കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം കോളേജില്‍ തിരിച്ചെത്തിയ ടീച്ചര്‍ ആദ്യത്തെ രണ്ടു ദിവസം ഭയങ്കര സൈലന്റ് ആയിരുന്നു..

ഈഗോ
(രചന: ANNA MARIYA)

സ്കൂളില്‍ പഠിക്കാന്‍ പോകുമ്പോള്‍ തന്നെ കുരുത്തം കെട്ടവള്‍ എന്നൊരു നല്ല പേര് വീണത് കൊണ്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എന്റെ ഓരോ പ്രവര്‍ത്തിയിലും എല്ലാവരും ഒരു കുരുത്തക്കേട്‌ പ്രതീക്ഷിച്ചു.

ചിലത് തമാശയില്‍ തീരും. ചിലത് കുറച്ചു കൂടി പോകും. ചിലതിന് തല്ലു കിട്ടും. ചിലതിന് കുറച്ചു ദിവസം മുങ്ങി നടക്കേണ്ടി വരും.

അങ്ങനെ മൊത്തത്തില്‍ ഓരോരോ പണിയോപ്പിച്ചു നടന്നിരുന്ന കാലം. കോളേജില്‍ പഠിക്കുന്ന സമയത്ത് പോയ ടീച്ചര്‍ക്ക് പകരം വന്നു കയറിയ ഒരുത്തി. വലിയ പ്രായം ഒന്നുമില്ല.

കല്യാണം കഴിഞ്ഞതല്ല. അവളേം കൊണ്ട് വലിയ ശല്യമാണ്. ശല്യമെന്ന് പറഞ്ഞാല്‍ ഭയങ്കര ശല്യം. അതിനു ശേഷം വന്ന ഒരു ടീച്ചറെയും അവള്‍ ഏകദേശം അതേപോലെ ആക്കിമാറ്റി.

ശ്ശേടാ,, നമ്മളെ ഇടം വലം തിരിയാന്‍ സമ്മതിക്കാതെ കെട്ടി ഇട്ട പശുവിന് പുല്ലും വെള്ളവും കൊടുക്കുന്ന പോലെ ഇവള്‍ ഒരുമാതിരി.

കോളേജില്‍ സ്റ്റാഫ് റൂമില്‍ ആ ടീച്ചറെ എല്ലാര്‍ക്കും വലിയ കാര്യമായത് കൊണ്ട് ഒരു പണി കൊടുക്കണമെങ്കില്‍ അത് പുറത്ത് വച്ചേ പറ്റൂ എന്ന് നമുക്ക് മനസ്സിലായി.

മുന്‍ കാല പ്രാബല്യം വച്ചും അനുഭവ പാരമ്പര്യം വച്ചും അതും എന്റെ തലയില്‍ ആയി.

മണ്ടയ്ക്ക് അടി കിട്ടിയ പോലെ അവള്‍ ഇരിക്കണം. ടീച്ചര്‍മാരെ അവള്‍ ഇവള്‍ എന്നൊന്നും വിളിക്കുന്നത് ശരിയല്ല,, പക്ഷെ ആര്‍ക്കുമില്ലാത്ത മൂപ്പിക്കലുള്ള ഇവളെ അങ്ങനെ വിളിക്കാം. ബ്ലഡി ഗ്രാമ വാസി.

കുറച്ചു നാളത്തെ ആലോചനയിലും എനിക്ക് കാര്യമായി ഒന്നും കിട്ടീല. അങ്ങനെ ഞാന്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ ആനുന്‍ ടീച്ചറുടെ കല്യാണം ആയെന്ന് അറിയാന്‍ പറ്റിയത്. മതി,, അതിലും നല്ലൊരു അവസരം വേറെ കിട്ടാനില്ല.

ടീച്ചര്‍ കല്യാണം വിളിച്ചാല്‍ രക്ഷപ്പെട്ടു. ഇല്ലെങ്കിലും വലിഞ്ഞു കേറി ചെല്ലാന്‍ തന്നെ തീരുമാനിച്ചു. കേറുക മാത്രമല്ല ആ വീട്ടില്‍ വന്ന ഏറ്റവും വലിയ ഗിഫ്റ്റ് നമ്മുടേതാകും.

നമ്മുടെയൊക്കെ മുഖ ഭാവം കണ്ടിട്ട് എന്തൊക്കെയോ സംശയം ഉണ്ടെന്ന് തോന്നുന്നു. ഉണ്ടേലും ഇല്ലേലും നോ പ്രോബ്ലം. നമ്മള്‍ തീരുമാനിച്ചത് നടപ്പിലാക്കും. അത്രതന്നെ.

ഓരോരോ കോളേജില്‍ പിള്ളേരും ടീച്ചര്‍മാരും തമ്മില്‍ നല്ല സെറ്റ് ആണ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് കൊതി തോന്നും. ഇവിടെ വന്നു കേറുന്ന എല്ലാം കണക്കാ.

എല്ലാത്തിനെയും നേരെ ഇതിന്റെ അടുത്തേയ്ക്ക് വിടുന്നത് കൊണ്ട് തന്നെ ഈ ടീച്ചര്‍ എല്ലാര്‍ക്കും വാണിംഗ് കൊടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്.

ഇത്തവണ നമ്മള്‍ അത് ചെയ്യാന്‍ തന്നെ തീരുമാനിച്ചു. കല്യാണ തലേന്ന് കല്യാണ വീട്ടില്‍ എത്തിയ ഞങ്ങള്‍ നാല് പേരുടെ കൈയ്യിലും ഗിഫ്റ്റ് ഉണ്ടായിരുന്നു.

വളരെ സന്തോഷത്തോടെ ടീച്ചര്‍ ഗിഫ്റ്റ് വാങ്ങി വച്ചു. ഒരു ടേബിളില്‍ നിരന്നിരുന്ന് നാല് പേരും മൃഷ്ടാനം വിഴുങ്ങിയതിന് ശേഷം നല്ലൊരു ഏമ്പക്കവും വിട്ട് എഴുന്നേറ്റു പോയി കൈ കഴുകി.

“ ഡീ,, കൊളമാകുമോ”

“ അതെന്താ നീ അങ്ങനെ ചോദിച്ചേ”

“ അല്ല,,, എല്ലാരുടേം മുന്നില്‍ വച്ച് തുറക്കുവോ”

“ തുറക്കട്ടെടി”

“ ആ,,, ഇനി വരുന്നത് വരുന്നിടത്ത് വച്ച്”
അധികം വൈകാതെ അവിടെ നിന്നിറങ്ങി. അന്ന് രാത്രി ടീച്ചറും കസിന്‍സും ആദ്യം പൊട്ടിച്ചത് ഞങ്ങള്‍ കൊടുത്ത ഗിഫ്റ്റ് ആണ്.

ആദ്യത്തെ നിരയില്‍ കളര്‍ ഫുള്ളായി നിന്ന രണ്ട് സാരിക്ക് ശേഷം അടിത്തട്ടില്‍ പോയപ്പോള്‍ അവിടെ അതാ വേറൊരു പാക്കറ്റ്. ആ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ മൂഡ്‌സിന്റെയും ഡ്യൂറക്സ് ന്റെയും രണ്ട് വീതം പാക്കറ്റ്.

അതിന്റെ കൂടെ വിസ്പര്‍,, ബേബി സെറ്റ് എന്ന് വേണ്ട നാണം കെടുത്താന്‍ വേണ്ട സകലതും. ബാക്കി ഇവിടെ പറയാന്‍ പറ്റൂല. എല്ലാരുടെയും മുന്നില്‍ ടീച്ചര്‍ ആവിയായി ഇരിക്കുന്ന കാഴ്ച മനസ്സില്‍ കണ്ടു കൊണ്ടാണ് ഞങ്ങള്‍ വീട്ടില്‍ പോയത്.

വീട്ടില്‍ എത്തിയപാടെ ടീച്ചര്‍ടെ മെസ്സേജ് വന്നു. വീണ്ടും കാണുമെന്ന്. അതിലെന്തോ കാര്യമായ പന്തികേട് എനിക്ക് തോന്നി. ആ തോന്നല്‍ വെറുതെ ആയിരുന്നില്ല.

അതൊരു അയ്യപ്പനും കോശിയിലേയ്ക്കുമുള്ള തുടക്കമായിരുന്നു. കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം കോളേജില്‍ തിരിച്ചെത്തിയ ടീച്ചര്‍ ആദ്യത്തെ രണ്ടു ദിവസം ഭയങ്കര സൈലന്റ് ആയിരുന്നു.

പിന്നീട് അങ്ങോട്ട്‌ ഓരോ സ്റ്റെപ്പിലും വൈലന്റ്റ് ആകാന്‍ തുടങ്ങിയ ടീച്ചര്‍ ഞങ്ങളെ പണിഷ് ചെയ്യാന്‍ കാരണം നോക്കി നടന്നു. ഒരു തവണ ക്ലാസ്സ്‌ തുടങ്ങിയ സമയത്ത് എന്നെ എഴുന്നേറ്റു നിര്‍ത്തിയിട്ട് പിന്നെ ഇരിക്കാന്‍ വിട്ടില്ല.

ആ പിരീഡ് കഴിയാറാകുമ്പോഴേയ്ക്കും കാലു മരച്ചു തുടങ്ങി. പെര്‍മിഷന്‍ ചോദിക്കാതെ ഞാന്‍ ഇരുന്നപ്പോള്‍ ടീച്ചര്‍ എന്നെ ക്ലാസ്സില്‍ നിന്ന് ഇറക്കി വിട്ടു. ക്ലാസ്സിന്റെ പുറത്ത് പോയി നിന്ന് കാലിന് വയ്യാതായി.

ക്ലാസ്സില്‍ നിനിറങ്ങിപ്പോള്‍ നീയിനി എന്റെ ക്ലാസ്സില്‍ ഇരിക്കില്ല എന്ന് പറഞ്ഞ ടീച്ചറോട് ഞാന്‍ ആക്രോശിച്ചു. കൈയ്യില്‍ ഇരുന്ന ബുക്ക് വച്ച് ടീച്ചര്‍ എന്നെ അടിക്കാന്‍ ഓങ്ങി.

ഞാന്‍ പേടിച്ചു പോയി. മായാത്ത ഒരു വൈരാഗ്യം ടീച്ചറുടെ മനസ്സില്‍ കുടുങ്ങിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ടീച്ചര്‍ പറഞ്ഞപോലെ പിന്നെ ടീച്ചറുടെ പിരീഡില്‍ എനിക്ക് ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റിയിട്ടില്ല.

എപ്പോഴും എന്തെങ്കിലും കടു കട്ടി ചോദ്യം ചോദിച്ച് എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തും. അതൊരു പതിവായി. എനിക്ക് കാലു വേദന കൂടി. പൊതുവേ ഉപ്പൂറ്റിക്ക് എനിക്ക് ചെറിയ പ്രോബ്ലം ഉണ്ട്.

ടീച്ചറും ഞാനും തമ്മിലുള്ള അടിപിടി കോളേജ് മുഴുവന്‍ അറിഞ്ഞു. ഒന്നുകില്‍ ഞാന്‍ ഇവിടുന്ന് പോണം,, അല്ലെങ്കില്‍ ടീച്ചര്‍ ഇവിടുന്നു പോണം.

ഇത് രണ്ടുമല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന് എല്ലാര്‍ക്കും മനസ്സിലായി. ഒരു സോറി പറഞ്ഞ് പ്രശ്നം തീര്‍ക്കാന്‍ എന്നോട് കുറേപ്പേര് പറഞ്ഞു.

ഉപ്പൂറ്റിയുടെ വേദന ഓര്‍ക്കുമ്പോള്‍ എനിക്കതിന് തോന്നിയില്ല. ആ കൊച്ചിനെ വിട്ടേക്ക് ടീച്ചറെ എന്ന് ടീച്ചറോടും കുറച്ചു പേര് പറഞ്ഞു . ടീച്ചറും വിട്ടില്ല. ഒടുക്കം പാരന്റ്സ് മീറ്റിങ്ങിന്റെ അന്ന് ടീച്ചര്‍ അച്ഛനോട് സകലതും പറഞ്ഞു.

ഒന്നും മിണ്ടാതെ അച്ഛന്‍ ശ്വാസം പിടിച്ചിരുന്നു കേട്ടു. അത് ഞാന്‍ പ്രതീക്ഷിച്ചില്ല. ജീവിതം അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതിയതാണ്. അച്ഛന്റെ വക തല്ലും വഴക്കും ഒന്നുമുണ്ടായില്ല.

പക്ഷെ പിന്നെ ഞാന്‍ കുറച്ചു നാള്‍ നല്ല പിള്ളയായി. എന്റെ മാറ്റം എല്ലാവരെയും ഞെട്ടിച്ചു. ഞാന്‍ ഒന്നിനോടും പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ടീച്ചറും കുറച്ചു സൈലന്റ് ആയി.

അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായാലല്ലേ ആവേശം ഉണ്ടാകൂ. എന്റെ കാലിന് വീണ്ടും പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു. അന്ന് ടീച്ചര്‍ എന്നോട് ഒന്നും മിണ്ടിയില്ല.

അന്ന് ഇന്റര്‍ വേല്‍ സമയത്ത് എന്നെ വിളിച്ചു കൊണ്ട് പോയി ഓരോ ചായ കുടിച്ചപ്പോള്‍ ഒരുവിധം ഞങ്ങള്‍ ഒന്നായിരുന്നു. അയ്യപ്പനും കോശിയും സെറ്റ് ആയി. പിന്നല്ലേ നമ്മള്‍.