പണിക്കു പോകാതെ നിന്റെ ഓളേയും മക്കളെ പോറ്റാൻ ഞാൻ കരാറൊന്നും..

വീടാരസുഖം പരമസുഖം
(രചന: Krishnan Abaha)

പണിക്കു പോകാതെ നിന്റെ ഓളേയും മക്കളെ പോറ്റാൻ ഞാൻ കരാറൊന്നും എടുത്തിട്ടില്ല. നാണമില്ലല്ലോ ഇങ്ങനെ സമയാസമയം വെട്ടി വിഴുങ്ങാൻ…

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടുകൊണ്ടിരുന്ന ഭക്ഷണ പാത്രം വലിച്ചെറിഞ്ഞു ഞാൻ.

എന്റെ അച്ഛന്റെ പെൻഷൻ പണം അമ്മ എന്ന ഈ താടകക്ക് മാത്രം അവകാശപ്പെട്ടതല്ല. എനിക്കും അതിൽ അവകാശം ഉണ്ട്.

അച്ഛൻ വെറുതെ അല്ല തൂങ്ങി ചത്തത് നിന്റെ ശല്യം കൊണ്ടല്ലേ. പെൻഷനായിട്ട് ഒരു ആറുമാസം ജീവിച്ചോ… ശമ്പളം കിട്ടാതാകുമ്പോൾ പെണ്ണിന്റ തനി സ്വഭാവം പുറത്തെടുത്തു.

ഞാൻ ഉറഞ്ഞു തുള്ളി.

ഒരമ്മയെ താടക എന്നും നീയെന്നും വിളിക്കുന്ന നീ ഒരിക്കലും ഗുണം പിടിക്കില്ല. അച്ഛന്റെ സ്വത്തിനു അവകാശം ഇല്ലെന്നു പറയുന്നില്ല.

നീ പണിയെടുക്കണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഞാൻ ചത്തു പോയാൽ ഈ പിള്ളേരെ ആര് നോക്കും?

അതിനു എന്റെ ഭാര്യാവീട്ടുകാർ ഉണ്ട്. അവൾ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളുടെ ഉടമയാണ്.

അവരുടെ അടുത്തു നില്ക്കാൻ പോലും ഇന്നാരുമില്ല ഈ കുടുംബത്തിൽ അറിയോ…

ഞാൻ വീട്ടില്ല.

എന്നാ പോയിക്കോ അങ്ങട്. ആരാ വിലക്കിയത് അവിടെ പോയി നിൽക്കണ്ടെന്ന്..

ഞാൻ പോകുകയാണ്. വാ സരസ്സു.. മക്കളെ…

പിന്നെ താമസിച്ചില്ല

അമ്മയുടെ ശല്യം സഹിക്കാതെ വന്നപ്പോൾ ഞാൻ കെട്ടിയോളെയും മക്കളേയും കൂട്ടി ഭാര്യയാവീട്ടിൽ ചെന്നു.

ഞാനും ഭാര്യയും മക്കളും അങ്ങനെ അവളുടെ വീട്ടിൽ എത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്.

കാരണം കല്യാണം കഴിഞ്ഞു വർഷങ്ങൾ ഏറെ ആയെങ്കിലും അങ്ങനെ അവിടെ പോയി താമസിക്കുന്ന ശീലക്കാരനല്ല. പോയി വരവു മാത്രം.

അവിടെ എത്തിയ ഉടനെ അമ്മായി നല്ല മുന്തിരി ജ്യൂസ്‌ നൽകി. കുറേ ആയി ഒരു ജ്യൂസ്‌ കുടിച്ചിട്ട്. പിന്നെ പലഹാരങ്ങൾ നിരത്തി വെച്ച ചായ സൽക്കാരം. ഇതൊക്കെ വേണ്ടുവോളം ആസ്വദിച്ചു.

കുളിച്ചു വന്നു നല്ല വിഭവ സമൃദ്ധമായ ഭക്ഷണം. ഒന്നു മയങ്ങി ഉണർന്നപ്പോൾ വീണ്ടും ചായ. ടീവി കണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ അതാ വിളിക്കുന്നു. ബിരിയാണി റെഡിയായിട്ട്. ഹാ… എന്താ സുഖം. ഇതുവരെ അനുഭവിക്കാത്ത ആനന്ദം. മുമ്പേ ഇവിടെ വരാത്തത് തെറ്റായി പോയെന്നു തോന്നി.

കാലത്തും നല്ല പരിചരണം. അതു പോലെ രണ്ടു നാൾ ആഘോഷം തന്നെയായിരുന്നു.

കുറച്ചു ദിവസം അങ്ങനെ സിനിമ കണ്ടും ഫോണിൽ കുത്തിക്കളിച്ചും കഴിഞ്ഞു പോയി. പിന്നെ പിന്നെ അമ്മായിയുടെ സ്വഭാവം പുറത്തു വന്നു തുടങ്ങി.

കാലത്തു പഴയ രുചിക്കൂട്ടുകളില്ല. രണ്ടു ഉണങ്ങിയ ദോശ. തലേന്നു വെച്ച കറിയുടെ ബാക്കി. വൈകിട്ട് അറിനുറുക്ക്.

അത്താഴത്തിനു അയക്കൂറ ഇല്ല.. അതു തിരണ്ടിയായി. അയില.. പിന്നെ മത്തി. പിന്നെ ഉണക്ക് മീനായി. പരിപ്പിൽ എത്തിയപ്പോൾ എന്റെ ക്ഷമ കെട്ടു.

എന്റെ വീട്ടിൽ അമ്മ ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല. അയക്കൂറ അല്ലെങ്കിലും നല്ല മീൻ കറിയും തോരനും മോരും രസവുമൊക്ക ഉണ്ടാകും. അതും കൃത്യ സമയത്തു.

ഒരു ദിവസം പുലർച്ചെ രണ്ടു മണിവരെ ഭാര്യയാവീട്ടുകാർ സിനിമ കണ്ടിരുന്നു. അത്താഴം തന്നതേ ഇല്ല. സഹികെട്ടു ഞാൻ ഭാര്യയോട് പറഞ്ഞു.

വിശക്കുന്നെടി.. ചോറു വിളമ്പ്…

സിനിമ കഴിയട്ടെ…

എന്നിട്ടവൾ സിനിമയിൽ മുഴുകി.

ഞാൻ ക്ഷമകെട്ടു അടുക്കളയിൽ ചെന്നു ചോറും കറിയും എടുത്തു കഴിക്കാൻ തുടങ്ങുമ്പോൾ ഭാര്യയുടെ അമ്മ അവിടെ വന്നു.

നാണമില്ലെടാ ഭാര്യാ വീട്ടിൽ ചെന്നു കട്ടു തിന്നാൻ..

ഇടിവെട്ടേറ്റവനെ പോലെ ഞാൻ തരിച്ചു പോയി. എനിക്കു കുറ്റബോധം തോന്നി.

ഞാൻ അപ്പോൾ അമ്മയെ ഓർത്തു പോയി. പിന്നെ അവിടെ നിന്നില്ല. വാതിൽ തുറന്നു സ്വന്തം വീട്ടിലേക്കു പുറപ്പെട്ടു.

അമ്മ ഉറങ്ങി കാണുമോ? ഞാനില്ലാതെ…

Leave a Reply

Your email address will not be published. Required fields are marked *