അച്ഛനാണ് കൈപിടിക്കുന്നത്‌ എന്ന് കരുതി കുട്ടി കൂടെപോയിട്ടുണ്ടാവും, എന്നിട്ട് ഇനി..

മകളുടെ മണം
(രചന: Anish Francis)

ഒരു ഉച്ചനേരത്താണ് ആ വൃദ്ധന്‍ എന്റെ വീട്ടിലെത്തുന്നത്.

വലിയ ഗേറ്റിന്റെ മുന്‍പില്‍ അയാള്‍ പരുങ്ങിനില്‍ക്കുന്നത് സ്വീകരണമുറിയിലെ സി. സി. ടി. വിയില്‍ ഞാന്‍ കണ്ടു.

ബിസിനസ്സിന്റെ നിയന്ത്രണം മോനും മോള്‍ക്കും വിട്ടുകൊടുത്തതിനു ശേഷം എന്റെ ഏറ്റവും വലിയ വിനോദം ഇതാണ്. സി. സി. ടി. വി ദ്രശ്യങ്ങള്‍ കാണുക.

എന്റെ വീട് ,വിവിധ നഗരങ്ങളിലെ ഹോട്ടല്‍ സമുച്ചയങ്ങള്‍ ,രണ്ടു ഫാക്ടറികള്‍ ,ഇവയിലൊക്കെ നടക്കുന്ന കാര്യങ്ങള്‍ സ്വീകരണമുറിയിലെ വലിയ സി. സി. ടി . വിയിലൂടെ ഞാന്‍ കണ്ടു കൊണ്ടിരുന്നു.

അല്ല ആ കാഴ്ചകളിലൂടെ ഞാന്‍ ജീവിച്ചു. വല്ലാത്ത ഒരു പവര്‍ അതെനിക്ക് നല്‍കി.

ഒരു ജീവനക്കാരന്‍ ജോലി സമയത്ത് ഉറങ്ങുന്നത്,വെയിറ്റര്‍ ആഹാരം കട്ടെടുത്തു കഴിക്കുന്നത്‌ ,ആളുകള്‍ ഭക്ഷണം കഴിച്ചിട്ട് കാശ് കൊടുക്കാതെ രക്ഷപെടുന്നത് ,കാഷ്യര്‍ കാശ് മോഷ്ടിക്കുന്നത്….

ഇത്തരം കാഴ്ചകള്‍ എന്നെ രോഷാകുലനാക്കുന്നതിന് പകരം രസിപ്പിക്കുകയാണ് ചെയ്തത്.

ഞാന്‍ ഈ പവര്‍ ഇത്രയേറെ ആസ്വദിക്കുന്നുണ്ടെങ്കില്‍ ദൈവം എത്രമാത്രം ആസ്വദിക്കുന്നുണ്ടാകും. ദൈവം അദൃശ്യനായി തുടരുന്നതിന്റെ കാരണം ഏറെക്കുറെ എനിക്ക് മനസ്സിലായി.

കാണാമറയത്ത് ഉള്ള മുതലാളിയെ എന്റെ ജോലിക്കാര്‍ വല്ലാതെ ഭയപെടുന്നു.

ഞാന്‍ സെക്യൂരിറ്റിയോട് ആ വൃദ്ധനെ എന്റെ അടുത്തേക്ക് പറഞ്ഞു വിടാന്‍ നിര്‍ദ്ദേശിച്ചു.

“അതൊരു പിച്ചക്കാരനാണ് .’ സെക്യൂരിറ്റി പറഞ്ഞു.

“കുല്‍വിന്ദര്‍ നീ എന്റെ പിച്ചക്കാരനാണ്. ഞാന്‍ മറ്റുപലരുടെയും. ഓരോരുത്തരും ആരുടെയെങ്കിലും ദാനത്തിലാണ് ജീവിക്കുന്നത്.”

ഞാന്‍ സെക്യൂരിറ്റിയോട് വയര്‍ലസ് സെറ്റിലൂടെ സംസാരിച്ചു.

ഉടന്‍ തന്നെ ഓട്ടോമാറ്റിക്ക് ഗേറ്റ് രണ്ടു വശത്തേക്ക് അകന്നുമാറി. അമ്പരന്നുനിന്ന വൃദ്ധനെ കുല്‍വിന്ദര്‍ പുറത്തിറങ്ങി ചെന്ന് അകത്തേക്ക് കടത്തിവിട്ടു.

അയാള്‍ വടി കുത്തി വീടിന്റെ മുന്നിലേക്ക് മെല്ലെ നടന്നു വരുമ്പോള്‍ ,ഞാന്‍ കുല്‍വിന്ദറിനോട് പറഞ്ഞ വാചകം ഓര്‍ക്കുകയായിരുന്നു. അതെന്നെ രസിപ്പിച്ചു.

ഇപ്പോള്‍ ബിസിനസ് എല്ലാം മതിയാക്കി ചുമ്മാ വീട്ടില്‍ രണ്ടു പെഗ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ,എന്റെ മനസ്സില്‍ വരുന്ന ഫിലോസഫി ചിന്തകള്‍ എന്നെ തന്നെ ചിലപ്പോള്‍ അമ്പരപ്പിക്കുന്നു.

ഇഷ്ടമുള്ളത് നേടാന്‍ പായുന്നതല്ല ജീവിതം. ഇഷ്ടം പോലെ സമയം വിശ്രമിച്ചു ,സ്വീകരണമുറിയിലെ പതുപതുതത്ത സോഫാ സെറ്റില്‍ അബ്സൊല്യൂട്ടു വോഡ്‌ക കഴിച്ചു ,

ലോകത്തെയും ,പ്രപഞ്ചത്തെയും കുറിച്ച് ഫിലോസഫിക്കലായി ആലോചിക്കുന്നത് കൂടിയാണ് ജീവിതം .ചിലപ്പോള്‍ ഞാനൊരു പുസ്തകം എഴുതാന്‍ സാധ്യതയുണ്ട്.

ആ വൃദ്ധന്‍ മുറ്റത്തു വന്നപ്പോള്‍ ഞാന്‍ ഇറങ്ങിച്ചെന്നു. മകളും ഭര്‍ത്താവും മുകളിലെ നിലയിലുണ്ട്. ഇന്ന് അവളുടെ പിറന്നാളാണ്. അവളെക്കൊണ്ട് ഇയാള്‍ക്ക് ഭക്ഷണം കൊടുക്കണം. അന്നദാനം മഹാദാനം.

മുറ്റത്തെ പുല്‍ത്തകിടിയില്‍ അല്‍ഫോന്‍സാ മാവിന്റെ പടര്‍ന്ന തണലില്‍, ഒരു ചൂരല്‍ കസേരയില്‍ ഞാനിരുന്നു.

ടീപോയിയില്‍ വിസ് കിയും ഗ്ലാസും ഇരിപ്പുണ്ടായിരുന്നു. ഞാന്‍ അയാളെ അരികിലേക്ക് വിളിച്ചു.

എന്നേക്കാള്‍ കുറച്ചു കൂടി പ്രായം തോന്നി അയാള്‍ക്ക്. നീണ്ടതാടി . ജടപിടിച്ച മുടി. കാഷായ വസ്ത്രം. എന്നാല്‍ സാധാരണ പിച്ചക്കാരില്‍നിന്ന് വ്യതസ്തമായി എന്തോ ഒന്ന് അയാളില്‍ ഉള്ളത് പോലെ എനിക്ക് തോന്നി.

“എവിടെ നിന്ന് വരുന്നു ?” ഞാന്‍ അയാളോട് ചോദിച്ചു.

മ ദ്യം നുണഞ്ഞു കൊണ്ടാണ് ഞാനത് ചോദിച്ചത്. അപ്പോള്‍ വേറൊരു ചിന്ത മനസ്സില്‍ വന്നു. ഇയാള്‍ എങ്ങനെ പിച്ചക്കാരനായി എന്ന് കൂടി അന്വേഷിക്കണം.

വലിയ ഒരു ജീവിതമായിരിക്കും തന്റെ മുന്‍പിലിരിക്കുന്നത് .

ഉടനെ അയാള്‍ ആംഗ്യം കാണിച്ചു.
അയാള്‍ക്ക് സംസാരിക്കാൻ കഴിവില്ല.

ഞാന്‍ ഉടനെ ഫോണെടുത്തു കുല്‍വിന്ദറിനെ വിളിച്ചു വരാന്‍ പറഞ്ഞു.. പിന്നെ മകളോട് ഈ ഭിക്ഷക്കാരന് ഭക്ഷണം കൊടുക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കുവാനും ഞാന്‍ കുല്‍വിന്ദറിനോട് പറഞ്ഞു.

കുല്‍വിന്ദര്‍ വന്നു.

“എടൊ ഇയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. തനിക്ക് സൈന്‍ ലാംഗ്വേജ് അറിയില്ലേ ?”ഞാന്‍ ചോദിച്ചു.

കുല്‍വിന്ദര്‍ എന്നെ അമ്പരന്നു നോക്കി. എപ്പോഴും ഈ മുതലാളി എങ്ങനെ അമ്പരപ്പിക്കുന്നു എന്നായിരിക്കും അവന്‍ ആലോചിക്കുന്നത്.

എന്റെ കീഴില്‍ ജോലിക്ക് വരുന്ന എല്ലാവരുടെയും ബയോഡേറ്റ ഞാന്‍ വായിച്ചു നോക്കുന്ന കാര്യം അവനറിയില്ലല്ലോ .

അവന്റെ അനിയന്‍ ഊമയാണ് എന്നും അവനു സൈന്‍ ലാഗ്വെജ് അറിയാം എന്നും ഞാന്‍ മനസിലാക്കിയിരുന്നു.

അവന്‍ നുണ പറയുകയാണെങ്കില്‍ നാളെ അവനെ പിരിച്ചു വിടാനും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
ഇന്നല്ല. നാളെ. കാരണം ഇന്ന് മകളുടെ പിറന്നാള്‍ ദിവസമാണ്.

“അറിയാം സര്‍.”

അവന്‍ ബുദ്ധിമാനാണ്. സത്യം പറഞ്ഞു. അവന്റെ നോട്ടം വിസ്ക്കി കുപ്പിയില്‍ പാളി വീഴുന്നത് ഞാന്‍ കണ്ടു.

“ഇയാളുടെ കഥ നന്നായി മനസ്സിലാക്കി തന്നാല്‍ നിനക്ക് രണ്ടു പെഗ് തരാം.”

ഞാന്‍ പറഞ്ഞു. കുല്‍വിന്ദര്‍ എന്റെ ഭിക്ഷയില്‍ വീണു.

അവന്‍ തിരിഞ്ഞു വൃദ്ധനോട് ,ആംഗ്യം കാണിക്കുന്നതും അയാള്‍ മറുപടിയായി ആംഗ്യം കാണിക്കുന്നതും ഞാന്‍ കണ്ടു.

ഓരോ ചോദ്യത്തിനൊപ്പം സെക്യൂരിറ്റിയുടെ മുഖത്തെ ഭാവം മാറുന്നത് ഞാന്‍ വിസ്ക്കി കുടിക്കുന്നതിനിടയില്‍ ശ്രദ്ധിച്ചു. ആശ്ചര്യം ,ദു:ഖം,രോഷം,അത്ഭുതം എല്ലാം അവന്റെ മുഖത്ത് മാറി വന്നു.

എല്ലാം കഴിഞ്ഞു കുല്‍വിന്ദര്‍ എന്റെ നേരെ തിരിഞ്ഞു.

“അയാള്‍ കാശിക്കു പോവുകയാണ്.”

“അയാള്‍ എങ്ങിനെ പിച്ചക്കാരനായി?.” എനിക്ക് അറിയേണ്ടത് അതാണ്‌.

“അയാള്‍ക്ക് ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ കണ്ണിനു ഒരു അസുഖം വന്നു കാഴ്ച നഷ്ടപ്പെട്ടു..

കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി തിരികെ ബസ്സില്‍ വരുന്ന വഴി ഇയാള്‍ ഉറങ്ങിപോയി. കുട്ടിയെ ആരോ കൊണ്ട് പോയി.”

ഒരു നിശബ്ദത ഞങ്ങളുടെയിടയില്‍ പടര്‍ന്നു. ഞാന്‍ ആ ഗ്ലാസ് ഒറ്റവലിക്ക് കാലിയാക്കി.

“ഇയാള്‍ മൂകനായതുകൊണ്ട് സംസാരിക്കാന്‍ കഴിയില്ലല്ലോ. കൊണ്ടുപോയയാള്‍ മിണ്ടിയില്ല. അച്ഛനാണ് കൈപിടിക്കുന്നത്‌ എന്ന് കരുതി കുട്ടി കൂടെപോയിട്ടുണ്ടാവും.”

“എന്നിട്ട്? ഇനി ആ കുട്ടിയെ കണ്ടാല്‍ അയാള്‍ തിരിച്ചറിയുമോ ?എങ്ങനെ കണ്ടുപിടിക്കും ”

“ഇയാള്‍ അന്ന് മുതല്‍ ,ഒരു പത്തിരുപത്തിയഞ്ചു കൊല്ലമായി മകളെ തിരയുകയാണ്. അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല.

പക്ഷേ കുഞ്ഞിന്റെ ഗന്ധം ഇയാളുടെ ഉള്ളിലുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. അലഞ്ഞു നടക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും ആ ഗന്ധം ഉപയോഗിച്ച് മകളെ തിരിച്ചറിയാം എന്ന് അയാള്‍ പറയുന്നു.

ഇപ്പോള്‍ അയാള്‍ കാശിക്ക് പോവുകയാണ്. തട്ടിക്കൊണ്ടു പോകുന്ന കുട്ടികളെ അങ്ങിനെയുള്ള സ്ഥലത്ത് കൊണ്ട് പോവുമല്ലോ ഭിക്ഷാടനമാഫിയ.”

“ഉറപ്പാണോ ? അയാള്‍ക്ക് അത്ര കഴിവുണ്ടോ ? നിനക്കെന്തു തോന്നുന്നു ?”

“കണ്ടിട്ട് അയാള്‍ക്ക് ആ കഴിവുണ്ടെന്ന് തോന്നുന്നു. എന്റെ സഹോദരന്‍ ഊമയാണ്. അത് കൂടി വച്ച് കൊണ്ടാണ് ഞാന്‍ പറയുന്നത്.”

ഞങ്ങള്‍ സംസാരിക്കുന്നത് കണ്ടുകൊണ്ട് അയാള്‍ നിശബ്ദനായി മാവിന്‍ ചുവട്ടില്‍ കൂനിക്കൂടി നിന്നു.
ഞാന്‍ പോക്കറ്റില്‍ നിന്ന് ഒരു കുറിപ്പെടുത്ത്‌ ഒരു വലിയ തുക അതിലെഴുതി.

“ഇയാളെ ടൗണിലെ നമ്മുടെ ഓഫീസില്‍ എത്തിക്കണം. ഈ തുക അയാള്‍ക്ക് കൊടുപ്പിക്കാന്‍ മാനേജരോട്പറയണം. ഞാന്‍ അവിടെ വിളിച്ചു പറഞ്ഞേക്കാം.”

ഞാനെഴുതിയ തുകയുടെ വലിപ്പം കണ്ടു കുല്‍വിന്ദര്‍ ഞെട്ടിയെന്നു തോന്നുന്നു.

“ഇയാള്‍ ഭക്ഷണം കൊടുക്കുന്ന കാര്യം മേഡത്തിനോട് പറഞ്ഞിട്ടുണ്ട്..ഞാന്‍ മേഡത്തെ വിളിക്കട്ടെ..” കുല്‍വിന്ദര്‍ പറഞ്ഞു.

“വേണ്ട…അതൊന്നും വേണ്ട..ഇയാള്‍ക്ക് പണം അത്യാവശ്യമാണ്. വേഗം ഇയാളെ നഗരത്തിലെത്തിക്കൂ…” ഞാന്‍ നിര്‍ദ്ദേശിച്ചു.

ബാക്കി മ ദ്യം തീര്‍ത്തതിനു ശേഷം ഞാന്‍ വീട്ടിലേക്ക് തിരിച്ചു ചെന്നു. മകള്‍ തീന്‍ മുറിയില്‍ ഭക്ഷണം ഒരുക്കുകയാണ്.

“അയാള്‍ എവിടെ?” മകള്‍ ചോദിച്ചു..

“ആര് ?”

“ആ പിച്ചക്കാരന്‍..”

“അയാള്‍ പോയി.”

“എനിക്ക് തോന്നി… അച്ഛനെ എനിക്കറിയാവുന്നതല്ലേ…” അവള്‍ ഉടനെ പൊട്ടിച്ചിരിച്ചു. പിന്നെ ഭര്‍ത്താവിനോട് പറയുന്നത് കേട്ടു.

“ഈ അച്ഛന് ചെറുപ്പം മുതലേ ആരെങ്കിലും എന്നെ തട്ടിക്കൊണ്ട് പോകുമോന്നു പേടിയായിരുന്നു. പ്രായമായിട്ടും അത് മാറിയിട്ടില്ല.”

ഞാന്‍ അതിനു മറുപടി പറഞ്ഞില്ല.
ജനാലയഴികള്‍ക്കിടയിലൂടെ ആ വൃദ്ധന്‍ മറയുന്നത് ഭയത്തോടെ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍.

Leave a Reply

Your email address will not be published. Required fields are marked *