എനിക്ക് കല്യാണം ഒന്നും വേണ്ടാരുന്നു, ഇവിടെ ഇങ്ങനെ കണ്ണേട്ടന്റെ കുഞ്ഞിമോളായി..

കണ്ണേട്ടൻ
(രചന: Jolly Shaji)

“കണ്ണേട്ടാ…. “എന്താടി പെണ്ണെ…”

“ഞാൻ പോയാൽ കണ്ണേട്ടൻ എന്നെ മറക്കുമോ…” “ഞാൻ മറക്കണോ നിന്നെ….

“മറക്കാൻ പറ്റുമോ എന്നെ…

“ശ്രമിച്ചാൽ പറ്റുമായിരിക്കും അല്ലെടി..

“അതിന് കഴിയുമോ എന്റേട്ടന്… “നിന്റെ ഏട്ടനോ..

“പിന്നല്ലാതെ…

“അതെങ്ങനെ നിന്റേ ഏട്ടൻ ആവും ഞാൻ… “എന്താ എനിക്കെന്റെ ഏട്ടനെന്നു പറയാനുള്ള അവകാശം ഇല്ലെ…

“അങ്ങനെ ഞാൻ ഇന്നുവരെ പറഞ്ഞിട്ടോ പെരുമാറിയിട്ടോ ഉണ്ടോടി കൊച്ചേ….നിന്റെ ഏട്ടൻ അല്ലല്ലോ ഞാൻ നിന്റെ അച്ഛൻ തന്നെ അല്ലേ..

“കണ്ണേട്ടന്റെ ഈ കൊച്ചേ വിളി കേൾക്കുമ്പോൾ ഞാൻ ശെരിക്കും കൊച്ച് കുട്ടിയായി മാറുംപോലെ…

“അപ്പോ നീ കൊച്ചു കുട്ടി അല്ലേ….

“എന്നിട്ടാണോ അമ്മു ചേച്ചി എപ്പോളുംഎന്നോട് പോത്തു പോലെ വളർന്നിട്ടും പെണ്ണിന് കുട്ടിക്കളിയാണെന്നു പറയുന്നത്…

“അതേ അമ്മുവിനറിയില്ലല്ലോ പോത്ത് എത്ര വലുതായാലും അതിനു വിവരം വെക്കില്ല എന്ന്…

“സത്യാണോ കണ്ണേട്ടാ… പോത്തിന് വിവരം ഇല്ലേ…

“ഉം ചില പോത്തുകൾക്ക് വളർച്ച മാത്രേ ഉണ്ടാവു… വിവരം ഉണ്ടാവില്ല…

“അതെങ്ങെനെ കണ്ണേട്ടന് അറിയാം…

“ഞാനേ പത്തിരുപതു വർഷമായിട്ട് ഒരു പോത്തിനെ കൊണ്ട് നടക്കുന്നതല്ലേ…

“എന്നിട്ട് നാളിതുവരെ എന്നോട് പറഞ്ഞിട്ടില്ലല്ലോ … അപ്പൊ കണ്ണേട്ടൻ എല്ലാം തുറന്ന് പറയുന്നു എന്ന് പറഞ്ഞതൊക്കെ വെറുതെ ആണല്ലേ…

“എടി പൊട്ടി പോത്തിന്റെ ചെവിയിൽ ചെന്ന് നീ പോത്താണെന്ന് ആരേലും പറയേണ്ട ആവശ്യം ഉണ്ടോ…

“ഉം അങ്ങ് ചെന്നാൽ മതി പോത്തു നിന്നു തരും പറയാൻ…

“നിന്നു തരേണ്ട ഞാൻ പിടിച്ചു നിർത്തുവല്ലേ….

“കണ്ണേട്ടന് എപ്പോളും കുട്ടിക്കളി ആണ്… പോത്തിനെ പിടിച്ചു നിർത്തിയാൽ അത് നല്ല കുത്ത് വെച്ച് തരും…

“ഈ പോത്തിന്റെ കുത്ത് ഇടക്കൊക്കെ എനിക്ക് കിട്ടാറുണ്ട്…

“അയ്യോ, സത്യമാണോ… എന്നിട്ട് എന്റെ കണ്ണേട്ടന് മുറിവ് ഒന്നും ഞാൻ കണ്ടില്ലല്ലോ…

“എടി പൊട്ടി ഈ പോത്തു കുത്തിയാൽ മുറിയില്ല…. അത് സ്നേഹം കൊണ്ടാണ് കുത്തുന്നത്…

“സ്നേഹം കൊണ്ടോ.. അത് കൊള്ളാല്ലോ കണ്ണേട്ടാ… എനിക്കും കാണണം കണ്ണേട്ടാ ആ പോത്തിനെ….

“കാണണോ എങ്കിൽ വേഗം കണ്ടോളണം… ആ പോത്തിനെ ഞങ്ങൾ കെട്ടിക്കാൻ പോവാ…

“പോത്തിനെ കെട്ടിക്കുവോ… എന്ത് വിഡ്ഢിത്തം ആണ് ഈ പറയുന്നത്…

“ഏതോ നിർഭാഗ്യവാനായ യുവാവിന് കെട്ടിച്ചു കൊടുക്കാൻ പോവാ ആ പോത്തിനെ…. നാളെയാണ് അതിന്റ കല്യാണം….

“നാളെയല്ലേ ഏട്ടാ എന്റെയും കല്യാണം… “അതേടി പോത്തേ നാളെയാണ് എന്റെ കുട്ടീടെ കല്യാണം..

“ഏട്ടാ അപ്പൊ ഞാൻ…. “അതേടി എന്റെ പോത്ത് നീയാടി…

“അപ്പൊ ഏട്ടൻ എന്നെ പറ്റിക്കുവായിരുന്നു അല്ലേ….

“പറ്റിക്കുവോ ഞാൻ എന്റെ കുട്ടിയെ….

“എന്നാലും എന്നെ പോത്ത് ആക്കിയില്ലേ… “അതൊക്കെ ഈ പെണ്ണിനോടുള്ള സ്നേഹം കൊണ്ടല്ലേ…

“എന്തിനാ ഏട്ടന്റെ കണ്ണ് നിറഞ്ഞത്… “അതൊരു പൊടി പോയതല്ലേ…

“അയ്യോ എവിടെ… ഇങ്ങ് കാട്ടിയെ ഞാൻ എടുത്തു കളയാം.. “അത് കണ്ണ് നിറഞ്ഞപ്പോൾ ഒഴുകി പോയെടാ…

“ഏട്ടാ… ഞാൻ ഇവിടുന്ന് പോയാൽ പിന്നെ ഏട്ടൻ ഒറ്റക്കാവില്ലേ….

“അതെങ്ങനെ ഒറ്റക്കാവും… നമ്മുടെ അച്ഛന്റേം അമ്മേടേം ഓർമ്മകൾ ഇല്ലേ ഇവിടെ പിന്നെ നമ്മുടെ അമ്മിണിക്കുട്ടി അതിന്റെ കുഞ്ഞുങ്ങൾ, പിന്നെ നിന്റെ ചക്കിപൂച്ച ഇതൊക്കെ ഇവിടെ തന്നെ ഇല്ലെ…

“ഏട്ടന് വിഷമം ഇല്ലെ എന്നെ പറഞ്ഞു വിടാൻ… “നല്ലൊരു വീട്ടിലേക്കല്ലേ നിന്നെ വിടുന്നത്… അവിടെ നമുക്ക് നഷ്‌ടമായ നമ്മുടെ അച്ഛനും അമ്മയുമൊക്കെ ഇല്ലേ…

“അത് അരുണിന്റെ അച്ഛനും അമ്മയുമല്ലേ…

“ഇനി മുതൽ അരുണിന്റെ അച്ഛനും അമ്മയും മോളുടെ കൂടിയാണ്… ന്റെ കുട്ടി നല്ല കുട്ടിയായിരിക്കണം അവിടെ… ആ വീടാണ് ഇനി നിന്റെ വീട്…

“അപ്പൊ ഈ വീടോ…

“ഇതും നിന്റെ ആണ്.. എപ്പോൾ വേണേലും നിനക്ക് ഇങ്ങ് വരാല്ലോ…

“എനിക്ക് ഏട്ടനെ കാണാൻ പറ്റില്ലല്ലോ എപ്പോഴും..

“എപ്പോഴും കാണാൻ ഒന്നും ഇനി ആഗ്രഹിക്കേണ്ട.. ഇടക്കൊക്കെ ഏട്ടൻ എന്റെ കുട്ടീടെ അടുത്തേക്ക് ഓടി എത്തുമല്ലോ കാണാൻ…

“കണ്ണേട്ടാ എനിക്ക് ഏട്ടനെ മിസ്സ്‌ ചെയ്യും… ഏട്ടന്റെ രാവിലത്തെ പൊടിച്ചായ ഇനി എങ്ങനെ കുടിക്കും ഞാൻ..

“ഇനി രാവിലെ ചായ ഉണ്ടാക്കി മോള് അവിടെ എല്ലാർക്കും കൊടുക്കണം… എന്റെ ഏട്ടൻ പഠിപ്പിച്ചതാണെന്നു പറയണം…

“അതിന് രാവിലെ എണീക്കാത്ത ഞാൻ എങ്ങനെ ചായ ഉണ്ടാക്കും..

“ഇനി നിന്റെ ശീലങ്ങൾ ഒക്കെ മാറ്റണം…. പുലർച്ചെ എഴുന്നേറ്റു കുളിച്ച് അടുക്കളയിൽ കയറി ഭക്ഷണം ഒക്കെ ഉണ്ടാക്കി മോള് ആ വീട്ടിലെ സന്തോഷം നിലനിർത്തണം…

“എനിക്ക് രാവിലെ കുളിക്കാനൊക്കെ മടിയാണെന്നു ഏട്ടന് അറിഞ്ഞൂടെ…

“അതൊക്ക മാറിക്കോളും… ഏട്ടൻ എപ്പോളും എന്തിനും ഇനി കൂടെ ഇല്ലെന്ന് ഓർക്കണം എല്ലാം കണ്ടറിഞ്ഞു സ്വയം ചെയ്യാൻ എന്റെ മോള് പഠിക്കണം…

“കണ്ണേട്ടാ… എനിക്ക് കല്യാണം ഒന്നും വേണ്ടാരുന്നു… ഇവിടെ ഇങ്ങനെ കണ്ണേട്ടന്റെ കുഞ്ഞിമോളായി എന്നും കണ്ണേട്ടനോട് തല്ലുകൂടി ജീവിച്ചാൽ മതിയാരുന്നു…

“മോളെ… എന്റെ പതിനേഴാം വയസ്സിൽ ആണ് അമ്മ നിന്നെ പ്രസവിക്കുന്നത്… നിനക്ക് മൂന്ന് വയസുള്ളപ്പോൾ ആണ് അമ്മക്ക് പെട്ടെന്ന് വയ്യാതാവുന്നത്…

മരിക്കും മുന്നേ അമ്മ ഒന്നേ എന്നോട് പറഞ്ഞിട്ടുള്ളു… നമ്മുടെ മോളെ പൊന്നുപോലെ നോക്കണേ കണ്ണാ.. എന്ന്.. അമ്മമരിച്ചു നാല് വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചപ്പോൾ എനിക്ക് നീയും നിനക്ക് ഞാനും മാത്രമായി..

അന്നുമുതൽ ഏട്ടൻ നിന്റെ അച്ഛനും അമ്മയും ഏട്ടനും സുഹൃത്തും ഒക്കെ ആയി കൂടെ ഉണ്ട്… നിന്നെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ചാലേ ഏട്ടന് സമാധാനം ആകൂ മോളെ…

“എന്റെ ഏട്ടനോടൊപ്പം കിട്ടിയ സുരക്ഷിതത്വവും സ്നേഹവും മറ്റെവിടെനിന്നെങ്കിലും എനിക്ക് കിട്ടുമോ ഏട്ടാ…

“കിട്ടും മോളെ… അരുണും അവന്റെ മാതാപിതാക്കളും നിന്നെ പൊന്നുപോലെ നോക്കും.. സാമ്പത്തികം അല്പം കുറവാണെങ്കിലും നിന്നെ പട്ടിണിക്കിടാതെ സംരക്ഷിക്കാൻ ആരോഗ്യവും വിദ്യാഭ്യാസവും അവനുണ്ട്…

ഏട്ടൻ ഏറെ സന്തോഷത്തിൽ ആണ് മോളെ നിന്നെ അവിടേക്കു പറഞ്ഞു വിടുന്നത്… നിന്റെ ഭാഗത്തു നിന്ന് ഒരിക്കലും ഒരു തെറ്റ് പറ്റരുത് കേട്ടോ….

“ഇല്ലേട്ടാ ഏട്ടന്റെ അനുക്കുട്ടി നല്ലൊരു ഭാര്യ ആയിരിക്കും അതുപോലെ നല്ലൊരു മരുമകളും ആയിരിക്കും…

“അങ്ങനെ വേണം എന്നും എന്റെ മോള്…

“ഏട്ടാ എനിക്ക് ഏട്ടനെ കാണണം എന്ന് തോന്നുമ്പോൾ എന്നെ കൊണ്ടുവരാൻ അരുണേട്ടനോട് പറയണേ….

“എന്റെ മോള് മനസ്സിൽ ആഗ്രഹിക്കുമ്പോൾ ഏട്ടൻ നിന്റെയടുത്തു എത്തിയിരിക്കും ഉറപ്പായും… നിന്നെ വിട്ട് ഏട്ടന് പോകാൻ പറ്റില്ലല്ലോ മോളെ….

“അനു… എണീക്കു നീ എത്ര നേരമായി ഈ തണുപ്പത്തു വന്നിരിക്കുന്നത്… വാ മക്കൾ നിന്നെ തിരക്കുന്നു…” അരുണിന്റെ ശബ്‍ദം കേട്ട അനുപമ ഞെട്ടി കണ്ണുകൾ തുറന്നു…

“അരുണേട്ടാ എന്റെ ഏട്ടൻ…. ഇനി എനിക്കെന്റെ കണ്ണേട്ടനെ കാണാൻ പറ്റില്ലല്ലോ…

“അനു നീ എണീറ്റു വന്നേ.. ദിവസം കുറേയായി ഏട്ടൻ നമ്മളെ വിട്ടു പോയിട്ട്. അന്നുമുതൽ എന്റെ കണ്ണുതെറ്റിയാൽ ഈ കുഴിമാടത്തിനു അടുത്തേക്ക് പോരും…

വെറുതെ ഈ പച്ചമണ്ണിൽ തലവെച്ചു കിടന്നു കരഞ്ഞാൽ ഏട്ടൻ തിരിച്ചു വരുമോ… എന്തേലും അസുഖങ്ങൾ വരുത്തിവെച്ചാൽ എനിക്കും മക്കൾക്കും പിന്നാരാ ഉള്ളതു…”

അരുൺ ചെറിയ ശാസനയോടെ അവളെ പിടിച്ചെഴുന്നേല്പിച്ചു…. അവൾ അരുണിന്റെ തോളിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു…

“കരച്ചില് നിർത്തി കണ്ണുകൾ തുടച്ചേ… നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…”

“ആരാ അരുണേട്ടാ..

“അമ്മു ചേച്ചി ഡിസ്ചാർജ് ആയി വന്നിട്ടുണ്ട്… നേരെ നമ്മുടെ വീട്ടിലേക്കാണ് വന്നേക്കുന്നത്….

നീ ഇങ്ങനെ കരഞ്ഞു കൊണ്ട് ആ പാവത്തിനെ കൂടെ വിഷമിപ്പിക്കല്ലേ മോളെ… അരുൺ പറഞ്ഞു തീർക്കും മുന്നേ അവൾ അരുണിന്റെ കൈകൾ തട്ടിമാറ്റി വീടിനടുത്തേക്ക് ഓടി…

“അനു നില്ക്കു ഞാൻ വരട്ടെ…

അരുൺ അവൾക്കടുത്തു എത്തും മുന്നേ അവൾ വീടിനുള്ളിൽ കടന്നിരുന്നു…..

അവൾക്കണ്ടു കുട്ടികൾക്കും വീട്ടുകാർക്കും മുന്നിൽ നിന്ന് വിശേഷങ്ങൾ പങ്കുവെക്കുന്ന അമ്മുവിനെ… അനു ഓടിച്ചെന്ന് അമ്മുവിന്റെ കരങ്ങളിൽ പിടിച്ചു…

“അമ്മുവേച്ചി… നമ്മുടെ കണ്ണേട്ടൻ…”

“അനുമോളെ…. ഞാൻ അറിഞ്ഞു എല്ലാം…

“ഏട്ടൻ രോഗബാധിതൻ ആയിരുന്ന വിവരം എന്തെ എന്നോട് പറയാതിരുന്നത് അമ്മുവേച്ചി…”

“എനിക്കും അറിയില്ലാരുന്നു അനുക്കുട്ടി ഒന്നും… ചെറിയ വയ്യായ്ക പോലും ഏട്ടൻ എല്ലാരിൽ നിന്നും മറച്ചു വെക്കുമായിരുന്നു.. “എന്റെ കണ്ണേട്ടൻ ഒന്ന് ജീവിച്ചു പോലുമില്ലല്ലോ അമ്മുവേച്ചി…

“മോളെ ഏട്ടൻ ജീവിച്ചു നമുക്ക് വേണ്ടി…. ഈ കണ്ണുപൊട്ടിക്ക് ഒരു ജീവിതം തരാൻ കണ്ണേട്ടന് കഴിഞ്ഞില്ല.. പക്ഷേ കണ്ണേട്ടന്റെ ജീവൻ എനിക്ക് തന്നല്ലേ ആള് പോയത്…

“സന്തോഷം ഉണ്ട് അമ്മുവേച്ചി… ഇടക്കൊക്കെ എനിക്കെന്റെ ഏട്ടന്റെ കണ്ണുകൾ എങ്കിലും കാണാമല്ലോ..

“ഈ കണ്ണുകൾ എനിക്ക് തന്നിട്ട് അതിന്റെ അവകാശിയെ ഒരു നോക്കു കാണാൻ ദൈവം സമ്മതിച്ചില്ലല്ലോ മോളെ..

ഭിത്തിയിലെ കണ്ണന്റെ മാലയിട്ട ഫോട്ടോയിലേക്ക് നോക്കി അമ്മു വിതുമ്പിക്കരഞ്ഞു…

“ഏട്ടത്തി വിഷമിക്കേണ്ട.. ഏട്ടന്റെ സ്വപ്‌നങ്ങൾ ആവാം ഒരു പക്ഷെ നമ്മുടെയൊക്കെ സന്തോഷം കാണണം എന്നത്…

എനിക്ക് നല്ലൊരു കുടുംബം തന്നു അമ്മുവേച്ചിക്ക് ഈ ലോകത്തിലേക്കുള്ള വെളിച്ചവും…

“സത്യത്തിൽ നമ്മുടെ കണ്ണേട്ടൻ ദൈവം ആണല്ലേ മോളെ..

അമ്മു അനുവിനെ കെട്ടിപിടിച്ചു കരഞ്ഞു… പുറത്ത് അതുവരെ ചാറി നിന്ന മഴ എവിടേക്കോ പോയ്മറഞ്ഞു… നേർത്ത സൂര്യരശ്മികൾ അവിടമാകെ പ്രകാശം പരത്തി നിന്നു…

Leave a Reply

Your email address will not be published.