് അഡ്മിഷൻ വാങ്ങി തരണം എന്ന് അച്ഛൻ മനസ്സിലുറപ്പിച്ചു. എനിക്ക് താല്പര്യം ഇല്ലായിരുന്നെങ്കിൽ പോലും അച്ഛന് വേണ്ടി വേഷംകെട്ടാൻ ഞാൻ തയ്യാറായി.

പക്ഷേ അവിടെയും കുറ്റപ്പെടുത്തലുകൾ മാത്രമായിരുന്നു എനിക്ക് കിട്ടിയത്.

നല്ല രീതിയിൽ പഠിക്കാത്തത് കൊണ്ട് അച്ഛന്റെയും അമ്മയുടെയും കാശ് കളയാൻ ആയിട്ടാണ് ഞാൻ ജനിച്ചത് എന്ന് വരെ ചേച്ചി എന്റെ മുഖത്ത് നോക്കി പറഞ്ഞു. അപ്പോഴൊക്കെയും എന്റെ ഉള്ള് ആർത്തു കരഞ്ഞു.

എനിക്ക് ഇതായിരുന്നില്ല ആവശ്യമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. പക്ഷേ അത് എന്റെ വാക്കുകളിലൂടെ പുറത്തേക്ക് എത്തിക്കാൻ ഞാൻ പരാജയപ്പെട്ടു.

മെഡിസിന് ഒന്നാംവർഷം തന്നെ കടന്നു കിട്ടാൻ ഞാൻ ഒരുപാട് ശ്രമിച്ചു.

പക്ഷേ അതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ഞാൻ എങ്ങനെ പഠിക്കാനാണ്..? പതിവുപോലെ അവിടെയും പരാജയപ്പെട്ടു.. കോളേജിലും വീട്ടിലും വീണ്ടും കോമാളിയായി..

” നിനക്ക് നാണമില്ലേ അച്ഛന്റെയും അമ്മയുടെയും പണത്തിന് ഇങ്ങനെ തിന്നു കൊഴുക്കാൻ..? എന്നാൽ ഒരക്ഷരം പഠിക്കുമോ..? അതുമില്ല..

എന്തൊരു കഷ്ടമാണ് എന്നോർക്കണം.. നിന്റെ പേരിൽ എന്നും നാട്ടുകാരുടെ മുന്നിൽ നാണം കെടാൻ ആണ് അച്ഛന്റെയും അമ്മയുടെയും വിധി..

എന്നാൽ അതു മനസ്സിലാക്കി പഠിക്കണം.. ഇത് അതും ഇല്ല.. എന്തുപറഞ്ഞാലും മൂങ്ങയെപ്പോലെ ഇങ്ങനെ നോക്കി ഇരുന്നോണം.. ”

റിസൾട്ട് അറിഞ്ഞ ശേഷം ചേച്ചി തന്റെ ദേഷ്യം തീർത്തത് ഇങ്ങനെയായിരുന്നു. അച്ഛൻ പതിവു പോലെ വടിയുമായി എത്തി.

കലി അടങ്ങുന്നത് വരെയും തല്ലി. ഒന്ന് പിടിച്ചു മാറ്റാനോ,താൻ ഇപ്പോൾ അത് പ്രതീക്ഷിക്കുന്നുമില്ല.

ഇനിയും ഈ വീട്ടിൽ പിടിച്ചു നിൽക്കാൻ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അവൾ തന്റെ വേദന സഹിച്ചു കൊണ്ട് പതിയെ നിലത്തു നിന്നും എഴുന്നേറ്റു.

ടേബിളിൽ ഒരു പേനയും പേപ്പറും എടുത്തു വച്ച് അവൾ കസേരയിലെക്കിരുന്നു. പിന്നെ എഴുതി തുടങ്ങി..

” പ്രിയപ്പെട്ട അച്ഛനും അമ്മയും ചേച്ചിയും അറിയാൻ..

ഞാൻ ദേവിക.. ഈ പേരെങ്കിലും നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്ന് എനിക്ക് അത്ഭുതം തോന്നുന്നു. നിങ്ങൾക്ക് എപ്പോഴും ഞാൻ വേദികയുടെ അനിയത്തിയാണ്.

എനിക്ക് സ്വന്തമായി ഒരു മുഖം ഉണ്ടെന്നോ, ആഗ്രഹങ്ങൾ ഉണ്ടെന്നോ നിങ്ങൾ ചിന്തിച്ചിട്ടില്ല. ഇന്ന് വരെയും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആണ് എന്റെ ജീവിതം മുന്നോട്ടു പോയത്.

പ്ലസ് ടു വിൽ കോമേഴ്സ് പഠിക്കാൻ ആഗ്രഹിച്ച ഞാൻ നിങ്ങളുടെയൊക്കെ ആഗ്രഹവും നിർബന്ധവും കൊണ്ടാണ് സയൻസ് പഠിച്ചത്. പഠിച്ചത് എന്ന് പറയാൻ പറ്റില്ല.

എനിക്ക് പഠിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് പഠിപ്പിച്ചതൊന്നും എനിക്ക് മനസ്സിലായില്ല.

അതുകൊണ്ട് പരീക്ഷകളിൽ ഞാൻ തോൽക്കുന്നത് നിത്യസംഭവമായി. നിങ്ങൾക്ക് അത് എന്നോടുള്ള വാശിക്ക് കാരണവുമായി.

അപ്പോഴും നിങ്ങൾ മനസ്സിലാകാത്ത കാര്യം ഞാൻ ദേവികയും അവൾ വേദികയും ആണെന്ന് ആയിരുന്നു. അവൾക്ക് പഠിക്കാനുള്ള കഴിവ് പോലെ എനിക്കില്ല.

അവൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ എനിക്കിഷ്ടമല്ല. അവൾ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ എനിക്കറിയില്ല.

കാരണം അവൾ അവളും ഞാൻ ഞാനും ആയിരുന്നു. പക്ഷേ അത് മനസ്സിലാക്കുന്നത് നിങ്ങൾ തികഞ്ഞ പരാജയവും.

ഇപ്പോൾ മെഡിസിന് മാർക്ക് കുറഞ്ഞത് നിങ്ങളെന്നെ ക്രൂരമായി മർദ്ദിക്കുന്നുണ്ടല്ലോ.. നിങ്ങളോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്കൊരു ഡോക്ടറാകണം എന്ന്..?

നിങ്ങൾ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ എന്റെ ആഗ്രഹം എന്താണെന്ന്..? നിങ്ങളുടെ ഇഷ്ടത്തിന് എന്നെക്കൊണ്ട് ചേർത്ത് കോഴ്സ് എനിക്ക് പഠിക്കാൻ പറ്റുന്നില്ലെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്..

മകളുടെ മനസ്സ് അറിയാൻ കഴിയാത്ത അച്ഛനുമമ്മയും ആണ് നിങ്ങൾ.. നിങ്ങൾ എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയമാണ്..

എന്നും പുച്ഛവും പരിഹാസവും മാത്രം.. എനിക്ക് മടുത്തു.. ഇനി ഈ വീട്ടിൽ നിൽക്കുന്നത് ഞാൻ ആ ത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്…

എനിക്ക് അതിന് കഴിയില്ല… ഞാൻ പോകുന്നു… ജീവിക്കുമോ മരിക്കുമോ എന്നൊന്നും എനിക്കറിയില്ല.. പക്ഷേ ഈ തടവറയിൽ നിന്ന് എനിക്കൊരു മോചനം വേണം..

നിങ്ങളുടെതായിരുന്ന മകൾ ദേവിക… ”

അത്രയും എഴുതി ആ കത്ത് മടക്കി മേശയിലേക്ക് വച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ മുറി തുറന്ന് അവൾ പുറത്തേക്കിറങ്ങി നടന്നു.

അവളുടെ യാത്ര രക്ഷപ്പെടലാണോ ശിക്ഷയാണോ എന്നൊന്നും അവൾക്ക് അറിയില്ല.

പക്ഷേ സ്വന്തം ബന്ധുക്കളുടെ അടുത്തു നിന്ന് കിട്ടുന്ന ക്രൂരമായ പീഡനങ്ങളിൽ നിന്നും അവൾക്ക് ഒരു രക്ഷ തന്നെയാണ്..

Leave a Reply

Your email address will not be published. Required fields are marked *