മറ്റൊരുവന്റെ നെഞ്ചിൽ കിടന്നെനിക്ക് നിന്നെ സ്വപ്നം കാണാൻ വയ്യ, എന്നിൽ..

(രചന: Syam Varkala)

“നിന്റെ മുടിയാകെ നരച്ചു,..”

എന്നിൽ‌ അവളുടെ പഴയ ചിത്രം മാറ്റി വരയ്ക്കപ്പെടാതിരിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു,..

“മനസ്സിലെ നര പടർന്നതാ.. നീ മാത്രം നരയ്ക്കാതുണ്ട് മനസ്സിൽ…. നിന്നിൽ ഞാനോ??? അവൾ ചിരിയെ പാതി വിടർത്തിച്ചോദിച്ചു.

അവൾ എന്റെ വാക്കനക്കത്തിനായ് ചെവിയൊരുക്കി മധുരമായതെന്തോ എനിക്കായ് അവൻ വാക്കുകളിൽ നിറയ്ക്കുന്നുണ്ടോ..!??

“നരച്ചു മണ്ണടിഞ്ഞു, അതാ സത്യം…
നിന്നേക്കാൾ അഗാധമായ് മറ്റൊരുവൾ എന്നിൽ തറഞ്ഞു കയറി, ..മാഞ്ഞു പോയി…”

നിരാശയുടെ മുനമ്പിൽ നിന്നു കൊണ്ട് വേദന മുറ്റിയ വാക്കുകൾ പതിയെ ഉരുവിട്ടതിനു‌‌ ശേഷമാണ്
അവൾക്കീ വാക്കുകൾ കൂരമ്പായ് തറച്ചിട്ടുണ്ടാകുമെന്ന് അവൻ ഓർത്തത്…

അവൾ കണ്ണടച്ച് അയഞ്ഞൊരു
ചിരിയെ ഞെരിച്ചുടച്ചു.,…

“ഞാനൊരു പരാജയപ്പെട്ട കാമുകിയാണ്, …നിന്നിൽ ഞാനെന്നെ തുന്നി വയ്ച്ചത് നീ അറിഞ്ഞതേയില്ല,

കാലപ്പഴക്കത്താൽ
തുന്നലുകൾ പൊട്ടി നിന്നിൽ നിന്ന്
അഴിഞ്ഞൂർന്ന് വീണ് മണ്ണോട് ചേർന്ന കുപ്പായമാണ് ഞാൻ…ഒന്നും‌ നിന്റെ തെറ്റല്ല, … എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ തെറ്റാണ്, !”

അവളാകെ പൊള്ളിയടരുന്നുണ്ടെന്ന് വാക്കുകളിൽ വ്യക്തമാണ്,. എന്റെ വാടിക്കൊഴിഞ്ഞ ആദ്യാനുരാഗപ്പൂവാണവൾ,

എന്റെ പ്രണയതീർത്ഥം വീണ് വീണ്ടും വിടരാൻ മോഹിക്കുന്നവൾ..

“നീണ്ടൊരു യാത്രയിലായിരുന്നു ഞാൻ,
നമ്മൾ മുൻപ് സഞ്ചരിച്ച വഴികളിലൊക്കെ ഒറ്റയ്ക്ക് നടക്കാനൊരു മോഹം തോന്നി,.. നിനക്കോർമ്മയില്ലേ നമ്മൾ താജ്മഹൽ കാണാൻ പോയത്,

നിന്റെ വിരൽ കോർത്ത് അവിടമാകെ ചുറ്റിയത്, അന്നെനിക്ക് നീയല്ലാതെ മറ്റൊരു വിസ്മയവും ചുറ്റിലുമുണ്ടായിരുന്നില്ല.. ഇന്നുമതേ…”

അവൾ മുഖത്തു വീണ മുടിയിഴകളെ ഒതുക്കിപ്പറഞ്ഞു.

ഒരു മാറ്റവുമില്ലാതെയിതാ അവൾ !
എനിക്ക് വല്ലാത്ത അലിവ് തോന്നി അവളോട്., കൈകുമ്പിളിൽ ആ മുഖം കോരി ഒരിറക്കൊന്നു നുകരാൻ കൊതിച്ചു… പാവമാണവൾ… ഇന്നും..

“എന്താണിപ്പോൾ വീണ്ടും… എന്നെ തേടി…?…ഓർമ്മയില്ലേ ഇനി തമ്മിൽ കാഴ്ച്ച വേണ്ടെന്ന് പറഞ്ഞകന്നത്…!..
എന്തിനായിരുന്നു , കാരണമൊന്നുമില്ലാതെ അന്നാ ബ്രേക്കപ്പ്..?…”

അവൾ എന്നെ നോക്കി , പ്രതീക്ഷിച്ച ചോദ്യമതാ ഉത്തരത്തിനായ് കാത്തു നിൽക്കുന്നു.

“സത്യത്തിൽ, അതെനിക്ക് പറ്റിയ അബദ്ധമാണ്, ഒന്നായ് തീർന്നാൽ ഇല്ലാതാകുമോ പ്രണയമെന്ന ഭയം…

മാര്യേജ് എന്ന വിലങിനോടുള്ള പുച്ഛം,
എനിക്ക് തീവ്രമായൊരു പ്രണയാനുഭവം വേണമായിരുന്നു, നീ അതെനിക്ക് തന്നു,…

അതിങനെ മനസ്സിലിട്ട് ഒറ്റയ്ക്ക് മരണം വരെ കഴിയാൻ മോഹിച്ചു, വിചിത്രമാണത്…

നിന്നോടുള്ള പ്രണയത്തെക്കാൾ
ഞാനാ ഏകാന്തത ആസ്വദിച്ചു, നീകൂടെയില്ലാത്ത എന്റെ ഓരോ നിമിഷങളേയും, ആ വിരഹ വേദനയുടെ കിക്കിൽ പാറി നടന്നു ഞാൻ..!..

വൈകിയല്ല, പറ്റിയില്ല… ചിറകു തളർന്നു,..
നിന്നിലേയ്ക്ക് പറന്നിറങാൻ മോഹിച്ചു. വൈകിപ്പോയി., നിനക്കൊപ്പം മറ്റൊരുവൾ ഹൃദയമുരുമ്മി നടക്കുന്നത് മറഞ്ഞിരുന്നു ഞാൻ കണ്ടു,

മിഴി നിറച്ചു….മണ്ടിയാണ്, ഞാൻ.. ല്ലേ… വെറും….

അവളുടെ ശബ്ദം നേർത്ത് വിറ കൊണ്ടു.

“എനിക്കു നിന്നെ മനസ്സിലാകുന്നില്ല ധ്വനീ…നീയകന്നപ്പോഴുള്ള ,
നീ മാത്രം നിറഞ്ഞ എന്നെ തിരുത്താൻ ഞാൻ എത്ര വേദന തിന്നുവെന്ന് നിനക്കറിയോ..?…വേണ്ട..ഒന്നും പറയണ്ട…. പറയാതിരിക്കാം..”

ഞാൻ പാതിയിൽ നിർത്തി.

“നിന്നെ ഞാൻ ചതിക്കുകയായിരുന്നു,
എന്റെ സ്വാർത്ഥതക്ക് വേണ്ടി…
ഇഷ്ട്ടങൾക്ക് വേണ്ടി….മാപ്പ്…
നീ ചോദിച്ചില്ലേ എന്തിനാ വീണ്ടും വന്നതെന്ന്…..

ഉത്തരം ഒന്നേയുള്ളൂ…. ഇടമുണ്ടോന്നറിയണം, ഉണ്ടെങ്കിൽ നിന്നിൽ കൂടണം മരണം വരെ…”

നിന്റെ പ്രാണനായിരുന്നവളുടെ അകാലവിയോഗമറിഞ്ഞ് വന്നവളാണ് ഞാൻ, നിന്നെ സ്വന്തമാക്കാൻ….
ദുഷ്ട്ടയാണ് ഞാൻ….അറിയാം..!”

എനിക്ക് വല്ലാതെ ദേഷ്യം വന്നു,

” അതെ, ..ഡെവിൾ‌…അതിലും കൂടുതൽ പ്രയോഗങളുണ്ടെങ്കിൽ അതെല്ലാമാണ് നീ..!

എന്റെ പ്രാണനായിരുന്നവൾ എന്ന് നീ പറഞ്ഞില്ലേ, ശരിയാണ് പൊലിഞ്ഞത് എന്റെ പ്രാണനാണ്, ഈ പ്രാണനില്ലാത്ത ഉടലിനു മറ്റൊരുടലിൽ, മനസ്സിൽ ജീവിതമില്ല, ആനന്ദമില്ല….

എന്നിൽ നിന്നും നീ കവർന്നെടുത്ത് കടന്നു കളഞ്ഞ പ്രണയത്തെ വീണ്ടും
സ്നേഹം തന്ന് ജ്വലിപ്പിച്ചവളാണവൾ…
അവൾക്കുൾക്കുള്ള ഇടമേ ഇനിയെന്നിലുള്ളൂ….. അവൾ കൂടെയില്ലെങ്കിലും..

എന്റെ വാക്കുകളിലെ ദേഷ്യവും, വേദനയും അവളെ വല്ലാതെ അസ്വസ്ഥയാക്കി…

അവൾ എഴുന്നേറ്റു…

“നീ ക്ഷമിക്ക്…ഞാൻ…ഞാനിങെനെ…!
ഞാൻ പോട്ടെ…യാത്രകൾ ഇനിയും ബാക്കി… യാത്രയെന്നത് പറയാനും, ചോദിക്കാനും ആസ്വദിക്കാനുമുള്ളതാണ്… തിരികെ വരാതിരിക്കാനുള്ളതും…‌”

അവൾ നടക്കാൻ തുടങി…

“നീ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്ക്, ഒറ്റയ്ക്കിങനെയുള്ള യാത്രയുടെ മടുപ്പിനെ ഒഴിവാക്ക്..”

എനിക്കാകെ നോവ് പടർന്നു കയറി…
അവളെ ഞാൻ വല്ലാതെ വേദനിപ്പിച്ചു.

അവൾ തിരിഞ്ഞ് എന്നെ
നോക്കി ചിരിച്ചു..

“മറ്റൊരുവന്റെ നെഞ്ചിൽ
കിടന്നെനിക്ക് നിന്നെ സ്വപ്നം കാണാൻ വയ്യ, എന്നിൽ നിന്നോടുള്ള പ്രണയമെന്നും വിശുദ്ധിയോടിരിക്കട്ടെ…”

അവൾ നടന്നകന്നു,
എനിക്കവളെയോർത്ത്
അഭിമാനം തോന്നി..

അവളുടെ കാമുകനായിരുന്നതിൽ
അഹങ്കാരം തോന്നി. പത്തരമാറ്റ് പ്രണയം പേറുന്നവൾ.. പ്രണയം പോലും നമിക്കും നിന്നെ…

“കാമുകീ … ഞാനിതാ എന്റെ ഹൃദയം കൂപ്പുകൈയ്യാക്കുന്നു…… “

Leave a Reply

Your email address will not be published.