ഒരു കുട്ടിയുണ്ടായിരുന്നെങ്കിൽ തനിക്കിത്ര ഒറ്റപ്പെടൽ ഉണ്ടാവില്ലായിരുന്നു, ഇതിപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ് അവനു..

ഏഴു വർണങ്ങളുള്ള സ്വപ്നം
(രചന: Nisha Pillai)

“നിധീ എടി നിധീ മനുഷ്യനെ മര്യാദക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ,എന്തൊരു കൂവലാണ്.”

നിധി ഞെട്ടി എഴുന്നേറ്റു മാർട്ടിന്റെ മുഖത്തേക്ക് നോക്കി .അയാളുടെ ക്രൂരമായ നോട്ടം താങ്ങാനാകാതെ അവൾ തല കുനിച്ചു.

“എന്താ മാർട്ടി ,എന്തിനാ എന്നെ വിളിച്ചുണർത്തിയത്.” അവൾ അവന്റെ കൈ പിടിച്ചു തല തോളിലേക്ക് ചായ്ച്ചു.

അവനവളേ തളളി മാറ്റി.

“എന്തിനാണെന്നോ ,ഇതിപ്പോൾ നാലാമത്തെ ദിവസമാ,നിന്റെയീ കൂവലും വിളിയും .കൃത്യം 1.52 ആകുമ്പോൾ നിന്റെ നിലവിളി തുടങ്ങും.ഇതെന്താ ഇങ്ങനെ .നാളെ മുതൽ ഹാളിലെങ്ങാനും പോയി കിടന്നോ .മനുഷ്യന് ഒരു സ്വസ്ഥതയും തരില്ലെന്ന് വച്ചാൽ .”

അവനിപ്പോൾ ഒരു സിങ്കപ്പൂർ കമ്പനിയിലാണ് ജോലി.രാത്രി പന്ത്രണ്ടു മണി കഴിയും ജോലി തീരാൻ.പിന്നെ ഫ്രഷ് ആയി കിടന്ന് ഒന്ന് മയക്കം പിടിക്കുമ്പോഴേക്കും നിധിയുടെ കരച്ചിൽ തുടങ്ങും.

മാർട്ടിന് ഉറക്കം പ്രധാനമാണ്.അത് കിട്ടിയില്ലേൽ അവൻ നിധിയോടു തട്ടി കയറും .കഴിഞ്ഞ കുറെ ദിവസമായി അവൻ ഉണരുന്നു.

പക്ഷെ രസകരമായ കാര്യം നിധി ഇതൊന്നും അറിയുന്നില്ല എന്നതാണ്.അവളെ ഉണർത്താനായി അവൻ ദേഷ്യത്തോടെ അടിച്ചത് അവളുടെ തുടയിലാണ്.അതവളെ വേദനിപ്പിച്ചിട്ടുണ്ടാകും.

തിരിഞ്ഞു കിടന്നു തല വഴി പുതപ്പു കൊണ്ട് മൂടിയ മാർട്ടിനെ ശല്യപ്പെടുത്താതെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു .ഒരു പുതപ്പും തലയിണയുമായി അവൾ ഹാളിലെ സോഫയുടെ അടുത്തേക്ക് നടന്നു.

താൻ ഉറക്കത്തിൽ കരഞ്ഞെന്നോ ?അവൾ കണ്ണുകളിലൂടെ കൈയോടിച്ചപ്പോൾ അവൾക്കു തന്റെ നനഞ്ഞ കൺപീലിയും കൺതടങ്ങളും അനുഭവിച്ചറിയാൻ കഴിഞ്ഞു.എന്തായിരുന്നു സ്വപ്നത്തിൽ ?.ഒന്നും ഓർക്കാൻ പറ്റുന്നില്ല .അവൾക്കു സങ്കടം വന്നു.

ഫ്ളാറ്റിലെ വലിയ ഹാളിലെ ജനലിലൂടെ കടന്നു വന്ന പ്രകാശത്തെ നോക്കി അവൾ നേരം വെളുപ്പിച്ചാൻ ശ്രമിച്ചു.

താനും മാർട്ടിനും ഒരേ ദിവസമാണ് കമ്പനിയിൽ ജോലിക്കു കയറിയത്.ഇന്നവൻ പ്രോജെക്ട് ഹെഡ് ആണ്.താനോ വെറും വീട്ടമ്മയായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.എനിക്ക് അന്ന് മാർട്ടിന്റെ മിടുക്കും ചുറുചുറുക്കും ഒക്കെ വല്ലാതെ ഇഷ്ടായി.

രണ്ടു മതത്തിൽ പെട്ടവരായിട്ടും ഹോമിയോ ഡോക്ടറായ അച്ഛൻ എന്റെ ഇഷ്ടത്തിനൊന്നും എതിരു നിന്നിട്ടില്ല.മാർട്ടിയുടെ പപ്പാ ബാൻഡ്‌മാസ്റ്റർ ആയിരുന്നു.

വ്യത്യസ്ത മതങ്ങളിൽ പെട്ടവർ ആയതിനാൽ ഈ വിവാഹത്തിന് ടീച്ചറായ തന്റെ അമ്മക്ക് നല്ല എതിർപ്പായിരുന്നു. തന്റെ വാശി ജയിച്ചു. ഒടുവിൽ മാർട്ടിൻ തന്റേതായി . കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവങ്ങൾ ഒരു സ്ക്രീനിലെ പോലെ അവളുടെ മനസിലേക്ക് കടന്നു വന്നു.

ആദ്യമൊക്കെ അവനു എന്തൊരു സ്നേഹമായിരുന്നു. അവളെ കാണുമ്പോൾ തന്നെ അവൻ പ്രണയ പരവശനാകും.ഇപ്പോൾ അവനെപ്പോഴും ദേഷ്യമാണ്.

കൂടാതെ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മദ്യവും ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു കുട്ടിയുണ്ടായിരുന്നെങ്കിൽ തനിക്കിത്ര ഒറ്റപ്പെടൽ ഉണ്ടാവില്ലായിരുന്നു.

ഇതിപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ്. അവനു ഇരുപത്തേഴു വയസിൽ അച്ഛനാകാൻ വയ്യെന്ന്. രണ്ടു മൂന്നു വർഷം കഴിയട്ടെ . പ്രമോഷൻ കിട്ടട്ടെ. വിദേശത്തു പോയി വരട്ടെ. എന്നൊക്കെയാണ് അവന്റെ ഓരോ ജൽപ്പനങ്ങൾ.

അവൾ തന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ എഴുതി “ഫീലിംഗ് ഫ്രസ്‌ട്രേറ്റഡ് “.അവൾ ഫോൺ മാറ്റി വച്ച് ഉറങ്ങാൻ ശ്രമിച്ചു .കഴിയുന്നില്ല.അവൻ പത്തു മണിക്കേ ഉണരൂ.അതിനുമുൻപ് ബ്രേക്ക് ഫാസ്റ്റ് തയാറാക്കണം.

അമ്മയുടെ കാൾ വന്നപ്പോൾ അവൾ എണീറ്റ് ചായ ഉണ്ടാക്കി കുടിച്ചു .

“എന്താ കുട്ടി നിനക്ക് പറ്റിയെ”

അവൾക്കൊന്നും മനസ്സിലായില്ല.

“എന്താ അമ്മേ?”

“കുറച്ച് ദിവസമായി നിന്നെക്കുറിച്ചുളള ചിന്തകളാണ്.നീ ഉറക്കത്തിൽ വന്ന് എന്നെ കെട്ടിപ്പിടിച്ചു കരച്ചിൽ തന്നെയാണ്.

ഞാൻ കാര്യം ചോദിക്കുമ്പോഴേക്കും നീ ഓടി പോകും. നല്ല തൂവെള്ള വസ്ത്രത്തിലാണു നീ വന്നത്. കുറച്ചു ദിവസമായി ഒരേ സ്വപ്നം. പറയണ്ട എന്നു കരുതിയതാണ്.പക്ഷെ നിൻ്റെ സ്‍റ്റാറ്റസ് കണ്ടപ്പോൾ…..”

“ഈ അമ്മ എന്തോക്കെയായീ പറയുന്നത്.പിന്നെ വിളിക്കാം ”

മാർട്ടി ഉണർന്നു വന്നത് നല്ല മൂഡിലായിരുന്നു.അവൻ അടുക്കളയിൽ വന്ന് അവളോട് മുട്ടി ഉരുമ്മി നിന്നിട്ടും അവൾ ഗൗനിച്ചതേയില്ല.

“നിധിക്കുട്ടാ നിനക്കറിയാവുന്നതല്ലേ ഈ ജോലിയുടെ ടെൻഷൻ.ഈ വീക്കെൻഡ് നമ്മളൊരു ട്രിപ്പിന് പോകുന്നു.ഞാനും നീയും മാത്രം.ഒരു റൊമാന്റിക് ട്രിപ്പ്.”

അമ്മ വിളിച്ചപ്പോൾ ട്രിപ്പിൻ്റെ കാര്യം പറഞ്ഞപ്പോൾ തന്നെ അമ്മ ടെൻഷനിലായി.

“മോളെ സൂക്ഷിക്കണേ.മലമുകളിൽ ഒന്നും പോകരുതേ.അമ്മയുടെ സ്വപ്നത്തിൽ മോളെ ആരോ താഴേക്കു തളളിയിട്ടു.”

“ഉം”

ശനിയാഴ്ച രാവിലെ തന്നെ പുറപ്പെട്ടു.കാട്ടിലൂടെ അഞ്ചാറു കി.മീ.യാത്ര ചെയ്യണം.കാടിനുള്ളിൽ ഒരു വ്യൂ പോയിൻ്റ്.അവിടെ നിന്നാൽ സ്വർഗ്ഗീയമായ ആകാശകാഴ്ച.,”ആകാംക്ഷ വ്യൂ പോയിൻ്റ്.'”

വ്യൂ പോയിൻ്റിലേയ്ക്ക് കുറച്ച് കാൽനട യാത്രയുണ്ട്.മുന്നിൽ ഒരു പുതുമോടിയിലുള്ള ദമ്പതികളെ കണ്ടു.

തൊട്ടുപിറകിൽ രണ്ട് പേര് നടന്നുവരുന്നു. വേറെയാരും അടുത്തെങ്ങുമില്ല.അവളവരെ തിരിഞ്ഞുനോക്കി.പെട്ടെന്നവൾക്ക് അവരെ കണ്ട് പേടി തോന്നി.

ഇവരെ എവിടെയോ കണ്ടിട്ടുള്ളപോലെ.എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. പെട്ടെന്നവൾ തിരിഞ്ഞോടി.പോകുന്ന വഴി ഒരാളുമായി കൂട്ടിയിടിച്ചവൾ വീണു.

അയാളെ അവൾക്ക് പെട്ടെന്ന് മനസ്സിലായി. സ്വപ്നത്തിൽ അവളെയും കൊണ്ട് പറന്നുയർന്ന മാലാഖയ്ക്ക് അയാളുടെ മുഖമായിരുന്നു. അയാളോട് നന്ദി പറഞ്ഞവൾ ഓടി. തിരിഞ്ഞുനോക്കുമ്പോൾ മാർട്ടിയോടൊപ്പം ആ രണ്ട് പേരും കൂടി ഓടി വരുന്നതാണ്.

അവൾക്ക് അപ്പോൾ മാർട്ടിനെയും പേടി തോന്നി. താൻ സ്വപ്ന ത്തിൽ ഇതൊക്കെ കണ്ടതാണ്. അവൾ കാർ പാർക്കിംഗിൽ ചെന്നേ ഓട്ടം നിർത്തിയുള്ളൂ. ഒരുവലിയ കാറിൻ്റെ മറവിൽ നിന്ന് ഫോണെടുത്ത് അമ്മയ്ക്ക് മെസേജ് അയച്ചു.ഒപ്പം അവൾ നിൽക്കുന്ന ലൊക്കേഷനും.

“ഞാൻ അപകടത്തിലാണ്.പോലീസിൽ അറിയിക്കുക ലൊക്കേഷൻ സഹിതം. മാർട്ടിൻ്റെ ഡീറ്റയിൽസ് കൊടുക്കുക.”

അവൾ ഫോൺ സൈലൻ്റിൽ ഇട്ട് ഷൂവിനുള്ളിൽ വച്ചു.വണ്ടിയുടെ മറവിൽ നിന്ന തടിമാടൻ മാരിൽ ഒരുത്തൻ ആരോടോ ഫോണിൽ സംസാരിക്കുന്നു.

“ആശേ അവളെ കിട്ടിയില്ല. വഴുതിപോയി. പിടിച്ചാൽ അപ്പോൾ തന്നെ കൊന്നു കൊക്കയിൽ തള്ളും.അതിനുശേഷം നിൻ്റെ മാർട്ടിൻ നിനക്കു സ്വന്തം”

എതിർവശത്തു നിന്ന് സ്ത്രീ ശബ്ദം ദേഷ്യത്തിലായിരുന്നു.ആശയോ?മാർട്ടിൻ്റെ സഹപ്രവർത്തകയായ ആശ!!!!

മാർട്ടിനെ കണ്ടതേയില്ല. ബലമുള്ള കൈത്തലങ്ങൾ തോളിൽ വീണപ്പോൾ തിരിഞ്ഞു നോക്കി. മാർട്ടിൻ,മുഖത്ത് ക്രൂരമായ ഭാവം. അവളവൻ്റെ കൈവെട്ടിച്ച് ഓടാൻ നോക്കി. അവൻ വിട്ടില്ല.അവളവൻ്റെകൈ തട്ടി മാറ്റി ഓടി. പുറകിൽ തന്നെ അവരും ഉണ്ടായിരുന്നു.

ഓടിയെത്തിയത് ഒരു ചുവന്ന കാറിൻ്റെ മുന്നിലേയ്ക്കാണ്.അതിന്റെ മുൻവശത്തെ ഡോർ തുറന്ന് ആ അയാൾ അവളെ വിളിച്ചു.

അതേ മാലാഖ. അവൾ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലായി.തന്നെ പ്രണയിച്ചു ചതിച്ച മാർട്ടിനേക്കാൾ ഭേദം ഈ കടലാകുമെന്നവൾക്കു തോന്നി.അയാളുടെ കാറിൻ്റെ തൊട്ടുപിന്നാലെ മാർട്ടിനും കൂട്ടരുമുണ്ടായിരുന്നു.

ചുറ്റും മുളങ്കാടുകൾ നിറഞ്ഞ റോഡിലൂടെയായി കാറുകളുടെ ഓട്ടം. നട്ടുച്ചയ്ക്ക് പോലും ഒരു ത്രിസന്ധ്യയുടെ പ്രതീതി.പിറകെ വരുന്ന വെള്ളകാറിൽ ഇരുന്ന് മാർട്ടിൻ കൂടെയുള്ളവരോട് എന്തൊക്കെയോ ആക്രോശിച്ചു കൊണ്ടേയിരുന്നു.

ഒരു വളവിൽ എത്തിയപ്പോൾ അവൾ സഞ്ചരിച്ച കാർ അവർ ഇടിപ്പിച്ചു തെറിപ്പിച്ചു.അവർക്ക് ആ സ്ഥലത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു.

ഭാഗ്യത്തിന് കാർ വശങ്ങളിലുള്ള ഇല്ലിമുളംക്കൂട്ടങ്ങളിൽ തടഞ്ഞു നിന്നു. അവൾക്ക് ഓർമ്മ നഷ്ടപ്പെടുമ്പോൾ അവളുടെ പൊട്ടി ചോര ഒലിച്ചു വസ്ത്രങ്ങളെ രക്താഭമാക്കി.അയാൾ സ്റ്റിയറിംഗിൽ തല ചായ്ച്ചു ബോധം നഷ്ടപ്പെട്ട വിധത്തിലായിരുന്നു.

കണ്ണുകൾ തുറന്നപ്പോൾ മുൻപിൽ അച്ഛനും അമ്മയും.അവളെ ജീവനോടെ കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു അവർ.നഴ്സ് വാതിൽ തുറന്നപ്പോൾ ദൂരെ കാത്തു നിൽക്കുന്ന മാർട്ടിൻ്റെ മമ്മിയെ കണ്ടു.

അച്ഛനും അമ്മയും തടഞ്ഞിട്ടും അവൾ മമ്മിയെ അടുത്ത് വിളിച്ചു. മകനു വേണ്ടി അവരവളോട് മാപ്പു ചോദിച്ചു.

“അവനൊരു ജീവിതം വേണമായിരുന്നു എങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുത്തേനല്ലോ.എന്നെ കൊന്നിരുന്നെങ്കിൽ ഇവർക്ക്‌ പിന്നെ ആരാ ഉള്ളത്.”

“അവനർഹിച്ച ശിക്ഷ ദൈവം തമ്പുരാൻ അവനു നല്കി മോളെ, ഒരു കാൽ നഷ്ടപ്പെട്ടു.ഭാര്യയെ കൊല്ലാൻ ശ്രമിച്ച ക്രൂരതയ്ക്ക് ജയിൽവാസവും.”

അവളച്ചനമ്മമാരെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മുറിവുകൾ ഗൗരവം ഉള്ളതല്ലെന്നും മുളംങ്കൂട്ടങ്ങൾ രക്ഷയായെന്നുംഅറിയാൻ കഴിഞ്ഞു.

തന്നെ രക്ഷിച്ച മനുഷ്യ ൻ ഒരു ആർമി ഓഫീസർ ആണെന്നും അയാൾ അതേ ആശുപത്രിയിൽ ചികിത്സയിലാണ് എന്നറിഞ്ഞപ്പോൾ അയാളെ കാണണമെന്നു തോന്നി.

അയാളെ കണ്ടു പുറത്തിറങ്ങിയപ്പോളുണ്ടായ തലകറക്കം ഒരു അനവസരത്തിലുള്ള ഗർഭമാണെന്ന് തിരിച്ചറിഞ്ഞു.

പക്ഷെ താൻ വളരെയധികം ആഗ്രഹിച്ച, കാത്തിരുന്നപൊന്നോമനയെ ഉപേക്ഷിക്കാൻ അവളിലെ അമ്മ തയാറായില്ല. തന്റെ നിലനില്പിനു വേണ്ടി ഒരു ജോലിക്കുള്ള ശ്രമത്തിലായിരുന്നു അവൾ.