ഒരിക്കൽ പോലും അമ്മ ചെയ്യുന്ന തൊഴിലിന്റെ പേരിൽ ഞാൻ അമ്മയെ കുറ്റപ്പെടുത്തിയിട്ടില്ല..

(രചന: Syam Varkala)

ഒരു വേശ്യാസ്ത്രീയായത് കൊണ്ടാണോ നീ നിന്റെ അമ്മയെ കൊല്ലാൻ തീരുമാനിച്ചെതെന്ന് ചോദിച്ചാൽ അല്ല എന്നാണുത്തരം.

ആ തൊഴിൽ തന്ന അന്നമാണ് എന്നെ ഊട്ടിയതും,വളർത്തി വലുതാക്കിയതും. തിരിച്ചറിവായപ്പോൾ വല്ല്യ വിഷമം തോന്നി.

കുറച്ച് കൂടി നല്ലൊരു ജീവിതം അമ്മ അർഹിച്ചിരുന്നില്ലേ,? കുറഞ്ഞത് ആരുടെയും അവഗണനയും, പരിഹാസവും, പുച്ഛവുമേൽക്കാത്തൊരു ജീവിതം..?

ഒരിക്കൽ പോലും അമ്മ ചെയ്യുന്ന തൊഴിലിന്റെ പേരിൽ ഞാൻ അമ്മയെ കുറ്റപ്പെടുത്തിയിട്ടില്ല.

“അമ്മയിനി വീട്ടിലിരുന്ന് വിശ്രമിക്കെന്ന്” പറയാനുള്ള അവസ്ഥയെനിക്കെത്താൻ ഞാൻ പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല.

പതിനഞ്ചാം വയസ്സിലെ ഒളിച്ചോട്ടം ബാംഗ്ലൂരിൽ ചെന്നു നിന്നപ്പോൾ അറിയില്ലായിരുന്നു ഇനിയെന്തെന്ന്, എങ്ങോട്ടെന്ന്,..

ഒടുവിലൊരു ഹോട്ടലിന്റെ പിന്നാമ്പുറത്തെ എച്ചിൽ പാത്രങ്ങൾക്കിടയിലേയ്ക്ക് എന്റെ ജീവിതം വഴുവഴുക്കപ്പെട്ടു.

ഒളിച്ചോടുന്നവനെ സ്വാഗതം ചെയ്യാൻ എന്നും മുൻ പന്തിയിൽ ഹോട്ടലുകളുണ്ട്.
പത്ത് വർഷത്തിനു ശേഷം സ്വന്തം നാട്ടിൽ വന്നിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഞാൻ ആരുടെയും പുച്ഛവും,പരിഹാസവും നേരിട്ടില്ല,

എല്ലാവരുടെയും മുഖത്ത് ഈ വരുത്തനേതെന്ന ഭാവമായിരുന്നു. കുഴിയിൽ വീണ തിളക്കമില്ലാത്ത അമ്മയുടെ കണ്ണുകൾ എന്നെ കണ്ടതും സ്നേഹം നിറഞ്ഞ് വെട്ടിത്തിളങ്ങി.

ഞാൻ മാത്രമല്ല അമ്മയും മാറിപ്പോയി, കവിളുകൾ ചുക്കിച്ചുളിഞ്ഞ് തൂങ്ങി,കൈകളൊക്കെ മെലിഞ്ഞ് നൂറ് വയസ്സ് താണ്ടിയിരിക്കുന്നു. എന്ത് കോലം.!!

എനിക്ക് കാപ്പിയനത്താൻ തുനിഞ്ഞ അമ്മയെ ഞാൻ തടഞ്ഞു.

“ഞാനിടാം…ഞാൻ അമ്മയെ കൊണ്ട് പോകാൻ വന്നതാ”

അമ്മ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. എന്നെ നോക്കി മതിയായില്ലായിരുന്നു ആ കണ്ണുകൾക്ക്.

“…ഞാൻ നിന്നെയും കാത്തിരിക്കുകയായിരുന്നു.”
സണ്ണിച്ചൻ അമ്മയുടെ മുഖം പിടിച്ചുയർത്തി കണ്ണ് നിറച്ച് നോക്കി നെറ്റിയിൽ ചുംബിച്ചു‌

“അമ്മ ടി വി കാണ്…കാപ്പി ഞാനിടാം.”
ഞാൻ ടിവി ഓൺ ചെയ്ത് റിമോട്ട് അമ്മയ്ക്കരുകിൽ വച്ചു. അടുക്കളയിൽ കാര്യമായി ഒന്നും തന്നെയുണ്ടായിരുന്നില്ല.

പഞ്ചസാരട്ടിന്നിൽ ഒട്ടിയിരുന്ന തരികൾ ചുരണ്ടിയിട്ട് ഉള്ള മധുരത്തിൽ രണ്ട് ഗ്ലാസ്സ് കാപ്പിയുമായ് വരുമ്പോൾ അമ്മ ഒച്ചയില്ലാതെ കരയുകയായിരുന്നു.

ടിവിയിൽ “ചാ ർളി” സിനിമ ഓടുന്നു. “നമ്മളൊക്കെ ആരുടെയെങ്കിലും തോന്നലാണെങ്കിലോ പത്രോസേ..”

എ യ്ഡ്സ് ബാധിച്ച ക്യൂൻ മേരിയുടെ കഥ മുഴുവൻ അമ്മയ്ക്കൊപ്പം ഞാനുമിരുന്ന് കണ്ടു.

കാപ്പി ആറിത്തണുത്തിരുന്നു. ഞാൻ അതൊന്ന് ചൂടാക്കാനായ് അടുക്കള ലക്ഷ്യമാക്കി നടന്നപ്പോഴായിരുന്നു അമ്മയുടെ കണ്ണീര് തോർന്ന ശബ്ദം.

“സണ്ണിച്ചാ…. എനിക്കും ജലകന്യകയെ കാണണം, കൊണ്ടോവ്വോ നീയെന്നെ..?”

ശരീരമാകെ പൊള്ളിച്ചൊരു കാറ്റ് ചുരുണ്ട് കൂടിയെന്റെ നെഞ്ചിൽ മുഴച്ച് നിന്നു. തിരിഞ്ഞ് നോക്കാൻ എനിക്ക് കുറെ സമയമെടുത്തു.

ഇതു വരെ കണ്ട അമ്മയെ അല്ല , കുഴിയിൽ വീണകണ്ണിനും, ചുക്കിച്ചുള്ളിഞ്ഞ ദേഹത്തിനുമൊക്കെയുള്ള ഉത്തരത്തെയാണ് തിരിഞ്ഞ് നോക്കിയാൽ ഞാനിനി കാണാൻ പോകുന്നത്.

കൈയ്യിലിരുന്ന കാപ്പിഗ്ലാസ്സ് ഊർന്ന് പോയത് ശബ്ദം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.

“നിന്നോട് ഞാൻ ആദ്യമായി ചോദിക്കുന്ന ഒരാഗ്രഹമല്ലേ,…സാധിച്ച് താടാ സണ്ണിച്ചാ…”

കൊല്ലത്ത് നീണ്ടകരയിലുള്ള പോളച്ചനുമായ് മൂവായിരം രൂപയ്ക്ക് ഡീൽ ഉറപ്പിക്കും മുൻപ് തന്ത്രപരമായ് പോളച്ചൻ ചാ ർളി സിനിമ കണ്ടിട്ടില്ലെന്ന് സണ്ണി ഉറപ്പിച്ചിരുന്നു‌.

ബോട്ടിലേയ്ക്ക് അമ്മയെ കൈ പിടിച്ച് കയറ്റുമ്പോൾ മരണത്തിലേയ്ക്കുള്ള യാത്രയിലേയ്ക്കാണല്ലോ ഈ കൈത്താങ്ങെന്നോർത്ത് സണ്ണിച്ചന്റെ നെഞ്ച് പിടച്ചു.

തന്നെക്കാൾ ഇരമ്പുന്നൊരു കടലിന്റെ ശബ്ദം കേട്ട് കടൽ പെട്ടെന്ന് ശാന്തമായ് കാതോർത്തു. ബോട്ട് കരയിൽ നിന്നും അകന്ന് ഉൾക്കടൽ ലക്ഷ്യമാക്കി നീങ്ങി.

” ഇതു പോലൊരു സിനിമാക്കഥയുണ്ടല്ലോ…. അല്ലേ?”
പോളച്ചൻ ബോട്ട് നടുക്കടലിൽ വച്ച് എഞ്ചിൻ ഓഫ് ചെയ്യവേ ചോദിച്ചു‌. സണ്ണിച്ചൻ ഞെട്ടിത്തിരിഞ്ഞ്
പോളച്ചനെ നോക്കി.

പോളച്ചൻ സണ്ണിയുടെ അടുത്ത് വന്നിരുന്നു.

“സിനിമേൽ കാണിക്കുന്ന ആ ബോട്ടില്ലേ, അതിലെ പണിക്കാരൻ നമ്മടെ ദോസ്താ…വറീത്, അവനൊരിക്കൽ മൊബൈലിൽ കാണിച്ചിട്ടുണ്ട്.

എനിക്ക് പെട്ടെന്ന് കൽപ്പനെ ഓർമ്മ വന്ന്….
ചാർളിയെന്നാണല്ലേ സിനിമേന്റെ പേര്..”
പോളച്ചൻ അമ്മയെ നോക്കി ചിരിച്ചു.

“താൻ പേടിക്കണ്ടെടോ…തന്റെ അമ്മയുടെ ആഗ്രഹോല്ലേ, നമ്മക്കാവുന്നക്കൊണ്ട് ചെയ്യാം…ഞാൻ കൊറച്ച് വാറ്റ് കരുതീട്ടൊണ്ട്, അടിച്ചാലോ?..”

പോളച്ചൻ എഴുന്നേറ്റ് പോയി. സണ്ണി എഴുന്നേറ്റ് മുനമ്പിൽ നിൽക്കുന്ന അമ്മയെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ച് കരഞ്ഞു.

“കരയല്ലേ സണ്ണിച്ചാ…
അമ്മച്ചിക്ക് ആഗ്രഹിക്കും പോലൊരു മരണമെങ്കിലും വേണ്ടേടാ….കരയല്ലേ..…

ഞാൻ പോകും വരെ നമുക്ക് ആഘോഷിക്കാം, അത് കഴിഞ്ഞാ എനിക്ക് വേണ്ടി കരയാനുള്ളതാ…. പോയ് ഒരു ഗ്ലാസ്സ് കൊണ്ട് വാടാ..”

അമ്മയുടെ ചിരിയും നോക്കി സണ്ണിച്ചൻ കുറെ നേരം നിന്നു. മൂന്ന് പേരും ഒരോ റൗണ്ട് വാറ്റിറക്കി ബോട്ടിൽ നീണ്ട് നിവർന്ന് കിടന്നു. തെളിഞ്ഞ മാനത്തെ മുറിഞ്ഞ നിലാവ് നോക്കിക്കിടന്നു ആ മുറിഞ്ഞ മനസ്സുകൾ.

” ഇങ്ങനൊരു കാര്യത്തിനാണെന്നറിഞ്ഞിട്ടും പോളച്ചനെന്തിനാ.‌?” പോളച്ചൻ മാനത്തെ തിളക്കമേറെയുള്ളൊരു നക്ഷത്രത്തെ നോക്കി ചിരിച്ചു.

“എന്റെ കത്രീനയ്ക്ക് അയല മീനെന്ന് വച്ചാൽ ജീവനാണ്.

രണ്ട് ജന്മം തി‌‌ന്നാനൊള്ള അയല ഞാനവളെക്കൊണ്ട് തീറ്റിച്ചിട്ടൊണ്ട്. അവൾക്ക് ക്യാൻസറായിരുന്നു, തൊണ്ടേല്…മൂന്ന് വർഷം കിടന്നു, മിക്സീലടിച്ച പരുവത്തിന് ട്യൂബീക്കൂടായിരുന്നു ആഹാരോക്കെ..

അവൾ അങ്ങനായേപ്പിന്നെ ഞാൻ വീട്ടിൽ മീൻ കൊണ്ട് പോവില്ല, മീൻ കറീം വക്കൂല, ഒരൊണക്കമീൻ പോലും അടുപ്പേലിടില്ല,….

അയല കൊതിക്കുന്ന നാവുമായ് കിടക്കുമ്പോ ഒരു ദിവസം അവൾ പറഞ്ഞു, “മത്യായി പോളച്ചാ,…ഇനിയങ്ങോട്ട് സ്ഥിതി ഇനീം മോശാകും..നീയതൊന്നും താങ്ങൂല…

അയല ഇഷ്ട്ടപ്പെടുന്നതിനെക്കാൾ ഇപ്പോ എനിക്കിഷ്ട്ടം മരിക്കാനാ.. എന്തെങ്കിലും ചെയ്യ് പോളച്ചാ… നീ കരുതും പോലെ എനിക്കിനി ഒന്നും തിന്നാൻ പറ്റൂല, വേദനയല്ലാതെ‌….”

സണ്ണിച്ചൻ എഴുന്നേറ്റ് ബോട്ടിൽ ചാരിയിരുന്നു. അമ്മ അവന്റെ ചുമലിൽ ചാരി പോളച്ചനെ നോക്കിയിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി സണ്ണിച്ചന്റെ ഷർട്ട് നനച്ചു. പോളച്ചെനെഴുന്നേറ്റ് ഗ്ലാസിലേയ്ക്ക് വാറ്റൊഴിച്ച് ഒറ്റ വലിക്ക് തീർത്തു.

“അവളെ ഞാനാ കൊന്നത്…
അവൾക്കിഷ്ട്ടമുള്ളത് സാധിച്ച് കൊടുക്കാൻ അവൾക്ക് ഞാനല്ലേയൊള്ള്…

നമുക്കിഷ്ട്ടമുള്ളവര് ജീവിക്കുന്നത്
നരകജീവിതമാണെന്ന് കണ്ടിട്ടും, അവരെ നമ്മക്ക് അതീന്ന് വലിച്ച് കേറ്റാൻ പറ്റീലെങ്കീ…പിന്നെന്തിനാ….

പറ്റുന്ന സഹായം ചെയ്ത് അവരെ എന്നെന്നേയ്ക്കുമായങ്ങ് രക്ഷപെടുത്തണം…ഒരു തെറ്റൂല്ല….”

പോളച്ചൻ ഒരു ബീഡിയെടുത്ത് പുകച്ച് കൊണ്ട് എഴുന്നേറ്റു. സണ്ണിച്ചൻ അമ്മയുടെ തലയിൽ മെല്ലെ തടവിച്ചുംബിച്ചു.

“പോളച്ചൻ വല്ല്യവനാ..
എന്റെ മോനും..”

അമ്മ പറഞ്ഞു. നല്ല കാറ്റ് വീശി. പാറിപ്പറക്കുന്ന മുടിയുമായ് അമ്മ ബോട്ടിന്റെ തുഞ്ചത്തേയ്ക്ക് പോകുന്നത് നിറകണ്ണോടെ സണ്ണിച്ച നോക്കി. പോളച്ചൻ സണ്ണിച്ചന് നേരെ കൈ നീട്ടി എഴുന്നേൽപ്പിച്ചു.

ആടിയുലയുന്ന ബോട്ടിൻ മുനമ്പിൽ നിൽക്കുന്ന മെലിഞ്ഞ രൂപം ഇനി തിരിഞ്ഞ് നോക്കില്ലെന്ന് സണ്ണിയുടെയും ,പോളച്ചന്റെയും മനസ്സ് പറഞ്ഞു.

തൊട്ട് മുന്നിൽ പെറ്റ് പോറ്റിയ അമ്മ മാഞ്ഞ് പോകുന്ന കാഴ്ച്ച സണ്ണിച്ചനിപ്പോൾ കാണുമല്ലോന്നോർത്ത് പോളച്ചൻ അവന്റെ കൈവിരലുകൾ കോർത്ത് പിടിച്ചു.

സണ്ണിയുടെ ദേഹമാകെ വിറകൊണ്ടു.
“പോയ് തടഞ്ഞാലോ, ചേർത്ത് പിടിച്ചാലോ എന്നൊക്കെ തോന്നുന്നുണ്ടോ സണ്ണിച്ചാ?

..അവർ അനുഭവിക്കുന്ന വേദന….അത് മാത്രം പങ്കിടാൻ പറ്റില്ല, ഒരു മുട്ടായി പങ്കിടും പോലെ അത് പങ്കിടാൻ പറ്റുമായിരുന്നെങ്കിൽ എത്ര നന്നായേനെ..”

ശക്തിയായ് കാറ്റ് വീശി, കൂടെ ഇരച്ച് കൊണ്ട് മഴയും…കാറ്റും, മഴയും ചേർന്നൊരുന്ത്..!!

ഒരു നിഴൽ മുന്നിൽ നിന്നും മറയുന്നത് കണ്ട് സണ്ണിച്ചൻ കണ്ണ് തുടച്ചു. ഇല്ല…ഇനി കാറ്റിന് തട്ടിത്തടയാൻ അവിടെയൊരു മറയില്ല. മഴയ്ക്ക് നനയ്ക്കാനൊരുടലും.
എനിക്കിനി അമ്മയും…

ബോട്ടിന്റെ തുഞ്ചത്തിരുന്ന് ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി വീണ്ടും നിറയ്ക്കാൻ സണ്ണിച്ചൻ ഗ്ലാസ് നീട്ടിയപ്പോൾ പോളച്ചൻ പറഞ്ഞു.

“ചെല നേരത്ത് ജീവിതമൊരു മൈരേർപ്പാടാ…ചെലരെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ടാകും, ചെലർക്ക് ഒന്നോ രണ്ടോ പേര് കാണും…ഏറ്റവും കുറവുള്ളൊനാ പലപ്പോഴും കൂടുതൽ നഷ്ട്ടം…”

സണ്ണിച്ചൻ തലകുമ്പിട്ട് അതെയെന്ന് തലയാട്ടി. കടലിനടിയിലെവിടെയോ അമ്മയുണ്ട്. അവസാന ശ്വാസവും കൈവിട്ട് ശാന്തമായ്…..

എന്നെ പോറ്റാനൊരിക്കൽ വിറ്റ ശരീരമിനി മീൻ കൊത്തി വലിക്കും.!..ജീവിതവും മരണവും ഒരേ പോലെ കൊത്തിവലിക്കുന്നു.!!!!

“പോളച്ചാ…. ഇനി എന്റെ വേദന പങ്കിടാനാര്‌‌‌‌….?”

പോളച്ചൻ ചിന്തിച്ച് കൊണ്ട് സണ്ണിച്ചനെ നോക്കി. പോളച്ചൻ പതിയെ സണ്ണിയെ ചേർത്തു പിടിച്ചു. നീന്തലറിയാവുന്നവനെ പോലും കൈകാലിട്ടടിപ്പിച്ച് ശ്വാസം മുട്ടിപ്പിക്കുന്ന ചില ചോദ്യങ്ങളുണ്ട്…

*Inspired by Charlie *

Leave a Reply

Your email address will not be published. Required fields are marked *