നിങ്ങള് ഇത് ആരെ കേറി പേടിച്ചിട്ടാ മനുഷ്യ ഇങ്ങോട്ട് വന്നേക്കണേ, എടി ഞാൻ ഒന്നും ചെയ്തിട്ടില്ല..

മ ദ്യപാനം ആരോഗ്യത്തിന് ഹനീകരം
(രചന : സുഗി സുരേഷ്)

സുഗുണേട്ടാ നിങ്ങള് ഇവിടെ പിണ്ണാക്കും ചവച്ച് കിടക്കാതെ തോട്ടപ്പള്ളിക്ക് പോയി കുറച്ച് താറാവ് ഇറച്ചി വാങ്ങിക്കൊണ്ട് വാ.

ന്യൂഇയർ ആയിട്ട് പിള്ളാർക്ക് എന്തേലും വെച്ച് ഉണ്ടാക്കി കൊടുക്കണ്ടേ…എന്റെ കയ്യിൽ പത്തിന്റെ പൈസ ഇല്ല മോളെ

അയൽക്കൂട്ടത്തിന് ലോൺ അടക്കാൻ മാറ്റിവെച്ച കുറച്ച് പൈസ ഉണ്ട്. ഇത് കൊണ്ടുപോയി വാങ്ങി വാ.

മം എന്ന കൊട് ഞാൻ പോയി വരാം

ശെടാ ഇങ്ങേര് പോയിട് എത്ര നേരം ആയി. ഇനി എങ്ങാനം നാട് വിട്ട് പോയി കാണുമോ.. ഒന്ന് വിളിച്ച് നോക്കാൻ ഫോൺ എടുത്തപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ തുരു തുര മെസ്സേജ്.

പീഡനവീരൻ സുഗുണനെ അറസ്റ്റ് ചെയ്യുക എന്ന് പറഞ്ഞ് അയൽക്കൂട്ടം പെണ്ണുങ്ങളുടെ ഒരു സങ്കടന തന്നെ.

ശെടാ ഇറച്ചി വാങ്ങാൻ പോയ ഇങ്ങേര് ഇത് ആരെ പീഡിപ്പിക്കാൻ പോയി. പറഞ്ഞ് തീർന്നില്ല ഓടി കിതച്ചുകൊണ്ട് ആള് വീട്ടിൽ എത്തി.

കല്യാണം കഴിഞ്ഞു ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് എന്നെ ഒന്ന് പീഡിപ്പിക്കാൻ വയ്യ. നിങ്ങള് ഇത് ആരെ കേറി പേടിച്ചിട്ടാ മനുഷ്യ ഇങ്ങോട്ട് വന്നേക്കണേ…

എടി ഞാൻ ഒന്നും ചെയ്തിട്ടില്ല നാട്ടുകാര് മൊത്തം ഇപ്പൊ എന്റെ പിന്നാലെ ഉണ്ട്.

നീ അകത്തോട്ട് വാ ഞാൻ കാര്യം പറയാം

എടി ഞാൻ ഇവിടുന്ന് ഇറങ്ങി അടിക്കാട് ഷാപ്പ് എത്തിയപ്പോൾ നല്ല ചെത്ത്‌ കള്ളിന്റെ മണം.

“എന്നിട്ട് നിങ്ങള് കേറി മോന്തിയ ”

പറയട്ടെ…

നല്ല കരീമീൻ പൊരിച്ചമണവും കൂടി അടിച്ചപ്പോൾ എനിക്ക് പിന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ ഒരു കുപ്പി കള്ള് മാത്രമേ കുടിച്ചോളൂ എന്റെ ദൈവമേ അപ്പൊ അയൽക്കൂട്ടത്തിന്റെ പൈസയോ.

പോയി…

അപ്പൊ താറാവോ??

പറയട്ടെ

നിങ്ങൾ ഇനി ഒന്നും പറയണ്ട. കള്ളും കുടിച്ച് ആരെ കേറി പിടിച്ചിട്ടാ വന്നത് എന്ന് മാത്രം പറഞ്ഞ മതി.

പറയാം…

നമ്മുടെ ഓഫീസറിന്റെ പറമ്പിൽ കൂടി നടന്ന് വരുമ്പോൾ കുറ്റി കാട്ടിൽ എന്തോ അനങ്ങുന്നത് കണ്ടു. ഞാൻ വിചാരിച്ചു മരപ്പട്ടി ആയിരിക്കുമെന്ന്

ഒരു വലിയ ഉരുളൻ കല്ല് എടുത്ത് ഞാൻ ഒരു ഒറ്റ എറ് വെച്ച് കൊടുത്തു.

കല്ല് ചെന്ന് കൊണ്ടത് കോമളയുടെ പിന്നാമ്പുറത്തും. അവിടെ തൊഴിലുറപ്പ് പെണ്ണുങ്ങള് പറമ്പ് കുഴിക്കുവാന്നു എനിക്ക് അറിയില്ലാരുന്നു.

അയ്യോ എന്നിട്ട്

കയ്യിൽ ഇരുന്ന വാക്കത്തി ആയിട്ട് വെളിച്ചപ്പാട് തുള്ളുന്നപോലെ കോമള. കൂടെ കുറെ പെണ്ണുങ്ങളും

നാട്ടുകാർ എല്ലാംകൂടി എന്നെ ആദ്യം സാമൂഹിക വിരുദ്ധൻ ആക്കി പിന്നെ ഇപ്പൊ പീഡനവീരനും.

എടാ സുഗുണാ ഇറങ്ങി വാടാ.

കോമളയുടെ ഭർത്താവും നാട്ടുകാരും എല്ലാരുംകൂടി വീടിന് മുന്നിൽ പൊരിഞ്ഞ ബഹളം. കണ്ട പാതി കാണാത്ത പാതി സുഗുനേട്ടനോട് ഉള്ള ദേഷ്യം സഹിക്കാൻ വയ്യാഞ്ഞിട്ട്

അടുക്കളയിൽ അലമാരയിൽ ഇരുന്ന മോന്ത എടുത്ത് സുഗുണേട്ടന്റെ തന്നെ തലക്ക് ഇട്ടൊരു ഒറ്റ എറ് കൊടുത്തു. ആറ്റം ബോംബ് പോലെ അത് ചെന്ന് കൊണ്ടത് സുഗുണേട്ടന്റെ അമ്മുമ്മടെ തലക്കും.

ജപ്പാൻ തരിപ്പണം ആയപോലെ അമ്മുമ്മ ബോധം കേട്ട് മുറ്റത്തും.. നാട്ടുകാരും എല്ലാരുംകൂടി അമ്മുമ്മയെ പൊക്കി എടുത്ത് ആശുപത്രിയിലേക്കും.

എല്ലാം കഴിഞ്ഞു അമ്മുമ്മയുമായി തിരിച്ച് വീട്ടിൽ എത്തിയപ്പോൾ 7 മണി ആയി.

ഞാൻ സുഗുനേട്ടനോട് ഒന്നും മിണ്ടാൻ പോയില്ല. കുറച്ച് കഞ്ഞി വെച്ച് പിള്ളേർക്കും കൊടുത്ത് അമ്മുമ്മക്കും കൊടുത്ത് ഞാനും കിടന്നു.

ഒരു 10 മണി ആയപ്പോൾ സുഗുണേട്ടൻ അടുത്ത് വന്നു കിടന്നു.

ഗിരീജേ…..

മം എന്താ?

ഒരു കാര്യം പറയാൻ മറന്നു.

എന്ത്?

ഹാപ്പി ന്യൂഇയർ

എനിക്ക് എന്റെ ദേഷ്യവും ചിരിയും എല്ലാം കൂടി പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. സുഗുണേട്ടന്റെ നെഞ്ചത്ത് പടക്കോ പടക്കോ എന്ന് താങ്ങി. രണ്ട് കാര്യത്തിന് ആണ് എനിക്ക് നിങ്ങളോട് ദേഷ്യം ഉള്ളത്.

ഒരു കാര്യം ഉത്തരവാദിത്തം ആയി ചെയ്യാൻ അറിയില്ല. എന്നാൽ ചെയ്യാൻ വിട്ടപ്പോ നിങ്ങള് കള്ള് കുടിക്കാൻ പോയി.

പോട്ടടി ഇപ്പൊ മുതൽ ഞാൻ നന്നായി. ഇന്ന് മുതൽ ഞാൻ പുതിയ ഒരു മനുഷ്യൻ ആയിരിക്കും.

നിങ്ങള് എന്ത് തേങ്ങ എങ്കിലും ആവ്. എനിക്ക് നാളെ അയക്കൂട്ടം പെണ്ണുങ്ങടെ പൈസ കൊടുക്കാൻ ഉള്ളതാ. അത് മര്യാദക്ക് എവിടുന്നാ എന്ന് വെച്ച ഉണ്ടാക്കി കൊണ്ട് തരണം.

ശെരി

അങ്ങനെ ഒരു രണ്ടാംലോക മഹായുദ്ധം അവസാനിച്ചു.

ജപ്പാൻ ഉമ്മറത്ത് ഇരുന്ന് മുറുക്കാൻ മുറുക്കി. സുഗുണേട്ടൻ രാവിലെ തന്നെ പണിക്ക് പോകാൻ ഇറങ്ങി. സമധാനപരമായ ഒരു അന്തരീക്ഷം

ഇന്നലെ രാത്രിയിൽ തട്ടുകടയിൽ നിന്ന് സുഗുണേട്ടൻ വാങ്ങിയ താറാവ് റോസ്സ്റ്റും. അങ്ങേരു കുടിച്ചു ബാക്കി വെച്ചിരുന്ന കുറച്ച് r um കൂടി എടുത്ത് ഒരു പെഗ് കുടിച്ച് ഞാൻ അങ്ങനെ ഇരുന്നു… ഹാപ്പി ന്യൂഇയർ…