ആ സംഭവം നല്‍കിയ ഭയം ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ ബാധിച്ചു..

സർവ്വ ഭയങ്ങളും അവസാനിക്കുന്ന രാത്രി
(രചന: Anish Francis)

“നിങ്ങള്‍ കുറച്ചു നേരമായി എന്നെ ശ്രദ്ധിക്കുന്നു, എന്തെങ്കിലും പറയാനുണ്ടോ ?”

വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി മടിയില്‍ വച്ചതിനുശേഷം ആ സ്ത്രീ രൂക്ഷമായി എന്നെ നോക്കി ചോദിച്ചു.

ട്രെയിന്‍ എറണാകുളം നോര്‍ത്തിലെത്തിയതിന്റെ അറിയിപ്പ് മുഴങ്ങി. ഒപ്പം ഒരു ചാറ്റല്‍മഴയും.
അവരുടെ ചോദ്യം എന്നെ വല്ലാതെ ഇളിഭ്യനാക്കി.

ഭാഗ്യത്തിനു ഞങ്ങളിരുന്ന കമ്പാര്‍ട്ട്മെന്റില്‍ മറ്റാരുമില്ലായിരുന്നു. അവരുടെ നോട്ടത്തില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി ഞാന്‍ വിന്‍ഡോ ഷട്ടര്‍ താഴ്ത്തിയിടാന്‍ നീങ്ങിയിരുന്നു.

“ഹേയ് മിസ്റ്റര്‍, നിങ്ങളോടാണ്‌ ചോദിക്കുന്നത്?” വീണ്ടും അവരുടെ കൂര്‍ത്ത ശബ്ദം.

അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ അവര്‍ നോവലില്‍ മുഴുകിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

നാല്പത്തിയഞ്ചു വയസ്സ് തോന്നിക്കും. ജീന്‍സും ചുവന്ന ടോപ്പുമാണ് ധരിച്ചിരിക്കുന്നത്‌. ഒരു എക്സിക്യൂട്ടിവ് ലുക്ക്.

“ഐയാം സോറി.. നിങ്ങള്‍.. നിങ്ങള്‍ വായിക്കുന്ന നോവല്‍..” ഞാന്‍ വിക്കി.

“അതെ. ഇതൊരു നോവലാണ്‌. അതിന് ..?”

“ആ നോവല്‍ എഴുതിയത് ഞാനാണ്.” ഞാന്‍ മെല്ലെ പറഞ്ഞു. അപ്പോഴേക്കും എന്റെ മുഖം വിയര്‍പ്പില്‍ മുങ്ങി.

അവര്‍ അവിശ്വസനീയതോടെ എന്നെ ഒന്ന് നോക്കി. പിന്നെ നോവലിലെ പുറം കവര്‍ മറിച്ചു നോക്കി. എന്റെ ഫോട്ടോയും കുറിപ്പും കണ്ടപ്പോള്‍ അവര്‍ ശരിക്കും ഞെട്ടി.

“അയ്യോ! ഐ ആം സോറി!!!!.” അവര്‍ അമ്പരപ്പോടെ പറഞ്ഞു.

“ഹേയ്, എന്റെ കുഴപ്പമാ.. ആളുകളോടു അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല ഞാന്‍.. സത്യം പറഞ്ഞാല്‍ ആദ്യമായാണ് ഒരാള്‍ എന്റെ നോവല്‍ വായിക്കുന്നത് ഞാന്‍ നേരിട്ട് കാണുന്നത്.

കണ്ടപ്പോള്‍ ഒരു ചെറിയ ടെന്‍ഷന്‍.. എങ്ങിനെ ഉണ്ടെന്നു അറിയാനുള്ള ഒരു ആകാംഷ..” ഞാന്‍ വിക്കി വിക്കി പറഞ്ഞു.

അവര്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു. പിന്നെ മെല്ലെ പറഞ്ഞു.

“മുപ്പത്തിരണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ ആദ്യമായി വായിക്കുന്ന നോവലാണിത്. സത്യം പറഞ്ഞാല്‍ ഞാന്‍ കരയുകയായിരുന്നു ഉള്ളില്‍. വായന നഷ്ടപ്പെട്ട വര്‍ഷങ്ങളോര്‍ത്ത്..

എനിക്ക് ഭയങ്കര ഇഷ്ടമായി ഈ നോവല്‍… ഇത് പെട്ടെന്ന് വായിച്ചു തീരാതിരിക്കാന്‍ പതുക്കെയാണ് വായിക്കുന്നത്..”

അവരുടെ പേര് റോഷ്നി എന്നാണ്. ബാംഗ്ലൂരില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ പ്രോജക്റ്റ് ഹെഡായി ജോലി ചെയ്യുകയാണ്. തിരുവല്ലയിലാണ് അവരുടെ വീട്.

അവിവാഹിത. ഇടയ്ക്കിടെ അമ്മയെ കാണാനായി അവര്‍ തിരുവല്ലക്ക് വരും. അങ്ങിനെയൊരു യാത്രയാണിത്.

“ഇത്ര വര്‍ഷം പുസ്തകങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണമെന്താണ് ?” ഞാന്‍ ചോദിച്ചു.

അത്രയും നേരം ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരുന്ന റോഷ്നി പെട്ടെന്ന് നിശബ്ദയായി.

“അതിന്റെ കാരണം … അത് മുഴുവന്‍ പറഞ്ഞാല്‍.. പ്രശ്നമാകും.” അവര്‍ പറഞ്ഞു.

“സാരമില്ല. തിരുവല്ലയെത്താന്‍ ഇനിയും സമയമുണ്ട്.” ഞാന്‍ പ്രോത്സാഹിപ്പിച്ചു.

“ഞാന്‍ പറയാം. പക്ഷേ നിങ്ങളിത് പുറത്തു പറയാന്‍ പാടില്ല. എഴുതാനും പാടില്ല.” റോഷ്നി പറഞ്ഞു.

“അത്രക്ക് പ്രശ്നമാണെങ്കില്‍ പറയണ്ട. കാരണം ഞാന്‍ കേള്‍ക്കുന്ന കഥകള്‍ പലപ്പോഴും എഴുത്തിനെ സ്വാധിനിക്കും.” ഞാന്‍ എന്റെ ബലഹീനത തുറന്നു പറഞ്ഞു.

അവര്‍ കുറച്ചു നേരം ആലോചിച്ചു.

“ഞാനിത് വരെ അതിനെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ നിങ്ങളോട് തുറന്നു പറയാന്‍ എനിക്ക് തോന്നുന്നു.

അല്ലെങ്കില്‍ ഈ വലിയ ഇടവേളയ്ക്ക് ശേഷം ആദ്യമായി വായിക്കുന്ന എഴുത്തുകാരനെ അവിചാരിതമായി കണ്ടുമുട്ടില്ല എന്ന് മനസ്സ് പറയുന്നു.” .

“ശരിയാണ്. അതൊരു നിമിത്തമാവാം.” ഞാന്‍ പറഞ്ഞു.

“സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ നന്നായി വായിക്കുമായിരുന്നു.

പള്ളിവക സ്കൂളില്‍ നല്ല ഒരു ലൈബ്രറിയും ഉണ്ടായിരുന്നു. ഗവ. കോളേജില്‍നിന്ന് വിരമിച്ച ഒരു വൃദ്ധനായിരുന്നു ലൈബ്രേറിയന്‍.

പുതിയതായി വരുന്ന പുസ്തകങ്ങള്‍ അയാള്‍ എനിക്ക് മാറ്റിവയ്ക്കുമായിരുന്നു. ഒരു ദിവസം അയാള്‍ ഒരു ചെറിയ ഇംഗ്ലീഷ് പുസ്തകം എനിക്ക് വേണ്ടി മാറ്റിവച്ചു.

സ്റ്റോക്കില്‍ എന്റര്‍ ചെയ്യാത്ത പുസ്തകമാണ്, അത് കൊണ്ട് മറ്റു കുട്ടികള്‍ ഇല്ലാത്ത തിരക്ക് കുറഞ്ഞ സമയത്തു വേണം തിരിച്ചു കൊണ്ടുവരാന്‍ എന്ന് അയാള്‍ പ്രത്യേകം പറഞ്ഞു.

എ റോ ട്ടി ക്ക് കവിതകളുടെ ഒരു സമാഹാരമായിരുന്നു അത്.

ചില ഭാഗങ്ങള്‍ അതില്‍ പ്രത്യേകം അടിവരയിട്ടു വച്ചിരുന്നു. അത് വായിച്ചു ഞാന്‍ ചൂളി പോയി. പിറ്റേന്ന് തന്നെ ഞാനാ പുസ്തകവുമായി അയാളുടെ അടുത്തു ചെന്നു.

ഒരു ജൂണിലെ ആ നശിച്ച ദിവസം ഞാനൊരിക്കലും മറക്കില്ല. ഷെല്‍ഫുകള്‍ക്കിടയിലെ ഇരുളില്‍വച്ച് ..” റോഷ്നി ഒരു നിമിഷം നിര്‍ത്തി.

“എനിക്ക് മനസ്സിലാകും.” ഞാന്‍ പറഞ്ഞു.

“ഇല്ല. ആര്‍ക്കും മനസ്സിലാകില്ല.” റോഷ്നിയുടെ മുഖഭാവം പെട്ടെന്നാണ് മാറിയത്. അവരുടെ കണ്ണില്‍ ഭൂതകാലത്തെ ഇരുട്ട് കയറിവന്നു.

“ആരോടെങ്കിലും അതെക്കുറിച്ച് പറഞ്ഞോ ?” ഞാന്‍ ചോദിച്ചു.

“നിങ്ങള്‍ ഒരു എഴുത്തുകാരനല്ലേ. പ്ലീസ് ഇമാജിന്‍. അറപ്പ് തോന്നിക്കുന്ന അട്ടകള്‍ നിറഞ്ഞ കുഴിയില്‍ രാത്രിയും പകലും കഴിയുന്നത്‌ ആലോചിക്കൂ…

അത്തരം ഒരു അവസ്ഥയിലായിരുന്നു ഞാന്‍. ആരോടും ഒന്നും പറയാനുള്ള ധൈര്യമൊ സാഹചര്യമോ എനിക്കുണ്ടായിരുന്നില്ല.”

“എന്നിട്ട് ?”

“അന്ന് മുതല്‍ ഞാന്‍ ലൈബ്രറിയില്‍ പോകുന്നത് നിര്‍ത്തി. പുസ്തകങ്ങള്‍ വല്ലാതെ വെറുത്തു.

ആ വര്‍ഷം തോറ്റ് പോയി. ആറുമാസത്തോളം ഞാന്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞു. പിന്നെ എങ്ങിനെയൊ ജീവിതത്തിലേക്ക് തിരിച്ചു വന്നു.. മെല്ലെ മെല്ലെ..”

റോഷ്നിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“എല്ലാ ദിവസവും കിടക്കാന്‍ നേരം ഞാനാ മനുഷ്യനെ ഓര്‍ക്കും. അയാളെ വീണ്ടും കണ്ടുമുട്ടുന്നത്.. അയാള്‍ എന്നിലേല്‍പ്പിച്ച ആഘാതത്തിനു അയാളോട് പകരം തോന്നിക്കുന്നത്..

അതോര്‍ക്കുമ്പോള്‍ എനിക്ക് ആശ്വാസം തോന്നും. എന്റെ ദിവസങ്ങള്‍ തുടങ്ങുന്നത് അയാളോട് പ്രതികാരം ചെയ്തുകൊണ്ടായിരുന്നു. എല്ലാ ദിവസവും വെളുപ്പിനെ അഞ്ചു മണിക്ക് ഞാന്‍ എഴുന്നേല്‍ക്കും.

കട്ടിലില്‍ അരമണിക്കൂര്‍ ഞാന്‍ നിശബ്ദയായി ഇരിക്കും. എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആ ലൈബ്രറി ദിവസം ഓര്‍മ്മവരും. ഒരു സിനിമ പോലെ അത് ഞാന്‍ പ്ലേ ചെയ്യും.

ഓരോ ദിവസവും എന്റെ ഭാവനയില്‍ ഓരോ രീതിയില്‍ അയാളെ ഞാന്‍ കൊല്ലും. അത് നല്‍കുന്ന ഊര്‍ജ്ജത്തിലായിരുന്നു ഞാന്‍ ദിവസം തുടങ്ങിയിരുന്നത്.”

ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുറത്തു മഴ കനത്തിരുന്നു. വിന്‍ഡോ ഗ്ലാസിലൂടെ ആകാശത്ത് ഇടിവാള്‍ മിന്നുന്നത് ഞാന്‍ കണ്ടു.

എനിക്ക് രോഷ്നിയുടെ മുഖത്തു നോക്കാന്‍ പേടി തോന്നി.

“എപ്പോഴെങ്കിലും… അയാളെ.. അയാളെ കണ്ടിട്ടുണ്ടോ ?” ഞാന്‍ ചോദിച്ചു.

“കണ്ടു. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഒരു രാത്രി ട്രെയിന്‍ യാത്രയില്‍ വച്ച്. മുപ്പത്തി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അയാളെ ഒറ്റനോട്ടം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു.

കാരണം എന്റെ ദിവസങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും അയാളുടെ ഓര്‍മ്മയിലായിരുന്നല്ലോ.

പക്ഷേ .. അയാള്‍ക്ക് ഞാന്‍ ഏതാനും നിമിഷങ്ങളുടെ ഓര്‍മ്മ മാത്രമായിരുന്നല്ലോ. അയാള്‍ക്ക് എന്നെ മനസ്സിലായില്ല.”

“എന്നിട്ട് ?”

“ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ ഭയം പൂര്‍ണമായും വിട്ടുമാറിയിരുന്നില്ല. അയാളെ കണ്ട നിമിഷം എന്റെ ശരീരമാകെ മരവിച്ചു. ഉമിനീര്‍ വറ്റി.

അയാള്‍ എന്തൊക്കെയോ ചോദിച്ചു. എനിക്ക് ശരിക്കും മറുപടി പറയാന്‍ പോലും കഴിഞ്ഞില്ല. വെളുപ്പാന്‍ കാലത്ത് ദു:സ്വപ്നം കണ്ടു ഞെട്ടിയുണരില്ലേ? എന്ന് പറഞ്ഞപോലത്തെ അനുഭവം.

ഞാന്‍ ശരിക്കും തോറ്റുപോയി. അത്രയും നാളത്തെ തീവ്രമായ പ്രതികാരമോഹം നല്‍കിയ ധൈര്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

ഉള്ളിന്റെ ഉള്ളിലെ എട്ടാം ക്ലാസുകാരി പെണ്ണ് നിലവിളിച്ചു. അവിടെനിന്നു വേഗം രക്ഷപെടൂ.. രക്ഷപെടൂ.. എന്ന് മനസ്സ് അലറിക്കരഞ്ഞു”

“അയാളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ ?”

“അയാള്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ അയാളുടെ കഥ പറഞ്ഞു. അയാളുടെ ഭാര്യ കാന്‍സര്‍ വന്നു മരിച്ചതും മക്കള്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതിന്ശേഷം അയാളെ വീട്ടില്‍നിന്നും പുറത്താക്കിയതും…

ഒടുവില്‍ അയാള്‍ എന്നോട് സഹായമായി കാശ് എന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചു.”

“വെയിറ്റ്.. നിങ്ങളാ കാശ് കൊടുത്തു അല്ലെ ?” ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

അവര്‍ ഒരു നിമിഷം നിശബ്ദയായി. പിന്നെ ശിരസ്സ് കുനിച്ചു.

“അതെ.” അവര്‍ മെല്ലെ പറഞ്ഞു.

“എനിക്ക് അയാളുടെ മുന്നില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. അതുകൊണ്ട് ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്തിയയുടന്‍ ഞാന്‍ ചാടിയിറങ്ങി.”

“എന്നിട്ട് ?”

“പ്ലാറ്റ്ഫോമില്‍ ഇറങ്ങി നടന്നു തുടങ്ങിയതും വല്ലാത്ത ഒരു നിരാശ എന്നെ ആക്രമിച്ചു. ഇനി ഒരിക്കലും ചിലപ്പോള്‍ അയാളെ കാണാന്‍ എനിക്ക് കഴിഞ്ഞെന്നു വരില്ലയെന്നും,

ഏതാനും നിമിഷത്തെ സുഖത്തിനു വേണ്ടി എന്റെ ശരീരത്തെ അയാള്‍ ആക്രമിച്ചത് എന്റെ ജീവിതം എത്രമാത്രം തകര്‍ത്തുവെന്നും അയാള്‍ക്ക് ഒരു അറിവുമില്ലായെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

എനിക്ക് പ്രണയിക്കാന്‍ കഴിഞ്ഞില്ല. വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. ആ സംഭവം നല്‍കിയ ഭയം ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ ബാധിച്ചു.

എന്നിട്ടും അയാളെ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ അധ്വാനിച്ചതില്‍നിന്നുണ്ടാക്കിയ കാശ് അയാള്‍ക്ക് നല്‍കി ഞാന്‍ അയാളില്‍ നിന്ന് രക്ഷപെട്ടു.

മരിക്കുന്നതുവരെ എനിക്ക് സമാധാനം ഉണ്ടാകില്ലെന്ന് എനിക്ക് തോന്നി. അപ്പോള്‍ ട്രെയിന്‍ സ്റ്റേഷന്‍ വീടുന്നതിന്റെ ഹോണ്‍ മുഴങ്ങി.

അയാളില്‍നിന്ന് രക്ഷപെടാന്‍ ധൃതിയില്‍ ട്രെയിനില്‍ നിന്നിറങ്ങുന്നതിനിടയില്‍ എന്റെ ഹാന്‍ഡ് ബാഗ് ട്രെയിനില്‍ വച്ച് മറന്നത് ഞാനപ്പോഴാണ് ഓര്‍ത്തത്.

ട്രെയിനിന്റെ വേഗം കൂടുകയാണ്. ഒന്നുമാലോചിച്ചില്ല. ഞാന്‍ വീണ്ടും ട്രെയിനില്‍ ചാടിക്കയറി.”

ഞാനൊന്ന് വീര്‍പ്പടക്കി. റോഷ്നീ തുടര്‍ന്നു.

“ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ കമ്പാര്‍ട്ട്മെന്റിലിരുന്നു പുകവലിക്കുകയായിരുന്നു. ഞാന്‍ അയാള്‍ അറിയാതെ മാറിനിന്ന് അയാളെ ശ്രദ്ധിച്ചു.

കുറച്ചു മാറി ഒരു വിന്‍ഡോയുടെ അരികില്‍ ഒറ്റക്കിരുന്നു പുസ്തകം വായിക്കുന്ന മറ്റൊരു യാത്രക്കാരിയെ ഒളികണ്ണിട്ടു നോക്കിയാണ് അയാള്‍ പുകവലിക്കുന്നത്.

അയാളുടെ കണ്ണില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ ആക്രമിച്ച ആ ചെകുത്താന്‍ ഒളിച്ചുനില്‍ക്കുന്നത് ഞാന്‍ വീണ്ടും കണ്ടു.

എല്ലാ ദിവസവും രാവിലെയും രാത്രിയും ഞാന്‍ തീറ്റ കൊടുത്തു വളര്‍ത്തിയ പക അതിന്റെ എല്ലാ ശക്തിയോടും കൂടെ എന്നില്‍ തിരികെവന്നു.”

ട്രെയിന്‍ തിരുവല്ലയെത്തി. റോഷ്നി എന്റെ നോവല്‍ ഹാന്‍ഡ് ബാഗില്‍ വച്ചു.

“ഇതിന്റെ ബാക്കി ഞാന്‍ പറയില്ല. നിങ്ങള്‍ ഒരു എഴുത്തുകാരനായതിനാല്‍ നിങ്ങള്‍ക്ക് കണ്ടെത്താനും ഊഹിക്കാനും കഴിയുമെന്നെനിക്കറിയാം. ഒന്ന് ഞാന്‍ പറയാം.

ആ രാത്രിയോടുകൂടെ പുസ്തകങ്ങളോട് ഉള്ള എന്റെ ഭയം അവസാനിച്ചു.

പുസ്തകങ്ങങ്ങളോട് ഉള്ള ഭയം മാത്രമല്ല ജീവിതത്തിലുണ്ടായിരുന്ന സര്‍വ ഭയങ്ങളും.” സ്റ്റേഷനില്‍ ഇറങ്ങുന്നതിനു മുന്‍പ് റോഷ്നി പറഞ്ഞു.

എങ്കിലും റോഷ്നി പറഞ്ഞ സൂചനകള്‍ വച്ച് ഞാന്‍ പഴയ പത്രങ്ങളിലും ഇന്റര്‍നെറ്റിലും തിരഞ്ഞു.

ട്രെയിനിലെ ഡോറില്‍ നിന്ന് തെന്നി വീണു മരിച്ച ഒരു വൃദ്ധന്റെ മരണവാര്‍ത്ത ഞാന്‍ കണ്ടെത്തി.

സര്‍ക്കാര്‍ കോളേജില്‍ നിന്നു ലൈബ്രേറിയനായി വിരമിച്ച വൃദ്ധന്റെ ശരീരം അപകടത്തില്‍ ചിന്നഭിന്നമായി പോയിരുന്നു. വാര്‍ത്താക്കുറിപ്പിനൊപ്പം ഒരു ഫോട്ടോയും ഉണ്ടായിരുന്നു.

ട്രാക്കിനരികില്‍ ചിതറികിടക്കുന്ന ശരീരാവശിഷ്ടങ്ങൾ പോലീസ് പരിശോധിക്കുന്നതും അത് നോക്കി നില്‍ക്കുന്ന ആള്‍ക്കൂട്ടവും. ആ ആള്‍ക്കൂട്ടത്തിനിടയില്‍ റോഷ്നി ഉണ്ടായിരുന്നിരിക്കാം.

അതീവ സംതൃപ്തിയോടെ ആ കാഴ്ച കണ്ടതിനു ശേഷം രോഷ്നി നഗരത്തിലേക്ക് മടങ്ങുന്നതും ബുക്ക്സ്റ്റാളില്‍ കയറി എന്റെ നോവല്‍ വാങ്ങുന്നതും ഞാന്‍ ഭാവനയില്‍ കണ്ടു.

എഴുത്തുകാരന്റെ പ്രധാന വിനോദവും അത് തന്നെയാണല്ലോ. ഭാവനയിലെ ആ കാഴ്ച എനിക്ക് വല്ലാത്ത സന്തോഷം പകര്‍ന്നു.

അതിനുശേഷം ഞാന്‍ റോഷ്നിയെ പിന്നീട് ഒരിക്കലും കണ്ടില്ല. ഈ കഥ റോഷ്നി വായിക്കരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *