ഒന്നോ രണ്ടോ ദിവസം കൂടിയാണ് ഡോക്ടര്‍ അച്ഛന് സമയം കല്‍പ്പിച്ചിരുന്നത്, അതുകൊണ്ട്..

സ്വെറ്റർ
(രചന: Anish Francis)

നാല് ഷര്‍ട്ട്‌. രണ്ടു മുണ്ട്. രണ്ടോ മുന്നോ ലുങ്കികള്‍.. അച്ഛന്റെ വസ്ത്രങ്ങള്‍. പിന്നെ ഒരു അലാറം ടൈംപീസ്‌,ഒരു ആറു ബാറ്ററി ടോര്‍ച്ച് ,കുറച്ചു പുസ്തകങ്ങള്‍ ,അമ്മയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ..

“ഒന്നും കത്തിച്ചു കളയരുത്. മരിച്ചയാളുടെ വസ്തുക്കള്‍ എല്ലാം നശിപ്പിക്കാന്‍ പലരും ഉപദേശിക്കും. പക്ഷേ ചെയ്യരുത്. ആര്‍ക്കെങ്കിലും ദാനം കൊടുക്കണം. ആര്‍ക്കെങ്കിലും ഉപയോഗമുണ്ടാകും.”

ഒരു സന്ധ്യക്ക് അച്ഛന്‍ എന്നോട് പറഞ്ഞു. ഞാന്‍ ഉത്സാഹത്തോടെ തലയാട്ടി. അപൂര്‍വമായാണ് അച്ഛനു ഓര്‍മ്മ തിരികെ കിട്ടുന്നത്.

തകര്‍ത്തുപെയ്യുന്ന മഴയുടെ ഇടവേളകളില്‍ തെളിയുന്ന വെയില്‍ പോലെ. അതുകൊണ്ട് തന്നെ അത്തരം സന്ദര്‍ഭങ്ങളില്‍ സന്തോഷവും സംശയവുംകൊണ്ട് എന്റെ നെഞ്ചു വല്ലാതെ മിടിക്കും.

അച്ഛന്‍ മരിക്കും എന്ന് അറിയാഞ്ഞിട്ടല്ല. അപൂര്‍വമായി ഓര്‍മ്മ തിരികെ വരുന്ന നിമിഷങ്ങളില്‍ അച്ഛനൊപ്പം നടക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്നതായിരുന്നു എന്റെ സംശയം.

വല്ലപ്പോഴും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ പോലെയുള്ള ആ നിമിഷങ്ങള്‍ എനിക്ക് പരമാവധി സൂക്ഷിക്കണമായിരുന്നു.

ഒന്നോ രണ്ടോ ദിവസം കൂടിയാണ് ഡോക്ടര്‍ അച്ഛന് സമയം കല്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ഞാന്‍ സദാ സമയവും ആ കിടക്കക്കരികിലിരുന്നു.

ജനാലച്ചില്ലില്‍ സന്ധ്യയുടെ ചുവപ്പ് പ്രതിഫലിച്ചു. അത് നോക്കി അച്ഛന്‍ നിശബ്ദമായി കിടന്നു.

“അച്ഛനിപ്പോള്‍ ഇപ്പൊ എങ്ങിനെയുണ്ട് ?” ഞാന്‍ ചോദിച്ചു.

“മദ്ധ്യേ .”അച്ഛന്‍ പറഞ്ഞു. അത് പറയുമ്പോള്‍ അച്ഛന്‍ ചെറുതായി ചിരിച്ചു. ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ അച്ഛനെ നോക്കി.

“അച്ഛനിപ്പോ എന്താ പറഞ്ഞത്‌ ?” ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു.

ആ നിമിഷം അച്ഛന്‍ എന്നെ മറന്നു പെട്ടെന്ന് അച്ഛന്റെ ചുണ്ടിലെ ചിരി മാഞ്ഞു. കണ്ണില്‍ ഒരു അപരിചിതത്വം തെളിഞ്ഞു.

“നിങ്ങള്‍ ആരാ??” അച്ഛന്‍ എന്നോട് ചോദിച്ചു.

ഒരുപക്ഷേ അച്ഛന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ കഴിയാഞ്ഞതുകൊണ്ടാവാം പെട്ടെന്ന് എന്നെ മറക്കാന്‍ കാരണം.

ചോദിക്കണ്ടായിരുന്നു. മരണകിടക്കയില്‍ കിടന്നു പറയുന്ന ജല്‍പ്പനങ്ങള്‍ വെറും വാക്കുകളല്ല. മറവിയുടെ തടാകത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വരുന്ന വെളുത്ത ആമ്പല്‍പൂക്കളാണ്.

ജീവിതത്തിന്റെ അവസാനനിമിഷങ്ങളില്‍ വിടരാന്‍ മറവി കാത്തുവയ്ക്കുന്ന വെളുത്ത പുഷ്പങ്ങള്‍.

അച്ഛനു പൊള്ളുന്ന പനി ഉണ്ടായിരുന്നു. ശ്വാസമെടുക്കാനും വിഷമിച്ചു.

മദ്ധ്യേ.

പെട്ടെന്ന് അച്ഛന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഞാനോര്‍മ്മിച്ചു.

“സുഖത്തിനും ദു:ഖത്തിനും മദ്ധ്യയാവണം മനസ്സ്. സുഖത്തിലേക്ക് ഓടിയെത്താന്‍ ശ്രമിക്കരുത്. ദു:ഖത്തില്‍നിന്ന് ഓടിയൊളിക്കാനും ശ്രമിക്കരുത്.

രണ്ടിനും മദ്ധ്യേ നില്‍ക്കണം മനസ്സ്.” ഞാന്‍ പെട്ടെന്ന് അച്ഛന്‍ പണ്ട് സ്ഥിരമായി ഉപദേശിക്കുന്നത് ഓര്‍ത്തു. അത് ഞാന്‍ മെല്ലെ അച്ഛന്റെ ചെവിയില്‍ മന്ത്രിച്ചു.

എന്റെ വാക്കുകള്‍ കേട്ടതുകൊണ്ടാവണം പെട്ടെന്ന് അച്ഛന്റെ കണ്ണില്‍ ഓര്‍മ്മയുടെ തിളക്കം മടങ്ങി വന്നു. അലമാര തുറക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.

“ ആ സ്വെറ്റര്‍ എടുക്കൂ.” അച്ഛന്‍ ശ്രമപ്പെട്ട് എന്നോട് പറഞ്ഞു.

നീലയില്‍ വെളുത്ത കളങ്ങള്‍ ഉള്ള സ്വെറ്റര്‍.

“നിന്റെ അമ്മയുടെ കൂടെ ഹിമാലയന്‍ യാത്ര പോയപ്പോള്‍ കിട്ടിയതാ. ലഡാക്കില്‍ വച്ചൊരു സന്യാസി സമ്മാനിച്ചതാണ്‌. മരിക്കാന്‍ നേരം ഇത് പുതച്ചാല്‍ മനസ്സില്‍ ഓര്‍ക്കുന്ന പുനര്‍ജന്മം ലഭിക്കും.

ചെടിയായി ,മരമായി ,ആമയായി ,മുയലായി ,കിളിയായി ഒക്കെ ജനിക്കാം.ആ സ്വെറ്റര്‍ മാത്രം ആര്‍ക്കും കൊടുക്കണ്ട.”

അച്ഛന്റെ മുഖത്ത് വിഷാദം പരന്നു.

“നേരമാകുമ്പോള്‍ ഇതെന്നെ പുതപ്പിക്കണം. അവള്‍ക്ക് ഒരു കുരുവിയാകാനായിരുന്നു ആഗ്രഹം. പക്ഷേ അവളെ പുതപ്പിക്കാന്‍ പറ്റിയില്ല. ഞാന്‍ മറന്നു പോയി.” അച്ഛന്‍ നിരാശയോടെ പറഞ്ഞു.

“ശരിയച്ഛാ.” ഞാന്‍ പറഞ്ഞു.

നിരാശ കാരണമാകണം ആ നിമിഷം അച്ഛന്‍ എന്നെ വീണ്ടും മറന്നു.

“നിങ്ങളാരാ ?” അച്ഛന്‍ വീണ്ടും ചോദിച്ചു. ചോദിക്കുന്നതിനിടയില്‍ ആ മിഴികള്‍ കൂമ്പി.

എങ്കിലും ഓര്‍മ്മയുടെ മഴവില്ലിന്റെ മങ്ങിയ ഒരറ്റത്തു നിന്ന് അച്ഛന്‍ പറഞ്ഞു.

“മോന്‍ മറക്കരുത്. എനിക്കൊരു മരമാകണം.”

പനിയുടെ അടരുകളില്‍ ദിവസങ്ങള്‍ വെന്തു.

അച്ഛന്‍ മരിച്ചു.ആ സ്വെറ്റര്‍ പുതപ്പിക്കുന്ന കാര്യം ഞാന്‍ മറന്നു.

“വസ്ത്രങ്ങള്‍ എല്ലാം കത്തിച്ചു കളയണം.” ബന്ധുക്കള്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഞാന്‍ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തത്‌.

അച്ഛന്റെ വസ്തുക്കൾ ആര്‍ക്കെങ്കിലും കൊടുക്കാം. വെള്ളപ്പൊക്കവും ക്ഷാമവും ഒക്കെയാണ് പല സ്ഥലങ്ങളിലും. ആവശ്യക്കാരുണ്ടാവും. എങ്കിലും ആ കാര്യവും ഞാന്‍ മെല്ലെ മറന്നു.

ഒരു ദിവസം അച്ഛന്റെ മഞ്ഞ ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചു ഒരു അപരിചിതന്‍ നഗരത്തിലൂടെ നടന്നു പോകുന്നത് ഞാന്‍ സ്വപ്നം കണ്ടു.

വേറെ ഏതോ ലോകത്തില്‍നിന്ന് ഈ കാര്യം ഓര്‍മ്മിപ്പിക്കുവാനായി അച്ഛന്‍ ശ്രമിച്ചതാവണം. എനിക്ക് കുറ്റബോധം തോന്നി. ഉടൻ തന്നെ ആ വസ്ത്രങ്ങളും വസ്തുക്കളും ആര്‍ക്കെങ്കിലും കൊടുക്കാം.

പക്ഷെ ഈ നഗരത്തില്‍ വേണ്ട. ദൂരെ..ദൂരെ അച്ഛന്റെ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന അപരിചിതര്‍ കണ്ണില്‍ പെടാത്തത്ര ദൂരെ..

അങ്ങിനെ അച്ഛന്റെ വസ്ത്രങ്ങള്‍ ഞാന്‍ പാക്ക് ചെയ്തു. ആ സ്വെറ്ററും അതിനൊപ്പമുണ്ടായിരുന്നു. അത് നഷ്ടപ്പെടുത്തരുത് എന്ന കാര്യം ഞാന്‍ അപ്പോഴേക്കും മറന്നിരുന്നു.

വളരെ ദൂരെ ഒരു നഗരത്തിലേക്ക് ഞാന്‍ ട്രെയിന്‍ കയറി. എന്റെ ഒരു കൂട്ടുകാരന്റെ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റ് ആ നഗരത്തിലുണ്ടായിരുന്നു.

വസ്ത്രങ്ങളും മാറ്റ് സാധനങ്ങളും അടങ്ങിയ പാക്കേജ് ഞാന്‍ ഫ്ലാറ്റില്‍ വച്ചു. അത് ഏതെങ്കിലും സന്നദ്ധ സംഘടനയിലെ ആളുകള്‍ക്ക് കൊടുത്താല്‍ മതി.

അവര്‍ അത് ഉപയോഗിക്കും. കൂട്ടുകാരന്‍ എന്നെ ഉപദേശിച്ചു.

ആ മഹാനഗരം സുന്ദരമായിരുന്നു. ലഹരി പൂക്കുന്ന , മഞ്ഞ വെളിച്ചം തൂവിയ തെരുവുകള്‍ . നീല നിറമുള്ള രാത്രികള്‍. എത്ര പെട്ടെന്നാണ് ആ നഗത്തില്‍ വച്ച് എന്റെ ദിവസങ്ങള്‍ തീര്‍ന്നുപോയത്. ഒപ്പം പൈസയും.

കയ്യിലെ കാശും സമയവും തീര്‍ന്നപ്പോള്‍ ഞാന്‍ മടങ്ങി. അച്ഛന്റെ വസ്തുക്കള്‍ മാത്രം ആ ഫ്ലാറ്റില്‍ ആരെയോ കാത്തിരുന്നു.

നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കാര്യം മറന്നു. ഇടയ്ക്ക് അച്ഛന്‍ സ്വപ്നത്തിലൂടെ എന്നെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കും. ഞാന്‍ ആ നഗരത്തിലെത്തും. ഏതാനും ദിവസങ്ങള്‍ സുഖിക്കും. തിരികെവരും.

ഉള്ളിന്റെയുള്ളില്‍ അച്ഛന്റെ വസ്തുക്കള്‍ ആര്‍ക്കും കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ലായിരുന്നിരിക്കണം .എനിക്ക് ആ നഗരത്തിലെത്താന്‍ അതൊരു കാരണമാവുകയായിരുന്നു.

ഒരു ദിവസം കൂട്ടുകാരന്‍ എന്നെ വിളിച്ചു. അവന്‍ അച്ഛന്റെ വസ്തുക്കള്‍ ഏതോ സന്നദ്ധ സംഘടനായക്ക് കൈമാറിയത്രേ.

എനിക്ക് വല്ലാത്ത കുറ്റബോധവും സങ്കടവും തോന്നി. അപ്പോള്‍ ഞാന്‍ അച്ഛന്റെ ഉപദേശം ഓര്‍ത്തു.

മധ്യേ.

ദു:ഖത്തിനും സുഖത്തിനുമിടയില്‍ മനസ്സിനെ ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ കഴിയണം . മനസ്സിനെ അതിനു സഹായിക്കുന്നത് മറവിയാണ്.

ദു:ഖം വരുമ്പോള്‍ മറക്കണം. സുഖം വരുമ്പോള്‍ ഓര്‍മ്മിക്കണം. ഒരാലിലയുടെ ഒത്ത നടുവിലെ തണുത്ത ഞരമ്പു പോലെ മനസ്സു ശാന്തമാവണം .

കാലം പെയ്തു. ഓര്‍മ്മയുടെ പൊത്തുകളില്‍ മറവിയുടെ പച്ചപ്പൂപ്പല്‍ പടര്‍ന്നു. ആ സ്വെറ്ററും അച്ഛന്റെ വസ്തുക്കളും വാക്കുകളും എല്ലാം ഒരു മങ്ങിയ സ്വപ്നം പോലെ മറഞ്ഞു.

വീണ്ടും ഞാനാ മഹാനഗരത്തിലെത്തി. ജീവിതം എന്നെ അവിടെ എത്തിച്ചു. പകര്‍ച്ചവ്യാധി പിടികൂടിയതിനുശേഷം ഒരു താല്ക്കാലിക കൂടാരത്തിന് കീഴില്‍ മറ്റ് അനേകര്‍ക്കൊപ്പം കഴിയുകയായിരുന്നു ഞാന്‍.

ഓര്‍മ്മ ഇല്ലാതായി. ഒപ്പം ശ്വാസവും മെല്ലെ മെല്ലെ..പൊള്ളുന്ന പനി. എന്റെ ഓര്‍മ്മ വന്നും പോയുമിരുന്നു.

പൊടുന്നനെ എന്റെ ശരീരത്തിലേക്ക് ഒരു സ്വെറ്റര്‍ വന്നു വീണു. ആരോഗ്യപ്രവര്‍ത്തകര്‍ സൗജന്യവസ്ത്രങ്ങള്‍ വിതരണം ചെയ്യുകയാണ്.

നീലനിറത്തില്‍ വെളുത്ത കളങ്ങള്‍ ഉള്ള സ്വെറ്റര്‍. ഒരു നിമിഷം ഏതോ ഓര്‍മ്മ എന്നെ തലോടിയത് പോലെ..

അച്ഛന്റെയും അമ്മയുടെയും മണം. കുഞ്ഞുനാളില്‍ അവരുടെ നടുക്ക് കിടന്നു ഞാന്‍ ഉറങ്ങുന്നത് പോലെ.
മെല്ലെ ഞാന്‍ ഉറക്കത്തിലേക്ക് വീണുപോയി. ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു.

ഒരു ഒറ്റമരം. അതിന്റെ ശിഖരത്തില്‍ ഒരു കുരുവി.

കുരുവിയുടെ മധുരമുള്ള പാട്ട്. മരത്തിന്റെ തണല്‍. അതിന്റെ ചുവട്ടിലിരിക്കുന്ന ഞാന്‍ .

ഈ സ്വപ്നം എനിക്ക് പരിചിതമാണല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അപ്പോള്‍ തന്നെ മറന്നു. എനിക്കൊരു കുഞ്ഞു ചെടിയായാല്‍ മതി. ഞാനുറക്കത്തില്‍ പിറുപിറുത്തു.

Leave a Reply

Your email address will not be published. Required fields are marked *