പക്ഷേ തിരികെ വീട്ടിൽ വന്നു നോക്കിയപ്പോൾ കുഞ്ഞിനെ കാണുന്നുണ്ടായിരുന്നില്ല, കഴിയുന്ന സ്ഥലത്തൊക്കെ കുഞ്ഞിനെ..

(രചന: ശ്രേയ)

” എടൊ.. തനിക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ..? ”

ജയിൽ വാർഡന്റെ ചോദ്യം കേട്ടപ്പോൾ അവൻ തല ഉയർത്തി അയാളെ ഒന്ന് നോക്കി. അത് കാണവേ അയാൾക്ക് അവനോട് അലിവ് തോന്നി.

” ഈ നിമിഷവും ഞാൻ പ്രാർത്ഥിക്കുന്നുണ്ടെടോ.. എന്തെങ്കിലും ഒരു അത്ഭുതം നടന്നു തന്റെ ശിക്ഷ ഇളവ് ചെയ്തു കിട്ടിയിരുന്നെങ്കിൽ എന്ന്.. ”

വേദനയോടെ വാർഡൻ പറഞ്ഞപ്പോൾ അവനും വേദനയോടെ ചിരിച്ചു.

” ഒരിക്കലും അങ്ങനെ സംഭവിക്കില്ല സാറേ.. പാവങ്ങൾക്ക് ഇങ്ങനെ ഇളവ് ഇല്ലല്ലോ.. ”

അവൻ വല്ലാത്തൊരു ചിരിയോടെ പറയുന്നത് കേട്ടിട്ട് വാർഡനു പോലും അത്ഭുതം തോന്നി.

അവനെ ഒരിക്കൽ കൂടെ നോക്കിക്കൊണ്ട് വാർഡൻ പുറത്തേക്ക് ഇറങ്ങിപ്പോയി.

” എന്നാലും താൻ ചെയ്തത് അത്രയും വലിയൊരു പാപം ഒന്നുമല്ലല്ലോ.. എന്നിട്ടും തനിക്ക് മാത്രം എന്താടോ ഇത്രയും വലിയൊരു ശിക്ഷ..?”

സഹ തടവുകാരിൽ ഒരാൾ ചോദിച്ചപ്പോൾ അവൻ വീണ്ടും പുഞ്ചിരിച്ചു.

” എനിക്ക് എതിരെയുള്ളത് ഉന്നതന്മാരായതു കൊണ്ട്. അവരോട് മുട്ടി നിൽക്കാനുള്ള സാമ്പത്തികവും പിടിപാടും ഒന്നും എനിക്കില്ലാത്തതു കൊണ്ട്..”

അവൻ പറഞ്ഞപ്പോൾ മറ്റുള്ളവർ വേദനയോടെ പരസ്പരം നോക്കി.

അവരുടെയൊക്കെ കണ്ണിലെ ഭാവം എന്തായിരിക്കും എന്ന് അറിയാവുന്നതു കൊണ്ട് തന്നെ ആരെയും ശ്രദ്ധിക്കാതെ അവൻ ചുവരിലേക്ക് ചാരി കണ്ണുകൾ അടച്ചു.

ആ നിമിഷം അവന്റെ കൺമുന്നിൽ തെളിഞ്ഞു വന്നത് ഒരു കുരുന്നിന്റെ മുഖമായിരുന്നു. ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന അവന്റെ കണ്മണിയുടെ മുഖം.

” അച്ഛൻ ഇന്ന് പോയി വരുമ്പോൾ എനിക്ക് എന്താ കൊണ്ടുവരുക..? ”

എല്ലാ ദിവസവും മഹി ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ അവളുടെ ചോദ്യം അത് മാത്രമാണ്.

” അച്ഛന്റെ കണ്മണിക്ക് എന്താ വേണ്ടത്..? ”

കുഞ്ഞിനോട് വാത്സല്യത്തോടെ അവൻ അന്വേഷിക്കും.

” ഇവൾ പറയുന്ന താളത്തിന് തുള്ളരുത് മഹിയേട്ടാ..ഇപ്പോൾ തന്നെ അവൾക്കിത്തിരി കൂടുതലാണ്. അവൾ പറയുന്നതൊക്കെ അതാത് സമയത്ത് മഹിയേട്ടൻ സാധിച്ചു കൊടുക്കാൻ നിൽക്കുന്നതു കൊണ്ടാണ് അങ്ങനെയൊക്കെ.”

ഭാര്യ രേഷ്മ ഒരു പരാതി പോലെ പറയുമ്പോൾ അവൻ അവളെ നോക്കി കണ്ണ് ചിമ്മാറുണ്ട് .

” എന്റെ കുഞ്ഞ് എന്നോടല്ലാതെ പിന്നെ ആരോടാണ് ഇതൊക്കെ പറയേണ്ടത്.? എന്നെക്കൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റുന്നതൊക്കെ എന്നായാലും ഞാൻ സാധിച്ചു കൊടുക്കും.”

മഹേഷ് ഉറപ്പോടെ പറഞ്ഞപ്പോൾ കണ്മണി അവനോട് ചേർന്ന് നിന്നു.

” ഈ അമ്മയ്ക്ക് അസൂയയാണ് അച്ഛാ.. അച്ഛൻ അമ്മയ്ക്ക് ഒന്നും വാങ്ങി കൊടുക്കാറില്ലല്ലോ.. ”

കണ്മണി അവളെ കളിയാക്കിയപ്പോൾ അവൾ മുഖം വീർപ്പിച്ചു.

” അത് വേണ്ട.. അങ്ങനെ എന്റെ ഭാര്യയെ നീയിപ്പോൾ കളിയാക്കണ്ട. എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യങ്ങളാണ് നിങ്ങൾ രണ്ടാളും.

എന്നും എന്റെ കണ്ണിലെ കൃഷ്ണമണികളെ പോലെ ഞാൻ കാത്തു സൂക്ഷിക്കുന്ന രണ്ടു പേർ. മനസ്സിലായോ അച്ഛന്റെ കുറുമ്പിക്ക്..? ”

അവൻ ചോദിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി എന്ന് അവൾ തലയാട്ടി.

” എന്നാൽ പിന്നെ അച്ഛൻ പോയിട്ട് വരട്ടെ..? ”

അവൻ ചോദിച്ചപ്പോൾ കുഞ്ഞ് സന്തോഷത്തോടെ തലയാട്ടി.

” വൈകിട്ട് വരുമ്പോൾ എന്റെ മിഠായി മറന്നു പോകരുത്.. ”

മഹി ജോലിക്ക് വേണ്ടി ഇറങ്ങി നടക്കുമ്പോൾ അവൾ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. അത് തലയാട്ടി സമ്മതിച്ചു കൊണ്ട് അവൻ ഇറങ്ങി നടക്കുമ്പോൾ അവന്റെ ഭാര്യ രേഷ്മയും അവനെ യാത്രയാക്കാൻ പുറത്തു തന്നെ ഉണ്ടായിരുന്നു.

ജന്മം കൊണ്ട് അനാഥനായിരുന്നു മഹേഷ്. ഒരു അനാഥാലയത്തിൽ ആയിരുന്നു അവന്റെ 18 വയസ്സ് വരെയും അവൻ വളർന്നത്. അതിനു ശേഷം സ്വന്തമായി അധ്വാനിച്ച് പുതിയൊരു വാസസ്ഥലം അവൻ കണ്ടെത്തി.

അവന്റെ അധ്വാനവും സ്വപ്നങ്ങളും ഒക്കെ കൂട്ടി വച്ച് അവൻ പുതിയൊരു വീട് പണിതു. അവന്റെ സ്വർഗ്ഗ കൂടാരം. വർക്ക്ഷോപ്പിലെ പണിക്കാരൻ ആയിരുന്നു മഹേഷ്.

ഒരിക്കൽ അവിടെ സ്കൂട്ടി ശരിയാക്കാൻ വേണ്ടി വന്നതായിരുന്നു അവന്റെ ഭാര്യ രേഷ്മ. നന്നായി അധ്വാനിക്കുന്ന ആ ചെറുപ്പക്കാരനെ അവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുകയും ചെയ്തു.

പിന്നീട് പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കി അവൾ വർക്ക് ഷോപ്പിലേക്ക് വന്നു കൊണ്ടേയിരുന്നു.

പതിയെ പതിയെ അത് മഹേഷിനെ കാണാൻ വേണ്ടി മാത്രമാണ് എന്ന് വർക്ക് ഷോപ്പിലുള്ള പലരും മനസ്സിലാക്കിയെടുക്കുകയും ചെയ്തു. അതിന്റെ പേരിൽ അവനും കളിയാക്കലുകൾ കുറെ കേൾക്കേണ്ടി വന്നു.

അത് അവനിൽ ചെറുതല്ലാത്ത വിധത്തിൽ ദേഷ്യം സൃഷ്ടിക്കുകയും ചെയ്തു. അതുകൊണ്ടാണ് തൊട്ടടുത്ത തവണ അവൾ വർക്ക്ഷോപ്പിലേക്ക് വന്നപ്പോൾ അവൻ കാരണം കൂടാതെ അവളെ ശാസിച്ചത്.

” സാധാരണ പയ്യന്മാരെ ഇട്ട് വട്ട് കളിപ്പിക്കുന്നത് പോലെ എന്റെ പിന്നാലെ വരാം എന്ന് താൻ കരുതരുത്. പ്രണയം എന്നു പറയുന്ന സാധനം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല.

പിന്നെ പുറമേ കാണുന്ന ഇഷ്ടം കൊണ്ടാണ് തനിക്ക് ഇപ്പോൾ എന്നോടുള്ള താല്പര്യം എന്നൊക്കെ എനിക്കറിയാം. പക്ഷേ ഇതിനുമപ്പുറം ഒരു ജീവിതം ഉണ്ട് എന്ന് താൻ മറക്കരുത്.

ഇപ്പോൾ കാരണങ്ങളില്ലാതെ താൻ ഇവിടേക്ക് കയറി വരുന്നത് ഇവിടെ എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പരിഹാസ കഥാപാത്രം ആകാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ.ഇനി ഇങ്ങനെ ആവർത്തിക്കരുത്.. ”

അവളെ പറഞ്ഞു മനസ്സിലാക്കാൻ മാത്രമായിരുന്നു അവൻ ശ്രമിച്ചത്.

” ഞാൻ പറയാതെ തന്നെ തനിക്ക് കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് ഇനി ഞാൻ ഒന്നും പറയുന്നില്ല. താൻ പറയുന്നതു പോലെ തന്നെ കണ്ട് ഇഷ്ടപ്പെടാൻ താൻ വലിയ സുന്ദരൻ ഒന്നുമല്ലല്ലോ.

എല്ലാം അറിഞ്ഞിട്ട് തന്നെയാണ് തന്നോട് എനിക്ക് ഇഷ്ടം തോന്നിയത്. താൻ എന്തൊക്കെ പറഞ്ഞാലും അതിൽ മാറ്റം വരാൻ പോകുന്നതും ഇല്ല. ”

അത്രയും പറഞ്ഞു അന്ന് അവൾ അവിടെ നിന്നും മടങ്ങിപ്പോയി.

പിന്നീട് പലപ്പോഴും പരസ്പരം കാണാറുണ്ടായിരുന്നു. പതിയെ പതിയെ അവന്റെ ഉള്ളിലും അവളോട് ഒരിഷ്ടം ഉണ്ടായി.

അവളുടെ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവൾക്ക് വളരെ എളുപ്പമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടുകാരുടെ കൂടി സമ്മതത്തോടെയാണ് അവരുടെ വിവാഹം നടന്നത്.

മഹിയുടെ സ്വർഗ്ഗം അതിനുശേഷം ആയിരുന്നു ശരിക്കും ഒരു സ്വർഗ്ഗമായി മാറിയത്. അവൾക്ക് പിന്നാലെ അവരുടെ ഇടയിലേക്ക് പുതിയൊരു അതിഥി കൂടി അറിയിച്ചപ്പോൾ മഹി ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാനാണ് എന്ന് അവൻ ധരിച്ചു.

ഒരു ദിവസം കണ്മണിയെ വീടിനുള്ളിൽ ഇരുത്തിയിട്ട് പുറത്ത് പറമ്പിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു രേഷ്മ.

പക്ഷേ തിരികെ വീട്ടിൽ വന്നു നോക്കിയപ്പോൾ കുഞ്ഞിനെ കാണുന്നുണ്ടായിരുന്നില്ല. കഴിയുന്ന സ്ഥലത്തൊക്കെ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും എവിടെ നിന്നും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.

നാട്ടുകാരും പോലീസും ഒക്കെ ചേർന്ന് കുഞ്ഞിനെ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല എന്ന് തന്നെ പറയാം. പിറ്റേന്ന് രാവിലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതും ക്രൂരമായി പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയിൽ..!

മഹിക്കും രേഷ്മയ്ക്കും ഒന്നും സഹിക്കാൻ കഴിയുന്ന കാര്യങ്ങൾ ആയിരുന്നില്ല അതൊക്കെ. അവരുടെ പരാതിയിൻ മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പക്ഷേ കോടതിയിൽ കേസ് എത്തിയപ്പോഴാണ് കാര്യങ്ങൾ മാറി പറഞ്ഞത്.

” തെളിവുകളുടെ അഭാവത്തിൽ പ്രതി എന്ന് സംശയിക്കപ്പെട്ടവരെ വെറുതെ വിടുന്നു..”

കോടതി വിധി കേട്ടപ്പോൾ തകർന്നു പോയിരുന്നു മഹിയും രേഷ്മയും.

കോടതിക്ക് പുറത്തേക്ക് വന്നപ്പോൾ തങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുന്ന ആ ചെറുപ്പക്കാരെ കൂടി കണ്ടപ്പോൾ മഹിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

തൊട്ടടുത്ത കടയിൽ നിന്നും കിട്ടിയ വെട്ട് കത്തിയുമായി ആ ചെറുപ്പക്കാർക്ക് നേരെ പാഞ്ഞു അടുക്കുമ്പോൾ കൺമുന്നിൽ ഉണ്ടായിരുന്നത് സ്വന്തം മകളുടെ നിശ്ചലമായ ശരീരം മാത്രമായിരുന്നു.

കോടതി വളപ്പിൽ ഇട്ട് അവരെ വെട്ടിക്കൊന്നു എന്ന പേരിൽ അവനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യയാണ് എന്ന് കോടതി വിധിച്ചു.അതിന്റെ പേരിൽ വധശിക്ഷയും കിട്ടി.

ഇന്ന് ഈ ഭൂമിയിലെ അവസാന ദിവസമാണ്. നാളെ ഈ സമയത്ത് താൻ മറ്റൊരു ലോകത്തേക്ക് എത്തിയിട്ടുണ്ടാകും.

മനസ്സറിഞ്ഞ് ക്ഷമ പറയാനുള്ളത് ഒരാളോട് മാത്രമാണ്. ഒത്തിരി സ്നേഹം തന്ന ജീവിതത്തിലേക്ക് കയറി വന്നിട്ടും പകുതി വഴിയിൽ ഉപേക്ഷിച്ചു പോകുന്നതിന്..

അവന്റെ കണ്ണുകളിൽ നിന്ന് ഒരു നീർത്തുള്ളി അടർന്നു വീണു.