അഞ്ചു കുട്ടികള്‍, പകലത്തെ ജോലി രാവിലെ എഴുന്നേല്‍ക്കണം ഭര്‍ത്താവിനും..

അവള്‍ വളരെ ക്ഷീണിതയാണ്
(രചന: Anish Francis)

“നിങ്ങള്‍ക്ക് എത്ര കുട്ടികളുണ്ട് ?” ഡോക്ടര്‍ മുന്നിലിരുന്ന യുവതിയോട് ചോദിച്ചു.

അവളുടെ ഭര്‍ത്താവാണ് മറുപടി പറഞ്ഞത്… “അഞ്ചു കുട്ടികള്‍ ഡോക്ടര്‍…”

അത് പറയുമ്പോള്‍ അയാളുടെ കണ്ണില്‍ ഒരു ജേതാവിന്റെ ചിരിയുണ്ടായിരുന്നു.

“നാല് കുട്ടികളും ,സ്കൂളില്‍ പോയിരിക്കുകയാണ്.. ഇളയ കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞതെയുള്ളൂ..വീട്ടില്‍ വേലക്കാരിയുണ്ട്. അവരെ എല്പ്പിച്ചാണ് ഞങ്ങള്‍ വന്നത്.”

അയാള്‍ തുടര്‍ന്നു.

അവള്‍ ഒന്നും മിണ്ടിയതേയില്ല. ചത്ത മീനിന്റെ കണ്ണുകള്‍ പോലെ , വികാരരഹിതമായ് അവള്‍ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

അതിനുശേഷം പുറത്തേക്കും. പുറത്തു വെളുത്ത കെട്ടിടങ്ങളില്‍ ,നഗരത്തിന്റെ ഉച്ച നേരം എരിയുന്നു.

“എത്ര നാളായി ഇങ്ങനെ തുടങ്ങിയിട്ട് ?” ഡോക്ടര്‍ വീണ്ടും ചോദിച്ചു.

“ഒരു അഞ്ചു കൊല്ലമായി ..” യുവതി ഓര്‍മ്മകളില്‍ ശ്രമപ്പെട്ടു പരതിയതിനു ശേഷം പറഞ്ഞു.

ഡോക്ടറുടെ പുരികക്കൊടികള്‍ ഉയര്‍ന്നു.

“എന്ത് ..അതെന്താ ഇത്രയും നാള്‍ വച്ച് കൊണ്ടിരുന്നത്…?” ഒരു രണ്ടു നിമിഷത്തിനുശേഷം ഡോക്ടര്‍ ചോദിച്ചു.

ഒരു സൈക്യാട്രിസ്റ്റായത് കൊണ്ടാവാം , ശബ്ദമുയരാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഡോക്ടര്‍ ചോദിച്ചു തീരുന്നതിനു മുന്‍പ് ഭര്‍ത്താവ് ഇടപെട്ടു.

“ഡോക്ടറെ, തിരക്കിനിടയില്‍ ഞാന്‍ അത് വലിയ കാര്യമാക്കിയില്ല. മാത്രമല്ല ഇത് വലിയ ഇഷ്യൂ ആണെന്ന് എനിക്ക് തോന്നുന്നുമില്ല…

ഇത് പിന്നേം മൂത്ത മോളുടെ നിര്‍ബന്ധം കാരണാ ഞങ്ങള്‍ ഇന്ന് ഡോക്ടറെ കാണാന്‍ വന്നത്…” അയാള്‍ പറഞ്ഞു.

ഡോക്ടര്‍ ആ യുവതിയെ വീണ്ടും നോക്കി. ക്ഷീണിച്ച ശരീരം. അവളുടെ നഷ്ടപ്പെട്ട ഉറക്കം കറുത്ത വലയങ്ങളായി കണ്ണുകൾക്ക് കീഴെ കൂട് കൂട്ടിയിരിക്കുന്നു.

ഈ നിമിഷവും അവള്‍ ഉറക്കം തൂങ്ങുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.

“എപ്പോഴാണ് ഈ കരച്ചില്‍ വരുന്നത് സാധാരണ ?”

“ചിലപ്പോള്‍ ,പുലര്‍ച്ചെ എഴുന്നേറ്റു അടുക്കളയില്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ “.അവള്‍ പറഞ്ഞു തുടങ്ങി..”

“എപ്പോള്‍ എഴുന്നേല്‍ക്കും ?”ഡോക്ടര്‍ ചോദിച്ചു.

“വെളുപ്പിന് രണ്ടരക്ക് ..”അവള്‍ പറഞ്ഞു.

ഡോക്ടര്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു. അത് കണ്ടിട്ടാവണം ഭര്‍ത്താവ് വിശദീകരിച്ചു.

“അവള്‍ക്ക് എറണാകുളത്താ ജോലി. വെളുപ്പിനെ വഞ്ചിനാടിനു പോയാലെ ഓഫീസില്‍ ഒരു പത്തു മണിക്ക് എത്താന്‍ പറ്റൂ.”

അഞ്ചു കുട്ടികള്‍ . പകലത്തെ ജോലി. രാവിലെ എഴുന്നേല്‍ക്കണം. ഭര്‍ത്താവിനും അഞ്ചു കുട്ടികള്‍ക്കും കഞ്ഞിയും കറിയും മറ്റും റെഡിയാക്കണം.

പിന്നെ ട്രെയിനില്‍ രാവിലെയും വൈകുന്നേരവും നാല് മണിക്കൂര്‍ വീതം നീണ്ട യാത്ര.

“സര്‍ക്കാര്ജോലിയാ ഡോക്ടറെ . കളയാന്‍ പറ്റുമോ?”ഭര്‍ത്താവ് വീണ്ടും പറഞ്ഞു.

ഡോക്ടര്‍ അയാളെ നോക്കി ഒന്ന് ചിരിച്ചു.

“ഒന്ന് പുറത്തിരിക്കുമോ ..ഞാന്‍ പേഷ്യന്റുമായി ഒന്ന് തനിച്ചു സംസാരിക്കട്ടെ..”

ഡോക്ടര്‍ സൗമ്യമായി പറഞ്ഞു. അയാള്‍ എഴുന്നേറ്റു പുറത്തേക്ക് പോയി. എങ്കിലും ആ ഇഷ്ടക്കേടു മുഖത്ത് കാണാമായിരുന്നു.

അയാള്‍ ഡോക്ടറുടെ മുറിയുടെ വെളിയില്‍ നിരന്നുകിടന്ന കസേരകളിലൊന്നില്‍ പോയി ഇരുന്നു. അതിനു ശേഷം മൊബൈല്‍ എടുത്തു യൂടൂബ് തുറന്നു.

ഫി റോ സ്‌ ചു ട്ടി പ റ മ്പില്‍ കോഴിയെ കറി വയ്ക്കുന്ന വീഡിയോ കാണാന്‍ തുടങ്ങി. മസാല തയ്യാറാക്കുന്നതും മറ്റും കണ്ടുകൊണ്ടിരുന്നപ്പോള്‍ അയാളുടെ വായില്‍ വെള്ളമൂറി.

തിരിച്ചു പോകുന്ന വഴി കുറച്ചു കോഴിയിറച്ചി വാങ്ങണം. അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. അപ്പോള്‍ അയാളുടെ അടുത്തേക്ക് ഒരു പ്ലേറ്റിൽ ലഡുവുമായി ഒരു നഴ്സ് നടന്നു വന്നു.

“ഇന്നെന്റെ ഹാപ്പി ബര്‍ത്ത്ഡേയാ കേട്ടോ…” ലഡ്ഡു നീട്ടി കൊണ്ട് അവര്‍ പറഞ്ഞു.

“താങ്ക്യൂ..”

“ആരാ വൈഫാണോ അകത്ത്?” നഴ്സ് ചോദിച്ചു. വല്ലാത്ത ഒരു ആര്‍ത്തിയോടെ അയാള്‍ ലഡ്ഡു കടന്നെടുക്കുന്നതും ഞെരിച്ചു പൊട്ടിച്ചു വായിലിടുന്നതും അവര്‍ ശ്രദ്ധിച്ചു.

“അതെ…”ലഡ്ഡു തിന്നുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.

“എന്ത് പറ്റി..?”

“ഓ ,ഒന്നുമില്ലെന്നെ..അവള്‍ക്ക് അങ്ങനിരിക്കുമ്പോള്‍ കരച്ചില്‍ വരുവാ.. പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ… പിന്നെ പിള്ളാരോട് ഒക്കെ ഭയങ്കര ദേഷ്യം..

എന്റെ അടുത്ത് ദേഷ്യപ്പെടാന്‍ പറ്റത്തില്ലല്ലോ…ഞാന്‍ നല്ല വീക്ക് വച്ച് കൊടുക്കും എന്ന് അവള്‍ക്കറിയാം..” അയാള്‍ വികൃതമായി ചിരിച്ചുകൊണ്ട് പറഞ്ഞു.

നഴ്സ് അതിനു മറുപടി ഒന്നും പറഞ്ഞില്ല. അവര്‍ ചിരിച്ചതേയുള്ളൂ. രോഗികളോടും കൂടെ വരുന്നവരോടും മാന്യമായി പെരുമാറണം എന്ന് അവരോട് ആശുപത്രി മാനേജ്മെന്റ് വാണിംഗ് കൊടുത്തിരുന്നു.

ഒരിക്കല്‍ തന്റെ അമിതവണ്ണത്തെ കളിയാക്കിയ ഒരു രോഗിയെ തല്ലിയതിനായിരുന്നു അവര്‍ക്ക് വാണിംഗ് കിട്ടിയത്.

“സൂസി ..പ്ലീസ് കം..” ഡോക്ടര്‍ അകത്തു നിന്ന് വിളിക്കുന്നത്‌ കേട്ടപ്പോള്‍ നഴ്സ് വേഗം ചെന്നു.

ഡോക്ടറുടെ മുന്‍പിലിരുന്ന യുവതി തല കുനിച്ചിരുന്നു വിതുമ്പുന്നു.

“മെഡിസിന്‍ കൊടുത്തിട്ട് കുറച്ചു നേരം ഒബ്സര്‍വേഷനില്‍ വയ്ക്കാം…” ഡോക്ടര്‍ കേസ് ഷീറ്റ് സൂസിക്ക് നല്‍കി.

കേസ്ഷീറ്റിലെ ഡിപ്രഷന്‍ എന്ന വാക്കിന്റെ മുകളിലേക്ക് ലഡ്ഡുവിന്റെ പൊടി വീണു. അത് തുടച്ചു കളഞ്ഞതിനു ശേഷം സൂസി ആ യുവതിയുടെ കൈ പിടിച്ചു വാര്‍ഡിലേക്ക് നടന്നു.

അപ്പോള്‍ അയാള്‍ മുറിയിലേക്ക് കയറി വന്നു.

“അയ്യോ ഡോക്ടര്‍..അവളെ കെടത്തിയാ ശരിയാകില്ല..ഞങ്ങള്‍ ചെന്നിട്ടു വേണം വേലക്കാരിയെ പറഞ്ഞു വിടാന്‍..

എളേ കൊച്ചിനെ നോക്കണമെങ്കില്‍ അവള്‍ തന്നെ വേണം..” തിരികെ പോകുന്ന വഴിക്ക് കോഴിയെ മേടിക്കുന്ന കാര്യം മാത്രം അയാള്‍ പറഞ്ഞില്ല.

“ഇപ്പോ മെഡിസിന്‍ കൊടുക്കും..അതിനു ശേഷം ഒരു മൂന്നു മണിക്കൂര്‍ ഒബ്സര്‍വേഷന്‍… അത് കഴിഞ്ഞാല്‍ പോകാം. ബട്ട് ഒരു കാര്യം..

അവളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും വേണം.. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.” ഇപ്രാവശ്യം ഡോക്ടറുടെ ശബ്ദം ശാന്തമല്ലായിരുന്നു.

“അവള്‍ വളരെ ക്ഷീണിതയാണ്.” അദ്ദേഹം കൂട്ടിചേര്‍ത്തു.

ആ തടിച്ച നഴ്സിനൊപ്പം നടക്കുന്ന തന്റെ ഭാര്യയെ അയാള്‍ ഇച്ഛാഭംഗത്തോടെ നോക്കി.

“ഇന്ന് എന്റെ പിറന്നാളാ..”

കട്ടിലില്‍ ബെഡ് ഷീറ്റ് വിരിക്കുന്നതിനിടയില്‍ സൂസി അവളോട്‌ പറഞ്ഞു.

“ഇന്ന് ആദ്യമായി പരിചയപെടുന്ന ഒരാള്‍ക്ക് , അവര്‍ ചോദിക്കുന്ന,എനിക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന കാര്യം ഞാന്‍ ചെയ്തു കൊടുക്കും.

കുട്ടിക്കാ ആ ചാന്‍സ്. പറഞ്ഞോ..എന്താ വേണ്ടേ..” സൂസി ഉത്സാഹത്തോടെ ചോദിച്ചു.

“എനിക്ക് കുറെ നേരം ഉറങ്ങണം. എന്നെ ഉടനെ വിടാതിരിക്കാന്‍ പറ്റുമോ ?”

“എത്ര നേരം ഉറങ്ങണം..?”സൂസി ചോദിച്ചു.

“ഒരു രാത്രി. ഒരു പകല്‍.” ഒരിക്കലും നടക്കാത്ത ഒരു കാര്യം പറയുംപോലെ അവള്‍ പറഞ്ഞു.

“ഷുവര്‍. അത് ഞാന്‍ കൈകാര്യം ചെയ്തോളാം. ധൈര്യമായി കിടന്നോളൂ..” അവള്‍ ശാന്തമായി ഉറങ്ങുന്നതു സംതൃപ്തിയോടെ നോക്കി സൂസി അവളുടെ അരികില്‍നിന്നു…

Leave a Reply

Your email address will not be published. Required fields are marked *