കല്യാണത്തിന് മുന്നും ഇങ്ങനെ ഒരു മാസം തെറ്റിയൊക്കെ പിരീഡ് ആകാറുണ്ട്, പക്ഷേ കല്യാണം കഴിഞ്ഞ പെൺകുട്ടികളുടെ..

(രചന: അംബിക ശിവശങ്കരൻ)

“ശിൽപേ ഒന്നിങ്ങോട്ട് വന്നേ…”

ജോലിയെല്ലാം കഴിഞ്ഞ് മുറിയിൽ വന്നിരുന്ന നേരമാണ് പുറത്തുനിന്ന് ഭർത്താവ് ഗോകുലിന്റെ അമ്മ വിളിച്ചത്.

പാറിപ്പറന്ന് കിടന്നിരുന്ന മുടി നേരെയാക്കി ഉമ്മറത്തേക്ക് ചെന്നപ്പോൾ അവിടെ ഒരു സ്ത്രീ എനിക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.

“ഇതിവിടത്തെ ആശാവർക്കർ ആണ്. മോളോട് എന്തോ ചോദിക്കാനുണ്ടത്രെ..”

ഞാൻ എന്താണെന്നുള്ള ഭാവത്തിൽ അവരെ നോക്കി.

“ലാസ്റ്റ് കുളി എന്നായിരുന്നു?”

“ഓഹ്… ആ ചോദ്യം കേട്ടതും സംഭവം എന്താണെന്ന് മനസ്സിലായി ഒന്നരമാസമായി പീരിയഡ് ആകാത്ത കാര്യം അമ്മ പറഞ്ഞു കാണും. അമ്മയുടെ മുന്നിൽ വെച്ച് ഇനി എങ്ങനെയാണ് അവരോട് കള്ളം പറയുന്നത്? ഞാനാകെ ആശയക്കുഴപ്പത്തിലായി.

“കഴിഞ്ഞമാസം പിരീഡ് ആയിട്ടില്ല. എനിക്ക് പിസിഓഡി യുടെ പ്രശ്നമുണ്ട് അതുകൊണ്ട് ചിലപ്പോഴൊക്കെ റെഗുലറായി പിരീഡ് ആകാറില്ല.

ഞാനവരോട് അത് പറയുമ്പോൾ അമ്മ അതെന്താണെന്ന് മനസ്സിലാകാത്ത മുഖഭാവത്തോട് കൂടിയിരുന്നു. അല്ലെങ്കിലും പിസിഒഡി എന്നൊക്കെ പറഞ്ഞാൽ ഒട്ടുമിക്ക അമ്മമാർക്കും അറിയണമെന്നില്ല പ്രത്യേകിച്ച് പ്രായമായവർക്ക്.

“എന്തായാലും താനൊന്ന് ടെസ്റ്റ് ചെയ്തു നോക്ക്. പ്രഗ്നൻസി കിറ്റ് വാങ്ങി തനിയെ തന്നെ നോക്കാമല്ലോ… ആദ്യം നോക്കാൻ അതൊക്കെ മതി. ഹോസ്പിറ്റലിൽ തന്നെ പോകണമെന്നില്ല.”

“ഇവിടെ അടുത്തൊരു ലേഡി ഡോക്ടർ ഉണ്ട് അവിടെ കൊണ്ട് ചെന്ന് സ്കാൻ ചെയ്ത് നോക്കാം.”

അമ്മ അവരോട് അത് പറയുമ്പോൾ എന്തിന്…. എന്നുള്ള ചിന്തയായിരുന്നു എനിക്ക്.

അവർ തന്ന നിർദ്ദേശത്തിന് ഞാൻ മറുത്തൊന്നും പറയാൻ നിൽക്കാതെ ശരി എന്ന് തലയാട്ടി.

കാരണം, മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല… കുഞ്ഞുണ്ടാകാനുള്ള തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഞങ്ങൾ നടത്തിയിട്ടില്ല എന്നത് വ്യക്തമാണ്. പിന്നെ എങ്ങനെയാണ് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത്?ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.

” എന്തെങ്കിലും വിശേഷം ആയാൽ മറക്കാതെ എന്നെ അറിയിക്കണം കേട്ടോ… മൂന്നുമാസത്തിനുള്ളിൽ ഞങ്ങൾക്ക് റിപ്പോർട്ട് കൊടുക്കേണ്ടതാണ്. അതുകൊണ്ട് ആരോട് ഇക്കാര്യം പറഞ്ഞില്ലെങ്കിലും എന്നെ വിളിച്ചു പറയാൻ മറക്കരുത്. ”

ഇത്രയും പറഞ്ഞു കൊണ്ട് അവർ പറഞ്ഞു തന്ന ഫോൺ നമ്പർ ഞാൻ ഫോണിൽ സേവ് ചെയ്തു വച്ചു.

കല്യാണം കഴിഞ്ഞു ഒരു വർഷം തികയുന്നു… കല്യാണം കഴിഞ്ഞ് പിറ്റേ മാസം ആവാതിരുന്നപ്പോഴും എല്ലാവരും കരുതിയത് വിശേഷം ഉണ്ടെന്നാണ്. പിന്നീട് ഡയറ്റും എക്സസൈസും ഒക്കെ എടുത്താണ് പിരീഡ് റെഗുലർ ആയത്.

കല്യാണത്തിന് മുന്നും ഇങ്ങനെ ഒരു മാസം തെറ്റിയൊക്കെ പിരീഡ് ആകാറുണ്ട്. പക്ഷേ കല്യാണം കഴിഞ്ഞ പെൺകുട്ടികളുടെ മാസക്കുളി തെറ്റുന്നത് ആണല്ലോ എല്ലാവരുടെയും വിഷയം?

” തനിക്ക് പിസിഒഡി ആണ്. ഇത് അങ്ങനെ മെഡിസിൻ എടുത്തു മാറ്റേണ്ട ഒരു രോഗമല്ല.

ഇന്നത്തെ കാലത്തെ ഭക്ഷണരീതികളും ജീവിതശൈലികളും കൊണ്ട് ഒട്ടുമിക്ക പെൺകുട്ടികളും ഫേസ് ചെയ്യുന്ന ഒന്നാണിപ്പോൾ പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്.

ജങ്ക് ഫുഡ്സ് ഒഴിവാക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ കുറയ്ക്കുക, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക,വ്യായാമം ചെയ്യുക ആൻഡ് വെയിറ്റ് ലോസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ”

ആർത്തവം ക്രമം തെറ്റി തുടങ്ങിയ നാൾ ഡോക്ടറെ കണ്ട് സ്കാൻ ചെയ്ത് റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞ വാക്കുകൾ ആണത്.

വൈകുന്നേരം ഗോകുൽ ജോലി കഴിഞ്ഞു വന്ന നേരം അനാവശ്യ കാരണങ്ങൾ ഉണ്ടാക്കിയാണ് ഗോകുലേനോട് ദേഷ്യപ്പെട്ടത്. അടുത്ത മിനിറ്റിൽ പഴയപോലെ സ്നേഹത്തോടെ പെരുമാറാനും കഴിഞ്ഞു.

“എനിക്കപ്പോഴേ അറിയാമായിരുന്നു പിരീഡ്സ് ആകാതായപ്പോൾ ഇങ്ങനെ നാഗവല്ലി കളി കാണേണ്ടി വരുമെന്ന്.”

കളിയായിട്ടാണ് ഗോകുൽ അത് പറഞ്ഞെങ്കിലും അത് വളരെ വലിയൊരു സത്യമാണെന്ന് എനിക്ക് തോന്നി.

പിസിഒഡി ഉള്ള സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മൂഡ് സ്വിങ്

ഒരു ഊഞ്ഞാലിൽ ഇരുന്ന് ആടുന്നത് പോലെയാണ് ഇത്തരക്കാരുടെ മൂഡിൽ ചേഞ്ച് വരുന്നത്. നിസ്സാരം എന്ന് തോന്നി തള്ളിക്കളയേണ്ട പല കാര്യങ്ങളിലും ഭയങ്കരമായ നിരാശ തോന്നും.

ചിലപ്പോൾ ഉറക്കെ ദേഷ്യപ്പെടും. ചിലപ്പോൾ തനിച്ചിരുന്ന കരയും. അടുത്ത നിമിഷത്തിൽ തന്നെ ഭയങ്കര സന്തോഷവതിയായി സംസാരിക്കുകയും ചെയ്യും.

മൂഡ് സ്വിങ് എന്ന പേര് ചൊല്ലി അതിനെ വിളിക്കുമ്പോഴും ഇത്തരം ക്യാരക്ടർ ചേഞ്ചസ് ആക്സെപ്റ്റ് ചെയ്യാനും ആളുകൾ വേണം എന്നതാണ് സത്യം.

“എന്താ ആ പെണ്ണിന്റെ ഒരു തണ്ട് അവൾക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയത…. ഓഹ് ഇങ്ങനെയൊരു അഹങ്കാരി പെണ്ണ്…”

എന്നൊക്കെ പറഞ്ഞ് പലരും ഈ ഒരു അവസ്ഥയെ കുറ്റപ്പെടുത്താറുണ്ട്. ഭർത്താവിന്റെ ഭാഗത്ത് നിന്ന് കൂടിയുള്ള അവഗണന അവളെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ട് ചെന്ന് എത്തിക്കും.

“ഗോകുലേ… നീ എന്നെ എങ്ങനെ സഹിക്കുന്നു. ഇങ്ങനെ നാഗവല്ലി കളിക്കുമ്പോൾ നിനക്ക് എന്നെ ചവിട്ടി കൂട്ടി കിണറ്റിൽ ഇടാൻ തോന്നാറില്ല?”

, ഭക്ഷണം കഴിച്ചു കിടക്കുന്ന നേരമാണ് ഞാനത് ചോദിച്ചത്.

” ദേഷ്യം വരാറില്ലേ എന്ന് ചോദിച്ചാൽ വരാറുണ്ട്. ഇടയ്ക്കൊക്കെ നല്ല ദേഷ്യം തോന്നാറുണ്ട്. എന്തിനാണ് ഇത്ര നിസ്സാര കാര്യങ്ങൾക്ക് ഇങ്ങനെ വഴക്കുണ്ടാക്കുന്നതെന്ന് തോന്നാറുണ്ട്.

പക്ഷേ എത്രയൊക്കെ ദ്രോഹിക്കാൻ നോക്കിയിട്ടും നാഗവല്ലിയായി മാറിയ ഗംഗയെ നകുലൻ ജീവനായി സ്നേഹിച്ചിരുന്നില്ലേ?അതെന്തുകൊണ്ടാണ്? ഒന്നും ഗംഗ മനപൂർവ്വം ചെയ്യുന്നതല്ലെന്ന് അറിയാവുന്നത് കൊണ്ട്…

അതുപോലെ എന്നോട് ദേഷ്യപ്പെടുന്നതും നീ വേണമെന്ന് കരുതി ചെയ്യുന്നതല്ലെന്ന് എനിക്കറിയാം. അങ്ങനെയെങ്കിലും നിന്റെ മൂട് ശരിയാകുകയാണെങ്കിൽ ആകട്ടെ എന്ന് കരുതി.”

ഗോകുലത് പറഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി അവനോട് ചേർന്ന് കിടന്നു.

” ഇന്ന് ആശ വർക്കർ വന്നിരുന്നു. പിരീഡ്സ് തെറ്റിയ കാര്യം പറഞ്ഞപ്പോൾ എന്നോട് ടെസ്റ്റ് ചെയ്തു നോക്കാൻ പറഞ്ഞു.വിശേഷമുണ്ടോ എന്ന് അറിയാൻ. ”

“ഏഹ് ഞാനറിയാതെയോ?”

ഗോകുലിന്റെ നോട്ടം കണ്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു. ലൈറ്റ് ഓഫ് ചെയ്തു കിടക്കുമ്പോഴും ചിന്തകൾ നൂല് പൊട്ടിയ പട്ടം പോലെ പറന്നുകൊണ്ടിരുന്നു.

മൊബൈൽ എടുത്ത് ഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ ഫോട്ടോസ് എടുത്ത് വെറുതെ നോക്കി.

ഇത്ര മെലിഞ്ഞിരുന്ന ഞാൻ ഇങ്ങനെ തടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഇന്ന് ഇട്ടു മാറ്റിയ ഡ്രസ്സ് നാളെ വീണ്ടും ഇട്ടു നോക്കുമ്പോൾ ടൈറ്റ് ആയതുപോലെയാണ് തോന്നുന്നത്. പച്ചവെള്ളം കുടിച്ചാലും തടി വയ്ക്കും എന്ന് കേൾക്കാറേ ഉള്ളൂ എന്റെ കാര്യത്തിൽ അതിപ്പോ സത്യമായി തുടങ്ങിയത് പോലെ…

ഓരോ വട്ടം കാണുമ്പോഴും മറ്റുള്ളവർ പറയുന്ന ഒരു വാചകമാണ്

” നീ നന്നായി തടിച്ചല്ലോ” എന്ന്.

ഇഷ്ടമുള്ള ഭക്ഷണങ്ങൾ മനസ്സറിഞ്ഞു കഴിക്കാൻ തന്നെ പേടിയാണ്.അങ്ങനെ കഴിച്ചു പോയാൽ പിറ്റേ മാസം മുതൽ ആർത്തവം അതിന്റെ വഴിക്ക് അങ്ങ് പോകും.

ശരീരം തടിക്കുന്നത് മാത്രം മിച്ചം.പലപ്പോഴും മറ്റുള്ളവർ കഴിക്കുന്ന അത്ര പോലും കഴിക്കാറില്ലെങ്കിലും ശരീരം കണ്ടാൽ ബാക്കിയുള്ളവർക്ക് കൂടിയുള്ള ഭക്ഷണം നീയാണോ കഴിക്കുന്നത് എന്ന കമന്റ് ആണ് ബാക്കി.

പിസിഒഡി വന്നതിനുശേഷം ആണ് മുടി അസാധാരണ രീതിയിൽ കൊഴിഞ്ഞു തുടങ്ങിയതും. എത്ര ഉള്ള് ഉള്ള മുടിയായിരുന്നു എന്ന് അമ്മ ഇടയ്ക്കിടെ പറയുമ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നാറുണ്ട്. സത്യത്തിൽ മുടിയിൽ തൊടാൻ തന്നെ എനിക്കിപ്പോൾ പേടിയാണ്.

ഓരോ വട്ടം ചീകുമ്പോഴും കയ്യിൽ പോരുന്ന മുടിയിഴകൾ കാണുമ്പോൾ വല്ലാത്ത മാനസിക സമ്മർദ്ദം അനുഭവിക്കാറുണ്ട്. ഏതുതരം ഹെയർ ഓയിലുകളും ഇത്തരം മുടികൊഴിച്ചിലിനെ സേവ് ചെയ്യാറില്ല എന്നതാണ് സത്യം.

തലയിലെ മുടികൾ കൊഴിയുകയും മുഖത്ത് രോമങ്ങൾ വളരുകയും ചെയ്യുക എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.

” നീ ഇപ്പോൾ മീശയും താടിയും വളർത്തി തുടങ്ങിയോ? ”

ചുണ്ടിനു മുകളിലെയും താടിയിലെയും ചെറിയ രോമങ്ങൾ കണ്ട് മറ്റുള്ളവർ കളിയാക്കുമ്പോൾ വളരെയധികം വേദന തോന്നാറുണ്ട്. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് പിസിഒഡി എന്ന പ്രശ്നം അലട്ടാത്ത സ്ത്രീകളാണ് ഏറ്റവും ഭാഗ്യം ചെയ്തവർ എന്ന്.

ഇപ്പോൾ പോലും ഗോകുൽ ഉറങ്ങുമ്പോൾ ഇതെല്ലാം ഓർത്ത് എന്റെ മനസ്സ് വ്യാകുലതപ്പെട്ടു കൊണ്ടിരിക്കുകയാണ്.

തൊട്ടു മുൻപേ സന്തോഷത്തോടെ കിടന്നുറങ്ങാൻ തുടങ്ങിയ എന്റെ മനസ്സ് എത്രവേഗമാണ് ദുഃഖത്തിലേക്ക് ചേക്കേറിയത് ഇതുതന്നെയാണ് കുറെ നാളുകളായി ഞാൻ അനുഭവിച്ചു പോരുന്നതും.

ഞാൻ മാത്രമല്ല ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഏതൊരു പെണ്ണും…