കെട്ടിപ്പിടിക്കാൻ ശ്രമിച്ച ജീവേട്ടന്റെ കൈ പിന്നെയും ഞാൻ തട്ടിമാറ്റി, നിങ്ങൾ ഇന്ന് എത്രവട്ടം ഓൺലൈനിൽ വന്നു..

(രചന: അംബിക ശിവശങ്കരൻ)

ലോൺ അടയ്ക്കേണ്ട ദിവസം എന്നാണെന്ന് ഉറപ്പാക്കാൻ വെറുതെ കലണ്ടറിൽ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഇന്നത്തെ ദിവസത്തിൽ എന്റെ കണ്ണുകൾ ഉടക്കിയത്

‘ഒക്ടോബർ 20’

” ദൈവമേ ഇന്ന് ഒക്ടോബർ ഇരുപത് ആയിരുന്നൊ? ”

ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് മൂന്നാമത്തെ വർഷം തികയുന്നു. ഫോണെടുത്ത് വേഗം ഞങ്ങളുടെ ഏറ്റവും നല്ലൊരു ഫോട്ടോ തന്നെ സ്റ്റാറ്റസ് വെച്ചു.

‘ തേർഡ് എൻഗേജ്മെന്റ് ആനിവേഴ്സറി’

കണ്ടവർ കണ്ടവർ ആശംസകൾ അറിയിക്കാൻ തുടങ്ങിയെങ്കിലും ഇന്നത്തെ ദിവസം ഭർത്താവായ ജീവേട്ടന് ഓർമ്മ ഉണ്ടാകില്ലെന്ന് എനിക്കുറപ്പായിരുന്നു.

എന്നും വഴക്കുണ്ടാക്കാൻ ഒരു കാരണം തപ്പി നടക്കുന്ന എനിക്ക് ഇന്നത്തേക്ക് കാരണമായി.

ഇടയ്ക്കിടയ്ക്ക് വാട്സാപ്പിൽ കയറി സ്റ്റാറ്റസ് വ്യൂ ചെക്ക് ചെയ്യുമ്പോഴും ജീവേട്ടന്റെ പേര് ഇല്ലെന്ന് എന്നെ വീണ്ടും ദേഷ്യം പിടിപ്പിച്ചു.

ജോലിക്ക് പോയിരിക്കുകയല്ലേ വാട്സാപ്പിൽ കയറാൻ ചിലപ്പോൾ സമയം കിട്ടിയിട്ടുണ്ടാകില്ല പാവം…

എന്ന് കരുതി ആശ്വസിച്ച് വെറുതെ ലാസ്റ്റ് സീൻ എടുത്തു നോക്കിയപ്പോഴാണ് പതിനഞ്ചു മിനിറ്റു മുൻപേ ഓൺലൈനിൽ വന്നു പോയി എന്നുള്ള നഗ്നസത്യം എന്നെ വീണ്ടും ശുണ്ഠി പിടിപ്പിച്ചത്.

ആർക്കുവേണ്ടിയാണോ സ്റ്റാറ്റസ് ഇടുന്നത് അവർ മാത്രം അത് നോക്കാതിരിക്കുക എന്ന അവസ്ഥയോളം ദേഷ്യം പിടിപ്പിക്കുന്ന കാര്യം വേറെ ഇല്ലല്ലോ?

“ഇങ്ങേര് ഇന്ന് വരട്ടെ വെച്ചിട്ടുണ്ട് ഞാൻ”

മനസ്സിൽ പിറുപുറത്തു കൊണ്ട് ഞാൻ ജോലികൾ തുടർന്നു.

വൈകുന്നേരം പതിവുപോലെ എന്താ വാങ്ങേണ്ടത് എന്ന് ചോദിച്ചു വിളിച്ചെങ്കിലും ഇഷ്ടമുള്ളതൊന്നും തന്നെ വാങ്ങാൻ ഞാൻ പറഞ്ഞേൽപ്പിച്ചില്ല എന്നതാണ് സത്യം.

“ഇന്നു മുഴുവൻ പിണങ്ങിയിരിക്കേണ്ടതാണ് നല്ലതൊക്കെ വാങ്ങിക്കൊണ്ടുവന്നാൽ പിന്നെ പിണങ്ങിയിരുന്ന് അത് കഴിക്കാനും പറ്റില്ല”

ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എന്ന് പറയുന്നത് പോലെ തന്നെ അതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് ഞാൻ ഒന്നും ആവശ്യപ്പെട്ടില്ല.

വീടിന്റെ മുറ്റത്ത് ബൈക്ക് വന്നുനിന്ന ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ വലിയ തിരക്ക് ഭാവിച്ചു. അവിടെയും ഇവിടെയും തട്ടിയും മുട്ടിയും നിന്ന് വലിയ ജോലിയിലാണെന്ന് വരുത്തി തീർക്കാൻ…

” മോളെ ദേ ജീവൻ വന്നു”

ഉമ്മറത്തു നിന്ന് അമ്മ വിളിച്ചു പറഞ്ഞെങ്കിലും ഞാൻ അടുക്കളയിൽ തന്നെ നിന്നു.

“എന്താ നല്ല പണിയിൽ ആണല്ലോ..…”

ജീവേട്ടൻ അടുത്ത് വന്നതും ഞാൻ മുഖം കൊടുക്കാതെ നിന്നു. അപ്പോൾ തന്നെ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്ന് ജീവേട്ടന് മനസ്സിലായി.

“എന്താ മുഖത്തിന് അത്ര തെളിച്ചം പോരാല്ലോ? അമ്മായിയമ്മയും മരുമകളും തമ്മിൽ പിണങ്ങിയോ?”

കാതിൽ വന്ന് സ്വകാര്യം പറഞ്ഞ നേരം ഞാൻ ജീവേട്ടനെ ഒന്ന് തുറിച്ചു നോക്കി.

” ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല നിങ്ങളായിട്ട് ഇനി ഒന്നും ഉണ്ടാക്കാതിരുന്നാൽ മതി. ”

പതിവ് ചായയും ഉണ്ടാക്കിക്കൊടുത്ത് ഞാൻ മുഖം തിരിച്ചു മുറിയിലേക്ക് വന്നു.

“ഇന്നെന്താണാവോ ഈ പിണക്കത്തിന്റെ കാരണം. അല്ല…. ഓരോ ദിവസവും ഓരോന്നാണല്ലോ.?”

എന്റെ പിന്നാലെ തന്നെ വന്നു കൊണ്ട് ജീവേട്ടൻ ചോദിച്ചു.

“ഓഹോ… അപ്പോൾ ഞാൻ മാത്രം പ്രശ്നക്കാരി. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയോ നിങ്ങൾക്ക്?”

ദൈവമേ, പെട്ട് എന്നുള്ള ജീവേട്ടന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായി ഒന്നും ഓർമ്മയില്ലെന്ന്.

“ഇന്നെന്താ പ്രത്യേകത…..

“ഓഹ് ഇന്നാണ് അല്ലേ നിന്റെ ബർത്ത് ഡേ”

കുറച്ച് സമയം ആലോചിച്ചു നിന്ന ശേഷം ഓർത്തെടുത്ത് പറഞ്ഞ മറുപടി കേട്ടതും ചപ്പാത്തി പരത്തുന്ന കോലെടുത്ത് തലമണ്ട നോക്കി ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നിയത്.

” അത് ശരി….അപ്പോൾ നിങ്ങൾക്ക് എന്റെ ബർത്ത് ഡേ പോലും എന്നാണെന്ന് അറിയില്ലല്ലേ? ”

“എല്ലാദിവസവും ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ എന്തുത്തരം പറയും എന്റെ രമ്യേ…

ആദ്യമായി കണ്ട ദിവസം,ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം,പെണ്ണുകാണാൻ വന്ന ദിവസം തുടങ്ങി മിണ്ടിയതും പറഞ്ഞതുമായ ഓരോ ദിവസങ്ങളും മനുഷ്യനു ഓർത്തുവയ്ക്കാൻ പറ്റുമോ?

എത്രയെത്ര കാര്യങ്ങൾ ആണ് തലയ്ക്കകത്തുന്ന് നിനക്ക് അറിയാഞ്ഞിട്ടല്ലല്ലോ?”

“എനിക്കുമുണ്ടല്ലോ കാര്യങ്ങൾ? എന്നിട്ടും ഞാൻ ഇതൊക്കെ ഓർത്ത് വയ്ക്കുന്നുണ്ടല്ലോ.”

“ഞാനില്ല നിന്നോട് തർക്കിക്കാൻ എന്നും അതെ ഓരോ കാരണങ്ങൾ ഉണ്ടാകും പിണങ്ങാൻ”

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല നേരെ മുറിവിട്ട് ഇറങ്ങി ഹാളിൽ പോയിരുന്നു. ജീവേട്ടനും കൂടെ വന്നിരുന്ന് ടിവി കണ്ടു. ഇടയ്ക്കിടെ ഒളിഞ്ഞിട്ട് എന്നെ നോക്കിയെങ്കിലും ഞാൻ മൈൻഡ് പോലും ചെയ്തില്ല. ഭക്ഷണം കഴിക്കുമ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. ബാത്റൂമിൽ പോകാൻ നേരം എന്നും ജീവേട്ടനെ വിളിച്ചിട്ടാണ് പോകാറ്.

” ഇന്നിനി എന്തു ചെയ്യും? വിളിച്ചു കഴിഞ്ഞാൽ നാണക്കേടാകും..പക്ഷേ ഒറ്റയ്ക്ക് പോകാനുള്ള ധൈര്യവും ഇല്ല”

എന്തും വരട്ടെ എന്നും പറഞ്ഞ് സകല ധൈര്യവും സംഭരിച്ച് അടുക്കളയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ജീവേട്ടൻ ഓടിവന്നത്.

എന്റെ പേടിയുടെ തീവ്രത അറിയാവുന്നത് കൊണ്ട് എത്ര പിണങ്ങി മിണ്ടാതിരുന്നാലും ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ വാതിൽക്കൽ വന്നു നിൽക്കും. ബാത്റൂമിൽ പോയി വരുവോളം ഫോണിൽ നോക്കിനിന്ന ആൾ ഞാൻ വന്നപ്പോൾ എന്റെ കയ്യിൽ പിടിച്ചു.

“സോറി മോളെ..”

” പണി തിരക്കിൽ ഞാൻ മറന്നു പോയതാണ് ഇപ്പോഴാ നിന്റെ സ്റ്റാറ്റസ് കണ്ടത് ഹാപ്പി ആനിവേഴ്സറി. ”

ചേർത്തുപിടിക്കാൻ നോക്കിയതും ഞാൻ കുതറി മാറി വന്ന് ബെഡിൽ കിടന്നു.

“എന്തിനാ രമ്യേ നല്ലൊരു ദിവസമായിട്ട് ഇങ്ങനെ പിണങ്ങുന്നത്? വാ വന്ന് ഏട്ടന്റെ നെഞ്ചിൽ കിടക്ക് അങ്ങനെയല്ലേ നമ്മൾ എന്നും ഉറങ്ങാറ്?”

കെട്ടിപ്പിടിക്കാൻ ശ്രമിച്ച ജീവേട്ടന്റെ കൈ പിന്നെയും ഞാൻ തട്ടിമാറ്റി.

“നിങ്ങൾ ഇന്ന് എത്രവട്ടം ഓൺലൈനിൽ വന്നു?എന്നിട്ട് എന്റെ സ്റ്റാറ്റസ് നോക്കാൻ തോന്നിയോ?”

“എത്രവട്ടമോ ആകെ രണ്ടുവട്ടം അതും ചെയ്തുകൊണ്ടിരുന്ന വർക്ക് സാറിന് ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞിട്ട്.ജോലി ചെയ്യുന്ന സമയത്ത് അല്ലാതെ ഫോൺ എങ്ങനെയാ രമ്യേ ഉപയോഗിക്കുന്നത്?”

“നിങ്ങൾ ഒന്നും പറയണ്ട എന്റെ കാര്യങ്ങൾക്ക് മാത്രമാണല്ലോ നിങ്ങൾക്ക് മറവി ബാക്കിയുള്ള കാര്യങ്ങൾ എല്ലാം കിറു കൃത്യം.”

എന്നോട് സംസാരിച്ചാൽ ഇനി ഉറക്കം നഷ്ടമാകും എന്ന് തോന്നിയത് കൊണ്ടാവാം പിന്നെ ജീവേട്ടൻ ഒന്നും പറയാതെ തിരിഞ്ഞു കിടന്നു.

കുറ്റബോധം മനസ്സിനെ വേട്ടയാടിയ വിഷമത്തിൽ മിണ്ടാതെ കിടക്കുകയായിരിക്കും എന്ന് കരുതിയ എന്നെ പിന്നെയും ദേഷ്യപ്പെടുപ്പിച്ചത് അങ്ങേരുടെ കൂർക്കം വലിയാണ്.

പിണങ്ങി കിടന്നിട്ട് ഉറക്കം വരാതെ കുറെ നേരമായി അങ്ങോട്ടുമിങ്ങോട്ടും തിരഞ്ഞു കിടക്കുമ്പോഴാണ് ഇങ്ങേർ ഇങ്ങനെ സുഖസുന്ദരമായി ഉറങ്ങുന്നത്.

“ഇങ്ങേർക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്തോ?”

കരഞ്ഞു മൂക്ക് വലിക്കുന്ന ഒച്ച കേട്ടാലെങ്കിലും എണീക്കുമെന്ന് കരുതി കരഞ്ഞു നോക്കി ആര് കേൾക്കാൻ? ഒടുക്കം കയ്യും കാലും അനക്കി ജീവേട്ടനെ ഉണർത്തിയപ്പോഴാണ് എനിക്ക് സമാധാനമായത്.

” എന്താ രമ്യ ഉറങ്ങിയില്ലേ? ”

“ഞാൻ ഉറങ്ങാതെ നിങ്ങളിപ്പോൾ ഉറങ്ങേണ്ട..എന്നാലും എന്റെ കാര്യം മാത്രമല്ലേ നിങ്ങൾ ഓർക്കാത്തത്?”

“സോറി വാ വന്നു കിടന്നുറങ്ങ്”

പിന്നെയും എനിക്ക് നേരെ നീട്ടിയ കൈ ഞാൻ തട്ടിമാറ്റി.

“എന്നാൽ പിന്നെ മോള് സൗകര്യം പോലെ ഉറങ്ങാതെ കിടന്നു കരയ്”

സകല അടവും പാളി എന്ന് തിരിച്ചറിഞ്ഞ് മിണ്ടാതെ കിടന്നപ്പോഴാണ് ചുമരിൽ നിന്ന് എന്തോ ഒന്ന് എന്റെ മേലെ വന്നു വീണത്.

‘അമ്മേ..’ എന്നും പറഞ്ഞ് ഒറ്റ ചാട്ടത്തിന് ജീവേട്ടന്റെ മേലെ കൂടി ചാടി അപ്പുറം കടക്കുമ്പോൾ ‘അയ്യോ’ എന്നുള്ള ജീവട്ടന്റെ നിലവിളിയും കേൾക്കാമായിരുന്നു.

ആ നിലവിളിയിൽ തന്നെ വ്യക്തമായിരുന്നു എവിടെയോ കിട്ടേണ്ട പോലെ ഒരെണ്ണം കിട്ടിയിട്ടുണ്ടെന്ന്. തപ്പി തടഞ്ഞ് ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് ഒരു പല്ലി ബെഡിൽ നിന്ന് മുകളിലേക്ക് ഇഴഞ്ഞു കയറുന്നത് കണ്ടത്

“പല്ലി… പല്ലി…”

ഞാൻ ചമ്മിയ മുഖത്തോടെ പറഞ്ഞു.

“അതിന് ബാക്കി ഉള്ളോരുടെ മർമ്മം ചവിട്ടി പൊട്ടിക്കണോ…?ഇനി ശരീരം മുഴുവൻ വെൽഡ് ചെയ്ത് കിടക്കണമല്ലോ ദൈവമേ എന്നെക്കൊണ്ട് ഇനി എന്തിനു കൊള്ളാം?”

ജീവേട്ടന്റെ ആത്മഗതം കേട്ട് അത്രനേരം കൊണ്ട് നടന്ന പിണക്കം എല്ലാം മറന്നു ഞാൻ അറിയാതെ ചിരിച്ചു പോയി. അപ്പോഴും കിട്ടിയ ചവിട്ടിന്റെ ഹാങ്ങോവറിൽ പുള്ളിക്കാരൻ കിളി പോയ കണക്കെ ഇരിപ്പുണ്ടായിരുന്നു…