നാണമില്ലേ നിങ്ങൾക്ക് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ..

മരുമകൾ
(രചന: അനാമിക അനു)

” മോളെ… ദാ ഈ ചായ കുടിക്ക്.. ”

ഷൈലജ സ്നേഹത്തോടെ ഒരു കപ്പ് കാപ്പി മരുമകൾക്ക് നേരെ നീട്ടി. മരുമകൾ ആകട്ടെ അതൊന്നു നോക്കി വീണ്ടും ഫോണിലേക്ക് ശ്രദ്ധ തിരിച്ചു.

താൻ പറഞ്ഞത് അവൾ കേൾക്കാഞ്ഞിട്ട് ആണോ എന്ന സംശയത്തിൽ ഷൈലജയുടെ നെറ്റി ചുളിഞ്ഞു.

” മോളേ… ചായ.. ”

അവർ ആവർത്തിച്ചു.

” ശോ..ഇതെന്തൊരു ശല്യമാണ്… ചായ ഞാൻ ചോദിച്ചോ..? എനിക്ക് ആവശ്യം ഉണ്ടെങ്കിൽ ഞാൻ കുടിച്ചോളും. അവിടെ എങ്ങാനും വച്ചിട്ട് പോകാൻ നോക്ക്. ”

പരുഷമായി അവൾ മറുപടി കൊടുത്തു. ഒന്നും മിണ്ടാതെ ചായകപ്പ് സോപാനത്തിലേക്ക് വെച്ചുകൊണ്ട് അമ്മായിഅമ്മ അകത്തേക്ക് പോയി.

” ഒരു സമയവും മനുഷ്യന് സ്വസ്ഥത തരില്ല. ചായ..ചോറ്..എന്ന് പറഞ്ഞ് എപ്പോഴും പിന്നാലെയാണ്. പ്രൈവസി എന്നു പറയുന്ന ഒരു സാധനം ഇല്ല ഈ വീട്ടില്.. ”

അരിശത്തോടെ മരുമകൾ വീണ പിറുപിറുക്കുന്നുണ്ടായിരുന്നു. ഒക്കെയും കേട്ടിട്ടും കേൾക്കാത്ത പോലെ നടിച്ചു അമ്മ.

വീണ കുളിക്കാൻ കയറിയ സമയത്താണ് അവളുടെ ഫോൺ ബെൽ അടിക്കുന്നത് ഷൈലജ കേട്ടത്. ആരാണെന്നറിയാൻ ഒരു കൗതുകത്തോടെ അവർ ഫോണിലേക്ക് എത്തിനോക്കി.

തന്റെ മകന്റെ ചിരിച്ച മുഖം കണ്ടതോടെ അമ്മയ്ക്ക് സന്തോഷം തോന്നി. വേഗം തന്നെ അവർ ഫോൺ കൈയിലെടുത്ത് കോൾ അറ്റൻഡ് ചെയ്തു.

” ഹലോ… മോനേ.. സുഖമാണോ മോന്..? ഇന്ന് ജോലിക്ക് പോയില്ലേ..? അവിടെ എന്തൊക്കെയാ വിശേഷങ്ങൾ..? ”

ഒറ്റ ശ്വാസത്തിൽ ഒരു നൂറു ചോദ്യം ആ അമ്മ ചോദിച്ചു കഴിഞ്ഞു.

” അമ്മേ.. എല്ലാം കൂടെ ഇങ്ങനെ ഒന്നിച്ച് ചോദിക്കല്ലേ. അമ്മയ്ക്കു സുഖമല്ലേ..? എത്ര ദിവസമായി ഞാൻ അമ്മയോട് സംസാരിച്ചിട്ട്..”

സന്തോഷത്താൽ മകന്റെ ശബ്ദം ഇടറുന്നത് അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

” അമ്മയ്ക്ക് സുഖമാണ്.. ”

കണ്ണിൽനിന്ന് ഒഴുകാൻ വെമ്പിയ നീർത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ട് അമ്മ പറഞ്ഞു.

” അവിടെ വേറെ എന്തൊക്കെയാ വിശേഷങ്ങൾ..? ”

അമ്മയോട് സംസാരിക്കാനുള്ള കൊതിയോടെ ആ മകൻ ചോദിച്ചു.

” അത് പിന്നെ.. ”

അവർ പറയാൻ തുടങ്ങിയപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. തന്റെ ഫോണും കയ്യിൽ പിടിച്ച് നിൽക്കുന്ന അമ്മായി അമ്മയെ കണ്ടു മരുമകൾക്ക് ഹാലിളകി.

” ആരാ വിളിച്ചേ..? ”

ഉള്ളിലെ ദേഷ്യം അടക്കി വെച്ചുകൊണ്ട്, മറുവശത്ത് കോൾ കട്ട് ആയിട്ടില്ല എങ്കിൽ മോശം ആകേണ്ട എന്ന ചിന്തയോടെ അവൾ ചോദിച്ചു.

” വിനുവാ മോളേ.. ”

ആ മറുപടി കേട്ടതോടെ അവളുടെ മുഖം വീർത്തു. അവളുടെ ഭാവമാറ്റം അമ്മയ്ക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.

” മോനേ.. അവൾ വന്നിട്ടുണ്ട്. ഞാൻ ഫോൺ അവൾക്ക് കൊടുക്കാം. ”

അവർ ഫോൺ അവൾക്ക് നേരെ നീട്ടുന്നതിന് മുൻപ് തന്നെ തട്ടിയെടുക്കുന്നത് പോലെ അവൾ ആ ഫോൺ പിടിച്ചുവാങ്ങി.

അത് ചെവിയോട് ചേർത്ത് വെക്കുമ്പോൾ അവൾ അവരെ നോക്കി കണ്ണുരുട്ടി. അവർ ഒന്നും ഒന്നും മിണ്ടാതെ മുറി വിട്ടിറങ്ങി.

” ഹലോ… ചേട്ടനോട് ഞാൻ പറഞ്ഞതല്ലേ കുളിക്കാൻ പോവുകയാണെന്ന്.. പിന്നെ എന്തിനാ ഇപ്പൊ വിളിച്ചത്..? കുളി കഴിഞ്ഞു വന്നിട്ട് ഞാൻ അങ്ങോട്ട് വിളിക്കും ആയിരുന്നല്ലോ..”

ഉള്ളിൽ ഉയർന്നുവന്ന ദേഷ്യം പരമാവധി അടക്കിവെച്ചു കൊണ്ട് വീണ ചോദിച്ചു.

” നിന്റെ കുളി കഴിയുന്ന സമയം നോക്കി ഇരുന്നാൽ എനിക്ക് ജോലിക്ക് പോണ്ടേ..?

അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പൊ വിളിച്ചതിൽ എന്താ തെറ്റ്..? ഈ സമയത്ത് വിളിച്ചതുകൊണ്ട് എനിക്ക് അമ്മയോട് രണ്ടു വാക്ക് മിണ്ടാൻ കഴിഞ്ഞു.

നിന്നോട് അമ്മയ്ക്ക് ഒന്ന് ഫോൺ കൊടുക്കാൻ പറഞ്ഞാൽ നീ ചെയ്യില്ലല്ലോ. ഞാൻ അമ്മയോട് സംസാരിച്ചിട്ട് എത്ര നാളായി എന്ന് നിനക്കറിയാമോ..? നിനക്ക് ആ വിഷമം പറഞ്ഞാൽ മനസ്സിലാകില്ല.

നീ നിന്റെ അമ്മയോടും നിന്റെ കുടുംബക്കാരോടും ഒക്കെ ഡെയിലി ഫോൺ ചെയ്ത് സംസാരിക്കുന്നത് അല്ലേ..? അങ്ങനെയുള്ള നിനക്ക് അന്യ നാട്ടിൽ വന്ന് കിടന്ന് കഷ്ടപ്പെടുന്ന എന്റെ ഒന്നും വിഷമം പറഞ്ഞാൽ മനസ്സിലാകില്ല.”

സങ്കടത്തിലും വിഷമത്തിലും അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതുകേട്ട് അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി.

” നിനക്ക് വേണ്ടെങ്കിലും എന്റെ അമ്മയെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലല്ലോ.!
ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട എന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വളർത്തി വലുതാക്കിയത് ആ സ്ത്രീ ആണ്. നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. ”

അവൻ കൂട്ടിച്ചേർത്തു. അവൻ ദേഷ്യത്തിൽ ആണെന്ന് കണ്ടതും അവൾ അടവ് മാറ്റി.

” അതിന് ചേട്ടൻ അമ്മയോട് സംസാരിച്ചതിന് ഞാൻ കുറ്റമൊന്നും പറഞ്ഞില്ലല്ലോ. ”

അവൻ ഒന്നമർത്തി മൂളി.

” ഇല്ല.. നീ ഒന്നും പറഞ്ഞില്ല.. നിന്റെ സ്വഭാവം എനിക്കറിയാലോ.. ”

അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വീർത്തു.

” ശരി അപ്പോൾ. ഞാൻ വൈകിട്ട് വിളിക്കാം.. ”

അവൻ കാൾ കട്ട്‌ ആക്കി. അതോടെ അവൾ അടക്കി വച്ചിരുന്ന ദേഷ്യം മുഴുവൻ പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അവൾ അരിശത്തോടെ പല്ല് ഞെരിച്ചു കൊണ്ട് ഷൈലജയ്ക്ക് അടുത്തേക്ക് ചെന്നു.

“ദേ.. തള്ളേ.. നിങ്ങളോട് ആരാ എന്റെ ഫോൺ എടുക്കാൻ പറഞ്ഞത്..? ”

ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുകയായിരുന്നു അവൾ. അവളുടെ ഭാവത്തിൽ ഷൈലജ പകച്ചു പോയിരുന്നു.

” മറ്റാരുടെയും കോള് അല്ലല്ലോ മോളെ…വിനുവിന്റെ അല്ലേ..? ”

” അതിന്..? വിനുവിന്റെ കോൾ ആണെങ്കിൽ എടുക്കാമെന്ന് നിങ്ങളോട് ആരാ പറഞ്ഞത്..? വിനു വിളിച്ചത് എന്നെ അല്ലേ..? എന്റെ ഫോണിലേക്ക് എന്റെ ഭർത്താവ് വിളിക്കുന്നത് എന്നോട് സംസാരിക്കാൻ ആണ്.

അതിനിടക്ക് കയറാൻ നിങ്ങളോട് ആരു പറഞ്ഞു..? നാണമില്ലേ നിങ്ങൾക്ക് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാൻ..? ”

അവളുടെ വാക്കുകൾ കേട്ട് ഷൈലജയുടെ കണ്ണ് നീർത്തുള്ളികൾ ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു.

” എന്തെങ്കിലും പറഞ്ഞാൽ കണ്ണു നിറച്ചു വെച്ച് അങ്ങനെ നിന്നോളണം. ഇന്ന് മോനോട് ഫോണിൽ സംസാരിക്കാൻ കിട്ടിയ അവസരം പാഴാക്കി കളഞ്ഞിട്ട് ഉണ്ടാവില്ലല്ലോ. എന്റെ കുറ്റങ്ങളും കുറവുകളും ഒക്കെ പറഞ്ഞു കാണുമല്ലോ.. ”

അവൾ പുച്ഛത്തോടെ പറഞ്ഞു.

” ഞാൻ മോളെ കുറിച്ച് എന്തു കുറ്റം പറയാനാ..? ഞാനൊന്നും പറഞ്ഞില്ല മോളെ.. ”

ഇടറുന്ന ശബ്ദത്തിൽ ഷൈലജ പറഞ്ഞൊപ്പിച്ചു.

” പറയാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം. കുറച്ചു കാലം കൂടി ഇതുപോലെ ഒക്കെ അങ്ങ് പോവുക. അല്ലെങ്കിൽ വല്ല വൃദ്ധസദനത്തിലും കൊണ്ട് തള്ളും ഞാൻ.. ”

ഭീഷണിയുടെ സ്വരത്തിൽ അവൾ പറഞ്ഞു. ഒഴുകിവന്ന കണ്ണുനീർ തുള്ളികളെ ഷൈലജ തുടച്ചു നീക്കി.

” മോളെ.. എനിക്ക് ആണായും പെണ്ണായും അവൻ ഒരുത്തനെ ഉള്ളൂ. നീ വന്നു കയറിയപ്പോൾ മുതൽ എനിക്ക് ജനിക്കാതെ പോയ എന്റെ മകളായി മാത്രമേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ.

പക്ഷേ ഞാൻ നിനക്ക് അമ്മയുടെ സ്ഥാനത്ത് അല്ല എന്നെനിക്കറിയാം.

മോൾക്ക് എന്നെ അങ്ങനെ കാണാൻ കഴിയുന്നില്ലെങ്കിൽ വേണ്ട. ഞാനൊരു മനുഷ്യനാണ് എന്ന് എങ്കിലും ചിന്തിച്ചുകൂടെ..? എന്റെ മോനോട് ഞാൻ സംസാരിച്ചിട്ട് മാസങ്ങളായി.

എനിക്ക് ഫോൺ ഉണ്ടായിരുന്ന സമയത്ത് ഇടയ്ക്കെങ്കിലും എനിക്ക് അവനോട് സംസാരിക്കാൻ കഴിയുമായിരുന്നു. പക്ഷേ ഇപ്പോൾ അതല്ലല്ലോ സ്ഥിതി.

എന്റെ ഫോൺ നീ മനപൂർവം നശിപ്പിച്ചതാണ് എന്ന് എനിക്കറിയാം. എന്നിട്ടും ഇന്നുവരെ അതിനെക്കുറിച്ച് ഒരക്ഷരം പോലും ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ. മക്കൾ തെറ്റ് ചെയ്താൽ അമ്മമാർ അത് തിരുത്തി കൊടുക്കും.

ആദ്യമൊക്കെ ക്ഷമിക്കും. തെറ്റുകൾ ഒരുപാട് ആകുമ്പോഴാണ് അവർ പ്രതികരിക്കുക. നിന്നെ ഞാൻ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ..?

അത് നിന്നെ പേടിച്ചിട്ടാണ് എന്നാണോ നീ കരുതുന്നത്..? എന്നാൽ അത് നിന്റെ തെറ്റിദ്ധാരണയാണ്.

ഈ കുടുംബത്തിലെ സമാധാനം നിലനിൽക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഒതുങ്ങി മാറിനിൽക്കുന്നത്.

എന്ന് കരുതി എപ്പോഴും എപ്പോഴും ഇങ്ങനെ ആയിരിക്കും എന്ന് കരുതരുത്. ഞാനിപ്പോൾ പറയുന്നതൊന്നും ഒരുപക്ഷേ നിനക്ക് മനസ്സിലായെന്ന് വരില്ല.

നാളെ നിനക്ക് ഒരു മകനുണ്ടായി, അവൻ കെട്ടി കൊണ്ടു വരുന്ന പെൺകുട്ടി നിന്നോട് ഈവിധമെല്ലാം പെരുമാറുമ്പോൾ മാത്രമേ ഞാനിപ്പോൾ അനുഭവിക്കുന്നത് എന്താണെന്ന് നിനക്ക് മനസ്സിലാകൂ.

ഇതുപോലൊരു അവസ്ഥ നിനക്ക് ഒരിക്കലും വരാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും.

കാരണം ഞാൻ അനുഭവിക്കുന്നത് നീ കൂടി അനുഭവിക്കാൻ എനിക്ക് ഇഷ്ടമല്ല . എത്രയൊക്കെ ആയാലും നീ എന്റെ മകൾ അല്ലേ..”

അമ്മ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും, പുച്ഛത്തോടെ മരുമകളുടെ ചുണ്ടുകൾ കോടിയിരുന്നു.

NB: ചിലതൊക്കെ അങ്ങനെയാണ്. എത്രകാലം കഴിഞ്ഞാലും എത്ര ഉപദേശം കേട്ടാലും ചിലരൊന്നും നന്നാവില്ല.

Leave a Reply

Your email address will not be published. Required fields are marked *