എന്തിനാ അമ്മേ എന്നെ വേറൊരു വീട്ടിലേക്ക് കല്യാണം കഴിച്ച് അയക്കുന്നത്, ഞാൻ ഇവിടെ നിന്നാൽ എന്താ കുഴപ്പം..

(രചന: അംബിക ശിവശങ്കരൻ)

അമ്മേ ഏട്ടനെ എന്താ ഇതുവരെ കാണാത്തത്?

ഉമ്മറത്ത് കാത്തിരുന്ന് മുഷിഞ്ഞതും അവൾ അടുക്കളയിൽ വന്ന് അമ്മയോട് കാര്യം തിരക്കി.

“എത്രയിടത്ത് കല്യാണം വിളിക്കാനുള്ളതാ മോളെ… അവൻ ഒരാളല്ലേ ഉള്ളൂ എല്ലായിടത്തും ഓടി നടക്കാൻ. അച്ഛന്റെ സ്ഥാനത്ത് നിന്ന് കൂടി കാര്യങ്ങൾ ചെയ്യേണ്ടത് അവനല്ലേ? പാവം ഒരാഴ്ചയായി വിശ്രമമില്ലാതെ ഓടി നടക്കുന്നു.”

അച്ഛന്റെ മരണശേഷം ആ കുറവ് ഇന്നോളം അറിയാതിരുന്നത് ഏട്ടൻ തന്ന സ്നേഹവും സംരക്ഷണവും കൊണ്ടാണ്. അത് ഉപേക്ഷിച്ചു പോകാൻ സമയമായി എന്നോർക്കുമ്പോൾ അവളുടെ നെഞ്ച് വിങ്ങുന്നത് പോലെ തോന്നി.

“എന്തിനാ അമ്മേ എന്നെ വേറൊരു വീട്ടിലേക്ക് കല്യാണം കഴിച്ച് അയക്കുന്നത്? ഞാൻ ഇവിടെ നിന്നാൽ എന്താ കുഴപ്പം? എന്നെ നിങ്ങൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കാനും..

സ്നേഹിക്കാനുമൊക്കെ ക്കെ മറ്റാർക്കെങ്കിലും സാധിക്കുമെന്ന് തോന്നുന്നുണ്ടോ?”

അത് കേട്ടതും അവർ അവളെ ഒന്ന് നോക്കി. ശേഷം തന്റെ മകളെ സ്നേഹപൂർവ്വം ഒന്ന് തലോടി.

“അമ്മു.. എല്ലാ പെൺകുട്ടികളും സ്വന്തം വീട്ടിൽ രാജകുമാരികളായി തന്നെയാണ് വളരുന്നത്. ഈ അമ്മയും ഒരിക്കൽ അങ്ങനെയായിരുന്നു.

പക്ഷേ ജീവിതത്തിൽ മകൾ എന്ന വേഷം മാത്രമല്ല നമുക്ക് ചെയ്തുതീർക്കാൻ ഉള്ളത്. എല്ലാ വേഷങ്ങളും മികച്ചത് ആക്കി മാറ്റുമ്പോഴാണ് ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ വിജയിക്കുന്നത്.

” മകൾ എന്ന വേഷത്തിന്‍റെയത്ര എളുപ്പമായിരിക്കില്ല ഭാര്യ എന്നത്.

അതിലും പ്രയാസകരമായി തോന്നാം അമ്മ എന്ന വേഷം പക്ഷേ അത് അനുഭവിച്ച് അറിയുമ്പോൾ മാത്രമേ നിനക്കതിന്റെ സുഖം മനസ്സിലാക്കുകയുള്ളൂ… നിന്നെ ഇവിടെ നിന്ന് പറഞ്ഞു അയക്കാൻ ഞങ്ങൾക്കും ആഗ്രഹമില്ല.

പക്ഷേ ജീവിതത്തിൽ ഞങ്ങൾക്ക് ചില കടമകൾ ഉണ്ട് അത് നിർവഹിച്ചില്ലെങ്കിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന സമയത്ത് ചിലപ്പോൾ മനസ്സുകൊണ്ടെങ്കിലും നീ ഓർക്കും അമ്മയും ഏട്ടനും കാരണമല്ലേ എനിക്ക് ഈ ഗതി വന്നതെന്ന്… എന്റെ മോൾക്ക് പറഞ്ഞത് മനസ്സിലാകുന്നുണ്ടോ? ”

തലയാട്ടുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഇനി ഒരാഴ്ച വെറും ഒരാഴ്ച കൂടി കഴിഞ്ഞാൽ തന്നെ വേറൊരു ലോകത്തേക്ക് പറിച്ചുനടുകയാണ്. ഇവിടെനിന്ന് പടിയിറങ്ങുന്ന നിമിഷം അവൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അതോർക്കുമ്പോൾ ഇപ്പോഴേ ചങ്ക് പൊട്ടുന്നത് പോലെ…

അടുക്കളയിൽ നിന്നും നേരെ ചെന്ന് അലമാരയുടെ ഏറ്റവും മേലത്തെ തട്ടിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന പഴയ ഒരു ആൽബം എടുത്ത് കുറച്ചു നിമിഷം നെഞ്ചോടു ചേർത്തുപിടിച്ചു.

പിന്നീട് കട്ടിലിൽ കിടന്നുകൊണ്ട് ഓരോ താളുകളും മറച്ചു നോക്കി.

ഓരോ ഫോട്ടോയും കുട്ടിക്കാലത്തെ ഓരോ ഓർമ്മകളാണ് സമ്മാനിക്കുന്നത്.

” രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ഫാമിലി ഫോട്ടോ എടുത്തത്. അച്ഛന്റെ മടിയിൽ ഏട്ടനും അമ്മയുടെ മടിയിൽ താനുമായിരുന്നു ആദ്യം ഇരുന്നിരുന്നത്.

എന്നാൽ അച്ഛന്റെ മടിയിൽ എനിക്ക് തന്നെ ഇരിക്കണം എന്ന് പറഞ്ഞു വാശിപിടിച്ചപ്പോഴാണ് ഏട്ടനെ പുറകിൽ നിർത്തി തന്നെ മടിയിൽ ഇരുത്തിക്കൊണ്ട് ഈ ഫോട്ടോ എടുത്തത്.

കരഞ്ഞു കണ്മഷി പരന്നതുകൊണ്ട് ഭൂതത്തെ പോലെയാണ് നീ ഈ ഫോട്ടോയിൽ എന്ന് ഏട്ടനെപ്പോഴും കളിയാക്കാറുണ്ട്. പാവം അന്നുമുതലേ സ്വന്തം ഇഷ്ടങ്ങൾ തനിക്ക് വേണ്ടി ത്യജിച്ചു തുടങ്ങിയതാണ്. ”

ഓരോ ഫോട്ടോയിലേക്ക് നോക്കി പഴയ ഓരോ ഓർമ്മകൾ അവൾ ചികഞ്ഞെടുത്തു കൊണ്ടിരുന്നു.

“കുഞ്ഞിലെ അച്ഛനുവേണ്ടി വാശിപിടിച്ചപ്പോൾ വലുതായപ്പോൾ എല്ലാറ്റിനും ഏട്ടൻ വേണമെന്ന് ആയിരുന്നു വാശി. തന്നെക്കാൾ ഏറെ ഏട്ടൻ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് തോന്നിയാൽ അപ്പോൾ മുഖം വീർക്കും.

അത് കാണാൻ വേണ്ടി മനപ്പൂർവം ഏട്ടൻ ഓരോ കുട്ടികളെ എടുത്തുകൊണ്ടുവന്നു കൊഞ്ചിക്കാറുണ്ടായിരുന്നു.”

അവളെല്ലാം നോക്കി കിടന്നുകൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി രാത്രി ഒൻപതു മണി ആകാറായപ്പോഴാണ് അനൂപ് എത്തിയത്.

“എന്താ മോനെ ഇത്ര വൈകിയത്?”

വണ്ടിയുടെ ശബ്ദം കേട്ടതും അവർ ഉമ്മറത്തേക്ക് ഓടിച്ചെന്നു

” പോകാനുള്ളിടത്ത് ഒക്കെ പോയിട്ട അമ്മേ വരുന്നത്.. കല്യാണത്തിന് ഇനി ഒരാഴ്ചയല്ലേ ഉള്ളൂ.. എത്ര കാര്യങ്ങളാ ബാക്കി കിടക്കുന്നത്? ഇനിയും കല്യാണം വിളി എന്നു പറഞ്ഞു ഇറങ്ങിയാൽ ബാക്കി കാര്യങ്ങളൊക്കെ അവതാളത്തിൽ ആകും.

അതുകൊണ്ട് ഇന്ന് തന്നെ പറയാനുള്ളിടത്തൊക്കെ പോയി അങ്ങ് പറഞ്ഞു. അയൽപക്കത്തൊക്കെ ഒഴിവു പോലെ പോലെ നമുക്ക് നാളെ ചെന്ന് പറയാം. അമ്മു എവിടെ?”

ചെരുപ്പഴിച്ച് ഹെൽമെറ്റ് ടേബിളിലേക്ക് വച്ചുകൊണ്ട് അവൻ തിരക്കി.

“ഇത്രനേരം നിന്നെ കാത്തിരിക്കുകയായിരുന്നു.കുറച്ചു മുന്നേയാ പോയി കിടന്നത്. നീ ആദ്യം എന്തെങ്കിലും കഴിക്ക് ഇത്ര ദിവസം ഒറ്റയ്ക്ക് കിടന്നു ഓടി എന്റെ മോൻ തളർന്നല്ലേ?”

അവരുടെ വിഷമം കണ്ട് അവനവരെ സമാധാനിപ്പിച്ചു.

” തളർച്ചയോ?എനിക്കിതൊരു ആവേശം അല്ലേ അമ്മേ? നമ്മുടെ ഏറ്റവും വലിയ ഒരു സ്വപ്നമല്ലേ നടക്കാൻ പോകുന്നത്? അങ്ങനെയൊന്നും ഞാൻ തളരില്ല അമ്മേ… ”

അവൻ തന്റെ അച്ഛന്റെ ഫോട്ടോയിലേക്ക് ഒന്നു നോക്കി. എന്നാലും എന്നെ തനിച്ചാക്കി പോകേണ്ടിയിരുന്നില്ല എന്നൊരു പരിഭവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

കയ്യും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനു മുന്നേ അവൻ അവൾ കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്ന് എത്തിനോക്കി നല്ല ഉറക്കമാണ്.

“അവൾ കഴിച്ചോ അമ്മേ?”

“ആഹ്..ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചതാ…ഉറങ്ങിക്കഴിഞ്ഞാൽ പെണ്ണ് പിന്നെ ഭക്ഷണം കഴിക്കാൻ എന്നല്ല ഒന്നിനും എണീക്കില്ല.”

“എന്നാൽ അമ്മയും വാ ഒരുമിച്ച് കഴിക്കാം.”

അമ്മയോടൊപ്പം കഴിച്ചു തുടങ്ങിയെങ്കിലും വിശപ്പ് കൊണ്ട് അവൻ വേഗം ഓരോ ഉരുളകളും ഉരുട്ടി വായിലേക്കിട്ടു.

” അമ്മുവിന് നല്ല സങ്കടം ഉണ്ട് മോനെ നമ്മളെ വിട്ടു പോകുന്നതിൽ. ഇന്ന് എന്തൊക്കെയോ പറഞ്ഞു സങ്കടപ്പെട്ടു. എന്തിനാ വേറൊരു വീട്ടിലേക്ക് എന്നെ കല്യാണം കഴിച്ച് അയക്കുന്നത് എന്നു ചോദിച്ച് കൊണ്ട്.പാവം കണ്ടപ്പോൾ എനിക്കും സങ്കടമായി. ”

അവസാനത്തെ ഒരു ഉരുള പിന്നെ വായിലേക്ക് വയ്ക്കാൻ അവന് തോന്നിയില്ല.നെഞ്ചിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നിയപ്പോൾ അവൻ എഴുന്നേറ്റുപോയി കൈകഴുകി.

മുറിയിൽ ചെന്ന് അവൾക്കരികിൽ ഇരുന്നപ്പോഴാണ് തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന ആൽബം കണ്ടത്. അവളെ ഉണർത്താതെ അതെടുത്തു നോക്കുമ്പോൾ ചെറുപ്പത്തിൽ അവൻ അവളെ എടുത്തു നിൽക്കുന്ന ഫോട്ടോയാണ് കണ്ടത്.

അറിയാതെ ഒരു ചെറിയ പുഞ്ചിരി അവന്റെ ചുണ്ടിൽ പടർന്നു.

“ആറു വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ. അമ്മുവിന് അഞ്ച് വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം.

അച്ഛന്റെ ജീവനില്ലാത്ത ശരീരത്തിന് മുന്നിൽ വാവിട്ടു കരയുന്ന അമ്മയെ ചുറ്റിവരഞ്ഞു നിന്ന് കരഞ്ഞ അമ്മുവിനെ ആരെടുത്തിട്ടും അവളുടെ കരച്ചിൽ നിന്നില്ല.

ഒടുക്കം താനെടുത്ത് തോളിലിട്ട് ഉറക്കിയപ്പോഴാണ് അവൾ മിണ്ടാതെ കിടന്നത്.ഒരു പക്ഷേ മരണത്തിന്റെ അർത്ഥം തന്നെ മനസ്സിലാകുന്നതിനു മുൻപേ ആണ് അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയത്.

അന്നുമുതലേ ചേട്ടനെക്കാൾ ഉപരി ഒരച്ഛന്റെ സ്നേഹം കൊടുക്കാൻ ആയിരുന്നു താൻ ശ്രമിച്ചത് മുഴുവനും. കാരണം അച്ഛന്റെ വിയോഗം ഒരിക്കൽപോലും അവളുടെ ജീവിതത്തെ ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു.

അതിൽ താൻ വിജയിച്ചതുകൊണ്ടാണോ അതോ തന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണോ എന്നറിയില്ല അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നൊരു വാക്കുപോലും അവൾ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അവളുടെ മുടിയിഴകളിലൂടെ തലോടി നെറുകയിൽ ഒരു മുത്തവും കൊടുത്തുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് അവൾ അവന്റെ കയ്യിൽ പിടിച്ചത്.

” ഏട്ടൻ എപ്പോ വന്നു? ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു. ഫോൺ വിളിച്ചാലും കിട്ടില്ല. അത് എപ്പോഴും അങ്ങനെ തന്നെയാണല്ലോ…? ”

അവൾ പരിഭവം പറഞ്ഞു.

” രാവിലെ ചാർജ് കുത്തി വയ്ക്കാൻ മറന്നുപോയി.വൈകുന്നേരം ആയപ്പോഴേക്കും ഫോണിലെ ചാർജ് മൊത്തം കഴിഞ്ഞു. നീ ഉറങ്ങിക്കോ അമ്മു… ഗുഡ് നൈറ്റ്”

” ഏട്ടാ… ”

പോകാൻ ഒരുങ്ങിയ അവനെ അവൾ വീണ്ടും തടഞ്ഞു.

“കുറച്ചുദിവസം കൂടി കഴിഞ്ഞാൽ എന്നെ വേറൊരു വീട്ടിലേക്ക് പറഞ്ഞുവിടുകയല്ലേ?പിന്നെ പഴയപോലെ എനിക്ക് എപ്പോഴും ഏട്ടനെയും അമ്മയെയും കാണാനും ഇതുപോലെ സ്വാതന്ത്ര്യത്തോടെ പെരുമാറനോ ഒന്നും കഴിയില്ലല്ലോ?”

“കല്യാണം കഴിഞ്ഞാലും എന്താ ഇത് നിന്റെ വീടല്ലേ?കാണാൻ തോന്നുമ്പോൾ നിനക്ക് ഇവിടെ വന്ന് നിൽക്കാമല്ലോ? ഞങ്ങൾ ഇടയ്ക്ക് അങ്ങോട്ടും വരാം.

ദൂരെ നിന്ന് പഠിക്കുകയാണെങ്കിലോ ജോലി ചെയ്യുകയാണെങ്കിലോ വീട് വിട്ട് മാറിനിൽക്കേണ്ട അത്രയും കരുതിയാൽ മതി ഇതും.”

അവനവളെ സമാധാനിപ്പിച്ചു.

” ഏട്ടന് ഉറക്കം വരുന്നുണ്ടോ? ”

“ഏയ് ഇല്ല. എന്തെ?”

“എന്നാൽ എന്നെ മടിയിൽ കിടത്തി ഉറക്കിയിട്ട് പോയാൽ മതി.”

ചെറുപ്പത്തിലെ അതേ സ്വഭാവം ഇപ്പോഴും ഉണ്ടെന്ന് അവൻ പുഞ്ചിരിയോടെ ഓർത്തു.

അവളുടെ തലമുടിയിലൂടെ തലോടിക്കൊണ്ടിരിക്കവേ എപ്പോഴോ അവൾ ഉറങ്ങിപ്പോയി.

മറ്റുള്ളവരുടെ മുന്നിൽ പ്രകടമാക്കുന്നില്ലെങ്കിലും അവളുടെ അസാമിപ്യം തന്നെ വല്ലാതെ ബാധിക്കുമെന്ന് അവന് അറിയാമായിരുന്നു.

തന്റെ ജീവനായ കൂടപ്പിറപ്പ് പെട്ടെന്ന് ഒരു ദിവസം പടിയിറങ്ങി പോകുമ്പോൾ ആ ശൂന്യത ആർക്കാണ് താങ്ങാൻ ആവുക? ഇല്ല… അത് ആർക്കും കഴിയില്ല. വിങ്ങുന്ന മനസ്സോടെ ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മാത്രമേ കഴിയുകയുള്ളൂ… ”

അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച നേരം അവന്റെ കൺകോണിൽ എവിടെയോ ഒരു നനവ് പടർന്നു.