അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരുകുറവും ഇല്ലാതെ ആയിരുന്നു എന്നെയും, അമ്മയെയും..

കരുതൽ
(രചന: Anitha Raju)

അമ്മയുടെ നടുവേദന നാൾക്കുനാൾ കൂടിവരുന്നു നാലു വീടുകളിൽ ജോലിക്കുപോകുമായിരുന്നു എന്നാൽ ഇപ്പോൾ അതിനു സാധിക്കുന്നില്ല.

രണ്ടുവീട്ടിൽ കഷ്ടിച്ചു പോകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം തന്റെ സ്കൂൾ പഠനത്തിന്റെ ആവശ്യത്തിനു തികയുന്നില്ല.

എട്ടാം ക്ലാസ്സ്‌ നല്ല മാർക്കോടെ വിജയിച്ചു. രണ്ടുമാസം കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ പുതിയ ബുക്ക്‌ യൂണിഫോം ഒക്കെ വേണം, പാവം അമ്മ കൂട്ടിയാൽ കൂടുമോ?

അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരുകുറവും ഇല്ലാതെ ആയിരുന്നു എന്നെയും, അമ്മയെയും നോക്കി ഇരുന്നത്. അച്ഛന്റെ പെട്ടന്നുണ്ടായ അപകടമരണം എല്ലാം മാറ്റി മറിച്ചു.

എന്നെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം ആ ഒരു ആഗ്രഹം മാത്രം ആണ് അമ്മക്ക് ഉള്ളത്.

ക്ലാസ്സിൽ ഒന്നാമനാണ് ഞാൻ. അച്ഛൻ വിട്ടുപിരിഞ്ഞിട്ട് പത്തു വർഷം ആയി.

നാലു വീട്ടിൽ അമ്മ ജോലിക്കു പോയിരുന്നപ്പോൾ എല്ലാം ഭംഗി ആയി നടക്കുമാരുന്നു. ഒരു വീഴ്ചയിൽ നടുവിന് പറ്റിയ ക്ഷതം അമ്മയെ വലക്കുന്നു.

ഞാൻ വിനായക് വിനു എന്ന് വിളിക്കും എന്റെ ഏറ്റവും അടുത്ത ചങ്ങാതി ആണ് അനഘ , വീടുകൾ തമ്മിലും കുറച്ചു ദൂരമേ ഉള്ളു. നാട്ടിലെ ഏറ്റവും വലിയ പണക്കാരന്റെ മകൾ ,

എന്നാൽ അതിന്റെ പത്രസ് ഒന്നും അവൾക്കില്ല. എന്റെ വീട്ടിലെ അവസ്ഥ ഒക്കെ അവൾക്കു അറിയാം. സ്കൂൾ അടക്കുന്ന ദിവസം ഞാൻ അവളോട്‌ പറഞ്ഞു

“പുതിയ ക്ലാസ്സിൽ വരണമെങ്കിൽ എല്ലാം വാങ്ങണം അമ്മക്ക് ദിനം പ്രതി ആരോഗ്യം മോശം ആകുന്നു, അനഘയുടെ വീട്ടിൽ ആഡംബരകറുകൾ,

പൂന്തോട്ടം ഇതൊക്കെ ഉണ്ടല്ലോ, കാർ തുടച്ചു വൃത്തി ആക്കാം ചെടികൾ പരിപാലിക്കാം,

അങ്ങനെ എന്നെ കൊണ്ട് പറ്റുന്ന ജോലികൾ എല്ലാം ചെയ്യാം, പുതിയ ബുക്കും, യൂണിഫോം ഒക്കെ വാങ്ങാനുള്ള പൈസ തന്നാൽ മതി, അത്രയും എന്റെ അമ്മക്ക് സഹായം ആകും ”

പറഞ്ഞു നിർത്തുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അടുത്ത ദിവസം അനഘയുടെ വീട്ടിലെ കാര്യസ്ഥൻ വന്നു വിനുവിനെ കൂട്ടികൊണ്ട് പോയി

മകളുടെ ചങ്ങാതിയെ മുതലാളിക്കും , ഭാര്യക്കും വളരെ ഇഷ്ട്ടം ആയി. അവൻ ജോലികൾ ചെയ്യാൻ തുടങ്ങി. അവന്റെ വിനയം ഉള്ള പെരുമാറ്റം എല്ലാർക്കും ഇഷ്ട്ടപെട്ടു.

രണ്ടുമാസം കടന്നുപോയി,. സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം മുതലാളിയും, ഭാര്യയും അവനെ അടുത്ത് വിളിച്ചു പുതിയ ബുക്കും, ഡ്രസ്സ്‌ എല്ലാം നൽകി,

അവർ മകൾക്കു എല്ലാം വാങ്ങിയപ്പോൾ അവനും വാങ്ങി.

ഇറങ്ങാൻ നേരം ഒരു കൊച്ചു കവറിൽ എന്തോ പൊതിഞ്ഞത് പോക്കറ്റിൽ വെച്ച് കൊടുത്തു, അവന്റെ തലയിൽ തഴുകി കൊണ്ട് മുതലാളി പറഞ്ഞു ”

നിനക്ക് എന്താവശ്യം ഉണ്ടെങ്കിലും വന്നു പറയണം, അനഘയപോലെ തന്നെ നീയും.

ഞാൻ നിന്നെ കൊണ്ട് ജോലി ചെയ്യിച്ചത് മറ്റൊന്നും കൊണ്ടല്ല നീ അഭിമാനി ആണ് ആരുടെയും ഔദാര്യം പറ്റില്ല എന്ന് എനിക്ക് മനസ്സിലായി, നീ നന്നായി വരും ”

സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ പ്രകാശിച്ചു.

വീട്ടിൽ ഓടി എത്തി അവൻ എല്ലാം അമ്മയെ ഏൽപ്പിച്ചു , അവസാനം പോക്കറ്റിൽ വെച്ചിരുന്ന ആ കൊച്ചു പൊതിയും.

മകന്റെ ആദ്യ ശമ്പളം ആയിരുന്നു അത് കുറച്ചു പുതിയ നോട്ടുകൾ.

അമ്മ അവനെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തം നൽകി , അപ്പോൾ ആ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. ഭർത്താവ് നഷ്ടപെട്ടപ്പോൾ കരുതലും നഷ്ടം ആയി എന്ന് കരുതി.

ഇല്ല നഷ്ടപ്പെട്ടില്ല ആ അച്ഛന്റെ മകൻ തനിക്ക് തുണ ആയി കൂടെ ഉണ്ട്. മാതൃ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *