എല്ലാവരുടേയും സ്നേഹലാളനയിലെ എനിക്ക് ഏട്ടന്‍റെ സ്നേഹം മനസ്സിലാക്കാന്‍..

(രചന: Magesh Boji)

എനിക്കുമുണ്ടൊരു ചേട്ടന്‍… ഞാന്‍ ജനിക്കുന്നതിനു മുന്‍പ് എന്‍റെ വീട്ടിലെ രാജാവായിരുന്നു…

പിന്നിട് ആ സ്ഥാനം എനിക്ക് കിട്ടി… വൈക്കോല്‍ വണ്ടി എന്ന് ഏട്ടനെ ഞാന്‍ കളിയാക്കി വിളിക്കും.

ഒരു ചെറിയ റോഡിലൂടെ വണ്ടി നിറയെ വൈക്കോലുമായി പുറകെയുള്ള വണ്ടിക്ക് ഒന്ന് സൈഡു പോലും കൊടുക്കാതെ…

ഒച്ചിന്‍റെ വേഗതയിലോടുന്ന വൈക്കോല്‍ വണ്ടിയെന്ന് വിളിച്ച് ഞാന്‍ ഏട്ടനെ കളിയാക്കുമ്പോള്‍ മൗനത്തിലലിഞ്ഞ ഒരു പുഞ്ചിരി മാത്രമായിരിക്കും ആ മുഖത്തുണ്ടാവുക.

എല്ലാവരുടേയും സ്നേഹലാളനയിലെ എനിക്ക് ഏട്ടന്‍റെ സ്നേഹം മനസ്സിലാക്കാന്‍ കഴിയാതെ ദിവസങ്ങള്‍ കടന്ന്പോയി…

പക്ഷെ , എന്‍റെ മനസ്സിലെ എല്ലാ ധാരണയും തിരുത്തിക്കുറിക്കാന്‍ ആ ഒരു ഞായറാഴ്ച്ച വേണ്ടിവന്നു…

ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഞായറാഴ്ച്ച ആയിരുന്നു അത്…

ഓണത്തിനു മുന്‍പേ വീടൊക്കെ വൃത്തിയാക്കി ,പഴയ സാധനങ്ങളൊക്കെ പൊടി തട്ടി തുടച്ചു വക്കണ കൂട്ടത്തിലാണ് അമ്മയോടൊപ്പം ഏട്ടന്‍റെ മുറി വ്യത്തിയാക്കാന്‍ തുടങ്ങിയത്,

വൃത്തിയാക്കണ കൂട്ടത്തിലാണ് ഏട്ടന്‍റെ പഴയ ഒരു ‘ ഡയറി ‘ കണ്ണില്‍ പെട്ടത്,

വെറുതെ ഒരു കൗതുകത്തിനു പേജൊന്നു മറച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. .

തുറന്നു നോക്കിയത് ഒക്ടോബര്‍ 26 ലെ പേജ്,അതില്‍ എഴുതിയിരിക്കുന്നു ” ഇന്ന് ഉണ്ണി ചെന്നെയിലേക്ക് പോയി,

ആദ്യമായിട്ടാണവന്‍ വീടു വിട്ടു നില്‍ക്കുന്നത്, അവനെ ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടു, ഇന്നെനിക്കിനി ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല,

ഉണ്ണിക്ക് നല്ലതു മാത്രം വരുത്തണേ ഗുരുവായൂരപ്പാ ”എന്ന പ്രാര്‍ത്ഥനയോടെ അവസാനിക്കുന്ന ആ പേജ് പല ആവര്‍ത്തി ഞാന്‍ വായിച്ചു,

അതോടൊപ്പം ഒരുപാടു പേജുകളും എന്‍റെ കണ്ണുകള്‍ ആര്‍ത്തിയോടെ വായിച്ചുകൂട്ടി, അതെ എല്ലായിടത്തും ഞാന്‍ മാത്രമാണ്,എന്നെകുറിച്ച് മാത്രമാണ്.

ഞാന്‍ പോലും നിസ്സാരമായി കണ്ട എന്‍റെ ജീവിതത്തിലെ ഓരോരോ കാര്യങ്ങള്‍ പോലും അതിലുണ്ട്…

മനസ്സിനുള്ളിലൊരു വിങ്ങല്‍,തല താഴ്ത്തി ആ തറയിലവിടിരുന്നു,ഇനി ഒന്നും വായിക്കാന്‍ വയ്യ…

എനിക്കെന്‍റെ ഏട്ടനെ മനസ്സിലാക്കാന്‍ ഒരു ഡയറി വേണ്ടി വന്നു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു…

ഡയറി എഴുതാത്ത ഒരുപാട് ഏട്ടന്മാരെ കുറിച്ചോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി….

താഴെ നിന്ന് അമ്മയുടെ ശബ്ദം ” നാളെ ടൗണില്‍ നിന്ന് വരുമ്പോള്‍ ആ ചെട്ട്യാരുടെ കടയില്‍ നിന്ന് പായസത്തിനുള്ള കൂട്ട് വാങ്ങണം നാളെ ഏട്ടന്‍റെ പിറന്നാളാണ് ”

ഞാന്‍ ചാടി എണീറ്റു…

അതെ നാളെ എന്‍റെ ഏട്ടന്‍റെ പിറന്നാളാണ്. പിന്നെ അതു മാത്രമായി മനസ്സില്‍…

പിറ്റേന്ന് ജോലികഴിഞ്ഞ് ടൗണിലെത്തി ചെട്ട്യാരുടെ കടയില്‍ പോയി പായസ കൂട്ട് വാങ്ങി കൂടെ കിട്ടാവുന്നതില്‍ വച്ചേറ്റവും നല്ലൊരു കസവുമണ്ടും വാങ്ങി….

വൈകുന്നേരം വീട്ടിലെത്തി പായസകൂട്ടിന്‍റെ പൊതി അമ്മക്ക് കൈമാറുമ്പോള്‍ മറ്റേ പൊതിയിലെന്താന്നുള്ള ചോദ്യത്തിന് മറുപടിയായി ഒന്നു കണ്ണിറുക്കി കാണിച്ച് ഞാന്‍ എന്‍റെ മുറിയിലേക്ക് പോയി

അന്ന് രാത്രി ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഏട്ടനോടൊരുമിച്ചുള്ള കുട്ടിക്കാലമായിരുന്നു മനസ്സില്‍….

എനിക്ക് വേണ്ടി എല്ലാം വിട്ടുതന്ന, എന്‍റെ വികൃതികളോരോന്നും നിശബ്ദമായി സഹിച്ച എന്‍റെ ഏട്ടനോടൊത്തുള്ള കുട്ടിക്കാലം….

പുലര്‍ച്ചെ എണീറ്റു കുളിച്ചു പ്രാര്‍ത്ഥിച്ചു തയ്യാറായിരുന്നു. ഏട്ടന്‍ എണീറ്റു കുളിച്ച് പൂജാമുറിയില്‍ കയറിയ സമയം ഞാന്‍ ആ വാതിലിനു മുന്നില്‍ കാത്തുനിന്നു… ഏട്ടന്‍ പുറത്തേക്കു വന്നു….

ഇരു കൈകളാല്‍ പിടിച്ച് ആദ്യമായി ഏട്ടനു വേണ്ടി ഞാന്‍ വാങ്ങിയ ആ സമ്മാനം ഞാന്‍ ഏട്ടന്‍റെ കൈകളിലേക്ക് വച്ചു കൊടുക്കുമ്പോള്‍ ആ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല….

നോക്കിയിരുന്നെങ്കില്‍ ആ കണ്ണുകളെന്നോട് പരിഭവം പറഞ്ഞേനെ” എന്തേ ഇത്ര നാള്‍ വൈകിയേ ” എന്ന്.

എങ്കിലും ഞാന്‍ കണ്ടു ഏറ്റുവാങ്ങും നേരം ആ കൈകള്‍ ചെറുതായൊന്ന് ഇടറിയത്.

സ്നേഹം നേടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് വലുതാണ് സ്നേഹം തിരിച്ചുകൊടുക്കുമ്പോഴുള്ള സന്തോഷമെന്ന് അന്നാദ്യമായി ഞാനറിഞ്ഞു.

അമ്മയുടെ നിറഞ്ഞു തുളുമ്പിയ രണ്ടു കണ്ണുകള്‍ എല്ലാത്തിനും സാക്ഷിയായി ദൂരെ ഉണ്ടായിരുന്നു.

ഏട്ടനാ കസവുമുണ്ടുമുടുത്ത് പുറത്തേക്ക് പോവുമ്പോള്‍ പതിവില്‍ കവിഞ്ഞ ആത്മവിശ്യാസം ആ നടത്തത്തിനുള്ളതു പോലെ തോന്നി…

ഞാനും അമ്മയും ഏട്ടന്‍ പോകുന്നതും നോക്കി കോലായില്‍ നിന്നു.

ചെയ്തത് നന്നായി എന്ന് അമ്മ പറഞ്ഞു … നിറ കണ്ണുകളോടെ അടുക്കളയിലേക്ക് പോവുന്നതിനു മുന്‍പ് അമ്മ ഒരു കാര്യം കൂടി പറഞ്ഞു അച്ചന്‍റെ സ്ഥാനമാണ് ഏട്ടനെന്നും, ഇനി ഒരിക്കലും അത് മറക്കരുതെന്നും..

ഈശ്യരാ … ഞാനെന്‍റെ ഏട്ടനെ സ്നേഹിക്കാന്‍ മറന്നു പോയോ. ..?..

ഇല്ല …ഇനിയും വൈകികൂടാ… സ്നേഹം നേടുന്നതിനൊപ്പം സ്നേഹം തിരിച്ചു കൊടുക്കാനും തുടങ്ങേണ്ടിയിരിക്കുന്നു

എന്‍റെ ഏട്ടനത് ആഗ്രഹിക്കുന്നുണ്ട്, പ്രതീക്ഷിക്കുന്നുണ്ട്, ആ വിറയാര്‍ന്ന കൈകള്‍ പറഞ്ഞത് അതാണ്…

ഇല്ല ഇനി വൈകികൂടാാാ…..എനിക്ക് മുന്നിലോടി എനിക്ക് തണലേകുന്ന ഏട്ടനെന്ന എന്‍റെ വൈക്കോല്‍ വണ്ടിക്കു മുകളില്‍ എനിക്കൊരു പന്തല്‍ കെട്ടണം…..

വരാന്‍ പോകുന്ന ജീവിതത്തിലെ കാറ്റിലും മഴയിലും വെയിലിലും നിന്ന് സംരക്ഷിക്കാന്‍ എന്‍റെ മനസ്സിലെ സ്നേഹം കൊണ്ടൊരു പന്തല്‍…

Leave a Reply

Your email address will not be published. Required fields are marked *