പാവം കല്യാണം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് ഇതെല്ലാം സഹിക്കാൻ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

“””ഇന്നും പ്രസാദേട്ടൻ കുടിച്ചിട്ടാ വന്നേക്കണേ…”””

എന്ന് ശില്പ വീട്ടിലേക്ക് കയറും മുമ്പ് ഓടി വന്നു പറഞ്ഞു… അവൾക്കറിയാം പ്രസാദേട്ടൻ കുടിച്ചാൽ പിന്നെ ഇനി ഇവിടത്തെ കാര്യം നോക്കണ്ട എന്ന്…

“””വിനുവേട്ടൻ വേണമെങ്കിൽ അടിയുടെ വീട്ടിലേക്ക് പൊയ്ക്കോളൂ നാളെ രാവിലെ വന്നാൽ മതി “” എന്നു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു…

പാവം കല്യാണം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് ഇതെല്ലാം സഹിക്കാൻ…

“””സാരമില്ല അയാൾക്ക് എന്താ ചെയ്യാൻ പറ്റുക എന്നുവെച്ചാൽ ചെയ്യട്ടെ “”

എന്നുപറഞ്ഞ് അകത്തേക്ക് കയറി ശില്പ ഭയത്തോടെ എന്റെ പുറകെ വന്നു…

ഞാൻ വന്നത് അറിഞ്ഞതും അയാൾ താഴെ എത്തിയിരുന്നു…

“””നന്ദികെട്ട നാ യെ”” എന്ന് പറഞ്ഞ് അയാൾ എന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…. വീണു പോയിരുന്നു ഞാൻ..
അത് കണ്ട് ശില്പ ഓടിവന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു..

എന്നിട്ടും കലി തീരാതെ അയാൾ വീണ്ടും എന്നെ ചവിട്ടി വീഴ്ത്തി…

ശില്പ അയാളുടെ കാലുപിടിച്ച് എന്നെ ഇനി അടിക്കരുത് എന്ന് പറഞ്ഞപ്പോൾ ശിൽപയെയും അയാൾ അടിച്ചു…

അതെനിക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു എന്നെ എന്ത് ചെയ്താലും ഇതുവരെ പ്രതികരിച്ചിട്ടില്ല

പക്ഷേ എന്നെ വിശ്വസിച്ച് എന്റെ താലിയും സ്വീകരിച്ചു വന്ന അവളെ കൈവെക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അയാളെ ഞാൻ പിടിച്ചു മാറ്റി അതിന്റെ ദേഷ്യത്തിൽ വീണ്ടും അയാൾ എന്നെ തല്ലി…

കുറെ തല്ലി അതിനു ശേഷം അയാൾ പുറത്തേക്ക് പോയി ശിൽപ ഉറക്കെ കരയുന്നുണ്ടായിരുന്നു…

“”” എന്തിനാ ഏട്ടാ ഇങ്ങനെയൊരു ജീവിതം””” എന്ന് പറഞ്ഞ് അവൾ എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു…

“””എല്ലാം ശരിയാവുമെടി””””

എന്ന് അവളോട് ആയി പറഞ്ഞു മെല്ലെ അകത്തേക്ക് നീങ്ങി അവിടെ ഒരു മുറിയിൽ അമ്മ ആകെ തകർന്ന് ഇരിക്കുന്നുണ്ടായിരുന്നു…

“”” വിനൂട്ടാ… അമ്മയുടെ കുട്ടി അമ്മയ്ക്ക് വേണ്ടി സഹിക്കുന്നത് അമ്മ കാണുന്നുണ്ട്….

ഇനിയും നിന്നെ വിഷമിപ്പിക്കാൻ ഈ അമ്മയ്ക്ക് വയ്യ നമുക്ക് ഇവിടെ നിന്നും പോകാം എങ്ങോട്ടാ എന്ന് വെച്ചാൽ പോകാം… “””

എന്നുപറഞ്ഞ് എന്റെ കൈ പിടിച്ചു അമ്മ കരഞ്ഞു..

“”” അച്ഛനുറങ്ങുന്ന ഈ മണ്ണ് വിട്ട് അമ്മയ്ക്ക് വരാൻ കഴിയുമോ??? സാരമില്ല കുറച്ചുകൂടി നമുക്ക് നോക്കാം എല്ലാം ശരിയാകും…”””

എന്നുപറഞ്ഞ് മുറിയിലേക്ക് പോയി ദേഹം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു ഒപ്പം മനസ്സും…

അവിടെ കട്ടിലിൽ കിടന്ന് ഉറങ്ങുന്ന രണ്ടുവയസ്സുകാരി മിന്നുവിനെ നോക്കി ഒന്നുമറിയാതെ ഉറങ്ങുകയാണ്…

മെല്ലെ അവളുടെ അരികിൽ പോയിരുന്നു ആ നെറ്റിയിൽ ചുംബിക്കുമ്പോൾ മിഴി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു….

നിന്റെ ഈ പ്രായമാ നല്ലത് കുഞ്ഞാ…
ഒന്നും അറിയേണ്ട ഒന്നും കേൾക്കുകയും വേണ്ട… “””

“”വിനുവേട്ടൻ പോയി കുളിച്ച് വന്നോളൂ ഞാൻ ചോറ് എടുത്തു വക്കാം “”” എന്ന് ശില്പ വന്ന് പറഞ്ഞു…

ഞാൻ കരയുന്നത് കണ്ട് പെണ്ണ് അരികിൽ വന്നു…

“””ഒത്തിരി നൊന്തോ”” എന്ന് ചോദിച്ച് കവിളിൽ മുത്തി…

ഇല്ലെടീ”””‘എന്ന് പറഞ്ഞോന്നു ചിരിക്കാൻ ശ്രെമിച്ചു…

എനിക്ക് നൊന്തതിനേക്കാൾ അവൾക്കാണ് നോവുക എന്നറിയാമായിരുന്നു… മെല്ലെ ബാത്ത്റൂമിലേക്ക് നടന്നു വെള്ളം തലയിലൂടെ ഒഴിക്കുമ്പോൾ ചെറിയ ഒരു ആശ്വാസം കിട്ടി..

ഭക്ഷണത്തിന് മുന്നിൽ പോയിരുന്നു കഴിച്ചു എന്ന് വരുത്തി…ഞാൻ ഒന്നും കഴിച്ചില്ലങ്കിൽ അമ്മയും അവളും പട്ടിണി കിടക്കും എന്ന പൂർണ ബോധ്യമുണ്ടായിരുന്നു…

രാത്രി അവളെയും ചേർത്തു പിടിച്ച് കിടന്നു… അവൾ ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… ഓർമ്മകൾ മെല്ലെ പുറകോട്ട് നീങ്ങി…
ആരോരുമില്ലാത്ത ഒരു അനാഥ പയ്യൻ ഉണ്ടായിരുന്നു വിനോദ്”””””

അവനെ അവന്റെ അവസ്ഥ കണ്ട് ഒരു പാവം മാഷ് ഏറ്റെടുത്തു…
അവനു വിദ്യാഭ്യാസം നൽകി ഭക്ഷണം നൽകി സ്വന്തം വീട്ടിലെ ഒരു കുഞ്ഞിനെപ്പോലെ തന്നെ കരുതി…

ഭാസ്കരൻ മാഷിനെ അവനും സ്വന്തം അച്ഛനെ പോലെ കണ്ടു..
പക്ഷേ ഭാസ്കരൻ മാഷിന്റെ മകൻ പ്രസാദിന് മാത്രം അയാൾ ശത്രുവായി…

ഭാസ്കരൻ മാഷിന്റെ ഭാര്യയും അയാളെ സ്വന്തം മകനെ പോലെ കരുതി…
അവരെ അവൻ അമ്മ”””” എന്ന് വിളിച്ചു തുടങ്ങി…

ഏറെ അവനു പ്രിയമായത് അവിടത്തെ അച്ഛമ്മ ആയിരുന്നു.. മാഷിന്റെ അമ്മ..

പ്രസാദേട്ടൻ ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു ആരോടും അടുക്കാത്ത പ്രകൃതം..

എപ്പോഴും ദേഷ്യം, ഒപ്പം അക്രമ വാസനയും..

മാഷോ അമ്മയോ പറഞ്ഞാൽ കേൾക്കില്ല. തന്നിഷ്ടം കാണിച്ചു നടക്കും… ഗൾഫിൽ പോയതും.. ഏതോ ഒരു ഇഷ്ടക്കാരിയെ വിവാഹം ചെയ്തതും ഒക്കെ അങ്ങനെ ആണ്..

സ്വന്തം മകന്റെ വിവാഹം നടത്താൻ യോഗമില്ലാത്ത പാവങ്ങൾ, അവർ എനിക്കായി ശില്പയെ കണ്ടു പിടിച്ച് തന്നു..എന്റെ വിവാഹം ആർഭാട പൂർവ്വം നടത്തി…. അങ്ങനെ ആശ്വാസം കണ്ടെത്തി…

പ്രസാദേട്ടന് അന്നേരം എല്ലാം കൈ നിറയെ പണം ആയിരുന്നു… അതുകൊണ്ടുതന്നെ അപ്പോഴൊന്നും മാഷിനെയും സ്വന്തം അമ്മയയും അയാൾ തിരിഞ്ഞു നോക്കിയിരുന്നില്ല…

പെട്ടെന്ന് ജോലി നഷ്ടമായി
പ്രസാദേട്ടന്റെ പൈസ മുഴുവൻ കൈക്കലാക്കി ആ പെണ്ണ് പോയി..

ഗൾഫിലേക്ക് നിക്കകള്ളി ഇല്ലാതെ നാട്ടിലെത്തി… പിന്നെ ആളാകെ മാറി.. മാഷിനെയും അമ്മയെയും എല്ലാം ഉപദ്രവിക്കും..

അനാഥ ചെക്കനെ ഇറക്കി വിടണം എന്നായിരുന്നു ഡിമാൻഡ്..

പറ്റില്ല എന്ന് തന്നെ മാഷ് ഉറപ്പിച്ചു പറഞ്ഞു… ജന്മം കൊണ്ട് മകനായവനെ കൊണ്ട് ഉപകാരമില്ല ഉപദ്രവം ആണെന്നും ഇവനാണ് ഇപ്പോൾ മകന്റെ സ്ഥാനത്ത് എന്നും തീർത്തു പറഞ്ഞു..

അത് കേട്ട് അയാൾ ഇറങ്ങി പോയി..

മാഷിന്റെ മരണ വാർത്ത കേട്ടിട്ട് പോലും ഒന്നു തിരിഞ്ഞു നോക്കിയില്ല…

അച്ഛമ്മ അച്ഛമ്മയുടെ പേരിൽ കിടന്നിരുന്ന കണ്ണായ സ്ഥലം എന്റെ പേരിൽ തന്നു… സിറ്റിയിൽ തന്നെ ഒരു അന്പത്തിരണ്ട് സെൻറ്.. അത് വേണം എന്ന് പറഞ്ഞ് ആൾ ഒരു ദിവസം കേറി വന്നു…

തരില്ല എന്ന് അച്ഛമ്മ തീർത്തു പറഞ്ഞ്ഞു…. അന്ന് അച്ഛമ്മയെ പോലും ആൾ ഉപദ്രവിക്കാൻ നോക്കി..

“”ഇതെന്റെ വീടാ ഇവിടെ നിന്ന് ഇറങ്ങെടാ “”‘ എന്ന് എന്നോട് പറഞ്ഞു..

അപ്പോഴും തടസ്സം നിന്നത് അച്ഛമ്മ ആണ്. ഇതും എന്റെ പേരിൽ എഴുതി വക്കും എന്ന് പറഞ്ഞപ്പോൾ ആൾ അന്ന് ഇറങ്ങി പോയി..

അതിന്റെ എല്ലാം വിഷമം കൊണ്ടാവണം അച്ഛമ്മ കൂടുതൽ നാൾ കൂടെ ഉണ്ടായില്ല… മരിക്കും മുമ്പ് പറഞ്ഞിരുന്നു അതൊന്നും വിട്ട് കൊടുക്കറുത് എന്ന്…

വീണ്ടും അയാൾ കേറി വന്നു…

ഇവിടെ സ്ഥിരതാമസമാക്കി…

അമ്മയോട് പറഞ്ഞതായിരുന്നു നമുക്ക് മാറി കൊടുക്കാം എന്ന് അപ്പോ അമ്മ പറഞ്ഞത്,

“”””മാഷിന്റെ ഓർമ്മകൾ ഇവിടെ അല്ലെ ഇത് വിട്ട് എങ്ങനെ ആണെടാ ഞാൻ വരുക എന്ന് “”””

അമ്മക്ക് വേണ്ടി സഹിച്ചു നിൽക്കാൻ തുടങ്ങി…. എന്നും അടിയും കുത്തും…
ആകെ ജീവിതം മടുത്തു..

പെട്ടെന്ന് ഒരു ദിവസം രാത്രി പ്രസാദേട്ടൻ ചോ ര ചെറുത് മുറ്റത്ത് വീണു….

പതിവുപോലെ അന്നും നന്നായി കുടിച്ചിട്ട് ഉണ്ടായിരുന്നു…

ഞാനും അമ്മയും ശിൽപയും കൂടി ആളെ എടുത്തു ആശുപത്രിയിലെത്തിച്ചു…കുടിച്ച് കുടിച്ച് ആ ശരീരത്തിൽ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല…

ഇനി വളരെ കുറച്ചു നാളുകൾ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർ പറഞ്ഞു…

അനങ്ങാൻ പോലുമാവാതെ കിടന്ന ആൾക്ക് ഞാൻ എല്ലാം ചെയ്തു കൊടുത്തു…

ആദ്യം ഒന്നും ഒന്നിനും കൂട്ടാക്കിയില്ല പിന്നെ മെല്ലെ ഞാൻ പറയുന്നത് കേൾക്കാൻ തുടങ്ങി..

ഏട്ടാ “”””

എന്ന ആത്മാർത്ഥതയോടെ ഞാൻ വിളിച്ചപ്പോൾ എന്തിനോ ആ മിഴികൾ നിറഞ്ഞു ..

“”” എന്നോട് നിനക്ക് ഒട്ടും ദേഷ്യം ഇല്ലെടാ””””

എന്ന് ചോദിച്ചപ്പോൾ,

“””എന്റെ ഏട്ടൻ അല്ലേ??? ചേട്ടനോട് എനിക്ക് എന്തിനാ ദേഷ്യം “””
എന്ന് തിരിച്ചു ചോദിച്ചു

“”” വൈകി അറിയാം എങ്കിലും മാപ്പ്”””

എന്നു പറഞ്ഞപ്പോൾ ഞാൻ ഏട്ടനെ ഇറുക്കെ കെട്ടിപ്പിടിച്ച് ഇരുന്നു…

ആളുടെ ശരീരം കുഴയുന്നതുപോലെ എനിക്ക് തോന്നി..

മെല്ലെ നോക്കിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്നത് കണ്ടു ഡോക്ടറെ പോയി വിളിച്ചുകൊണ്ടുവന്നു അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…

ചില തരം അങ്ങനെയാണ് തിരിച്ചറിവ് കിട്ടുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *