ആന്റി മിന്നി ഇപ്പൊ ഇട്ടോണ്ട് വരുന്ന മാല സ്വര്‍ണ്ണമാണോ, ഹരിത പെട്ടെന്ന് ചോദിച്ചു..

ഒരു റബർക്കുരുവിന്റെ കഥ
(രചന: Anish Francis)

കഴിഞ്ഞ ദിവസം ഞാന്‍ ഹരിതയെ കണ്ടു. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു സ്കൂളില്‍ കൂട്ട്. ഞാന്‍ , മിന്നി, ഹരിത. മൂന്നാം ക്ലാസ് വരെ ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്.

കൂട്ട്ന്നു വച്ചാല്‍ ..ഞങ്ങള്‍ക്കിടയില്‍ ഏറ്റവും അടുപ്പം ഞാനും ഹരിതയും തമ്മിലായിരുന്നു. അങ്ങിനെ പറയുന്നത് ശരിയാണോ എന്നറിയില്ല .

അല്ല. അത് ശരിയല്ല. മിന്നിയുമായി ഞങ്ങള്‍ക്കത്ര അടുപ്പമില്ലായിരുന്നു എന്ന് പറയുന്നതാണ് ശരി.

ഞാനും ഹരിതയും വെളുത്തിട്ടാണ്. കൂട്ടത്തില്‍ ഏറ്റവും സുന്ദരി ഹരിത തന്നെ.

ഹരിതയുടെ അച്ഛന്‍ ഗവ. സര്‍വീസില്‍, അമ്മ ഡോക്ടര്‍. അവളെപ്പോലെ വെള്ള മാരുതി കാറിലാണ് അവളെ സ്കൂളില്‍ കൊണ്ടുവന്നു വിടുന്നത്.

എന്റെ അച്ഛന്‍ റോഡ്‌ കോണ്ട്രാക്ടര്‍ ആണ്. അമ്മക്ക് ജോലിയൊന്നുമില്ല. പക്ഷേ ഞങ്ങള്‍ക്ക് രണ്ടു കാറുണ്ട്. ഒരു ബൈക്കും. പിന്നെ മൂന്നു വലിയ ലോറികളുമുണ്ട്.

എങ്കിലും എന്റെ അമ്മക്ക് ജോലിയില്ലല്ലോ.. എനിക്കന്നു ആ കാര്യത്തില്‍ അമ്മയോട് ദേഷ്യമുണ്ടായിരുന്നു.

“നമ്മുടെ അമ്മക്ക് എന്തെങ്കിലും ജോലിക്ക് പോയാലെന്താ അച്ഛാ?”

മൂന്നില്‍ പഠിക്കുമ്പോ ഞാനൊരു ദിവസം ഗൌരവത്തില്‍ അച്ചനോട് ചോദിച്ചു.

“പാങ്ങില്ലാത്ത ആണുങ്ങളാ കെട്ടിയോള്‍മാരെ ജോലിക്ക് വിടുന്നത്.”

പൊട്ടിച്ചിരിച്ചു കൊണ്ട് അച്ഛന്‍ വിശദീകരിച്ചു. അത് കേട്ടു
അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അതിന്റെ കാരണം അന്നെനിക്ക് മനസ്സിലായില്ല.

പക്ഷേ എന്ത് കൊണ്ടോ അന്ന് അമ്മ എന്നോട് പതിവിലേറെ വാത്സല്യം കാട്ടി.

പക്ഷേ മിന്നി…

മിന്നിയുടെ അമ്മക്ക് ജോലിയില്ല. അവളുടെ അച്ഛനും. അന്നത്തെ എന്റെ ലോജിക്കില്‍ ആ നിലക്ക് കൂട്ടത്തില്‍ ഏറ്റവും പൈസ അവള്‍ക്കായിരുന്നു ആവേണ്ടത് .

“എന്റെ വീടിനു രണ്ട് നില. നിന്റെം രണ്ടു നില. പക്ഷേ മിന്നിക്ക് വീടില്ല.” ഒരു ദിവസം ഹരിത എന്റെ ചെവിയില്‍ പറഞ്ഞു.

“വിടില്ലേ..?”

“ഇല്ല. പുറമ്പോക്കില്‍ ഒരു ചെറിയ ഷെഡ്‌ഡിലാ അവള് താമസിക്കുന്നെ. കഴിഞ്ഞ ദിവസം മമ്മിക്ക് അവരുടെ കോളനില്‍ ഏതാണ്ട് കുത്തിവയ്പ്പും പരിശോധനയും ഒക്കെ ഉണ്ടാരുന്നു. ഞാനും പോയാരുന്നു. അന്ന് കണ്ടതാ.”

“മിന്നി നിന്നെ കണ്ടോ ?”

“ഇല്ല. ഞാന്‍ ഹൈഡ് ചെയ്തു.”

“ഉം.”

ഒരു ദിവസം ഞങ്ങള്‍ മിന്നിയെ ചോദ്യം ചെയ്തു.

“എന്റെ അച്ഛന്‍ ബിസിനസ്. ഇവള്‍ടെ അച്ഛന്‍ ഓഫീസര്‍ .നിന്റെ അച്ഛനോ?” ഞാന്‍ മിന്നിയോട് ചോദിച്ചു.

“എന്റെ അച്ഛനും ബിസിനസ്.” ഉറച്ച സ്വരത്തില്‍ മിന്നി പറഞ്ഞു.

“എന്നിട്ട് നിന്റെ അച്ഛന്റെ വണ്ടി ഒക്കെ എവിടെ ?” ഹരിത ചോദ്യം ചെയ്തു.

“അച്ഛന് വണ്ടി ഇഷ്ടമല്ല.ആ പൈസായെല്ലാം ബാങ്കി ഇട്ടേക്കുവാ.” ഉടന്‍ മറുപടി വന്നു.

ആ മറുപടി എനിക്ക് തൃപ്തി നല്‍കിയെങ്കിലും ഹരിതക്ക് സംശയം മാറിയില്ല.

“എത്ര പൈസാ ഉണ്ട് നിന്റെ അച്ഛന്റെ ബാങ്കില്‍..” ഹരിത ചോദിച്ചു.

“എത്രയോ ലക്ഷം രൂപാ..ആ ബാങ്കിലെ മൂന്നു മുറി നെറയെ അച്ഛന്റെ രൂപയാ.. അറിയാവോ ?”

കൈ രണ്ടും വിടര്‍ത്തി ബാങ്കിലെ മുറികളുടെ വലിപ്പം കാട്ടിയപ്പോള്‍ ഹരിതയുടെ നാവടഞ്ഞു. പക്ഷേ മിന്നി പോയപ്പോള്‍ ഹരിത എന്നെ കണ്ണടച്ച് കാണിച്ചു. എന്നിട്ട് പറഞ്ഞു..

“ഓ ചുമ്മാ പുളുവാടി..”

“അതെന്താ..ചെലപ്പോ ശരിയായിരിക്കും.”

“ഓ പിന്നെ ..മൂന്നു മുറിയില്‍ രൂപാ അടുക്കിവച്ചിട്ടാണോ അവളെന്നും ചാക്കരിച്ചോറും തേങ്ങാച്ചമ്മന്തിയും കൊണ്ടുവരുന്നെ ..” ഹരിത ചോദിച്ചു.

അത് ശരിയാണല്ലോ. ഞാന്‍ ആലോചിച്ചു.

എനിക്ക് മിക്കവാറും രണ്ടു കറി കാണും. പച്ച മീന്‍ വറുത്തത് ,മുട്ട പൊരിച്ചത്.. തോരന്‍..സാമ്പാര്‍.. ..ഹരിതയ്ക്കും അത് പോലെയായിരിക്കും. പക്ഷേ മിന്നിക്ക് എന്നും തേങ്ങാച്ചമ്മന്തിയാണ്.

“ചെലപ്പൊ അവടെ അച്ചന്‍ പിശുക്കനായിരിക്കും.” ഞാന്‍ പറഞ്ഞു.

“ഓ,പിന്നെ…” ഹരിത ചിറികോട്ടി.

ഒരിക്കല്‍ ഒരു പുതിയ മലയാളം ടീച്ചര്‍ ക്ലാസില്‍ വന്നു. എല്ലാവരുടെയും പേര് ചോദിച്ചു. മിന്നി അവളുടെ പേര് പറഞ്ഞപ്പോ ടീച്ചര്‍ പറഞ്ഞു.

‘നല്ല പേര്. പിന്നെ മിന്നി ന്നു വച്ചാല്‍ അര്‍ത്ഥം നല്ല തിളക്കമുള്ളത് , സൗന്ദര്യമുള്ളത് എന്നൊക്കെയാ..”

അത് കേട്ടു ഹരിത എന്നെ തോണ്ടി. ഞങ്ങള്‍ അടക്കിച്ചിരിച്ചു. മിന്നി ക റു ത്തിട്ടാണ്. ഒരു ഷേയ്പ്പുമില്ലാത്ത മുഖം. എനിക്കവളെ കാണുമ്പോള്‍ ഉണങ്ങിയ റബര്‍ക്കുരു ഓര്‍മ്മ വരും.

ഒരു ദിവസം ഹരിത ക്ലാസില്‍ വന്നയുടനെ എന്നെ വിളിച്ചുകൊണ്ട് ഒരു മൂലയ്ക്കല്‍ പോയി.

‘നീ ഇതാരോടും പറയരുത്.”

“ഇല്ല.”

“പ്രോമിസ്?’”

“എന്താ കാര്യം പറ..’

“പ്രോമിസ് ഇട്..കാരണം മമ്മിയാ എന്നോട് പറഞ്ഞെ..വേറെ ആരോടും പറയരുത് എന്ന് പ്രോമിസ് ചെയ്യിച്ചാ വിട്ടത്…”

“പ്രോമിസ്. ഞാനാരോടും പറയത്തില്ല.”

“മിന്നി രണ്ടു ദിവസമായി ക്ലാസില്‍ വന്നില്ലല്ലോ…”

‘ഇല്ല. വല്ല അസുഖവുമായിരിക്കും ആ കൊച്ചിന്.”

“ആ അസുഖമാ..ആ കൊച്ചിനല്ല.. കൊച്ചിന്റെ അച്ഛന്…”

“ഉയ്യോ ..”..

“ഉം..അവള്‍ടെ അച്ഛനെ അമ്മേടെ ആശുപത്രിയില്‍ കൊണ്ടുവന്നാരുന്നു. പിന്നെ മെഡിക്കല്‍ കോളെജിലോട്ട് കൊണ്ടുപോയി.”

“അയ്യോ..”

‘അവള്‍ടെ അച്ഛന്‍ ഒത്തിരി കള്ള് കുടിച്ചു കരള്‍ എല്ലാം കേടായെന്നാ മമ്മി പറഞ്ഞെ..”

“ശ്ശൊ..”

“അവളന്ന് പറഞ്ഞത് മുഴുവന്‍ പുളുവാ..ബാങ്കില്‍ കാശ് കൂട്ടി വയ്ക്കുന്നുവെന്ന്…അവള്‍ടെ അമ്മയാ ജോലിക്ക് പോകുന്നത്..”

അവള്‍ടെ അമ്മ ജോലിക്ക് പോകുന്നത് നല്ല കാര്യമായി എനിക്ക് തോന്നി. ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് ഞാന്‍ അമിതമായി ബഹുമാനം കൊടുത്തിരുന്നു.

ഹരിതയുടെ അമ്മ ജോലിക്ക് പോകുന്നു. ഇപ്പോഴിതാ മിന്നിയുടെ അമ്മയും ജോലിക്കാരിയാണ്.

“അത് വല്യ കാര്യമില്ല. അവള്‍ടെ അമ്മക്ക് തയ്യലാ..’”

ഹരിത വീണ്ടും ചിറികോട്ടി പറഞ്ഞു. ഞാന്‍ കൂടുതല്‍ തര്‍ക്കിക്കാനൊന്നും പോയില്ല.

ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മിന്നി ക്ലാസില്‍ വന്നു. അവള്‍ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. എങ്കിലും ഞങ്ങളെ കണ്ടപ്പോള്‍ അവളുടെ മുഖം പ്രകാശിച്ചു.

അന്ന് ക്ലാസില്‍നിന്ന് ബോള്‍ഗാട്ടി പാലസും ആതിരപ്പള്ളി വെള്ളച്ചാട്ടവും ഒക്കെ കാണാന്‍ ടൂറിനു പോകാന്‍ തീരുമാനിച്ച ദിവസമായിരുന്നു. മിന്നി മാത്രം ടൂറിനു പേര് കൊടുത്തില്ല.

“നീ എവിടാരുന്നു.” ഹരിത അവളെ ചോദ്യം ചെയ്തു.

‘അതോ..ഞാനും അച്ഛനും അമ്മേം കൂടി ഒരു ടൂറിനു പോയെക്കുവാരുന്നു. അതല്ലേ ഞാന്‍ ടൂറിനു പേര് കൊടുക്കാഞെ. ഇനി ഒടനെ ടൂറിനു പോകാന്‍ അമ്മ സമ്മതിക്കുകേല..”

എനിക്കവളോട് അസൂയ തോന്നി. ഞാനും അച്ഛനും അമ്മയും കൂടി ഒരു ടൂറിനു പോയിട്ട് ഒരുപാട് നാളായി. അച്ഛന് അമ്മയേം കൂട്ടി അങ്ങനെ പോകുന്നതൊന്നും ഇഷ്ടമല്ല.

“അത് ശരി..നിങ്ങള്‍ എവിടെയാ പോയത് ?

“ബ്ലാക്ക് തണ്ടറില്‍..”

ബ്ലാക്ക് തണ്ടര്‍ എന്ന് കേട്ടിട്ടള്ളത് മാത്രമേ ഉള്ളായിരുന്നുത്കൊണ്ട് ഹരിതക്ക് അതിനെക്കുറച്ചു കൂടുതല്‍ ചോദിയ്ക്കാന്‍ കഴിഞ്ഞില്ല.

“എന്നിട്ട് അവിടെ എന്തൊക്കെ കണ്ടു..?”ഞാന്‍ ചോദിച്ചു.

“അവിടെ മുഴുവന്‍ വെള്ളത്തികൂടെ പോകുന്ന ഊഞ്ഞാലുകളാ..പിന്നെ ഞങ്ങള്‍ ഒരുപാട് ഐസ്ക്രീം തിന്നു. പിന്നെ ബിരിയാണി തിന്നു.”

“ആഹാ.. എങ്ങനാ പോയത് ടൂറിസ്റ്റ് ബസ്സിനോ ?”

“ഇല്ല. ഞാനും അച്ഛനും അമ്മയും മാത്രം.. അച്ഛന്റെ ബൈക്കില്‍..”

ഞാന്‍ അപ്പോള്‍ അച്ഛനും അമ്മയും കൂടി അഛന്റെ കൂടെ ബൈക്കില്‍ പോകുന്നത് ആലോചിച്ചു. അത് ഉടനെ ഒന്നും നടക്കുകയില്ലെന്ന് എനിക്ക് തോന്നി.

രണ്ടു പേരും കൂടെ എന്നും വഴക്കാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അച്ഛന്‍ പാത്രം എറിഞ്ഞു പൊട്ടിക്കും. ചിലപ്പോള്‍ അമ്മയെ അടിക്കുക കൂടി ചെയ്യും.

“ചുമ്മാ പുളുവാടി..അവള്‍ക്ക് വരാന്‍ പൈസയില്ല. അതാ..” മിന്നി പോയപ്പോള്‍ ഹരിത പറഞ്ഞു.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മിന്നി ഒരു സ്വര്‍ണ്ണമാലയിട്ടു കൊണ്ട് ക്ലാസില്‍ വന്നു . നിറയെ വിലകൂടിയ കല്ലൊക്കെ പിടിപ്പിച്ച മാല. അവള്‍ എല്ലാരെയും കൊണ്ട് നടന്നു കാണിക്കുകയാണ്.

“ആ കൊച്ചിന് അത് ചേരുന്നില്ല.. ക റു ത്തവരു ഒത്തിരി തിളങ്ങുന്നയിട്ടാല്‍ കറുപ്പ് എടുത്തു കാണിക്കും..”

ഹരിത അഭിപ്രായപ്പെട്ടു. പക്ഷേ ആ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ ഒതുങ്ങി. എങ്കിലും ആ മാലയുടെ തിളക്കം ഹരിതയെ വല്ലാതെ ആകര്‍ഷിച്ചു.

“ഇത് സ്വര്‍ണ്ണമാണോ ?” ഹരിത മാലയില്‍പിടിച്ചു പരിശോധിച്ച് കൊണ്ട് ചോദിച്ചു.

“ആം.”

“എത്ര പവന്‍?”

“ രണ്ടര പവന്‍. ഇതിലെ കല്ലൊക്കെ പേള്‍സാ..ഭയങ്കര വിലയാ..”

അസൂയ കൊണ്ട് ഞാനും ഹരിതയും ബോധം കെടുമെന്നു എനിക്ക് തോന്നി.

“ഇതാര് വാങ്ങിത്തന്നതാ..?” ഹരിത ചോദിച്ചു.

“അമ്മ.”

“ആഹാ..നിന്റെ അമ്മേടെ കയ്യില്‍ ഒത്തിരി പൈസ ഉണ്ടോ..?”ഞാന്‍ ചോദിച്ചു.

“എന്റെ അച്ഛന്റെ പൈസായൊക്കെ അമ്മേടേമാ..” മിന്നി പറഞ്ഞു.

എനിക്ക് വീണ്ടും സങ്കടം വന്നു. എന്റെ വീട്ടില്‍ അച്ഛന്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് പൈസയൊക്കെ മുറിയിലെ അലമാരയില്‍ വച്ച് പൂട്ടുക എന്നുള്ളതാണ്.

അച്ഛനും അമ്മേം വേറെ വേറെ മുറിയിലാ കിടക്കുന്നത്. അച്ഛന്റെ മുറിയിലോട്ട് അമ്മ കേറത്തു പോലുമില്ല. അച്ഛന്‍ പോകുമ്പോള്‍ പൂട്ടി താക്കോലുമായാ പോകുന്നത്.

പിറ്റേ ദിവസം ഹരിത വന്നയുടനെ എന്നെയും കൂട്ടി കൈ കഴുകുന്ന ടാപ്പിന്റെ അരികിലോട്ട് കൊണ്ട് പോയി.

ക്ലാസില്‍ വച്ച് പോലും സംസാരിക്കാന്‍ കഴിയാത്ത ഗൌരവമായ പ്രശ്നമാണെങ്കിലാണ് ടാപ്പിന്റെ അരികിലുള്ള നെല്ലിമരത്തിന്റെ ചുവട്ടില്‍ വച്ച് ഞങ്ങള്‍ രഹസ്യമായി മിണ്ടുന്നത്.

“ടീ..അത് പ്രശ്നമാണ്…”

“എന്ത് ?”

“ആ മാല..മിന്നിടെ..”

“എന്ത് പ്രശ്നം ?”

“ഞാനിന്നലെ മമ്മിയോടു പറഞു..”

“എന്നിട്ട് ?”

“മമ്മി പറയുന്നത്..മിന്നിടെ വീട്ടില്‍ അത്ര പൈസയൊന്നും ഉണ്ടാവില്ല..അവള്‍ടെ മമ്മി തയ്യല്‍ അല്ലെ…എന്നൊക്കെ..”

“അത് ശരിയാണല്ലോ…അപ്പൊ..?”

“എനിക്ക് തോന്നുന്നത്..” അത്രയും പറഞ്ഞിട്ട് ഹരിത ചുറ്റിനും കണ്ണോടിച്ചു..

“എനിക്ക് തോന്നുന്നത് മിന്നി ആ മാല എവിടുന്നേലും കട്ടതാരിക്കുംന്നാ ..” ഹരിത ചെവിയില്‍ പറഞ്ഞു.

“ഉയ്യോ…അവള്‍ അങ്ങിനെ ചെയ്യുമോ “

അസാമാന്യ ധൈര്യം വേണ്ട പ്രവര്‍ത്തിയാണ് മോഷണം എന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.

“ആരിക്കും. അവള് കട്ടതാരിക്കും. അല്ലേല്‍ എങ്ങിനാ ഇത്രയും വില പിടിച്ച മാല..”

ഞങ്ങള്‍ രണ്ടു പേരും നിശബ്ദരായി. ക്ലാസ് ടീച്ചര്‍ സൂസി മിസ്സിനോട് ഇതിനെക്കുറിച്ച്‌ പറയുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചുവെങ്കിലും പിന്നെ വേണ്ടെന്നു വച്ചു.

സൂസി മിസ്സ് ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് വടി എടുക്കുന്ന കൂട്ടത്തിലാണ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഡാകിനിയെ പോലിരിക്കുന്ന സൂസി മിസ്സിനെ ഭയങ്കര പേടിയുമാണ്.

പക്ഷേ ഞങ്ങളെ അലട്ടുന്ന പ്രശ്നത്തിനു പരിഹാരം കാണാന്‍ ഉടന്‍ തന്നെ അവസരം ഒത്തുവന്നു.

രണ്ടു ദിവസം കഴിഞാരുന്നു പേരന്റ്സ്‌ ടീച്ചേഴ്സ് മീറ്റിംഗ്. മിന്നിയുടെ അമ്മയും വന്നിരുന്നു.

വില കുറഞ്ഞ വോയില്‍ സാരിയുടുത്ത , നീണ്ടു മെലിഞ്ഞ സ്ത്രീ. ഏതോ തുണിക്കടയിലെ കവറില്‍ പൊതിഞ്ഞ നീണ്ട കുടയും പിടിച്ചു പേടിച്ചരണ്ട മട്ടില്‍ അവര്‍ ഹാളിന്റെ പുറകില്‍ പതുങ്ങി. അവര്‍ ഒരു ഉണങ്ങി മെലിഞ്ഞ റബ്ബര്‍ മരത്തെ ഓര്‍മ്മിപ്പിച്ചു.

മീറ്റിംഗ് കഴിഞ്ഞ് മിന്നിയുടെ അമ്മ അധികം നേരം സ്കൂളില്‍ നിന്നില്ല. ബാക്കി മാതാപിതാക്കള്‍ പരസ്പരം മിണ്ടിയും പറഞ്ഞുമൊക്കെ നിന്നപ്പോള്‍ മിന്നിയുടെ അമ്മ ക്ലാസ് ടീച്ചറിനെ കണ്ടതിനുശേഷം പോകാന്‍ തുടങ്ങുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു.

അവര്‍ സ്കൂള്‍ ഗ്രൌണ്ട് മുറിച്ചു കടന്നു ബസ്സ്റ്റൊപ്പിലെക്ക് ധൃതിയില്‍ നടക്കുകയാണ്. ഉടനെ ഹരിത എന്നെയും കൂട്ടി മിന്നിയുടെ അമ്മയുടെ പുറകെ ഓടി.

സ്കൂള്‍ ഗേറ്റിന്റെ സമീപത്തു വച്ച് ഞങ്ങള്‍ മിന്നിയുടെ അമ്മയുടെ അടുത്ത് ഓടിയെത്തി.

“ആന്റി..” ഹരിത ഉറക്കെ വിളിച്ചു.

അവര്‍ തിരിഞ്ഞു നോക്കി.

“ഞങ്ങള്‍ മിന്നിടെ ക്ലാസ് മേറ്റ്സാ..”

അത് കേട്ടപ്പോള്‍ മിന്നിയുടെ അമ്മയുടെ മുഖം വിടര്‍ന്നു.

“ആണോ…എന്താ മക്കടെ പേര്..” അവര്‍ ചോദിച്ചു.

ഹരിത ധൃതിയില്‍ പേര് പറഞ്ഞു.

“ഇന്നെന്താ ആന്റി മിന്നി വരാഞ്ഞത് ?” ഞാന്‍ തിരക്കി.

“അവള്‍ക്ക് നല്ല സുഖമില്ല മോളെ..”

“ആന്റി..മിന്നി ഇപ്പൊ ഇട്ടോണ്ട് വരുന്ന മാല സ്വര്‍ണ്ണമാണോ?”ഹരിത പെട്ടെന്ന് ചോദിച്ചു.

അവര്‍ അത് കേട്ട് അമ്പരന്നു. ഞാനും. ഹരിത അങ്ങിനെ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

‘ഉവ്വ്..” അവരുടെ ഒച്ചയടഞ്ഞത് പോലെ തോന്നി.

“ആന്റി മേടിച്ചു കൊടുത്തതാണോ ?” ഹരിതക്ക് ചോദിയ്ക്കാന്‍ ഒരു മടിയുമില്ല.

ആ ചോദ്യം കേട്ടു മിന്നിയുടെ അമ്മ ഒന്ന് പിടഞ്ഞതു പോലെ തോന്നി. ഒരു വല്ലാത്ത ഭാവം ആ മുഖത്ത് പ്രത്യക്ഷപെട്ടു.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ മുഖഭാവം മറന്നില്ല. ആ മനസ്സിലൂടെ എന്താണ് അപ്പോള്‍ കടന്നു പോയതെന്ന് പിന്നീട് എത്രയോ വട്ടം ഞാന്‍ ചിന്തിച്ചിരിക്കുന്നു.

“അതെ..ഞാന്‍ മേടിച്ചു കൊടുത്തതാ..” മിന്നിയുടെ അമ്മ പറഞ്ഞു.

ഹരിതയുടെ മുഖം നിരാശപൂര്‍ണ്ണമായി. എങ്കിലും പിന്നീട് ഹരിത വിജയിക്കുക തന്നെ ചെയ്തു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മിന്നിയുടെ മാല വെളുത്തു. അതിന്റെ തിളക്കം നഷ്ടപ്പെട്ടു.

“..ഇന്നാളു ഇട്ടു കൊണ്ടുവന്ന സ്വര്‍ണ്ണമാല ഭയങ്കര വിലപിടിച്ചതായത് കൊണ്ട് അമ്മ വാങ്ങി അലമാരയില്‍ പൂട്ടി വച്ചു. ഇത് അതിന്റെ ഡ്യൂപ്ലിക്കറ്റാ.. അതാ വെളുത്തെ..”ഹരിത ചോദ്യം ചെയ്തപ്പോള്‍ മിന്നി വിശദീകരിച്ചു.

“മൊത്തം പുളുവാ..” ഹരിത സ്ഥിരം പറയുന്നത് പോലെ ആവര്‍ത്തിച്ചു.. പക്ഷേ അവളുടെ പറച്ചിലില്‍ ഇത്തവണ പഴയ ആവേശമൊന്നുമില്ലായിരുന്നു.

എങ്കിലും മിന്നിയുടെ വിശദീകരണം എനിക്ക് വളരെ തൃപ്തികരമായിരുന്നു. മാത്രമല്ല ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ സന്തോഷിക്കുകയും ചെയ്തു.

മിന്നി എന്തെങ്കിലും പറഞ്ഞു പിടിച്ചു നിന്നാല്‍ മതിയായിരുന്നു എന്ന് ഞാന്‍ ഉള്ളില്‍ ആഗ്രഹിച്ചിരുന്നു.

അതെല്ലാം നടന്നത് മൂന്നാം ക്ലാസില്‍ വച്ചായിരുന്നു.ആ വലിയവധിക്ക് മിന്നിയുടെ അച്ഛന്‍ മരിച്ചു.അവള്‍ പിന്നെ ഞങളുടെ സ്കൂളില്‍ വന്നില്ല.

ഞാനും ഹരിതയും പിന്നെയും ഒരു കൊല്ലം കൂടെ ഒരുമിച്ചു പഠിച്ചു.
അധികം താമസിയാതെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ഞാന്‍ അമ്മയുടെകൂടെയായി ജീവിതം. വര്‍ഷങ്ങള്‍ എത്ര വേഗം പോയി.

എങ്കിലും ഇടയ്ക്കിടെ ഹരിതയെ കാണാറുണ്ടായിരുന്നു. ഇപ്പോഴും ജീവിതത്തിലെ വലിയ രഹസ്യങ്ങള്‍ അവള്‍ എന്നോട് പങ്കു വയ്ക്കും.എനിക്ക് പറയാനും മാത്രം വലിയ രഹസ്യങ്ങള്‍ ഒന്നുമില്ലായിരുന്നു.

അച്ഛനും അമ്മയും വേറെ വേറെ ആയതോടെ തന്നെ ജീവിതത്തില്‍ ഒരു വലിയ നിഴല്‍ വീണത്‌ പോലെയായി.

എങ്കിലും പഠിക്കുന്ന സ്ഥലത്തും ,പിന്നെ ജോലി കിട്ടിയപ്പോഴും ഞാന്‍ സ്വയം മിന്നിയായി. അവളുടെ പുളു ഞാന്‍ എന്നോട് തന്നെ പറയും. ചിലപ്പോള്‍ വ്യാജമായ ഒരു ചിരി മുഖത്ത് ഒട്ടിച്ചുവയ്ക്കും.

ജീവിതം മരുഭൂമിയാണെങ്കിലും നടക്കുന്നത് പൂന്തോട്ടത്തിലൂടെയെന്ന മട്ടില്‍ ഞാന്‍ ജീവിച്ചു. കരയാന്‍ മുട്ടുമ്പോള്‍ മിന്നിയുടെ മുഖം മനസ്സില്‍ തെളിയും.അവളുടെ ആത്മവിശ്വാസം തിളങ്ങുന്ന ചിരി മനസ്സില്‍ വിടരും.

ഹരിത പക്ഷേ ജീവിതത്തിലും ഒന്നാമതായിത്തുടര്‍ന്നു. അവള്‍ മെഡിസിനു ചേര്‍ന്നു. ഡോക്ടറായി. കൂടെ ജോലി ചെയ്യുന്ന ഒരു ഡോക്ടറോട് അവള്‍ക്കിഷ്ടം തോന്നി.

അത് അയാളോട് തുറന്നു പറയാന്‍ ഞാന്‍ അവളെ പ്രേരിപ്പിച്ചു. അവളതു പറഞ്ഞോ ഇല്ലയോ എന്ന് ഞാന്‍ ചോദിച്ചില്ല. കുറച്ചു നാള്‍ ഹരിതയുടെ യാതൊരു വിവരവുമില്ലായിരുന്നു. ഇന്നലെ അവള്‍ എന്നെ കാണാന്‍ വന്നിരുന്നു.

വീടിനരികിലെ തോട്ടത്തിലൂടെ ഞങ്ങള്‍ നടന്നു. അവള്‍ നിശബ്ദയായിരുന്നു. കടുത്ത ദു:ഖം കൊണ്ട് വിങ്ങുന്ന മുഖം .അവള്‍ പറയാതെ തന്നെ എനിക്ക് ഏകദേശം കാര്യങ്ങള്‍ എനിക്ക് മനസ്സിലായി.

“അയാള്‍ക്ക് ഒരു ലവ് ഉണ്ടെടി..” ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ഹരിത പറഞ്ഞു.

“സാരമില്ല. ലൈഫ് ആയാല്‍ അങ്ങിനെയൊക്കെ ഉണ്ടാവും. നീ അത് വിട്.” ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

പെട്ടെന്ന് ഹരിത നടത്തം നിര്‍ത്തി. എന്നിട്ട് എന്റെ ചുമലില്‍ പിടച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

“ആരാ ലവര്‍ എന്ന് നിനക്കറിയാമോ..ആ ഫെയിക്ക്.. മിന്നി..പണ്ട് നമ്മുടെ കൂടെ പഠിച്ച ആ കറുത്ത കൊച്ചു..” അവള്‍ പറഞ്ഞു.

പെട്ടെന്ന് ഞാന്‍ നിര്‍വികാരതയും സന്തോഷത്തിനുമിടയിലുള്ള തുരുത്തില്‍ അഭയം തേടി. എന്റെ മുഖഭാവം അവള്‍ കാണാതിരിക്കാന്‍ ഞാന്‍ ഒരു നിമിഷം ശിരസ്സു താഴ്ത്തി. അപ്പോഴാണ്‌ ഞാനത് കണ്ടത്.

എന്റെ കാല്‍വിരലുകള്‍ക്കിടയില്‍ തങ്ങിക്കിടക്കുന്ന ഒരു റബ്ബര്‍ക്കുരു . ഒരു ഉണങ്ങിയ റബ്ബര്‍ കുരു. പക്ഷേ കുറച്ചു നാള്‍ വെയിലേറ്റു കിടന്നത് കൊണ്ടാവാം അതിനു നല്ല മിനുസം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *