ആ നിമിഷം ആ കണ്ണുകളിൽ എനിക്ക് കാണാനായത് എന്നോടുള്ള ഭയം ആയിരുന്നില്ല, മറ്റെന്തോ ഒന്ന് പറഞ്ഞറിയിക്കാൻ..

(രചന: അളകനന്ദ)

അക്ഷരങ്ങളാൽ നിറഞ്ഞ എന്റെ പുസ്തകത്താളുകളിൽ ഒളിപ്പിച്ച മയിൽപീലി പോലെ ആയിരുന്നു എനിക്ക് അവളോടുള്ള പ്രണയം.

പൊടിമീശക്കാരൻ ആയിരുന്നപ്പോൾ തോന്നിയ കൗതുകത്തിൽ ഉപരി ഇന്ന് എന്റെ ഹൃദയത്തിന്റെ താക്കോൽ കൈവശമാക്കിയിരിക്കുകയാണ് അവൾ.

പൊടിമീശ മുളക്കണ സ്കൂൾ പഠന കാലത്ത് കിട്ടിയ താന്തോന്നി, കലിപ്പൻ, അലമ്പൻ തുടങ്ങിയ പേരുകൾ ശിരസാവഹിച്ച് ആ പേരുകൾക്ക് കളങ്കം വരുത്താതിരിക്കാൻ രൗദ്രഭാവവും മുഖത്ത് നിറച്ച് നടക്കുന്ന കാലം…….

ഞാൻ പഠിക്കുന്ന ക്ലാസ്സിന് നേരെ എതിർവശത്തുള്ള ക്ലാസിലുള്ള കരിമഷി കണ്ണുകളുടെ അവകാശി,…..

കുപ്പിവള കൈകളിൽ മയിൽപ്പീലി ഒളിപ്പിച്ച് നടന്നിരുന്നവൾ……… അവളാണ് എന്റെ ഹൃദയം കവർന്നത്…

എല്ലാവരെയും പോലെ അവളും ഭയം തുളുമ്പുന്ന ഭാവത്താൽ എന്നെ നോക്കി കാണുമ്പോൾ എന്തെന്നില്ലാതെ വിഷമം തോന്നാൻ തുടങ്ങി.

ആ കണ്ണുകളിൽ എനിക്ക് കാണേണ്ടിയി രുന്നത് എന്നോടുള്ള പ്രണയാർദ്രമായ ഭാവമായിരുന്നു.
അതിനായി എന്റെ രൗദ്രഭാവം വെടിഞ്ഞ് ചെറുപുഞ്ചിരിയോടെ അവൾക്ക് അരികിലേക്ക് അണയാൻ എന്റെ മനസ്സ് കൊതിച്ചു.

ക്ലാസ് കഴിഞ്ഞ് തിരികെ പോകുന്ന വഴി പാടവരമ്പിലൂടെ നടന്നപ്പോൾ എന്റെ തൊട്ടുമുന്നിലായി ആ പാവാടക്കാരിയും ഉണ്ടായിരുന്നു.

പുറകിലാരോ ഉണ്ടെന്ന് മനസ്സിലാക്കിയുള്ള അവളുടെ തിരിഞ്ഞു നോട്ടത്തിനായി കൺപാർത്തു ഇരുന്നപ്പോഴാണ് ഒരാഴ്ച മുമ്പ് ഞാൻ കൊടുത്ത അടിയുടെ ക്ഷീണം മാറി അടുത്ത അംങ്കത്തിനായുള്ള സേതുവിന്റെ വരവ്.

“”ഡാ…..””

എന്ന് അലറി വിളിച്ചു കൊണ്ട് എന്റെ നേർക്കുള്ള അവന്റെ ഓട്ടപ്പാച്ചിലിൽ എന്റെ പെണ്ണിനേയും അവൻ ചെളിയിലേക്ക് തട്ടിയിട്ടു.

പ്രശ്നമുണ്ടാക്കാൻ അവൻ വന്നാലും ശാന്തത പുലർത്തണമെന്ന് പറഞ്ഞു പഠിപ്പിച്ചു വച്ചിരുന്ന എന്റെ ബോതോദയ മനസ്സിനെ പാടെ മാറ്റുകയായിരുന്നു ആ കാഴ്ച….

കയ്യും കുത്തി വീണു….. വിങ്ങി പൊട്ടാറായ കരിമഷി കണ്ണുകൾ എന്റെ നിയന്ത്രണം തെറ്റിച്ചു.

എന്റെ ഉള്ളിലെ ആളിക്കത്തിയ കോപാഗ്നി ഞാൻ അവന്റെ മേലെ പടർത്തിയശേഷം അവൾക്കരികിലേക്ക് ചെന്നു ഇരു കൈകളാൽ കോരിയെടുത്തപ്പോൾ അവളുടെ പിടയ്ക്കുന്ന കരിമഷി കണ്ണുകളും, വിറക്കുന്ന അധരവും, മിടിക്കുന്ന ഹൃദയവും എന്റെ മനസ്സിനെയും താളം തെറ്റിച്ചു.

ആ നിമിഷം ആ കണ്ണുകളിൽ എനിക്ക് കാണാനായത് എന്നോടുള്ള ഭയം ആയിരുന്നില്ല…….

മറ്റെന്തോ ഒന്ന് പറഞ്ഞറിയിക്കാൻ ആവാതെ താഴിട്ടു പൂട്ടി വച്ചിരിക്കുന്ന എന്റെ പ്രണയം പോലെ…… തുറന്നുകാട്ടുവാൻ മടിക്കുന്ന എന്തോ ഒന്ന് അവളിലും ഉണ്ടെന്ന് തോന്നിപ്പോയി…….

ആ തോന്നൽ എന്നിലെ ഇഷ്ടം അവളോട് തുറന്നു പറയാനുള്ള പ്രചോദനമായി എത്തി.

ഇപ്പോൾ തുറന്നു പറഞ്ഞാൽ ചിലപ്പോൾ എന്നിലെ പൊടിമീശക്കാരനിലെ പ്രായത്തിന്റെ പക്വതയില്ലായ്മ ആണെന്ന് കരുതിയാലോ? എന്നോർത്ത് കോളേജ് കാലഘട്ടം എന്ന വസന്തകാലത്തിനായി കാത്തിരുന്നു…

അവൾ പഠിക്കുന്ന അതേ കോളേജിൽ ചേരാനായി വീട്ടിൽ നടത്തിയ ലഹളയും ചെറുതായിരുന്നില്ല….

കോളേജിലെത്തിയപ്പോൾ എതിർ വശത്തുനിന്നും ഒരു ഭിത്തിമറക്കപ്പുറമുള്ള ക്ലാസ്സിൽ അവൾ എത്തിപ്പെട്ടതിന്റെ സന്തോഷം എന്നിൽ അലതല്ലി.

ഇനിയും ഇങ്ങനെ രണ്ടായിരിക്കാൻ മനസ്സ് അനുവദിക്കാത്തതിനാൽ എല്ലാം തുറന്നു പറയാൻ തോന്നി……

അങ്ങനെ ക്ലാസിനു പുറത്തേക്ക് വരുമ്പോഴാണ് വരാന്തയിൽ ജീവനില്ലാതെ പാവ കണക്ക് നിൽക്കുന്ന അവളെ കണ്ടത്. കണ്ണീർവാർത്തു കൊണ്ടുള്ള ആ നില്പിനു എന്റെ ഹൃദയം പൊള്ളിക്കാനുള്ള ശേഷി ഉണ്ടായിരുന്നു.

ആരൊക്കെയോ ചേർന്ന് അവളെ കൂട്ടിക്കൊണ്ടു പോകുമ്പോൾ എന്റെ ഉള്ളിലെ തുറന്നു കാട്ടാത്തപ്രണയം പോലെ അവളുടെ കൈകളിൽ എന്നും ഭദ്രമായി ആരും കാണാതെ സൂക്ഷിക്കാറുള്ള മയിൽപീലിയും നിലം പതിച്ചിരുന്നു.

പിറ്റേന്ന് ആ വാർത്ത ഞാൻ നടുക്കത്തോടെ കേട്ടു. അവളുടെ അമ്മയുടെ ലോകത്തേക്ക് അച്ഛനും വിടവാങ്ങി എന്ന്.

പിന്നീടുള്ള ദിവസങ്ങളിൽ അവളെ കോളേജിൽ കണ്ടിരുന്നില്ല……. അവളെക്കുറിച്ചുള്ള എന്റെ അന്വേഷണത്തിൽ ആണ് അറിഞ്ഞത് പേര് കേട്ട കൌസ്തുഭം തറവാട്ടിൽ നിന്ന് അച്ചന്റെ മരണ ശേഷം അവളെ എങ്ങോട്ടോ പറിച്ചുനട്ടു എന്ന്.

അവൾ ഇല്ലാത്ത കോളേജ് ദിനങ്ങൾ എനിക്ക് തികച്ചും ശൂന്യമായിരുന്നു. ഓരോ രാവും പകലും ആ മയിൽപീലി തണ്ടും തഴുകി അവളുടെ കരിമഷി കണ്ണുകളുടെ ഓർമ്മകളാൽ തള്ളി നീക്കപ്പെട്ടു.

കാലങ്ങൾ ശിശിരത്തിലെ ഇലകൊ ഴിയുമ്പോലെ കടന്നുപോയി.

“” ശാരദേ നീ അറിഞ്ഞോ കൗതുഭത്തിലെ കുട്ടി തിരിച്ചുവന്നുന്ന്. മക്കളുടെ എതിർപ്പിനെ അവഗണിച്ച് അവിടുത്തെ കാർന്നോർ കൂട്ടിക്കൊണ്ടുവന്നത് ആണത്രേ….. “”

അപ്പുറത്തെ വീട്ടിലെ രാധേച്ചിയുടെ വാക്കുകൾ ഒരു കുളിർമഴയായാണ് എനിക്ക് അനുഭവപ്പെട്ടത്. പിന്നീടൊരോട്ടമായിരുന്നു….. മയിപ്പീലി തണ്ടുമായ് പാടത്തിനക്കരെ ഉള്ള കൌസ്തുഭം തറവാട്ടിലേക്ക്……

മൂവാണ്ടൻ മാവുള്ള ആ വലിയ മുറ്റത്തുനിന്ന് നോക്കിയപ്പോഴാണ് തുറന്നിട്ട ജനൽ പാളികൾക്കിടയിലൂടെ ആ കരിമഷി കണ്ണുകൾ എന്നിലേക്ക് തറച്ചു നിൽക്കുന്നത് കണ്ടത്.

ജനലഴികളിൽ പിടിച്ചിരുന്ന കൈകൾ വിട്ടവൾ മറഞ്ഞു…. അടച്ചിട്ട വാതിൽ തുറന്ന് അവൾ മൂവാണ്ടൻ മാവിൻ ചുവട്ടിൽ നിൽക്കുന്ന എന്റെ അടുത്തേക്ക് നടന്നു വന്നു.

എന്റെ ഹൃദയം വല്ലാതെ തുടികൊട്ടി കൊണ്ടിരുന്നു…. പെട്ടെന്നുള്ള ആവേശത്തിന് ചാടി പുറപ്പെട്ടു വന്നതാണ്. എന്ത് പറയൂന്നോ , എങ്ങനെ പറയും എന്നോ, യാതൊരു നിശ്ചയവുമില്ല.

അരികിലായ് വന്നവൾ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു. ആ നോട്ടത്തിൽ ഞാൻ ഇല്ലാതാവുന്നത് പോലെ തോന്നി.

എന്ത് പറയണമെന്നറിയാതെ പെട്ടെന്ന് ഞാനാ മയിൽ‌പീലി അവൾക്ക് നേരെ നീട്ടി.
അവൾ എന്നെയും മയിൽപ്പീലിയിലേക്കും മാറി മാറി നോക്കി. ആ കരിമഷി കണ്ണുകളുടെ ചലനം വല്ലാത്തൊരു അനുഭൂതി എന്നിൽ ഉളവാക്കി.

“” ഇത് എന്റെ ഹൃദയമാണ്. പാവാടക്കാരി ആയിരുന്നു കാലം മുതൽ നിനക്ക് തരാൻ സൂക്ഷിച്ചിരുന്ന എന്റെ പ്രണയം തുളുമ്പുന്ന ഹൃദയം….. “” ധൈര്യം സംഭരിച്ചു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

“”അല്ല ഇത് എന്റെ ഹൃദയമാണ്….
എന്റെ പ്രിയപ്പെട്ട എല്ലാം എന്നിൽ നിന്ന് വിട്ടകന്ന നിമിഷം നിശ്ചലമായി നിന്ന ഞാൻ എന്റെ പ്രാണന് നൽകിയ എന്റെ ഹൃദയം…………

അന്ന് കയ്യിൽ തരാനാവാതെ നിങ്ങൾക്കായി വിട്ടിട്ട് പോയ എന്റെ ഹൃദയം…… “””

“””പൊടിമീശക്കാരൻ ഈ കരിമഷി കണ്ണുകളിൽ ഒളിപ്പിച്ച പ്രണയം എന്ന് തിരിച്ചറിയാൻ ആകും എന്ന് കാത്തിരിപ്പിലായിരുന്നു ഞാൻ”””

അവൾ പറഞ്ഞ വാക്കുകൾ എന്റെ കാതുകളെ അമ്പരപ്പിച്ചു…. ഒരു നിമിഷം തുള്ളിച്ചാടാനായി എന്റെ ഉള്ളം തുടിച്ചു…