നമുക്ക് ഒളിച്ചോടാമെന്ന് പറഞ്ഞ് സ്വൈര്യം കെടുത്തിയവൾ മരണത്തിനൊപ്പം ഒളിച്ചോടി..

(രചന: Syam Varkala)

രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് വരുന്ന വഴിയായിരുന്നു ,..

ലക്ഷ്യത്തിലേയ്ക്ക് പായുകയായിരുന്ന
ഒരു ടിപ്പർ ലോറി അവന്റെ ജീവിതലക്ഷ്യത്തെ ചതച്ചരച്ചു കൊണ്ട്
നിർത്താതെ കടന്നു പോയി..

കണ്ടവർ നിലവിളിച്ചു, പലർക്കും അതിശയം അവൻ അത്ഭുതകരമായ്
രക്ഷപെട്ടതിലായിരുന്നു..!

നമുക്ക് ഒളിച്ചോടാമെന്ന് പറഞ്ഞ് സ്വൈര്യം കെടുത്തിയവൾ
മരണത്തിനൊപ്പം ഒളിച്ചോടി പോയതിനെയോർത്തായിരുന്നു
അവന്റെ അതിശയം..!!..എന്തിന്…!!??

ആശ്വസിപ്പിക്കാനായ് പലരും വച്ചു നീട്ടിയ വിധിയെന്ന ഗുളികയെ ശൂന്യതയോട് പൊരുത്തപ്പെടാനായ് അവനൊടുവിൽ‌
ആശ്രയിക്കേണ്ടി വ‌ന്നു.. മറ്റെന്താണ് പോം വഴി…

മരണമല്ലാതെ..!

വലതു കാൽ വച്ചൊരു പുതിയ ദീപം പടികടന്നു വരാനായ് അമ്മ ഉപദേശിച്ചതും ,മിഴിനിറച്ചതും
അവനെ സ്പർശിക്കാതെ പോയി..!

“അവളോളം തൊടില്ലമ്മേ മനസ്സിലൊന്നും..”…

എന്ന് മനസ്സ് പുലമ്പിക്കൊണ്ടേയിരുന്നു…!

ഒരിക്കൽ അമ്മ പറഞ്ഞു,

“നിനക്ക് നരവന്നു തുടങി, ഇനിയും സമയമുണ്ട്,..! ഞാൻ വയസ്സായി,
സമയവും തുച്ഛം..!

ജോലി കഴിഞ്ഞ് നീ വരുന്നതും കാത്തൊരുത്തി പടി വാതിൽക്കൽ നിൽക്കുന്നത് കണ്ടിട്ട് എനിക്ക് മരിക്കാൻ പറ്റ്വോ..!!???

അമ്മയ്ക്ക് വേണ്ടത്
അവന്റെ ഉത്തരങളാണ്,..!
അവനാണ് അമ്മയുടെ ചോദ്യവും..!

എന്നും രാവിലെ കൈകൾ
ഉയർത്തി കാട്ടി പാടത്തിലൂടെ ഓടി വരുന്ന അവനെ കാത്ത്
ബസ്സ് മുരണ്ട് കൊണ്ട് കിടക്കും…!

എല്ലാ രാത്രിയിലും വൈകി വരാറുള്ള
അതേ അവസാനത്തെ ബസ്സിന്റെ അവസാനത്തെ സ്റ്റോപ്പിലെ ഒരേയൊരു യാത്രക്കാരനാണവൻ…!

എന്നും എപ്പോഴും അവൻ അവസാനത്തേയ്ക്ക് മാറ്റി വയ്ക്കപ്പെട്ടിരുന്നു..! ഒതുങിക്കൂടിയിരുന്നു.!

പാടം മുറിച്ച് വീടണഞ്ഞ ഒരു രാത്രി
അവനെ ഒരിക്കൽ കൂടി അവസാനത്തേയ്ക്ക് തഴയപ്പെട്ടു,..
അമ്മ…

അവന്റെ ചിരിക്കായ്, നന്മയ്ക്കായ്
പ്രാർത്ഥനാ മന്ത്രങളയവിറക്കാറുള്ള,
അവനെയോർത്ത് മിഴി നിറച്ചും, മൂക്ക് പിഴിഞ്ഞും ആധി പിടിക്കാറുള്ള
അമ്മയും വീട്ടിലെ ഏകാന്തതയെ അവന് കൂട്ടിനിരുത്തി കടന്നു പോയി..

അവൻ കരഞ്ഞതേയില്ല, കരച്ചിൽ വന്നതേയില്ല… സ്വാന്തന വാക്കുകളെല്ലാം
പടിയിറങി തനിച്ചായപ്പോൾ അവൻ അടുക്കളയിലെത്തി കുറച്ചു
കാപ്പിയനത്താൻ തുടങി,..

ഗ്ലാസിലേയ്ക്ക് പകർന്ന് മൊത്താൻ തുടങവേ…

“മധുരം കുറച്ചൂടി വേണോ മോനേന്ന്’
അമ്മ ചോദിച്ച പോലെ….!

പെട്ടെന്ന് കാപ്പിയിൽ ഒരു തുള്ളി
ഉപ്പ് നീർ വീണു… ഒരേയൊരു തുള്ളി.. പിന്നൊരായിരം തുള്ളി…

ഭ്രാന്തു പിടിച്ച മിഴികൾ പെയ്തൊഴിയാൻ തുടങി.. അമ്മ വിരലുകൾ പതിഞ്ഞ പാത്രങളും, ഭരണികളുമെല്ലാം അവൻ അരുമയായ് തലോടി…

“ക്ഷമിക്കമ്മേ,.. കണ്ടില്ലെന്ന് നടിച്ച പലതിനുമൊപ്പം അമ്മയും പെട്ടുപോയതിന്…”

രാത്രിയെന്നും വൈകിവരുന്ന ബസ്സ്
അന്ന് നേരത്തേ വന്നു. ആരെയോ വേഗമെവിടെയോ എത്തിക്കാനുള്ള പോലെ..

പതിവിലേറെ അവൻ ഉന്മേഷവാനും,
സ്വസ്ഥനുമായിരുന്നു,… അവസാനത്തെ സ്റ്റോപ്പെത്തിയിട്ടും അവന് യാത്ര ചെയ്തു മതിയായിരുന്നില്ല,..

പതിവിലും നേരത്തേ സ്റ്റോപ്പിലെത്തിയ ബസ്സിനുള്ളിൽ, എന്നുമിറങാറുള്ള സമയമാകാൻ കാത്തിരിക്കുകയാകുമവൻ .. ഇളം കാറ്റ് അവനെ തഴുകി രസിപ്പിക്കുന്നുണ്ട്…

“ചേട്ടാ…സ്റ്റോപ്പെത്തി… ചേട്ടാാ… ചേട്ടാായ്.. ചേട്ടാ…ചേട്ടാാ”

“ഇതൊന്നുമറിയാതെ, അവനെ കാത്ത് സമയം നോക്കി കാത്തിരിക്കുന്നുണ്ടായിരുന്നു,..

വീട്.. അവൻ വരാതെ, ഒരു പിടി ചോറുണ്ണാതെ ഒരു നാളും ഉറങിയിട്ടേയില്ലാത്ത വീട്.!!

വരാനുള്ള സമയം കഴിഞ്ഞും അവനെ കാണാതാകുമ്പോൾ ആധിപിടിക്കുന്ന
വീടിനെ സമാധാനിപ്പിക്കാനാര്.?”

Leave a Reply

Your email address will not be published. Required fields are marked *