ഒരു പെൺകുഞ്ഞാണ് വളർന്നു വരുന്നത്, അവൾക്ക് ഒരു അമ്മയുടെ..

മിഴി
(രചന: അഥർവ ദക്ഷ)

“അമ്മേ… ശിവ എവിടെ…..”

അവൻ അടുക്കളയിൽ ചെന്ന് അമ്മയോടായി തിരക്കി…

“മോളെ ഹേമ വന്ന് കൊണ്ട് പോയി…. തൊട്ടപ്പുറത്ത് താമസിക്കുന്ന…..”

ഫ്രിഡ്ജിലേക്ക് എന്തോ എടുത്തു വെയ്ക്കുകയായിരുന്ന രമ മകനെ നോക്കി പറഞ്ഞു….

“അതികമായോ പോയിട്ട്… ഞാൻ അറിയാതെ ഒന്ന് ഉറങ്ങി പോയി….” അവൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ ചോദിച്ചു….

“കുറെ ആയി ഇപ്പോൾ തിരികെ വരാറായിട്ടുണ്ട്….” രമ മകന്റെ പിറകെ ഹാളിലേക്ക് ചെന്നു….

“മം…” അവനൊന്നു മൂളി…

“മോനെ അമ്മാവൻ ഇന്നും വിളിച്ചിരുന്നു… എന്താ നിന്റെ തീരുമാനം എന്ന് ചോദിച്ചു….” അവർ മകനെ നോക്കി കൊണ്ട് അവിടെ കിടന്ന കസേരയിലേക്ക് ഇരുന്നു…

“ഞാൻ ഇപ്പോൾ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല… ഓഫീസിൽ ഒരുപാട് പ്രോബ്ലം ഉണ്ട്.. അതിനിടയിൽ….” അവൻ ഈർഷ്യയോടെ പറഞ്ഞു….

“ചിന്തിക്കാതെ പറ്റില്ല എനിക്ക് വയ്യാതായി വരുകയാണ്… ഒരു പെൺകുഞ്ഞാണ് വളർന്നു വരുന്നത്.. അവൾക്ക് ഒരു അമ്മയുടെ തണൽ ഇല്ലാതെ പറ്റില്ല…”

“ഇപ്പോൾ അമ്മയുണ്ടല്ലോ… പിന്നീട് ആലോചിക്കാം…” അവൻ താൽപ്പര്യം കാട്ടിയില്ല….

“നീ ഇങ്ങനെ പറയല്ലേ ഹർഷാ… ആ കുഞ്ഞിന്റെ കാര്യം ഓർക്കുമ്പോൾ ഉള്ളിൽ തീയാണ്…” അവർ ദീർഘ നിശ്വസത്തോടെ പറഞ്ഞു

പെട്ടന്ന് കാളിങ് ബെൽ മുഴങ്ങിയത്… അമ്മയോട് അവിടെ ഇരുന്നു കൊള്ളാൻ പറഞ്ഞിട്ട് ഹർഷൻ തന്നെ ചെന്ന് വാതിൽ തുറന്നു…..

“അച്ഛായിയെ….” ശിവ വന്ന് അവനെ കെട്ടി പിടിച്ചു…

ഹർഷൻ മോളെ എടുത്ത് മുത്തം കൊടുത്തു… അപ്പോളാണ് അവൻ മോൾക്കൊപ്പം വന്നയാളെ ശ്രെദ്ധിക്കുന്നത്……ആ മുഖം കണ്ടതും അവനൊന്നു ഞെട്ടി… ഉള്ളുലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…

“അച്ഛായി ഇതാണ് മിഴിചേച്ചി….” ശിവ അവന്റെ കൈയ്യിൽ ഇരുന്നു കൊണ്ട് അവളെ പരിചയപ്പെടുത്തി…..

“മിഴി….”അവൻ ഇടർച്ചയോടെ വിളിച്ചു…

“ഹാർഷേട്ടന് എന്നെ മനസിലാകില്ലന്നാണ് ഞാൻ കരുതിയത്…..” അവൾ മനോഹരമായി പുഞ്ചിരിച്ചു

“നീ ആകെ മാറി പോയി… പക്ഷേ ആ കണ്ണുകൾ…” അവൻ ചിരിക്കാൻ ശ്രെമിച്ചു….

“ഇവിടേക്ക് വന്ന അന്ന് തന്നെ ശിവ… ഹാർഷേട്ടന്റെ മകളാണെന്ന് എനിക്ക് മനസിലായിരുന്നു….”

“മോള് അത്‌ എന്നോട് പറഞ്ഞു ഹർഷാ.. നിങ്ങൾ ഒരേ കോളേജിൽ ഒന്നിച്ച് ഉണ്ടായവരാണെന്ന്… ഞാൻ നിന്നോടത് പറയാൻ മറന്നു….”

അമ്മ മിഴിയുടെ ശബ്ദം കേട്ട് അവിടേക്ക് വന്നു….

“മോള് കാപ്പി ഒക്കെ കുടിച്ചിട്ടുണ്ട്…. അമ്മയുടെ പണിയൊക്കെ കഴിഞ്ഞായിരുന്നോ….” അവൾ അമ്മയെ നോക്കി…

“അതൊക്കെ കഴിഞ്ഞു മോളെ…”

അവർ ചിരിച്ചു…

“സെർവെന്റിന്റെ കാര്യം ഞാൻ ആ ബീനേച്ചിയോട് പറഞ്ഞിട്ടുണ്ട്…. അവർ അമ്മയെ വന്ന് അയാൾ കാണും…” മിഴിയോട് രമ സഹായത്തിനായി ഒരാളെ വേണം എന്ന് പറഞ്ഞിരുന്നു…

“ഓ.. വലിയ ഉപകാരം മോളെ…”

“നാൽ ശെരി ഞാൻ ഓഫീസിൽ നിന്നും വന്നേയുള്ളൂ…ബൈ ശിവ….”കുഞ്ഞിനെ നോക്കി കൈ വീശി കൊണ്ട് മിഴി തിരിഞ്ഞു നടന്നു… ശിവ മിഴി ചേച്ചിക്ക് ബൈ പറഞ്ഞു കൊണ്ട് അച്ഛന്റെ തോളിൽ നിന്നും ഇറങ്ങി അകത്തേക്ക് ഓടി…. പിറകെ രമയും അകത്തേക്ക് ചെന്നു….

“മിഴി….”ഹർഷൻ മിഴിയുടെ പിറകെ ചെന്നു…

“എന്തേ…”അവൾ തിരിഞ്ഞു നിന്ന് അവളെ നോക്കി…

“നിന്റെ വിവാഹം….”അവനൊന്നു മടിച്ചാണ് തിരക്കിയത്..

“ആയിട്ടില്ല….”അവൾ നിഷേധാർത്ഥതിൽ തലയാട്ടി കൊണ്ട് ചിരിച്ചു…

“എന്തേ….”ഒരു പിടച്ചിലോടെ അവൻ തിരക്കി…

“ഒരിക്കൽ വീണിടത്ത് നിന്ന്… എഴുനേറ്റ് നടക്കാൻ സമയം എടുത്തു അത്‌ കൊണ്ടാണ്… പോട്ടെ…”അത്രയും പറഞ്ഞ് അവൾ ഗെയ്റ്റ് കടന്നു പോയി….

മിഴി പോകുന്നതും നോക്കി ഹർഷൻ അവിടെ തന്നെ നിന്നു…. വല്ലാതെ അവൾ മാറി പോയെന്ന് തോന്നി അവന്…. വേഷത്തിലും നടത്തത്തിലും എല്ലാം അവൾ മറ്റൊരാൾ ആയി മാറിയിരിക്കുന്നു….

മുട്ടോളം എത്തിയിരിന്ന മുടി പോലും തോളിന് താഴെ വെച്ച് മുറിച്ചിരിക്കുന്നു… ആ കണ്ണുകളിലെ തിളക്കത്തിന് മാത്രം ഒരു വിത്യാസവും ഇല്ല….

5വർഷം മുന്നേയുള്ള ആ നാട്ടും പുറത്തുകാരി പെൺകുട്ടിയുടെ മുഖം അവന്റെ മനസിലേക്ക് ഓടിയെത്തി….

ഹർഷൻ പിജിക്ക് പഠിക്കുമ്പോൾ ആണ് മിഴിയെ ആദ്യമായി കാണുന്നത്… ഫ്രഷേഴ്‌സ് ഡേയുടെ അന്ന്… പിങ്ക് കളർ ചുരുദാർ ധരിച്ച അതി മനോഹരമായി പാട്ട് പാടിയ ആ സുന്ദരി കുട്ടി അന്ന് മുതൽ അവന്റെ നെഞ്ചിൽ കയറി പറ്റി…..

അവളോട് പിന്നീട് സംസാരിക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം പേടിയോടെ അവൾ ഒഴിഞ്ഞു മാറി… പിന്നീട് ഒരിക്കൽ ബലമായി അവളെ പിടിച്ചു നിർത്തി.. അവൻ തന്റെ ഇഷ്ട്ടം പറഞ്ഞു…..അന്ന് കണ്ണുകൾ നിറച്ച് ഒന്നും പറയാതെ അവൾ നടന്നു പോയി….

“ബലമായി പിടിച്ചു നിറുത്തിയാണോ ഇഷ്ട്ടം പറയുന്നത് ആ കുട്ടി ആകെ പേടിച്ചു….”എല്ലാവരും അവനെ കുറ്റപ്പെടുത്തി…..

എല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ തോന്നിയ വാശിയും ദേഷ്യവും കാരണം… പിന്നെ അവളുടെ മറുപടി എന്താണെന്ന് തിരക്കാൻ പോലും അവൻ തയ്യാറായില്ല……

പക്ഷേ…പതിയെ…. പതിയെ ആ കണ്ണുകൾ തന്നെ തേടിയെത്തുന്നത് അവൻ കാണുന്നുണ്ടായിരുന്നു….. അവളുടെ പരിഭവം ഒരു പരാതിയായി എത്തിയത് ഒരു സുഹൃത്തിലൂടെയാണ്……

പിന്നെയങ്ങോട്ട് അവന്റെ അവൾ മാത്രമായി ചുരുങ്ങുകയായിരുന്നു…. കോളേജിൽ വെച്ച് സംസാരിക്കാനും അടുത്തിടപഴക്കാനും ഒക്കെ അവൾക്ക് പേടി തന്നെ ആയിരുന്നു….

അമ്മയുടെയും അച്ഛന്റെ ഒരേ ഒരു മകളായിരുന്നു മിഴി അതിന്റേതായ എല്ലാ കൊഞ്ചലുകളും അവളുടെ സ്വഭാവത്തിൽ ഉണ്ടായിരുന്നു…….

ദിവസങ്ങൾ അതിവേഗത്തിൽ കടന്നു പോയി കൊണ്ടിരുന്നു… പഠിത്ത മൊക്കെ കഴിഞ്ഞ് അമ്മാവന്റെ സഹായത്തോടെ നല്ലൊരു കമ്പനിയിൽ ഹർഷന് ജോലി ശരിയാകുകയും ചെയ്തു….

അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്നതായിരുന്നു ഹർഷന്റെ കുടുംബം… അനിയത്തി വർഷ +2കഴിഞ്ഞതോടെ പഠിത്ത മൊക്കെ നുറുത്തി വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു….

അമ്മാവന്റെ മകനുമായി നേരത്തെ തന്നെ അവളുടെ വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു….അത്‌ നടത്താനുള്ള തീയതിയും മറ്റും എടുക്കാനായി.. ഒരു ദിവസം എല്ലാവരും ഹർഷന്റെ വീട്ടിൽ ഒത്തു കൂടി……

“ജോലിയൊക്കെ ആയത് കൊണ്ട്…ഇനി ഇപ്പോൾ ഹർഷന്റെ കാര്യം കൂടി നോക്കാല്ലോ അല്ലേ….”ഇളയമ്മാവൻ ആണ് ആ വിഷയം എടുത്തിട്ടത്…..

“വേണം…. ഗിരിയുടെയും വർഷയുടെയും കഴിയട്ടെ എന്ന് കരുതി….”ഹർഷന്റെ അച്ഛൻ ചിരിയോടെ പറഞ്ഞു…..

“എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട്….” മൂത്തമ്മാവൻ എല്ലാവരെയും ഒന്ന് നോക്കി…..

“എന്താ ഏട്ടാ….”എല്ലാവർക്കും കുടിക്കാനുള്ള ജ്യൂസുമായി അവിടേക്ക് വന്ന രമ വിനയത്തോടെ തിരക്കി…..

“വേറെ ഒന്നും അല്ല… വർഷയെ അങ്ങോട്ട് കൊണ്ടു പോകുബോൾ… ഗംഗയെ ഇങ്ങോട്ട് തന്നാലോ എന്നാ….” അയാൾ ജ്യൂസ് ഗ്ലാസ് കൈയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു…..

തൂണിൽ ചാരി മാറിൽ കൈകൾ പിണച്ച് അവരുടെ സംസാരം ശ്രെദ്ധിച്ചു കൊണ്ട് നിന്നിരുന്ന ഹർഷൻ ഒന്ന് ഞെട്ടി….. അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി… ആ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു…..

ആ മുഖഭാവം അവന്റെ ഉള്ളിലെ പേടി കൂടിയതേയുള്ളു…. വലിയമ്മാവന്റെ വാക്കിനപ്പുറം മറ്റൊന്നും അമ്മയ്ക്കില്ലന്ന് അവന് നന്നായി അറിയാമായിരുന്നു…. അച്ഛൻ പോലും നിസ്സഹായനാണ് ആ കാര്യത്തിൽ….

എല്ലാവരും സന്തോഷത്തോടെ സംസാരിക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ ഹർഷൻ നിന്ന് ഉരുകി….. എല്ലാവരും പോയി കഴിഞ്ഞ് അമ്മയോടും അച്ഛനോടും തന്റെ തീരുമാനം അറിയിക്കാൻ തന്നെ അവൻ മനസ്സിൽ ഉറപ്പിച്ചു….

ഉച്ചയ്ക്കുള്ള ഊണിന് ശേഷമാണ് എല്ലാവരും പിരിഞ്ഞത്… അടുത്ത ദിവസം തന്നെ ജാതകങ്ങൾ ഒത്ത് നോക്കാനും… മോതിരം മാറ്റത്തിനുള്ള ഡേറ്റ് എടുക്കാനും തീരുമാനമായിരുന്നു…..

എല്ലാവരും പോയി കഴിഞ്ഞ് അച്ഛനും അമ്മയും ഹാളിൽ ഇരുന്ന് സംസാരിക്കുമ്പോൾ ഹർഷൻ അവരുടെ അടുത്തേക്ക് ചെന്നു….

“അമ്മേ എനിക്ക് ഒരു കാര്യം പറയാനുണ്ട്…”അവൻ അമ്മയോടായി പറഞ്ഞു…

“എന്താടാ….”അവർ അവനെ നോക്കി….

“അമ്മേ എനിക്ക് നന്ദയെ വിവാഹം കഴിക്കാൻ താൽപ്പര്യം ഇല്ല….എനിക്ക് മറ്റൊരു കുട്ടിയെ ഇഷ്ട്ടമാണ്….”

“എന്താ…”രമ നെറ്റി ചുളിച്ചു….

“എനിക്ക് മറ്റൊരു കുട്ടിയെ ഇഷ്ട്ടമാണ്… അവളെ മാത്രമേ ഞാൻ വിവാഹം ചെയ്യൂ….”അവൻ ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു….

“നടക്കില്ലടാ…..” പെട്ടന്ന് രമയുടെ ഭാവം മാറി…..

“അമ്മ വെറുതെ ശബ്ദം ഉയർത്തേണ്ട…. ഇതെന്റെ ഇഷ്ട്ടമാണ്….”അവൻ ശാന്തമായി തന്നെ പറഞ്ഞു….

“നീ.. നന്ദയെ തന്നെ വിവാഹം ചെയ്യും… ഞാൻ എന്റെ ഏട്ടന് കൊടുത്ത വാക്കാണത്…” അവർ ഇരുന്നിടത്ത് നിന്ന് ചാടിയെഴുനേറ്റു….

“അമ്മയ്ക്ക് അമ്മയുടെ സഹോദരൻ വലുതായിരിക്കാം… പക്ഷേ ഇതെന്റെ ലൈഫ് ആണ്….”അവൻ വാദിച്ചു കൊണ്ടിരുന്നു…

പക്ഷേ അവന് അമ്മയെ സംസാരിച്ച് ജയിക്കാൻ ആകുമായിരുന്നില്ല അവർ തന്റെ വാശിയിൽ തന്നെ ഉറച്ചു നിന്നു…..

ഹർഷൻ നന്ദയെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ പിന്നെ താൻ ജീവനോടെ ഇരിക്കില്ലന്ന് അവർ തറപ്പിച്ചു പറഞ്ഞു… നിവർത്തിയില്ലാതെ ഹർഷന് അമ്മയുടെ വാശി അംഗീകരിക്കേണ്ടി വന്നു….

മിഴി വീട്ടിൽ എത്തി റൂമിൽ കയറി വാതൽ അടച്ചു…..അവിടെ കിടന്നിരുന്ന സെറ്റിയിലേക്ക് അവൾ ഇരുന്നു….. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ…. ശിവ ഹാർഷേട്ടന്റെ മകളാണെന്ന് അറിഞ്ഞത് മുതൽ ഈ കൂടി കാഴ്ച്ചയ്ക്കായി മനസുകൊണ്ട് അവൾ ഒരുങ്ങിയിരുന്നു….

മിഴിയുടെ മനസ്സിലേക്ക് ആ ദിവസം കടന്നു വന്നു… തന്റെ സ്വപ്നങ്ങളും വിശ്വസങ്ങളും പാടെ തകർന്ന അല്ലെങ്കിൽ തകർക്കപ്പെട്ട ആ ദിവസം…..

ജോലിയൊക്കെ കിട്ടിയതോടെ ഞാറാഴ്ചകളിൽ തൊഴാൻ അമ്പലത്തിൽ വരുമ്പോൾ മാത്രമാണ് അവർ തമ്മിൽ കണ്ടിരുന്നത്…..

അന്നും പതിവ് പോലെ തന്നെ സർപ്പകാവിന് പിറകിലെ ആളൊഴിഞ്ഞ തൊടിയിൽ അവൾ അവനായി കാത്തിരുന്നു…..ഹർഷൻ വന്നപ്പോൾ തന്നേ മുഖഭാവത്തിൽ നിന്നും എന്തോ വലിയ ടെൻഷൻ അവനുണ്ടന്ന് അവൾക്ക് മനസ്സിലായി….

“എന്താ ഹാർഷേട്ടാ….”അവൾ സംശയത്തോടെ തിരക്കി….

“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്….”അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല….

“അതിനാലോ ഞാൻ ഇവിടെ നിന്നെ… എന്തേ ഹർഷേട്ടാ… വർഷയുടെ കാര്യത്തിൽ ന്തേലും പ്രശ്നം ഉണ്ടോ…” കഴിഞ്ഞ ദിവസം അവർ എല്ലാം അവിടെ കൂടിയിരുന്നത് അവൾക്ക് അറിയാമായിരുന്നു…..

“ഉണ്ട്….. അത്‌ പരിഹരിക്കാൻ എനിക്കും നിനക്കുമെ കഴിയൂ…..”

“നമ്മൾക്കോ… എങ്ങനെ….”അവൾക്ക് മനസിലായില്ല…..

ഹർഷൻ അവളെ ഒന്ന് നോക്കി…. അവൻ പറയാൻ പോകുന്നത് എന്ത് എന്ന് അറിയാൻ ആകാംഷയോടെ നിൽക്കുകയായിരുന്നു അവൾ…..

അവൻ അവളിൽ നിന്നും കണ്ണുകൾ മാറ്റി ദൂരേക്ക് വെറുതെ നോക്കി നിന്നു എന്നിട്ട് അന്ന് അവിടെയുണ്ടായ സംഭവങ്ങൾ എല്ലാം സാവധാനം പറഞ്ഞു…..

“എന്നിട്ട് ഹാർഷേട്ടൻ എന്ത് പറഞ്ഞു…..” അവൾ പിടച്ചിലോടെ തിരക്കി….

“ഞാൻ കാരണം എന്റെ അനിയത്തിയുടെ ജീവിതവും…. അമ്മയുടെ ജീവനും…. ഈ ജന്മം സ്വസ്‌ഥത കിട്ടുമോ എനിക്ക്…..”അവൻ ചെറിയ വിറയലോടെ പറഞ്ഞു….

“അതിന്… അതിനിപ്പോൾ ന്താ വേണ്ടേ….. പറ ഹാർഷേട്ടാ….”അവൾ അവന്റെ കൈയ്യിൽ പിടിച്ചു കുലുക്കി…..

“നമുക്ക് പിരിയാം…. ഈ ബന്ധം എല്ലാവര്ക്കും വേദനയെ നെൽകൂ…..” അവൻ അവളുടെ കൈകൾ മെല്ലെ വിടുവിച്ചു കൊണ്ട് പറഞ്ഞു…..

“പിരിയാന്നോ…. ഹാർഷേട്ടന് ആകോ വേറൊരാളെ….”അവൾ മുഖം പൊത്തി കരഞ്ഞു…..

“ആകും എന്റെ മനസിനെ ഞാൻ പാകപ്പെടുത്തി കഴിഞ്ഞു…..”

“എനിക്ക്… എനിക്ക് കഴിയില്ല….. ഞാൻ ന്താ ചെയ്യേണ്ടേ…..”അവൾ അപേക്ഷ പോലെ അവനെ നോക്കി….

“കൂടുതൽ ഒന്നും പറയാനില്ല… ഇനി നമ്മൾ കാണില്ല…..”ഒരു അനുകമ്പയും ഇല്ലാതെ പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു……

മിഴിയുടെ കരച്ചിലും…. പുറം വിളിയും ഒന്നും അവൻ ചെവി കൊണ്ടില്ല…. പക്ഷേ അങ്ങനെ അങ്ങ് വിട്ടു കളയാൻ അവൾക്ക് ആകുമായിരുന്നില്ല….

പ്രതീക്ഷയോടെ തന്നേ അവൾ അവനോട്‌ സംസാരിക്കാൻ ശ്രെമിക്കുകയും… കാണാൻ ശ്രെമിക്കുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു എല്ലായിടത്തും നിരാശയായിരുന്നു ഫലം…..

ഹർഷന്റെ വിവാഹ തീയതി നിശ്ചയിച്ചെന്ന് സ്വന്തം കൂട്ടുകാരി നേഹ വഴി അറിഞ്ഞതോടെ മിഴി ആകെ തളർന്നു പോകുകയായിരുന്നു…… തന്റെ ജീവൻ വെറൊരുവളുടെ സ്വന്തമാകുന്നത് കാണാൻ അവൾക്കാവില്ലായിരുന്നു…..

സ്വന്തം ജീവൻ ഇല്ലാതാക്കാൻ തന്നേ അവൾ തീരുമാനിച്ചു ഹർഷന്റെ വിവാഹ തലേന്ന് അത്താഴത്തിനുശേഷം…. ആരും കാണാതെ കിച്ചണിൽ നിന്നും കറികത്തിയുമായി അവൾ റൂമിലെ ബാത്‌റൂമിലേക്ക് കയറി….

ടാപ്പ് തുറന്നിട്ടത്തിന് ശേഷം അവൾ കൈ ഞെരമ്പിലേക്ക് കത്തി ചേർത്തു വെച്ചു…. കണ്ണുകൾ ഇറുക്കെ അടച്ചു…….

“വാവേ…..”അച്ഛയുടെയും അമ്മയുടെയും മുഖം അവളുടെ മനസിലേക്ക് ഓടിയെത്തി…..

തന്റെ അച്ഛൻ… അമ്മ…. തനിക്കായി മാത്രം ജീവിക്കുന്നവർ…. സ്വന്തം ജീവനും.. ജീവിതവും ഉരുക്കി തന്നെ പോറ്റിയവർ…. പാടില്ല… താനില്ലാതെ അവർക്ക് പറ്റില്ല…. അവൾ കണ്ണുകൾ തുറന്നു കത്തി ദൂരേക്ക് വലിച്ചെറിഞ്ഞു……

സ്വന്തം അമ്മയ്ക്ക് വേണ്ടി തന്നേ ഉപേക്ഷിച്ചവന് വേണ്ടി….. താൻ തന്റെ മാതാപിതാക്കളേ വേദനിപ്പിക്കാനോ… മരിച്ചാലും ആ ശാപത്തിൽ നിന്നും മുക്തി കിട്ടില്ല തനിക്ക്…..

അവൻ താഴെക്കിരുന്നു പൊട്ടി കരഞ്ഞു…. ഏറെ നേരത്തെ കരച്ചിലി നൊടുവിൽ മനസ്സിൽ എന്തോ ധൈര്യം വന്നു നിറയുന്നത് അവൾ അറിഞ്ഞു…..

അവൾ കണ്ണുകൾ അമർത്തി തുടച്ചു…. പെട്ടന്ന് ഒന്ന് കുളിച്ച് ഈറൻ മാറി റൂമിന് പുറത്തേക്ക് ചെന്നു…. അച്ഛൻ കിടക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ…..

“അച്ഛാ… നാളെ രാവിലെ നടക്കാൻ പോയി വരുമ്പോൾ കുറച്ചു മുല്ലപ്പൂ വാങ്ങി വരാവോ…..”അവൾ തിരക്കി…..

“എന്തിനാ മോളെ….”

“നാളെ ഒരു മാര്യേജ് ഉണ്ട്… ഞങ്ങളുടെ സീനിയർ ആയിരുന്ന ഒരു ചേട്ടന്റെയാണ്… പോകേണ്ട എന്നാ കരുതിയെ… നേഹ നിർബന്ധിച്ചു അതാ…”അവൾ ചിരിയോടെ പറഞ്ഞു…

“ഉം… മോൾടെ തല വേദന മാറിയോ….” അച്ഛൻ അവളെ നോക്കി…..

“മാറി അച്ഛാ….”അവൾ റൂമിലേക്ക് നടന്നു….റൂമിൽ ചെന്ന് നാളെ നേഹയോട് വണ്ടിയുമായി വരാൻ പറഞ്ഞിട്ടാണ് അവൾ കിടന്നത്…

മനസ് വല്ലാതെ പിടയുകയായിരുന്നു… ശാന്തമാക്കാൻ ശ്രെമിച്ചു കൊണ്ട് അവർ ഉറങ്ങാൻ കിടന്നു… നാളെത്തെ ആ ചടങ്ങ് അത്‌ തനിക്ക് നേരിൽ കാണണം അവൾ മനസ്സിൽ ഉറപ്പിച്ചു….

രാവിലെ കുളിച്ച് അവൾ ഒരുങ്ങി….. കഴിഞ്ഞ ബിർത്തഡേയ്ക്ക് ഹർഷൻ നെൽകിയ റോയൽ ബ്ലൂ സാരിയുടുത്ത്…. അവനേറെ ഇഷ്ട്ടമുള്ള കുപ്പി വളകൾ അണിഞ്ഞ്….. കണ്ണുകളിൽ കരിയെഴുതി… മുല്ലപൂ ചൂടി അവൾ ഒരുങ്ങി ഇറങ്ങി…….

അമ്മ മോളുടെ ഭംഗി ആസ്വദിച്ചപ്പോൾ…. അവളെ കൂട്ടാൻ വന്ന നേഹ പേടിയോടെ അവളെ നോക്കി…..

“പേടിക്കേണ്ട… എന്റെ അച്ഛനെയും അമ്മയെയും മറന്ന് ഞാൻ ഒന്നും ചെയ്യില്ല….”അവൾ തറപ്പിച്ചു പറഞ്ഞു….

അവർ ഓഡിറ്റൊറിയത്തിൽ ചെല്ലുമ്പോൾ ഹർഷൻ മണ്ഡപത്തിൽ ഇരിക്കുന്നുണ്ടായിരുന്നു…. അവർ മുന്നിലേക്ക് നടന്നു അവരെ കണ്ടതും അവന്റെ മുഖത്തേ ഞെട്ടൽ അവർ തിരിച്ചറിഞ്ഞു….

ഭാവ ഭേദം ഒന്നും ഇല്ലാതെ മുന്നിൽ തന്നേ അവരിരുന്നു….. ഓരോ ചടങ്ങും കണ്ണെടുക്കാതെ തന്നെ മിഴി നോക്കി കണ്ടു… മനസാക്കേ മരവിച്ചിരുന്നത് കൊണ്ടാകാം അവൾക്ക് വേദന തോന്നിയില്ല…..

മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തി… അവളുടെ കരം കൈകളിൽ വാങ്ങി… തന്റെ തായിരുന്നവൻ മറ്റൊരുവൾക്ക് സ്വന്തമായി എന്ന തിരിച്ചറിവോടെ അവൾ അവിടെ നിന്നും മടങ്ങി…..

ഹർഷന്റെ ഓർമ്മകളെ തന്നിൽ നിന്നും അടർത്തി മാറ്റുക എന്നത് അത്ര എളുപ്പമായിരുന്നില്ല അവൾക്ക്…. പക്ഷേ അതിന് വേണ്ടതെല്ലാം അവൾ ചെയ്തു…..

പഠിത്തത്തിലേക്ക് മാത്രം ശ്രെദ്ധ തിരിച്ചു…. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റം വരുത്തി അവൾ മറ്റൊരു മിഴി ആയി മാറുകയായിരുന്നു……

മിഴി നെടുവീർപ്പോടെ എഴുനേറ്റു….. ഹർഷന്റെ ഭാര്യ രക്താർബുദം വന്ന് മരിച്ച വിവരം ഒരിക്കൽ നാട്ടിൽ എത്തിയ മിഴി അറിഞ്ഞിരുന്നു…..

“അമ്മ പറഞ്ഞിടത്തോളം ഇത് നല്ലൊരു ആലോചനയാണ്…. നമുക്ക് ആ വീട്ടുകാരുമായി ഒന്ന് സംസാരിച്ചാലോ…..” വർഷ അമ്മയെ നോക്കി…..

“അതിന് ഇവൻ സമ്മതിക്കേണ്ടേ…..”രമ മകനെ നോക്കി.. കുഞ്ഞിനെ നെഞ്ചിൽ കിടത്തി സെറ്റിയിൽ കിടക്കുകയായിരുന്നു ഹർഷൻ…

“എന്താ ഏട്ടാ… മിഴി ആ കുട്ടിയെ ഏട്ടന് ഇഷ്ട്ടാണോ….”വർഷ തിരക്കി….

“നീയും അമ്മയും കൂടി ആലോചിച്ച് എന്താ എന്ന് വെച്ചാൽ ചെയ്യ്….”അവൻ അവരെ ഒന്ന് നോക്കി കൊണ്ട് ആലോചനയോടെ പറഞ്ഞു…..

“ന്റെ ദേവി ഒന്ന് സമ്മതിച്ചല്ലോ…”രമ നെഞ്ചിൽ കൈവെച്ചു

“അമ്മ ഒന്ന് ആ കുട്ടിയുടെ അച്ഛനും അമ്മയും ആയി സംസാരിക്കൂ… അവരുടെ താല്പര്യം അറിയാലോ ഇനി ഇപ്പോൾ രണ്ടാം വിവാഹം ആയത് കൊണ്ട്….”വർഷ പറഞ്ഞു….

“ഉം…”രമ ശെരിയന്ന അർഥത്തിൽ തലയാട്ടി…..

ഹർഷൻ കുഞ്ഞിനേയും എടുത്തു കൊണ്ട് റൂമിലേക്ക് നടന്നു…. അന്ന് വേദനയോടെ ആണേലും അവളെ മറക്കാൻ തനിക്കായി…

ഗംഗ യുടെ സാമിപ്യത്തിൽ കഴിഞ്ഞതെല്ലാം താൻപാടെ മറന്നു… അവളുടെ മരണശേഷം മിഴി അവനിലേക്ക് ഇടയ്ക്കിടെ കടന്നു വന്നിരുന്നു… അവളുടെ ശാപമാകാം എന്ന് പലവട്ടം ചിന്തിക്കുകയും ചെയ്തിരുന്നു….

കുഞ്ഞിനേയും ചേർത്തു പിടിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ അവന്റെ മനസ്സിൽ മിഴി ആയിരുന്നു… വിവാഹ വേഷത്തിൽ താൻ ഇരിക്കുമ്പോൾ തന്റെ മുന്നിലേക്ക് വന്ന അവളുടെ രൂപം….. പിന്നീട് അവൻ അവളെ കണ്ടിരുന്നില്ല….

പലതും ആലോചിച്ചു കിടന്ന് അവൻ എപ്പോളോ ഒന്ന് മയങ്ങി….. പിറ്റേന്ന് ഓഫീസ് തിരക്കിൽ മുഴുകിയിരിക്കുമ്പോൾ അവന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നു മിഴി ആയിരുന്നു അത്‌….

6മണിക്ക് അവന്റെ ഓഫീസിന് മുന്നിലെ കോഫി ഷോപ്പിൽ വെച്ച് ഒന്ന് കാണാവോ എന്ന് അവൾ തിരക്കി… അവൻ സമ്മതിക്കുകയും ചെയ്തു…..

പറഞ്ഞതിലും കുറച്ചു വൈകിയാണ് അവന് അവിടെ നിന്നും ഇറങ്ങാൻ സാധിച്ചത്… അവൻ അവിടേക്ക് ചെല്ലുമ്പോൾ മിഴി ഹർഷനെ കാത്ത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു….

“തിരക്കായിരുന്നു അല്ലേ…”അവനെ കണ്ടപ്പോൾ ചിരിയോടെ അവൾ തിരക്കി….

“കുറച്ച്….”അവൻ ചെയർ വലിച്ച് അതിൽ ഇരുന്നു….

“കോഫി പറയാലോ….”അവൾ അവനെ നോക്കി കൊണ്ട് കോഫി ഓർഡർ ചെയ്തു….

“എന്താ മിഴി കാണണം എന്ന് പറഞ്ഞത്…” അവൻ അവളെ നോക്കി….

“ഹർഷേട്ടാ…. ഞാൻ ആ പഴയ മിഴിയാണെന്ന് തോന്നുന്നുണ്ടോ…”

“ഇല്ല… നീ ഒരുപാട് മാറിയിരിക്കുന്നു….” അവൻ പറഞ്ഞു…

“മാറിയതല്ല… മാറ്റിയതല്ലേ….”അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ തുടർന്നു

“പക്ഷേ.. അതിൽ ഇപ്പോൾ എനിക്ക് തരിമ്പും സങ്കടം ഇല്ല… നല്ലൊരു ജോലി ആയി… മികച്ച ഒരു ചുറ്റുപാടായി… എന്റെ ജോലിയുടെ സൗകാര്യത്തിനായി ആണ് ഞങ്ങൾ ഇവിടേക്ക് മാറിയത് പോലും….”

“അമ്മ… ഇന്ന് വീട്ടിൽ വന്നിരുന്നെല്ലേ….” ഹർഷന് അവളുടെ സംസാരരീതിയിൽ നിന്നും അങ്ങനെ തോന്നി….

“വന്നിരുന്നു… ഞാൻ ഇന്ന് ലീവ് ആയിരുന്നു….അത്‌ കേട്ടപ്പോൾ എനിക്ക് സംസാരിക്കണം എന്ന് തോന്നി…”

“നിനക്കെന്താ പറയാനുള്ളെ… പറഞ്ഞോ…” അപ്പോളേക്കും ഓർഡർ ചെയ്ത കോഫി എത്തിയിരുന്നു….

“ഒരിക്കൽ നിങ്ങൾ എന്നേ ഒരുപാട് വേദനിപ്പിച്ചാ പോയെ… നാളുകൾ വേണ്ടി വന്നു അതിൽ നിന്നും ഒന്ന്….”അവൾ അവനെ നോക്കി…

“എന്റെ നിസഹായാവസ്‌ഥ..” അവൻ പറഞ്ഞു തുടങ്ങുമ്പോൾ തന്നേ അവൾ അവനെ കൈയെടുത്തു വിലക്കി…

“അതൊക്കെ കഴിഞ്ഞു ഹർഷേട്ടാ….ഇനി അതൊന്നും സംസാരിക്കേണ്ട… ശിവയെ എനിക്ക് ഇഷ്ട്ടാണ്… പക്ഷേ നിങ്ങളെ ഒരിക്കലും ഇനി എനിക്ക് സ്നേഹിക്കാനോ അംഗീകരിക്കാനോ ആകില്ല…..” അവളുടെ ശബ്ദം ഉറച്ചതായിരുന്നു…..

“മിഴി….”അവൻ വിളിച്ചു….

“സത്യമാണ്… എന്റെ ലൈഫിലേക്ക് ഒരാൾ എപ്പോൾ വേണേലും വന്നേക്കാം പക്ഷേ ഹർഷേട്ടാ തീർച്ചയായും അത്‌ നിങ്ങൾ ആകില്ല….”അവൾ അവന്റെ മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു…

“വീട്ടിൽ എല്ലാവരും പറഞ്ഞപ്പോൾ…. നിന്നോട് ചെയ്ത തെറ്റും ഓർത്തപ്പോൾ…” അവനൊന്നു വിയർത്തു….

“നിങ്ങൾക്ക് എന്നും നിങ്ങളുടെ വീട്ടുകാരായിരുന്നു വലുത് അന്നും എന്റെ മനസ് നിങ്ങൾ കണ്ടില്ല….. വേണ്ടാതാകുമ്പോൾ വലിച്ചെറിയാവുന്നതും..

വേണമെന്ന് തോന്നുമ്പോൾ തിരിച്ചെടുക്കാൻ കഴിയുന്നതുമല്ല ഒരു പെണ്ണിന്റെ മനസ് ….എന്നോട് ചെയ്തത് തെറ്റാണെന്ന തോന്നലിന്റെ ആവിശ്യം അത്‌ ഇനി വേണ്ട ….”

ശാന്തമായി പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റു…..നിറഞ്ഞ പുഞ്ചിരി അവന് സമ്മാനിച്ചു കൊണ്ട് അവൾ അവിടെ നിന്നും നടന്നകന്നു…

Leave a Reply

Your email address will not be published. Required fields are marked *