അതിനാണവൾ നിങ്ങളെന്നെ തല്ലിയെന്നു പറഞ്ഞു ഒച്ചയുണ്ടാക്കി പുന്നാര ആങ്ങളയെ..

ഓൾ കേരള ഫാമിലി പ്രോബ്ലെംസ്
(രചന: Aneesh Pt)

ഒരു നിസാര പ്രശ്നം ഉണ്ടാവുമ്പോഴേക്കും ഭാര്യമാർ പെട്ടിയും കിടക്കയുമായി സ്വന്തം വീട്ടിലേക്കു ഓടും.

പാവം ഈ ഭർത്താക്കന്മാർ ഹതഭാഗ്യർ എന്ത് ചെയ്യും. ഞങ്ങൾക്ക് ഓടി പോവാനും കേറിച്ചെല്ലാനും വീട് ഇതെവിടിരിക്കുന്നു.

ഒരു ചെറിയ പ്രശ്നത്തിന് ഞാൻ അവളെ രണ്ടങ്ങു പറഞ്ഞു കൂട്ടത്തിൽ അറിയാതെ ഞാൻ ഒന്നു കയ്യൊന്നു പൊക്കി.

അതിനാണവൾ നിങ്ങളെന്നെ ‘തല്ലിയെന്നു’ പറഞ്ഞു ഒച്ചയുണ്ടാക്കി പുന്നാര ആങ്ങളയെ വിളിച്ചത്.

എന്റെ കാലു ഓടിഞ്ഞപ്പോൾ വരാതെ ഇരുന്ന ആ അളിയൻ തെണ്ടി ഇവളുടെ ഒരൊറ്റ ഫോൺ വിളിയിൽ പത്തടി താഴ്ചയുള്ള കിണറിൽ നിന്നും

പണി മുണ്ട് പോലും മാറാതെ സ്‌പ്ലെൻഡർ ബൈക്കിൽ നൂറേ നൂറിൽ വീടിനു മുന്നിലെത്തി മമ്മുട്ടി കണക്കെ എയറ് പിടിച്ചങ്ങു നിക്കുന്നു.

ഒരു ഗ്ലാസ്‌ വെള്ളവുമായി ഞാൻ ഇറയത്തു വന്നു ” അളിയോ ഇതെപ്പോ വന്നു എന്ന ചോദ്യത്തിൽ മറുപടിയെന്നോളം വെട്ടു പോത്തു കണക്കെയുള്ളോരു നോട്ടം അല്ലാതെ അളിയൻ ഒന്നും മിണ്ടിയില്ല.

അവളാണെങ്കിൽ സകലമാന തുണിയും വാരി ബാഗിൽ കുത്തി നറക്കുന്നു, അതും മൂന്നു ബാഗിൽ ആണെന്ന് ഓർക്കണം.

ഇതിനു മാത്രം ബാഗ് ഇതെവിടെന്നെടാ ഈ വീട്ടിൽ. കഴിഞ്ഞ ആഴ്ച ജോജുവിന്റെ അമ്മായിയപ്പന്റെ എസ്റ്റേറ്റിൽ ഒരു രണ്ടു ദിവസത്തെ പണിക്കു പോയപ്പോൾ

രണ്ടു പാന്റും ഷർട്ടും കൊണ്ടുപോകാൻ നോക്കിയപ്പോൾ ഒരു അമ്പതു പൈസ കവറു പോലും ഈ വീട്ടിൽ ഞാൻ കണ്ടില്ല.

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഇങ്ങനെയാ കണാകുണാ പ്രശ്നം ഉണ്ടാക്കി വീട്ടിലേക്കു പോവുമ്പോൾ ഭർത്താക്കൻമ്മാരെ വിറപ്പിക്കാനെന്ന വണ്ണം സ്റ്റെപ്പിനിയായി ബാഗ് എവിടെങ്കിലും ഒളിപ്പിക്കും.

മൂന്നു ബാഗും പൊക്കി പിടിച്ചു അവളെന്നെ ദഹിപ്പിച്ചൊരു നോട്ടവും നോക്കി മുറ്റത്തേക്കിറങ്ങി.

ഹോ ആങ്ങളയെ കണ്ടപ്പോൾ വീണ്ടും ഫിലോമിന പറയുന്നത് പോലെ, “പനി നീര് തളിയനെ ‘ എന്ന മട്ടിൽ പൂങ്കണ്ണുനീർ.

ഇത്തരം സാഹചര്യങ്ങളിൽ ഇവളുമാർ ഒഴുക്കുന്ന ഈ കണ്ണുനീരിനു ഒരുപാട് പ്രതേകതയും അതുപോലെ മൂല്യവും കൂടും അത് പറഞ്ഞറിയിക്കാൻ കഴിയില്ല.

പെങ്ങളുടെ കണ്ണുനീർ കണ്ടപ്പോൾ ആങ്ങളയുടെ കണ്ണു ചുവന്നു, എന്നെ നോക്കി ബൈക്കിന്റെ ആക്‌സിലേറ്റർ അങ്ങോടു ഇരപ്പിച്ചു. ഒരു ബാഗ് അളിയനും രണ്ടെണ്ണം അവളും പിടിച്ചു ബൈക്കിൽ കയറി.

അതീവ തീക്ഷണമായ നാലു കണ്ണുകൾ മുറ്റത്തു നിന്നു എന്നെ നോക്കി എരിഞ്ഞു കത്തുന്നു. ബാക്ക് ഗ്രൗണ്ടിൽ അളിയന്റെ ആക്സിലേറ്റർ ഇരപ്പിക്കലും കൂടി ആയപ്പോൾ ആകെ മൊത്തം കലിപ്പ്.

ബൈക്കെടുക്കാൻ നേരം അവൾ വീണ്ടും ചാടിയിറങ്ങി. ങേ ഇനി വല്ല മരണ മാസ്സ് ഡയലോഗും കാച്ചാൻ ഇറങ്ങിയതാണോ.

ഞാനും വിട്ടില്ല സുരേഷ് ഗോപിയുടെ ഷിറ്റടക്കം കുറെ ഡയലോഗും മനസ്സിൽ കരുതി. നേരെ വന്നവൾ എന്നെ നോക്കാതെ വീണ്ടും വീടിനകത്തേക്ക് കയറി പോയി.

ഇനി അഡിഷണൽ ആയി വല്ല ബാഗും എടുക്കാൻ പോയതാണോ. ഞാൻ അവളുടെ പുറകെ പോവാതെ അവിടെ തന്നെ നിന്നു.

അകത്തേക്ക് പോയവൾ ഒരു വലിയ ചക്കയുമായാണ് പുറം ലോകം കണ്ടത്.
ഓ അപ്പൊ ഇതെടുക്കാനായിരുന്നു വീണ്ടും ഇറങ്ങിയത്.

ബാഹുബലിയിൽ മുങ്ങി താഴ്ന്ന രമ്യ കൃഷ്ണൻ കുട്ടിയെ വെള്ളത്തിൽ നിന്നും പൊക്കി പിടിക്കുന്ന പോലെ അവൾ ആ ചക്കയെ പൊക്കി പിടിച്ചു പോകുന്ന സീൻ കണ്ടു എനിക്കു ഉള്ളിൽ ചിരി പൊട്ടി.

പൊക്കിക്കൊണ്ട് വന്ന ചക്ക നേരെ അളിയന്റെ മുന്നിലെ ഇരിപ്പിടത്തിൽ വച്ചു കൊടുത്തു. മൂന്നു ബാഗ് ഒരു ചക്ക ആഹാ മൊത്തത്തിൽ ഒരു പറയെടുപ്പ്.

വീണ്ടും പഴയ സീൻ. കത്തി ജ്വലിക്കുന്ന നാലു തീക്ഷ്ണമായ കണ്ണുകൾ എന്നെ നോക്കുന്നു.

പക്ഷെ ഇത്തവണ ആക്‌സിലേറ്റർ ഇരമ്പിയില്ല മാത്രമല്ല അളിയൻ പെട്ടെന്ന് നോട്ടം ബൈക്കിന്റെ ബാക്കിലെ ടയറിലേക്കു. ശബാഷ് “‘ ടയർ പഞ്ചർ..

ഹ ഹ ഇത്തവണ ഞാൻ മനസ്സിൽ ശരിക്കും ചിരിച്ചു.

മൂന്നു ബാഗും ഒരു ചക്കയും മുറ്റത്തു ഇടം പിടിച്ചു. അളിയൻ ടയറിൽ ഞെക്കി നോക്കുന്നു. ഇത്തവണ അളിയൻ ഒന്നു അയഞ്ഞ മട്ടുണ്ട്, പ്ലിങ്ങിയ ജഗദീഷിനെ പോലെ അളിയൻ പെങ്ങളെ നോക്കുന്നു.

അവളാണെങ്കിൽ കലിപ്പ് മോടിനു യാതൊരു മാറ്റവും കൊടുക്കാതെ നിൽക്കുന്നു.

ഇനിയെന്താ എന്ന മട്ടിൽ ഞാൻ ഇറയത്തു തന്നെ നിന്നു. പെണ്ണുമ്പിള്ള വീണ്ടും അകത്തേക്ക്. ഇനി വല്ല കുമ്പളങ്ങയോ വെള്ളിരിക്കയോ പൊക്കിയെടുക്കാനുള്ള പോക്കാണോ ഇത്.

പുറത്തു വന്നപ്പോൾ കുമ്പളങ്ങയോ വെള്ളിരിക്കയോ കണ്ടില്ല.

മുറ്റത്തു വന്നു അവൾ പ്ലിങ്ങിയ അളിയന് എന്തോ വച്ചു നീട്ടുന്ന കണ്ടു.

ഓ എന്റെ ബൈക്കിന്റെ താക്കോൽ.
ലേശം ഉളുപ്പ് ” ലേശം ഉളുപ്പ് ഉണ്ടെങ്കിൽ അളിയൻ എന്റെ ബൈക്കിന്റെ ചാവി വാങ്ങില്ലായിരുന്നു.

ഉളുപ്പ് മാത്രമല്ല ഒട്ടും നാണവും ഇല്ലെന്നു എന്റെ അളിയൻ അവിടെ വീണ്ടും തെളിയിക്കുകയായിരുന്നു.

മൂന്നു ബാഗും ഒരു വലിയ വരിക്ക ചക്കയും കൊണ്ടു എന്റെ ബൈക്ക് പടി കടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.

കണ്ടോ ഒരു ഭർത്താവിന്റെ ഗതികേടു.
ഒരു കാലിച്ചായ ഇടാൻ അറിയാത്ത ഞാൻ ഇനി എന്തുണ്ടാക്കി കഴിക്കും.

അടുക്കളയിൽ ആണെങ്കിൽ പഴംചോറല്ലാതെ ഒന്നും തന്നെ ഇരിപ്പില്ല. ഇവളുമാർ ഇങ്ങനെ ഇറങ്ങി പോയാൽ ഞങ്ങൾ പാവം ഭർത്താക്കൻമ്മാർ എന്ത് ചെയ്യും.

എങ്ങനെയൊക്കെയോ വൈകുന്നേരം ആക്കി. ഉച്ചക്ക് പട്ടിണി ആയതും വൈകിട്ട് അതി ക്രൂരമായി പട്ടിണി ആവാനിരിക്കുന്നതും കണ്ടു ഞാൻ വീട് പൂട്ടിയിറങ്ങി.

അടുത്തു കണ്ടൊരു തട്ടുകടയിലേക്കു കയറിയപ്പോൾ തട്ടുകട ചേട്ടൻ കപ്പയും ഇറച്ചിയും ചീൻച്ചട്ടിയില് ഇട്ടു മിക്സ്‌ ചെയ്യുന്നത് കണ്ടു കണ്ണിലും വായിലും വെള്ളം വന്നു.

ചേട്ടാ ഒരു കപ്പയും ഇറച്ചിയും എന്നു പറയാൻ നാവു ഉരുവിട്ടപ്പോൾ ആണ് ജയയുടെ മുഖം ഓർമയിൽ വന്നത്.

പാവം വാശിയാണെങ്കിലും അവളും ഒന്നും കഴിച്ചു കാണില്ല. ഒരു നെടുവീർപ്പിട്ടു തട്ടുകടയിൽ നിന്നും ഇറങ്ങി.

ഫോണെടുത്തു അവളെ വിളിച്ചു.
റിങ് ചെയ്യുന്നത് അല്ലാതെ കാൾ അവളെടുത്തില്ല. പാവം ഭാര്യ വിശന്നു എന്നൊയോർത്തു കരഞ്ഞു ഇരിക്കായിരിക്കും.

അവളുടെ ഉള്ളിൽ ഇപ്പൊ വേറെ ഒരാളും കൂടിയുള്ള സമയം കൂടിയാണല്ലോ എന്നോർത്തപ്പോൾ ചങ്കു പിടഞ്ഞു.

തിരികെ വന്നു തട്ടുകടയിൽ കയറി രണ്ടു കപ്പയും കോഴിക്കറിയും പാർസൽ വാങ്ങി ഒരു ഓട്ടോ പിടിച്ചു നേരെ അവളുടെ വീട്ടിലേക്കു വിട്ടു.

ഓട്ടോ ഭാര്യയുടെ വീട്ടിൽ എത്തിയതിനു ശേഷമേ എനിക്കു തെല്ലൊരു ആശ്വാസം ഉണ്ടായിരുന്നുള്ളു. മുൻ വശത്തു ആരെയും കണ്ടില്ല.

അവള് ഇങ്ങു വന്നപാടെ ഒന്നും കഴിക്കാതെ മുറിയിൽ കയറി ഇരിപ്പുണ്ടായിരിക്കും. അവളുടെ മുറിയിലോ വീടിനകത്തോ ആരെയും കാണുന്നില്ല.

കുറച്ചു നീങ്ങി അടുക്കളപ്പുറത്തു ചെന്ന ഞാൻ ഞെട്ടിപോയി.

എന്റെ ഭാര്യ അവിടുന്ന് പോരുമ്പോൾ കൊണ്ടുവന്ന ആ വരിക്ക ചക്ക അളിയൻ നിലത്തിരുന്നു വെട്ടി പാകമാക്കുന്നു അളിയന്റെ ഭാര്യയും അമ്മായിയമ്മയും കുറച്ചു പുറത്തിട്ടു ഉപ്പേരിയാക്കുന്നു.

എന്റെ ഭാര്യ എന്നു പറയുന്നവളും പിന്നെ അളിയന്റെ രണ്ടു പീക്കിരികളും കൂടി പച്ച ചക്കക്കു വേണ്ടി തല്ലുകൂടുന്നു. ആകെ മൊത്തം ഒരു ഉത്സവം തന്നെയെന്ന് പറയാം.

എന്നെ കണ്ടതും അളിയൻ ചക്ക വെട്ടു നിറുത്തി. അവൾ ഒരു പുച്ഛത്തോടെ അകത്തെ മുറിയിലേക്ക് പോയി. പീക്കിരികൾ വന്നു എന്റെ കയ്യിലെ പാർസൽ പൊതി മേടിച്ചുകൊണ്ടു പോയി.

അളിയൻ വന്നു എന്നോട് പറഞ്ഞു. എന്റെ അളിയാ ഈ വക നിസാര പ്രശ്നത്തിന് ഇങ്ങനെ വഴക്കിടാമോ. അതെ പെങ്ങളോട് ചോദിക്ക്. കാള പെറ്റെന്നു കേട്ട് ഓടിവരാൻ അളിയനോട് ആര് പറഞ്ഞു.

അളിയൻ ഒന്നു നെടുവീർപ്പിട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു, അളിയോ ഇടയ്ക്കു വണ്ടിയിൽ ഇത്തിരി പെട്രോൾ ഒക്കെ അടിക്കാം കേട്ടോ.

പാവം പകുതിക്കു വച്ചു ചക്കയും, ബാഗും ചുമന്നു നടുവൊടിഞ്ഞു കാണും. പെണ്ണുങ്ങൾക്ക്‌ പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നത് ഒരു സ്ഥിരം പരിപാടി അല്ലല്ലോ.

ഞാനും അളിയനും മുറ്റത്തു ഒരു കസേരയിട്ട് കുപ്പി പൊട്ടിച്ചു അടി തുടങ്ങി. എപ്പോഴോ ഞാൻ അകത്തു ചെന്നപ്പോൾ അവളും അളിയന്റെ പിള്ളേരും വലിച്ചു വാരി കപ്പയും ഇറച്ചിയും കയറ്റുന്നു. എന്നിട്ട് എന്നെ നോക്കി അളിഞ്ഞ ഒരു ചിരിയും.

Leave a Reply

Your email address will not be published. Required fields are marked *