നീ രക്ഷപെട്ടു പൊയ്ക്കോ ഞാനൊരിക്കലും നന്നാവാൻ പോകുന്നില്ല, എന്റെ ജീവിതത്തിൽ..

അവനും അവളും
(രചന: അരുണിമ ഇമ)

” ഇനി.. ഇനി മേലിൽ നീ എന്നെ കാണാൻ വരരുത്.. എനിക്ക് നിന്നേ ഇഷ്ടമല്ല.. നിനക്കും ഇനി അങ്ങനെ ഒക്കെ ആയിരിക്കും എന്ന് എനിക്ക് അറിയാം.

പരസ്പരം തല്ലി പിരിയുന്നതിനേക്കാൾ നല്ലത് ഇപ്പോഴേ അവസാനിപ്പിക്കുന്നതാണ്.. ഇനി നമ്മൾ തമ്മിൽ കാണാതിരിക്കട്ടെ.. ”

അത്രയും പറഞ്ഞു കൊണ്ട് നിറഞ്ഞു വരുന്ന കണ്ണുകളെ അവഗണിച്ച് അവൻ മുന്നോട്ട് നടന്നു. അവൾ അവളുടെ വാക്കുകൾ കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു.

അവനിൽ പെട്ടെന്നുള്ള ഭാവമാറ്റം എന്തുകൊണ്ടാണെന്ന് അവൾക്ക് ആ നിമിഷം പോലും അറിയില്ലായിരുന്നു.

അവളുടെ ആ നിൽപ്പ് കണ്ട് അവന് സങ്കടം തോന്നിയെങ്കിലും, അതിനേക്കാളുപരി അവന്റെ ദേഷ്യമായിരുന്നു മുന്നിട്ടു നിന്നത്. അതുകൊണ്ടുതന്നെ അവളെ ശ്രദ്ധിക്കാതെ അവൻ മുന്നോട്ടു നടന്നു.

അവൻ തന്നിൽ നിന്ന് അകന്നു പോയി നിമിഷങ്ങൾ കഴിഞ്ഞിട്ടാണ് അവൾ സ്വബോധത്തിലേക്ക് വന്നത്. പെട്ടെന്ന് ഓർമ്മ വന്നത് പോലെ അവളുടെ കണ്ണുകൾ ചുറ്റും ചലിച്ചു.

അവനെ കാണാതെ അവൾ നിരാശയോടെ കണ്ണുകൾ അടച്ചു. അവന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങി കേൾക്കുന്നത് പോലെ.

പ്രതീക്ഷ കൈവിടാതെ അവൾ ഒരിക്കൽ കൂടി അവനു വേണ്ടി ചുറ്റും തിരച്ചിൽ നടത്തി.

അവനെ കാണാതായതോടെ അവൾ ഫോൺ എടുത്ത് അവനെ വിളിച്ചു. പക്ഷേ അവൻ ഫോണെടുത്തില്ല.

എന്നു മാത്രമല്ല പിന്നീട് വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക കൂടി ചെയ്തു. അതോടെ അവളുടെ സമനില തെറ്റി പോകും എന്നു പോലും അവൾ സംശയിച്ചു.

അവിടെ നിന്ന് എങ്ങനെയൊക്കെയോ അവൾ വീട്ടിലേക്ക് എത്തി. അവളുടെ പ്രണയത്തെ കുറിച്ച് വീട്ടിൽ ആർക്കും അറിയാത്തത് കൊണ്ട് തന്നെ അവൾ മുഖത്ത് ഒരു പുഞ്ചിരിയുടെ ആവരണം അണിഞ്ഞു.

” നീ നിന്റെ ഏതോ കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞു പോയിട്ട് കണ്ടോ? ”

അകത്തേക്ക് കയറി വന്ന മകളെ കണ്ടു പുഞ്ചിരിയോടെ അമ്മ ചോദിച്ചു. അവൾ ചിരിയോടെ തല കുലുക്കി. ഉള്ളിൽ നിന്നും പൊട്ടി വരുന്ന സങ്കടം അമർത്തി വച്ചുകൊണ്ട് അവൾ വേഗം തന്നെ മുറിയിലേയ്ക്ക് നടന്നു.

” മോളെ..നാളെ കൊണ്ടുപോകാനുള്ളത് ഒക്കെ എടുത്ത് വയ്ക്ക് കേട്ടോ.. സാധാരണ നീ എപ്പോഴും ചെയ്യുന്നതുപോലെ അവസാന നിമിഷം ഓടാൻ നിൽക്കരുത്. ”

ശാസനയോടെ അമ്മ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കാതെ അവൾ തല കുലുക്കി.

മുറിയിലേക്ക് എത്തിയതും അവൾ ഹൃദയം തകർന്ന ഒരു നിലവിളിയോടെ കിടക്കയിലേക്ക് വീണു. അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുകയായിരുന്നു.

അവസാന ശ്രമമെന്ന നിലയ്ക്ക് അവൾ ഒരിക്കൽ കൂടി അവന്റെ ഫോണിലേക്ക് വിളിച്ചു. അപ്പോഴും സ്വിച്ചോഫ് എന്ന മറുപടി കേട്ട് അവൾ ഒരിക്കൽ കൂടി തകർന്നു.

പെട്ടെന്ന് അവൻ എന്തായിരിക്കും സംഭവിച്ചത് എന്നോർത്ത് അവൾക്ക് വല്ലാത്ത വേദന തോന്നി. അവൾ ഒരു നിമിഷം തങ്ങളുടെ കഴിഞ്ഞ കാലത്തെ ഓർത്തു പോയി.

അവൻ അവളുടെ സീനിയർ ആയി സ്കൂളിൽ പഠിച്ചതാണ്. അവൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, അവൻ പത്താം ക്ലാസിൽ.

ആദ്യം ഇഷ്ടം പറഞ്ഞു വന്ന അവനെ അവൾ ആട്ടി ഓടിക്കുകയാണ് ചെയ്തത്. എങ്കിലും അവൻ ഒരു പുഞ്ചിരിയോടെ വീണ്ടും വീണ്ടും അവൾക്ക് അടുത്തേക്ക് വന്നു കൊണ്ടിരുന്നു.

അവന്റെ ആ ഭാവം ആദ്യമൊക്കെ അവൾക്ക് ദേഷ്യം ആണ് ഉണ്ടാക്കിയത് എങ്കിൽ പിന്നെ പിന്നെ അവനോട് ഒരു ഇഷ്ടം മൊട്ടിട്ടു.

തുറന്നു പറയാതെ പിന്നെയും കുറെ നാളുകൾ മുന്നോട്ടു പോയി എങ്കിലും, ഒരു ഘട്ടത്തിൽ തുറന്നു പറയേണ്ടി വന്നു. അവൻ അന്ന് സന്തോഷത്തോടെ ചിരിച്ചത് ഇന്നും അവളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

അവന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു. കൊച്ചു കുട്ടികളെ പോലെ ആയിരുന്നു അവൻ അവളെ സംരക്ഷിച്ചിരുന്നത്.

അവളുടെ എല്ലാ വാശികൾക്കും കൂട്ടു നിൽക്കുന്ന അവളെ ശാസിക്കുകയും നേർവഴിക്ക് നടത്തുകയും ചെയ്യുന്ന നല്ലൊരു പങ്കാളിയായിരുന്നു അവൻ.

ഒരേ സമയം അവൾക്ക് കൂട്ടുകാരൻ ആയും സഹോദരനായും കാമുകനായും ഒക്കെ അവൻ നിറഞ്ഞു നിന്നു.

കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി ഇരുവരും തമ്മിൽ നല്ല സ്നേഹത്തിലാണ്.

അവൻ പ്ലസ് ടു കഴിഞ്ഞതോടെ തുടർന്ന് പഠിക്കാൻ അവന് കഴിയാതെയായി. ഒരു സാധാരണ കുടുംബമായിരുന്നു അവന്റേത്.

അവൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി അവന്റെ അച്ഛൻ മരണപ്പെട്ടത്. അച്ഛനും അമ്മയും കൂലി വേലയ്ക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ആ കുടുംബം മുന്നോട്ടു പോയിരുന്നത്.

അച്ഛന്റെ അപ്രതീക്ഷിതമായ മരണം ആ കുടുംബത്തെ ഒന്നാകെ ഉലച്ചു കളഞ്ഞിരുന്നു.

എങ്കിലും തന്റെ മക്കൾക്ക് ഇനി താൻ മാത്രമാണ് ആശ്രയം എന്ന ചിന്തയിൽ അവന്റെ അമ്മ ജോലിക്ക് പോയി രണ്ടു മക്കളെയും പഠിപ്പിച്ചിരുന്നു.

അവന് ഒരു അനുജത്തി ആണുള്ളത്. അമ്മ ജോലിക്ക് പോകുന്നുണ്ടെങ്കിലും കുടുംബത്തിലെ കാര്യങ്ങൾ കുറച്ചധികം കഷ്ടത്തിൽ തന്നെയായിരുന്നു.

അവൻ പ്ലസ് ടു എത്തിയതോടെ അമ്മയെ ഒറ്റയ്ക്ക് പണിയെടുക്കാൻ വിടില്ല എന്നുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

അവന്റെ ആ തീരുമാനത്തെ അമ്മ ഒരുപാട് എതിർത്തെങ്കിലും അതിൽ നിന്ന് ഒരടി പോലും അവൻ പിന്നിലേക്ക് ചലിച്ചില്ല. അമ്മയെ സഹായിക്കേണ്ടത് തന്റെ കടമയാണ് എന്നുള്ളതായിരുന്നു അവന്റെ ചിന്ത.

ആ ചിന്തയുടെ പുറത്ത് അവൻ ജോലിക്ക് പോവുകയും ചെയ്തു. പ്ലസ് ടു മാത്രം വിദ്യാഭ്യാസമുള്ള അവന് കൂലിപ്പണി അല്ലാതെ മറ്റെന്ത് ജോലി കിട്ടാൻ?

അവൾക്ക് അവന്റെ ആ ജോലി ഒരിക്കലും ഒരു ഇഷ്ടക്കേട് ആയിരുന്നില്ല. എന്ന് മാത്രമല്ല അവന്റെ ആ തീരുമാനത്തിൽ അവൾക്ക് അഭിമാനം തോന്നുക കൂടി ചെയ്തു.

അവൾ പ്ലസ്ടു കഴിഞ്ഞതോടെ എൻട്രൻസ് എക്സാം എഴുതി പാസ്സായി. മെഡിസിന് അഡ്മിഷൻ കിട്ടുകയും ചെയ്തു.

നാളെ കോളേജിൽ അഡ്മിഷൻ എടുക്കാൻ ആയി പോവുകയാണ്. അവനോട് യാത്ര പറയാനായി ആണ് ഇന്ന് കാണാൻ ചെന്നത്.

പക്ഷെ, അവിടെ എത്തിയപ്പോഴുള്ള അവന്റെ വർത്തമാനം അവളെ ആകെ തകർത്തു കളഞ്ഞു. അവൻ അങ്ങനെ പെരുമാറുന്നതിനു പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും എന്ന് തന്നെ അവൾ വിശ്വസിച്ചു.

രാത്രി ഏറെ വൈകിയ നേരത്ത് അവൾ ഒരിക്കൽ കൂടി അവനെ വിളിച്ചു. ആ തവണ കാൾ എടുക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

“ഹലോ…”

അവന്റെ സ്വരം കേട്ട നിമിഷം അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.

“നീ.. നീ എന്തിനാ ഇപ്പോ വിളിച്ചത്? നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഇനി വിളിക്കരുതെന്ന്?”

അവന്റെ ചോദ്യം കേട്ട് അവളിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു. അത്‌ കേട്ട് അവനും സങ്കടം തോന്നി.

“നീയെന്തിനാടി കരയുന്നത്? നിന്റെ ആരേലും ചത്തോ?”

അവൻ ദേഷ്യത്തോടെ ചോദിച്ചു.

“നീ എന്തിനാ എന്നോട് അങ്ങനെ പറഞ്ഞത് രാവിലെ? ”

അവൾ ചോദിച്ചത് കേട്ട് അവൻ മൗനം പാലിച്ചു.

” അതൊക്കെ നമ്മൾ പറഞ്ഞവസാനിപ്പിച്ചതല്ലേ? വീണ്ടും വീണ്ടും നീ എന്തിനാ അതിനെക്കുറിച്ച് സംസാരിക്കുന്നത്? ”

അവൻ ദേഷ്യത്തോടെ ചോദിച്ചു.

“എനിക്ക് അതല്ലാതെ മറ്റൊന്നും സംസാരിക്കാൻ ഇല്ലാത്തതുകൊണ്ട്.”

അവൾ ദേഷ്യത്തോടെ പറഞ്ഞു.

” നീ രക്ഷപെട്ടു പൊയ്ക്കോ.. ഞാനൊരിക്കലും നന്നാവാൻ പോകുന്നില്ല. എന്റെ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഒന്നും ഉണ്ടാകില്ല. ഇപ്പോൾ നീ നല്ല രീതിയിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.

നാളെ ഡോക്ടറാവാൻ പഠിക്കാൻ പോകുന്നു. ഇത്രയും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്ന നീ എന്റെ കൂടെ വന്നാൽ കഷ്ടപ്പെടുകയെ ഉള്ളൂ. അതുകൊണ്ട് വേണ്ട..

ഇനിയൊരിക്കലും നിന്റെ ജീവിതത്തിലേക്ക് എന്നെ പ്രതീക്ഷിക്കരുത്. നമുക്ക് എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം. ”

അവൻ പറഞ്ഞത് കേട്ട് അവൾക്ക് വല്ലാത്ത വിഷമം തോന്നി. അവൾ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല.

“നിന്റെ പണവും പദവിയും ആഗ്രഹിച്ചാണ് ഞാൻ നിന്നെ സ്നേഹിച്ചത് എന്ന് നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?നിന്നോട് എനിക്ക് ഇഷ്ടം തോന്നിയ കാലം മുതൽ നിന്നെ എനിക്ക് നന്നായി അറിയാം.

എന്തായാലും നീ എന്നെ പട്ടിണിക്ക് ഇടില്ല എന്ന് എനിക്ക് ഉറപ്പാണ്. ആ ഒരു ഉറപ്പ് മാത്രം മതി എനിക്ക്.

പിന്നെ ഞാൻ ഡോക്ടറാകാൻ പഠിക്കുന്നത് നിനക്ക് കൂടി വേണ്ടിയല്ലേ? എനിക്ക് നല്ലൊരു ജോലി കിട്ടിയാൽ നമ്മുടെ ജീവിതം എത്ര സന്തോഷത്തിൽ മുന്നോട്ടുപോകുമെന്ന് നീ ഒന്ന് ആലോചിച്ചു നോക്കൂ..

ഞാൻ വലിയവളെന്നും നീ കുറഞ്ഞവനെന്നും ചിന്തിക്കാതെ നമ്മൾ എന്ന് ചിന്തിക്കൂ.. അതോടെ നിന്റെ മനസ്സിലുള്ള ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും..”

അവൾ ശാന്തമായി അവനെ പറഞ്ഞു മനസ്സിലാക്കി.

“എന്നാലും.. നിന്റെ അച്ഛനും അമ്മയും ഒക്കെ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?”

അവൻ വീണ്ടും ചോദിച്ചു.

“അതൊക്കെ നമുക്ക് സമ്മതിപ്പിക്കാം. എന്റെ പഠനം കഴിയാൻ ഒരു അഞ്ചു വർഷമെങ്കിലും വേണ്ടിവരും.

ആ സമയം കൊണ്ട് നിനക്ക് ഡിസ്റ്റൻസ് ആയി പഠിച്ചു ഡിഗ്രി എടുക്കാമല്ലോ? ആ ഡിഗ്രി ക്വാളിഫിക്കേഷൻ വെച്ച് ഏതെങ്കിലും ഒരു കമ്പനിയിൽ കയറി പറ്റാനും പറ്റും.

അപ്പോൾ നിനക്ക് ഒരു ജോലി ആയില്ലേ?ആ ജോലി വെച്ച് ഇവിടെ വന്നു എന്റെ അച്ഛനോട് ചോദിക്കണം. അപ്പോൾ അച്ഛൻ സമ്മതിച്ചില്ല എങ്കിൽ നമുക്ക് സമ്മതിപ്പിക്കാം.

എത്രയൊക്കെ ആയാലും എന്റെ അച്ഛനല്ലേ? എന്റെ കണ്ണീര് കണ്ടാൽ എന്തായാലും സമ്മതിക്കും. പിന്നെ നീ നല്ല ചെറുക്കൻ അല്ലേടാ? യാതൊരു ദുശീലവും ഇല്ലാത്ത നല്ല ചെക്കനാ..”

അവൾ കുസൃതിയോടെ പറഞ്ഞത് കേട്ട അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.

” ഈ ഒരു ചെറിയ കാര്യത്തിന് ആണോ സാറേ രാവിലെ എന്നെ കരയിച്ചത്? ”

അവൾ ചോദിച്ചത് കേട്ട് അവന് എന്തു മറുപടി പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല.

“സോറി..”

അവൻ പെട്ടെന്ന് പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.

“പൊട്ടൻ..”

അവൾ കളിയോടെ പറഞ്ഞു.

“ഡീ.. ഡീ… ”

അവൻ ഗൗരവത്തോടെ വിളിച്ചത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു.

“ആഹ്..ചിരിയും കളിയും ഒക്കെ മതിയാക്കി പോയി കിടന്നുറങ്ങാൻ നോക്ക്. നാളെ രാവിലെ പോകേണ്ടതല്ലേ? ഗുഡ് നൈറ്റ്‌!”

” മ്മ്.. ഗുഡ് നൈറ്റ്‌…ഞാൻ നാളെ വിളിക്കാം..”

അത്രയും പറഞ്ഞ് ഒരു പുഞ്ചിരിയോടെ ഫോൺ കട്ടാക്കി കൊണ്ട് അവൾ ബെഡിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *